- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- ഭൂതകാലത്തേക്കുള്ള കൂപ്പുകുത്തല്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 20)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
ആലപ്പുഴയിലൂടെ കടന്നു പോകുമ്പോള്‍, കായലിന്റെ കൈവഴി പോലുള്ള ഭാഗം കടക്കാന്‍ ട്രെയിന്‍ പാലത്തിലേക്കു പ്രവേശിച്ചു. ഞങ്ങള്‍ക്കു താഴെ കറുത്ത വെള്ളത്തിന്റെ തിരയിളക്കം. കായലിനും ഞങ്ങള്‍ക്കുമിടയില്‍ ഒരു തടസ്സവുമില്ല. അനി എന്നെ തോണ്ടി വിളിച്ച് ചോദിച്ചു.
”ചാടട്ടെ”.
ഞാന്‍ ഞെട്ടി. തമാശയ്ക്കു പറഞ്ഞാല്‍ പോലും അദ്ദേഹം ചാടുമെന്നു തോന്നി. തമാശയും അല്ലാത്തതുമായ ഭാഷണങ്ങള്‍ വേര്‍തിരിക്കാനുള്ള മാനസികനില അനിക്കു കൈമോശം വന്നിരുന്നു. അദ്ദേഹത്തിനു വേണ്ടത് വെറുമൊരു പ്രചോദനം മാത്രമാണ്. നിസ്സാരമായ ഒരു വാക്ക്, അല്ലെങ്കില്‍ അനുകൂല ഭാവത്തിലുള്ള തലയനക്കം. അതില്‍ എല്ലാം തീരും.
ഞാന്‍ അനിയുടെ ഉള്ളംകൈ എന്റെ കൈയിലാക്കി പിടിച്ചു. മങ്ങിയ ചന്ദ്രപ്രകാശത്തില്‍, കായല്‍ ജലത്തിലേക്കു തുറിച്ചു നോക്കിയിരിക്കുകയായിരുന്ന അനി സാവധാനം നോട്ടം പിന്‍വലിച്ചു. അദ്ദേഹവും എന്റെ കയ്യിലെ പിടിമുറുക്കി. കുറച്ചു കഴിഞ്ഞ് പിന്നിലേക്കു മലര്‍ന്നു കിടന്നു. വാതില്പടിയില്‍ ഇരുന്നു മടുത്തപ്പോള്‍, ഞാന്‍ എഴുന്നേറ്റ് ലാഗേജ് വയ്ക്കാനുള്ള സ്ഥലത്തു കയറിക്കിടന്നു. വെളുപ്പിനു നാലുമണിക്ക് ആലുവയില്‍ ഇറങ്ങാന്‍ നേരം, അനി വിന്‍ഡോ സീറ്റിലിരുന്ന് മയങ്ങുന്നത് കണ്ടു. അനിയുടെ മുഖം ശാന്തമായിരുന്നു.
കടുത്ത നിരാശയിലിരിക്കുന്നവരെ ലഘുവാക്കുകളാല്‍ പോലും വേദനിപ്പിക്കരുത്. അത് നമ്മള്‍ പ്രതീക്ഷിക്കാത്ത ആഘാതം ഉണ്ടാക്കിയേക്കും. നിരാശനായ വ്യക്തി പലപ്പോഴും കാക്കുന്നത്, എന്തെങ്കിലും ചെയ്യാനുള്ള പ്രചോദനത്തിനു വേണ്ടിയാണ്. അതിപ്പോള്‍ ആത്മഹത്യയായാലും. പ്രചോദനം എപ്പോഴും വ്യക്തിയുടെ ഉള്ളില്‍നിന്നു വരുന്നതാകണമെന്നില്ല. പുറത്തു നിന്നുമാകാം. ഒരുപക്ഷേ പുറത്തു നിന്നു വരുന്നവയ്ക്കായിരിക്കാം കൂടുതല്‍ നശീകരണശേഷി.
അനി ഇപ്പോള്‍ എവിടെയാണാവോ?
തിരുവനന്തപുരം വിട്ടശേഷം ഞാന്‍ എത്തിച്ചേര്‍ന്നത് ഉദ്യാനനഗരിയായ ബാംഗ്ലൂരിലാണ്. അഞ്ച് മണിക്കൂര്‍ നീണ്ടിരുന്ന ട്രെയിന്‍യാത്രകള്‍ പതിനൊന്ന് മണിക്കൂറായി വര്‍ദ്ധിച്ചു. രണ്ടാഴ്ചയില്‍ ഒരിക്കല്‍ നടത്തിയിരുന്ന യാത്രകള്‍ മാസത്തില്‍ ഒന്നായി കുറഞ്ഞു. ഇവയില്‍ ഏറിയപങ്കും ബാംഗ്ലൂര്‍ – കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്സിലായിരുന്നു. മറ്റു ട്രെയിനുകളില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും, ഏതൊരു ബാംഗ്ലൂര്‍ നിവാസിയേയും പോലെ ട്രെയിന്‍ എന്നാല്‍ എനിക്ക് ഐലന്‍ഡാണ്. 1960-കളില്‍ സര്‍വ്വീസ് ആരംഭിച്ച ട്രെയിന്‍. കുറേക്കാലം ഈ ട്രെയിന്‍ മാത്രമേ ബാംഗ്ലൂരില്‍ നിന്നു കേരളത്തിലേക്ക് ഉണ്ടായിരുന്നുള്ളൂ. മഴയത്തും മഞ്ഞത്തും ബാംഗ്ലൂരിനേയും കേരളത്തേയും ബന്ധിപ്പിച്ചു കൊണ്ട് ഐലന്‍ഡ് കിതച്ചോടി. ട്രെയിന്‍ എന്നില്‍ വൈകാരിക മീഡിയമാകുന്നത് ഐലന്‍ഡിന്റെ രൂപത്തിലാണ്.
ബാംഗ്ലൂര്‍ – തൃശൂര്‍ യാത്രകള്‍ കൂടുതല്‍ സംഭവബഹുലമായിരുന്നു. ഓണം, വിഷു, ദുര്‍ഗ്ഗാപൂജ, ക്രിസ്തുമസ് പുതുവര്‍ഷം, പൂരങ്ങള്‍ തുടങ്ങിയ ഉല്‍സവ സമയത്തായിരിക്കും മിക്കപ്പോഴും നാട്ടിലേക്കുള്ള പോക്ക്. ഇത്തരത്തിലുള്ള വിശേഷ സന്ദര്‍ഭങ്ങള്‍ എന്നെ സംബന്ധിച്ച് വാഗ്ദാനലംഘനങ്ങളുടെ വാര്‍ഷികമാണ്. പണ്ടു പ്രിയപ്പെട്ടവര്‍ക്കു കൊടുത്തിട്ടുള്ള വാഗ്ദാനങ്ങളുടെ ലംഘനം. വാഗ്ദാനങ്ങളില്‍ ഏറിയ പങ്കും ഇനി നിറവേറ്റാന്‍ കഴിയില്ല. കാരണങ്ങള്‍ പലതാണ്. ഒന്നാമത്, കാലം കുറേ കഴിഞ്ഞുപോയിരിക്കുന്നു. വാഗ്ദാനങ്ങളുടെ പ്രസക്തി തന്നെ കൈമോശം വന്നു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘പശുവും ചത്തു, മോരിലെ പുളിയും പോയി’. രണ്ടാമത്തെ കാരണം, ഞാന്‍ വാഗ്ദാനം നല്‍കിയവരില്‍ ചിലര്‍ ഇഹലോകം വെടിഞ്ഞു കഴിഞ്ഞു എന്നതാണ്. അവര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍, എന്റെ നെഞ്ചിലെ പിടച്ചിലുകളാണ്. അവ മരണം വരെ എന്നില്‍ നിലനില്‍ക്കും… എന്റെ ബാംഗ്ലൂര്‍ – ചാലക്കുടി ട്രെയിന്‍ യാത്രകള്‍ എന്നും സങ്കടകരമായിരുന്നു.
ട്രെയിന്‍ യാത്രകളെ ദുഃഖസാന്ദ്രമാക്കിയിരുന്ന മറ്റൊന്ന് ഇന്റര്‍വ്യൂകളിലെ ‘തോല്‍വി’കളാണ്. ഒരുകാലത്ത് മാസത്തില്‍ 2-3 ഇന്റര്‍വ്യൂകള്‍ എനിക്ക് പതിവായിരുന്നു. അതില്‍ രണ്ടെണ്ണത്തില്‍ എങ്കിലും നല്ല പ്രകടനം കാഴ്ചവയ്ക്കും. പക്ഷേ, ഓഫര്‍ ലെറ്റര്‍ കിട്ടില്ല. വിവേചനത്തിന്റെ രൂക്ഷഭാവം. ഓരോ ട്രെയിന്‍ യാത്രയിലും ഇക്കാര്യം മനസ്സില്‍ തികട്ടിവരും. വീട്ടില്‍ ഇക്കാര്യം എങ്ങിനെ അവതരിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് യാത്രയ്ക്കിടയിലാണ്. ആദ്യകാലത്ത് വീട്ടുകാര്‍ എന്റെ ‘തോല്‍വി കഥകള്‍’ കേട്ടു എന്നെ ആശ്വസിപ്പിക്കുമായിരുന്നു. കമ്പനികളുടെ വിവേചനമൊന്നും അവര്‍ക്കറിയില്ലല്ലോ. നിര്‍ഭാഗ്യം തന്നെ ഹേതുവെന്ന് അവര്‍ വിശ്വസിച്ചു. ഞാന്‍ തിരുത്താനും പോയില്ല. പിന്നെപ്പിന്നെ അവരും കാര്യങ്ങള്‍ മനസ്സിലാക്കി. നാട്ടിലെത്തുന്ന ദിവസം ഞാന്‍ അമ്മയോടു ഇന്റര്‍വ്യൂവിനു നടന്ന കാര്യങ്ങള്‍ പതിഞ്ഞ സ്വരത്തില്‍ പറയും. അമ്മ എല്ലാ സശ്രദ്ധം കേട്ടുവെന്നു വരുത്തി യാന്ത്രികമായി മൂളും. ഞാന്‍ ഉടനെ അവിടെനിന്നു വലിയും. മുറിയില്‍ കയറി കതകടച്ച് തല കൈത്തലത്തില്‍ വച്ച് കരയും. അമ്മ മനസ്സു കൊണ്ടും. വൈകല്യം ഏല്‍പ്പിക്കുന്ന ആഘാതം മകനു താങ്ങാനാകുന്നില്ലെന്ന് മാതൃമനസ്സിനു മനസ്സിലാകാതിരിക്കുമോ?
ഞാന്‍ ട്രെയിന്‍ യാത്രകള്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ പതിനെട്ടു വര്‍ഷമായി. പക്ഷേ, യാത്ര വഴി പരിചയപ്പെട്ട ഒരു മുഖവും എന്നിലില്ല. അപ്രധാന പരിചയങ്ങള്‍ പോലുമില്ലെന്നത് അതിശയകരമാണ്. ഞാന്‍ സാമൂഹികജീവി അല്ലാതായി മാറിയോ ആവോ. ആള്‍ക്കൂട്ടത്തിനൊപ്പം യാത്ര ചെയ്തിട്ടും അതിലൊരാളായി തോന്നിയിട്ടില്ല. യാത്രയില്‍ എനിക്ക് എന്റെ ലോകം മാത്രം. സാമൂഹിക ഘടകങ്ങള്‍ക്കു ഒരു ഗതാഗത സംവിധാനത്തിനുള്ളില്‍ പ്രസക്തിയുണ്ടോ എന്നത് വിലയിരുത്തപ്പെടേണ്ട കാര്യമാണ്. വിലയിരുത്തലിന്റെ ഫലം എന്തായാലും യാത്രയുടെ സാമൂഹികവശത്തിനു എതിരാണെന്നു തോന്നുന്നു എന്റെ മനോഗതി. തന്മൂലം, യാത്രകള്‍ എനിക്കു മനനത്തിന്റെ അപാരസാധ്യതകള്‍ തുറന്നിടുന്നു. വേണ്ടവിധം സമീപിച്ചാല്‍, ഓരോ യാത്രയും ആത്മശുദ്ധീകരണത്തിന് ഉതകുമെന്നു പറയാം.
എന്റെ ട്രെയിന്‍ യാത്രകള്‍ തുടരുകയാണ്. പുതിയ പുതിയ മാനസിക ഭാവങ്ങളും പേറി ഞാന്‍ യാത്ര പോകുന്നു. വൈകാരിക മുഹൂര്‍ത്തങ്ങളുടെ തെളിമ ട്രെയിന്‍യാത്രകള്‍ എനിക്കു സമ്മാനിക്കുന്നു. അതും ഒരുതരം ഭാഗ്യമാണ്. ചിലതെല്ലാം നഷ്ടപ്പെടുത്തി നേടിയെടുക്കുന്ന ഭാഗ്യങ്ങള്‍.
പറയാന്‍ പോകുന്നത് നിലവിളിയെ പറ്റിയാണ്. കഠിനദുഃഖം പ്രകടിപ്പിക്കുന്ന വിവിധ രീതികള്‍. പല രാജ്യക്കാരും ഇതില്‍ വ്യത്യസ്ത രീതികള്‍ പിന്തുടരുന്നു. ഒരു രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ തന്നെ വൈവിധ്യം കണ്ടേക്കാം. പാശ്ചാത്യര്‍ കടുത്ത ദുഃഖം അനുഭവിക്കുമ്പോഴും പൊതുവെ പ്രകടനപരതയില്‍ തല്പരര്‍ അല്ല. കരച്ചിലും കണ്ണീരൊഴുക്കലും ഒക്കെയുണ്ടെങ്കിലും ഭാവഹാവാദികളില്‍ അവര്‍ നിയന്ത്രണം പാലിക്കും. ഭാരതീയര്‍ നേരെ തിരിച്ചാണ്.
പ്രമുഖവ്യക്തികള്‍ മരിക്കുമ്പോള്‍, അവരുടെ സഹപ്രവര്‍ത്തകരും മക്കളും ദുഃഖം പ്രകടിപ്പിക്കുന്നത് എങ്ങിനെയെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? ദിവംഗതനായ വ്യക്തി ഏതു മേഖലയില്‍ പ്രമുഖന്‍/പ്രമുഖയായിരുന്നുവോ, ആ മേഖലയിലെ ശിഷ്യന്മാര്‍ ഗുരുവിനു അനുയോജ്യമായ വിധം പ്രണാമം അര്‍പ്പിക്കും. ഗുരു നൃത്തത്തില്‍ നിപുണയായിരുന്നെങ്കില്‍ ശിഷ്യര്‍ ലഘുനൃത്തം വഴി ആദരവ് പ്രകടിപ്പിക്കും. നാടകത്തിലും പ്രാചീനകലകളിലും പ്രഗല്‍ഭനായ ഗുരുവിനു ഫോക്‌ലോര്‍ ഗാനങ്ങള്‍ വഴി ഉചിതമായ അശ്രുപൂജ അര്‍പ്പിക്കാവുന്നതാണ്. ഇതുപോലുള്ള ഉദാഹരണങ്ങള്‍ വേറേയുമുണ്ട്. ഗുരുനാഥര്‍ക്കു സമര്‍പ്പിക്കുന്ന ഈ പ്രണാമങ്ങളില്‍ ശിഷ്യരുടെ നിശ്ശബ്ദമായ നിലവിളി അടങ്ങിയിരിക്കുന്നു. താങ്ങാനാകാത്ത ദുഃഖത്തിന്റെ കവിഞ്ഞൊഴുകല്‍. ഇമ്പമുള്ള വഴികളിലൂടെ നിലവിളിക്കുന്നവരും ഉണ്ട്. വയലിന്‍ വായന, ഗാനാലാപനം., തുടങ്ങിയവ അക്കൂട്ടത്തില്‍ പെടുന്നു. അല്പം മാത്രം ശബ്ദമുള്ള നിലവിളികള്‍.
ഞാന്‍ എന്തിനു ഇതെല്ലാം പറയുന്നു എന്നല്ലേ ചോദ്യം? എന്റെ ‘ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍’ എന്ന പുസ്തകം, എന്റെ നിലവിളിയാണ്. വളരെ വ്യത്യസ്തമായ തരം നിലവിളി. ജീവിതത്തിലെ അവിസ്മരണീയമാകേണ്ടിയിരുന്ന ഒരു കാലഘട്ടം, തന്റേതല്ലാത്ത കാരണത്താല്‍ കൈമോശം വന്ന ഒരുവന്റെ വിലാപം.
***********
2012 ഡിസംബറില്‍, കമ്പനിയോടു വിട പറയാനുള്ള തീരുമാനം ഞാന്‍ തിടുക്കത്തില്‍ എടുത്തതല്ല. ജോലി ചെയ്യുന്ന കാലത്തു തന്നെ മറ്റു കമ്പനികളില്‍ ചേക്കേറാന്‍ കഠിനശ്രമം നടത്തിയിരുന്നു. പലതിലും അവസാനഘട്ട ചര്‍ച്ച വരെ കാര്യങ്ങളെത്തി. എന്നാല്‍, ഇന്ത്യയിലെ ചീ.1 കമ്പനികള്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ആദ്യറൗണ്ടില്‍ വച്ചു തന്നെ അപമാനിച്ച് ഇറക്കി വിടുകയാണുണ്ടായത്. ഏതാനും ആഴ്ചകള്‍ മാനസിക സംഘര്‍ഷത്തിന്റേതാകാന്‍ അത് ധാരാളമാണ്. കാരണം, ഓരോ ഇന്റര്‍വ്യൂ ‘തോല്‍വി’യും, എനിക്കു സ്വന്തം ന്യൂനതയെപ്പറ്റിയുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു. എന്നാല്‍, നിരാശ ഏറെനാള്‍ നീണ്ടുനില്‍ക്കാറില്ല. വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പ്പും ഉന്മേഷ മനോഭാവവും ഉണ്ട്. അത് അടുത്ത ഇന്റര്‍വ്യൂ വരെ നീളും. വീണ്ടും നിരാസം, ‘തോല്‍വി’, വിഷമം… ഈ പ്രക്രിയ കുറേനാള്‍ തുടര്‍ന്നു.
ഇതിനൊരു അവസാനം കാണണമെങ്കില്‍, ഇന്റര്‍വ്യൂകളെ അതുവരെ നേരിട്ട രീതിയില്‍ തന്നെ, ഭാവിയിലും അഭിമുഖീകരിച്ചാല്‍ പോരെന്ന്, കമ്പനിയിലെ അവസാന കാലത്ത് എനിക്കു മനസ്സിലായി. ജോലി ലഭിക്കുന്നതിനെ സഹായിക്കാന്‍ പുതിയൊരു ഉദ്യമം അനിവാര്യമാണെന്ന ചിന്ത എന്നില്‍ ഉറച്ചു. മുമ്പും ഇതുപോലുള്ള തീര്‍പ്പുകളില്‍ ഞാന്‍ എത്തിയിട്ടുണ്ടായിരുന്നു. അതായത്, തൊഴില്‍ ലഭിക്കാന്‍ നിലവിലുള്ള യോഗ്യതക്കും പരിശ്രമത്തിനും ഒപ്പം മറ്റൊന്നുകൂടി വേണമെന്ന തോന്നല്‍. അപ്പോള്‍ ഞാന്‍ വെറുതെ ഇരിക്കാറില്ല. പുതിയ ടെക്‌നോളജികളില്‍ സര്‍ട്ടിഫിക്കേറ്റുകള്‍ എടുക്കും. പ്രത്യേകിച്ചും Solaris നേടിയSun Microsys സെര്‍ട്ടിഫിക്കേഷന്‍, SCNA. പിന്നെ, നേരിയ വ്യത്യാസത്തിനു തോറ്റെങ്കിലും,BCFA (Brocade Certified Fabric Admin) സര്‍ട്ടിഫിക്കേഷനു വേണ്ടിയും ഒരിക്കല്‍ കഠിനശ്രമം നടത്തിയിരുന്നു. എന്നാല്‍, നിരാശാകരമെന്നേ പറയേണ്ടൂ, ഞാന്‍ പാസ്സായ 3-4 സര്‍ട്ടിഫിക്കേഷനുകള്‍ ഒന്നും തന്നെ പുതിയ ജോലി സമ്പാദിക്കാന്‍ എനിക്കു സഹായകമായില്ല. Networking, Windows Server 2003, Solaris 9, Fiber Channel Networking എന്നീ മേഖലകളില്‍ അറിവുണ്ടായിട്ടും കമ്പനികള്‍ എന്നെ നിഷ്‌ക്കരുണം പുറന്തള്ളിക്കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ, കമ്പനിയിലെ അവസാന കാലത്ത്, പുതിയൊരു ഉദ്യമം തുടങ്ങണമെന്നു തീരുമാനിച്ചപ്പോള്‍ പുതിയൊരു സര്‍ട്ടിഫിക്കേഷന്‍ എടുക്കുന്ന കാര്യം മനസ്സില്‍ വന്നില്ല. പകരം, കുറേക്കാലമായി മനസ്സില്‍ കൊണ്ടു നടക്കുന്ന പ്രോജക്ടിനോടു ചേര്‍ന്നു നിന്നുകൊണ്ട്, വ്യത്യസ്തമായ ഒരു ഉദ്യമം നടത്താന്‍ തീരുമാനിച്ചു.
ആത്മകഥാകുറിപ്പുകള്‍ എഴുതണമെന്ന ആഗ്രഹം ഏറെനാളായി എന്നിലുണ്ടായിരുന്നു. എബിളിറ്റി ഫൗണ്ടേഷന്‍ നടത്തിയ ഒരു തൊഴില്‍മേളയില്‍ വച്ചാണ് ഈ ആശയം ആദ്യം മനസ്സിലുദിക്കുന്നത്. അവിടെ തൊഴില്‍മേളക്കു എത്തിയ പലതരം ന്യൂനതകള്‍ ഉള്ള വികലാംഗരെ ഞാന്‍ നേരില്‍ കണ്ടു. ചിലരോടു സംസാരിച്ചു. ഇത്തരം കൂടിക്കാഴ്ചകള്‍, വികലാംഗരുടെ ഭാഗത്തുനിന്ന് ഒരു ആത്മപ്രകാശനം വേണമെന്നു എന്നെ പഠിപ്പിച്ചു. ആത്മകഥാ കുറിപ്പുകള്‍ തന്നെയാണ് മനസ്സില്‍ വന്നത്. എന്നാല്‍ വിജയകരമായി എഴുതാന്‍ കഴിയുമോ എന്ന ആശങ്ക മൂലം ഞാന്‍ മടിച്ചുനിന്നു. ഇത് ഏറെക്കാലം തുടര്‍ന്നു. എന്നാല്‍, തൊഴിലുമായി ബന്ധപ്പെട്ട് പുതിയൊരു ഉദ്യമം ആരംഭിക്കണമെന്നു വന്നപ്പോള്‍, ആത്മകഥാ പ്രോജക്ടിനെ ഞാന്‍ അതുമായി ബന്ധിപ്പിച്ചു. ആത്മകഥ എഴുത്ത് തന്നെയാകട്ടെ പുതിയ ഉദ്യമം എന്നു തീരുമാനിക്കുന്നത് അങ്ങിനെയാണ്.
ജോലിയില്‍ തുടര്‍ന്നു കൊണ്ടു എഴുതുക അസാധ്യമായിരുന്നു. എഴുതാന്‍ ആവശ്യമായ ഏകാഗ്രതയോ, സ്വച്ഛന്ദമായ മനസ്സോ സാഹചര്യമോ ഇല്ല. അതിനാല്‍ കമ്പനിയിലെ ജോലി നിര്‍ത്താന്‍ ഞാന്‍ നിര്‍ബന്ധിതനായി. 2012 ഡിസംബറില്‍ ജോലി രാജിവച്ച്, ആത്മകഥാ കുറിപ്പുകള്‍ എഴുതാനിരുന്നു.
ഞാന്‍ കുട്ടിക്കാലം മുതല്‍ നല്ല വായനാശീലമുള്ള വ്യക്തിയാണ്. നൂറുകണക്കിനു പുസ്തകങ്ങളും ആനുകാലികങ്ങളും വായിച്ചു തള്ളിയിട്ടുണ്ട്. എനിക്കേറെ ഇഷ്ടം ചെറുകഥകളും നോവലുമായിരുന്നു. കവിത, ആത്മകഥാ വിഭാഗത്തില്‍ വായന കുറവ്. ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ആത്മകഥകള്‍ നാടകാചാര്യനായ എന്‍ എന്‍ പിള്ളയുടെ ‘ഞാന്‍’, ഫൂലന്‍ദേവിയുടെ ‘ഞാന്‍ ഫൂലന്‍ദേവി’ എന്നിവയാണ്. ആദ്യത്തേത് തുറന്നു പറച്ചിലിലെ കൂസലില്ലായ്മയാലും, രണ്ടാമത്തേത് തീക്ഷ്ണാനുഭവങ്ങളുടെ വന്യതയാലും മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി. എന്നാല്‍ ഈ പുസ്തകങ്ങളുടെയോ, മറ്റ് ആത്മകഥാ രചനകളുടേയോ എഴുത്തുമാതൃക പിന്തുടരാന്‍ ഞാന്‍ തരിമ്പും ആഗ്രഹിച്ചില്ല. കാരണം, ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം എഴുതുക എന്റെ ലക്ഷ്യമായിരുന്നില്ല. ശ്രവണന്യൂനതയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ളവ മാത്രമായിരിക്കണം എഴുത്തു വിഷയം എന്നു ഞാന്‍ മുമ്പേ തീരുമാനിച്ചിരുന്നു. അതായത്, ആത്മകഥാ കുറിപ്പുകളായിരുന്നു എന്റെ ലക്ഷ്യം.
പുസ്തകത്തിന്റെ റഫ് എഴുതി പൂര്‍ത്തിയാക്കാന്‍ ഞാന്‍ എനിക്കു തന്നെ നിശ്ചയിച്ച സമയം ആറു മാസമായിരുന്നു. മിനുക്കു പണികള്‍ക്കും മറ്റുമായി രണ്ടുമാസം വേറെ. അങ്ങിനെ, പുസ്തകത്തിന്റെ മാനുസ്‌ക്രിപ്റ്റ് എട്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ട് എഴുതാനിരുന്നു. രാവിലെ ഉപ്പുമാവും കട്ടന്‍ചായയും കഴിച്ച് ചാരുകസേരയിലേക്കു മറിയും. പിന്നെ ഇരുപത് മിനിറ്റോളം കണ്ണടച്ച് സ്മരണകളിലേക്കു കൂപ്പുകുത്തും. പലപ്പോഴും കണ്ണുകള്‍ നിറഞ്ഞ് വന്നു മനസ്സ് ദുഃഖസാന്ദ്രമാകും. ഭൂതകാലത്തേക്കുള്ള കൂപ്പുകുത്തലാണല്ലോ ആത്മകഥ എഴുത്ത്. ജീവിതത്തിന്റെ സത്യസന്ധമായ അവലോകനമാണ് അവിടെ വേണ്ടത്. ഓരോ തട്ടും തരിയും വരെ പരിശോധിച്ച് എഴുതാനുള്ള അസംസ്‌കൃത വസ്തുക്കളുണ്ടോ എന്നു തിരയണം. മാനസികമായ സഞ്ചാരമാണിത്. ഏറ്റവും വേഗമാര്‍ന്നത്. ഞാനും അതുതന്നെ ചെയ്തു. ഫലം, കുട്ടിക്കാലം മുതല്‍ മനസ്സില്‍ തറഞ്ഞു കയറിയ ഓരോ ചൂണ്ടക്കൊളുത്തും, ആത്മകഥ എഴുത്തിനിടയില്‍, വീണ്ടും സജീവമായി.
(തുടരും)