- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
- ശ്രവണസഹായി എന്ന നോക്കുകുത്തി (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 7)
ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും നിറപ്പകിട്ടുള്ള വര്‍ഷങ്ങള്‍ ഏതാണെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ – വിദ്യാര്‍ത്ഥി ജീവിതം. കൗമാര പ്രണയത്തിന്റെ, പൊടിപാറുന്ന ക്യാമ്പസ് രാഷ്ട്രീയത്തിന്റെ, വൈരാഗ്യമാര്‍ന്ന പരസ്പര മത്സരങ്ങളുടെ, പൂത്തുലയുന്ന സൗഹൃദത്തിന്റെ വിദ്യാര്‍ത്ഥി ജീവിതം. എനിക്കു വിധിക്കപ്പെട്ടത് അഞ്ചു വര്‍ഷങ്ങളായിരുന്നു. എനിക്കു കൈമോശം വന്നതും അഞ്ചുവര്‍ഷങ്ങള്‍ തന്നെ. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ അരണമരങ്ങള്‍ക്കിടയിലും, കല്ലേറ്റുംകര മോഡല്‍ പോളിടെക്‌നിക്കിനു സമീപമുള്ള റെയില്‍വേ സ്റ്റേഷനിലെ ആളൊഴിഞ്ഞ കല്‍ബെഞ്ചിലും ഇരുന്ന് കരഞ്ഞ അഞ്ചുവര്‍ഷങ്ങള്‍. ആ കാലഘട്ടത്തില്‍ ഞാന്‍ തടവിലായിരുന്നു. ചുറ്റുമുള്ളവരുടെ നിശ്ശബ്ദതയും അവഗണനയും ഒരുക്കിയ തടവുമുറി. ചെറുത്തുനില്‍പ്പുകള്‍ക്കു താളം തെറ്റുമ്പോഴെല്ലാം ഞാന്‍ ദൈവങ്ങളോടു ആക്രോശിക്കുമായിരുന്നു.
”എന്തിനു ഉയിര് നല്‍കി എനിക്ക്?”
ദൈവങ്ങളും എന്നെപ്പോലെ ചെകിടന്മാരായി വര്‍ത്തിച്ച നാളുകള്‍.
അപൂര്‍വ്വമായി ചില സൗഹൃദങ്ങള്‍ കിട്ടിയില്ലെന്നല്ല. എനിക്കു കൂട്ടായി, പ്രീഡിഗ്രി കാലത്ത് മാള സ്വദേശി രാജേഷും, പോളിടെക്‌നിക്കില്‍ ചില്ലുവാതിലിനു കീഴെ രവിശങ്കറും ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം നേര്‍ച്ചക്കോഴിയെ കൊല്ലുന്നതിനു മുമ്പ് വെള്ളവും അരിമണിയും കൊടുക്കുന്ന പോലെ കിട്ടിയ ചില നൈമിഷിക സൗഭാഗ്യങ്ങള്‍ മാ്രതമാണ്. അതും കലാലയ ജീവിതത്തിന്റെ സായാഹ്നത്തില്‍.
എങ്കിലും പോളിടെക്‌നിക്കിലെ പോര്‍ട്ടിക്കോയിലിരുന്ന് കുറച്ചു കാര്യങ്ങള്‍ പങ്കുവച്ച്, ഒരുകാലത്തു ഞാനും കലാലയത്തില്‍ പഠിച്ചിരുന്നെന്ന് ഓര്‍മിപ്പിക്കുന്ന സ്മരണകള്‍ സമ്മാനിച്ച രവിയും, നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് എന്നോട് സംസാരിക്കാന്‍ താല്പര്യം കാണിച്ച രാജേഷും എനിക്കു വളരെ പ്രിയപ്പെട്ടവരാണ്. കാരണം ഇവരോടാണ് അഞ്ചുവര്‍ഷം നീണ്ട കലാലയ ജീവിതത്തില്‍ ആകെ സംസാരിച്ചതിന്റെ, എണ്‍പതു ശതമാനം സംഭാഷണവും ഞാന്‍ നടത്തിയത്. അവര്‍ക്കറിയാമായിരിക്കില്ല, അതു വലിയ കാര്യമാണോ എന്ന്. പക്ഷേ എന്റെ മനസ്സില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജും കല്ലേറ്റുംകര മോഡല്‍ പോളിടെക്‌നിക്കും അടയാളപ്പെടുത്തിയത് എന്നും ഇവരോടൊത്തുള്ള പത്തുമിനിറ്റു നേരത്തെ സംഭാഷണങ്ങളായിരുന്നു. ഒരുദിവസം ആകെ സംസാരിക്കാറുള്ളതും ആ പത്തുമിനിറ്റുകളില്‍ മാത്രമായിരുന്നെന്നും, ബാക്കിയുള്ള സമയത്ത് സഹപാഠികള്‍ക്കിടയില്‍നിന്നു ഉയരുന്ന ആരവങ്ങളില്‍ എന്റെ സ്വരവും ഉണ്ടെന്നു സങ്കല്‍പ്പിച്ച് തൃപ്തിയടയുകയായിരുന്നു പതിവെന്നും മനസ്സിലാക്കുമ്പോള്‍ ഞാന്‍ അറിയുന്നു, ആ പത്തു മിനിറ്റുകളുടെ മൂല്യം! ആരെങ്കിലും ഓര്‍മകളില്‍ രേഖപ്പെട്ടു കിടക്കാന്‍ പത്തുമിനിറ്റു പോലും ആവശ്യമില്ലെന്നു പിന്നീടു കാലം എന്നെ പഠിപ്പിച്ചു. എങ്കിലും ആദ്യം എത്തുന്നവര്‍ എന്നും മറവിയെ അതിജീവിക്കുന്നു. ഓര്‍മയില്‍ ജീവിക്കുന്നു. അതില്‍ ആഹ്ലാദം, ആശ്വാസം.
കലാലയ ജീവിതത്തിനു ശേഷം, വളരെക്കാലം കഴിഞ്ഞ് നടന്ന ഒരു കൂടിക്കാഴ്ച. പ്രണയം പോലുള്ള കാര്യങ്ങള്‍ ചിലര്‍ക്കു പറഞ്ഞിട്ടില്ലെന്നും, അതൊക്കെ കയ്യെത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു എന്നതിന്റേയും ഒരു ഓര്‍മപ്പെടുത്തല്‍.
****************
ഇടുങ്ങിയ ടാര്‍റോഡ് പിന്നിട്ട്, വീതിയേറിയ ഔട്ടര്‍ റിംങ്‌റോഡിലേക്കു പ്രവേശിക്കുമ്പോള്‍ കാറിന്റെ ഫ്രന്റ്ഗ്ലാസ്സില്‍ ഏതാനും മഴത്തുള്ളികള്‍ വന്നു പതിച്ചു. മറുഭാഗത്തുനിന്നു വരുന്ന വണ്ടികളെ നോക്കി സൂക്ഷ്മതയോടെ വളയം തിരിക്കുകയായിരുന്ന രവി ശബ്ദമില്ലാതെ ചിരിച്ചു. ‘മുമ്പ് പറഞ്ഞതല്ലേ ഇപ്പോള്‍ എന്തായി’ എന്ന ചോദ്യം ആ മുഖത്തു തെളിഞ്ഞു നിന്നു. കാറുമായി വരേണ്ടെന്നു പറഞ്ഞ് വിലക്കിയപ്പോള്‍ മഴയുടെ സാന്നിധ്യം പ്രവചിച്ചത് അവനാണ്. കനത്ത ഇരുട്ടിലും മാനത്തു അണിനിരന്ന മേഘങ്ങള്‍ അവന്‍ കണ്ടിരിക്കും. തണുത്ത കാറ്റു ശരീരത്തെ തണുപ്പിച്ചു പറന്നിരിക്കും. അല്ലാതെ പ്രവചനങ്ങള്‍ക്കു കാരണമില്ല. പോളിടെക്‌നിക്കിലെ പോര്‍ട്ടിക്കോയില്‍ ഇരിക്കുമ്പോള്‍ നടത്താറുള്ള പ്രവചനങ്ങളിലെ കണിശത രവി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്.
ഞാന്‍ വാച്ചില്‍ നോക്കി. സമയം പതിനൊന്ന്. പൊതുവെ തിരക്കുള്ള റിംങ്‌റോഡ് ഇപ്പോള്‍ ചേലയഴിച്ചു
നഗ്‌നമായി കിടക്കുകയാണ്. വഴിവിളക്കുകളുടെ കണ്ണഞ്ചിക്കുന്ന വെളിച്ചത്തിലൂടെ കാര്‍ കുതിച്ചു പാഞ്ഞു.
മൂന്നു മിനിറ്റിനുള്ളില്‍ ദൊഡ്ഡ
നാക്കുണ്ടി ജംങ്ഷനില്‍ എത്തി. മങ്ങിയ നിയോണ്‍ ബള്‍ബിന്റെ വെളിച്ചത്തില്‍ ഭഗിനി റസ്റ്റോറന്റിന്റെ ആകര്‍ഷണീയത കൂടിയിട്ടുണ്ടെന്നു തോന്നി. രവി കാറിന്റെ വേഗം കുറച്ചു.
”ഞാനിപ്പോള്‍ വരാം.”
കാര്‍ റോഡ്‌സൈഡില്‍ പാര്‍ക്കു ചെയ്ത്, എഞ്ചിന്‍ ഓഫാക്കാതെ രവി മഴയിലേക്കിറങ്ങി. തല നനയാതിരിക്കാന്‍ കൈത്തലം മറച്ചുപിടിച്ചു ഓടി. റസ്റ്റോറന്റിനു മുന്നില്‍ ഏതാനും വാഹനങ്ങള്‍ മഴ നനഞ്ഞു കിടന്നിരുന്നു. ഞാന്‍ അവയുടെ ഓരോന്നിന്റേയും ബ്രാന്‍ഡ് ഏതാണെന്നു നോക്കിയിരുന്നു. വാഹനങ്ങളോടു കമ്പമില്ലാത്തതിനാല്‍ ഒരു എത്തുംപിടിയും കിട്ടിയില്ല.
കുറച്ചു സമയത്തിനുള്ളില്‍ രവി തിരിച്ചെത്തി. കാര്‍ റിവേഴ്‌സെടുത്തു, റിംങ്‌റോഡിലേക്കു ഇറക്കി. ഫ്‌ളൈഓവറിനെടുക്കുന്ന കുഴികളില്‍ മഴവെള്ളം നിറഞ്ഞു കൊച്ചുകുളങ്ങള്‍ രൂപം കൊണ്ടിരുന്നു. വീണ്ടും വീണ്ടും ഒഴുകിയെത്തുന്ന മഴവെള്ളം കുളങ്ങളെ നിറഞ്ഞൊഴുകിച്ച്
പരസ്പരം ബന്ധിപ്പിച്ചു.
കാര്‍ സ്റ്റീരിയോയിലൂടെ പുതിയ പാട്ട് മുഴങ്ങി. ഓര്‍ക്കസ്ട്ര അധികമില്ലാത്തതിനാല്‍ ആശാ ഭോസ്ലേയുടെ മധുരസ്വരം വളരെ വ്യക്തം. പാട്ടിനൊപ്പം രവി മന്ദം തലയാട്ടി.
”നിന്റെ കേള്‍വിപ്രശ്‌നം ഇപ്പോള്‍ എങ്ങനെ. ആര് ആരെ കീഴടക്കി?”
നീണ്ട നാളിനുശേഷം കാണുകയായിരുന്നതിനാല്‍ ഈ ചോദ്യം ഞാന്‍ പ്രതീക്ഷിക്കുകയായിരുന്നു.
”യുദ്ധം തുടരുകയാണ് രവി. ഇവിടെ ഞാനും എന്റെ ന്യൂനതയും തുല്യശക്തികളാണെന്നു തോന്നുന്നു. ഇതുവരെ ആര്‍ക്കും ആരേയും ശാശ്വതമായി തോല്‍പ്പിക്കാനായിട്ടില്ല.”
”ഇപ്പോള്‍ ഹിയറിങ് എയ്ഡ് ഉപയോഗിക്കാറുണ്ടോ?”
”ഇല്ല. അവ കൊണ്ട് പ്രയോജനമില്ലെന്നു പണ്ടേ തെളിഞ്ഞതല്ലേ.”
മഴയുടെ ശക്തി കൂടി. പാതി തുറന്നു വച്ച സൈഡ് വിന്‍ഡോ ഞാന്‍ ഉയര്‍ത്തി. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഗ്ലാസ് താഴ്ത്തി വയ്ക്കാതിരിക്കാനാണ് ഇഷ്ടം. മുഖത്തു വീശിയടിക്കുന്ന കാറ്റ് ഒരിക്കലും അലസോരമായി തോന്നിയിട്ടില്ല.
രവി എന്ന ചെല്ലപ്പേരില്‍ വിളിക്കപ്പെടുന്ന രവിശങ്കറിനെ ഞാന്‍ പരിചയപ്പെടാന്‍ കാരണം ഞങ്ങള്‍ മൂന്നുവര്‍ഷം ഒരേ ക്ലാസില്‍ പഠിച്ചതുകൊണ്ടല്ല. മറിച്ച് എന്റെ ശ്രവണന്യൂനത ഒരു പ്രത്യേക ഘട്ടത്തില്‍ ഞങ്ങളെ കൂട്ടിമുട്ടിക്കുകയാണ് ചെയ്തത്. മറ്റു സഹപാഠികളെ എന്നില്‍നിന്ന് അകറ്റിയ അതേ ഘടകം ഒരുവനെ എനിക്കു മുന്നില്‍ എത്തിച്ചു.
ഡിപ്ലോമ ഫൈനല്‍ ഇയറിന്റെ തുടക്കത്തില്‍ ഒരു ദിവസം. ക്ലാസില്‍ ടീച്ചര്‍ ഹാജര്‍ എടുക്കുന്ന സമയത്ത്, അതില്‍ ശ്രദ്ധിക്കാതെ, ഞാന്‍ തിരക്കിലായിരുന്നു. തേര്‍ട്ടി സിക്‌സിനു ശേഷം ക്ലാസില്‍ നിശ്ശബ്ദത പരന്നപ്പോഴാണ് പരിസരബോധം വന്നത്. ഹാജര്‍ പറയാന്‍ ചാടി എഴുന്നേല്‍ക്കുമ്പോഴേക്കും ക്ലാസില്‍ ‘തേര്‍ട്ടിസെവന്‍’ മുഴങ്ങി. ഇടതുവശത്ത് ഏറ്റവും പിന്‍നിരയിലിരുന്ന സഹപാഠിയാണ് സഹായിച്ചത്. പോളിടെക്‌നിക്കില്‍ നേരത്തെയെത്തുന്ന സന്ദര്‍ഭങ്ങളില്‍ പോര്‍ട്ടിക്കോയില്‍ കാണാറുള്ള മുഖം. ഇടവേള സമയത്ത് അടുത്തു ചെന്നു നന്ദി പറഞ്ഞു, സ്വയം പരിചയപ്പെടുത്തി.
”സുനില്‍.”
അപരന്‍ പ്രതിവചിച്ചു. ”രവി.”
അങ്ങിനെ രവി എനിക്കു സ്‌നേഹിതനായി. ഒന്നിച്ചു ഒരേക്ലാസില്‍ രണ്ടുവര്‍ഷം പഠിച്ചശേഷം, മൂന്നാം വര്‍ഷത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കളായി! അതൊരു ഭാഗ്യം മാത്രമല്ല, നിര്‍ഭാഗ്യവും കൂടിയായിരുന്നു. രാവിലെ പോര്‍ട്ടിക്കോയിലിരുന്നു സംസാരിച്ച് ഞങ്ങള്‍ സൗഹൃദം ആരംഭിച്ചു.
”ഓണത്തിനു നാട്ടില്‍ വരില്ലേ?” രവിയുടെ ചോദ്യം എന്നെ ഓര്‍മയില്‍നിന്നു ഉണര്‍ത്തി.
”ഇല്ല.”
”അപ്പോള്‍ ഗെറ്റുഗതര്‍?”
ഞാന്‍ നിര്‍വികാരനായി പറഞ്ഞു. ”മിസ്സാകും.”
രവി നിര്‍ബന്ധിച്ചു. ”വരാന്‍ ശ്രമിക്കൂ സുനില്‍.”
ഞാന്‍ മിണ്ടിയില്ല. രവി സൂചിപ്പിച്ചു. ”ജൂനിയേഴ്‌സും പങ്കെടുക്കുന്നുണ്ട്.”
ഞാനത് അവഗണിച്ചു. ”ഉം. അതെന്റെ തീരുമാനത്തെ മാറ്റിമറിക്കുന്നില്ല.”
ഞാന്‍ ഫ്രന്റ്ഗ്ലാസിലൂടെ ഒഴുകുന്ന മഴവെള്ളത്തെ അടിച്ചൊതുക്കുന്ന വൈപ്പറുകളില്‍ കണ്ണുനട്ടു. മഴവെള്ളത്തില്‍ കുളിച്ചു അങ്ങോട്ടുമിങ്ങോട്ടും കവാത്തു നടത്തുന്ന അവയോടു അസൂയ തോന്നി. ഗെറ്റുഗതറിനു ഞാന്‍ ഉണ്ടാകില്ലെന്നു മനസ്സിലായപ്പോള്‍ രവിയുടെ ഉത്സാഹം കെട്ടു. ഞാന്‍ വിശദീകരിച്ചു.
”രവി, കാലം നമ്മളില്‍ കുറേ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. നമ്മുടെ സഹപാഠികളില്‍ ചിലര്‍ക്കു പഠനാനന്തര ജീവിതം എളുപ്പമായിരിക്കും. മറ്റു ചിലര്‍ക്ക് കഠിനവും. ജീവിതം രസകരമായി ആസ്വദിക്കുന്നവര്‍ കൂടുതല്‍ ആക്ടീവ് ആകും. മറ്റുള്ളവര്‍ ഒരുതരം ജഢാവസ്ഥയിലും. എന്നെ സംബന്ധിച്ചു രണ്ടാമതു പറഞ്ഞതാണ് ഏകദേശം ശരി. പണ്ടില്ലാതിരുന്ന കൂട്ടുകെട്ടുകള്‍ ഇപ്പോഴും എന്നെ ആകര്‍ഷിക്കുന്നില്ല.”
രവി പറഞ്ഞു. ”ഗെറ്റുഗതറിനു ജൂനിയേഴ്‌സും ഉണ്ടാകുമെന്നു ഞാന്‍ ഊന്നിപ്പറയാന്‍ കാരണമുണ്ട്.”
രവി തുടര്‍ന്നു. ”പണ്ട് നമ്മള്‍ പോളിടെക്‌നിക്ക് പോര്‍ട്ടിക്കോയില്‍വച്ചു ഒരു പെണ്‍കുട്ടിയെ റാഗ് ചെയ്തത് ഓര്‍ക്കുന്നോ? കൈക്കുമ്പിളില്‍ മഴവെള്ളം ശേഖരിപ്പിച്ചുകൊണ്ടുള്ള ഒരു സെറ്റപ്പ്. നിനക്കു ആ കുട്ടിയോടു അന്നു കുറച്ചു അടുപ്പവും ഉണ്ടായിരുന്നെന്നു തോന്നുന്നു.”
”ഉം. ശ്രീലത… അല്ലേ?”
”അതെ… ഞാന്‍ ആ കുട്ടിയെ ഒരാഴ്ചമുമ്പ് കണ്ടു.
ഷി വില്‍ ടേണ്‍ അപ് ഫോര്‍ ദ ഈവന്റ്.”
‘നന്നായി’. ഞാന്‍ മനസ്സില്‍ പറഞ്ഞു. രവി സംസാരം നിര്‍ത്തി, നിശ്ശബ്ദനായി ഡ്രൈവ് ചെയ്തു.
ഞാന്‍ ശ്രീലതയെ ഓര്‍ത്തു. പോളിടെക്‌നിക്കില്‍ മൂന്നാംവര്‍ഷം ഞാന്‍ റാഗ് ചെയ്ത ഏക പെണ്‍കുട്ടി. സത്യത്തില്‍ അതൊരു റാഗിങ് അല്ലായിരുന്നു. ഒരു നിസ്സാര സംഭവം മാത്രം. അല്ലെങ്കിലും ശ്രവണന്യൂനതയുള്ള ഞാന്‍ എങ്ങനെയാണ് റാഗ് ചെയ്യുക?
അവസാന വര്‍ഷത്തെ ഓണാവധിക്കു മുമ്പ്, മൂന്നാം വര്‍ഷക്കാരുടെ റാഗിങ്ങിനു മുന്നില്‍ ചൂളി നില്‍ക്കുന്ന ഒരുപറ്റം പെണ്‍കുട്ടികളില്‍നിന്നു ദൂരെ, നിഗിലിനു മുന്നില്‍ കരഞ്ഞു നില്‍ക്കുന്ന ഒരുവളായാണ് ശ്രീലത മനസ്സില്‍ ആദ്യമെത്തുന്നത്. രാവിലെ പോര്‍ട്ടിക്കോയിലെ പടിയില്‍ രവിയോടൊപ്പം ഇരിക്കുമ്പോള്‍, മുഖം ഉയര്‍ത്താതെ കാല്‍വിരലില്‍ നോട്ടമൂന്നി, നടന്നുവരുന്ന ആ പെണ്‍കുട്ടിയെ കണ്ടിട്ടുണ്ട്. റാഗിങ്ങിന്റെ പേരില്‍ കൈക്കുമ്പിളില്‍ മഴവെള്ളം ശേഖരിപ്പിക്കുകയാണ്.
രംഗം ശ്രദ്ധിച്ചില്ലെന്നു വരുത്തി ഞാന്‍ കമ്പ്യൂട്ടര്‍ ലാബില്‍ പോയി. റെക്കോര്‍ഡില്‍ ഒപ്പുവാങ്ങി തിരിച്ചു വരുമ്പോഴും അവര്‍ അവിടെത്തന്നെയുണ്ട്. പെണ്‍കുട്ടിയുടെ കരഞ്ഞു കലങ്ങിയ മിഴികള്‍ മനസ്സില്‍ തറച്ചു. ഞാന്‍ അവരുടെ അടുത്തു ചെന്നു. ഇളംപച്ച നിറത്തില്‍ പെയിന്റടിച്ച പോളിടെക്‌നിക് കെട്ടിടം മഴയേറ്റു മുഖം മിനുക്കിയിരുന്നു. അതിലൂടെ ഒലിച്ചിറങ്ങുന്ന തണുത്ത വെള്ളത്തുള്ളികള്‍ എന്നെ പ്രലോഭിപ്പിച്ചു. നിഗിലിന്റെ പ്രതിഷേധത്തെ വകവയ്ക്കാതെ ഞാന്‍ പെണ്‍കുട്ടിയ്‌ക്കൊപ്പം കൈക്കുമ്പിളില്‍ മഴവെള്ളം ശേഖരിക്കാന്‍ കൂട്ടുചേര്‍ന്നു. കരച്ചിലിനിടയിലും പെണ്‍കുട്ടിയുടെ ചുണ്ടിലൊരു ചിരി മിന്നിമറഞ്ഞു. സന്ദര്‍ഭത്തിന്റെ ഗൗരവം നഷ്ടപ്പെട്ടപ്പോള്‍ നിഗില്‍ തോല്‍വി സമ്മതിച്ചു.
”നിനക്കെന്തിന്റെ കേടാ സുനില്‍.”
എന്നോടു പരിഭവിച്ച്, ചുമലില്‍ സൗഹൃദഭാവത്തില്‍ തട്ടി നിഗില്‍ പോയി. കുമ്പിളാക്കി പിടിച്ചിരുന്ന കൈത്തലങ്ങള്‍ പെണ്‍കുട്ടി വേര്‍പെടുത്തി. മഴവെള്ളം വിരലുകളിലൂടെ ഒഴുകിയിറങ്ങി. കണ്ണീരിന്റെ പാടവീണ മുഖത്തുനോക്കി ഞാന്‍ പറഞ്ഞു.
”കൈ നീട്ടൂ.”
കൈത്തലങ്ങള്‍ വീണ്ടും കുമ്പിളിന്റെ രൂപംകൊണ്ടു. അതിലേക്കു ഞാന്‍ മഴവെള്ളം പകര്‍ന്നു കൊടുത്തു. കണ്ണീര്‍ച്ചാലുകള്‍ വകഞ്ഞു മാറി. രണ്ടാം നിലയിലേക്ക് കയറിപ്പോകുന്ന ഒരു ജോടി പാദസരങ്ങളെ എന്റെ കണ്ണുകള്‍ പിന്തുടര്‍ന്നു. കുറച്ചു സമയം കഴിഞ്ഞ് പോര്‍ട്ടിക്കോയില്‍ ഇരിക്കുകയായിരുന്ന രവിയോടു ഞാന്‍ സൂചിപ്പിച്ചു.
”ഒരു സഹായം വേണം.”
”ഓള്‍വേയ്‌സ്.”
”ഒരാളെ വിളിച്ചു സംസാരിക്കണം.”
”ആര് സംസാരിക്കണം?”
”ആദ്യം നീ. പിന്നെ ഞാന്‍. ഒരുതരം റാഗിങ് പോലെ. പക്ഷേ ക്രൂരമാകരുത്.”
”നിനക്കു വിളിച്ചു സംസാരിച്ചു കൂടേ.”
”അതു പറ്റില്ല. പണി പാളും.”
രവിയ്ക്കു കാര്യം മനസ്സിലായി. ”ആരാണ് ഇര?”
”നമ്മള്‍ രാവിലെ പോര്‍ട്ടിക്കോയില്‍ ഇരിക്കുമ്പോള്‍ കാണാറുള്ള കുട്ടിയില്ലേ. അവര്‍…”
”ആ കുട്ടി വളരെ സില്ലിയാണ്. ചിലപ്പോള്‍ കരയും.”
”അങ്ങനെയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. നീ ഒരു തുടക്കം ഇട്ടുതരിക. പിന്നെ ഞാന്‍ സംസാരിച്ചോളാം.”
രവി മൂളി. പിറ്റേന്നു രാവിലെ ചില്ലുവാതിലിനു കീഴിലെ കാത്തിരിപ്പ് പെണ്‍കുട്ടിക്കു വേണ്ടിയായിരുന്നു. ആളും ആരവവും എത്തിയിട്ടില്ലാത്ത പോര്‍ട്ടിക്കോയില്‍, തിമിര്‍ത്തു പെയ്യുന്ന മഴയെ നോക്കിയിരിക്കുന്ന ഒരുവേള. തണുപ്പിന്റെ നിര്‍വൃതിയില്‍ ഇമകളടയും നേരം, കുടചൂടി മഴ നനഞ്ഞൊരു പാദസരക്കിലുക്കം എത്തി.
രവി അടുത്തു വിളിച്ചു ചോദിച്ചു. ”പേരെന്താ?”
”ശ്രീലത.”
”വീട്?”
അടുത്തിരിക്കുന്നവനെ പാളി നോക്കി പെണ്‍കുട്ടി പറഞ്ഞു. ”അങ്കമാലി.”
രവി ഗൗരവത്തില്‍ മൂളി കാര്യത്തിലേക്കു കടന്നു. ”ലത ഒരു കാര്യം ചെയ്യണം.”
അപ്പുറത്തു അമ്പരപ്പ്. ചോദ്യഭാവം.
രവി ആജ്ഞാപിച്ചു. ”കുറച്ചു മഴവെള്ളം കൊണ്ടുവരൂ.”
വാക്കുകള്‍ മൃദുവായിരുന്നെങ്കിലും രവിയുടെ മുഖം പരുക്കനായിരുന്നു. നിഷ്‌കളങ്കമായ അവന്റെ മുഖത്ത് ആ പരുക്കന്‍ ഭാവം വിരിഞ്ഞതെങ്ങിനെയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. പെണ്‍കുട്ടി ബാഗും കുടയും ചില്ലുവാതിലിന് അരികില്‍ ഒതുക്കി വച്ചു. പോര്‍ച്ചിന്റെ അരികിലേക്ക് ചെന്ന് മഴയിലേക്കു കൈനീട്ടി. ഇടമുറിയാതെ പെയ്യുന്ന വര്‍ഷം കൈക്കുമ്പിളില്‍ പെട്ടെന്നു നിറഞ്ഞു. പെണ്‍കുട്ടി വെള്ളം തുളുമ്പാതെ ശ്രദ്ധിച്ച് അരികിലേക്കു വന്നു. മുഖത്തു വിഷമം. കാര്‍മേഘങ്ങള്‍.
റോള്‍ പൂര്‍ത്തീകരിച്ച സംതൃപ്തിയില്‍ രവി ചിരിച്ചു. ”ഈ മഴവെള്ളം സുനിലിനു കൊടുത്തേക്ക്. ഇന്നലെ കടം വാങ്ങിയിരുന്നില്ലേ.”
മഴയുടെ ഇരമ്പലിനൊപ്പം മനസ്സിന്റെ ഇരമ്പലും താളാത്മകമായി. എഴുതപ്പെട്ട തിരക്കഥയില്‍ ഇല്ലാത്ത സീന്‍ കൂട്ടിച്ചേര്‍ത്തു രവി എഴുന്നേറ്റു പോയി. നിശ്ശബ്ദതയെ ഭേദിച്ച് കാലവര്‍ഷം തിമിര്‍ത്തു പെയ്തു. പൂന്തോട്ടത്തിലെ ചെടികളെ അവ നിരന്തരം താഡിച്ചു. അതിന്റെ ആരോഹണ അവരോഹണങ്ങളിലൂടെ ദൃഷ്ടികള്‍ മേഞ്ഞു. മഴവെള്ളം നിറഞ്ഞു തുളുമ്പുന്ന കൈക്കുമ്പിള്‍ ചോദ്യചിഹ്നമായി എനിക്കു മുന്നില്‍ നിന്നു.
”ഞാന്‍ പറഞ്ഞോ കടം വീട്ടണമെന്ന്.”
മഴ നനഞ്ഞു വെളുത്ത, കൈത്തലം വിറച്ചു. ”കളയട്ടെ.”
”വേണ്ട. ഇങ്ങു തന്നേക്കൂ.”
തണുപ്പുകള്‍ പരസ്പരം കൂടിക്കലര്‍ന്നു. പശ്ചാത്തലമായി മഴ പെയ്തുകൊണ്ടേയിരുന്നു.
ഇതായിരുന്നു ഞാന്‍ നടത്തിയ റാഗിങ്. മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ എത്ര നിരര്‍ത്ഥകമായ പദം. അതിനു ശേഷവും ശ്രീലതയെ വീണ്ടും നിരവധി തവണ കൂടിക്കണ്ടു. പക്ഷേ എല്ലാം വെറും പരിചയത്തില്‍ ഒതുക്കി നിര്‍ത്തി.
ഒരുവന്‍ കാണുന്ന സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒരിക്കലും പരിധിയില്ലെന്നതാണ് സത്യം. പക്ഷെ എന്നിലെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും എന്നും പരിധിയുണ്ടായിരുന്നു. അപ്പോള്‍ പിന്നെ യഥാര്‍ത്ഥ ജീവിതത്തിന്റെ കാര്യം പറയാനില്ലല്ലോ? ആദ്യം പരിധി നിര്‍ണയിച്ച്, അതിരു തിരിച്ച് വേലികെട്ടിയത് എനിക്കു ചുറ്റുമുള്ളവരായിരുന്നു. വേലി ലംഘിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല എന്നല്ല. ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തി എന്നതാണ് ശരി. പിന്നീട് എല്ലാം പരിചിതമായി. എനിക്കുവേണ്ട വേലികള്‍ ഞാന്‍ തന്നെ സ്വയം നിര്‍മ്മിച്ചു. അതിന്റെ അതിരുകള്‍ ഞാന്‍ ലംഘിച്ചില്ല. കാലംപോകെ മറ്റുള്ളവര്‍ ലംഘിക്കാന്‍ ശ്രമിച്ചു. ഞാന്‍ തിരഞ്ഞെടുത്തവര്‍ എനിക്കു കൂട്ടായി. അങ്ങനെ കുറച്ചു നല്ല സുഹൃത്തുക്കള്‍. അവര്‍ക്കിടയില്‍ ശ്രീലത ഇല്ലായിരുന്നു. സ്വയം നിര്‍ണയിക്കുന്ന അതിരുകള്‍ എല്ലായ്‌പ്പോഴും നല്ലതാണ്.
കാര്‍ സര്‍ജാപുര സിഗ്‌നലിനോട് അടുക്കുകയാണ്. ഞാന്‍ രവിയോട് ചോദിച്ചു.
”ശ്രീലത ഇപ്പോള്‍ എവിടെയാണ്?”
”ഞാനത് ചോദിച്ചില്ല. പിന്നെ….. നിന്നെ അന്വേഷിച്ചതായി പറയാന്‍ പറഞ്ഞു.”
അധികരിച്ചു വരുന്ന തണുപ്പിനെ ചെറുക്കാന്‍ ഞാന്‍ കൈകള്‍ ശരീരത്തോടു ചേര്‍ത്തു. മഴവെള്ളം പകര്‍ന്നുതന്ന ഒരു കൈത്തലത്തിന്റെ ചൂട് മേനിയിലേക്കു പ്രവഹിച്ചു. തണുപ്പിനെ പ്രതിരോധിച്ച് ഇളംചൂട് ശരീരത്തില്‍ പരന്നു. സീറ്റ് പിന്നിലേക്കു ചായ്ച്ച് ഞാന്‍ കണ്ണടച്ചു കിടന്നു.
***************
ചിലരുണ്ട്, ചില അപരിചിതര്‍. നമ്മുടെ വരണ്ട ജീവിതത്തില്‍ അപ്രതീക്ഷിതമായി അവര്‍ പെയ്യും. പിന്നീട് എങ്ങോ പോയി മറയും, ചെറിയ നനവ് ബാക്കി വച്ചുകൊണ്ട്. വീണ്ടും വരള്‍ച്ചയെത്തുമ്പോള്‍ അവര്‍ നമ്മോടൊപ്പം ഉണ്ടായേക്കണമെന്നില്ല. പക്ഷേ നനവിന്റെ ഓര്‍മ്മ നമ്മില്‍ ബാക്കി നില്‍ക്കും. ഏതൊരാള്‍ക്കും ഇത്തരം അപരിചിതരെ പ്രതീക്ഷിക്കാം. അത്തരം പ്രതീക്ഷകള്‍ അവകാശമാണ്.
(തുടരും)
E-mail: [email protected]