Wednesday, June 18, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ ആത്മകഥ

ചാക്രിക പ്രക്രിയകളിലൂടെ പരിവര്‍ത്തനത്തിലേക്ക് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 24)

സുനില്‍ ഉപാസന

Print Edition: 13 October 2023
ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ പരമ്പരയിലെ 24 ഭാഗങ്ങളില്‍ ഭാഗം 24

ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
  • ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
  • ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
  • ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
  • ചാക്രിക പ്രക്രിയകളിലൂടെ പരിവര്‍ത്തനത്തിലേക്ക് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 24)
  • ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
  • വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
  • ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)

നമ്മള്‍ അകപ്പെട്ടിരിക്കുന്ന ചില ദയനീയ സാഹചര്യങ്ങള്‍, വിശ്വസിക്കാത്ത ശക്തിയില്‍ വരെ നമ്മെക്കൊണ്ട് വിശ്വസിപ്പിക്കുമെന്ന് ഞാന്‍ മുന്‍ അദ്ധ്യായങ്ങളിലൊന്നില്‍ എഴുതിയിട്ടുണ്ട്. ഇതിന്റെ വകഭേദവും നിലവിലുണ്ടെന്ന അറിവ് എനിക്കു അവിശ്വസനീയമായിരുന്നു. അതായത്, നാം അകപ്പെട്ടിരിക്കുന്ന ദയനീയ സാഹചര്യങ്ങള്‍, വിശ്വസിക്കുന്ന ശക്തിയില്‍ നമ്മെക്കൊണ്ട് കൂടുതല്‍, അതിതീവ്രമായി വിശ്വസിപ്പിക്കും എന്നത്. വിനുരാജിന്റെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. വിനുവിന്റെ കുടുംബത്തിനു വിശ്വാസരാഹിത്യം ഉണ്ടായിരുന്നില്ല. അവര്‍ നല്ല ഈശ്വരഭക്തിയുള്ളവരായിരുന്നു. മകന്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യം അവരെ കൂടുതല്‍ ഭക്തിയുള്ളവരാക്കി മാറ്റി. അതുകൊണ്ടാണ് മകന്റെ പേരു മാറ്റുക എന്ന കടുത്തതും വിചിത്രവുമായ തീരുമാനം അവരെടുത്തത്. മകന്റെ പെരുമാറ്റം മെച്ചപ്പെടുത്താന്‍ ദൈവികമായ ഒരു ഇടപെടല്‍ അവര്‍ പ്രതീക്ഷിക്കുന്ന പോലെ.

സ്‌പെഷ്യല്‍ കുട്ടികളുടെ പേരുമാറ്റുന്നത് പോലുള്ള കടുത്ത തീരുമാനത്തിലേക്കു മാതാപിതാക്കളെ നയിക്കുന്ന ആത്യന്തിക ഘടകം എന്താണ്? സ്‌പെഷ്യല്‍ കുട്ടികളുടെ മാതാപിതാക്കളുടെ മനോഭാവം സൂക്ഷ്മമായി പരിശോധിച്ചാലേ ഇതിന്റെ കാരണം പിടികിട്ടൂ.

Resilient Minds-ല്‍ വൊളന്റിയറായി പ്രവര്‍ത്തിക്കുന്ന കാലത്ത് ഞാന്‍ മാതാപിതാക്കളുടെ മനോഭാവവും വീക്ഷണവും സശ്രദ്ധം വീക്ഷിച്ചിട്ടുണ്ട്. മാതാപിതാക്കളില്‍ മിക്കവരും, ഭാവിയില്‍ മക്കളുടെ അവസ്ഥയില്‍ പുരോഗതിയുണ്ടാകുമെന്നു കരുതുന്നവരാണ്. ഇപ്പോള്‍ പെരുമാറ്റ പ്രശ്‌നമുണ്ടെങ്കിലും ഭാവിയില്‍ മാറ്റം വരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷ അവരെക്കൊണ്ട് ചെയ്യിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് പേരുമാറ്റുക എന്നത്. വലിയ ഇടവേളയില്ലാതെ, കുട്ടികളെ വിവിധ സ്‌കൂളുകളില്‍ മാറ്റി മാറ്റി ചേര്‍ക്കുന്നതും മാതാപിതാക്കള്‍ അവലംബിക്കുന്ന രീതിയാണ്. സ്‌പെഷ്യല്‍ കുട്ടികള്‍ കുറേ വര്‍ഷത്തോളം ഒരേ സ്‌കൂളില്‍ പഠിക്കുന്നത് പൊതുവെ അപൂര്‍വ്വമാണ്. (ചില പ്രശസ്ത സ്‌കൂളുകളെ / ഇന്‍സ്റ്റിറ്റ്യൂട്ടുകളെ ഉദ്ദേശിച്ചല്ല ഞാനിത് പറയുന്നത്). ഇതിനു പല കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും, അതില്‍ പ്രമുഖം മാതാപിതാക്കളുടെ പ്രത്യാശാഭംഗമാണ്. അവരുടെ പ്രതീക്ഷക്കു അനുസരിച്ച് മക്കളില്‍ പുരോഗതിയില്ലെങ്കില്‍, മറ്റു സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ത്ത് ഭാഗ്യം പരീക്ഷിക്കാന്‍ അവര്‍ തുനിയും. ഇങ്ങിനെ ചെയ്യുമ്പോള്‍ നിലവിലെ സ്‌കൂളിന്റെ ഗുണനിലവാരത്തോടു അവര്‍ക്കു വിയോജിപ്പുണ്ടെന്നല്ല അര്‍ത്ഥം. നിലവിലുള്ള സൗകര്യങ്ങളില്‍ തൃപ്തരാണെങ്കില്‍ തന്നെയും കുട്ടികളെ മാറ്റും. കുട്ടികളില്‍ കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നതിന്റെ പ്രതിഫലനമാണ് ഈ സ്‌കൂള്‍മാറ്റം. സ്‌കൂള്‍ മാറുന്നതിനു യാത്രാക്ലേശം ഉള്‍പ്പെടെയുള്ള മറ്റു കാരണങ്ങളും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്.

മാതാപിതാക്കളില്‍ ഞാന്‍ കണ്ടിട്ടുള്ള മറ്റൊരു പ്രത്യേകത, മക്കളിലെ സ്‌പെഷ്യല്‍ സ്വഭാവത്തിന്റെ തോത് അവര്‍ ലഘൂകരിച്ചു കാണിക്കുന്നതാണ്. പൂര്‍ണമായും ‘സ്‌പെഷ്യല്‍’ എന്ന ഗണത്തില്‍ പെടുത്താമെങ്കിലും ആശിഷിന്റെ അമ്മ അതു തുറന്ന് സമ്മതിക്കാറില്ല. ‘അവന് അത്രയൊന്നും പ്രശ്‌നമില്ലെന്നേയ്’ എന്നാണ് പറയു ക. പക്ഷേ, അവര്‍ ഇപ്രകാരം പറയുന്നത് മറ്റു കുട്ടികളുടെ മാതാപിതാക്കളോടാണ്. സൈക്കോളജിസ്റ്റുകളോടു സംസാരിക്കുമ്പോള്‍ ആശിഷിന്റെ അമ്മ ഒന്നും മറച്ചുവയ്ക്കില്ല. അവരുടെ മനസ്സിലെ കടല്‍ അപ്പോള്‍ നമുക്ക് തൊട്ടറിയാം.

അടുത്തതായി, ഞാനൊരു മുത്തച്ഛന്റെ കഥ പറയാം. ആരതിയുടെ മുത്തച്ഛന്‍. സ്‌പെഷ്യല്‍ കുട്ടികളെ വളര്‍ത്താന്‍ അനുയോജ്യം കൂട്ടുകുടുംബ വ്യവസ്ഥയാണെന്ന് മുമ്പേ സൂചിപ്പിച്ചല്ലോ. ഇത്തരമൊരു കുടുംബമാണ് ആരതിയുടേത്. പതിനൊന്ന് വയസ്സുള്ള ആരതിയെ എല്ലാ ദിവസവും സ്‌കൂളിലെത്തിക്കുന്നത് മുത്തച്ഛനാണ്. ആരതിയുടെ മേല്‍ അദ്ദേഹം എടുക്കുന്ന കരുതല്‍ മറ്റാരിലും ഞാന്‍ കണ്ടിട്ടില്ല. പൊക്കം കുറഞ്ഞ് ദൃഢപ്രകൃതക്കാരനായ അദ്ദേഹം ആരതിയുടെ കൈപിടിച്ചാണ് രാവിലെ സ്‌കൂളിലേക്കു വരിക. ക്ലാസിലെത്തി ബാഗും ചോറ്റുപാത്രവും തന്നു കഴിഞ്ഞാലും അദ്ദേഹം ഉടന്‍ സ്‌കൂള്‍ വിട്ടുപോകില്ല. ആരതിയെ ചുറ്റിപ്പറ്റി പിന്നേയും കുറച്ചു സമയം നില്‍ക്കും. കാലില്‍ തണുപ്പടിക്കാതിരിക്കാന്‍ എന്നും ആരതിയുടെ കാലില്‍ കട്ടിയുള്ള സോക്‌സ് ധരിപ്പിക്കും. ബാഗ് തുറന്ന് സ്‌നാക്ക്‌സും ലഞ്ചും എടുത്തിട്ടുണ്ടെന്നു ഉറപ്പുവരുത്തും. ടീച്ചര്‍മാരോടു ആരതിയുടെ പഠനത്തെപ്പറ്റി സംസാരിക്കും. ഇതെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയാലും, എന്തോ മറന്നിട്ടെന്ന പോലെ വീണ്ടും ക്ലാസ്മുറിയില്‍ വന്ന് ആരതിയുടെ അടുത്ത് കുറച്ചുസമയം നില്‍ക്കും. കരുതലിന്റേയും സ്‌നേഹത്തിന്റേയും നിറകുടമാണ് ഈ മുത്തച്ഛന്‍.

ജീവിതത്തില്‍ നമുക്കു ഏറ്റവും അവശ്യമായി ഉണ്ടായിരിക്കേണ്ട ഒന്നാണ് നമ്മെ സ്‌നേഹിക്കുന്ന, നമ്മെക്കുറിച്ച് കരുതല്‍ എടുക്കുന്ന ഒരാള്‍. അതില്ലാതെ വരുമ്പോള്‍, എല്ലാവരും ഉണ്ടായിരിക്കെ തന്നെ, അനാഥരാണെന്നു നമുക്ക് തോന്നും. സ്‌പെഷ്യല്‍ കുട്ടികളുടെ കാര്യത്തില്‍ ഇതിനു പരമപ്രാധാന്യമുണ്ട്. കാരണം, സ്‌പെഷ്യല്‍ കുട്ടികളുടെ പെരുമാറ്റം പലരേയും എളുപ്പത്തില്‍ മടുപ്പിക്കും. ഏതാനും ആഴ്ചകളോ മാസങ്ങളോ കുട്ടികളുമായി ഇടപഴകാനും കൂടിക്കഴിയാനും ചിലര്‍ തയ്യാറാകുമെങ്കിലും, വര്‍ഷങ്ങളോളം നീളുന്ന തുടര്‍ച്ചയായ സഹവാസം, മാതാപിതാക്കള്‍ ഒഴികെ, പലരും ആഗ്രഹിക്കുന്നില്ല. അപഭ്രംശങ്ങള്‍ ഇല്ലെന്നല്ല, തീര്‍ച്ചയായും ഉണ്ട്. അപഭ്രംശങ്ങള്‍ വിരളമാണെന്നതാണ് പ്രശ്‌നം.

ഞാനിതെല്ലാം എന്തിനു എണ്ണിയെണ്ണി എഴുതുന്നു എന്ന ചോദ്യം വായനക്കാരില്‍ ഒരുപക്ഷേ ഉയരാം. സുഹൃത്തുക്കളേ… നിങ്ങള്‍ക്കറിയാമോ, മുകളില്‍ എഴുതിയ ഓരോ കാര്യങ്ങളോടും താരതമ്യപ്പെടുത്താവുന്ന സംഭവങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. മാതാപിതാക്കള്‍ കുട്ടികളെ ഒരു സ്‌കൂളില്‍ നിന്നു മറ്റൊരു സ്‌കൂളിലേക്കു മാറ്റുന്നെന്നു പറഞ്ഞല്ലോ. ഇതുപോലെയാണ് എന്റെ മാതാപിതാക്കള്‍ എന്റെ ചികില്‍സാ കാര്യത്തില്‍ പെരുമാറിയത്. അവര്‍ ഓരോരോ സ്ഥലങ്ങളില്‍ കൊണ്ടുപോയി, പലതരം ചികില്‍സകള്‍ എനിക്കു നല്‍കി. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധവൈദ്യം, അക്യുപങ്ചര്‍., തുടങ്ങി കൈവെള്ളയിലെ മര്‍മ്മകേന്ദ്രങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ടുള്ള ചികില്‍സക്കു വരെ ഞാന്‍ വിധേയനായിട്ടുണ്ട്. ഒന്ന് തൃശ്ശൂരിലാണെങ്കില്‍, മറ്റൊന്ന് തിരുവനന്തപുരം, മറ്റൊന്ന് സമീപനാട്ടില്‍, പിന്നെ ഇരിങ്ങാലക്കുട… അങ്ങിനെ നിരവധി സ്ഥലങ്ങളില്‍ മാതാപിതാക്കള്‍ എന്നേയും കൊണ്ട് കയറിയിറങ്ങി. നിങ്ങള്‍ക്കു എന്റെ അമ്മയിലെ, അച്ഛനിലെ, അല്ലെങ്കില്‍ സഹോദരനിലെ മാനസികസമ്മര്‍ദ്ദം ഊഹിക്കാമോ? ഓരോ ഇടത്തേയും ചികില്‍സാ പരീക്ഷണങ്ങള്‍ എന്റെ മനസ്സിനെ എത്രമാത്രം വേദനിപ്പിച്ചെന്ന് ഊഹിക്കാമോ? സ്‌പെഷ്യല്‍ കുട്ടികള്‍ സ്‌കൂളുകളിലാണ് കയറിയിറങ്ങിയതെങ്കില്‍, ഞാന്‍ മാതാപിതാക്കളോടൊപ്പം തകര്‍ന്ന മനസ്സോടെ വിവിധ ചികില്‍സാ കേന്ദ്രങ്ങള്‍ കയറിയിറങ്ങി. നിങ്ങള്‍ക്കറിയുമോ, ആശിഷിന്റെ അമ്മ പറയുന്ന പോലെ, എന്റെ അമ്മയും ഒരുകാലത്ത് ‘അവനു അത്രയൊന്നും പ്രശ്‌നമില്ലെന്നേയ്’ എന്നു പറഞ്ഞിരുന്നു. മകന്റെ ചെവിയില്‍ ശ്രവണന്യൂനത എന്നെന്നേയ്ക്കുമായി കൂടുകൂട്ടിയെന്ന് എന്റെ അമ്മയും ആദ്യം സമ്മതിച്ചില്ല. സ്‌പെഷ്യല്‍ കുട്ടികളുടെ മാതാപിതാക്കളെ പോലെ, അമ്മയും മകനൊരു തിരിച്ചുവരവുണ്ടെന്നു വിശ്വസിച്ചു. ആ വിശ്വാസത്തിന്റെ കരുത്തില്‍ അമ്മ ചോദ്യകര്‍ത്താക്കള്‍ക്കെല്ലാം മറുപടി നല്‍കി ‘അവന് അത്രയൊന്നും പ്രശ്‌നമില്ല’. അപ്പോഴെല്ലാം അമ്മയുടെ മനസ്സിന്റെ അടിത്തട്ടിലെ കടല്‍ മുരണ്ടു. മകന്റെ അവസ്ഥ ഭദ്രമല്ലെന്നു അറിഞ്ഞിട്ടും അത് മറച്ചുവയ്ക്കുന്നതിലെ പരിഭ്രമം അമ്മയുടെ മുഖത്തുണ്ടാകും. ആശിഷിന്റെ അമ്മയുടെ മുഖത്തും, ചെറുപ്പകാലത്തേ പരിചിതമായ, ആ ദയനീയത ഞാന്‍ കണ്ടിട്ടുണ്ട്.

മക്കളുടെ പെരുമാറ്റം മെച്ചപ്പെടുമെന്ന മാതാപിതാക്കളുടെ ‘വിശ്വാസത്തെ പറ്റി’ എഴുതുമ്പോള്‍, അക്കാര്യത്തെ ലളിതമായി സമീപിക്കരുതെന്നു ഞാന്‍ വായനക്കാരോടു അഭ്യര്‍ത്ഥിക്കുന്നു. എന്നിലെ ശ്രവണന്യൂനത കുറച്ചു വര്‍ഷം കഴിഞ്ഞാല്‍ ഭേദമാകുമെന്ന ദൃഢവിശ്വാസം എനിക്കും കുടൂംബാംഗങ്ങള്‍ക്കും ആദ്യകാലത്ത് ഉണ്ടായിരുന്നു. മരുന്നും മന്ത്രവും പ്രയോഗിച്ചാല്‍ വൈകല്യം ഭേദമാകുമെന്നത് അന്നത്തെ ശക്തിമത്തായ ധാരണയായിരുന്നു. ഉപദേശങ്ങളാലോ ന്യായാന്യായങ്ങള്‍ വിശദീകരിച്ചോ തിരുത്താന്‍ പറ്റാത്ത തരം വിശ്വാസം. വിശ്വാസങ്ങളുടെ ഭൂമിക അടിസ്ഥാനപരമായി അതീന്ദ്രിയമാണ്. കുറച്ചു വിശദമായി പറഞ്ഞാല്‍, മനുഷ്യരില്‍ ബഹുഭൂരിഭാഗവും രണ്ടു തലങ്ങളില്‍ വിശ്വസിക്കുന്നു ഭൗതികവും, അതിഭൗതികവും. പ്രകൃതിലോകം ഭൗതികതലത്തിലും, ഈശ്വരന്‍ അതിഭൗതിക തലത്തിലും നിലകൊള്ളൂന്നു. എന്നാല്‍ ഭൗതികവും അതിഭൗതികവുമായ ഈ വേര്‍തിരിവിനെ ഈശ്വരവിശ്വാസികളും നിരീശ്വരവാദികളും എന്നുള്ള ദ്വന്ദ്വത്തിലേക്കു ചുരുക്കരുത്. അതില്‍ അപാകതയുണ്ട്. ഈശ്വരവിശ്വാസികള്‍ അല്ലാത്തവര്‍ പോലും, ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളില്‍ വിശ്വാസങ്ങള്‍ക്കു അടിമപ്പെടാറുണ്ട്. ഉദാഹരണമായി, ഒരു നിരീശ്വരവാദിയുടെ മകനോ മകള്‍ക്കോ ശ്രവണന്യൂനത ഉണ്ടെങ്കില്‍, അദ്ദേഹവും പ്രത്യേകിച്ച് അടിസ്ഥാനമൊന്നും ഇല്ലാതെ, മകന്റെ ന്യൂനത ഭാവിയില്‍ ഭേദമാകുമെന്ന് വിശ്വസിച്ചേക്കാം. ഇല്ലെന്നു പറയാനാകില്ല. ഈശ്വരനെ നിഷേധിക്കുന്നത് കൊണ്ട് ‘വിശ്വാസങ്ങളെ നിഷേധിക്കുന്നു’ എന്ന അര്‍ത്ഥമില്ലെന്നു ചുരുക്കം.

Resilient Minds-എന്റെ ജീവിതത്തിലെ ഒരു സുവര്‍ണ അധ്യായമാണ്. ഓര്‍ക്കുക, ഞാന്‍ ഓര്‍മിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കാലഘട്ടവും എന്റെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സ്‌കൂള്‍ ലൈഫ്, കോളേജ് പോളിടെക്‌നിക് പഠനകാലം, തിരുവനന്തപുരം ഡെയ്‌സ്, ബാംഗ്ലൂര്‍ ലൈഫ്., ഇങ്ങിനെയുള്ള എപ്പിസോഡുകള്‍ ഒന്നും എനിക്കു ആസ്വാദ്യകരമായിരുന്നില്ല. ചിലത് ഞാന്‍ ഓര്‍ക്കാന്‍ കൂടി ഇഷ്ടപ്പെടാത്തത്ര മോശവും. അതാണ് സത്യം. തിരിച്ചടികള്‍ മാത്രം ലഭിച്ചിട്ടുള്ള ഒരു ജീവിതമായിരുന്നു എന്റേത്. പക്ഷേ, അതിന്റെ ഇങ്ങേത്തലക്കല്‍ ഇപ്പോള്‍ ഒരു രജതരേഖയുണ്ട്. അതാണ്Resilient Minds
**********
Resilient Minds-ല്‍ പെരുമാറ്റ പ്രശ്‌നമില്ലാത്ത ഒരു ‘കുട്ടിയും’ ആക്ടിവിറ്റീസ് ചെയ്യാന്‍ വന്നിരുന്നു. ആ കുട്ടിയ്ക്കു Eye-hand കോഓര്‍ഡിനേഷനോ, കയ്യിലെ ചെറുമസിലുകള്‍ക്കു വ്യായാമമോ ആവശ്യമില്ലായിരുന്നു. ആശയങ്ങള്‍ ക്രോഢീകരിക്കുന്നതില്‍ കുട്ടി അഗ്രഗണ്യനുമാണ്. എന്നിട്ടും അവന്‍ ദിവസവും രാവിലെ Resilient Minds-ല്‍ വന്നു. കടുത്ത ഏകാന്തത മൂലം മനസ്സിനെ ചലനാത്മകമായി സൂക്ഷിക്കാന്‍ പറ്റാത്തതായിരുന്നു ആ കുട്ടിയുടെ പ്രശ്‌നം. അതിനു പ്രതിവിധിയായി അവന്‍Resilient Minds-ലെ സ്‌പെഷ്യല്‍ കുട്ടികളെ എന്നും ആക്ടിവിറ്റീസ് ചെയ്യാന്‍ സഹായിച്ചു. അതുവഴി സ്വയം ആക്ടിവിറ്റീസ് ചെയ്യുകയും ചെയ്തു. ദിവസത്തില്‍ അഞ്ചുമിനിറ്റില്‍ കൂടൂതല്‍ സംസാരിക്കാറില്ലാതിരുന്ന ആ കുട്ടി, സ്‌പെഷ്യല്‍ സ്‌കൂളില്‍ എത്തിയശേഷം സൈക്കോളജിസ്റ്റുകളോടും മറ്റും ധാരാളം സംസാരിച്ചു. ജഡത്വം മുറ്റി നിന്നിരുന്ന അവന്റെ മനസ്സ് അതോടെ സജീവമായി. തൊഴില്‍ദാതാക്കളുടെ നിരാസം മൂലം നഷ്ടപ്പെട്ടു പോയിരുന്ന യൗവനകാലം അവന്‍ ഏറെക്കുറെ ഇപ്രകാരം തിരിച്ചു പിടിച്ചു.

Resilient Minds- എന്റെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത് ഇങ്ങിനെയാണ്.

ഒടുക്കം എന്ന തുടക്കം
ചില രീതിയില്‍ ചിന്തിച്ചാല്‍ ജീവിതം ഒരു ചാക്രിക പ്രക്രിയയാണ്. അവസാനം എന്നത് ആരംഭവുമാണ്. വൃത്താകൃതിയിലുള്ള ഒരു ചരട് മുറിച്ചുവെന്നു കരുതുക. അപ്പോള്‍ ചരടിന്റെ തുടക്കവും ഒടുക്കവും ഒരിടത്തു തന്നെയാണെന്നു പറയാം. ചരട് ഋജുവായി വര്‍ത്തിക്കുമ്പോള്‍ അതൊരു വൃത്തമല്ല, മറിച്ചു നേര്‍രേഖയായി തോന്നും. ആ നേര്‍രേഖയിലൂടെ (വൃത്തത്തിലൂടെ) നമുക്കു കുറച്ചധികം സഞ്ചരിക്കേണ്ടി വരുന്നു, ചാക്രിക പ്രക്രിയയുടെ അവസാനമെത്താന്‍. അവിടെയാണ് മറ്റൊരു പ്രക്രിയയുടെ ആരംഭമുള്ളത്. അതായത് പരിവര്‍ത്തനം സാധിതമാകുന്ന പോയിന്റ്. ഏതെങ്കിലും മാനസികാവസ്ഥ പേറി നേര്‍രേഖയിലൂടെ സഞ്ചരിക്കുന്നവന്‍ (സഞ്ചാരി) അവസാന ഘട്ടത്തില്‍, മറ്റൊരു അവസ്ഥയെ പ്രാപിക്കുന്നു. അതു സന്തോഷമാകാം, അല്ലെങ്കില്‍ സന്താപം. അതുമല്ലെങ്കില്‍ ആവര്‍ത്തനങ്ങളുടെ നിസ്സംഗത. അപ്പോള്‍ നേര്‍രേഖയുടെ അവസാനത്തോടു അടുക്കുന്തോറും സഞ്ചാരിയില്‍ ആകാംക്ഷയും പിരിമുറുക്കവും അനുഭവപ്പെടും. അടുത്ത ഘട്ടത്തില്‍ എന്താണ് കാത്തിരിക്കുന്നത്? അതൊരു ഗെയിം ചേഞ്ചര്‍ ആയിരിക്കുമോ. അതോ പഴയ ഗെയിമിന്റെ ആവര്‍ത്തനമോ. സന്തോഷത്തിന്റെ തിരക്കഥയില്‍ വാര്‍ത്തെടുത്ത ആവര്‍ത്തനങ്ങള്‍ ഭാവഭേദമില്ലാതെ സ്വീകരിക്കപ്പെടുന്നു. സന്തോഷത്തിലേക്കുള്ള പരിവര്‍ത്തനമാകട്ടെ വികാരത്തിന്റെ വേലിയേറ്റമുണ്ടാക്കും. പക്ഷേ സന്താപത്തിന്റെ ഓരോ ആവര്‍ത്തനവും പരിവര്‍ത്തനവും വ്യക്തിക്കു ആഘാതമാണ്. പൊരുത്തപ്പെട്ടു പോകാന്‍ പ്രയാസം. എന്നെ സംബന്ധിച്ചു ഓരോ ചാക്രിക പ്രക്രിയയുടെ അവസാനത്തിലും, ആരംഭമാകുന്നത് തുടര്‍ച്ച നിലനിര്‍ത്തുന്ന പഴയ അനുഭവങ്ങളാണ്. പരിവര്‍ത്തനമല്ല, മറിച്ചു തിരക്കഥയില്‍ മാറ്റങ്ങളില്ലാത്ത ആവര്‍ത്തനങ്ങളാണ് എനിക്കു ആഘാതമാകുന്നത്.

ഇക്കാലത്തിനിടയില്‍ എടുത്തു പറയേണ്ടത് കമ്പനികളുടെ സമീപനരീതിയാണ്. 12 വര്‍ഷം മുമ്പു തുടര്‍ന്ന രീതികള്‍ ഇപ്പോഴും അനുവര്‍ത്തിക്കുന്നവര്‍. അതു ഇനിയും തുടരാണ് എല്ലാ സാധ്യതയും. ഒരു സ്ട്രാറ്റജി എന്നനിലയില്‍, ഇതു വിലയിരുത്തലിനു സ്‌കോപ്പുള്ള വിഷയമാണ്. അപ്പോള്‍ മുന്നോട്ടുള്ള പാതയില്‍ ഇനിയെന്തെല്ലാം നേരിടും എന്നതിന്റെ ഏകദേശ ചിത്രം ലഭിക്കും. ആ ചിത്രത്തിന്റെ പൂര്‍വ്വ അനുഭവങ്ങളുടെ പിന്‍ബലം ഉണ്ട്.

ഭാവിയെ വിലയിരുത്തിയപ്പോള്‍ ആദ്യം ലഭിച്ച ചിത്രത്തില്‍ ഞാന്‍ ദര്‍ശിച്ചത് നെഗറ്റീവ് റിസള്‍ട്ടുകള്‍ക്കിടയില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന അപൂര്‍വ്വം പോസിറ്റീവുകള്‍ ആണ്. അവഗണനയുടെ തീക്ഷ്ണഭാവം. അതിന്റെ ബഹുഭൂരിപക്ഷ ശക്തിയില്‍ ഞാന്‍ നടുങ്ങി. അപ്പോള്‍ ചിത്രം സത്യം തന്നെയോ, അതിനെ പൂര്‍ണമായും വിശ്വസിക്കാമോ എന്ന സംശയമുദിച്ചു. ഭാവിയെ രൂപപ്പെടുത്തുന്നതില്‍ ഭൂതകാലത്തിനു എത്രത്തോളം പങ്കാളിത്തമുണ്ട്? എത്രത്തോളം സ്വാധീനം ചെലുത്താനാകും?

ധാരണകളെ ഞാന്‍ ഒന്നുകൂടി ഉടച്ചുവാര്‍ത്തു. വീണ്ടും ഒന്നില്‍നിന്നു തുടങ്ങി. അന്നുവരെ ലഭിച്ച ഓരോ ഡാറ്റയും പരിശോധിച്ചു. ഓരോന്നും വിലപ്പെട്ട അറിവുകള്‍ നല്‍കി. വീണ്ടും അവയെല്ലാം സംയോജിപ്പിച്ചപ്പോള്‍ എന്നില്‍ പുതിയ തിരിച്ചറിവുകള്‍ ഉണര്‍ന്നു. ഭൂതകാല സംഭവങ്ങളെ ആസ്പദമാക്കി ഭാവി എന്താകുമെന്നു അനുമാനിക്കുന്നതില്‍ തെറ്റില്ലെങ്കിലും, ആ സംഭവങ്ങള്‍ ഭാവിയിലും അതേ തീവ്രതയില്‍ തുടര്‍ന്നാലേ ലഭിച്ച ചിത്രത്തിനു നിലനില്‍പ്പുള്ളൂ. അല്ലാത്ത പക്ഷം ചിത്രം അവഗണിക്കേണ്ടതാണ്.

ഭൂതകാല സംഭവങ്ങളെ ഞാന്‍ സ്ഥിരമായത്, അസ്ഥിരമായത് എന്നിങ്ങനെ രണ്ടായി തരംതിരിച്ചു. മെഡിക്കല്‍ പരിഹാരം സാധ്യമല്ലാത്ത സ്ഥിര-ഘടകങ്ങള്‍ ഭാവിയിലും മാറ്റമില്ലാതെ ഉണ്ടാകുമെങ്കിലും അസ്ഥിരമായ, ധാരാളം, ഘടകങ്ങള്‍ അതേ തീവ്രതയില്‍ തുടരുമെന്നതിനു യാതൊരു ഉറപ്പുമില്ല. അവ തീര്‍ച്ചയായും വ്യത്യാസപ്പെട്ടേക്കാം. അത്തരം ഓരോ വ്യത്യാസത്തിനും ഭാവിനിര്‍ണയത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. കൂടാതെ ഭാവിയില്‍ നേരിട്ടേക്കാവുന്ന പുതിയ കാര്യങ്ങള്‍, അവ ഉളവാക്കുന്ന ഫലം., ഇവയെല്ലാം ഭൂതകാലത്തെ അപ്രസക്തമാക്കി പോസിറ്റീവുകള്‍ നിറഞ്ഞ നല്ലൊരു നാളെയെ രൂപപ്പെടുത്താവുന്ന പോയിന്റുകളാണ്. ആ ലക്ഷ്യത്തിലേക്കു പ്രയത്‌നങ്ങളെ വഴിതിരിച്ചു വിട്ട് ഏകോപിപ്പിക്കുകയാണ് വേണ്ടത്. ഈ ഏകോപനം ഒരു സാധ്യതയല്ല, മറിച്ച് സാധിതമാണ് എന്നുവേണം പറയാന്‍. എങ്കിലും ഈ ഘട്ടത്തിലും ഡിക്ലറേഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍ക്കു ഒന്നും ചെയ്യാനില്ല. അവയ്ക്കു റോളുകള്‍ ഒന്നുമില്ല. തോല്‍വിയോ വിജയമോ, മറ്റെന്തോ ആകട്ടെ ഒരു നിശ്ചിത ശതമാനം സാധ്യത ഏതിനും നല്‍കാവുന്നതാണ്. മനസ്സിലാക്കുക, കാലമാണ് നമ്മുടെ കണക്കുകൂട്ടലുകളെ ശരിയും തെറ്റുമായി വര്‍ഗ്ഗീകരിക്കുന്നതും, വിധിക്കുന്നതും. വര്‍ത്തമാന കാലം, ഭാവിയില്‍ നമ്മെ ശരികളിലേക്കു നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ളതാണ്. അപ്പോള്‍ അതില്‍ വ്യാപൃതനാവുക.

പരിവര്‍ത്തനത്തിലേക്കു എത്താന്‍ എനിക്കിനിയും എറെ ചാക്രിക പ്രക്രിയകളിലൂടെ സഞ്ചരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. കാത്തിരിപ്പ് അനിശ്ചിതത്വം നിറഞ്ഞതാണ്. എങ്കിലും ഏറെ മടുപ്പ് ഉളവാക്കുന്നില്ല. ട്വിസ്റ്റ് സംഭവിക്കുന്ന ഘട്ടം ഒരുപക്ഷെ ഇന്നാകാം, അല്ലെങ്കില്‍ നാളെ എന്നു പ്രതീക്ഷവയ്ക്കുമ്പോള്‍ കടുത്ത നിരാശക്കു കാരണമില്ല. ‘പ്രതീക്ഷ’ എന്നതിന്റെ പ്രത്യേകതയാണത്. ആഗ്രഹത്തിന്റെ ഉപോല്‍പ്പന്നം. ആഗ്രഹങ്ങളാണെങ്കില്‍ നിലക്കാത്ത പ്രവാഹവും. ഒന്നു പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ നാം വൈരാഗിയാകുന്നില്ല. പകരം മറ്റു മോഹങ്ങള്‍ ഉദിക്കും.

ഓരോ ചാക്രിക പ്രക്രിയയുടെ അവസാനവും എന്റെ പ്രതീക്ഷകള്‍ വാടിക്കൊഴിയുകയും, പുതിയ പ്രക്രിയയുടെ തുടക്കത്തില്‍ പുനരുല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യും. അതാണ് ഇത്രയും നാള്‍ സംഭവിച്ചത്. ശുഭാപ്തി വിശ്വാസത്തില്‍ തുടങ്ങി നൈരാശ്യത്തില്‍ അവസാനിക്കുന്ന പ്രക്രിയ. പക്ഷേ എല്ലാ പ്രക്രിയയും ഇങ്ങിനെയാവുകയില്ല. കാരണം ‘മാറ്റം’ എന്ന അനിവാര്യതയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ഒന്നിനും സാധിക്കില്ല. അതിനാല്‍ ശുഭാപ്തി വിശ്വാസത്തില്‍ തുടങ്ങി, നൈരാശ്യത്തില്‍ അവസാനിക്കാതെ, ശുഭമായി തന്നെ അവസാനിക്കുന്ന ഒരു ചാക്രിക പ്രക്രിയക്കു ഞാന്‍ കാത്തിരിക്കുന്നതില്‍ അപാകതയില്ലെന്നു തോന്നുന്നു. എല്ലാം കാലം വിധിക്കട്ടെ.
(അവസാനിച്ചു)

Series Navigation<< മനസ്സിന്റെ അടിത്തട്ടിലെ കടല്‍ ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 23)
Tags: ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
Share17TweetSendShare

Related Posts

മനസ്സിന്റെ അടിത്തട്ടിലെ കടല്‍ ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 23)

ആംഗ്യഭാഷാ പഠനം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 22)

സമാനതകള്‍  ഇല്ലാത്ത ഏകാന്തത(ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 21)

ഭൂതകാലത്തേക്കുള്ള കൂപ്പുകുത്തല്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 20)

ട്രെയിന്‍ എന്ന വൈകാരിക മീഡിയം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 19)

ഫൈനല്‍ ലാപ്പ് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 18)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ഇസ്രായേൽ-ഇറാൻ സംഘർഷം : പൗരസുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികളുമായി ഭാരതം

വായനാവാരത്തിന് തുടക്കം

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്‌ഷ്യം അടിമത്ത മനോഭാവത്തില്‍ നിന്നുള്ള മോചനം- ധര്‍മ്മേന്ദ്ര പ്രധാന്‍

ലോകനേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: എന്‍. ഇന്ദ്രസേന റെഡ്ഡി

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

എയർ ഇന്ത്യ വിമാനാപകടം ദാരുണവും ദൗർഭാഗ്യകരവുമായ സംഭവം: സുനിൽ ആംബേക്കർ

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

സുശക്ത ഭാരതത്തിന്റെ സൂചികകൾ

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻബൈഠക്ക് ജൂലൈയിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies