- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- ആരാണ് ഒരു സുഹൃത്ത്? (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 8)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
”മഹാനഗരമേ നന്ദി നീയെന്നെ ഹൃദയശൂന്യനാക്കി”
ഒരു കഷണം പേപ്പറില്‍, നഴ്‌സറി വിദ്യാര്‍ത്ഥിയെപ്പോലെ, കമിഴ്ന്നു കിടന്നു രാജു എഴുതുകയാണ്.
”കോണ്‍ക്രീറ്റ് കെട്ടിടങ്ങളേ നന്ദി, നിങ്ങളെന്റെ ഗൃഹാതുരത്വത്തില്‍ അവസാനത്തെ ആണിയടിച്ചു.” ഞാന്‍ അഭിനന്ദനസൂചകമായി ചൂളമടിച്ചു. രാജു എന്നെ നോക്കി തൊഴുത്, വീണ്ടും കടലാസിലേക്കു കമിഴ്ന്നു.
ഞാന്‍ മനസ്സിലാക്കി. ചില വ്യക്തികളില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണുന്നത് പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും. മറ്റുസമയത്ത് തങ്ങളിലെ സര്‍ഗാത്മക കഴിവുകളെ ഉള്ളില്‍ ജ്വലിപ്പിച്ച്, ഒളിപ്പിച്ചുകൊണ്ട് അവര്‍ സാധാരണക്കാരായി തുടരും. അബോധ മനസ്സില്‍ ഉറങ്ങി ക്കിടക്കുന്ന സര്‍ഗ്ഗാത്മകതയെ ഉത്തേജിപ്പിച്ച് ഉയിര്‍ത്തെഴുന്നേല്‍ പ്പിക്കാന്‍ ഏതെങ്കിലും മീഡിയം അല്ലെങ്കില്‍ സാഹചര്യം അവര്‍ക്ക്അനിവാര്യമാണ്. ആ സാഹചര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ അവരിലെ എഴുത്തുകാരന്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുകയായി. നൈസര്‍ഗികമായ കഴിവ് ഉള്ളവരെക്കൂടി കവച്ചുവയ്ക്കുന്ന രചനകളും വൈവിധ്യമുള്ള വിഷയങ്ങളുമായിരിക്കും അവര്‍ അപ്പോള്‍ ആവിഷ്‌ക്കരിക്കുക.
രാജു അങ്ങിനെ ഒരാളാണ്. അദ്ദേഹം സാധാരണയായി, ഒന്നും എഴുതി പൂര്‍ത്തിയാക്കാറില്ല. പൂര്‍ത്തിയാക്കിയ ഒരേയൊരു രചന എന്നെ അത്ഭുതസ്തബ്ധനാക്കി യിട്ടുണ്ട്. അതു താഴെ:
I can see whatever happening around me
But I can’t respond.
I am telling my wife, mother and son not to cry
But they are not listening.
I am telling my friend don’t pour mud on me
But they are not hearing.
I want to run away from there
But my body cheated me.
At last now, I realized
Yes I’m dead.
ഭാഗം ഒന്ന്
ഏല്‍പ്പിച്ച ജോലികളെല്ലാം ഞാന്‍ നാലരക്കു മുമ്പ് തീര്‍ത്തു. ടോയ്‌ലറ്റില്‍ പോയി വന്നപ്പോള്‍ മേശക്കു മുകളില്‍ വീണ്ടും ഇന്‍വോയ്‌സുകളുടെ കൂമ്പാരം. അപ്പുറത്തിരിക്കുന്ന ദേവന്‍ സാര്‍ നിസ്സഹായനായി മാനേജറുടെ മുറിക്കു നേരെ വിരല്‍ചൂണ്ടി. ചില്ലുകൂട്ടിനകത്തു മാനേജര്‍ എന്തോ തിരക്കിട്ട് എഴുതുകയാണ്. ഞാന്‍ കമ്പ്യൂട്ടര്‍ വീണ്ടും ഓണ്‍ ചെയ്ത്, ദേവന്‍സാറിനു അരികില്‍ ചെന്നു. അങ്ങോട്ടൊന്നും ചോദിക്കാതെ തന്നെ സാര്‍ അടക്കം പറഞ്ഞു.
”ജിഎം വിളിച്ചു എന്തോ പറഞ്ഞു. മാനേജര്‍ ഇപ്പോ ചൂടിലാ. സുനിലിപ്പോള്‍ അങ്ങോട്ടു പോകണ്ട. ഇന്‍വോയ്‌സ് കുറച്ചു ടൈപ്പ് ചെയ്തിട്ടു പോയ്‌ക്കോ. ബാക്കി ഞാന്‍ നോക്കിക്കോളാം.”
ദേവന്‍ സാര്‍ തിരക്കിലും ടെന്‍ഷനിലുമായിരുന്നു. സാധാരണ എല്ലാ ദിവസവും ഓഫീസ് സമയം കഴിയാറാകുമ്പോള്‍ അദ്ദേഹം നല്ല മൂഡിലാകാറുള്ളതാണ്. അടുത്തു ചെല്ലുമ്പോള്‍ എഴുത്തു നിര്‍ത്തി ബുക്ക് മടക്കും. കണ്ണടയൂരി പഴയൊരു ശോകഗാനം പാടും. മിക്കപ്പോഴും ‘സുമംഗലീ നീ ഓര്‍മിക്കുമോ’ എന്ന പാട്ടായിരിക്കും. അതിനുശേഷം സാധ്യതയുള്ളത് ‘ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍’ എന്ന പാട്ട്. രണ്ടും പ്രണയഗാനങ്ങള്‍. വിരഹം മുറ്റിനില്‍ക്കുന്നതും, പ്രണയ പരാജയത്തിന്റേതുമായ ഗാനങ്ങളുടെ വലിയ ശേഖരം അദ്ദേഹത്തിലുണ്ട്.
ഞാന്‍ വീണ്ടും കമ്പ്യൂട്ടറിനു മുന്നില്‍ വന്നിരുന്നു. ഇന്‍വോയ്‌സ് ടൈപ്പ് ചെയ്യുന്നതിനു പകരം യാഹൂ മെയിലില്‍ കയറി. മാനേജര്‍ക്കു കൊടുക്കാത്ത കുറച്ചു ഇന്‍വോയ്‌സ് ബാക്കിയിരിപ്പുണ്ട്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ റിസര്‍വ്വ് ചെയ്തിരിക്കുന്നവ. ദേവന്‍ സാറിനു അതറിയാം. ഇന്നു ടൈപ്പ് ചെയ്തത് അയച്ചു കൊടുക്കാന്‍ മാനേജര്‍ പറഞ്ഞാല്‍, അതില്‍നിന്നു കുറച്ചുഭാഗം കോപ്പി-പേസ്റ്റ് ചെയ്ത് ഇമെയിലില്‍ അയച്ചാല്‍ മതി. എല്ലാം ശുഭം.
യാഹൂ ഇന്‍ബോക്‌സില്‍ പുതിയ മെയിലുകള്‍ ഇല്ലായിരുന്നു. ഞാന്‍ വാച്ചില്‍ നോക്കി. അഞ്ചുമണിയാകാന്‍ ഇനിയും ഇരുപതു മിനിറ്റുണ്ട്. ഞാന്‍ ചാറ്റിലേക്കു ലോഗിന്‍ ചെയ്തു. പല രാജ്യങ്ങളില്‍നിന്നുള്ള ചാറ്റ്‌റൂമുകളില്‍ കയറിയിറങ്ങി. ഏജ്, സെക്‌സ്, ലൊക്കേഷന്‍ ചോദ്യങ്ങള്‍ അവഗണിച്ചു. സംസാരിക്കാന്‍ പെണ്‍കുട്ടികളെ വേണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക തുടങ്ങിയ ചതിക്കുഴികളെ ഒഴിവാക്കി. പണ്ടൊരിക്കല്‍ ഒരു സുഹൃത്ത് അത്തരം ലിങ്കില്‍ കയറി ഡെബിറ്റ് കാര്‍ഡിന്റെ നമ്പര്‍ കൊടുത്തു. അക്കൗണ്ടിലെ കാശു പോയത് മിച്ചം.
അഞ്ചുമണിയായപ്പോള്‍ മാനേജര്‍ ക്യാബിന്‍ പൂട്ടിയിറങ്ങി. എന്റെ ടേബിള്‍ കടന്നു പോയപ്പോള്‍ ഒന്നും ചോദിച്ചില്ല. തലതിരിച്ച് നോക്കിയതു കൂടിയില്ല. നന്നായി. ഓഫീസിലുള്ളവര്‍ ഒന്നൊന്നായി എഴുന്നേറ്റു പഞ്ചുചെയ്തു പോയി. ഒടുവില്‍, ചോറ്റുപാത്രം തോള്‍ബാഗിനു മുകളില്‍വച്ചു സംഗീത മേശക്കരുക്കില്‍ വന്നു.
സംഗീത ചോദിച്ചു. ”നിനക്ക് പോകാറായില്ലേ?”
ഞാന്‍ പറഞ്ഞു. ”ഇല്ല.”
മറുപടിക്കൊപ്പം മേശപ്പുറത്തെ ഇന്‍വോയ്‌സ് കെട്ടിനു നേരെ ഞാന്‍ കൈചൂണ്ടി. സംഗീതയുടെ മുഖത്തു നര്‍മ്മഭാവം. അവള്‍ പെട്ടെന്നു എന്റെ കസേരയുടെ പിന്നില്‍ വന്ന് നിന്നു. ചാറ്റില്‍ ഏതോ പെണ്‍കുട്ടിയുടെ മെസേജ് വന്നതും അപ്പോള്‍തന്നെ. കാശുപിടുങ്ങുന്ന പറ്റിക്കല്‍ പാര്‍ട്ടികള്‍. ഫണ്‍ ലവിങ്? ക്ലിക്ക് ഹിയര്‍ എന്ന ചോദ്യം എന്നെ തുറിച്ചുനോക്കി. സംഗീത എളിയില്‍ കൈകുത്തി നിന്നു.
സംഗീത ചോദിച്ചു. ”അമ്പടാ… നീ അപ്പോള്‍ അവിടെ ക്ലിക്ക് ചെയ്യുന്നില്ലേ?”
”എവിടെ?” ഞാന്‍ അജ്ഞത നടിച്ചു.
സംഗീത ചാറ്റ്‌ബോക്‌സിലേക്കു പുശ്ചത്തോടെ തലവെട്ടിച്ചു. ചാറ്റിലെ പെണ്ണിനോടാണ് കലിപ്പ്.
ഞാന്‍ വിട്ടുകൊടുത്തില്ല. ”നീ ഇവിടെ നിന്നു പോയിട്ടു ക്ലിക്ക് ചെയ്യും.”
ഒരു മിനിറ്റ് സംസാരിച്ച ശേഷം സംഗീത ഓഫീസ് വിട്ടിറങ്ങി. കുറച്ചുകഴിഞ്ഞ് കൈവിരലില്‍ ബൈക്കിന്റെ കീചെയിന്‍ കറക്കി ദേവന്‍സാര്‍ എത്തി. ചുണ്ടില്‍ ‘ശംഖുപുഷ്പം’ തത്തിക്കളിക്കുന്നു. സാര്‍ എന്റെ തോളില്‍ കയ്യിട്ടു കൂടുതല്‍ ഭാവാത്മകമായി പാടാന്‍ ശ്രമിച്ചു. സത്യത്തില്‍ ഞാന്‍ മാത്രമേ അദ്ദേഹത്തിന്റെ ആലാപനം ശ്രവിക്കാന്‍ താല്പര്യമെടുക്കാറുള്ളൂ. ഓഫീസില്‍ ദേവന്‍ സാറിനോടു ഏറ്റവും അടുപ്പമുള്ള രാജശേഖരന്‍ സാര്‍ പോലും എന്റെ ദേവാ, എന്നെ ഒന്ന് വെറുതെ വിട് എന്നു ഭാവി ക്കുകയാണ് പതിവ്.
യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിനു സമീപം എന്നെയിറക്കി ദേവന്‍സാര്‍ യാത്ര പറഞ്ഞു പോയി. ഞാന്‍ ഗ്രൗണ്ടിലേക്കു നടന്നു. പരിശീലന ത്തിനു വന്ന അത്‌ലറ്റുകളേയും മാനത്തു അണിനിരന്ന ചുവപ്പിനേ യും നോക്കി ഗാലറിയില്‍ ഇരുന്നു. ആദ്യമായി യൂണിവേഴ്‌സിറ്റി ഗ്രൗണ്ട് സന്ദര്‍ശിച്ചത്, രണ്ടുകൊല്ലം മുമ്പ്, ഹോളിസ്റ്റിക് ചികിത്സക്കു വന്ന കാലത്തായിരുന്നു. അന്നു മനസ്സി ലെ സമ്മര്‍ദ്ദം ചെറുക്കാനുള്ള വഴിയായിരുന്നു വൈകുന്നേരത്തെ കറങ്ങി നടക്കല്‍. ബേക്കറി ജംങ്ഷനില്‍നിന്നു പത്തുമിനിറ്റു നടന്നാല്‍ പാളയത്ത് എത്താം. അവിടെ നിന്നു വലത്തോട്ടു തിരി ഞ്ഞു കുറച്ചു നടന്നാല്‍ ഗ്രൗണ്ടു മായി. ക്രമേണ ഞാന്‍ അവിടത്തെ സ്ഥിരം സന്ദര്‍ശകനായി. അധികം കാണികളില്ലാത്ത ഗാലറിയില്‍ മൈതാനത്തെ പന്തുകളി കണ്ടു ഒരു മണിക്കൂറോളം ഇരിക്കും. അന്നു നടന്നതും, പിന്നീടു നടന്നേക്കാവുന്നതുമായ കാര്യങ്ങള്‍ ഘോഷയാത്രയായി മനസ്സില്‍ വരും. ഹോളിസ്റ്റിക് ചികിത്സയെപ്പറ്റി അധികം പ്രത്യാശകള്‍ ഉണ്ടായിരുന്നില്ല. അതിനെ സാധൂകരിക്കുന്നതായിരുന്നു ചികത്സാഫലവും.
മൈതാനത്തു ഇരുട്ടു പടര്‍ന്ന പ്പോള്‍ ഞാന്‍ എഴുന്നേറ്റു. ഗാലറി യില്‍ ആളുകള്‍ ഒഴിഞ്ഞിരിക്കുന്നു. ഏതാനും അത്‌ലറ്റുകള്‍ ട്രാക്കില്‍ നിന്നു കയറി കൂട്ടംകൂടിയിരുന്നു വിശ്രമിക്കുന്നു. ചിലര്‍ മേഘങ്ങള്‍ നോക്കി മലര്‍ന്നു കിടക്കുന്നു. ചിലര്‍ മസില്‍ തടവുന്നു. കൂടെയുള്ളവര്‍ പറയുന്ന തമാശകള്‍ കേട്ടു പൊട്ടി ച്ചിരിക്കുന്നു. അവരുടെ ചിരിയില്‍ നാളെയെപ്പറ്റിയുള്ള ഉല്‍ക്കണ്ഠകള്‍ ഇല്ലെന്നതു ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങിനെ ചിരിക്കാന്‍ എനിക്കും ആഗ്രഹം തോന്നി.
എങ്ങും ഇരുട്ട് പടര്‍ന്നപ്പോള്‍ ഞാന്‍ എഴുന്നേറ്റു. പാളയം വഴി ലോഡ്ജിലേക്കു നടന്നു.
ഭാഗം രണ്ട്
പത്തു മിനിറ്റിനുള്ളില്‍ ഞാന്‍ റൂമിലെത്തി. വാതില്‍ ചാരിയിട്ടേ യുള്ളൂ. ഉള്ളില്‍ കനത്ത ഇരുട്ട്. ഞാന്‍ ലൈറ്റ് ഓണ്‍ ചെയ്തു. രാജു കട്ടിലില്‍ ചുരുണ്ടു കിടക്കുകയാണ്. സാമീപ്യം അറിയിക്കാന്‍ ഞാന്‍ മുരട നക്കി. രാജു പ്രസന്നഭാവ ത്തോടെ കിടക്കയില്‍ എഴുന്നേറ്റിരുന്നു.
ഞാന്‍ അന്വേഷിച്ചു. ”ഷാനു വന്നില്ലേ?”
”വന്നു. തിരക്കിട്ടു ഡ്രസ്സുമാറി പോയി.” രാജു പറഞ്ഞു.
ഞാന്‍ വിയര്‍പ്പില്‍ കുതിര്‍ന്ന ഷര്‍ട്ടഴിച്ചു അഴയില്‍ തൂക്കി. കിടക്ക കൈയില്‍ തലയിണവച്ചു അതില്‍ ചാഞ്ഞ് കിടന്നു. റൂമിലെ നിശ്ശബ്ദത ക്കു ഭംഗം വരുത്തി, കണ്ണുകള്‍ക്കു പിടിതരാതെ ഖേതാന്‍ കറങ്ങി. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞു. മനസ്സിനു ലാഘവത്വം വന്നപ്പോള്‍ രാജുവിനോടു കുറച്ചു കുസൃതി ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
”രാജു, ഞാനൊരു കഥാകൃത്താ ണെന്ന കാര്യം നിനക്കറിയാമല്ലോ.”
കുറച്ചു കാലമായി ഞാന്‍ അല്പ സ്വല്പം എഴുതാന്‍ തുടങ്ങിയിരുന്നെ ങ്കിലും അവ രാജുവിന്റെ പ്രീതിക്ക് പാത്രമായിരുന്നില്ല. രാജു ഞെട്ടി. ”കഥാകൃത്തോ! നീയോ?”
ഒരു നിമിഷം ശങ്കിച്ച ശേഷം അവന്‍ സമ്മതിച്ചു. ”അതെനിക്കു അറിയാം. നീ സമാധാനിക്ക്….”
ഒന്ന് മന്ദഹസിച്ചിട്ട് ഞാന്‍ തുടര്‍ന്നു. ”…… എന്റെ സാഹിത്യ സപര്യക്കു അടുത്തമാസം ഒരു വര്‍ഷം തികയുകയാണ്. അതിനാല്‍ ഇതുവരെ എഴുതിയ കൃതികളെല്ലാം ഞാന്‍ ഇങ്ങോട്ടു കൊണ്ടുവരാന്‍ പോകുന്നു. സുനില്‍ ഉപാസനയുടെ സമ്പൂര്‍ണ്ണ കൃതികള്‍ എന്നു വിളിക്കാവുന്ന ഈ സാഹിത്യ സമാഹാരത്തില്‍ ആയിരത്തില്പരം പേജുകള്‍ ഉണ്ട്.”
രാജു അമ്പരന്നു. ”നീയെന്തിനാ അതൊക്കെ ഇങ്ങോട്ടു കൊണ്ടു വരുന്നത്?”
”നിനക്കു വായിക്കാന്‍.” ഞാന്‍ വെട്ടിത്തുറന്നു പറഞ്ഞു.
”അയ്യോ എനിക്കോ! ആയിര ത്തില്‍പരം പേജുകള്‍!” ഒരു ആര്‍ത്തനാദത്തോടെ രാജു നെഞ്ചില്‍ ഊക്കിലിടിച്ചു.
മേശപ്പുറത്തിരുന്ന വെള്ളക്കുപ്പി എടുത്തു രാജു വായില്‍ കമിഴ്ത്തി. അത് എന്നെ അപമാനിക്കാനുള്ള നഗ്‌നശ്രമമായിരുന്നിട്ടും ഞാന്‍ പ്രകോപിതനായില്ല. കുറച്ചുനേരം ഞാന്‍ മിണ്ടാതിരുന്നു. പിന്നെ വീണ്ടും രാജുവിനു നേരെ തിരിഞ്ഞു. അത്ഭുതം! അതിശയം! രാജു ബൈന്‍ഡ് ചെയ്ത ഒരു പുസ്തകം വായിക്കുകയാണ്. സാലറി സ്ലിപ് മാത്രം വായിക്കാറുള്ള വന്‍ പുസ്തകം വായിക്കുന്നു! എന്താ കഥ. വിവേകാനന്ദ കൃതികള്‍ ആയിരിക്കുമെന്നു ഞാന്‍ ഊഹിച്ചു. ഇന്നലെ വൈകുന്നേരം പാളയം പബ്ലിക് ലൈബ്രറിയില്‍നിന്നു അതു തപ്പിയെടുത്തിരുന്നു. അവനു നല്ല ബുദ്ധി തോന്നിപ്പിച്ചതില്‍ ഞാന്‍ ദൈവങ്ങളോടു നന്ദിപറഞ്ഞു.
”രാജു എങ്ങിനെയുണ്ട് പുസ്തകം?”
അവന്‍ നെഞ്ച് തിരശ്ചീനമായി വെട്ടിച്ചു. എന്നുവെച്ചാല്‍ ഒന്നാന്തര മെന്ന്. എനിക്കു സന്തോഷമായി. അവന്‍ രക്ഷപ്പെട്ടോളും.
2003 ഒക്ടോബറിലാണ് കെല്‍ട്രോ ണിലെ പേര്‍സണല്‍ ഡിപ്പാര്‍ട്ട്‌മെന്റി നു മുന്നില്‍വച്ച് ഞാന്‍ രാജുവിനെ കണ്ടുമുട്ടുന്നത്. തികച്ചും ആകസ്മി കമായ കൂടിക്കാഴ്ച. പരിചിത മുഖം കണ്ടമാത്രയില്‍ രാജു ഓടി എന്റെ അരികിലെത്തി. ഞങ്ങള്‍ പോളി ടെക്‌നിക്കില്‍ ഒരേ ക്ലാസില ല്ലെങ്കിലും ഒരേ ബാച്ചിലായിരുന്നു. തമ്മില്‍ സംസാരിച്ചിട്ടില്ല. ഔപചാരിക കുശലാന്വേഷണത്തി നു ശേഷം ഞാന്‍ ഭയന്ന, പ്രതീക്ഷിച്ച ചോദ്യമെത്തി. അവനൊരു റൂം വേണമത്രെ. ഞാന്‍ ഉടന്‍ കൈ മലര്‍ത്തി രക്ഷയില്ലെന്നു പറഞ്ഞു. പക്ഷേ മലര്‍ത്തിയ കയ്യില്‍ പിടിച്ചു രാജു ചില ഉറച്ച, പ്രലോഭ നീയ വാഗ്ദാനങ്ങള്‍ നല്‍കി. വീക്കെന്റുകളില്‍ ബേക്കറി ജംങ്ഷ നിലെ ത്രീസ്റ്റാര്‍ ഹോട്ടല്‍ ഇന്ദ്ര പ്രസ്ഥയില്‍ നിന്നു ഡിന്നര്‍, സ്‌പെന്‍സര്‍ ജംങ്ഷനിലെ കിയോസ്‌കില്‍നിന്നു ആവശ്യമുള്ള പ്പോള്‍ ഇന്റര്‍നെറ്റ് ബ്രൗസിങ്ങ് എന്നിവയായിരുന്നു പ്രധാനപ്പെട്ടവ. അങ്ങനെയെങ്കില്‍ താമസിച്ചോളൂ എന്നായി ഞാന്‍. മുളയിര ലോഡ്ജി ലെ റൂം ഞങ്ങള്‍ പങ്കിട്ടു. രണ്ടു മാസത്തിനു ശേഷം അഞ്ചല്‍ സ്വദേശി ഷാന്‍ കൂടി അന്തേവാസിയായി എത്തി.
പിന്നീടു നഗരത്തില്‍ എല്ലായിടത്തും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. വെളുപ്പിനു എഴുന്നേറ്റ് മ്യൂസിയത്തില്‍ ജോഗിങ്ങിനു പോയി. ഞായറാഴ്ചകളില്‍ അരപ്പട്ടിണിയുടെ ആലസ്യത്തില്‍ റമ്മി കളിച്ചു. രാത്രിയില്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ചൂടുകഞ്ഞിയും ചെറുപയറും കഴിച്ചു. ഈസ്റ്റ്‌ഫോര്‍ട്ടിലെ അതുല്യ തിയേറ്ററില്‍ മാറ്റിനി കണ്ടു. വൈകുന്നേരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കല്പടവിലിരുന്നു ഭക്തിഗാനങ്ങള്‍ കേട്ടു. ആറ്റുകാല്‍ പൊങ്കാലയ്ക്കു വിനീതിന്റെ ക്ലാസിക്കല്‍ ഡാന്‍സ് കണ്ടു. അങ്ങിനെ തിരുവനന്തപുരം ഞങ്ങള്‍ സ്വന്തമാക്കി. ഇന്ദ്രപ്രസ്ഥയിലെ ഡിന്നറും, സ്‌പെന്‍സര്‍ ജംങ്ഷനിലെ കിയോസ്‌കും മാത്രം സ്വപ്നമായി തുടര്‍ന്നു.
രാജു വായന നിര്‍ത്തി എഴുന്നേറ്റു. സമയം എട്ട്. ഡിന്നര്‍ ടൈം. ഞങ്ങള്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലേക്കു നടന്നു. ജൂബിലി ഹോസ്പിറ്റല്‍ ജംങ്ഷന്‍ കടന്നു നടക്കുമ്പോള്‍ രാജു ചോദിച്ചു.
”അപ്രന്റീസ്ഷിപ്പ് കഴിഞ്ഞാല്‍ എന്തു ചെയ്യാനാ നിന്റെ പ്ലാന്‍?”
”വെള്ളയമ്പലത്തെ കമ്പനിയില്‍ ജോയിന്‍ ചെയ്യും.”
കുറച്ചുനാള്‍ മുമ്പ് ഒരു ഐടി കമ്പനിയുടെ ഇന്റര്‍വ്യൂവില്‍ ഞാന്‍ പാസ്സായിരുന്നു. ആഗസ്റ്റില്‍ അപ്രന്റീസ്ഷിപ്പ് കഴിയുമ്പോള്‍ അവിടെ ജോലിക്കു കയറാന്‍ പറ്റും.
രാജു നെടുവീര്‍പ്പിട്ടു. ”അതു നന്നായി. ഞാനൊക്കെ എന്താകുമോ ആവോ.”
”നീ ബാംഗ്ലൂരിലേക്കു ചെല്ലൂ.” ഞാന്‍ പറഞ്ഞു.
ഞങ്ങള്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ എത്തി. വയര്‍ നിറച്ച് ചൂടുകഞ്ഞിയും ചെറുപയറും കഴിച്ചു. ശരീരം നന്നായി വിയര്‍ത്തു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന് അരികിലൂടെ കപ്പലണ്ടി കൊറിച്ച് ഞങ്ങള്‍ റൂമിലേക്കു തിരിച്ചു നടന്നു.
ബേക്കറി ജംങ്ഷനില്‍ എത്തിയപ്പോള്‍ ‘അമ്പ്രോസിയ’യില്‍ പതിവില്ലാത്ത തിരക്ക്. പാര്‍ക്കിങ്ങ് ഏരിയ മൊത്തം നിറഞ്ഞിരിക്കുന്നു. കുറേ കാറുകള്‍ റോഡ്‌സൈഡില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. റൂമില്‍ പോകാന്‍ തോന്നിയില്ല. അമ്പ്രോസിയക്ക് അടുത്തുള്ള മറ്റൊരു ബേക്കറിയുടെ അരമതിലില്‍, തോളില്‍ പരസ്പരം കൈകളിട്ടു ഞങ്ങള്‍ ഇരുന്നു. രാജു റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളില്‍ നോക്കി. ഏതാണ്ട് എല്ലാ കാറുകളിലും ആരാധനാ മൂര്‍ത്തികളുടേയോ മഹദ്‌വചനങ്ങളുടേയോ സ്റ്റിക്കറുകള്‍ ഒട്ടിച്ചിട്ടുണ്ടായിരുന്നു. ചില മഹദ് വചനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ആശയങ്ങള്‍ മറ്റു മഹദ്‌വചനങ്ങള്‍ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ക്കു നേര്‍വിപരീതമാണ്.
രാജു ആശയക്കുഴപ്പത്തിലായി. എന്നോടു ഗൗരവത്തില്‍ ചോദിച്ചു. ”ദൈവം ഉണ്ടോ?”
”ഏതു ദൈവം?”
”എല്ലാ മതങ്ങളും പറയുന്ന ദൈവം.”
ഞാന്‍ പറഞ്ഞു. ”ചിലപ്പോള്‍ ഉണ്ടായിരിക്കും. ചിലപ്പോള്‍ ഉണ്ടായിരിക്കില്ല.”
”അതെന്താ അങ്ങിനെ?”
”അതങ്ങിനെയാണ്. യെസ് ഓര്‍ നോ എന്നീ രണ്ട് ഓപ്ഷനുകളില്‍ മാത്രം ഈ ചോദ്യത്തിന്റെ ഉത്തരത്തെ തളച്ചിടാന്‍ സാധിക്കില്ല .”
”എന്തുകൊണ്ട്?”
”നമ്മുടെ അണ്ടര്‍സ്റ്റാന്‍ഡിങിനും നാഡീവ്യവസ്ഥക്കും പരിമിതികളുണ്ട്, പല കാര്യങ്ങളിലും. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നു ദൈവമുണ്ട്, ദൈവമില്ല എന്നിങ്ങനെയുള്ള ഡിക്ലറേഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ല. എന്തിനും ഏതിനും ഒരു സാധ്യത കൊടുക്കാം. എന്നുവച്ചാല്‍ ദൈവവും ഇതുപോലെ ഒരു സാധ്യതയായി നിലനില്‍ക്കുമെന്ന്.”
രാജു തലയാട്ടി. ഞാന്‍ കൂട്ടിച്ചേര്‍ത്തു. ”ദൈവമെന്നല്ല, എന്തും എതും ഒരു സാധ്യതയാണ്.”
കാര്യം മനസ്സിലാക്കി രാജു ചിരിച്ചു.
വഴിയാത്രക്കാരുടെ ബഹളവും വാഹനങ്ങളുടെ കാതടപ്പിക്കുന്ന ഹോണ്‍മുഴക്കവും അസഹ്യമായപ്പോള്‍ ഞങ്ങള്‍ റൂമിലേക്കു നടന്നു. മുറിയുടെ നടുവിലുള്ള മേശയില്‍ റമ്മി കളിക്കാനുള്ള കാര്‍ഡുകളുമായി ഷാനു കാത്തിരിക്കുകയായിരുന്നു. റമ്മി കളി പാതിര വരെ നീണ്ടു.
**** **** **** ****
എനിക്ക് ഒരു സിദ്ധാന്തമുണ്ട്. അതായത്, ഒരു സുഹൃത്ത് നല്ല ശ്രോതാവ് കൂടിയായിരിക്കണം. ശ്രവണന്യൂനതയുള്ള ഒരുവന്‍ തന്റെ സുഹൃത്തില്‍ ഏറ്റവും ആകാംക്ഷയോടെ അന്വേഷിക്കുന്ന ഗുണം, അദ്ദേഹം നല്ല ശ്രോതാവാണോ അല്ലയോ എന്നതാണ്. ഈ അന്വേഷണത്തിനു പിന്നില്‍ പ്രത്യേക കാരണമുണ്ട്. ശ്രവണന്യൂനതയുള്ളവരില്‍ നല്ല ശതമാനം പേര്‍ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ താല്പര്യം ഉണ്ടാകുമെങ്കിലും, അവരെ സംബന്ധിച്ചു, മെഡിക്കലി അതു സാധ്യമല്ല. അതൊരു ദുഃഖകരമായ സത്യമാണ്. അതിനാല്‍ കാര്യമാത്ര പ്രസക്തമായി കുറച്ചുമാത്രം സംസാരിക്കുന്ന, എന്നാല്‍ വളരെയധികം കാര്യങ്ങള്‍ ശ്രവിക്കാന്‍ താല്പര്യമെടുക്കുന്ന സുഹൃത്തുക്കളെ ശ്രവണന്യൂനതയുള്ളവര്‍ പൊതുവെ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ ഞാന്‍ അനുഗൃഹീതനാണെന്നു തന്നെ പറയണം. നല്ല ശ്രോതാക്കളായ കൂട്ടുകാരുടെ നീണ്ട നിര എനിക്കുണ്ട്. അവരില്‍ ഒരാള്‍ രാജുവാണ്.
തിരുവനന്തപുരത്തെ ഒരു വര്‍ഷക്കാലത്ത് ഞാന്‍ രാജുവിനോടു കുറേ കാര്യങ്ങള്‍ പറഞ്ഞു. ലോഡ്ജുമുറിയില്‍ കിടക്കുമ്പോഴും റോഡിലൂടെ നടക്കുമ്പോഴും ഞാന്‍ നിര്‍ത്താതെ സംസാരിച്ചു. കോളേജിലും പോളിടെക്‌നിക്കിലും അഞ്ചുവര്‍ഷം സംസാരിക്കാതെ കഴിഞ്ഞ കാലത്തിനു പ്രായശ്ചിത്തം ചെയ്തതു തിരുവനന്തപുരത്താണ്. അത്രനാള്‍ തടുത്തു നിര്‍ത്തിയിരുന്ന വാക്കുകളെല്ലാം എന്നില്‍നിന്ന് പുറത്തുചാടി. സംഭാഷണത്തില്‍ ഏര്‍പ്പെടുകയെന്നത് ആവേശകരമായ അനുഭവമാണെന്നു മനസ്സിലായത് അന്നാണ്. കഴിഞ്ഞുപോയ നാളുകള്‍ അപ്പോള്‍ വിങ്ങലായി. സംസാരിച്ചു സംസാരിച്ച് ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടപ്പോള്‍ എന്റെ മനസ്സ് നിറഞ്ഞു. ആ ഒരു കൊല്ലം സാര്‍ത്ഥകമായിരുന്നു.
(തുടരും)
E-mail: [email protected]