തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്‍ താന്‍ എഴുത്തുനിര്‍ത്തി എന്ന് വിലപിച്ചപ്പോള്‍ പിന്തുണ നല്‍കാനും ആശ്വസിപ്പിക്കാനും ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ രോഷം കൊള്ളാനും എത്രയാളുകളായിരുന്നു. ഇയ്യിടെ മലയാളത്തിലെ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് സാഹിത്യപ്രഭാഷണം നിര്‍ത്തി എന്ന് സാമൂഹ്യമാധ്യമത്തിലൂടെ കരഞ്ഞുപറഞ്ഞപ്പോള്‍ ഒരാള്‍ക്കും പ്രതികരണമില്ല. സാഹിത്യ അക്കാദമി തന്നെ പ്രസംഗത്തിനു വിളിച്ച് അപമാനിച്ചു, ഇതിനെക്കുറിച്ച് തന്റെ പ്രസംഗം കേട്ടവരാരും ഒരക്ഷരം മിണ്ടിയില്ല എന്നൊക്കെ പറഞ്ഞായിരുന്നു ചുള്ളിക്കാടിന്റെ പ്രഭാഷണം നിര്‍ത്തല്‍ പ്രഖ്യാപനം. സാഹിത്യകാരനായ തന്നെ അപമാനിച്ചതിലുള്ള രോഷം തന്നെയായിരുന്നല്ലോ പെരുമാള്‍ മുരുകന്റെയും പ്രശ്‌നം. അവിടെ അയാള്‍ പ്രതിയാക്കിയത് ഇതിലൊരു പങ്കുമില്ലാത്ത ഹിന്ദു സംഘടനകളെ. അതാണ് പെരുമാള്‍ മുരുകനു പിന്തുണയുണ്ടാകാനുള്ള കാരണം. സാഹിത്യകാരനുണ്ടായ അപമാനമല്ല പ്രതികരണക്കാരുടെ ആവേശത്തിന്റെ യഥാര്‍ത്ഥകാരണം.
തന്നെ അപമാനിച്ചു എന്ന കുറ്റം ചുള്ളിക്കാട് ഹിന്ദുത്വസംഘടനകളുടെ തലയില്‍ കെട്ടിവെച്ചിരുന്നെങ്കില്‍ പിന്തുണയുമായി ‘അഹമിഹയാ’ സാംസ്‌കാരിക നായകന്മാര്‍ വന്നേനെ. എന്നാല്‍ ചുള്ളിക്കാടിന് ഇത്തരം നമ്പറിറക്കാന്‍ ഒരു സാധ്യതയുമില്ലാതെ പോയി. അപമാനിച്ചത് സാഹിത്യ അക്കാദമി. അതിന്റെ തലപ്പത്തിരിക്കുന്നതും നിയന്ത്രിക്കുന്നതും ഇടതുസഹയാത്രികര്‍. അപ്പോള്‍ എങ്ങനെ ഹിന്ദുത്വസംഘടനകളെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കും? സാഹിത്യഅക്കാദമിയിലുണ്ടായ അനുഭവത്തിന് ചുള്ളിക്കാടിനെ ഒന്നു തണുപ്പിക്കാനാവാം തുഞ്ചന്‍ പറമ്പില്‍ ആശാന്‍ കവിതകളെക്കുറിച്ച് പ്രഭാഷണത്തിന് അദ്ദേഹത്തെ ക്ഷണിച്ചത്. ഇനി പ്രഭാഷണത്തിന് താനില്ല എന്നു ചുള്ളിക്കാട് തീരുമാനിച്ചത് ഈ നീക്കത്തിനു തിരിച്ചടിയായി. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ചുള്ളിക്കാടല്ല അതിലും വലിയ സാഹിത്യകാരന്മാര്‍ വായില്‍ കോലിട്ടുകുത്തിയാല്‍ പോലും ഇക്കൂട്ടര്‍ ഒരക്ഷരം മിണ്ടില്ല.