- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- മനസ്സിന്റെ അടിത്തട്ടിലെ കടല്‍ ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 23)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
ആക്ടിവിറ്റികള്‍ സ്‌പെഷ്യല്‍ കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ വ്യായാമം നല്‍കുന്നു. പ്രധാനപ്പെട്ട ഏതാനും ആക്ടിവിറ്റികളും അവ കൊണ്ടുള്ള പ്രയോജനവും താഴെ കൊടുക്കുന്നു:
1. Letter Cancellation ഒരു പേപ്പറില്‍ ഏതാനും അക്ഷരങ്ങള്‍(a, b, d, f, h, y, 1, 3, 5, 8) ഇടകലര്‍ത്തി, ആവര്‍ത്തിച്ച്, വരിവരിയായി എഴുതിയശേഷം, അതില്‍ നിന്ന് ഏതെങ്കിലും 1-2 അക്ഷരങ്ങള്‍ മാത്രം തിരഞ്ഞെടുത്ത്, അതിനു ചുറ്റും വൃത്തം വരയ്ക്കുന്ന രീതിയാണിത്. കുട്ടികളിലെ ശ്രദ്ധ കൂട്ടാനും, അക്ഷരങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി വര്‍ദ്ധിപ്പിക്കാനും ഇതുവഴി കഴിയും. ഈ ആക്ടിവിറ്റി (എല്ലാ ആക്ടിവിറ്റികളും) എളുപ്പമാണെന്ന് തോന്നാമെങ്കിലും ചില കുട്ടികള്‍ ഇതുചെയ്യാന്‍ തുനിയാറില്ല. എങ്ങിനെ ചെയ്യണമെന്ന് അറിയാത്തതോ, അക്ഷരങ്ങള്‍ തിരിച്ചറിയാത്തതോ ആയിരിക്കണമെന്നില്ല കാരണം. ചിലപ്പോള്‍ മടിയാകാം, ചിലപ്പോള്‍ കരുതിക്കൂട്ടിയുള്ള നിസ്സഹകരണമാകാം. അല്ലെങ്കില്‍ അവര്‍ക്കു മാത്രം അറിയുന്ന മറ്റെന്തെങ്കിലും കാരണം.
2. Buttons and tweezer ഈ ആക്ടിവിറ്റിയില്‍ വിവിധ വലിപ്പമുള്ള ബട്ടണുകള്‍ ചെറു ചവണ (Tweezer)) ഉപയോഗിച്ച് പെറുക്കിയെടുത്ത് ഒരു പെട്ടിയില്‍ നിക്ഷേപിക്കണം. സ്‌പെഷ്യല്‍ കുട്ടികളെ അപേക്ഷിച്ച്, നല്ല പോലെ നോക്കി, ശ്രദ്ധിച്ച് ചെയ്യേണ്ട പണിയാണിത്. കണ്ണും കയ്യും തമ്മിലുള്ള കോ-ഓര്‍ഡിനേഷന്‍, ചെറുമസിലുകളുടെ ചലനക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ഈ ആക്ടിവിറ്റി പ്രയോജനപ്പെടുന്നു.
3. Beading വിവിധ ആകൃതിയിലുള്ള ചെറിയ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒരു നൂലില്‍ കോര്‍ത്തെടുക്കുന്ന പ്രവൃത്തിയാണിത്. വട്ടത്തിലും ത്രികോണത്തിലും ചതുരത്തിലുമുള്ള ഈ വസ്തുക്കളുടെ മദ്ധ്യഭാഗത്ത് ഒരു ദ്വാരം ഉണ്ടായിരിക്കും. ഇതിലൂടെ നൂല്‍ കടത്തി കോര്‍ക്കുകയും, അതിനുശേഷം സാവധാനം ഊരിയെടുക്കുകയും വേണം. കണ്ണ്, വിരലുകള്‍, ചെറുമസിലുകള്‍ എന്നിവ തമ്മിലുള്ള കോ-ഓര്‍ഡിനേഷന്‍ കൂട്ടാന്‍ ഉപകാരപ്രദം.
4. Puzzles കുട്ടികളുടെ ചിന്താശേഷിയും പ്രശ്‌നപരിഹാര ക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ആക്ടിവിറ്റിയാണ് Puzzles .ഇതു നാനാതരത്തിലുണ്ട്. വീട്, കളിസ്ഥലം, വാഹനങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള ഒരു മുഴുചിത്രത്തെ പലഭാഗങ്ങളായി ഭാഗിച്ച് കുട്ടികള്‍ക്കു നല്‍കും. കുട്ടികള്‍ ഈ ചിത്രഭാഗങ്ങള്‍ കൂട്ടി യോജിപ്പിച്ച് മുഴുവന്‍ ചിത്രം പുനര്‍നിര്‍മിക്കണം. രണ്ടാമത്തെ Puzzles വിഭാഗത്തില്‍, ആശയങ്ങളെ പ്രതിനിധീകരിക്കുന്ന വിവിധ ചിത്രങ്ങള്‍ നല്‍കി, അവയില്‍ സമാനമായവ കൂട്ടി യോജിപ്പിക്കാന്‍ പറയും. ഉദാഹരണമായി, ഒന്നാമത്തെ ചിത്രത്തില്‍ പച്ചക്കറിയും, രണ്ടാമത്തെ ചിത്രത്തില്‍ കത്തിയും ബോര്‍ഡും, മൂന്നാമത്തെ ചിത്രത്തില്‍ നുറുക്കിയ പച്ചക്കറിയും ഉണ്ടാകും. കുട്ടികള്‍ ഇത് ക്രമം അനുസരിച്ച് ക്രമീകരിക്കണം. ആശയങ്ങള്‍ മനസ്സിലാക്കാന്‍ അത്യുത്തമമാണ് Puzzles.
5. Peg Board പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ സുതാര്യവും വരിയും നിരയുമായി നിരവധി ചെറുസുഷിരങ്ങളും ഉള്ള ബോര്‍ഡാണ് ‘പെഗ് ബോര്‍ഡ്’. ഈ സുഷിരങ്ങളില്‍ വിവിധ നിറങ്ങളിലുള്ള പെഗ്ഗുകള്‍ തറയ്ക്കണം. ഇപ്രകാരം പെഗ്ഗുകള്‍ തറയ്ക്കുന്നത് ഏതെങ്കിലുമൊരു ഡിസൈനില്‍ ആയിരിക്കും. പെഗ് ബോര്‍ഡ് ഡിസൈനുകളുള്ള പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. കുട്ടികളില്‍ ഏതെങ്കിലുമൊരു പ്രവൃത്തിയിലുള്ള ശ്രദ്ധ വര്‍ദ്ധിപ്പിക്കാന്‍ ഈ ആക്ടിവിറ്റി സഹായകമാണ്. കൂടാതെ ആശയ രൂപീകരണത്തിനും ഇത് ഉത്തമം തന്നെ.
6. Color coding and Shape coding ഴ കളര്‍/ഷേപ്പ് കോഡിങാണ് ശ്രദ്ധയും ആശയരൂപീകരണവും വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു ആക്ടിവിറ്റി. ഇതുപ്രകാരം ഒരു വെള്ളപേപ്പറിന്റെ ഏറ്റവും മുകളില്‍, വിവിധ രൂപങ്ങള്‍ (ചതുരം, ത്രികോണം, ഷഡ്ഭുജം, വൃത്തം, ദീര്‍ഘചതുരം) വരച്ച് അവയ്ക്കു വിവിധ കളറുകള്‍ നല്‍കും. ഇത് ഒരു മാതൃകയാണ്. ഈ മാതൃക നോക്കി അതിനു താഴെയുള്ള രൂപങ്ങള്‍ക്കു കളര്‍ നല്‍കണം. മാതൃകയില്‍ ത്രികോണത്തിനു ചുവപ്പ് നിറമാണ് നല്‍കിയിരിക്കുന്നതെങ്കില്‍, അതിനു താഴെയുള്ള എല്ലാ ത്രികോണങ്ങള്‍ക്കും ചുവപ്പ് നിറമാണ് നല്‍കേണ്ടത്. മറ്റു നിറങ്ങള്‍ നല്‍കാന്‍ പാടില്ല. ശ്രദ്ധ വര്‍ദ്ധിപ്പിക്കാനും ആശയ രൂപീകരണത്തിനും ഈ ആക്ടിവിറ്റി സഹായകമാണ്.
ഇത്രയും പറഞ്ഞതില്‍ നിന്ന് ഒരുകാര്യം എളുപ്പം മനസ്സിലാക്കാം. എന്തെന്നാല്‍, നോര്‍മലായ ഒരാളെ സംബന്ധിച്ച് ആക്ടിവിറ്റികള്‍ അതിനിസ്സാരമാണെന്നല്ല, ശ്രദ്ധേയം പോലുമല്ല. ഇതുപോലുള്ള ആക്ടിവിറ്റികള്‍ (ഉദാഹരണമായി, കണ്ണും വിരലും തമ്മിലുള്ള കോ-ഓര്‍ഡിനേഷന്‍) ചെയ്തിട്ട് എന്താകാനാണ് എന്നവര്‍ക്കു തോന്നാം. പക്ഷേ, സ്‌പെഷ്യല്‍ കുട്ടികളെ സംബന്ധിച്ച് ഇവയ്ക്കു വലിയ പ്രാധാന്യമുണ്ട്. കുട്ടികളില്‍ ചിലര്‍ ചലിക്കാന്‍ പോലും മടിയുള്ളവരാണ്. കളിസ്ഥലത്തു പോലും ഇക്കൂട്ടര്‍ എവിടെയെങ്കിലും ഇരിക്കാനേ മിനക്കെടൂ. ഇവരുടെ കാലിനും കൈയ്ക്കും മാത്രമല്ല, ശരീരത്തിലെ എല്ലാ മസിലുകള്‍ക്കും വ്യായാമം എത്തിക്കേണ്ടതുണ്ട്. മറ്റു കുട്ടികള്‍ സാധാരണ ചെയ്യാറുള്ള പ്രവൃത്തികളൊന്നും ഇവര്‍ ചെയ്യാത്തതിനാല്‍, ഈ കുട്ടികളുടെ കയ്യിലെ ചെറുമസിലുകള്‍ക്കുവരെ വ്യായാമം നല്‍കിയേ തീരൂ. ഇല്ലെങ്കില്‍ നിഷ്‌ക്രിയതയും ജഢത്വവും ഇവരില്‍ ക്രമേണ വര്‍ദ്ധിച്ചു വരും. അതിനു തടയിടണം. പ്രാധാന്യമില്ലാത്ത ഒരു ആക്ടിവിറ്റിയുമില്ല എന്നതാണ് സത്യം. സ്‌പെഷ്യല്‍ കുട്ടികളെ സംബന്ധിച്ച് എല്ലാം പ്രാധാന്യമുള്ളതാണ്.
ഇത്തരം ആക്ടിവിറ്റികള്‍ കുട്ടികളുടെ ഊര്‍ജ്ജസ്വലതയില്‍ മാറ്റമുണ്ടാക്കുമോ, അവരുടെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായകമാണോ, എന്നെല്ലാം ആദ്യകാലത്ത് ഞാന്‍ സംശയിച്ചിട്ടുണ്ട്. Resilient Minds െസീനിയര്‍ സൈക്കോളജിസ്റ്റ്, ആന്‍ ആഞ്ചലിന്‍ സംശയങ്ങള്‍ ദുരീകരിക്കുന്ന മറുപടിയാണ് നല്‍കിയത്.
”ആക്ടിവിറ്റികള്‍ കുട്ടികളുടെ ഊര്‍ജ്ജസ്വലത മെച്ചപ്പെടുത്താന്‍ വളരെ സഹായിക്കും. ആക്ടിവിറ്റികളുടെ റിസള്‍ട്ട് വലിയ കാലതാമസം ഇല്ലാതെ കുട്ടികളില്‍ ദൃശ്യമാകണം എന്ന തെറ്റിദ്ധാരണ മൂലമാണ് സുനില്‍ ഇവയുടെ പ്രയോജനക്ഷമതയെ സംശയിക്കുന്നത്. സത്യത്തില്‍, ആക്ടിവിറ്റികളുടെ ഫലം സാവധാനമേ കുട്ടികളില്‍ തെളിയൂ. ചിലരില്‍ പുരോഗതി വളരെ സാവധാനമായിരിക്കും. അവര്‍ ആക്ടിവിറ്റികള്‍ മനസ്സിലാക്കാനും ചെയ്യാനും മാസങ്ങള്‍ തന്നെ എടുത്തേക്കാം. ഏറ്റവും ആവശ്യം ക്ഷമയാണ്, ടീച്ചര്‍മാരുടെ ഭാഗത്തുനിന്നും മാതാപിതാക്കളുടെ ഭാഗത്തുനിന്നും.”
ആന്‍ തുടര്‍ന്നു.
”കുട്ടികള്‍ ഒരിക്കലും വെറുതെ ഇരിക്കരുത്, അവരെന്തെങ്കിലും ചെയ്യണം. ചിട്ടയായ എന്തെങ്കിലും കാര്യം… ആക്ടിവിറ്റീസ് കുട്ടികള്‍ ചെയ്‌തേ മതിയാകൂ. ഇല്ലെങ്കില്‍ ഭാവിയില്‍ അവരുടെ പെരുമാറ്റം മോശമാകും. എന്നാല്‍ ആക്ടിവിറ്റികള്‍, അതെത്ര ചെറുതായാലും, ചെയ്താല്‍, ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഏറെക്കുറെ അച്ചടക്കമുള്ളവരാകും. ചെയ്യേണ്ടതെന്തെന്നും ചെയ്യാന്‍ പാടില്ലാത്തത് എന്തെന്നും അവര്‍ക്കു വിവേചനം വരും.”
ക്ലാസ്സ് മുറിയില്‍ ടീച്ചര്‍മാരുടെ പെരുമാറ്റം, കൂടുവിട്ടു കൂടുമാറുന്ന ശൈലിയിലായിരുന്നു. ഓരോ കുട്ടികളോടും അവര്‍ ഓരോ രീതിയില്‍ ഇടപഴകി. അര്‍പ്പിതയോടു കര്‍ക്കശമായി പെരുമാറിയിട്ടു കാര്യമില്ല. സ്‌നേഹപൂര്‍ണ നിര്‍ദ്ദേശങ്ങളേ അര്‍പ്പിത പരിഗണിക്കൂ. നേരെമറിച്ച് നവനീത് സ്‌നേഹമയമായ വാക്കുകള്‍ക്കു ചെവികൊടുക്കില്ല. കര്‍ക്കശമായി തന്നെ പറയേണ്ടി വരും. ഇപ്രകാരം ഓരോ കുട്ടിയും ഓരോ തരത്തില്‍ പരിചരിക്കപ്പെടണം.
നമ്മുടെ പെരുമാറ്റം നമ്മുടെ മനസ്സിന്റെ പ്രതിഫലനമാണ്. പെരുമാറ്റം നിരീക്ഷിച്ചാല്‍ മാനസികനില മനസ്സിലാക്കാം. പക്ഷേ നാം പെരുമാറണം. പ്രവൃത്തികള്‍ ചെയ്യണം. എങ്കിലേ മനസ്സിനെ സജീവമാക്കാന്‍ പറ്റൂ. പ്രമുഖ ബ്രിട്ടീഷ് തത്ത്വജ്ഞാനിയാണ് ജോണ്‍ ലോക്കെ(John Locke). Empiricism-ത്തിന്റെ പിതാവായി പാശ്ചാത്യദര്‍ശനം ഇദ്ദേഹത്തെ പരിഗണിക്കുന്നു. ‘അനുഭവ’ത്തിനു (Experience) യുക്തിയേക്കാള്‍ (reason) പ്രാധാന്യം കൊടുക്കുന്ന തത്ത്വജ്ഞാന രീതിയാണ്Empiricism. ഇതുപ്രകാരം തുടക്കത്തില്‍ മനസ്സ്, ഉള്ളടക്കം ഒന്നുമില്ലാതെ ശൂന്യമായിരിക്കും (Blank Slate). അനുഭവങ്ങള്‍ വന്നു നിറയുമ്പോള്‍ മനസ്സ് സജീവമാവുകയായി. അനുഭവങ്ങള്‍ ഉണ്ടാകണമെങ്കില്‍ പ്രവൃത്തികള്‍ ചെയ്യണം. കുട്ടികളുടെ മനസ്സ് സജീവമാക്കാന്‍, അപ്പോള്‍, ധാരാളം ആക്ടിവിറ്റികള്‍ നല്‍കണം. അതും വ്യതിരിക്തതയുള്ള ആക്ടിവിറ്റികള്‍. ഓരോ ആക്ടിവിറ്റിയും അവരിലെ ചിന്തയെ, ആശയങ്ങളെ പരിപോഷിപ്പിക്കണം.
കുട്ടികളുടെ സ്വഭാവരീതിയും മനസ്സും അല്പം മനസ്സിലാക്കാന്‍, അവരെ മറ്റു കുട്ടികളോടൊപ്പം കളിസ്ഥലത്ത് വിട്ടാല്‍ മതി. അവിടെ കുട്ടി പെരുമാറുന്നത് ശ്രദ്ധിക്കുക. മറ്റു കുട്ടികളുമായി കുട്ടി ഇടപഴകുന്നുണ്ടോ? എങ്ങിനെ, എത്രമാത്രം ഇടപഴകുന്നു എന്നെല്ലാം നിരീക്ഷിക്കുക. അതുവഴി കുട്ടിയുടെ മനസ്സിലേക്കു നമുക്കു കടന്നുചെല്ലാം. പ്രവൃത്തികള്‍ മനസ്സിന്റെ പ്രതിഫലനമാണ്. പെരുമാറ്റത്തിലെ വൈകല്യം മാനസിക വൈകല്യത്തിലേക്കു വിരല്‍ചൂണ്ടുന്നു. ഓരോ കുട്ടിയുടേയും മാനസിക വളര്‍ച്ച അവരുടെ പ്രവൃത്തികളില്‍ പ്രതിഫലിക്കും. കളിക്കുമ്പോഴാണ് ഒരു കുട്ടിയുടെ പ്രവൃത്തികള്‍ കൂടുതല്‍ തെളിമയാര്‍ജ്ജിക്കുന്നത്. നിയന്ത്രണമില്ലാത്ത, സ്വതന്ത്ര ചുറ്റുപാടിലാണല്ലോ ആത്മപ്രകാശനം കൂടുതല്‍ സാധ്യമാവുക.
കളിസ്ഥലത്ത് പ്രതിഫലിക്കാത്ത മനസ്സിന്റെ അകത്തളത്തിലേക്കു മറ്റു പ്രവൃത്തികള്‍ വഴി വെളിച്ചം കടത്തിവിട്ടു പരിശോധിക്കണം. ആക്ടിവിറ്റീസ് എന്നാല്‍ ക്രീഡാവിനോദം മാത്രമല്ലെന്ന് സാരം. ക്രീഡകള്‍ പൊതുവെ അച്ചടക്കം ഉള്ളതല്ല. അച്ചടക്കമില്ലായ്മയാണ് അതിന്റെ മേന്മയും കോട്ടവും. സ്‌പെഷ്യല്‍ കുട്ടികളുടെ മനസ്സിനെ അളക്കാന്‍ ക്രീഡാവിനോദങ്ങള്‍ സഹായിക്കുമെങ്കിലും കുട്ടിയെ അച്ചടക്കമുള്ളതാക്കാന്‍ അവ പോര. അവരെ ഏതെങ്കിലും ഒരു പ്രവൃത്തിയില്‍ ശ്രദ്ധ ചെലുത്തിക്കാനും പറ്റില്ല. അച്ചടക്കവും ശ്രദ്ധയും നാം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ഈ ശ്രമകരമായ ചുമതലയാണ് സ്‌പെഷ്യല്‍ എജുക്കേഷന്‍ ഫീല്‍ഡില്‍ ജോലിചെയ്യുന്ന ടീച്ചര്‍മാര്‍ക്കും തെറാപ്പി-സൈക്കോളജിസ്റ്റുകള്‍ക്കും നിര്‍വഹിക്കാനുള്ളത്.
***** *****
മിക്ക സ്‌പെഷ്യല്‍ കുട്ടികളേയും പരിചരിക്കുക എളുപ്പമല്ല. അവര്‍ നമ്മുടെ ശ്രദ്ധാവലയത്തില്‍ എപ്പോഴുമുണ്ടാകണം. ഇക്കാരണത്താല്‍, സ്‌പെഷ്യല്‍ കുട്ടികളെ പരിചരിച്ചു വളര്‍ത്താന്‍ അനുയോജ്യം കൂട്ടുകുടുംബ വ്യവസ്ഥിതിയാണ്. കുട്ടികളില്‍ ശ്രദ്ധവയ്ക്കാന്‍ രണ്ടിലധികം പേരുള്ളത് മാതാപിതാക്കള്‍ക്ക് ആശ്വാസകരമാണ്. അവരിലെ മാനസികസംഘര്‍ഷം വീതിയ്ക്കപ്പെട്ടു പോവുമല്ലോ. അണുകുടുംബങ്ങളില്‍ സ്ഥിതി നേരെ തിരിച്ചാണ്. കുട്ടികളെ പരിചരിച്ച് നോക്കിവളര്‍ത്താന്‍ അവിടെ മാതാവിനോ പിതാവിനോ മുഴുവന്‍ സമയവും നീക്കിവയ്‌ക്കേണ്ടി വരും. ഇത് ഇരുവരിലും മാനസികസമ്മര്‍ദ്ദം കൂട്ടും.
സ്‌പെഷ്യല്‍ കുട്ടികളുള്ള മാതാപിതാക്കളുടെ മനസ്സിലേക്ക് ഒരു എത്തിനോട്ടം സാധ്യമാണോ? അസാധ്യമെന്നു തോന്നാമെങ്കിലും എനിക്കതിനു കഴിയും. കാരണം ഞാനുമൊരു സ്‌പെഷ്യല്‍ വ്യക്തിയാണ്. എന്റെ മാതാപിതാക്കളുടെ വിഷമതകള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അതുമായി താരതമ്യപ്പെടുത്തി സ്‌പെഷ്യല്‍ കുട്ടികളുടെ മാതാപിതാക്കളുടെ മനോഹിതം ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
കടല്‍
ആത്മകഥാ കുറിപ്പുകള്‍ ഒന്നൊന്നായി പ്രസിദ്ധീകരിച്ച് തുടങ്ങിയ ശേഷം, ഒരു ദിവസം, ഹരീഷ് എന്നോടു ചോദിച്ചു, ‘നീയെന്തിനാണ് ഇക്കാര്യങ്ങള്‍ ഇങ്ങിനെ പരസ്യമായി എഴുതിയിടുന്നത്, ഒരു വിലാപം പോലെ?’
വാട്ട്‌സാപ്പിലാണ് അവന്റെ സന്ദേശം വന്നത്. ചോദ്യത്തിന്റെ മുന്നില്‍ ഒരുവേള ഞാന്‍ പതറിപ്പോയി. എനിക്ക് പിഴച്ചോ ദൈവങ്ങളേ! വെറും വിലാപമാണോ എന്റെ എഴുത്ത്? വൈകല്യമുള്ളവരുടെ മനസ്സിനെ തുറന്നു കാണിക്കുമ്പോള്‍ അതില്‍ വിലാപത്തിന്റെ അംശമുണ്ടാകും. തീര്‍ച്ച. എന്നാല്‍ എന്റെ എഴുത്തിനു കൂടുതല്‍ വിശാലമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്.
ഹരീഷിന്റെ മെസേജ് വായിച്ച് ഏറെക്കഴിഞ്ഞിട്ടും, വിലാപം എന്ന വാക്ക് എന്നില്‍ കത്തിപ്പിടിച്ചു നിന്നു. ഞാന്‍ കുറേക്കാലം വിലപിച്ചിട്ടുള്ള ആളായതുകൊണ്ടാകാം. പണ്ട് എന്നും കരയുമായിരുന്നു. ഇതിന്റെ തുടക്കം കുട്ടിക്കാലത്താണ്. ആനിവേഴ്‌സറി സംഭവം നടന്ന ദിവസം, രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു. അമ്മ ഉള്‍പ്പെടെ ആരുമത് അറിഞ്ഞില്ല. വീട്ടുകാരെല്ലാം മുറിക്കുള്ളില്‍ ഉറങ്ങുമ്പോള്‍ ഞാന്‍ മാത്രം ചുമരില്ലാത്ത, ജനല്‍ക്കമ്പികള്‍ മാത്രമുള്ള ഹാളില്‍ കിടന്നു ശീലിച്ചിരുന്നു. അതും പന്ത്രണ്ട് വയസ്സിനുള്ളില്‍ തന്നെ. ഭയമൊക്കെയുണ്ട്, എന്നാല്‍ ധൈര്യവാനുമായിരുന്നു.
ആനിവേഴ്‌സറി സംഭവത്തിനു ശേഷവും, വലിയ ഇടവേളയില്ലാതെ ഞാന്‍ പലപ്പോഴും കരഞ്ഞു. എന്നാല്‍, കനത്ത മാനസിക സംഘര്‍ഷത്തോടെ കരയുന്നത്, കോളേജ് പഠനകാലത്താണ്. ശ്രവണന്യൂനത മൂലം ലക്ചറുകള്‍ മനസ്സിലാകില്ലായിരുന്നു. പഠിക്കാനാണെങ്കില്‍ ആഗ്രഹമുണ്ട്. പത്താം ക്ലാസില്‍ 86 ശതമാനമായിരുന്നു മാര്‍ക്ക്. കോളേജ് ക്ലാസ്മുറിയില്‍ ലക്ചറുകള്‍ കേട്ടു മനസ്സിലാകാതെ വന്നപ്പോഴൊക്കെ രാത്രിയില്‍ ആരുമറിയാതെ ഞാന്‍ കരഞ്ഞു. ഒരു ദിവസം, ലൈറ്റണച്ച് ചാരുകസേരയില്‍ കൂനിക്കൂടിയിരുന്നു ഞാന്‍ കരയുന്നത് അമ്മ കണ്ടു. അങ്ങിനെ എന്റെ മാനസിക സംഘര്‍ഷം വീട്ടുകാരുടേത് കൂടിയായി. അമ്മയുടെ മനസ്സില്‍ അന്ന് ഒരു കടല്‍ രൂപംകൊണ്ടു! അശാന്തമായ കടല്‍.
വിവിധ മേഖലകളില്‍ പ്രശസ്തനായ അരുണ്‍ ഷൂരിയുടെ പ്രമുഖ പുസ്തകങ്ങളില്‍ ഒന്നാണ്Does He Know a Mother’s Heart?’. അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങളില്‍ നിന്ന് വ്യത്യസ്തതയുള്ള കൃതിയാണിത്. ഇതില്‍ ഷൂരി പ്രത്യേക പരിഗണന ആവശ്യമുള്ള തന്റെ മകനെപ്പറ്റി പറയുന്നുണ്ട്. ഒരിക്കല്‍ അദ്ദേഹം സകുടുംബം ജിദ്ദു കൃഷ്ണമൂര്‍ത്തിയെ സന്ദര്‍ശിച്ചത്രെ. തദവസരത്തില്‍ ജിദ്ദു കൃഷ്ണമൂര്‍ത്തി, അനിത ഷൂരിയോടു ‘മകനെപ്പറ്റി എന്തു തോന്നുന്നു?’ എന്നു ചോദിച്ചു. ആദ്യമെല്ലാം അനിത ഷൂരി ചോദ്യത്തില്‍ നിന്ന് വ്യതിചലിച്ച്, ‘മകന്‍ സന്തോഷവാനാണ്, മകന്‍ ഞങ്ങളുടെ ജീവനാണ്’ എന്നെല്ലാം മറുപടി നല്‍കി. എന്നാല്‍ ജിദ്ദു കൃഷ്ണമൂര്‍ത്തി ചോദ്യത്തില്‍ ഉറച്ചുനിന്ന്, ‘മകനെപ്പറ്റി എന്തു തോന്നുന്നു’ എന്ന ചോദ്യം ആവര്‍ത്തിച്ചു. അവസാനം, പ്രതിരോധങ്ങള്‍ എല്ലാം തകര്‍ന്ന് അനിത ഷൂരി പൊട്ടിക്കരഞ്ഞു. മകന്റെ അവസ്ഥ അവരെ അത്രമേല്‍ ദുഃഖിപ്പിക്കുന്നുണ്ടായിരുന്നു. അവരുടെ മനസ്സില്‍ ഒരു കടലുണ്ടായിരുന്നു.
Resilient Mindsല്‍ വരുന്ന ഓരോ കുട്ടികളുടേയും മാതാപിതാക്കള്‍ ഇതുപോലെയാണ്. അവര്‍ നിസ്സീമമായ ദുഃഖം മനസ്സിലടക്കി ജീവിക്കുന്നവരാണ്. സമര്‍ത്ഥമായ ഒരു ചോദ്യം ചെയ്യലോ, സംഭാഷണമേ വേണ്ടൂ, അവരിലെ ദുഃഖത്തെ അണപൊട്ടിയൊഴുക്കാന്‍. എന്നാല്‍, സാധാരണ കുട്ടികളുടെ മാതാപിതാക്കളെ പോലെ, പുറമേക്ക് അവര്‍ ആഹ്ലാദപരമായി പെരുമാറും. എല്ലാ ദിവസവും രാവിലെ, സ്‌പെഷ്യല്‍ സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്നത് മാതാപിതാക്കളാണ്. അന്നേരം സ്‌കൂളിലെ ടീച്ചേഴ്‌സുമായി അവര്‍ സംസാരിക്കും. ഈ സമയത്തെല്ലാം അവരുടെ പെരുമാറ്റം സാധാരണ രീതിയിലാണ്. എന്നാല്‍ ഇത് അവരിലെ സ്ഥായിയായ ഭാവത്തെ സൂചിപ്പിക്കുന്നില്ല. ആരവവും ആളുകളും ഒഴിയുന്ന വേളയില്‍, വീടിന്റെ അകത്തളത്തില്‍ ഇരുന്ന്, അരോരുമറിയാതെ അവര്‍ വിലപിക്കുന്നുണ്ടാകും. കാരണം, അവരുടെ മനസ്സിന്റെ അടിത്തട്ടില്‍ ഒരു കടലുണ്ട്. മക്കളെ സ്‌നേഹിക്കുന്ന ഏതു മാതാപിതാക്കളുടേയും മനസ്സിലുള്ള കടല്‍.
Resilient Minds-ല്‍ വളന്റിയറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി മൂന്ന് മാസങ്ങള്‍ക്കു ശേഷം ഒരു ദിവസം. രാവിലെ ഒമ്പതുമണി മുതലാണ് കുട്ടികള്‍ സ്‌കൂളില്‍ വന്നു തുടങ്ങുക. കുട്ടികള്‍ എത്തുമ്പോള്‍ അവരെ സ്വീകരിച്ച്, കുശലവാക്കുകള്‍ പറയാന്‍ ടീച്ചര്‍മാരില്‍ ആരെങ്കിലും ഒരാള്‍ വാതില്‍ക്കല്‍ ഉണ്ടാകും. ഞാന്‍ ഒരാഴ്ച നാട്ടില്‍നിന്ന്, തിരിച്ചെത്തി, ഒരു ദിവസം കുട്ടികളെ സ്വീകരിക്കുകയായിരുന്നു. ആദ്യം വിനുരാജ് എത്തി (ഈ അദ്ധ്യായത്തില്‍ സൂചിപ്പിച്ചിരിക്കുന്ന സ്‌പെഷ്യല്‍ കുട്ടികളുടെ പേരുകള്‍ ഒന്നും ശരിയായ പേരുകളല്ല). ഞാന്‍ വിനുരാജിനെ വിഷ് ചെയ്തു.
”ഗുഡ് മോണിങ്… വിനു”
പക്ഷേ, എനിക്കു പിന്നാലെ എത്തിയ കാവ്യ ടീച്ചര്‍ മറ്റൊരു പേരിലാണ് വിനുരാജിനെ വിളിച്ചത്.
”ഗുഡ് മോണിങ് വിഷ്ണു”
എനിക്കൊന്നും മനസ്സിലായില്ല. കാവ്യ ടീച്ചറെ ഞാന്‍ തിരുത്താന്‍ പോയെങ്കിലും, ‘പിന്നെ പറയാം’ എന്ന അര്‍ത്ഥത്തില്‍ ടീച്ചര്‍ എന്നെ കണ്ണുകാണിച്ചു. ഞാന്‍ പിന്തിരിഞ്ഞു. ആദ്യത്തെ പിരീഡ് കഴിഞ്ഞ് ലഘുഭക്ഷണത്തിന്റെ സമയമായപ്പോള്‍ കാവ്യ ടീച്ചര്‍ കാര്യം പറഞ്ഞു.
”വിനുരാജിന്റെ പേര് വീട്ടുകാര്‍ മാറ്റി. വിനുവിനെ ഇനിമുതല്‍ വിഷ്ണു എന്നേ വിളിക്കാവൂ”
പേരുമാറ്റത്തിന്റെ കാരണം ഞാന്‍ ചോദിച്ചില്ല. കാവ്യ ടീച്ചര്‍ പറഞ്ഞുമില്ല. ഞങ്ങള്‍ ഇരുവര്‍ക്കും ആരും പറയാതെ തന്നെ കാരണമറിയാമായിരുന്നു.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)