സമാനതകളില്ലാത്ത വേനല്‍ചൂടിലൂടെ കേരളം കടന്നുപോകുകയാണ്. സംസ്ഥാനത്ത് അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാല്‍ വിയര്‍ത്ത് ശരീരം നിര്‍ജലീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. രാത്രിയും പകലും ഒരുപോലെ ചൂടനുഭവപ്പെടുന്ന അവസ്ഥ. സംസ്ഥാനത്തെ കിണറുകളും കുളങ്ങളും നദികളും ശരവേഗത്തില്‍ വറ്റി വരണ്ടു വരുന്നു. കേരളം കുടിവെള്ളക്ഷാമത്തിലേയ്ക്ക് കൂപ്പുകുത്തുന്ന അവസ്ഥ. സംസ്ഥാനത്തെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കുവാന്‍ അധികം വൈകില്ലെന്നു സാരം. സാധാരണക്കാരന്‍ കുടിക്കുവാന്‍ ജലമില്ലാതെയും വേനല്‍ക്കാലരോഗങ്ങള്‍ മൂലവും, ഭക്ഷണലഭ്യതയിലെ ഏറ്റകുറച്ചില്‍ മൂലവും വിലക്കയറ്റം മൂലവും പൊറുതിമുട്ടിയിരിക്കുന്നു. വെള്ളക്കരവും വൈദ്യുതി ബില്ലും പിടിച്ചാല്‍ കിട്ടാത്തവിധത്തില്‍ കുതിച്ചുയരുകയാണ്. സൂര്യാഘാത സാധ്യതകളും, താപതരംഗ സാഹചര്യങ്ങളും ഒരുങ്ങിവരുന്നു. കഴിഞ്ഞ പതിറ്റാണ്ടില്‍ ശരാശരി ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് എന്നത് 45 ഡിഗ്രിയിലേയ്ക്കും കൂടിയ താപനില 49ലേയ്ക്കും ഭാരതത്തില്‍ ഉയര്‍ന്നു വരികയാണ്. അതുകൊണ്ടു തന്നെ ഭാരതത്തിലെ ജനസംഖ്യയിലെ വലിയൊരു വിഭാഗത്തെ ദുരിതത്തിലാക്കി ഉഷ്ണതരംഗങ്ങള്‍ക്ക് സാധ്യത കൂടുകയാണ്. കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കുന്നതിനോ, പൊരുത്തപ്പെടാനോ ഉള്ള യാതൊരു പരിശ്രമങ്ങളും നടക്കാത്ത നിലയ്ക്ക് വേനല്‍ക്കാലം ഭാരതത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ (ഐ.പി.സി.സി) മുന്നറിയിപ്പ് നല്‍കുന്നതനുസരിച്ച് 1800 കളുടെ അവസാനത്തേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതല്‍ ഭൂമിയുടെ താപനിലയില്‍ രേഖപ്പെടുത്തുന്നു എന്നാണ്. 2100 ഓടെ ഇനിയും ഉയര്‍ന്ന് ആഗോള ശരാശരി താപനില 1.5 ഡിഗ്രി ഇനിയും കൂടുതല്‍ എത്തുമെന്നതാണ് പ്രവചനം.
കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം ജനങ്ങളുടെ പ്രവര്‍ത്തനമാണ് എന്നാണ് ഐ.പി.സി.സി വ്യക്തമാക്കുന്നത്. നാം ഇന്നെടുക്കുന്ന തീരുമാനങ്ങള്‍ കൂടുതല്‍ മോശമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. ഇപ്പോഴും കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാനുള്ള അവസരമുണ്ട് എന്നതാണ് ശുഭവാര്‍ത്ത. ഇന്നു നാം നേരിടുന്ന ആഗോളതാപനം വഴിയുള്ള കാലാവസ്ഥാ വ്യതിയാനം ഒരു പ്രത്യേക കാലദൈര്‍ഘ്യത്തില്‍ ലഘു ഇടവേളകളിലൂടെ ആവര്‍ത്തിക്കുന്ന പ്രതിഭാസമാണെന്ന് വാദിക്കുന്ന ശാസ്ത്രജ്ഞന്മാരും ലോകത്തുണ്ട്.
ഒരു കാര്യം വളരെ വ്യക്തമാണ്. ലോകമിന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഹരിതഗൃഹപ്രഭാവവും ആഗോളതാപനവുമാണ്. പെട്രോള്‍, ഡീസല്‍, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ അമിതമായി കത്തിക്കുമ്പോള്‍ ഹരിതഗൃഹവാതകങ്ങളുടെ തോത് വര്‍ദ്ധിക്കും. ഇതാണ് ആഗോളതാപനം എന്ന പ്രതിഭാസത്തിന് കാരണമാക്കിയത്. ഇത് ഭൂമിയിലെ ജീവികളുടെ നിലനില്പിനെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് വാസ്തവം.
കേരളം വരള്‍ച്ചയിലേയ്ക്ക്: ബ്രസീല്‍ നല്‍കുന്ന പാഠം
ബ്രസീലിലെ ഏറ്റവും സമ്പന്നമായ നഗരമാണ് സാവോ പോളോ. അവിടെ 2015ല്‍ പല തുടര്‍ച്ചയായ ദിവസങ്ങളിലും പൈപ്പിലൂടെ ഒഴുകുവാന്‍ ജലമില്ലാത്ത അവസ്ഥയായിരുന്നു. ”ഞങ്ങളെ നായ്ക്കളേക്കാള്‍ മോശമായിട്ടാണ് ഇവിടെത്തെ രാഷ്ട്രീയക്കാര്‍ കണക്കാക്കുന്നത്. വീട് വൃത്തിയാക്കുന്നതിനും, ഭക്ഷണം പാകം ചെയ്യുന്നതിനും, കുളിക്കുന്നതിനും വരെ ജലമില്ലാത്ത അവസ്ഥ ഒന്നു ഊഹിച്ചുനോക്കൂ. ഞങ്ങള്‍ ഇത് അനുഭവിക്കുകയാണ്” ബ്രസീലിലെ ഒരു വീട്ടമ്മയുടെ വിലാപമായിരുന്നു ഇത്. ലോകത്തിലെ വലിയ നദികളില്‍ ഒന്നായ ആമസോണ്‍ അടക്കം നിരവധി നദികള്‍, നൂറുകണക്കിന് വന്‍കിട ഡാമുകള്‍ തുടങ്ങി ഭൂമിയിലെ ശുദ്ധജലത്തിന്റെ എട്ടില്‍ ഒരു ഭാഗം സ്ഥിതിചെയ്യുന്ന ബ്രസീലിന്റെ സ്ഥിതിയാണിത്. ഒരു കാലത്ത് ബ്രസീലിനെ ‘ജലത്തിന്റെ സൗദി അറേബിയ’ എന്നാണ് വിളിച്ചിരുന്നത്. സൗദി അറേബിയയിലെ എണ്ണപ്പാടം പോലെ സുഭിക്ഷമായ ശുദ്ധജലസ്രോതസ്സുകളുടെ ഉറവിടമായിട്ടാണ് ബ്രസീല്‍ അറിയപ്പെട്ടിരുന്നത്. ബ്രസീലിന്റെ തെക്ക് കിഴക്കേ ഭാഗം ഇന്ന് കൊടിയ വരള്‍ച്ച നേരിടുകയാണ്. നദികള്‍ മാലിന്യപൂരിതമായിരിക്കുന്നു. വനനശീകരണം പാരമ്യത്തിലെത്തിയിരിക്കുന്നു. ജനസംഖ്യവര്‍ദ്ധന എക്കാലത്തേക്കാളും റെക്കോര്‍ഡിലാണ്. സാവോ പോളോയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം വറ്റിയ നിലയിലാണ്. നഗരവാസികള്‍ക്ക് ശുദ്ധജലത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒരാഴ്ചയില്‍ കുടിവെള്ളവിതരണം രണ്ട് ദിവസമാക്കി നിജപ്പെടുത്തി. ജനങ്ങള്‍ പലായനത്തിന്റെ വക്കിലായി. ബ്രസീലിലെ വ്യവസായ നഗരങ്ങളെല്ലാം ജലമില്ലാത്തതിനാല്‍ അടച്ചുപൂട്ടലിനെ നേരിടുന്നു. സാവോ പോളോയിലെ 2015ലെ വരള്‍ച്ചയില്‍ കഷ്ടപ്പെട്ടത് 20 ദശലക്ഷം ആളുകളാണ്. നഗരത്തിലൂടെ ഒഴുകുന്ന ടിയസ്റ്റ, പിന്‍ഹീറോ എന്നീ നദികള്‍ രൂക്ഷമായ മലിനീകരണം നേരിടുന്നു. ആമസോണിന്റെ വൃഷ്ടിപ്രദേശത്തെ രൂക്ഷമായ വനനാശം നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള സാവോ പോളോ നഗരത്തെ കഠിനമായി ബാധിച്ചിരിക്കുന്നുവെന്നാണ് ഇക്കോളജിസ്റ്റുകളുടെ വിലയിരുത്തല്‍. വനനാശം അന്തരീക്ഷ ഈര്‍പ്പം കുറയ്ക്കുകയും മഴയുടെ സാധ്യതയ്ക്ക് മങ്ങലേല്പിക്കുകയും ചെയ്തു. ആഗോളതലത്തിലുള്ള കാലാവസ്ഥാവ്യതിയാനം സാവോപോളോ വരള്‍ച്ചയ്ക്ക് കാരണമാകുന്നതിനുമുപരി പ്രാദേശിക പരിസ്ഥിതി നാശമാണ് ഈ നഗരത്തിന് ഭീഷണിയായത്. അതില്‍ ജലമലിനീകരണവും, വനനാശവും ഒന്നാം സ്ഥാനത്താണ്. ഫെബ്രുവരിയിലെ കാര്‍ണിവെല്ലുകള്‍ റിയോഡിജനീറോ, മിനാസ്‌ഗെറായിസ് തുടങ്ങിയ നിരവധി ബ്രസീലിയന്‍ നഗരങ്ങളില്‍ വരള്‍ച്ചമൂലം ഉപേക്ഷിക്കപ്പെട്ടു. സാവോപോളോയിലെ ജലക്ഷാമത്തിന് മറ്റൊരു പ്രധാന കാരണം ജലസംഭരണികളുടെ ചോര്‍ച്ചയാണ് (40 ശതമാനം നഷ്ടം). ജലക്ഷാമം മൂലം പൊറുതിമുട്ടിയ ജനങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കുനേരെ തിരിഞ്ഞു. ലഭ്യമായ ജലം ശരിയായി സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും മാറിനിന്ന ഭരണകൂടങ്ങള്‍ക്കെതിരെ പ്രകോപിതരായ ജനങ്ങള്‍ തിരിയുമെന്ന അവസ്ഥയിലാണ് ബ്രസീലിലെ സ്ഥിതി. ബ്രസീലിന്റെ സാമ്പത്തിക തലസ്ഥാനമായ സാവോപോളോയിലെ കടുത്ത വരള്‍ച്ചയ്ക്ക് ഉത്തരവാദികള്‍ ഭരണകൂടത്തിന്റെ നിരുത്തരവാദപരമായ സമീപനവും വികലമായ വികസന കാഴ്ചപ്പാടുകളുമാണെന്ന് ജനത്തിനറിയാം. അഴിമതിയും പാഴ്ച്ചിലവും അശാസ്ത്രീയമായ നിലപാടുകളുമാണ് സാവോ പോളോയെ കടുത്ത വരള്‍ച്ചയിലേക്ക് നയിച്ചതെന്ന് നഗരവാസികള്‍ വിശ്വസിക്കുന്നു. ഒരു നഗരത്തെ മരുവല്‍ക്കരിച്ച് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് തള്ളിവിട്ട ഭരണകൂടത്തിനെതിരെ ജനവികാരം തിരിഞ്ഞിരിക്കുന്നുവെന്നത്, മറ്റുരാജ്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും നല്‍കുന്ന ആപല്‍ സൂചനയാണ്. 6 ബ്രസീലിയന്‍ നഗരങ്ങളില്‍ ജലവൈദ്യുത പദ്ധതികള്‍ വെള്ളമില്ലാത്തതിനാല്‍ നിന്നുപോയതുകൊണ്ട് വൈദ്യുതി വിതരണം നിലച്ചമട്ടാണ്. അല്പമെങ്കിലും വൈദ്യുതിവിതരണം നടത്തുവാന്‍ അര്‍ജന്റീനയില്‍ നിന്നും അധികവൈദ്യുതി വിലയ്ക്ക് വാങ്ങുകയാണ് ചെയ്തത്. ബ്രസീലില്‍ പലയിടങ്ങളിലും വൈദ്യുതിയില്‍ ഓടുന്ന ട്രെയിന്‍ ഗതാഗതം നിലച്ചിരുന്നു. വെളിച്ചവും ഇന്റര്‍നെറ്റ് സൗകര്യങ്ങളും തകരാറിലായി. ബിസിനസ് തകര്‍ച്ച, വ്യവസായ മേഖലയിലെ അടച്ചുപൂട്ടല്‍, തൊഴിലില്ലായ്മ എന്നിവയെല്ലാം വരള്‍ച്ചയുടെ ബാക്കിപത്രങ്ങളായി ബ്രസീലിനെ അലട്ടിക്കൊണ്ടിരിക്കുന്നു. ബ്രസീലിയന്‍ കാപ്പിക്കുരുവിന്റെ ഉല്‍പാദനം വന്‍തോതില്‍ വരള്‍ച്ചമൂലം ഇടിഞ്ഞു. കരിമ്പ് കൃഷി വന്‍നഷ്ടത്തിലാണ്. ചൂരല്‍ ലഭ്യത കുറഞ്ഞതുമൂലം ഫര്‍ണിച്ചര്‍ മില്ലുകള്‍ പലതും അടച്ചുപൂട്ടികഴിഞ്ഞു. വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചത് സാധാരണക്കാരെയാണ്. വസ്ത്രം കഴുകുന്നതിനും പാചകത്തിനും വരെ വെള്ളമില്ലാത്ത അവസ്ഥയാണ്. ബ്രസീലില്‍ പൈപ്പ്‌ലൈനിലെ ലീക്കുമൂലം നഷ്ടമാകുന്നത് 39 ശതമാനത്തിലധികം ജലമാണ്. ഇത് കൂടാതെ സമ്പന്നര്‍ അനധികൃതമായി രാഷ്ട്രീയ സ്വാധീനവും, പണവും വഴി ജലം ചൂഷണം ചെയ്യുന്നത് പാവപ്പെട്ടവര്‍ക്ക് ജലം ലഭിക്കുന്നതിന് തടസ്സമായി. സാവോ പോളോ ജല കമ്പനിയ്ക്ക് 64000 കി.മീ. പൈപ്പാണ് ചോര്‍ച്ച മൂലം മാറ്റേണ്ടതായി വന്നത്. ആമസോണ്‍ മഴക്കാടുകളിലെ വനം കൊള്ളക്കാര്‍ നടത്തിയ വനനശീകരണം ബ്രസീലിന്റെ വരള്‍ച്ചയ്ക്ക് ആക്കം കൂട്ടിയതായി ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തി. തടി ലഭിക്കുവാന്‍ വനം ചുട്ടുകരിക്കുന്ന പതിവ് ഇവിടെ വ്യാപകമായിരുന്നു. ഇത് പ്രാദേശിക കാലാവസ്ഥയില്‍ അനിയന്ത്രിതമായ മാറ്റം വരുത്തി. ഇതിനിടെ സാവോ പോളോയിലെ വ്യാപകമായ നഗരവല്‍ക്കരണവും ജനസംഖ്യാവര്‍ദ്ധനവും ‘ഹീറ്റ് ഐലന്റ്’ എന്ന പ്രതിഭാസത്തിന് ഇടയാക്കി. മേഘങ്ങള്‍ നഗരങ്ങള്‍ക്ക് തൊട്ട് മുകളില്‍ സ്ഥാനം പിടിച്ചതോടെ നഗരങ്ങളില്‍ താപതരംഗം സൃഷ്ടിക്കപ്പെട്ടു. ഇത് രൂക്ഷമായ വരള്‍ച്ചയിലേയ്ക്കും നിലവിലുള്ള ജലായശയങ്ങളിലെ ജലത്തിന്റെ ദ്രുതഗതിയിലുള്ള ബാഷ്പീകരണത്തിലുമെത്തിച്ചു. കെട്ടിക്കിടന്ന ജലാശയങ്ങളില്‍ കൊതുക് പെരുകി ഡെങ്കിപ്പനി 57 ശതമാനം ജനങ്ങളെയും ബാധിച്ചു. രാജ്യത്തെ വിനോദസഞ്ചാരമേഖലയെ വരള്‍ച്ച ഏറെ ബാധിച്ചു. കാര്‍ഷിക വിളനാശം, വളര്‍ത്തു മൃഗങ്ങള്‍ ചത്തൊടുങ്ങല്‍, വരണ്ടകാറ്റ്, മേല്‍മണ്ണ് കാറ്റ് മൂലം നഷ്ടപ്പെടല്‍, പകര്‍ച്ചവ്യാധികള്‍, മരുവല്‍ക്കരണം, ദാരിദ്ര്യം, ജലജീവികളുടെ കൂട്ടമരണം, കൃഷിനാശം മൂലം പട്ടിണി, ജനങ്ങളുടെ പലായനം, ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിക്കല്‍, ജലവൈദ്യുതപദ്ധതികളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍, വ്യവസായ ശാലകളുടെ അടച്ചുപൂട്ടല്‍, പാമ്പുകളുടെ കൂടുമാറല്‍ തുടര്‍ന്ന് പാമ്പ് കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കല്‍, വിളനശിപ്പിക്കുന്ന പ്രാണികളുടെ പെരുകല്‍, ഭക്ഷണത്തിനു വേണ്ടി സംഘര്‍ഷം, ജലത്തിനും, ഭക്ഷണത്തിനും വേണ്ടിയുള്ള പ്രാദേശികയുദ്ധങ്ങള്‍, വര്‍ദ്ധിച്ച കാട്ടുതീ, രോഗാണുക്കളുടെ വര്‍ദ്ധന, പുതിയ പകര്‍ച്ചവ്യാധികളുടെ ക്രമാതീത വര്‍ദ്ധന, ജല മലിനീകരണതോതിലുള്ള വര്‍ദ്ധന, അന്തരീക്ഷമലിനീകരണം, ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവ്, എന്നിവയെല്ലാം വരള്‍ച്ചമൂലമുള്ള പ്രശ്‌നങ്ങളാണ്. ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. കാലാവസ്ഥാ വ്യതിയാനം തടയുവാനുള്ള പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയാണ് രാജ്യങ്ങളെ കടുത്ത വരള്‍ച്ചയിലേയ്ക്ക് തളളിവിടുന്നത്. വികസനത്തിന്റെ പേരിലുള്ള പ്രകൃതിവിഭവചൂഷണവും, മലിനീകരണവുമാണ് ഇതില്‍ പ്രധാനം. അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വരള്‍ച്ചയുടെ തോത് വര്‍ദ്ധിപ്പിക്കുകയാണ്. ഭരണകൂടത്തിന്റെ സങ്കുചിതവും, അഴിമതിപൂണ്ടതുമായ പദ്ധതികള്‍ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്.
ചൂടുമൂലം ഞെരിപിരികൊള്ളുന്നു
കേരളത്തിലെ സാധാരണക്കാരന് 2024ലെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങള്‍ സമ്മാനിക്കുന്നത് ചുട്ടുപഴുത്ത രാത്രികളാണ്. ആകെ പുകച്ചിലാണ്. നിദ്രാവിഹീനങ്ങളായ രാത്രികള്‍. മനുഷ്യശരീരത്തിലെ എല്ലാ സന്ധികളില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ നിരന്തരം ഒഴുകിക്കൊണ്ടിരിക്കും. കഴുത്ത് വിയര്‍ത്ത് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ. പകല്‍ മുഴുവന്‍ ചൂടുകാറ്റ്, രാത്രിയായാല്‍ താപതരംഗം. ചുട്ടുപഴുത്ത കോണ്‍ക്രീറ്റ് കെട്ടിടങ്ങളും തകിട് പൊതിഞ്ഞ കെട്ടിടങ്ങളുടെ മേല്‍ക്കൂരയും യാതൊരു ദയയുമില്ലാതെ പകല്‍ വലിച്ചെടുത്ത ചൂട് പുറന്തള്ളുകയാണ്, ഇരട്ടി ശക്തിയില്‍. സംസ്ഥാനത്തിന്റെ അന്തരീക്ഷത്തില്‍ 89 ശതമാനത്തിലധികം ഹ്യുമിഡിറ്റി അഥവാ ഈര്‍പ്പം നിലനില്‍ക്കുന്നു. തൊലിപ്പുറത്തെത്തുന്ന വിയര്‍പ്പ് ബാഷ്പീകരിക്കുവാന്‍ അന്തരീക്ഷത്തിന് കഴിയാതെ വരുമ്പോള്‍ ശരീരം വിയര്‍ത്തു കുളിക്കുന്നു. ജനങ്ങള്‍ക്ക് തളര്‍ച്ചയും വിളര്‍ച്ചയും! പണമുള്ളവര്‍ എ.സി. പ്രവര്‍ത്തിപ്പിച്ചും മറ്റ് ശീതീകരണയന്ത്രങ്ങള്‍ ഉപയോഗിച്ചും മറ്റുള്ളവരുടെ ചൂട് ഇരട്ടിയാക്കുന്നു. അതുകൊണ്ട് തന്നെ ഫാന്‍ കറങ്ങിയാലും ചൂട് കാറ്റ് മുറിയില്‍ കറങ്ങുന്ന അവസ്ഥ. ചൂടുമൂലം അസ്വസ്ഥത വര്‍ദ്ധിച്ച ഒരു കാലം മലയാളി ഇതുവരെ കണ്ടിട്ടുണ്ടാവില്ല. കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ പെരുകിയപ്പോഴും, വാഹനങ്ങള്‍ നിരത്ത് കീഴടക്കിയപ്പോഴും, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈയോക്‌സൈഡിന്റെ അളവ് വര്‍ദ്ധിപ്പിച്ചപ്പോഴും വനങ്ങള്‍ നശിപ്പിച്ചപ്പോഴും നെല്‍വയലുകളും കാവുകളും കുളങ്ങളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കിയപ്പോഴുമൊന്നും നാം ഇത്തരത്തിലുള്ള പ്രകൃതിയുടെ തിരിച്ചടിയെ കുറിച്ച് ചിന്തിച്ചു കാണില്ല. ചൂടുകൊണ്ട് ബുദ്ധിമുട്ടുന്നതിലും നമ്മെ അലട്ടുന്നത് ഈ വേനല്‍ക്കാലത്തെ കുടിവെള്ള പ്രശ്‌നമാണ്. എല്ലാ പ്രധാന നഗരങ്ങളിലും ജല ദൗര്‍ലഭ്യം അനുഭവപ്പെടുകയാണ്. പമ്പിംഗിന് വേഗത വര്‍ദ്ധിച്ചപ്പോള്‍ പൈപ്പുപൊട്ടല്‍ നിരന്തരമായി ഉള്ള വെള്ളം പോലും ലഭിക്കാത്ത അവസ്ഥയിലുമായി. ചൂടുകാലമായതോടെ ജലമലിനീകരണം രൂക്ഷമായിരിക്കുകയാണ്. ജലജന്യരോഗങ്ങളും ഏറിക്കഴിഞ്ഞു. മലിനജലം ടാങ്കര്‍ലോറികളില്‍ വിതരണം ചെയ്യുന്നത് ചൂടുപ്രശ്‌നം സങ്കീര്‍ണ്ണമാക്കിയിരിക്കയാണ്. കേരളത്തിലെ കൊച്ചിയടക്കമുള്ള നഗരങ്ങളില്‍ ചൂടുകാലമായതോടെ മലിനജലകുഴികളില്‍ നിന്നും തോടുകളില്‍ നിന്നും കായലില്‍ നിന്നും കൊതുക് പെരുകി പൊങ്ങുകയാണ്. താപതരംഗത്താല്‍ വീര്‍പ്പുമുട്ടുന്ന രാത്രിയുടെ യാമങ്ങളില്‍ കൊതുക് ഇരമ്പിവന്ന് കടിച്ച് ഉറക്കംപോലും കെടുത്തുന്നു. മലയാളി എന്തായാലും ഈ വേനല്‍ക്കാലം മറക്കാന്‍ സാധ്യത കുറവാണ്. അത്രയേറെ തീക്ഷ്ണമായ പ്രതികൂലമായ സാഹചര്യങ്ങളാണ് ഈ വേനല്‍ക്കാലം നമുക്ക് സമ്മാനിക്കുന്നത്. ഇടയ്ക്കിടെ അവിടെ ഇവിടെയായി ലഭിക്കുന്ന മഴ ചൂട് ഇരട്ടിക്കുവാനാണ് ഇടവരുത്തുന്നത്. അന്തരീക്ഷത്തിലെ ഈര്‍പ്പം ഉയരുന്നതാണിതിനുകാരണം.
1998ലാണ് ഇതിന് മുമ്പ് ചൂടിന്റെ കാഠിന്യം ലോകത്തെ തീച്ചൂളയിലാക്കിയത്. എന്നാല്‍ 2007ലെ പ്രവചനം ഇത്രയേറെ ശരിയാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ തന്നെ പ്രതീക്ഷിച്ചു കാണില്ല. 2009 മുതലാണ് യഥാര്‍ത്ഥ ചൂട് ഭൂമിയിലെ ജനങ്ങള്‍ അനുഭവിക്കാന്‍ പോകുന്നതെന്നായിരുന്നു 2007ലെ പ്രവചനം. സയന്‍സ് ജേര്‍ണലില്‍ ബ്രിട്ടന്റെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. സ്മിത്തും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും എല്‍വിനോ പ്രതിഭാസത്തെ കുറിച്ച് നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് പ്രവചനം നടത്തിയത്. 1982 മുതലുള്ള ഗവേഷണപഠനങ്ങളാണ് 2007ല്‍ ഡോ.സ്മിത്തും സഹപ്രവര്‍ത്തകരും വിലയിരുത്തിയത്. ഒരു പ്രദേശത്തിന്റെ ശരാശരി കുറഞ്ഞ ചൂടിന്റെ നില ഉയര്‍ന്നിരിക്കുന്നു എന്നതാണ് ചൂട് മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. കൊച്ചിയില്‍ ശരാശരി 20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമായിരുന്നു. എന്നാല്‍ ഇന്ന് കൊച്ചിയിലെ ചൂട് 28 ഡിഗ്രിയ്ക്കും 36 ഡിഗ്രിയ്ക്കും ഇടയിലാണ് പല ദിവസങ്ങളിലും. കൂടിയ താപനില ഉയരുന്നതിലും അപകടം, കുറഞ്ഞ താപനിലയെന്നത് കുറയാതെ തുടരുന്നുവെന്നതാണ്. ഇതിനുള്ള പ്രധാന കാരണം കേരളീയ ശൈലി ഉപേക്ഷിച്ച് കെട്ടിട നിര്‍മ്മാണത്തില്‍ വന്ന മാറ്റവും വാഹനപെരുപ്പവും തണ്ണീര്‍ത്തട നാശവും മരംമുറിയ്ക്കലും, ഹരിതഗൃഹവാതകവര്‍ദ്ധനയും നെല്‍പ്പാടങ്ങളുടെ നികത്തലും, കണ്ടല്‍ക്കാടുകളുടെ നാശവുമാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടുകഴിഞ്ഞു. വാഹനങ്ങളില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന കാര്‍ബണ്‍ ഡൈയോക്‌സൈഡും മീഥെയ്ന്‍ അടക്കമുള്ള ഹരിതഗൃഹവാതകങ്ങളും, പൊടിപടലങ്ങളും നമ്മുടെ ഗ്രാമ-പട്ടണപ്രദേശങ്ങളെ കാലാവസ്ഥാ വ്യതിയാനത്തിലെത്തിച്ചിരിക്കയാണ്. ഉയര്‍ന്ന ചൂട് കുറയ്ക്കാതെ സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഹരിതഗൃഹവാതകങ്ങളും പൊടിപടലങ്ങളുമാണ്. സാധാരണ ശൈത്യമേഖലാപ്രദേശങ്ങളില്‍ സസ്യങ്ങള്‍ അതിശൈത്യമൂലം നശിക്കാതിരിക്കാന്‍ അവരെ ഗ്ലാസ് വീടുകളിലാണ് സൂക്ഷിക്കുക. ഇത്തരം വീടുകളെ പിന്നീട് ഹരിതഗൃഹം എന്നാണ് വിളിച്ചുപോന്നത്. ഇത്തരം ഹരിതഗൃഹങ്ങളില്‍ പതിക്കുന്ന സാധാരണ സൂര്യരശ്മികള്‍ ചൂടു കൂടിയ ഇന്‍ഫ്രാറെഡ് രശ്മികളായാണ് പ്രതിബിംബിക്കുക. ഇക്കാരണത്താല്‍ ഹരിതഗൃഹത്തിനകത്ത് സാധാരണ അന്തരീക്ഷ ഊഷ്മാവിനേക്കാള്‍ ഉയര്‍ന്ന താപനിലയായിരിക്കും ഉണ്ടാകുക. കാരണം താപമുള്ള ഉയര്‍ന്ന പ്രകാശതരംഗങ്ങളുള്ള (വേവ്‌ലംങ്ങ്ത്തുള്ള) രശ്മികളെ കടന്നുപോകുവാന്‍ ഹരിതഗൃഹത്തിന്റെ ഗ്ലാസ് അനുവദിക്കുകയില്ല. അതുകൊണ്ട് ഹരിതഗൃഹത്തിനുള്ളില്‍ ചൂട് ഉയര്‍ന്നുകൊണ്ടിരിക്കും. ശൈത്യമേഖലാപ്രദേശങ്ങളില്‍ അന്തരീക്ഷ ഉഷ്മാവ് കുറഞ്ഞ് കുറഞ്ഞ് മൈനസില്‍ എത്തിയാലും ഗ്ലാസ്‌കൊണ്ടുള്ള ഹരിതഗൃഹത്തിനകത്ത് അല്പമെങ്കിലും ചൂടുണ്ടായിരിക്കും. ഈ ഹരിതഗൃഹത്തിലെ ഗ്ലാസ് പ്രവര്‍ത്തിക്കുന്നതുപോലെയാണ് കാര്‍ബണ്‍ ഡൈയോക്‌സൈഡും മീഥെയ്‌നും, നൈട്രജന്‍ ഓക്‌സൈഡുകളും ചൂടുരശ്മികളെ കടത്തിവിടാതെ അന്തരീക്ഷത്തില്‍ പിടിച്ചുനിര്‍ത്തുന്നത്. ഇതാണ് അന്തരീക്ഷത്തിലെ ചൂടുവര്‍ദ്ധിക്കുവാനുള്ള ഒരു പ്രധാന കാരണം. കാര്‍ബണ്‍ഡൈ ഒക്‌സൈഡ് ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ പുറത്തുവരുന്ന ഒരു പ്രധാന മലിനവാതകമാണ്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ പുറത്തുവരുന്നത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, നൈട്രജന്റെ ഓക്‌സൈഡുകള്‍ എന്നിവ ഹരിതഗൃഹവാതകങ്ങളാണ്. അവ സൂര്യന്റെ ചൂട് രശ്മികളെ തടഞ്ഞുനിര്‍ത്തുകയും അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കണ്ണിനു പോലും ഗോചരമല്ലാത്ത മൈക്രോപ്ലാസ്റ്റിക് അടക്കമുള്ള പൊടിപടലങ്ങളുടെ ഒരു പടലം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു! നിലവിലുള്ള നിര്‍മ്മിതികള്‍ പൊളിച്ചു പണിയുകയും വാഹനങ്ങള്‍ അത്യധികമായി നിരത്തിലൂടെ ചീറി പായുകയും ചരക്ക് നീക്കം വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ പൊടിപടലങ്ങളുടെ പാളികള്‍ അന്തരീക്ഷത്തില്‍ അവിടവിടെയായി രൂപമെടുക്കും. അത്തരം പൊടിപടലങ്ങളുടെ അടുക്കുകള്‍ അന്തരീക്ഷത്തിലെത്തുന്ന ചൂടുരശ്മികളെയും, ചൂടുതരംഗത്തെയും അന്തരീക്ഷത്തില്‍ ഭൂമിയോടടുത്ത് തന്നെ നിലനിര്‍ത്തും. ഇത് മനുഷ്യന്റെ ആവാസമേഖലകളില്‍ ചൂടുവര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കും. നാമിന്ന് അനുഭവിക്കുന്ന ഉഷ്ണവും ചൂടുവര്‍ദ്ധനയും ഒരുപരിധിവരെ ഇതുകൊണ്ട് സംഭവിക്കുന്നതാണ്. ഇത്തരത്തിലുള്ള ചൂടുവര്‍ദ്ധന പ്രകൃതിദത്തമായി തടഞ്ഞിരുന്നതും നിയന്ത്രിച്ചിരുന്നതും നമ്മുടെ മരങ്ങളും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മറ്റുമായിരുന്നു. പ്രകൃതിയുടെ ചൂടുതടയുവാനുള്ള സംവിധാനങ്ങള്‍ മനുഷ്യന്‍ നശിപ്പിച്ചതും പാരമ്പര്യമായി നാം ഉപയോഗിച്ചിരുന്ന നിര്‍മ്മാണ വസ്തുക്കള്‍ക്കു മാറ്റം വരുത്തിയതും ക്രമാതീതമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വര്‍ദ്ധനയും പ്രകൃതിദത്തമായി തന്നെ താപവര്‍ദ്ധന തടയുന്നതിന് തടസ്സമായിരിക്കുന്നു. എല്ലാറ്റിനും ഒരു പരിധിയുണ്ടല്ലോ. പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ മലയാളി അതിന്റെ എല്ലാ അതിര്‍വരമ്പുകളും തകര്‍ത്തെറിഞ്ഞതു തന്നെയാണ് ഈ കാലഘട്ടത്തില്‍ താപ വര്‍ദ്ധനയ്ക്ക് പ്രധാന കാരണം. ആഗോളതലത്തിലെ കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം മനസ്സിലാക്കാതെ നിയമനിയന്ത്രണങ്ങള്‍ വകവയ്ക്കാതെ കേരളഭരണം മുന്നോട്ടുപോയതും ചൂടുവര്‍ദ്ധനയ്ക്ക് ആക്കം കൂട്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഇടുക്കി ജില്ലയിലെ ശരാശരി താപനിലയില്‍ വന്ന മാറ്റം മാത്രം വിലയിരുത്തിയാല്‍ ചൂടുവര്‍ദ്ധനയുടെ കാര്യം മനസ്സിലാകും. ഏലമലത്തോട്ടങ്ങളുടെ പേരിലും ജലവൈദ്യുത പദ്ധതികളുടെ പേരിലും, കാപ്പി, തേയില തുടങ്ങിയ എസ്റ്റേറ്റുകളുടെ പേരിലും ജില്ലയ്ക്ക് നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമിയാണ്. ഒരു കാലത്ത് വേനലില്‍ പോലും ഇടുക്കിയില്‍ ഫാന്‍ ഉപയോഗിക്കേണ്ടി വന്നിരുന്നില്ല എന്നോര്‍ക്കണം. അത്രയേറെ കുറഞ്ഞ താപനിലയിലായിരുന്നു ഇടുക്കി ജില്ല. എന്നാല്‍ വനനാശം രൂക്ഷമായതോടെയും നഗരവല്‍ക്കരണം വ്യാപകമായതോടെയും ഇടുക്കിയില്‍ ചൂടുവര്‍ദ്ധിക്കുവാന്‍ തുടങ്ങി. ഇടുക്കിയിലെ മലകളുടെ അപ്പുറത്തുള്ള തമിഴ്‌നാട്ടിലെ മധുരജില്ലയില്‍ നിന്നും വേനല്‍ക്കാലത്ത് വീശുന്ന ചുടുകാറ്റ് തടയുവാന്‍ പ്രകൃതിദത്തമായുണ്ടായിരുന്ന വനമേഖല നഷ്ടമായതോടെ ഇടുക്കിയില്‍ വേനല്‍ക്കാലത്ത് ചൂട് അത്യധികമായി ഉയരുവാന്‍ തുടങ്ങി. ഇത് വരള്‍ച്ചയ്ക്കും, ശീതീകരണമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനും വേനല്‍ക്കാലങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ സൂക്ഷിച്ചുവച്ച് അണക്കെട്ടുകളിലെ ജലത്തിന്റെ അത്യധികമായ ബാഷ്പീകരണത്തിലും എത്തിച്ചു. വയനാട്ടിലെയും സ്ഥിതി വിഭിന്നമല്ല. മറ്റൊരു ഉദാഹരണം മൂന്നാറാണ്. മൂന്നാറില്‍ മഞ്ഞുകാലത്ത് തണുപ്പ് സര്‍വ്വസീമകളും ലംഘിച്ച് ഏറുന്നുണ്ടെങ്കിലും വേനല്‍ക്കാലത്തെ പകല്‍ച്ചൂട് സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളെ പോലെതന്നെയാണ്. സമുദ്രനിരപ്പില്‍ നിന്ന് നൂറുകണക്കിന് അടി ഉയരമുള്ള പശ്ചിമഘട്ട കുന്നുകളില്‍ സ്ഥിതിചെയ്യുന്ന സുഖവാസകേന്ദ്രങ്ങളുടെ സ്ഥിതിയാണിതെന്ന് ഓര്‍ക്കണം. കേരളം ഭരിച്ച സര്‍ക്കാരുകളുടെ വികലമായ വികസന കാഴ്ചപ്പാടുകളും നിയമം ലംഘിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കുന്നതും നിയമം പാലിക്കുവാന്‍ മടികാണിക്കുകയും ചെയ്യുന്ന നടപടികളാണ് കേരളത്തെ ചുട്ടുപൊള്ളുന്ന അവസ്ഥയിലെത്തിച്ചതെന്ന് ശാസ്ത്രവും ചരിത്രവും പഠിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും. കുടിയേറ്റവും കയ്യേറ്റവും പ്രോത്സാഹിപ്പിക്കുകയും ഹൈറേഞ്ചുകള്‍ വോട്ടുബാങ്കുകളാക്കുകയും നിയമലംഘനങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുകയും ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തതുകൊണ്ട് ഹൈറേഞ്ചുകള്‍ അടക്കം സംസ്ഥാനത്തെ ജില്ലകള്‍ ഒന്നടങ്കം താപതരംഗത്തില്‍ ഉഴലുകയാണ്. അതിന്റെ പ്രതിഫലനമായി കേരളം വരള്‍ച്ചയില്‍ മുങ്ങിപ്പോയിരിക്കുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം സര്‍വ്വസാധാരണമായി. മഴവരുമ്പോള്‍ പ്രളയക്കെടുതിയായും കേന്ദ്രത്തില്‍ നിന്നും നേടിയെടുക്കുന്ന കോടികള്‍ സ്വജനപക്ഷപാതപരമായും, അശാസ്ത്രീയമായും, ഉല്‍പാദനക്ഷമതയില്ലാതെയും ചിലവഴിക്കുകയുമാണ്.
വേനല്‍ച്ചൂടിനെ പ്രതിരോധിക്കുന്നതെങ്ങിനെ?
കേരളത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ചൂടില്‍ നിന്നും വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ ബോധപൂര്‍വ്വമായ ചില പരിശ്രമങ്ങള്‍ കൂടിയേ തീരൂ. കുടിവെള്ളം പാഴാക്കാതെ സൂക്ഷിക്കലാണ് അതില്‍ പ്രധാനം. വെള്ളം പമ്പ് ചെയ്ത് മുകളിലെ ടാങ്കില്‍ കയറ്റുമ്പോള്‍ കവിഞ്ഞൊഴുകി പാഴായി പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ലീക്കുള്ള ടാപ്പുകളുടെയും ജലസംഭരണികളുടെയും ചോര്‍ച്ച തീര്‍ക്കുക. കുടിവെള്ള പൈപ്പ് പോകുന്ന സ്ഥലങ്ങളിലെ ചോര്‍ച്ച തീര്‍ക്കുവാന്‍ അധികാരികളുമായി ബന്ധപ്പെടുക. കുടിവെളളം ശുദ്ധമായിരിക്കുവാന്‍ ശ്രദ്ധിക്കണം. കഴിവതും ഹോട്ടലുകളില്‍ നിന്നും തട്ടുകടകളില്‍ നിന്നും കുടിവെള്ളവും മറ്റുപാനീയങ്ങളും ഉപയോഗിക്കാതിരിക്കുക. വേനല്‍ക്കാലങ്ങളില്‍ രോഗാതുരമായ ചുറ്റുപാടുകളില്‍ നിന്നും ഭക്ഷണവും പാനീയവും ഒഴിവാക്കുക. രാവിലെ 11 മണിക്ക് ശേഷവും വൈകുന്നേരം 3 മണിയ്ക്ക് മുമ്പുമുള്ള യാത്രകള്‍ ഒഴിവാക്കുക. കെട്ടിടങ്ങളുടെ പുറത്തും റോഡിലും തുറസായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നവര്‍ ജോലി സമയം മേല്‍പറഞ്ഞ സമയം ഒഴിവാക്കി ക്രമീകരിക്കുക. പകല്‍സമയം ധാരാളം വെള്ളം ലഭ്യമാകുന്ന തണ്ണിമത്തന്‍ പോലുള്ള പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക. ശരീരത്തിന്റെ നിര്‍ജലീകരണം ഒഴിവാക്കുവാന്‍ ധാരാളം വെള്ളം കുടിക്കുക. കട്ടികുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കറുത്ത വസ്ത്രങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് യാത്ര ചെയ്യുന്നവര്‍ക്ക് നല്ലത്. പകല്‍ യാത്രാവസരങ്ങളില്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുക. മുഖവും കഴുത്തുവരെ മൂടുന്ന ഇളം നിറമുള്ള വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. ശരീരത്തില്‍ ഇറുകി കിടക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കുക. വേനല്‍ക്കാല ദിവസങ്ങളില്‍ അടിവസ്ത്രം തീര്‍ച്ചയായും എല്ലാദിവസവും മാറ്റുകയും കഴുകി വൃത്തിയാക്കുകയും വേണം. വീടിനകത്ത് വളരെ അയഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. വീടുകള്‍ പകല്‍ സമയങ്ങളില്‍ തുറന്നിടാതിരിക്കുക. ജനലും വാതിലും, കര്‍ട്ടനുകളും അടച്ച നിലയില്‍ പകല്‍ 10 മുതല്‍ 4 വരെ സൂക്ഷിക്കുക. പ്രകാശരശ്മികള്‍ക്ക് ചൂടു കൂടുതലുള്ളതിനാല്‍ പ്രകാശത്തോടൊപ്പം ചൂടും വീടിനകത്തേയ്ക്ക് കൊണ്ടുവരും. അത് ചുമരുകള്‍ വലിച്ചെടുക്കുകയും രാത്രിസമയവും മുറിയ്ക്കുള്ളില്‍ ചൂട് അനുഭവപ്പെടുകയും ചെയ്യും. രാവിലെയും വൈകീട്ടും ജനലുകള്‍ തുറന്ന് കാറ്റും വെളിച്ചവും മുറികളില്‍ കയറി ഇറങ്ങുവാന്‍ അനുവദിക്കുക. വീടിന്റെ മുകള്‍കൂരയില്‍ ചൂടു രശ്മികള്‍ പ്രതിബിംബിച്ച് (ഞലളഹലര)േപോകുവാനുള്ള അവസരം നല്‍കണം. വെളുത്തപെയിന്റോ, കുമ്മായമോ, ടെറസിലും ഓടിലും അടിക്കുക, ടെറസിന് മുകളില്‍ ഇരുമ്പ് ഷീറ്റ് ഉണ്ടെങ്കില്‍ അതിലും റിഫ്‌ളക്ട് ചെയ്യാവുന്ന ചായം തേക്കുക. ടെറസ്സിലാണെങ്കില്‍ തെങ്ങിന്റെ ഓലയും മടലും പനമ്പും വൈക്കോലും ഇട്ട് വെള്ളമൊഴിക്കുന്നത് നല്ലതാണ്. കെട്ടിടം ചൂടാകാതിരിക്കുവാന്‍ ഇത് ആവശ്യമാണ്. കെട്ടിടങ്ങള്‍ പകല്‍ ആഗിരണം ചെയ്യുന്ന ചൂടുരശ്മികള്‍ രാത്രിക്കാലങ്ങളില്‍ താപതരംഗമായി വീടിനകത്തേക്ക് പ്രവഹിക്കുമെന്നതിനാല്‍ പകലും രാത്രിയും ഒരുപോലെ മുറിയ്ക്കകത്ത് ചൂടനുഭവപ്പെടും. ഇത് ഒഴിവാക്കുക. പകല്‍ സമയങ്ങളില്‍ പാചകം ഒഴിവാക്കുന്നതാണ് നല്ലത്. അതിരാവിലെയോ വൈകീട്ടോ അടുക്കളയില്‍ പാചകം ചെയ്യുകയാണെങ്കില്‍ പകല്‍ വെയിലിന്റെ കാഠിന്യത്തോടൊപ്പം വീടിനകത്തെ അടുപ്പില്‍ നിന്നുള്ള ചൂട് വീടാകെ പരക്കുന്നത് ഒഴിവാക്കാനാകും. രാത്രികാലങ്ങളില്‍ മുറികളില്‍ ഫാനിന്റെ ചുവട്ടില്‍ നിലത്ത് പരന്ന പാത്രങ്ങളില്‍ വെള്ളം വയ്ക്കുന്നത് മുറിയിലെ താപം കുറയ്ക്കുന്നതിന് നല്ലതാണ്. ചോര്‍ച്ചയില്ലാത്ത ടെറസ്സാണെങ്കില്‍ കെട്ടിടത്തിന് മുകളില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് ചൂടിന്റെ കാഠിന്യം കുറയ്ക്കുവാന്‍ ഉതകുന്നതാണ്. ടെറസ്സുകളില്‍ റൂഫ് ഗാര്‍ഡന്‍ ഉണ്ടാക്കുന്നതും പച്ചക്കറി കൃഷി നടത്തുന്നതും ചൂടുകുറയ്ക്കുവാന്‍ അനുയോജ്യമാണ്. വീടിനു ചുറ്റും ഹരിതാഭമാക്കുന്നതും ചെടികള്‍ വച്ചുപിടിപ്പിക്കുന്നതും ചുറ്റുപാടും തണുപ്പിക്കുവാന്‍ അഭികാമ്യമാണ്. വീടിനകം മണ്ണ്, ഇഷ്ടിക പോലുള്ള പ്രകൃത്തിദത്തമായ ഫ്‌ളോറിംഗ് മെറ്റീരിയല്‍സ് ഉപയോഗിക്കുന്നതും രാത്രികാല ചൂട് കുറയ്ക്കും. വീടിന് മുകളിലേയ്ക്ക് പടര്‍ന്നുകയറുന്ന പൂച്ചെടികള്‍ പടര്‍ത്തി വിടുന്നത് പൊടിപടലങ്ങള്‍ കുറയ്ക്കുന്നതിനും ചൂട് നിയന്ത്രിക്കുന്നതിനും നല്ലതാണ്. വീടിന്റെ തട്ടില്‍ ഉറപ്പിക്കുന്ന ഫാനുകള്‍ക്ക് പകരം ജനലുകളില്‍ ഉറപ്പിക്കാവുന്ന തരം ഫാനുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ധാരാളം സ്ഥലം ലഭ്യമാണെങ്കില്‍ വീടിനുമുമ്പില്‍ പുല്‍ത്തകിടി തീര്‍ക്കുന്നത് അഭികാമ്യമാണ്. വേനലില്‍ ചെടികള്‍ നനയ്ക്കുന്നത് വൈകുന്നേരങ്ങളില്‍ മാത്രമാക്കുന്നതാണ് നല്ലത്. അടുക്കള തോട്ടങ്ങളിലും മട്ടുപ്പാവു കൃഷിയിടങ്ങളിലും ഡ്രിപ് ഇറിഗേഷന്‍ (വെള്ളം തുള്ളിതുള്ളിയായി വീഴുന്ന രീതി) ഉപയോഗിച്ചാല്‍ കൂടുതല്‍ വെള്ളം സംരക്ഷിക്കാനാകും. വീടിനകത്ത് വളര്‍ത്താവുന്ന ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുന്നത് നല്ലതായിരിക്കും. ഇതിനായി പ്രത്യേകമായി രൂപകല്പന ചെയ്ത ചെടിച്ചട്ടികള്‍ ഉപയോഗിക്കണം. വേനലിലെ ചൂടിനെ പ്രതിരോധിക്കുവാന്‍ ജനലുകളിലും മറ്റും പടര്‍ന്നു കയറുന്ന ഇന്‍ഡോര്‍ ചെടികളും ഭിത്തികളില്‍ വളര്‍ത്താവുന്ന ചെടികളും ഉപയോഗിക്കുന്നത് ചൂടുകുറയ്ക്കുവാന്‍ നല്ലതാണ്. എല്ലാത്തരം ചെടികളും ജലം കൂടുതലായി വലിച്ചെടുക്കുന്നത് രാവിലെയായതിനാല്‍ ചെടി നനക്കുന്നത് വൈകുന്നേരങ്ങളില്‍ മാത്രമാക്കുക. ഭക്ഷണത്തിന് മുമ്പ് വൃത്തിയായി കൈകഴുകുകയും ഉറങ്ങുന്നതിന് മുമ്പ് കുളിക്കുന്നതും ശീലമാക്കുന്നത് വേനല്‍ക്കാലങ്ങളില്‍ അത്യന്താപേക്ഷിതമാണ്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ഇത് ആവശ്യവുമാണ്.
ജൂണില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ മഴ നീണ്ടുപോകാനും സാധ്യതയേറെയാണ്. അതുകൊണ്ട് തന്നെ ജലം അമൂല്യമാണ് അത് പാഴാക്കരുത്. മലിനീകരിക്കരുത്, ദുരുപയോഗം ചെയ്യരുത്.