Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ ആത്മകഥ

സമാനതകള്‍  ഇല്ലാത്ത ഏകാന്തത(ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 21)

സുനില്‍ ഉപാസന

Print Edition: 22 September 2023
ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ പരമ്പരയിലെ 24 ഭാഗങ്ങളില്‍ ഭാഗം 21

ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
  • ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
  • ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
  • ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
  • സമാനതകള്‍  ഇല്ലാത്ത ഏകാന്തത(ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 21)
  • ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
  • വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
  • ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)

ആത്മകഥ എഴുത്തിനിടയില്‍ ചില സവിശേഷ മാറ്റങ്ങള്‍ എന്നില്‍ സംഭവിച്ചു. എന്റെ ഭൂതകാലം എന്നില്‍ കൂടുതല്‍ തെളിമയുള്ളതായി മാറി. ഭൂതകാലത്തെ ഏതെങ്കിലും നാലഞ്ച് സംഭവങ്ങള്‍ തെളിച്ചമുള്ളതായെന്നോ, 2-3 വര്‍ഷത്തെ ജീവിതം കൂടുതല്‍ മിഴിവുള്ളതായി മനസ്സില്‍ വന്നെന്നോ അല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അത്തരം ഭാഗികമായ തിരിച്ചുപിടിക്കലല്ല എന്നില്‍ സംഭവിച്ചത്. മറിച്ച്, ഭൂതകാല ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ ഒന്നാകെ മിഴിവുള്ളതായി മാറുകയാണ് ചെയ്തത്. ഒരു വ്യക്തിക്ക്, സാധാരണ നിലയില്‍, ഇത് അസാധ്യമാണ്. റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവരും മറ്റും അവരുടെ ഭൂതകാലത്തേക്കു കണ്ണെറിഞ്ഞ് ഓര്‍മകളെ സജീവമാക്കുന്ന പോലെയല്ല ഇതെന്ന് ഞാന്‍ കരുതുന്നു. ഭൂതകാല സംഭവങ്ങള്‍ ഓര്‍ത്തെടുത്ത്, അക്ഷരങ്ങളായി പരിവര്‍ത്തിപ്പിച്ച് കുറിച്ചു വയ്ക്കുമ്പോള്‍, ഓര്‍മകളെ സമൂലം ഉടച്ചുവാര്‍ത്ത് തെളിമയുള്ളതാക്കുന്ന ഒരു രാസപ്രക്രിയ വ്യക്തിയില്‍ സംഭവിക്കുന്നുണ്ട്. ഭൂതകാലത്തെ വെറുതെ മനനം ചെയ്യുമ്പോള്‍ ലഭിക്കുന്ന തെളിമയേക്കാള്‍ കൂടുതല്‍ മിഴിവായിരിക്കും അപ്പോള്‍ വ്യക്തിക്കു ലഭിക്കുക. ഓര്‍മകളുടെ ചങ്ങലക്കണ്ണികള്‍ വലിഞ്ഞുമുറുകി, ഒരു സിസ്റ്റത്തിനു എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുമോ, അത്രത്തോളം കാര്യക്ഷമമായി മെമ്മറി സിസ്റ്റം പ്രവര്‍ത്തിക്കുന്നുവെന്ന് വേണം ഇവിടെ മനസ്സിലാക്കാന്‍. ആത്മകഥാകുറിപ്പുകള്‍ എഴുതിയ കാലയളവില്‍ എന്നില്‍ ഭൂതകാലം വളരെ സമുജ്വലമായിരുന്നു. ഒരുപക്ഷേ മറ്റു ആത്മകഥാകാരന്മാരും ഇതേ അവസ്ഥ അനുഭവിച്ചിട്ടുണ്ടാകാം.

അധ്യായങ്ങളെല്ലാം എഴുതിക്കഴിഞ്ഞ ശേഷവും, മാനുസ്‌ക്രിപ്റ്റില്‍ അപൂര്‍ണതയുണ്ടെന്ന തോന്നല്‍ എന്നില്‍ ബാക്കിനിന്നു. ആ ബോധ്യത്തില്‍ നിന്ന് ചില കാര്യങ്ങള്‍ കൂടി ഞാനെഴുതി. അദ്ധ്യായമായി വികസിപ്പിക്കാന്‍ കഴിയാത്തത്ര ചെറുതായിരുന്നു അവ. എന്നാല്‍ അവഗണിക്കാന്‍ കഴിയാത്തത്ര ശക്തിമത്തും വൈകാരികവും. ഞാന്‍ അവയെ അദ്ധ്യായങ്ങളുടെ തുടക്കത്തിലും (prefix) അവസാന ഭാഗത്തുമായി (suffix) സജ്ജീകരിച്ചു. അങ്ങിനെ, എട്ടുമാസം എന്ന ലക്ഷ്യത്തെ തിരുത്തി, അഞ്ചുമാസം കൊണ്ട് ആത്മകഥാ കുറിപ്പുകള്‍ ഞാന്‍ പൂര്‍ത്തിയാക്കി. ‘ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകള്‍’ എന്നു നാമകരണവും ചെയ്തു. സമൂഹത്തിലെ ബഹുഭൂരിഭാഗം പേര്‍ക്കും പരിചിതമല്ലാത്ത ചില കുറിപ്പുകള്‍ അങ്ങിനെ തയ്യാറായി.

സഹിക്കാന്‍ പറ്റാത്ത ചില പ്രത്യേക സാഹചര്യങ്ങളുണ്ട്. അവ ഒരു വ്യക്തിയില്‍ ചുരുങ്ങിയ സമയം കൊണ്ട് നിര്‍മിക്കപ്പെടുന്നവയല്ല. ഉദാഹരണമായി, ആരുടെയെങ്കിലും വിയോഗം, അല്ലെങ്കില്‍ ഒരു ഇന്റര്‍വ്യൂവിലെ തോല്‍വി തുടങ്ങിയ പത്തോ പതിനഞ്ചോ മിനിറ്റുകൊണ്ട് ഉണ്ടാകുന്ന അസഹനീയ സാഹചര്യമല്ല ഇവിടെ പ്രതിപാദ്യം. മറിച്ച് ആഴ്ചകളും മാസങ്ങളും എടുത്ത് പതുക്കെ നിര്‍മിക്കപ്പെട്ട്, മനസ്സിനു കനത്ത ആഘാതമാകുന്ന, മനസ്സിനെ ബലാല്‍ക്കാരം ചെയ്ത് പരിവര്‍ത്തിപ്പിക്കുന്ന, സാഹചര്യങ്ങളെ പറ്റിയാണ് ഞാന്‍ പറയുന്നത്. ഇവ തികച്ചും അപകടകരമാണ്. പെട്ടെന്ന് നിര്‍മിക്കപ്പെടുന്ന സാഹചര്യങ്ങളുടെ ഫലം, നമ്മിലുണ്ടാക്കുന്ന സ്വാധീനത്തിനു പൊതുവെ കുറഞ്ഞ കാലദൈര്‍ഘ്യമേ ഉണ്ടാകൂ. ഈയാംപാറ്റകളെ പോലെ പെട്ടെന്ന് ചിറകടിച്ചുയര്‍ന്ന്, ഏതാനും ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിന്ന്, പിന്നെ കെട്ടുപോകുന്നവയാണ് ഇവ. എന്നാല്‍ സാവധാനം ആരംഭിച്ച്, സാവധാനം മുന്നേറി, മനസ്സില്‍ ഉറയ്ക്കുന്ന സാഹചര്യങ്ങള്‍, വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന സ്വാധീനം/ആഘാതം വ്യക്തികളിലുണ്ടാക്കും. അത്തരം സാഹചര്യമാണ് ‘ഒരു ബധിരന്റെ ആത്മകഥ കുറിപ്പുകള്‍’ എഴുതി പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ അഭിമുഖീകരിച്ചത്. മാനുസ്‌ക്രിപ്റ്റ് എഴുതിക്കൊണ്ടിരുന്ന 5-6 മാസക്കാലത്ത് എന്റെ മനസ്സ്, ഞാന്‍ അനുഭവിച്ചിരുന്ന ഏകാന്തതയെ കാര്യമാക്കിയില്ല. എന്നാല്‍ പുസ്തകരചന കഴിഞ്ഞതോടെ ഏകാന്തത പൂര്‍വ്വാധികം ശക്തിയോടെ എന്നെ വലയം ചെയ്തു.

Resilient Minds ല്‍ വച്ചു നടന്ന ഒരു സംഭാഷണം ഞാനോര്‍ക്കുന്നു. ഒരു തിങ്കളാഴ്ച ദിവസം കൃപ മാഡം എന്നോടു ചോദിച്ചു. ”വാരാന്ത്യം സുനില്‍ എങ്ങിനെ ചിലവഴിച്ചു?”
അതിനു മുമ്പുള്ള രണ്ട് ദിവസങ്ങള്‍ അവധിയായിരുന്നു. ഞാന്‍ സുഹൃത്തുക്കളേയും മറ്റും കൂടിക്കണ്ടിരിക്കുമെന്നു കരുതിയാണ് മാഡത്തിന്റെ അന്വേഷണം. വാരാന്ത്യങ്ങളില്‍ സുഹൃത്തുക്കളെ സന്ദര്‍ശിക്കുന്ന ശീലം ഒരിക്കലുണ്ടായിരുന്നു. അതിനുവേണ്ടി മഡിവാളയിലും മറ്റും പോകാറുണ്ടായിരുന്നു. പക്ഷേ, അതെല്ലാം നിലച്ചിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ഏറെയായി. മാഡത്തിനുള്ള മറുപടി ഞാന്‍ ഒറ്റവാക്കില്‍ ഒതുക്കി.

”മാഡം, ഞാന്‍ ഏറ്റവും അവസാനം സംസാരിച്ചത് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ്. അതാകട്ടെ കൃപ മാഡത്തിനോടു തന്നെയാണ്. വെള്ളിയാഴ്ചക്കു ശേഷം ഇപ്പോഴാണ് സംസാരിക്കുന്നത്. അതും… മാഡത്തിനോടു തന്നെ!”
എന്റെ മറുപടിയില്‍ കൃപ മാഡം അന്തിച്ചുനിന്നു.

ഞാന്‍ അനുഭവിച്ചിരുന്ന ഏകാന്തത സമാനതകള്‍ ഇല്ലാത്തതായിരുന്നു. മാസങ്ങള്‍ അല്ല, വര്‍ഷങ്ങളോളം ഞാനതിന് വിധേയനായി കഴിഞ്ഞു പോന്നു. സാവധാനമാണ് ഇതിന്റെ ഫലം എന്നില്‍ തെളിഞ്ഞുവന്നത്. ഏകാന്തത ഒഴിവാക്കാന്‍ ഞാന്‍ പുസ്തകങ്ങളിലേക്കു തിരിഞ്ഞു. എനിക്കു വേണ്ടിയിരുന്ന വായന സൗന്ദര്യാത്മകമായ കഥ-കവിത-നോവല്‍ ആസ്വാദനമല്ലായിരുന്നു. മാനസികമായി എന്നെ ശക്തിപ്പെടുത്തുന്ന, ഉയര്‍ന്ന ബൗദ്ധികനിലയില്‍ മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന വായന ഞാന്‍ ആഗ്രഹിച്ചു. ജീവിതഗന്ധിയായ രചനകള്‍ നെഗറ്റീവായേ ബാധിക്കുമായിരുന്നുള്ളൂ. അവയെന്നെ വ്യവഹാരിക ലോകത്തില്‍ തളച്ചിട്ട്, മനസ്സിനെ കൂടുതല്‍ ദുര്‍ബലവും ദുഃഖസാന്ദ്രവുമാക്കുകയാണ് ചെയ്യുക. അത്തരം വായന ഞാന്‍ ആഗ്രഹിച്ചില്ല. ഫിലോസഫി പുസ്തകങ്ങള്‍ വായിക്കുന്ന ശീലം ആരംഭിക്കുന്നത് ഇപ്രകാരമാണ്. ഈ പുസ്തകത്തില്‍ ഫൂട്ട്‌നോട്ടായും മറ്റും നിങ്ങള്‍ കാണുന്ന ദാര്‍ശനിക വചനങ്ങള്‍ എന്നിലെ ഫിലോസഫി കമ്പത്തെ സൂചിപ്പിക്കുന്നു..

18. Resilient Minds
ഞാന്‍ പങ്കെടുത്ത രണ്ടാമത്തെ ‘Employ Ability’ തൊഴില്‍മേള ചെന്നൈയിലാണ് നടന്നത്. അവിടെ വച്ചു ഞാന്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. ഒരു മണിക്കൂറോളം ഒരു ചെറിയ ഹാളില്‍ മറ്റു വികലാംഗര്‍ക്കൊപ്പം സമയം ചിലവഴിച്ചതില്‍ നിന്ന് അവര്‍ക്കു വൈകല്യമില്ലെന്ന് എനിക്കു തോന്നി. അവരുടെ പെരുമാറ്റം അത്രമേല്‍ സ്വാഭാവികമായിരുന്നു. മാത്രമല്ല, വികലാംഗര്‍ക്കു തുണയായി ആരെങ്കിലും കൂടെ വരുന്ന പതിവ് തൊഴില്‍മേളയില്‍ ഉണ്ടായിരുന്നു. ഈ പെണ്‍കുട്ടി അത്തരത്തില്‍ വന്നതാണെന്ന് ഞാന്‍ കരുതി.

ഇന്റര്‍വ്യൂകള്‍ ആരംഭിച്ചു. ഒരു വലിയ ഹാളില്‍ ക്യൂബിക്കിളായി സജ്ജീകരിച്ചിരിക്കുന്ന മുറികളില്‍ വച്ച് ഓരോ വികലാംഗരുടേയും കഴിവ് കമ്പനികള്‍ ‘അളന്നു’. ഇന്റര്‍വ്യൂ ഫലങ്ങളില്‍ പലതും മുന്‍നിശ്ചിത പ്രകാരം നെഗറ്റീവായിരുന്നു. എനിക്ക് നല്‍കിയിട്ടുള്ള എന്‍ട്രി സ്ലിപ്പിലെ ഓരോ കമ്പനിയിലും ഞാന്‍ കയറിയിറങ്ങി. അതിനിടയില്‍ ആ പെണ്‍കുട്ടിയെ വീണ്ടും കണ്ടു. അവര്‍ക്കു ശ്രവണ-സംസാരശേഷി ഇല്ലായിരുന്നു. ശ്രവണപ്രശ്‌നം ജന്മനാല്‍ ഉണ്ടെങ്കില്‍ സംസാരവും സാധ്യമല്ല. Sign Language Interpreter ടെ സഹായത്തോടെയാണ് പെണ്‍കുട്ടി ഇന്റര്‍വ്യൂവറുമായി സംസാരിക്കുന്നത്. ഇന്റര്‍വ്യൂവര്‍ പെണ്‍കുട്ടിയോടു താല്പര്യത്തോടെ സംസാരിക്കുന്നുണ്ടെങ്കിലും, ദീര്‍ഘനാളത്തെ ഇന്റര്‍വ്യൂ പരിചയം മൂലം, അദ്ദേഹത്തിന് ആ കാന്‍ഡിഡേറ്റില്‍ താല്പര്യമില്ലെന്ന് എനിക്കു മനസ്സിലായി. Sign Language Interpreter ക്കും അതറിയാം. അദ്ദേഹം എത്രയോ ഇന്റര്‍വ്യൂകള്‍ക്കു ഇതുപോലെ ദ്വിഭാഷിയായി നിന്നിട്ടുണ്ട്.

ഞാന്‍ പെണ്‍കുട്ടിയെ കുറച്ചകലെ നിന്ന് സസൂക്ഷ്മം വീക്ഷിച്ചു. ഇന്റര്‍വ്യൂ ചെയ്യുന്ന എക്‌സിക്യുട്ടീവില്‍ മതിപ്പ് ഉണ്ടാക്കാനുള്ള അവരുടെ ശ്രമങ്ങള്‍, നേരിട്ടു അതിന് കഴിയുന്നില്ലെന്ന് മനസ്സിലാക്കി നിസ്സഹായതയോടെ ദ്വിഭാഷിയുടെ നേരെയുള്ള പെണ്‍കുട്ടിയുടെ നോട്ടം, ദ്വിഭാഷിയുടെ പരിഭാഷ ഇന്റര്‍വ്യൂവറെ സന്തോഷിപ്പിക്കുന്നുണ്ടോ എന്ന് ആകാംക്ഷയോടെ, അതിലേറെ ആധിയോടെ പെണ്‍കുട്ടി ഇന്റര്‍വ്യൂവറെ നോക്കി വിലയിരുത്തുന്നത്. എല്ലാം ഞാന്‍ വലിയ വിഷമത്തോടെ നോക്കിക്കണ്ടു. അല്പനേരം ഇന്റര്‍വ്യൂവറെ നിരീക്ഷിച്ചതില്‍ നിന്നു കാര്യങ്ങള്‍ മനസ്സിലാക്കി ഞാന്‍ പെണ്‍കുട്ടിയോടു മനസ്സാല്‍ പറഞ്ഞു. ‘ഈ ജോലി നിനക്ക് കിട്ടുകയില്ല കുട്ടീ. വേറേത് ജോലിയാണ് കിട്ടുകയെന്നു നീ എന്നോടു ചോദിക്കരുത്. എനിക്കറിയില്ല അത്’.

ഇന്റര്‍വ്യൂ കഴിഞ്ഞ ശേഷം ഒരിടത്തു വച്ച് ഞാന്‍ പെണ്‍കുട്ടിയോടു സംസാരിച്ചു (ഓരോ ജോബ്‌ഫെയറിലും ഞാന്‍ കുറച്ചു പേരോടു സംസാരിക്കുമായിരുന്നു. തൊഴില്‍ അന്വേഷണത്തിനിടെ അവര്‍ നേരിട്ട വിവേചനങ്ങള്‍ അറിയുകയായിരുന്നു ലക്ഷ്യം). പേപ്പറില്‍ എഴുതിയാണ് ‘സംസാരം’. എനിക്കു sign Language (അടയാള ഭാഷ) അറിയില്ലായിരുന്നു അന്ന്. സംഭാഷണത്തിനിടയില്‍ ഞാന്‍ മനസ്സിലാക്കിയ കാര്യം എന്തെന്നാല്‍, ‘തനിക്ക് ആ ജോലി കിട്ടില്ലെന്ന് മറ്റാരേക്കാളും നന്നായി പെണ്‍കുട്ടിക്ക് അറിയാം’ എന്നാണ്. ആ കുട്ടി അതിനകം പലയിടത്തു നിന്നായി നിരവധി നിരാസങ്ങള്‍ ഏറ്റു വാങ്ങിക്കഴിഞ്ഞിരുന്നു. ‘പരിചയസമ്പന്ന’യാണെന്ന് ചുരുക്കം.

പതിനഞ്ച് മിനിറ്റോളം നീണ്ട സംസാരം അവസാനിപ്പിച്ച് വിട പറയുമ്പോള്‍ പെണ്‍കുട്ടിയുടെ ഭാവിയെപ്പറ്റി ഞാന്‍ ആകുലപ്പെട്ടില്ല. കാരണം അവര്‍ ഞാന്‍ കരുതിയതിനേക്കാള്‍ മാനസികമായി കരുത്തയായിരുന്നു. ഒരുപക്ഷേ എന്നേക്കാളും കൂടുതല്‍. അത് മനസ്സിലാക്കാന്‍ ഞാന്‍ അഞ്ചു മിനിറ്റു പോലുമെടുത്തില്ല. ആദ്യത്തെ അഞ്ചു മിനിറ്റ് ഒഴിച്ച്, ബാക്കിയുള്ള സമയം ഞങ്ങള്‍ ഇന്റര്‍വ്യൂവിനേയും വിവേചനത്തേയും കുറിച്ച് സംസാരിച്ചതേയില്ല. അപ്പോള്‍ എന്തായിരുന്നു സംഭാഷണ വിഷയം? ആ പെണ്‍കുട്ടി അടയാള ഭാഷ പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചു, കൂടാതെ ഏതാനും അടയാളങ്ങളും അവയുടെ അര്‍ത്ഥവും എനിക്ക് പറഞ്ഞു തരികയും ചെയ്തു.
ആ പെണ്‍കുട്ടിയായിരുന്നു അടയാള ഭാഷ പഠനത്തില്‍ എന്റെ ആദ്യഗുരു.
**************
ഒരിക്കല്‍ ഞാന്‍ ഫേസ്ബുക്ക് ടൈംലൈനില്‍ കുറിച്ചിട്ട ഒരു വരിയുണ്ട്. ‘Either nobody is important or nobody is unimportant, there can’t be somebody is important and somebody is unimportant’. അദ്വൈതവുമായി ബന്ധമുള്ള ഏതോ ചിന്തയില്‍ നിമഗ്‌നനായിരിക്കുമ്പോഴാണ് ഞാനിത് എഴുതിയത്. വ്യവഹാരികയില്‍ എല്ലാവര്‍ക്കും പ്രാധാന്യവും, പരമാര്‍ത്ഥികയില്‍ ആര്‍ക്കും പ്രാധാന്യമില്ലാതിരിക്കയും ചെയ്യുന്ന അവസ്ഥയാണ് ഇവിടെ സൂചിതം. ഇതിനു മറ്റ് വ്യാഖ്യാനങ്ങളും ഉണ്ടാകാം.

നൂറു കൊല്ലത്തോളം നീളുന്ന മനുഷ്യജീവിതത്തില്‍ ആരും നിസ്സാരര്‍ അല്ല. കാലം എന്നെ പഠിപ്പിച്ച വസ്തുതയാണിത്. എല്ലാവര്‍ക്കും അവരുടേതായ പ്രാധാന്യമുണ്ട്. നാം ഒരാളെ കണ്ടുമുട്ടുന്ന കാലത്ത് തന്നെ, ആ വ്യക്തി നമ്മുടെ ജീവിതത്തില്‍ നിര്‍ണായക റോള്‍ വഹിച്ചേക്കണമെന്നില്ല. വര്‍ഷങ്ങളോളം ഇതേ സ്ഥിതി തുടരുകയും ചെയ്യും. പിന്നെയൊരിക്കല്‍, നമ്മള്‍ നിനച്ചിരിക്കാത്ത കാലത്ത്, അവര്‍ നമ്മുടെ ജീവിതത്തിലേക്കു തലനീട്ടുകയാണ് ഉണ്ടാവുക. അന്നുമുതല്‍, ഒരു നിശ്ചിതകാലം വരെ നമ്മുടെ ജീവിതത്തില്‍ നിര്‍ണായക റോള്‍ വഹിച്ച ശേഷം അവര്‍ രംഗത്തോടു വിട പറയും. എന്റെ ജീവിതത്തില്‍ ഇതുപോലുള്ള ചില വ്യക്തിത്വങ്ങളെ പരിചയപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഇത്തരം റോള്‍ വഹിച്ചത്, ബാംഗ്ലൂരിലെ ‘Resilient Minds’ എന്ന സ്ഥാപനത്തിന്റെ ഉടമയായ ഭുവന കല്യാണ്‍ റാം ആണ്.

ഭുവന മാഡത്തിനെ ആദ്യം പരിചയപ്പെടുന്നത്ത് 2008-ലാണ്. മാഡം അക്കാലത്ത് ഒരു പ്രമുഖ സ്പീച്ച് ആന്‍ഡ് ഹിയറിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഓഡിയോഗ്രാം ടെസ്റ്റ് ചെയ്യാനാണ് ഞാനവിടെ എത്തിയത്. അതുപിന്നെ ബെറ (BERA) ഉള്‍പ്പെടെയുള്ള മറ്റു ടെസ്റ്റുകളിലേക്കു മുന്നേറി. എല്ലാ ടെസ്റ്റുകളും സൗജന്യമായിരുന്നു. പരിശോധന റിപ്പോര്‍ട്ടിന്റെ അവസാനം, സ്പീച്ച് തെറാപ്പിക്കു ഞാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടു. തെറാപ്പിക്കു വിധേയനാകുന്ന കാലത്ത്, ആ സ്ഥാപനത്തിലുള്ള ചിലര്‍ ജോലി ലഭിക്കാന്‍ എന്നെ സഹായിക്കുന്നുണ്ടായിരുന്നു. അത്തരം ശ്രമങ്ങള്‍ ഏകോപിപ്പിച്ചിരുന്ന വ്യക്തിയാണ് ഭുവന. മാഡത്തിന്റെ ശ്രമഫലമായി എനിക്ക് ഏതാനും ഇന്റര്‍വ്യൂകള്‍ കിട്ടി. പക്ഷേ ഫൈനല്‍ റൗണ്ടില്‍ തള്ളിക്കളയുന്ന രീതി കമ്പനികള്‍ തുടര്‍ന്നു.

തൊഴില്‍ശ്രമങ്ങള്‍ നടന്ന കാലത്ത്, ഒരിക്കല്‍ പോലും ഞാന്‍ മാഡത്തെ നേരില്‍ കണ്ടിരുന്നില്ല. ആശയവിനിമയ മാര്‍ഗം ഇമെയില്‍ ആയിരുന്നു. 2008 ജൂണ്‍ മാസത്തോടെ തെറാപ്പി അവസാനിച്ചു. അതില്‍ പിന്നെ കുറേക്കാലം ഞങ്ങള്‍ തമ്മില്‍ ആശയവിനിമയം ഉണ്ടായില്ല. 2009 ഫെബ്രുവരിയില്‍, Employ Ability Job Fair വഴി ജോലി ലഭിച്ചപ്പോള്‍, ഞാന്‍ ആ വാര്‍ത്ത ആദ്യം അറിയിച്ച വ്യക്തികളില്‍ ഒരാള്‍ ഭുവന മാഡം ആയിരുന്നു. എനിക്കവരോട് അത്രമേല്‍ കടപ്പാടുണ്ടായിരുന്നു. മാഡത്തിന്റെ പരിശ്രമം ജോലി ലഭിക്കാന്‍ ഉതകിയില്ലെങ്കിലും, ശ്രമങ്ങളുടെ മൂല്യം ഇല്ലാതാകുന്നില്ല. എല്ലാ പരിശ്രമവും അമൂല്യമാണ്.

ഏതാനും വര്‍ഷങ്ങള്‍ കടന്നു പോയി. കമ്പനിയിലെ ജോലിയും, അല്പസ്വല്പം എഴുത്തുമായി ഞാന്‍ കഴിഞ്ഞു കൂടി. അന്നൊരിക്കല്‍ എന്റെ തെറാപ്പിസ്റ്റുകളില്‍ ഒരാളായ ശോഭിന്‍ ജെയിംസുമായി സംസാരിച്ചപ്പോള്‍ ഭുവന മാഡം ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ടെന്ന് അറിഞ്ഞു. ഞാന്‍ കൂടുതല്‍ തിരക്കിയില്ല.

2014 നവംബറിലാണ് ഭുവന മാഡത്തിനെ ആദ്യമായി നേരില്‍ കാണുന്നത്. മാഡം സ്വന്തമായി ഒരു സ്പീച്ച് ആന്‍ഡ് ഹിയറിംങ് സ്‌കൂള്‍ തുടങ്ങിയിരുന്നു. വലിയൊരു വീട് സ്‌പെഷ്യല്‍ സ്‌കൂളായി സജ്ജീകരിച്ചിരിക്കുകയാണ്. മേശയ്ക്കു ഇരുപുറവുമിരുന്ന് ഞങ്ങള്‍ സംസാരിച്ചു. ഞാന്‍ തെറാപ്പി ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ടശേഷം എന്തുണ്ടായെന്നു വിശദീകരിച്ചു. ജോലി, വീട്, ആദ്യത്തെ മലയാളം പുസ്തകം, ആത്മകഥ കുറിപ്പുകള്‍ എഴുതുന്ന കാര്യം. അങ്ങിനെയങ്ങിനെ. മാഡം എല്ലാം മൂളിക്കേട്ട ശേഷം, മോഹിപ്പിക്കുന്ന ഒരു വാഗ്ദാനം എനിക്കു മുന്നില്‍ വച്ചു Resilient Minds ല്‍ നിന്ന് ആംഗ്യഭാഷ (sign language) പഠിച്ചുകൊള്‍ക!

ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത വാഗ്ദാനമായിരുന്നു അത്. ആംഗ്യഭാഷ കേള്‍വി-സംസാര പ്രശ്‌നമുള്ളവര്‍ ആശയവിനിമയത്തിനു ഉപയോഗിക്കുന്ന ഭാഷയാണ്. അതില്‍ പ്രാഗല്‍ഭ്യമുള്ളവര്‍ കുറവായതിനാല്‍, ആംഗ്യഭാഷ ജ്ഞാനം അഭിലഷണീയമാണ്. സ്വജീവിതത്തില്‍ ആംഗ്യഭാഷ ഉപയോഗിക്കാന്‍ പോകുന്നില്ലെങ്കിലും, ആംഗ്യഭാഷ ട്യൂട്ടര്‍ ആയോ മറ്റോ തൊഴില്‍ ചെയ്യാന്‍ പറ്റും. ആംഗ്യഭാഷ മുഴുവന്‍ പഠിച്ചെടുത്ത വിദഗ്ദ്ധര്‍ വളരെ കുറവാണ്. കൂടാതെ ഡിസേബിളിറ്റി സെക്ടറിനോടു (Disability sector) ബന്ധമുള്ള പരിപാടികളില്‍ വളന്റിയറായി പ്രവര്‍ത്തിക്കാനുള്ള എന്റെ ആഗ്രഹത്തിനു ആംഗ്യഭാഷാജ്ഞാനം സഹായകമാണ്. ഇക്കാരണങ്ങളാല്‍ ഭുവന മാഡത്തിനോടു സമ്മതം മൂളാന്‍ എനിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

യുവതീയുവാക്കളായ തൊഴിലന്വേഷകരെ വളരെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ കഴിവുള്ള മേഖലയല്ല സ്പീച്ച് ആന്‍ഡ് ഹിയറിംങ് രംഗം. ഉദ്യോഗാര്‍ത്ഥികളുടെ മനോഭാവത്തിന് ഇവിടെ അതിപ്രാധാന്യമുണ്ട്. ലാഭേച്ഛ കുറവുള്ള ഈ രംഗത്തെ തൊഴിലിനു സേവനപരമായ മാനമുണ്ട്. സമൂഹത്തില്‍ ജനിക്കുന്ന ശ്രവണസംസാര-പെരുമാറ്റ പ്രശ്‌നമുള്ള കുട്ടികള്‍ക്കു അനുയോജ്യ വിദ്യാഭ്യാസം നല്‍കി വളര്‍ത്തിയെടുക്കേണ്ടത്, ആ സമൂഹം നിവര്‍ത്തിക്കേണ്ട പ്രധാന ചുമതലയാണ്. എന്നാല്‍, അതിശ്രമകരമായ ജോലിയുള്ള ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ മിക്കവരും സന്നദ്ധരല്ല. അതുകൊണ്ട് ഉദ്യോഗാര്‍ത്ഥികളുടെ മനോഭാവം പ്രധാനമാണ്.

ആംഗ്യഭാഷ പഠിപ്പിക്കുന്ന ടീച്ചറുടെ പേര് കൃപ എന്നായിരുന്നു. sign language മേഖലയില്‍ കൃപ മാഡം പരിണതപ്രജ്ഞയാണ്. അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട്. ആംഗ്യഭാഷ വിദ്യാര്‍ത്ഥിയായി ഞാനെത്തുമ്പോള്‍ മാഡം ഒരുകൂട്ടം കുട്ടികള്‍ക്കിടയിലായിരുന്നു. കുട്ടികള്‍ക്കു നാനാവിധ വൈകല്യങ്ങളുണ്ട്. അവരെയെല്ലാം ശാസിച്ചും പരിപാലിച്ചും കൃപമാഡം ശാന്തയായി ഇരുന്ന്, പാഠങ്ങള്‍ പറഞ്ഞു കൊടുക്കുകയാണ്. പെരുമാറ്റ വൈകല്യമുള്ള അഞ്ചോളം കുട്ടികളെ, ഒരു ചരടില്‍ കോര്‍ത്തിണക്കിയ പോലെ കൈകാര്യം ചെയ്യുന്ന മാഡത്തിനെ ഞാന്‍ അദ്ഭുതാതിരേകത്തോടെ നോക്കിനിന്നു.

കുട്ടികള്‍ എന്നെ ശ്രദ്ധിക്കുന്നത് കണ്ട് മാഡം തലതിരിച്ചു നോക്കി. ഞാന്‍ കൈകൂപ്പി നമസ്‌തെ പറഞ്ഞു. മാഡം പുഞ്ചിരിച്ചുകൊണ്ട് കൈകൊണ്ട് എന്തോ ആംഗ്യം കാണിച്ചു. എനിക്കു മനസ്സിലായില്ല.
മാഡം മന്ദഹസിച്ചു. ”ഗുഡ് മോണിങ്.”

ഞാന്‍ ആ ആംഗ്യം അത്ര പൂര്‍ണതയില്ലാതെ അനുകരിച്ചു. മാഡം നന്നായെന്ന് തലയാട്ടി. അതായിരുന്നു ആദ്യപാഠം. പിറ്റേന്നു, കൃപ മാഡത്തിന്റെ ശിഷ്യനായി ഞാന്‍ ആംഗ്യഭാഷ പഠനത്തില്‍ ഹരിശ്രീ കുറിച്ചു.

ആംഗ്യഭാഷ ഒരു സാര്‍വ്വജനിക (Universal) ഭാഷയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. എങ്കിലും രാജ്യങ്ങള്‍ക്കനുസരിച്ച് അത്യാവശ്യം ഭേദങ്ങളുണ്ട്. ഇന്ത്യന്‍, അമേരിക്കന്‍, ബ്രിട്ടീഷ് എന്നിങ്ങനെ. ഇന്ത്യന്‍ ആംഗ്യഭാഷയില്‍ പ്രാദേശിക സംസ്‌കാരം ഇടകലര്‍ന്നിട്ടുണ്ട്. ഉദാഹരണമായി മാസങ്ങളുടെ പേര് ആംഗ്യത്തില്‍ പറയുമ്പോള്‍ ഉല്‍സവങ്ങള്‍ ഉപയോഗിക്കാം. ജനുവരി  പൊങ്കല്‍, സപ്തംബര്‍ – വിനായക ചതുര്‍ത്ഥി, ഒക്ടോബര്‍ – ദുര്‍ഗ്ഗാപൂജ, എന്നിങ്ങനെ.
(തുടരും)

 

Series Navigation<< ഭൂതകാലത്തേക്കുള്ള കൂപ്പുകുത്തല്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 20)ആംഗ്യഭാഷാ പഠനം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 22) >>
Tags: ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
ShareTweetSendShare

Related Posts

ചാക്രിക പ്രക്രിയകളിലൂടെ പരിവര്‍ത്തനത്തിലേക്ക് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 24)

മനസ്സിന്റെ അടിത്തട്ടിലെ കടല്‍ ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 23)

ആംഗ്യഭാഷാ പഠനം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 22)

ഭൂതകാലത്തേക്കുള്ള കൂപ്പുകുത്തല്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 20)

ട്രെയിന്‍ എന്ന വൈകാരിക മീഡിയം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 19)

ഫൈനല്‍ ലാപ്പ് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 18)

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies