- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- മഞ്ഞുമലയുടെ അഗ്രം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 9)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
ഇന്നും ദീര്‍ഘനേരം നടന്നു. ഏകദേശം ഒന്നര മണിക്കൂര്‍. ഉലാത്തലിനെ ശാരീരിക വ്യായാമത്തിന്റെ കള്ളിയില്‍ പെടുത്താനാകില്ലെങ്കിലും, ഉലാത്തല്‍ മാനസികമായി എനിക്കു വ്യായാമമാകുന്നുണ്ട്. ഉലാത്തുന്ന സമയത്ത് എന്റെ തലച്ചോര്‍ കൂടുതല്‍ സജീവമാകും. നാളെയും അതിനു ശേഷവും എന്തു ചെയ്യണമെന്നുള്ള സമസ്യകള്‍ക്ക് ഉത്തരം തേടുന്നത് രാത്രിയിലെ നടത്തത്തിനിടയിലാണ്. കുറച്ചു നാളുകളായി നടത്തം വീട്ടുമുറ്റത്ത് ഒതുക്കി നിര്‍ത്താറില്ല. മനസ്സ് അടിക്കടി കലുഷിതമാകുന്നതു തന്നെ കാരണം. കാത്തിരിപ്പുകളുടെ ഭാരം. അതിനെപ്പറ്റി ആലോചിക്കുന്നതേ മാനസികസമ്മര്‍ദ്ദം കൂട്ടും. അപ്പോള്‍ റോഡിലേക്കിറങ്ങും. ഇരുട്ടു നിറഞ്ഞ റോഡിലൂടെ എങ്ങോട്ടെന്നില്ലാതെ നടക്കും.
എല്ലാത്തിന്റേയും ആരംഭം തിരുവനന്തപുരം വാസത്തിന്റെ അവസാന നാളുകളിലാണ്. വെള്ളയമ്പലത്തുള്ള ഒരു കമ്പനിയില്‍ വിജയകരമായി ഇന്റര്‍വ്യൂ പാസ്സായതിന്റെ പരിണതി. അഞ്ചുമാസത്തിനു ശേഷം അവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞിരിക്കുന്നു. അഞ്ചുമാസത്തെ ഇടവേള മാനസിക സമ്മര്‍ദ്ദം കൂട്ടി. ഉറക്കം വരാതെ രാത്രിയില്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ ഈ സ്വഭാവം എന്നെ നശിപ്പിച്ചു കളയുമെന്നു ഭയന്നിരുന്നു. പക്ഷേ സംഭവിച്ചത് വിപരീതമായാണ്. പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയും എങ്ങനെ നേരിടണമെന്നു തീരുമാനിക്കാന്‍ ഉലാത്തലിനിടയിലെ സമയം സൗകര്യപ്രദമായി. എല്ലാ തീരുമാനങ്ങളും നന്നായി ആലോചിച്ചേ എടുക്കാവൂ എന്നാണല്ലോ പ്രമാണം. കൂടാതെ, നാളെ അല്ലെങ്കില്‍ വിദൂര ഭാവിയില്‍ ഏതെങ്കിലും വിഷയത്തില്‍ എന്തു ചെയ്യണമെന്ന തീരുമാനം നേരത്തെ എടുത്തുവച്ചാല്‍ അതു പിന്നീടുള്ള സന്ദേഹങ്ങളെ ഒഴിവാക്കും; പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കും. ഉലാത്തലിന് ഇടയില്‍ മനോരാജ്യങ്ങള്‍ കാണുന്നത് ഒഴിവാക്കിയപ്പോള്‍, അതുതന്നെയാണ് സംഭവിച്ചത്. എന്റെ വ്യക്തിത്വം വാര്‍ത്തെടുക്കുന്നതില്‍ രാത്രിയില്‍ ഉലാത്തുന്ന സ്വഭാവം നിര്‍ണായക പങ്കുവഹിച്ചു.
***************
നാട്ടില്‍ കുറച്ചു ദിവസം സ്വസ്ഥമായി ഇരിക്കാമെന്നു കരുതി ലീവില്‍ എത്തിയ എന്നെ വീണ്ടും തിരുവനന്തപുരത്തേക്കു തിരിച്ചു പോകാന്‍ പ്രേരിപ്പിച്ചത് മാതൃഭൂമി ക്ലാസിഫൈഡ്‌സില്‍ വന്ന പരസ്യമാണ്.
‘ഇന്ത്യയിലെ പ്രശസ്തമായ ഒരു ഐടി കമ്പനിയ്ക്കു കസ്റ്റമര്‍ എന്‍ജിനീയര്‍മാരെ ആവശ്യമുണ്ട്. അതിനുള്ള എഴുത്തുപരീക്ഷ തിരുവനന്തപുരത്തെ ഒരു കോളേജില്‍ നടത്തപ്പെടുന്നു.’ എന്നായിരുന്നു പരസ്യം.
ഞാന്‍ അക്കാലത്തു കെല്‍ട്രോണ്‍ കമ്പനിയുടെ IT ഡിപ്പാര്‍ട്ടുമെന്റില്‍ ടെക്‌നീഷ്യന്‍ അപ്രന്റീസായി ജോലി ചെയ്തുവരികയാണ്. അതുവരെ ഏഴുമാസം പൂര്‍ത്തിയാക്കി. ബാക്കിയുള്ള അഞ്ചു മാസത്തിനു ശേഷം എന്തു ചെയ്യുമെന്ന കടുത്ത ആശങ്കയായിരുന്നു ഉള്ളില്‍.
കല്ലേറ്റുംകര മോഡല്‍ പോളിടെക്‌നിക്കില്‍ നിന്നു കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സില്‍ ത്രിവല്‍സര ഡിപ്ലോമയെടുത്തു പുറത്തിറങ്ങുമ്പോള്‍ തന്നെ സഹപാഠികളില്‍ കുറച്ചു പേര്‍ക്ക് ക്യാമ്പസ് ഇന്റര്‍വ്യൂ വഴി ജോലി കിട്ടിയിരുന്നു. ബാക്കിയുള്ളവരില്‍ പലരും ട്രെയിനികളായി പല പല കമ്പനികളില്‍ കയറിക്കൂടി. അന്നതൊരു ഭാഗ്യമായി കരുതിയിരുന്നു. അതുകൊണ്ടു തന്നെ പത്രത്തില്‍ പരസ്യം കണ്ടപ്പോള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന തീരുമാനത്തില്‍ എത്താന്‍ രണ്ടാമത് ആലോചിച്ചില്ല.
പറഞ്ഞതിലും നേരത്തെ ലോഡ്ജില്‍ തിരിച്ചെത്തിയ എന്നെക്കണ്ടു രാജു അമ്പരന്നു. ഞാന്‍ പേപ്പര്‍ പരസ്യം കാണിച്ചുകൊടുത്തു. ”ഒരു ഭാഗ്യപരീക്ഷണം. പോരുന്നോ?”
രാജു സമ്മതിച്ചു. ഞങ്ങള്‍ റെഡിയായി കോളേജിലേക്കു തിരിച്ചു. ബേക്കറി ജങ്ഷനില്‍ നിന്നു കുറച്ചു നടന്നാല്‍ കോളേജിലെത്താം. ഇന്റര്‍വ്യൂവിനു തിരക്കില്ലായിരുന്നു. ഏകദേശം നൂറ് പേര്‍ മാത്രം. രണ്ടു സെക്ഷനിലായി നടത്തിയ എഴുത്തുപരീക്ഷയില്‍ രാജു രണ്ടാം റൗണ്ടില്‍ പെട്ടി മടക്കി. ഞാന്‍ രണ്ടുറൗണ്ടും കടന്നു ഫൈനല്‍ ഇന്റര്‍വ്യൂവിനു തിരഞ്ഞെടുക്കപ്പെട്ടു. മനസ്സില്‍ പേരറിയാത്ത വികാരം. ഇത്രയും പേരോടു പോരടിച്ചു കയറി വന്നില്ലേ. അതൊരു വലിയ ആത്മവിശ്വാസമായിരുന്നു.
അവസാനവട്ട കൂടിക്കാഴ്ച നടത്തിയത് കമ്പനിയുടെ വെള്ളയമ്പലം ഓഫീസിലാണ്. ഞാനുള്‍പ്പെടെ പത്തോളം പേര്‍. എന്റെ ഊഴം അടുത്തടുത്തു വന്നപ്പോള്‍ മനസ്സ് പെരുമ്പറ കൊട്ടാന്‍ തുടങ്ങി. ആദ്യമായാണ് ഒരു ഇന്റര്‍വ്യൂ അഭിമുഖീകരിക്കുന്നത്. ദിവസവും പേഴ്‌സണല്‍ ഡയറി ഇംഗ്ലീഷില്‍ എഴുതാറുള്ളതിനാല്‍ ആ ഭാഷ തരക്കേടില്ലാതെ കൈകാര്യം ചെയ്യാന്‍ പറ്റും. അതു മാത്രമേയുള്ളൂ പിന്‍ബലം, ടെക്‌നിക്കല്‍ അറിവിനെ കൂടാതെ.
ഞാന്‍ ചെല്ലുമ്പോള്‍ ഇന്റര്‍വ്യൂ ചെയ്യുന്ന സാര്‍ എന്നെ കൂര്‍പ്പിച്ചു നോക്കുകയാണ്. പതിമൂന്നാം വയസ്സുമുതല്‍ ശ്രവണന്യൂനതയുണ്ടെന്ന് കോളേജിലെ എഴുത്തു പരീക്ഷക്കിടയില്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു. ഇനിയും അത് ആവര്‍ത്തിക്കേണ്ടതില്ലെന്നു സാറിന്റെ മുഖഭാവം വെളിപ്പെടുത്തി. മേശപ്പുറത്തു ചിതറിക്കിടക്കുന്ന ഡയോഡുകളേയും കപ്പാസിറ്ററുകളേയും നോക്കി ടെന്‍ഷനോടെ ഇരുന്ന എന്നോടു സാര്‍ ഇംഗ്ലീഷില്‍ ചോദിച്ചു.
”സുനില്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു?”
അതു പ്രതീക്ഷിച്ച ചോദ്യമായിരുന്നു. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. കെല്‍ട്രോണില്‍ ജോലി ചെയ്യുകയാണെന്നും, ഈ വരുന്ന ആഗസ്റ്റില്‍ ട്രെയിനിങ് കഴിയുമെന്നും. അദ്ദേഹം പിന്നെയും കുറച്ചു സാധാരണ ചോദ്യങ്ങള്‍ ചോദിച്ചു. കേള്‍വിപ്രശ്‌നത്തോടു ബന്ധമുള്ളതും അല്ലാത്തതുമായവ. ചില ചോദ്യങ്ങള്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും, വീണ്ടും വ്യക്തമായി, സ്പീഡ് കുറച്ച് അദ്ദേഹം ആവര്‍ത്തിച്ചപ്പോള്‍ എനിക്കു മനസ്സിലാക്കാനായി. ഒടുവില്‍ സാര്‍ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു.
”സുനില്‍, കെല്‍ട്രോണിലെ ജോലി ആഗസ്തില്‍ പൂര്‍ത്തിയാക്കി ഇവിടെ വന്നു മാനേജറെ കാണൂ… ആള്‍ ദ ബെസ്റ്റ്.”
ഇവിടെയാണ് എല്ലാത്തിന്റേയും തുടക്കം. ജീവിതത്തിനു പുതിയ ദിശാബോധം കൈവന്നു. കെല്‍ട്രോണിലെ ജോലി കഴിഞ്ഞു കിട്ടുന്ന സമയംകൊണ്ടുTIME technologies ല്‍ നിന്ന് അക്കാലത്തു മൈക്രോസോഫ്റ്റിന്റെ പുത്തന്‍ സര്‍ട്ടിഫിക്കേഷനായ Win- 2003 Server MCP എഴുതിയെടുത്തു. നെറ്റ്‌വര്‍ക്കിങ് സര്‍ട്ടിഫിക്കേറ്റ്, CCNA, അതിനും മുമ്പേ എടുത്തിരുന്നു. കെല്‍ട്രോണിലെ ജോലിയും സന്തോഷപ്രദമായി തോന്നി. വൈകീട്ട് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിലും മ്യൂസിയത്തിലും സമയം ചെലവഴിച്ചു.
കമ്പനി തിരഞ്ഞെടുത്ത കാര്യം ആദ്യമറിയിച്ചത് വില്‍സനെയാണ്. തിരുവനന്തപുരത്തു വന്ന ശേഷം ആദ്യത്തെ നാലുമാസം വില്‍സന്റെ കൂടെയായിരുന്നു താമസം. അതിനു ശേഷമാണ് ‘മുളയിര’ ലോഡ്ജിലേക്കു മാറിയത്. ഫൈനല്‍ ഇന്റര്‍വ്യൂവിനെ പറ്റി പറഞ്ഞപ്പോള്‍ വില്‍സന്‍ അമിതോല്‍സാഹം കാണിച്ചില്ല. പകരം താക്കീത് ചെയ്തു.
”ഇപ്പോള്‍ ഒന്നും ഉറപ്പിക്കണ്ട. ചിലപ്പോള്‍ അവര്‍ കളിപ്പിക്കുന്നതാകും. നീ ആഗസ്തില്‍ ചെല്ലുമ്പോള്‍ ആരാ, എവിടന്നാ എന്നൊക്കെ ചോദിച്ചെന്നു വരും.”
അക്കാലത്തു കമ്പനിയുടെ വെള്ളയമ്പലം ഓഫീസ് മാനേജര്‍ എന്നെ അറിയില്ലെന്നു പറയുന്നതു കേട്ടു ഞാന്‍ പലതവണ സ്വപ്‌നത്തില്‍ നിന്നു ഞെട്ടി എഴുന്നേറ്റിട്ടുണ്ട്. ഒടുക്കം ആഗസ്ത് മാസമായപ്പോള്‍ ‘സാറെന്തു പറയുമോ’ എന്നോര്‍ത്തു നല്ല ടെന്‍ഷനായിരുന്നു. പക്ഷേ ഞാന്‍ പേടിച്ച താളപ്പിഴകള്‍ ഒന്നുമുണ്ടായില്ല.
ആഗസ്ത് പതിനൊന്നിനു വെള്ളയമ്പലം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തു. മാനേജര്‍ കുറച്ചു കര്‍ക്കശഭാവമുള്ള വ്യക്തിയായിരുന്നു. അദ്ദേഹം കാര്യമാത്ര പ്രസക്തമായി മാത്രം സംസാരിച്ചു. ഞാന്‍ മുമ്പ് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാം ഗൗരവത്തോടെ മൂളിക്കേട്ട ശേഷം അദ്ദേഹം ലാപ്‌ടോപില്‍ കര്‍മനിരതനായി.
‘സുനില്‍, താങ്കള്‍ക്കു ശ്രവണസഹായി ഉണ്ടോ?’ സാര്‍ അന്വേഷിച്ചു.
ഒരു നിമിഷത്തെ ഇടവേളക്കുശേഷം ഞാന്‍ മറുപടി കൊടുത്തു.
”ഉണ്ട്. പക്ഷേ അതത്ര ഫലപ്രദമല്ലെന്നു മാത്രമല്ല, ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ എന്റെ കേള്‍വിശക്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാല്‍ ശാന്തമായ ചുറ്റുപാടിലേ ഉപയോഗിക്കാറുള്ളൂ.”
തുടര്‍ന്ന് അദ്ദേഹം ആരെയോ ഫോണില്‍ വിളിച്ചു. രണ്ടു മിനിറ്റിനുള്ളില്‍ അഡ്രസ്സ് എഴുതിയ ഒരു വെള്ളക്കടലാസ് എനിക്കു കിട്ടി. ഞാന്‍ പേപ്പറില്‍ കണ്ണോടിച്ചു.
Sajith Madhav,
CE Manager,
XXXXXXXXX
Cochin.
സാര്‍ ഓര്‍മിപ്പിച്ചു. ”ഒരാഴ്ചക്കുള്ളില്‍ ഇദ്ദേഹത്തെ പോയിക്കാണുക. ആള്‍ ദ ബെസ്റ്റ്.”
All the Best. നിര്‍ദ്ദോഷമായ ഈ ആശംസാവാക്കിനു എന്റെ ജീവിതത്തില്‍ മിക്കപ്പോഴും കോമാളി പരിവേഷമാണുള്ളത്. എത്രയോ ആളുകള്‍ അര്‍ത്ഥരഹിതമായി ഈ വാക്ക് എന്നോടു പറഞ്ഞിരിക്കുന്നു. പലപ്പോഴും പറഞ്ഞവര്‍ തന്നെയാകും പാലം വലിക്കുക; ഈ കേസില്‍ അങ്ങനെ ഉണ്ടായില്ലെങ്കിലും.
രണ്ടു ദിവസത്തിനു ശേഷം ഞാന്‍ കൊച്ചി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റമര്‍ മാനേജര്‍ ചെറുപ്പക്കാരനാണ്. തുളച്ചു കയറുന്ന നോട്ടം. ഹൃദ്യമായ പെരുമാറ്റം. ബയോഡാറ്റ നോക്കി ചോദിച്ചു.
‘ഫീല്‍ഡ് വര്‍ക്കു ബുദ്ധിമുട്ടാകുമോ.’
‘വര്‍ക്കിനെ ആശ്രയിച്ചിരിക്കും. പിന്നെ ടെസ്റ്റിങ് ആന്‍ഡ് റിപ്പയറിംഗ് സെന്ററില്‍ ജോലി ചെയ്യാന്‍ എനിക്ക് താല്പര്യമുണ്ട്.’
മാനേജര്‍ ആലോചിച്ചു പറഞ്ഞു. ”ശരി. വീട്ടിലെ ഫോണ്‍ നമ്പര്‍ തന്നേക്കൂ. ഞാന്‍ വിളിച്ചറിയിക്കാം.”
പിന്നെയുള്ള ഓരോ ദിവസവും വിളി കാത്തിരുന്നു. ദിവസങ്ങള്‍ ആഴ്ചകളായി. ആഴ്ചകള്‍ മാസങ്ങളായി. പ്രതീക്ഷകള്‍ ചോദ്യചിഹ്നത്തില്‍ ഉടക്കിനിന്നു. രാത്രിയില്‍ അസ്വസ്ഥമായ മനസ്സോടെ ഞാന്‍ മണിക്കൂറുകള്‍ ഉലാത്തി. ചിലപ്പോള്‍ റോഡിലൂടെ ലക്ഷ്യമില്ലാതെ നടക്കും. കുറച്ചു ദൂരെ ചെറുവാളൂര്‍ വരെ, അല്ലെങ്കില്‍ കാതിക്കുടം വരെ. അത്തരം സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ അവരൊക്കെ അറിയാതെ വിരുന്നുവരും. അങ്ങകലെ ദല്‍ഹിയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍, ബാംഗ്ലൂരില്‍ ഉള്ളവര്‍… ചിന്തകള്‍ക്കു മേല്‍ അന്നു നിയന്ത്രണമില്ലായിരുന്നു.
അങ്ങകലെ ഒരു പ്രകാശനാളം ഞാന്‍ കാണുന്നുണ്ടായിരുന്നു. വ്യര്‍ത്ഥമാണെന്ന് അറിയാമെങ്കിലും ഞാന്‍ തന്നെ സൃഷ്ടിച്ചെടുത്തതാണ് അത്. ആ പ്രകാശനാളത്തിനു നേരെ കൊച്ചുകുട്ടിയേപ്പോലെ ഞാന്‍ പിച്ചവച്ച് അടുക്കും. അങ്ങനെ അടുത്തു, ദീപനാളത്തെ കൈപ്പിടിയില്‍ ഒതുക്കാന്‍ മാത്രം അരികിലെത്തുമ്പോള്‍ ആരോ അതിനെ മനപ്പൂര്‍വ്വം അണച്ചു കളയും. അപ്പോള്‍ ഞാന്‍ ഇരുട്ടത്തു പകച്ചു നില്‍ക്കുകയായി; ദിശയറിയാതെ, വഴിയറിയാതെ. ഒടുക്കം പുതിയ പ്രകാശനാളത്തിനായി സ്വയം വഴിതേടും.
പലപ്പോഴും ജ്യേഷ്ഠന്‍ ഓര്‍മിപ്പിച്ചു. ”നീ അവര്‍ പറയുന്നത് മുഴുവന്‍ വിശ്വസിക്കരുത്. ചിലപ്പോള്‍ ഒഴിവാക്കാന്‍ പറയുന്നതാകാം.”
ഞാന്‍ ജ്യേഷ്ഠന്റെ അഭിപ്രായത്തോടു യോജിച്ചില്ല. എങ്കിലും ചില അവസരങ്ങളില്‍ എന്നിലും സംശയം തലപൊക്കും. അപ്പോള്‍ ആ കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക് ഒരു ഇമെയിലിടും.
”എന്താ ഭായ്, പ്രശ്‌നമാകുമോ.”
സുഹൃത്തുക്കള്‍ പറയും. ”ഏയ്. ഞങ്ങള്‍ നല്ല പ്രൊഫഷണല്‍സാണ്. വിളിക്കും.”
എനിക്കു മാത്രമല്ല, അവര്‍ക്കും കണക്കുകൂട്ടലുകള്‍ പാടെ തെറ്റിയിരുന്നു. മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും മാനേജര്‍ ഒന്നും അറിയിച്ചില്ല. ഇതിനിടയില്‍ ഒത്തിരി അന്വേഷണങ്ങള്‍. ആദ്യം പടികള്‍ കയറി നാലാം നിലയിലെ ഓഫീസില്‍ എത്തി. വീണ്ടും സന്ദര്‍ശനങ്ങള്‍ വേണ്ടി വന്നപ്പോള്‍ ലിഫ്റ്റ് ഉപയോഗിക്കാന്‍ തുടങ്ങി. ലിഫ്റ്റ് ഓപ്പറേറ്ററുടെ കൂര്‍ത്ത നോട്ടങ്ങള്‍ അവഗണിച്ചു ഞാന്‍ ഉരുവിടും. ‘4th Floor’. പിന്നീടു പറയാതെ തന്നെ അദ്ദേഹം മനസ്സിലാക്കി, നാലാം നിലയെന്ന്. എനിക്കു ലിഫ്റ്റ് ഓപ്പറേറ്ററേയും ഭയമായി തുടങ്ങിയിരുന്നു. അകാരണമായ ഒരു ഉള്‍ഭയം. ഓഫീസിലെത്തി സെക്യൂരിറ്റി റിസപ്ഷനിസ്റ്റിനോടു ഞാന്‍ അന്വേഷിക്കും.
”എനിക്കു കസ്റ്റമര്‍ മാനേജറെ ഒന്നു കാണണമല്ലോ.”
ചിലപ്പോള്‍ നിരാശപ്പെടുത്തുന്ന മറുപടി കിട്ടും. ”സാര്‍ ബോംബെയിലാണ്. ഒരു മീറ്റിങ്ങ്. ഒരാഴ്ച കഴിഞ്ഞേ വരൂ.”
പക്ഷേ, പലപ്പോഴും എനിക്കു സാറിനെ കാണാന്‍ പറ്റുമായിരുന്നു. ഉള്ളിലെ ഉദ്ദേശ്യം പുറത്തു കാണിക്കാതെ അദ്ദേഹം ഹൃദ്യമായി ഇടപെടും. പതിവുള്ള ഡിപ്ലോമാ ബ്രാഞ്ച് ചോദ്യം, ബയോഡാറ്റക്കായി കൈനീട്ടല്‍, അതിന്മേല്‍ ഉറ്റുനോക്കി ഒന്നുരണ്ട് മിനിറ്റുകള്‍. ചിലപ്പോള്‍ ഓഫീസിനുള്ളില്‍ പോയിവരും. ബ്രാഞ്ച് മാനേജറെ കാണാനാകാം. ഒടുക്കം വിളിക്കാമെന്ന പതിവ് മറുപടിയും. തീര്‍ന്നു! ദിവസങ്ങളായുള്ള ആകാംക്ഷയ്ക്കും, ഇത്തവണയെങ്കിലും എന്ന പ്രതീക്ഷയ്ക്കും തിരശ്ശീല വീഴുകയായി. ഇത് ആറു മാസത്തിനുള്ളില്‍ ഏഴെട്ടു തവണ ആവര്‍ത്തിച്ചു. ഓരോ സന്ദര്‍ശനം കഴിയുമ്പോഴും എന്നില്‍ പ്രതീക്ഷ മൊട്ടിടും. സാറെങ്ങാനും വിളിച്ചാലോ. പ്രതീക്ഷകള്‍ ജീവിതം പുഷ്ടിപ്പെടുത്താന്‍ മാത്രമല്ല, മുരടിപ്പിക്കാനും കാരണമാകുമെന്ന് മനസ്സിലാക്കിയ നാളുകള്‍.
അന്നൊരിക്കല്‍ ജ്യേഷ്ഠന്‍ നിര്‍ദേശം വച്ചു. ”സാര്‍ വിളിക്കുന്നതുവരെ നീ എന്തെങ്കിലും പഠിക്കൂ.”
അങ്ങനെ കൊച്ചിയിലെ ഒരു ഐടി കോച്ചിങ്ങ് സ്ഥാപനത്തില്‍ മൈക്രോസോഫ്റ്റിന്റെ MCSA സര്‍ട്ടിഫിക്കേഷനു വേണ്ട പരീക്ഷകള്‍ എഴുതിയെടുക്കാന്‍ ചേര്‍ന്നു. അന്നൊക്കെ ഒരു രസത്തിന്, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലാസുകള്‍ കഴിഞ്ഞ ശേഷം, ആ കമ്പനിയുടെ ഓഫീസിനടുത്തു ഞാന്‍ ചുറ്റിപ്പറ്റി നില്‍ക്കുമായിരുന്നു. എനിക്കു ശ്രവണന്യൂനത ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ജോലി ചെയ്യേണ്ട ഓഫീസാണ് ദാ ആ മുകളില്‍ കാണുന്നത്. ഞാന്‍ വല്ലാത്ത നഷ്ടബോധത്തോടെ റോഡരുകിലെ ഇലക്ട്രിക് പോസ്റ്റില്‍ ചാരിനില്‍ക്കും. വീട്ടിലെത്തുമ്പോള്‍ സാര്‍ വിളിച്ചതായി ജ്യേഷ്ഠന്‍ ആഹ്ലാദത്തോടെ പറയുന്ന രംഗം മനസ്സില്‍ സങ്കല്‍പ്പിച്ചിട്ടുള്ള അവസരങ്ങളും കുറവല്ല. അതെല്ലാം ഓര്‍ത്തു റോഡിന്റെ ഓരത്തുനിന്നു കുറേ കരഞ്ഞിട്ടുണ്ട്. ശ്രവണന്യൂനത മൂലമാണ് അവഗണിക്കപ്പെടുന്നതെന്ന അറിവ് നൊമ്പരങ്ങളെ വര്‍ദ്ധിപ്പിച്ചു. ജീവിതം നരകമായി.
അഞ്ചുമാസത്തെ പഠനത്തിനുശേഷം MCSA സര്‍ട്ടിഫിക്കേറ്റുമായി പുറത്തു വരുമ്പോള്‍ സാര്‍ വിളിക്കാമെന്നു പറഞ്ഞതിന്റെ വാര്‍ഷികമാകാറായിരുന്നു. തിരക്കിനിടയില്‍ കാര്യം മറന്നു പോകാതിരിക്കാന്‍ മാസത്തില്‍ ഒരിക്കലെങ്കിലും ഞാന്‍ ഓഫീസില്‍ പോയി ഓര്‍മ പുതുക്കുമായിരുന്നു. അങ്ങനെ യൗവനകാലത്തെ നിറപ്പകിട്ടാകേണ്ടിയിരുന്ന ഒരു വര്‍ഷത്തിനു ശേഷവും ഞാന്‍ കാരണമില്ലാതെ പ്രത്യാശിച്ചു. സാറെങ്ങാനും വിളിച്ചാലോ.
ചില പ്രതീക്ഷകള്‍ അങ്ങനെയാണ്. നമ്മളെ വിട്ടുപോകില്ല. തിരിച്ചടി കിട്ടിയാലും ഉടുമ്പിനെ പോലെ പിടിച്ചിരിക്കും. ജീവിതം കുട്ടിച്ചോറാകുമ്പോഴേ മനസ്സിലാകൂ, ആ പ്രതീക്ഷ ചെകുത്താന്റെ കരവിരുതായിരുന്നെന്ന്.
ഒരു ദിവസം ജ്യേഷ്ഠന്‍ തറപ്പിച്ചു പറഞ്ഞു. ”സാര്‍ വിളിക്കുമെന്നു തോന്നുന്നില്ല. നമുക്കു വേറെ എന്തെങ്കിലും നോക്കാം. നീ കൂട്ടുകാര്‍ക്ക് ഇ-മെയില്‍ ചെയ്യൂ.”
ഇത്തവണ ഞാന്‍ എതിര്‍ത്തില്ല. ജോലിയുള്ള ചില സുഹൃത്തുക്കള്‍ക്ക് അന്നുതന്നെ ഇ-മെയില്‍ അയച്ചു. രണ്ടുദിവസം കഴിഞ്ഞു രാജുവിന്റെ മറുപടി കിട്ടി. അവന്‍ ബാംഗ്ലൂരിലാണത്രെ! കെല്‍ട്രോണിലെ ട്രെയിനിങ് കഴിഞ്ഞ് അവിടെയെത്തിയെന്ന്. രാജുവിന്റെ മറുപടിയിലെ വരികള്‍ എനിക്ക് ഇന്നും ഹൃദിസ്ഥമാണ്.
“Welcome to Bangalire! I can provide you boarding. Come Soon
2005 ജൂണ്‍ എട്ടിനു ഞാന്‍ ബാംഗ്ലൂരിലേക്കു തിരിച്ചു. ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ വച്ച്, മനസ്സിലെ സംഘര്‍ഷങ്ങള്‍ ജ്യേഷ്ഠനെ കാണിക്കാതെ ഒളിപ്പിക്കാന്‍ ഞാന്‍ അവിരാമം സംസാരിച്ചു കൊണ്ടിരുന്നു. തീവണ്ടിച്ചക്രങ്ങളുടെ ഡിസൈനെപ്പറ്റി, പ്രവര്‍ത്തന രീതിയെപ്പറ്റി, ഒരു ട്രാക്കില്‍നിന്നു മറ്റൊന്നിലേക്കു ട്രെയിന്‍ ദിശ മാറുന്നതിനെപ്പറ്റി…. ജ്യേഷ്ഠന്‍ എല്ലാം മൂളിക്കേട്ടിരിക്കുമ്പോള്‍ എനിക്കറിയാമായിരുന്നു, ആ മനസ്സ് വളരെ പ്രക്ഷുബ്ധമാണെന്ന്. അദ്ദേഹം പറഞ്ഞു.
”അവിടെ പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ തിരിച്ചുവരാന്‍ മടിക്കരുത്. നമുക്ക് ഇവിടെ കഴിയാമല്ലോ.”
ഞാന്‍ എഴുന്നേറ്റു മുഖം തുടച്ചു. അല്പസമയം പ്ലാറ്റ്‌ഫോമിലൂടെ ഉലാത്തി. അങ്ങകലെ റെയില്‍വേ ട്രാക്കില്‍ ഒരു പ്രകാശനാളം തെളിഞ്ഞു. ക്രമേണ അതു വലുതായി അടുത്തടുത്തു വന്നു. കന്യാകുമാരി ബാംഗ്ലൂര്‍ സിറ്റി ഐലാന്‍ഡ് എക്‌സ്പ്രസ്.
തോല്‍വികള്‍ക്കിടയില്‍ എവിടെയെങ്കിലും എന്നെ നോക്കി പുഞ്ചിരിച്ചു നില്‍ക്കുന്ന വിജയത്തെ അന്വേഷിച്ച് ഞാന്‍ ഉദ്യാന നഗരിയിലേക്ക് അങ്ങിനെ യാത്രയായി.
**************
കമ്പനികള്‍ ഇന്റര്‍വ്യൂവിനു ശേഷം ‘വിളിക്കാം/അറിയിക്കാം’ എന്നു പറയുന്നത് സര്‍വ്വസാധാരണയാണെന്ന് അറിയിക്കട്ടെ. അത്തരം മറുപടികള്‍ സൂചിപ്പിക്കുന്നത് ഒന്നുകില്‍ നമ്മള്‍ ഇന്റര്‍വ്യൂവില്‍ പരാജയപ്പെട്ടു എന്നോ അല്ലെങ്കില്‍ ഒരു സെക്കന്റ് റൗണ്ട് ഇന്റര്‍വ്യൂവിനു തിരഞ്ഞെടുക്കപ്പെട്ടുവെന്നോ ആണ്.
പക്ഷേ ഇവിടെ കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. കോളേജിലെ എഴുത്തുപരീക്ഷയില്‍ ജയിച്ച് ഫൈനല്‍ ഡിസ്‌കഷനു തിരഞ്ഞെടുക്കപ്പെട്ടതും, അഞ്ചുമാസം കഴിഞ്ഞു വെള്ളയമ്പലം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തതും, കൊച്ചി ഓഫീസിലെ കസ്റ്റമര്‍ മാനേജറെ നിരവധി തവണ നേരില്‍ കണ്ടതുമെല്ലാം എനിക്കു പ്രസ്തുത കമ്പനിയില്‍ ഒരു ഓഫര്‍ ലെറ്റര്‍ ഉണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ്. പിന്തള്ളപ്പെട്ടു പോകാന്‍ കാരണം ശ്രവണന്യൂനത അല്ലാതെ മറ്റൊന്നുമല്ല. അതും അദ്ദേഹം എന്നെ ‘അളന്നതിലെ’ പിഴവ് മൂലം സംഭവിച്ചതാണ്.
ഇതായിരുന്നു ശ്രവണന്യൂനത മൂലം തൊഴില്‍ അന്വേഷണത്തിനിടയില്‍ ഞാന്‍ നേരിട്ട ആദ്യത്തെ വിവേചനം.
തോല്‍വികള്‍ക്കിടയില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന വിജയം തേടി പോയവന് ഉദ്യാനനഗരി കാത്തുവച്ചിരുന്നത് തോല്‍വികളുടെ ഉല്‍സവമായിരുന്നു. ഒന്നില്‍നിന്നു മറ്റൊന്നിലേക്ക് അവന്‍ ആഘോഷ കഥാപാത്രമായി സ്വീകരിക്കപ്പെട്ടു. സജിത് സാറും അദ്ദേഹത്തിന്റെ കമ്പനിയും മഞ്ഞുമലയുടെ അഗ്രം മാത്രമായിരുന്നു. വെറും അഗ്രം
E-mail: [email protected]!