മക്കളേ,
കടലുകാണാന്‍ വിളിക്കരുത്
വലിയൊരു സങ്കടക്കടല്‍ തന്നിട്ടാണ്
നിങ്ങടെയച്ഛന്‍
മറ്റൊരുവളുടെ ബീച്ചിലേക്ക് പോയത്
കാടുകാണാനും വിളിക്കരുത്
കാട്ടില്‍ വച്ചാണ്
നിങ്ങടെയച്ഛന്‍
എന്നെ നിഷ്‌കരുണം പുണര്‍ന്നതും
പിന്നെ പിഴപ്പിച്ചതും
മലകയറാനും വിളിക്കരുത്
മലമുകളില്‍ വച്ചാണ്
നിങ്ങടെയച്ഛന്‍
എന്നെ കൊക്കയിലേക്ക്
തള്ളിയിട്ടത്
ജീവിതത്തിലേക്കും വിളിക്കരുത്
ജീവിതം നഷ്ടപ്പെട്ടതുകൊണ്ടാണ്
ഇതൊക്കെ പറയാന്‍
സ്വപ്‌നത്തില്‍ മാത്രം
വരേണ്ടിവരുന്നത്!