- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- ആംഗ്യഭാഷാ പഠനം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 22)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
ആംഗ്യഭാഷയില്‍ മുഖചലനങ്ങള്‍ക്കുള്ള പ്രാധാന്യം സവിശേഷമാണ്. ‘Tired’ എന്ന വാക്കിന്റെ ആംഗ്യം കാണിക്കുമ്പോള്‍ മുഖം പ്രസന്നമോ നിര്‍വികാരമോ ആയിരിക്കരുത്. ”Tired’ വാക്കിനൊപ്പം പരിക്ഷീണിത മുഖഭാവവും ഭാഷാകാരനില്‍ അവശ്യമാണ്. സത്യത്തില്‍, മുഖം നിര്‍വികാരമായി നിര്‍ത്തിക്കൊണ്ടുള്ള ആംഗ്യങ്ങള്‍ ആംഗ്യഭാഷയില്‍ ഇല്ലെന്നു പറയാം. ഭാവഹാവാദികളുടെ ഒടുങ്ങാത്ത പ്രവാഹമാണ് ആംഗ്യഭാഷ. അത് പ്രായോക്താവിന്റെ മുഖത്തും ശരീരത്തിലും പ്രതിഫലിക്കും, പ്രതിഫലിക്കണം. ആംഗ്യഭാഷ പഠിച്ച ബധിരര്‍, മുഖചലനം കൊണ്ട് മികച്ച അഭിനേതാക്കളാണെന്ന് പറയാം. വിവിധ രസങ്ങള്‍ മിന്നിമറയുന്ന മുഖം, ബധിരര്‍ക്കു ആശയവിനിമയത്തിനുള്ള ഉപാധിയാണ്. ആംഗ്യഭാഷ പഠനത്തിന്റെ ആദ്യകാലത്തു മുഖചലനം ശരിയാകാതെ ഞാന്‍ വളരെ ബുദ്ധിമുട്ടി. ശോകം, സന്തോഷം, അസൂയ തുടങ്ങിയ ഭാവഹാവാദികള്‍ എന്റെ മുഖത്തു ശരിക്കു പ്രതിഫലിച്ചില്ല. കൃപ മാഡം ആശ്വസിപ്പിച്ചു. ഏതാനും ആഴ്ചകള്‍ കൊണ്ട് എല്ലാം ശരിയാകുമത്രെ.
ആംഗ്യഭാഷയില്‍ രണ്ടുതരത്തില്‍ ആശയങ്ങള്‍ കൈമാറാം. ഒന്ന് വാക്കുകളുടെ തത്തുല്യമായ ആംഗ്യങ്ങള്‍ വഴി. ഈ രീതിയില്‍, ‘My Home’ എന്നു പറയുന്നതിനു My, Home എന്നിവയുടെ രണ്ട് ആംഗ്യങ്ങള്‍ കാണിച്ചാല്‍ മതി. താരതമ്യേന എളുപ്പത്തില്‍ ആശയം കൈമാറാം. രണ്ടാമത്തെ രീതിയില്‍, നാം ഓരോ വാക്കിന്റേയും സ്‌പെല്ലിങ് കൈവിരലുകളാല്‍ ആംഗ്യത്തില്‍ കാണിക്കണം. ‘My Home’ എന്ന ആശയം, ആംഗ്യഭാഷ അറിയാവുന്ന മറ്റൊരാളിലേക്കു കൈമാറണമെങ്കില്‍ ‘My Home’ എന്നീ ആറ് ലെറ്റേഴ്‌സിന്റേയും ആംഗ്യം കൈവിരലുകള്‍ കൊണ്ട് കാണിക്കണം. അതും വേഗത്തില്‍. ഇതിനെ ഫിംഗര്‍ സ്‌പെല്ലിങ് (Finger Spelling) എന്നു പറയുന്നു. സാധാരണ സംഭാഷണങ്ങളില്‍, ഫിംഗര്‍ സ്‌പെല്ലിങ് എപ്പോഴും ഉപയോഗിക്കേണ്ടി വരുന്നില്ല. വാക്കുകളുടെ ആംഗ്യങ്ങള്‍ കൊണ്ടു മാത്രം ആശയം കൈമാറാന്‍ കഴിയും. പക്ഷേ, ഏതെങ്കിലും വാക്കിന്റെ ആംഗ്യം മറന്നെന്നോ, അല്ലെങ്കില്‍ വ്യക്തികളുടെ പേരുകളോ പ്രശസ്തമല്ലാത്ത സ്ഥലനാമമോ മറ്റൊരാളിലേക്കു കൈമാറണമെന്നു കരുതുക. അപ്പോള്‍ എന്തുചെയ്യും? ഫിംഗര്‍ സ്‌പെല്ലിങിന്റെ പ്രാധാന്യം ഇവിടെയാണ്. വലതുകൈ വിരലുകള്‍ കൊണ്ട് മാത്രം, അമേരിക്കന്‍ ആംഗ്യഭാഷയിലെ a b c d … x yz കാണിക്കാന്‍ കഴിയും. ഇന്ത്യന്‍ ആംഗ്യഭാഷയിലെ ചില ലെറ്റേഴ്‌സ് കാണിക്കാന്‍ ഇരുകൈകളും ആവശ്യമാണ്. ഫിംഗര്‍ സ്‌പെല്ലിങ് കാണിക്കുമ്പോള്‍ അതിലെ വേഗത പ്രധാനമാണ്. അധികം സമയമെടുക്കാതെ സ്‌പെല്ലിങ് പൂര്‍ത്തിയാക്കണം. 4-5 സെക്കന്റിനുള്ളിലോ അതിനുമുമ്പോ ശരാശരി നീളമുള്ള എല്ലാ ഇംഗ്ലീഷ് വാക്കുകളുടേയും ഫിംഗര്‍ സ്‌പെല്ലിങ്, കൃപ മാഡം പൂര്‍ത്തിയാക്കും. ഫിംഗര്‍ സ്‌പെല്ലിങ് വേഗത്തില്‍ കാണിക്കാനും മനസ്സിലാക്കാനും നല്ല പരിശീലനം അവശ്യമാണ്. ആംഗ്യങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നതും ശ്രമകരമാണ്. നൂറുകണക്കിനു വാക്കുകളുടെ ആംഗ്യങ്ങളാണ് നമുക്കു മുന്നിലുള്ളത്. അവയില്‍ ചിലതാകട്ടെ ഒരുപോലുള്ളതും. അപ്പോള്‍ നാം ഉള്ളടക്കം നോക്കി അര്‍ത്ഥനിര്‍ണയം നടത്തണം.
ആംഗ്യഭാഷയില്‍ സാധാരണയായി വാക്കുകളുടെ ആംഗ്യങ്ങള്‍ മാത്രമേ കാണിക്കാറുള്ളൂ. സംഭാഷണത്തിന്റെ വേഗതയ്ക്കു അതാണ് അഭികാമ്യം. വ്യക്തികളുടേയോ സ്ഥലങ്ങളുടെയോ പേരുകള്‍ പറയേണ്ടി വരുമ്പോള്‍ മാത്രം ഫിംഗര്‍ സ്‌പെല്ലിങ്ങിലേക്കു തിരിയും. അതുതന്നെ എപ്പോഴും ആവശ്യമില്ല. ചെന്നൈ, കേരളം, ബാംഗ്ലൂര്‍, പരിചിത വ്യക്തികളുടെ പേരുകള്‍ തുടങ്ങിയവയ്ക്ക് സ്വന്തമായ ആംഗ്യങ്ങള്‍ ഉണ്ട്. എന്നാല്‍ ഉള്‍നാടന്‍ പ്രദേശങ്ങളെയും, ആദ്യമായി പരിചയപ്പെടുന്ന വ്യക്തികളുടെ പേരും മനസ്സിലാക്കാന്‍ ഫിംഗര്‍ സ്‌പെല്ലിങ് തന്നെ വേണം.
ആംഗ്യഭാഷ പഠനം എന്റെ മനോഘടനയിലും സ്വഭാവത്തിലും അല്പം മാറ്റം വരുത്തി. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് ശ്രവണശേഷിയുള്ളവരോടു സംസാരിക്കുമ്പോള്‍ പോലും, സംസാരത്തിനിടെ ഞാനറിയാതെ എന്റെ കൈകള്‍ ആംഗ്യഭാവത്തില്‍ ഇടയ്‌ക്കൊക്കെ ചലിക്കും. ഇത് അനൈശ്ചികമാണ്. മനസ്സിലെ സന്നിഗ്ദ്ധാവസ്ഥയുടെ ബഹിര്‍സ്ഫുരണം. ശ്രവണശേഷി എന്നില്‍ ഭാഗികമായേ നഷ്ടപ്പെട്ടിട്ടുള്ളൂ. ജന്മനാല്‍ ശ്രവണപ്രശ്‌നം ഇല്ലാതിരുന്നതിനാല്‍ എനിക്കു ആംഗ്യഭാഷയെ ആശയവിനിമയത്തിനു എപ്പോഴും ആശ്രയിക്കേണ്ടതില്ല. എന്നാല്‍, പഠിച്ച ആംഗ്യഭാഷ അബോധമനസ്സില്‍ തികട്ടി വരികയും ചെയ്യുന്നു. ആശയക്കുഴപ്പത്തിന്റെ ഒരു കലാശക്കൊട്ട്. അതില്‍പ്പെട്ട് സംസാരവും ആംഗ്യവും കുറച്ചു നേരത്തേക്ക് എന്നില്‍ ഒരുമിച്ചു പ്രകടമാകും. ഞാന്‍ സംവദിക്കുന്നത് ശ്രവണ പ്രശ്‌നമില്ലാത്ത ഒരാളോടാണെന്ന് ഏതാനും സെക്കന്റുകള്‍ക്കു ശേഷമേ മനസ്സിലാകൂ. അപ്പോള്‍ പേരറിയാത്ത വികാരം എന്നില്‍ നിറയും. അതിനെ ജാള്യത എന്നു ഞാന്‍ വിശേഷിപ്പിക്കില്ല. എന്നാല്‍ ഈ ‘ആശയക്കുഴപ്പം നിറഞ്ഞ പെരുമാറ്റത്തിന്റെ’ തുടക്കത്തില്‍ എനിക്കു തോന്നിയിരുന്നത് ജാള്യത തന്നെയായിരുന്നു. ഇത് തുടര്‍ക്കഥയായപ്പോള്‍ ജാള്യത മാറി. പകരം പേരറിയാത്ത അസ്വസ്ഥതയായി. ആംഗ്യഭാഷ പഠനത്തോടെ എന്നില്‍ വന്ന മാറ്റത്തെ ഞാന്‍ സ്വയം മനസ്സിലാക്കുന്നതാണ് ഇതിനു കാരണം. മറ്റൊരു കാര്യവും ഇവിടെ പറയാതെ വയ്യ. ഇത്തരം ‘ആശയക്കുഴപ്പം നിറഞ്ഞ പെരുമാറ്റം’ ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറത്ത്, അതായത് എന്റെ വീട്ടിലോ ബാംഗ്ലൂരിലെ റൂമിലോ വച്ച്, മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ ഞാന്‍ പ്രകടിപ്പിച്ചിട്ടില്ല.
Resilient minds എനിക്കൊരു വ്യത്യസ്ത സ്വത്വം നല്‍കുന്നെന്ന് തോന്നുന്നു. ആ കെട്ടിടത്തില്‍ കഴിയുമ്പോള്‍ മാത്രം ലഭിക്കുന്ന മാനസികവും അമൂര്‍ത്തവുമായ ഒരു മേലങ്കി. അതു അവിടെ അഴിച്ചുവച്ചിട്ടാണ് ഞാന്‍ പുറത്തിറങ്ങുന്നത്. അല്ലെങ്കില്‍ ഇതേ പ്രശ്‌നം റൂമിലും ഞാന്‍ അഭിമുഖീകരിക്കുമായിരുന്നു.
അടയാളഭാഷ ക്ലാസുകള്‍ ഉച്ചയ്ക്കായിരുന്നു. ചിലപ്പോള്‍ കൃപ മാഡം വളരെ തിരക്കിലായിരിക്കും. അപ്പോള്‍ ഞാന്‍ സ്വയം പഠിക്കാന്‍ ശ്രമിക്കും.Resilient-ആംഗ്യഭാഷയുടെ ഡിക്ഷണറി ഉണ്ട്. അതില്‍ നിന്നു ചില അടയാളങ്ങള്‍ തന്നത്താന്‍ പഠിക്കാന്‍ പറ്റും. പക്ഷേ ഭൂരിഭാഗം ആംഗ്യങ്ങളും പഠിക്കാന്‍ ട്യൂട്ടറുടെ സഹായം ആവശ്യമാണ്. കൈ-മുഖചലന രീതികള്‍ അതിന്റെ സ്വാഭാവികതയില്‍ ഡിക്ഷണറിയില്‍നിന്നു പഠിക്കാന്‍ പറ്റില്ല
ആംഗ്യഭാഷ പഠിക്കുന്നതിനിടയില്‍, ഒരിടക്കാലത്ത്, രണ്ടു മാസത്തോളം കൃപ മാഡത്തിന് എന്റെ പഠനത്തില്‍ ശ്രദ്ധിക്കാനായില്ല. പക്ഷേ അക്കാലത്തും ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശനം തുടര്‍ന്നു. ദിവസവും രാവിലെ 11-നു ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി, എല്ലാവരേയും വിഷ് ചെയ്ത്, ആംഗ്യഭാഷ ഡിക്ഷണറിയുമായി ഒരു മുറിയിലിരുന്ന് ആംഗ്യങ്ങള്‍ പരിശീലിക്കും. ഫിംഗര്‍ സ്‌പെല്ലിങിന്റെ വേഗത കൂട്ടാനും ഞാന്‍ ശ്രമിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൃപ മാഡം എന്നോടു ചോദിച്ചു.
”ഞാന്‍ തിരക്കിലായതു കൊണ്ടാണ് ക്ലാസ് എടുക്കാത്തത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്നു ഒറ്റയ്ക്കു പഠിക്കുന്നതില്‍ സുനിലിനു മടുപ്പുണ്ടോ?”
ഞാന്‍ നിഷേധിച്ചു.
”ഇല്ല മാഡം. ഇവിടെ വരുന്നത് എനിക്കു വലിയ ആശ്വാസമാണ്. ഞാന്‍ ജഡപ്രകൃതത്തില്‍ അല്ല, മറിച്ച് ആക്ടീവ് ആന്‍ഡ് ഡൈനാമിക് ആണെന്ന്, എന്നെത്തന്നെ ഞാന്‍ വിശ്വസിപ്പിക്കുന്നത് ദിവസവും രണ്ടുമണിക്കൂര്‍ നീളുന്ന ഇവിടത്തെ സന്ദര്‍ശനം വഴിയാണ്. ഇതില്ലെങ്കില്‍, എന്റെ മനഃസന്തോഷം കെട്ടുപോയേനെ… പിന്നെ, സ്വയം പരിശീലിക്കുമ്പോഴും ആംഗ്യഭാഷ എനിക്ക് നല്ലപോലെ മനസ്സിലാകുന്നുണ്ട്. ഫിംഗര്‍ സ്‌പെല്ലിങ് വേഗതയില്‍ ഞാനേറെ മുന്നേറിക്കഴിഞ്ഞു.”
കൃപ മാഡം എന്നെ തോളില്‍ തട്ടി അഭിനന്ദിച്ചു.
ആംഗ്യഭാഷയില്‍ പുരോഗതി നേടിയ ശേഷം, ശനിയാഴ്ചകളില്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്കു ഞാന്‍ ആംഗ്യഭാഷ ക്ലാസ് എടുക്കാന്‍ തുടങ്ങി. കേള്‍വിപ്രശ്‌നമുള്ള കുട്ടികളെ കൂടാതെ, അവരുടെ കുടുംബത്തിലെ ഒരാളെങ്കിലും ആംഗ്യഭാഷ പഠിച്ചിരിക്കണം. അല്ലാതെ ക്രിയാത്മകമായ ആശയവിനിമയം സാധ്യമാകില്ല. മാത്രമല്ല ശ്രവണപ്രശ്‌നമുള്ള കുട്ടിക്ക് ‘സംസാരിക്കാനും’, അതുവഴി ആരോഗ്യകരമായ മാനസികനില നിലനിര്‍ത്താനും ഒരു സുഹൃത്ത് കൂടിയേ തീരൂ. മിക്കവാറും അത് മാതാപിതാക്കളില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടുപേരുമോ ആകും. ഞലശെഹശലി േങശിറെല്‍ കുട്ടികളുടെ മാതാപിതാക്കളെ ആംഗ്യഭാഷ പഠിപ്പിക്കുന്ന ചുമതല ഞാന്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്തു. പഠിച്ചതെല്ലാം മനസ്സില്‍ കൂടുതല്‍ ഉറയ്ക്കാന്‍ ഇത്തരം ക്ലാസ്സുകള്‍ സഹായകമായി.
Resilient Minds ഒരു സങ്കേതമായിരുന്നു. ജീവിതത്തിലെ ഒരു ദശാസന്ധിയില്‍ എനിക്ക് അഭയമേകിയ സങ്കേതം. മഴ വരുമ്പോള്‍ ഒരു മരത്തിനു കീഴില്‍ കയറിനില്‍ക്കുന്ന പോലെ, ജീവിതത്തിലെ ഒരു സന്നിഗ്ദ്ധാവസ്ഥയില്‍ ഞാന്‍ ആ സ്ഥാപനത്തിന്റെ തണലില്‍ കയറി നിന്നു. ഭുവന മാഡം അവരുടെ റോള്‍ അപ്പോള്‍ ഭംഗിയായി നിര്‍വഹിച്ചു. ഉമ മാഡത്തിനെ പോലെ, ഞാന്‍ ജീവിതത്തില്‍ കടപ്പെട്ടിരിക്കുന്ന മറ്റൊരു വ്യക്തിത്വമാണ് ഭുവന കല്യാണ്‍ റാം.
……അതിനാല്‍ ഞാന്‍ പറയുന്നു, ആരുടേയും ജീവിതത്തില്‍ ആരും നിസ്സാരര്‍ അല്ല, ആരും പ്രമാണിമാരും അല്ല.
നല്ല ജോലിയില്ലാതെ ബാംഗ്ലൂരില്‍ കഴിയുന്ന ഒരിടക്കാലം. എഴുത്തും വായനയും ഇന്റര്‍വ്യൂകളുമായി ദിവസങ്ങളും മാസങ്ങളും തള്ളിനീക്കുന്നു. അവഗണനയുടേയും വിവേചനത്തിന്റേയും തീക്ഷ്ണകാലം. ചെറുത്തുനില്‍പ്പ് ശീലമാക്കിയ മനസ്സിനേയും സാവധാനം നിരാശ ബാധിക്കാന്‍ തുടങ്ങും. അപ്പോള്‍ ഞാന്‍ മനസ്സിലാക്കും. നാട്ടിലേക്കു പോകേണ്ട സമയമായിരിക്കുന്നു. കുടുംബത്തിന്റെ തണലില്‍ അല്പനാള്‍ കഴിയണം. അവര്‍ പകര്‍ന്നു തരുന്ന ആത്മവിശ്വസം വളരെ വലുതായിരുന്നു.
അങ്ങിനെയൊരു ‘വെക്കേഷന്‍’ കാലം. ഒരുദിവസം ഉച്ചയ്ക്കു, പൂമുഖത്തു കിടന്നു ജ്യേഷ്ഠപുത്രനൊപ്പം കളിച്ചു തിമിര്‍ക്കുന്നു. കളിക്കിടയില്‍ ഗൗതം പെട്ടെന്നു എന്തോ ഓര്‍ത്ത പോലെ ഭാവിച്ചു നിന്നിട്ടു പറഞ്ഞു.
‘കൊച്ചച്ഛാ, അതില്ലേ… ഞാന്‍ ഇപ്പോ ഒരു സാധനം കൊണ്ടരാം. കൊച്ചച്ഛന്‍ ഇവിടെ നിക്ക്.’
ഞാന്‍ കാത്തുകിടന്നു. ഒരു കളിപ്പാട്ടമാണ് ഗൗതം കൊണ്ടുവരാന്‍ പോകുന്നതെന്ന് ഉറപ്പായിരുന്നു. മുമ്പും ഇങ്ങിനെ സംഭവിച്ചിട്ടുണ്ടല്ലോ.
ഗൗതം പൂമുഖത്തേക്കു വന്നത് ഒരു ഒന്നാന്തരം തോക്കുമായിട്ടായിരുന്നു. ഞാന്‍ ചോദിച്ചു. ‘ഇത് ആരു വാങ്ങിത്തന്നതാ.’
ഗൗതം പറഞ്ഞു. ‘രഞ്ചു കൊച്ചച്ഛന്‍.’
നന്നായി. ഞാന്‍ കളിപ്പാട്ടം വാങ്ങി പരിശോധിച്ചു. ‘ടര്‍ര്‍ര്‍’ എന്നു ശബ്ദമുണ്ടാക്കി ഗൗതമിനെ വെടിവച്ചു. ഗൗതം ചിരിച്ചു കളിച്ച് തോക്ക് എന്റെ കയ്യില്‍ നിന്ന് വാങ്ങാന്‍ ശ്രമം തുടങ്ങി. ഞാന്‍ നല്‍കിയില്ല. തോക്ക് കുറച്ച് ഉയരത്തില്‍ പൊക്കി പിടിച്ചു. ഗൗതമിനു ചാടിപ്പിടിക്കാനാകില്ല ഇപ്പോള്‍. ഞാന്‍ തോക്ക് അല്പം താഴ്ത്തി. ഗൗതം ചാടിയപ്പോള്‍ തോക്ക് ഞാന്‍ വീണ്ടും പൊക്കിപ്പിടിച്ചു. നാലഞ്ചു വട്ടം ഇത് ആവര്‍ത്തിച്ചു. ഒടുക്കം ഗൗതം പരിഭവിച്ച് പറഞ്ഞു.
‘തോക്ക് താ കൊച്ചച്ഛാ.’
ഞാന്‍ നിഷേധഭാവത്തില്‍ തലയാട്ടി. അപ്പോള്‍ ഗൗതം എന്നെ വളരെ ഞെട്ടിച്ചു കൊണ്ട് പറഞ്ഞു. ‘കൊച്ചച്ഛാ ആ തോക്ക് എന്റെയാണ്. കൊച്ചച്ഛന്‍ അതെനിക്കു തരണം.’
എന്റെ തലയില്‍ ഒരു മിന്നായം പോലെ. ആരോ എന്നെ യാഥാര്‍ത്ഥ്യത്തിലേക്കു കുലുക്കി ഉയര്‍ത്തിയ പോലെ തോന്നി. എന്റെ ദയനീയ ഭൂതകാലം എന്നെ ആഞ്ഞു പ്രഹരിക്കുകയായിരുന്നു. ഞാന്‍ തോക്ക് ഗൗതമിനു തിരിച്ചു കൊടുത്ത് അവന്റെ കവിളില്‍ ചെറുതായി വേദനിക്കും വിധം കടിച്ചു. (അതെ, എന്റെ സ്‌നേഹപ്രകടനങ്ങള്‍ എന്നും വന്യമായിരുന്നു!) ഗൗതം തിരിച്ചും എന്നെ കടിച്ചിട്ട് വീടിനുള്ളിലേക്കു പോയി. ഞാന്‍ തലതാഴ്ത്തി ഏറെനേരം പൂമുഖപ്പടിയില്‍ ഇരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു.
ഗൗതം എന്നെ പഠിപ്പിച്ചത് ഒരു വലിയ പാഠമായിരുന്നു… ആര്‍ക്കെങ്കിലും അവകാശപ്പെട്ടത്, അല്ലെങ്കില്‍ അവര്‍ അര്‍ഹിക്കുന്നത്, നാം ഒരിക്കലും അവര്‍ക്കു കൊടുക്കാതിരിക്കരുത്, അവരില്‍ നിന്നു അത് തട്ടിപ്പറിക്കുകയുമരുത്.
ബാംഗ്ലൂരിലെ ഐടി കമ്പനികള്‍ക്കു ഇക്കാര്യം അറിയില്ല!
സ്‌പെഷ്യല്‍ മനസ്സുകള്‍
2009-ല്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്പീച്ച് തെറാപ്പി ചെയ്യുന്ന കാലം. തെറാപ്പി സംബന്ധമായ വിവിധ ഘട്ടങ്ങള്‍ തികച്ചും യാന്ത്രികമായിരുന്നു. സ്പീച്ച് തെറാപ്പി മൊത്തത്തില്‍ തന്നെ ആവേശകരമായ അനുഭവമല്ല. നാം സദാ ജാഗരൂകമായിരിക്കണം. കാതിലേക്കു എത്തുന്ന ശബ്ദങ്ങളെ പരമാവധി കൃത്യതയോടെ നമുക്ക് പിടിച്ചെടുക്കേണ്ടതുണ്ട്. എന്നിട്ടു അത് തിരിച്ചു പറയണം. ആദ്യത്തെ 5-10 മിനിറ്റുകള്‍ പ്രശ്‌നമല്ല. പക്ഷേ ജാഗരൂകമായിരിക്കേണ്ട സമയത്തിന്റെ ദൈര്‍ഘ്യം പിന്നേയും നീണ്ടാല്‍, മനസ്സ് വഴങ്ങില്ല. കെട്ടുവിട്ട, അച്ചടക്കമില്ലാത്ത ചിന്തകളില്‍ മേയാന്‍ മനസ്സ് വെമ്പും. തെറാപ്പിസ്റ്റുകള്‍ക്കു ഇതറിയാമെന്ന് തോന്നുന്നു, തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും. അതിനാല്‍ ഓരോ പതിനഞ്ച് മിനിറ്റ് കൂടുമ്പോഴും, 3-4 മിനിറ്റ് ഇടവേള ഉണ്ടാകാറുണ്ട്. ആ സമയത്ത് ജാഗ്രത ആവശ്യമില്ല. ഏതു വിഷയത്തെപ്പറ്റിയും സംസാരിക്കാം.
ഒരിക്കല്‍, അത്തരമൊരു ഇടവേളയിലാണ് ശോഭിന്‍ ജെയിംസ് സ്‌പെഷ്യല്‍ കുട്ടികളിലെ ആശയങ്ങളെ പറ്റി സൂചിപ്പിക്കുന്നത്. സാധാരണക്കാര്‍ കരുതും പോലെ കുട്ടികള്‍ ബുദ്ധിശൂന്യരല്ലത്രെ. എല്ലാവരിലും ആശയങ്ങള്‍ ഉണ്ട്. എന്നാല്‍, അത് പ്രകടിപ്പിക്കേണ്ടതിനെ കുറിച്ച് അവര്‍ക്കു സ്വയം ബോധ്യം കുറവാണ്. ആശയങ്ങള്‍ മിനുക്കിയെടുക്കാനും പ്രകടിപ്പിക്കാനും അവര്‍ക്കു പരിശീലനം വേണം. ഇതിന്റെ ആദ്യപടിയായി, വ്യത്യസ്ത ടെക്‌നിക്കുകള്‍ ഉപയോഗിച്ച്, കുട്ടികളുടെ മനസ്സ് അളക്കും. ഇതിനെ Assessment എന്നു പറയുന്നു. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കു ചില ആക്ടിവിറ്റികള്‍ ചെയ്യാന്‍ നല്‍കും. ആ ആക്ടിവിറ്റികള്‍ അവര്‍ എത്രത്തോളം കൃത്യതയോടെ നിര്‍വഹിക്കുന്നു, എത്ര വേഗത്തില്‍ നിര്‍വഹിക്കുന്നു, എന്നതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കും. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങളെ സൈക്കോളജിസ്റ്റുകള്‍ വിശകലനം ചെയ്യുന്നതാണ് അടുത്ത പടി. ഇതിന്റെ ഫലം കുട്ടികളുടെ മനസ്സിന്റെ പ്രതിഫലനം ആയിരിക്കുമത്രെ.
ശോഭിന്‍ പറഞ്ഞതെല്ലാം മൂളിക്കേള്‍ക്കുമ്പോള്‍ ഇതെല്ലാം സാധ്യമാണോ എന്ന സംശയം എന്നില്‍ മുറ്റിനില്‍ക്കുന്നുണ്ടായിരുന്നു. സ്‌പെഷ്യല്‍ എജുക്കേഷന്‍ സെക്ടറുമായി തരിമ്പും പരിചയമില്ലാത്തവന്റെ സന്ദേഹം മാത്രമായിരുന്നു അത്. പരിചയമില്ലാത്തവര്‍ അപരിചിതമായതിനെ അവിശ്വാസത്തോടെ നോക്കുന്നത് സ്വാഭാവികമാണല്ലോ. അത്തരമൊരു വികാരമായിരുന്നു എന്റെയുള്ളില്‍. പിന്നീട് Resilient Minds-ല്‍ വച്ചാണ് സ്‌പെഷ്യല്‍ കുട്ടികളുടെ മനസ്സ് അളക്കുന്നത് എങ്ങിനെയെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. അത് ശ്രമകരമായ ഒരു കലയായിരുന്നു.
******* *******
ഒരു ദിവസം അമിത് ആണ് അപ്രതീക്ഷിതമായി ആ ചോദ്യം ചോദിച്ചത്. ”എന്തുകൊണ്ടാണ് സുനില്‍ സാര്‍, എനിക്ക് എഴുതാന്‍ തോന്നാത്തത്?”
ഇംഗ്ലീഷ് അക്ഷരമാല എഴുതാത്തതിനു ഞാന്‍ വഴക്കു പറഞ്ഞപ്പോഴാണ്, അമിത് സ്വന്തം സ്വഭാവത്തെപ്പറ്റി ഒരു ചോദ്യം എനിക്കു നേരെ തൊടുത്തത്. സ്വപ്രകൃതത്തെ കുറിച്ച് മറ്റൊരാളോടു ചോദിച്ചു മനസ്സിലാക്കേണ്ടി വരുന്നതിലെ നിസ്സഹായതയും ദയനീയതവും അളവറ്റതാണ്. അമിതിനു അതു മനസ്സിലാക്കാനുള്ള പക്വതയില്ലെങ്കിലും, അവന്റെ ചോദ്യം എന്നില്‍ നൊമ്പരമുണ്ടാക്കി. ‘മടി’ എന്നു തമാശഭാവത്തില്‍ മറുപടി പറഞ്ഞെങ്കിലും, അമിതിന്റെ ചോദ്യം അതിനകം ഒരു ചൂണ്ടക്കൊളുത്തായി എന്നില്‍ തറഞ്ഞു കയറിയിരുന്നു.
Resilient Minds-ല്‍ വച്ചാണ് സ്‌പെഷ്യല്‍ കുട്ടികളുമായി ഞാന്‍ ആദ്യമായി നേരിട്ട് ഇടപഴകുന്നത്. ആംഗ്യഭാഷ പഠിച്ച ശേഷം, ഞാന്‍ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറുടെ സഹായിയായി. എന്റേത് വൊളന്റിയര്‍ സേവനമായിരുന്നു. രാവിലത്തെ സെഷനില്‍ ഞാന്‍ കുട്ടികളെ പഠിപ്പിച്ചു. സൈക്കോളജിസ്റ്റുകള്‍ എനിക്കു കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അവരുടെ സഹായമില്ലെങ്കില്‍, ഐടി ടെക്‌നിക്കല്‍ സ്ട്രീമിലുള്ള, എനിക്ക് Resilient Mindsല്‍ പ്രവര്‍ത്തിക്കാന്‍ പറ്റുമായിരുന്നില്ല.
Hyper Activity, Development Delay, Autism തുടങ്ങിയ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ Resilient Mindsല്‍ ഉണ്ടായിരുന്നു. വളരെ സാവധാനം പ്രതികരിക്കുന്നവരും തീവ്രമായി പ്രതികരിക്കുന്നവരും ഇവരിലുണ്ട്. ചിലര്‍ പ്രതികരിച്ചില്ലെന്നും വരാം. ഇവരുടെ സ്‌പെഷ്യല്‍ മനസ്സിനെ നാം വിവിധ ആക്ടിവിറ്റികളാലും മറ്റും എത്രത്തോളം നോര്‍മലാക്കാന്‍ പറ്റുമോ, അത്രയും നോര്‍മലാക്കണം. പ്രധാന ചോദ്യം അപ്പോള്‍ ഉയരുകയായി – എന്താണ് ആക്ടിവിറ്റികള്‍? എന്താണ് അവയുടെ പ്രാധാന്യം?
Behavioral & Speech Therapy രംഗത്തെ വിദഗ്ദ്ധര്‍, സ്‌പെഷ്യല്‍ കുട്ടികളുടെ മാനസികാരോഗ്യവും ഊര്‍ജ്ജസ്വലതയും മെച്ചപ്പെടുത്താന്‍ രൂപപ്പെടുത്തിയ വിവിധ പ്രവൃത്തികളെയാണ് ആക്ടിവിറ്റികള്‍ എന്നു പറയുന്നത്.
(തുടരും)