- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- ട്രെയിന്‍ എന്ന വൈകാരിക മീഡിയം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 19)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
2012 ഒക്ടോബര്‍ – നവംബര്‍ മാസങ്ങള്‍ എന്നെ സംബന്ധിച്ചു പ്രധാനമായിരുന്നു. ‘ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകള്‍’ എന്നില്‍ പിച്ചവച്ചു തുടങ്ങിയ സമയം. ഒപ്പം ഞാന്‍ ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ചു. ‘എന്റെ മുന്നേറ്റം ശരിയായ പാതയിലൂടെയാണോ?, ചുറ്റിലുമുള്ള സുന്ദര ദൃശ്യങ്ങള്‍ കാത്തിരിക്കുന്ന യഥാര്‍ത്ഥ ചിത്രത്തെ കണ്ടറിയുന്നതില്‍നിന്നു എന്നെ തടയുന്നുണ്ടോ?’., എന്നിങ്ങനെ. കൂലംകഷമായി ആലോചിക്കേണ്ടി വന്നില്ല. ചോദ്യങ്ങളില്‍ കഴമ്പുണ്ടെന്നു ഒറ്റനോട്ടത്തില്‍ എനിക്കു മനസ്സിലായി. കമ്പനിയില്‍ തുടര്‍ന്ന കാലയളവില്‍ നിര്‍ണായക നേട്ടങ്ങള്‍ ഇല്ലായിരുന്നു. ചുറ്റുമുള്ള കാഴ്ചകള്‍ യാഥാര്‍ത്ഥ്യത്തെ മൂന്നേമുക്കാല്‍ കൊല്ലം എന്നില്‍ നിന്നു മറച്ചു പിടിച്ചിരിക്കുകയായിരുന്നു. ഞാന്‍ നിരാശനായി. പലരാലും, പലതിനാലും സമര്‍ത്ഥമായി കബളിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ അധികം വൈകിപ്പിക്കാതെ ആ അരങ്ങ് ഒഴിഞ്ഞു. ആരും അരുതെന്നു പറഞ്ഞു വിലക്കിയില്ല. ആരും അനുമോദിച്ചുമില്ല. വേര്‍പാടിനു എന്നിലും മറ്റുള്ളവരിലും പതിവ് നിസ്സംഗഭാവമായിരുന്നു. അതും നന്ന്.
ഐലാന്റ് എക്‌സ്പ്രസ്സില്‍ നാട്ടിലേയ്ക്കു പോവുകയാണ്. സാധാരണ ദിവസമായിട്ടും ട്രെയിനില്‍ നല്ല തിരക്ക്. വെറും നിലത്ത്, എന്റെ അടുത്തിരിക്കുന്നത് ഒരു വൃദ്ധനാണ്. മുഷിഞ്ഞ ലുങ്കിയും കീറഷര്‍ട്ടും ധരിച്ച ഒരു അപ്പൂപ്പന്‍. കുഴിഞ്ഞ കണ്ണുകള്‍. വലിയ ശാരീരിക അവശത ഇല്ലെങ്കിലും ദയനീയന്‍. മാനസികവ്യഥ ഏറെ അനുഭവിക്കുന്നുണ്ടെന്നു വ്യക്തം. അദ്ദേഹം എന്റെ മുഖത്തേയ്ക്കു നിര്‍വികാരനായി നോക്കി. ടോയ്‌ലറ്റില്‍നിന്ന് വരുന്ന മൂത്രഗന്ധത്തെ അവഗണിച്ച് ഞങ്ങള്‍ ആടിക്കുലുങ്ങി യാത്ര ചെയ്തു. കയ്യില്‍ കരുതിയിരുന്ന വീക്കിലി ഞാന്‍ ഇടയ്ക്കു അലസമായി മറിച്ചു നോക്കി.
സേലം കഴിഞ്ഞപ്പോള്‍ ഞാന്‍ വാതിലിനരുകിലേക്കു നീങ്ങിയിരുന്നു. കാലുകള്‍ ചമ്രം പടിഞ്ഞുവച്ചു. തണുപ്പ് ശരീരത്തിലേക്കു അരിച്ചരിച്ചു കയറി. ഇരുട്ടിലേയ്ക്കു ഓടിമറയുന്ന നിഴലുകളെ നോക്കി ഞാനിരുന്നു. അങ്ങകലെ വയലുകളുടെ വരമ്പത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകള്‍ ‘ഇതിഹാസ’ സ്മരണകള്‍ ഉണര്‍ത്തി.
ട്രെയിന്‍ ഈറോഡില്‍ നിന്നു പുറപ്പെട്ടപ്പോള്‍ ഞാന്‍ ഒരു ചൂടുചായ വാങ്ങി. തണുപ്പ് അധികരിച്ചിരിക്കുന്നു. ചായ മൊത്താന്‍ കപ്പ് ഉയര്‍ത്തുമ്പോള്‍ എന്തുകൊണ്ടോ എന്റെ മിഴികള്‍ പിന്നിലേയ്ക്കു ചലിച്ചു. വൃദ്ധന്‍ അവിടെത്തന്നെയുണ്ട്. തണുപ്പത്ത് കൂനിക്കൂടി ഇരിക്കുകയാണ്.
ഒരു ജ്ഞാനിയേപ്പോലെ ഞാന്‍ തിരിച്ചറിഞ്ഞു. ആ കണ്ണുകളില്‍ എന്നെപ്പറ്റി പ്രതീക്ഷയുണ്ട്!
ട്രെയിന്‍ വേഗതയെടുക്കുകയായിരുന്നു. എന്നെ തഴുകുന്ന കാറ്റിനും ശക്തിയേറി. ഭൂതകാലത്തിന്റെ കുളിരുള്ള ആ കാറ്റില്‍ ഞാനെന്റെ അമ്മയുടെ ദയനീയ ശബ്ദത്തിന്റെ അലയൊലികള്‍ കേട്ടു.
”പഞ്ചാര ഇല്ലെങ്കി അമ്മ എന്താ മോനേ ചെയ്യാ. മോനീ കാപ്പി കുടി.”
കാഴ്ചകളെ മറച്ച് എന്റെ കണ്ണുകള്‍ നിറഞ്ഞു. ചായക്കപ്പ് ഞാന്‍ പിന്നിലേയ്ക്കു നീട്ടി. അവിടെ സന്തോഷം. സംതൃപ്തി.
ഞാന്‍ കൂപ്പുകുത്തി, മനസ്സില്‍ എരിയുന്ന കുറേ സ്മരണകളിലേക്ക്.
******* *******
മഴയെപ്പറ്റി പലരും ഒരു പ്രത്യേക അഭിപ്രായം പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്. എല്ലാ മാനുഷിക വികാരങ്ങളും, അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍, മറ്റുള്ളവരിലേക്കു സന്നിവേശിപ്പിക്കാന്‍ മഴ നല്ല മീഡിയം ആണത്രെ. അതാണ് അവരുടെ മതം. ഇവിടെ, മാനുഷികവികാരങ്ങള്‍ എന്നതില്‍ സങ്കടം, സന്തോഷം., എന്നിങ്ങനെ എന്തും ഉള്‍പ്പെടാം. സിനിമാരംഗത്ത് ഈ ‘മഴ വിശ്വാസം’ നന്നായുണ്ട്. എത്രയോ സിനിമകളുടെ ക്ലൈമാക്‌സുകളില്‍ നാം മഴ കണ്ടിരിക്കുന്നു. സിനിമയിലെ മറ്റു രംഗങ്ങളില്‍ ഒരു ചാറ്റല്‍മഴ പോലുമില്ലെങ്കിലും ക്ലൈമാക്‌സില്‍ മഴ ഉണ്ടാകും. ഇതെല്ലാം സൂചിപ്പിക്കുന്നത് മഴ എന്ന പ്രകൃതി പ്രതിഭാസത്തിന്റെ സംവേദനക്ഷമതയാണ്. മാനുഷികവികാരങ്ങള്‍ മഴയെന്ന മീഡിയത്തിലൂടെ മറ്റുള്ളവരിലേക്കു കടത്തിവിടുമ്പോള്‍ വികാരങ്ങള്‍ക്കു കൂടുതല്‍ മിഴിവുണ്ടാകും. വികാരങ്ങള്‍ കൂടുതല്‍ ഭാവതീവ്രമാകും. തീവ്രതയുടെ ഉദ്ദീപകനാണ് മഴ.
ഇത്രയും പറഞ്ഞതില്‍നിന്നു, മഴ മാത്രമേ ഇങ്ങിനെയൊരു മീഡിയമായുള്ളൂ എന്ന് കരുതരുത്. എന്റെ ജീവിതത്തില്‍ ഞാന്‍ രണ്ടാമതൊന്ന് കൂടി അനുഭവിച്ചറിഞ്ഞിട്ടുണ്ട് ട്രെയിന്‍ യാത്ര! പതിനഞ്ചു കൊല്ലമായി ട്രെയിനില്‍ അടിക്കടി യാത്ര ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. മാസത്തില്‍ ഒരു തവണയെങ്കിലും യാത്ര സുനിശ്ചിതം. ഇതിനിടയിലാണ് ട്രെയിന്‍ ഒരു വൈകാരിക മീഡിയമാണെന്നും, അതിനു സംവേദന ക്ഷമതയുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നത്.
എന്റെ ആദ്യത്തെ ദീര്‍ഘദൂര ട്രെയിന്‍യാത്ര പത്തൊമ്പതാമത്തെ വയസ്സിലായിരുന്നു. ഹോളിസ്റ്റിക് ചികില്‍സക്കായി ചാലക്കുടിയില്‍ നിന്നു തിരുവനന്തപുരം വരെ യാത്ര ചെയ്തു. അക്കാലത്ത് ഞാന്‍ പോളിടെക്‌നിക്കില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ആദ്യടേമിലെ ഒരു മാസത്തെ ക്ലാസുകള്‍ ഒഴിവാക്കിയാണ് ചികിത്സയ്ക്കു പോയത്. ആ യാത്ര രസകരമായിരുന്നു. മനസ്സിലെ മാനംമുട്ടുന്ന പ്രതീക്ഷ തന്നെ കാരണം.
പക്ഷേ, നാലാഴ്ചത്തെ ഹോളിസ്റ്റിക് ചികില്‍സ മനസ്സിനെ തകര്‍ത്തു കളഞ്ഞു. എന്റെ ആത്മവിശ്വാസത്തേയും വല്ലാതെ മുറിവേല്‍പ്പിച്ചു. ഞാന്‍ ഒരു വ്യക്തിയാണ്, അതിന്റേതായ പ്രാധാന്യം എനിക്കുണ്ട് എന്ന ആത്മവിശ്വാസം പോയ്‌പോയി. കോളേജ് പഠനകാലത്താണ് ഈ വിശ്വാസക്ഷയം സംഭവിച്ചു തുടങ്ങിയത്. എന്നാല്‍, പോളിടെക്‌നിക്കിലെ ആദ്യവര്‍ഷങ്ങളില്‍ ആത്മവിശ്വാസം കുറേയൊക്കെ ഞാന്‍ തിരിച്ചുപിടിച്ചിരുന്നു. ഹോളിസ്റ്റിക് ചികിത്സ അതിനെ തച്ചുടച്ചു.
മടക്കയാത്രയില്‍ സഹോദരനായിരുന്നു ഒപ്പം. യാത്രയയ്ക്കാന്‍ സ്റ്റേഷന്‍ വരെ വില്‍സന്‍ കൂടെവന്നു. ഉച്ചയ്ക്കു ശേഷമുള്ള ചെന്നൈ മെയിലില്‍, ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ തിരക്കില്‍ ഞാന്‍ ആടിയുലഞ്ഞു നിന്നു. സഹോദരന്‍ അല്പം അകലെയായിരുന്നു. സങ്കടം കൊണ്ട് എന്റെ കണ്ണുകള്‍ ഇടവിട്ട് നിറഞ്ഞു തുളുമ്പി. ശുഭപ്രതീക്ഷകള്‍ ഉടഞ്ഞിരിക്കുന്നു. ലഗേജ് നിരയുടെ കമ്പിയില്‍ പിടിച്ചുനിന്നിരുന്ന ഞാന്‍, കയ്യെടുക്കാതെ തന്നെ ഷര്‍ട്ടിന്റെ കൈകൊണ്ട് മുഖംതുടച്ചു. എന്നില്‍ ദുഃഖം സാന്ദ്രീകരിക്കുകയായിരുന്നു. അതിശയമെന്നേ പറയേണ്ടൂ, അതെന്നില്‍ ഒരുതരം ആശ്വാസവും ഉളവാക്കി. ദുഃഖം കനംകെട്ടി നില്‍ക്കുന്ന അവസ്ഥയിലും ഒരു ശാന്തഭാവം എന്നിലുണ്ടായി. അതെങ്ങിനെ വന്നു എന്നറിയില്ല. ഒരുപക്ഷേ, ആരും അസ്വസ്ഥതയുടേയോ പ്രശ്‌നങ്ങളുടേയോ തരി പോലുമില്ലാത്ത മാനസികാവസ്ഥ ആഗ്രഹിക്കുന്നില്ലായിരിക്കാം. കുറച്ചു ദുഃഖം ഏവര്‍ക്കും ആവശ്യമാണ്. അത് പലതരത്തില്‍ അമൂല്യവുമാണ്. ഒരു മനുഷ്യന്റെ മുന്നോട്ടുള്ള വഴിയെ നിശ്ചയിക്കുന്നത് സന്തോഷത്തേക്കാള്‍ ദുഃഖമായിരിക്കും. പൂര്‍ത്തീകരിക്കപ്പെടാത്ത ഒന്ന് ദുഃഖത്തില്‍ അന്തര്‍ലീനമാണ്. അപ്പോള്‍ പൂര്‍ത്തീകരണത്തിനു വേണ്ടിയുള്ള പരിശ്രമം മനുഷ്യനിലെ ആക്ടിവിറ്റിയെ കുറിയ്ക്കുന്നു. ഒന്നും പൂര്‍ത്തീകരിക്കാനില്ലാത്ത, എല്ലാം നിറവേറ്റപ്പെട്ട അവസ്ഥ കഷ്ടമാണ്. നിഷ്‌ക്രിയത്വത്തിന്റെ ഉറവിടമാണത്.
സന്താപത്തിനിടയില്‍ അനുഭവപ്പെടുന്ന ശാന്തഭാവം, അല്ലെങ്കില്‍ ആശ്വാസകരമായ അവസ്ഥ, ഞാന്‍ പില്‍ക്കാലത്തും അനുഭവിച്ചിട്ടുണ്ട്. അതിന്റെ കാരണം സൈക്കോളജിക്കല്‍ ആണെന്നേ കരുതാനാകൂ. മറ്റുള്ളവരുടെ അവഗണന പോലും അതിനിസ്സാരനായ ഒരുവന്റെ ജീവിതത്തിനു അല്പം മൂല്യം കൊടുക്കുന്നുണ്ട്. ശ്രവണപ്രശ്‌നമുള്ളവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്. സംസാരിക്കാന്‍ ആളെ ലഭ്യമല്ലാത്ത അവസ്ഥയില്‍ പെട്ടുഴലുമ്പോള്‍, ആരുടെയെങ്കിലും കളിയാക്കലോ ചീത്തപറച്ചിലോ പോലും ഒരുതരം ആശ്വാസമാണ്. വാക്കാലും പ്രവൃത്തിയാലുമുള്ള മറ്റുള്ളവരുടെ നെഗറ്റീവ് സമീപനം, വാചികമായി ഒറ്റപ്പെട്ടു കഴിയുന്നവരെ അല്‍പം ഉല്‍സുകരാക്കും. ഒരാള്‍ നെഗറ്റീവായിട്ടാണെങ്കിലും ഇടപെടുന്നു എന്ന വസ്തുത അവരെ സംബന്ധിച്ച് ആകര്‍ഷകമാണ്. തങ്ങള്‍ക്കു ഒരു വ്യക്തിത്വമുണ്ടെന്ന ബോധം അവരിലപ്പോള്‍ സജീവമാകും. നിരന്തര അവഗണന വഴിയുണ്ടാകുന്ന സ്വത്വശോഷണത്തിനും, പ്രാധാന്യമില്ലായ്മക്കും സംഭാഷണം (ശകാരം പോലും) തടയിടുമെന്ന് ചുരുക്കം. എന്നാല്‍ സ്വത്വപ്രശ്‌നം ഇല്ലാത്തവര്‍ക്കു ശകാരം അരോചകമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
തിരുവനന്തപുരം മുതല്‍ ആലുവ വരെയുള്ള ദൂരം ഞാന്‍ സഹോദരനില്‍നിന്ന് അകന്നുനിന്നു. മാനസിക വിക്ഷോഭം നിയന്ത്രിക്കാനാകാത്തതായിരുന്നു പ്രശ്‌നം. ട്രെയിനില്‍ കയറുന്നതിനുമുമ്പ് മ്ലാനത ഉണ്ടായിരുന്നെങ്കിലും അത് നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍ യാത്ര ആരംഭിച്ചതോടെ എല്ലാം കിഴ്‌മേല്‍ മറിഞ്ഞു. അനുഭവങ്ങളുടെ രൂക്ഷത മാത്രമല്ല, ട്രെയിന്‍ എന്ന മീഡിയവും കാരണമാണെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി.
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറില്‍ ഡിപ്ലോമ നേടിയശേഷം ജോലിക്കായി വീണ്ടും തിരുവനന്തപുരത്തു വരേണ്ടി വന്നു. ഒന്നേകാല്‍ വര്‍ഷം നീണ്ട താമസം. ഇക്കാലയളവില്‍ പല ട്രെയിനുകളില്‍ കയറിയിറങ്ങി. അഞ്ചു മണിക്കൂര്‍ നീളുന്ന യാത്രയില്‍ ഉടനീളം സ്ഥായിയായ വിഷാദം എന്നെ ചൂഴ്ന്നുനിന്നു. ഓരോ യാത്രയിലും ആലോചിച്ച് സങ്കടപ്പെടാന്‍ കുറേ സ്മരണകള്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ എനിക്കു മാത്രമല്ല, ഒറ്റയ്ക്കു യാത്ര ചെയ്യുന്ന മിക്ക വികലാംഗര്‍ക്കും, എല്ലാ ദുഃഖിതര്‍ക്കും ഇങ്ങിനെയാകാം. ഇത്തരം ഓര്‍മകള്‍ ഒഴിവാക്കാന്‍ ഞാന്‍ വാതില്‍ക്കല്‍ വന്നിരിക്കും. ഓടിമറയുന്ന ദൃശ്യങ്ങളെപ്പോലെയാകട്ടെ എന്നിലെ ഓര്‍മകള്‍ എന്ന് ഞാന്‍ സ്വയം ആജ്ഞാപിക്കും. അടിക്കടി മാറിമറയുന്ന ഓര്‍മകള്‍. പക്ഷേ അതെല്ലാം ആജ്ഞകളായി തന്നെ തുടര്‍ന്നു.
അത്തരമൊരു തിരുവന്തപുരം ആലുവ യാത്രയിലാണ് ഞാന്‍ അനിയെ കണ്ടുമുട്ടുന്നത്. രാത്രി പത്തേമുക്കാലിനു യാത്ര പുറപ്പെടുന്ന കണ്ണൂര്‍ എക്‌സ്പ്രസ്സ്. വെളുപ്പിനു നാലുമണിയോടെ ആലുവയില്‍ എത്താം. തിരക്കുണ്ടായിരുന്നാല്‍ എനിക്കു സീറ്റ് കിട്ടിയില്ല. ഞാന്‍ ട്രെയിനിന്റെ വാതില്‍ക്കല്‍ കാലുകള്‍ പുറത്തേക്കു വച്ച് ഇരുന്നു. മനസ്സില്‍ ആലോചനകളുടെ തിരയിളക്കം. എന്റെ ചില ട്രെയിന്‍ യാത്രകള്‍ വിശേഷ ദിവസങ്ങളുടെ തലേന്നോ അതിനു മുമ്പുള്ള ദിവസമോ ആയിരിക്കും. അപ്പോള്‍ വീട്ടുകാര്‍ക്കും മറ്റും എന്തെങ്കിലും വാങ്ങിക്കൊണ്ടു പോകാന്‍ പറ്റാത്തതിന്റെ സങ്കടം യാത്രയില്‍ കൂട്ടിനുണ്ടാകും.
അനിയെ കണ്ടുമുട്ടിയ രാത്രി, ട്രെയിനിന്റെ വാതില്‍പടിയില്‍ ഇരിക്കുമ്പോള്‍, നിറവേറ്റപ്പെടാത്ത ഒരു ആഗ്രഹത്തെ ഓര്‍ത്ത് ഞാന്‍ മ്ലാനവദനായിരുന്നു. ഒരാള്‍ അരികില്‍ വന്നിരുന്നത് ഞാനറിഞ്ഞില്ല. അപരനും മറ്റൊരാള്‍ അടുത്തിരിക്കുന്നെന്ന ഭാവം കാണിച്ചില്ല. കുറച്ചു സമയം കഴിഞ്ഞ്, ഇരുളിലേക്കു മിഴി നട്ടിരിക്കുന്ന ഞങ്ങളുടെ കാലില്‍ ഏതാനും വെള്ളത്തുള്ളികള്‍ പതിച്ചു. കമ്പിയില്‍ പിടിച്ചിരുന്ന കയ്യിലും വെള്ളത്തുള്ളികള്‍ വീണു. ഞാന്‍ സന്തോഷിച്ചു, മഴയും ട്രെയിനും അപാര കോമ്പിനേഷന്‍ ആണ്. പക്ഷേ, എനിക്കരുകില്‍ ഇരുന്ന വ്യക്തി പെട്ടെന്ന് ക്ഷുഭിതനായി. അദ്ദേഹം കാല്‍കുടഞ്ഞ് വെള്ളം തെറിപ്പിച്ച്, ആരോടെന്നില്ലാതെ ശാപവാക്കുകള്‍ ചൊരിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഒരു വാക്കിനും വ്യക്തതയില്ലായിരുന്നു. അദ്ദേഹം ബധിരനും മൂകനുമായ വ്യക്തിയാണെന്ന് ഞാന്‍ മനസ്സിലാക്കി.
അപരന്റെ ക്ഷോഭം ന്യായമായിരുന്നു. വെള്ളത്തുള്ളികള്‍ മഴയുടേതല്ലായിരുന്നു. ജനലരുകില്‍ ഇരുന്ന ആരോ കൈ കഴുകിയ വെള്ളമാണ് ഞങ്ങളുടെ കാലുകളില്‍ പതിച്ചത്. അപരന്‍ അസ്പഷ്ടമായ ശബ്ദത്തില്‍ ദേഷ്യപ്പെടുന്നത് പിന്നേയും കുറേനേരം തുടര്‍ന്നു. ഒടുക്കം ശാന്തനായി, ഇരുട്ടിലേക്കു തുറിച്ചുനോക്കി ഇരുന്നു. മറ്റൊരുവന്റെ സാമീപ്യം തിരിച്ചറിഞ്ഞത് അപ്പോഴാണ്. അദ്ദേഹം ഞാനെവിടേക്കു പോകുന്നെന്ന് ആംഗ്യത്തില്‍ ചോദിച്ചു. എങ്ങിനെ മറുപടി പറയണമെന്നു ആലോചിച്ച് ഞാന്‍ പതറി. (എന്നോടു ആദ്യമായി സംസാരിക്കുന്നവരിലും ഈ പതര്‍ച്ച ഞാന്‍ കണ്ടിട്ടുണ്ട്). ഞാന്‍ കൈത്തലത്തില്‍ ആലുവ എന്നു എഴുതിക്കാണിക്കാന്‍ തുനിഞ്ഞെങ്കിലും അദ്ദേഹം തടഞ്ഞു. അദ്ദേഹം ആഗ്രഹിക്കുന്നത് എന്താണെന്നു ശ്രവണന്യൂനതയുള്ള എനിക്കു പെട്ടെന്നു മനസ്സിലായി. കാരണം, അദ്ദേഹം ആഗ്രഹിക്കുന്ന പെരുമാറ്റം, ഞാനും മറ്റുള്ളവരില്‍ നിന്ന് ആഗ്രഹിച്ചിട്ടുണ്ട് ആംഗ്യം കാണിക്കാതെ സംസാരിച്ച് കാര്യം ബോധ്യപ്പെടുത്തുക.
ഞാന്‍ രണ്ടു തവണ മീഡിയം ശബ്ദത്തില്‍ ആലുവ എന്നു പറഞ്ഞു. അത് ശ്രദ്ധിച്ചു കേള്‍ക്കാതെ അദ്ദേഹം എന്നോടു, ചെവിയോടു അടുപ്പിച്ച് പറയുക എന്നു ആഗ്യം കാണിച്ചു. ഞാന്‍ അതുപോലെ ചെയ്തു. സാധാരണ ശബ്ദത്തില്‍ ആലുവ എന്നു ചെവിയില്‍ പറഞ്ഞു. ഒരു തവണയേ പറയേണ്ടി വന്നുള്ളൂ. അദ്ദേഹം എന്റെ കൈത്തലത്തില്‍ ‘ആലുവ’ എന്നു എഴുതിക്കാണിച്ചു. ഞാന്‍ പതുക്കെ പറഞ്ഞത് അദ്ദേഹം കേട്ടു! അടുത്തതായി, ചോദിക്കാതെ തന്നെ അദ്ദേഹം കൈത്തലത്തില്‍ എഴുതി ‘അനി, കൊല്ലം’. അതാണ് പേരും സ്ഥലവും. അനി എന്ന പേര് ഞാന്‍ എവിടേയും കുറിച്ചു വച്ചിരുന്നില്ല. ഈ അധ്യായം എഴുതുമ്പോള്‍, മനസ്സില്‍ തന്നെത്താന്‍ ആ പേര് തെളിഞ്ഞു വരികയായിരുന്നു. മനസ്സില്‍ തുളച്ചു കയറിയ ഒരു പേര്. അല്ലാതെ, കുറേ കൊല്ലങ്ങള്‍ക്കു ശേഷവും ആ വാക്ക് ഓര്‍ത്തിരിക്കാന്‍ ഞാന്‍ കാരണമൊന്നും കാണുന്നില്ല.
അനിയുമായുള്ള ‘സംസാരം’ എനിക്കു വളരെ പുതുമയുള്ളതായിരുന്നു. മറ്റുള്ളവരോടു സംവദിക്കുമ്പോള്‍, എന്റെ ആശയവിനിമയ കഴിവിനെ പരിമിതപ്പെടുത്താറുള്ള ശ്രവണന്യൂനത, അനിയുമായുള്ള സംഭാഷണത്തില്‍ എന്നെ അലട്ടിയില്ല. അവിടെ ഞാന്‍ പൂര്‍ണതയുള്ള ഒരുവനായിരുന്നു. അനിയിലെ കൂടിയ അളവിലുള്ള ശ്രവണപ്രശ്‌നം, എന്നില്‍ ശ്രവണപൂര്‍ണതയുടെ മാനസികഫലം ഉളവാക്കി. വളരെ വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു അത്തരമൊരു സ്ഥിതിവിശേഷം ഞാന്‍ അനുഭവിച്ചത്. സ്‌കൂള്‍കാലത്തു ശ്രവണന്യൂനത തുടങ്ങിയ ശേഷം ആദ്യമായി, പൂര്‍ണതയുള്ള ഒരുവന്റെ ആത്മവിശ്വാസത്തോടെ ഞാന്‍ ഇടപഴകി. അനിയോടു സംവദിക്കാന്‍ കേള്‍വിശക്തി ആവശ്യമില്ലായിരുന്നു. ഒരുവേള, ലോകത്തുള്ളവര്‍ എല്ലാം എന്നേക്കാളും കൂടിയ അളവില്‍ ശ്രവണപ്രശ്‌നം ഉള്ളവരാകാന്‍ ഞാന്‍ ആഗ്രഹിച്ചു പോയി.
അനിയുമായി ഞാന്‍ ഏറെനേരം സംസാരിച്ചു. അദ്ദേഹം ആരുമായോ വഴക്കുണ്ടാക്കി ഇറങ്ങിയതാണ്. സംസാരത്തിനിടയില്‍ അനി പലപ്പോഴും വികാരവിക്ഷോഭനായി. തുടരെത്തുടരെ നിറഞ്ഞു വന്ന കണ്ണുകള്‍ അദ്ദേഹം തുടച്ചു. സ്‌കൂള്‍-കോളേജ് പഠനകാലത്ത്, കരച്ചില്‍ ഒരു ശീലമായിരുന്ന ഞാന്‍, നിര്‍വികാരനായി അത് നോക്കിയിരുന്നു. എനിക്കു അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ പറ്റി. വികലാംഗരെന്ന സ്വത്വം ഞങ്ങളെ തമ്മില്‍ കൂട്ടിയിണക്കി. മാനസിക സംവേദനത്തിനു അത് ധാരാളമായിരുന്നു.
(തുടരും)