- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
- ശ്രവണസഹായി എന്ന നോക്കുകുത്തി (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 7)
പ്രതിസന്ധികളുടെ ഗിരിശൃംഗങ്ങള്‍ക്കുമേല്‍ ഇച്ഛാശക്തിയുടെ അഗ്നിച്ചിറകുകള്‍ കൊണ്ട് പറന്നുയര്‍ന്ന ഒരു ബധിരയുവാവിന്റെ ജീവിത കഥനമാണ് ഈ ആത്മകഥാകുറിപ്പ്. ധ്യാനാത്മകമായ മനസ്സോടെ സ്വധര്‍മ്മം തിരിച്ചറിഞ്ഞ് അതിന്റെ പൂര്‍ത്തീകരണത്തിനായി സര്‍വ്വസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന ഈ യുവാവ് ഉപജീവന മാര്‍ഗ്ഗമായി തിരഞ്ഞെടുത്തത് ഐ.ടി. മേഖലയാണ് എന്നതും ശ്രദ്ധേയമാണ്. ഇനിയുള്ള ലക്കങ്ങളില്‍ സ്വന്തം ജീവിത പുസ്തകത്തില്‍ നിന്നും ചീന്തിയെടുത്ത തീക്ഷ്ണാനുഭവത്തിന്റെ കുറിപ്പുകളടങ്ങുന്ന ജീവിത താളുകള്‍ ശ്രീ. സുനില്‍ ഉപാസന നമ്മുടെ മുന്‍പില്‍ തുറന്നുവെക്കുന്നു.
കുട്ടിക്കാലം മങ്ങിയ ഓര്‍മകളുടേതാണ്. എല്ലാം ചികഞ്ഞെടുക്കാനാകില്ല. ചികഞ്ഞാല്‍ കിട്ടുന്നവയില്‍ തന്നെ ‘വ്യക്തമല്ല’ എന്നു കാലം മുദ്ര പതിപ്പിച്ചിട്ടുള്ള ഓര്‍മകളുടെ ആധിക്യം; മുഖമില്ലാത്ത കഥാപാത്രങ്ങളുടെ ഘോഷയാത്ര. അപ്പോള്‍ പതറുകയായി. എല്ലാ മുഖങ്ങളോടും ഞാന്‍ ചോദിക്കും. ‘താങ്കള്‍ ആരാണ്? എന്നാണ് നമ്മള്‍ കണ്ടുമുട്ടിയത്? എങ്ങിനെയാണ് തമ്മില്‍ പരിചയം?’ എനിക്കു കിട്ടിയ മറുപടികള്‍ എല്ലാം പരസ്പര വിരുദ്ധമായിരുന്നു. ഒന്നിനെ അടിസ്ഥാനരഹിതമാക്കുന്ന മറ്റൊന്ന്. കുരുക്കഴിച്ചെടുക്കുക കഠിനം തന്നെ.
ഞാന്‍ തീരുമാനിച്ചു. പിന്തിരിഞ്ഞു നോക്കരുത്. പിന്നില്‍ സാഗരമാണ്. കുത്തഴിഞ്ഞ ഓര്‍മകളുടെ സാഗരം. അതിന്റെ ആഴങ്ങളില്‍ മുങ്ങരുത്. കുട്ടിക്കാലത്തോടും, പോരാതെ, ഓര്‍മ എന്നതിനോടു തന്നെയും വിദ്വേഷം തോന്നാം. അതിനാല്‍ ‘വ്യക്തമല്ലാത്ത’ ഓര്‍മകള്‍ ഒഴിവാക്കുക. തലച്ചോറിനെ രക്ഷിക്കുക. തലച്ചോര്‍ നമുക്കു ഭാവിയിലേക്ക് ആവശ്യമുണ്ട്. ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കാനല്ല. മറിച്ച് ഓരോ കാല്‍വയ്പ്പും പാളുമ്പോള്‍, ശകാരിക്കാനും കുറ്റപ്പെടുത്താനുമായി. തലച്ചോര്‍ ആണല്ലോ അത്യന്തികമായ കുറ്റവാളി. കുറ്റവാളിയുടെ ആരോഗ്യപരിപാലനം വളരെ പ്രധാനമാണ്. അതിനാല്‍ ‘വ്യക്തം’ എന്ന ലേബലുള്ള ഓര്‍മകളില്‍ മാത്രം മേയുക. മുഖമുള്ള വ്യക്തികളും, കൂടിക്കാഴ്ചയുടെ സമയവും സന്ദര്‍ഭവും തലച്ചോറിന്റെ ജോലി അനായാസമാക്കും. അത്തരത്തിലുള്ള ഒരു ഓര്‍മ്മ ഞാന്‍ പങ്കുവയ്ക്കുന്നു.
വളരെ തെളിച്ചമുള്ള ഈ ഓര്‍മയില്‍ ഒരു കുട്ടിയും, കുട്ടിയുടെ അച്ഛനുമാണ് കഥാപാത്രങ്ങള്‍. വൈകുന്നേരങ്ങളില്‍ അല്‍പം മിനുങ്ങി, സൈക്കിള്‍ ചവിട്ടി വീട്ടിലെത്തുന്ന അച്ഛന്‍. ഉമ്മറത്തെ മരക്കസേരയിലിരുന്നു കൈത്തലത്തില്‍, ശാസ്താംപാട്ടിന്റെ താളം പിടിക്കുന്ന അച്ഛന്‍. അത് രാവേറെ ചെല്ലുവോളം നീളും. ഇടയ്ക്ക് അച്ഛന്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കുകയും ചെയ്യും. ‘എന്റെ കൊച്ചനെ കാത്തോളണേ പിതൃക്കളേ’.
കുട്ടി കണ്ടിട്ടില്ല അച്ഛന്‍ അമ്പലങ്ങളില്‍ പോകുന്നതും ദൈവങ്ങളോടു പ്രാര്‍ത്ഥിക്കുന്നതും. കുട്ടി കണ്ടിട്ടില്ല അച്ഛന്‍ ദൈവങ്ങള്‍ക്കെതിരെ പറയുന്നത്. കുട്ടി അറിയുന്ന അച്ഛന്‍ മരക്കസേരയിലിരുന്ന് ശാസ്താംപാട്ടിന്റെ വരികള്‍ ചൊല്ലി, ഇടത്തേ ഉള്ളംകയ്യില്‍ താളമിടുന്ന ആളാണ്. ശാസ്താംപാട്ട് പാടി കൈത്തലത്തില്‍ കൊട്ടുന്നതായിരുന്നു അച്ഛന്റെ പ്രാര്‍ത്ഥനകള്‍.
ഒരിക്കല്‍ പതിവുപോലെ കുട്ടി അടുത്തുവന്ന് ആവശ്യപ്പെട്ടു.
”അച്ഛാ, എനിക്കു പാട്ട് പഠിക്കണം”
അച്ഛന്‍ മുറിയ്ക്കകത്തു പോയി. കറുപ്പുനിറമുള്ള തുണി സഞ്ചിയില്‍നിന്നു ശാസ്താംപാട്ട് ഉടുക്ക് എടുത്ത് തിരിച്ചുവന്നു. ഉടുക്കിന്റെ ഇളംമഞ്ഞ നിറമുള്ള ചരടുകള്‍ മുറുക്കിക്കെട്ടി, ശബ്ദസ്ഥായി പരിശോധിക്കാന്‍ ഒന്നുരണ്ടു തവണ കൊട്ടി. പിന്നെ കുട്ടിയെ മടിയിലിരുത്തി, പഠിപ്പിച്ച താളങ്ങള്‍ വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. ”ത. തക, തക. തി….ന്ത”
കുട്ടി ഓര്‍മിപ്പിച്ചു. ”ഇത് പഠിച്ചതാ.”
അപ്പോള്‍ അച്ഛന്‍ അടുത്തതിലേക്കു കടക്കും. ”ഹരിശ്രീ എന്നരുള്‍ ചെയ്ത, ഗുരുവിനെ സ്മരിച്ചു ഞാന്‍…”
കുട്ടി തടഞ്ഞു. ”ഇതും പഠിച്ചതാ.”
അച്ഛന്‍ പറഞ്ഞു. ”എങ്കില്‍ ഇത് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഹൃദിസ്ഥമാക്കുക. ബാക്കി പിന്നീട്.”
കുട്ടിയിത് കേള്‍ക്കാന്‍ തുടങ്ങിയിട്ടു നാളുകള്‍ ഏറെയായിരുന്നു. പഠിപ്പിച്ച വരികളെല്ലാം എന്നേ ഹൃദിസ്ഥമായി. എന്താണ് അച്ഛന്‍ കൂടുതല്‍ പഠിപ്പിക്കാത്തത്?
കുറേക്കാലം കൂടി അച്ഛന്‍ നിസ്സഹകരണം ആവര്‍ത്തിച്ചു. ഒടുക്കം കുട്ടിയോടു തുറന്നു പറഞ്ഞു. ”നിന്റെ വഴി ഇതല്ല മകനേ.”
പിന്നീടുള്ള ദിവസങ്ങളിലും അച്ഛന്‍ മരക്കസേരയിലിരുന്നു കൈത്തലത്തില്‍ താളമിട്ടു പാട്ടുപാടി.
മദ്യലഹരിയില്‍ ഇടയ്ക്കിടെ അവ്യക്തമായി പ്രാര്‍ത്ഥിച്ചു. കാതു കൂര്‍പ്പിച്ചിരുന്ന കുട്ടി അതു കേട്ടു.
‘എന്റെ കൊച്ചനെ കാത്തോളണേ പിതൃക്കളേ’. അച്ഛന്റെ കരുതല്‍.
ചുമരിനോടു ചേര്‍ന്നിരുന്നു പാഠപുസ്തകം വായിക്കുന്ന കുട്ടിയ്ക്കത് ഇഷ്ടമാണ്.
നാളുകള്‍ ഏറെ കഴിഞ്ഞു. അന്നൊരു സന്ധ്യയില്‍ പുസ്തകവായന കഴിഞ്ഞ കുട്ടിയെ അച്ഛന്‍ അടുത്തു വിളിച്ച്, കൈത്തണ്ടയില്‍ കടിച്ച് സ്‌നേഹപ്രകടനം നടത്തിയ ശേഷം ചോദിച്ചു.
”മോന് ഇപ്പോഴും പാട്ടു പഠിക്കാന്‍ ആഗ്രഹമുണ്ടോ?”
കുട്ടി ഉല്‍സാഹത്തോടെ ഉണ്ടെന്നു തലയാട്ടി. അച്ഛന്‍ തല ചുമരിനോടു ചേര്‍ത്ത് സങ്കടപ്പെട്ടു.
എതിര്‍പ്പുകളാല്‍ കെട്ടിവരിയപ്പെട്ടവന്റെ നിസ്സഹായത.
അച്ഛന്‍ തീരുമാനിച്ചു. കുട്ടിയില്‍ ഇനി ആഗ്രഹമുണര്‍ത്തരുത്.
എല്ലാം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. അക്കൊല്ലം വിഷുവിന്റെ തലേന്ന്, സംക്രാന്തി ദിവസം, ഇരുപത്തഞ്ച് കൊല്ലം കൊട്ടിയ ശാസ്താംപാട്ട് ഉടുക്ക് അച്ഛന്‍ വാക്കത്തി കൊണ്ട് വെട്ടിപ്പൊളിച്ചു. പൊളിഞ്ഞിട്ടും വേര്‍പിരിയാതെ മഞ്ഞച്ചരടുകള്‍ ഉടുക്കിനെ ചേര്‍ത്തു നിര്‍ത്തുന്നത് കണ്ടപ്പോള്‍, പല്ലു ഞെരിച്ച്, മൂര്‍ച്ചയുള്ള അരിവാളെടുത്തു അച്ഛന്‍ ചരടുകള്‍ മുറിച്ചു. കുട്ടി ഓര്‍ക്കുന്നു. അച്ഛന്‍ അപ്പോള്‍ കരയുന്നുണ്ടായിരുന്നു. കണ്ണില്‍ നിന്നു വീണ വെള്ളത്തുള്ളികള്‍ ഇടതൂര്‍ന്ന താടിരോമങ്ങളിലൂടെ ഒഴുകിയിറങ്ങി.
അച്ഛന്‍ പിന്നീടു പാടിയില്ല. വൈകുന്നേരങ്ങളില്‍ മരക്കസേരയില്‍ മണിക്കൂറുകളോളം മിണ്ടാതെ വെറുതെയിരുന്നു. തയമ്പ് തടംകെട്ടിയ കൈവെള്ളയില്‍ താളം പിടിക്കാന്‍ അറിയാതെ മനമായുമ്പോഴെല്ലാം അച്ഛന്റെ മിഴികള്‍ നിറഞ്ഞു. കുട്ടിയറിയാതെ അച്ഛന്‍ തോര്‍ത്തുകൊണ്ടു കണ്ണുതുടച്ചു. ഗദ്ഗദം മറയ്ക്കാന്‍ മുറ്റത്തേക്കു കാര്‍ക്കിച്ചു തുപ്പി. എന്നിട്ടും സ്വയം നിയന്ത്രിക്കാനാകാതെ വരുമ്പോള്‍ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലിരുന്ന് പാഠപുസ്തകങ്ങള്‍ വായിക്കുന്ന കുട്ടിയോടു ഉച്ചത്തില്‍ പറയും.
”എഴ്‌തെടാ. എഫ്‌ഫേട്ടി എച്ചീയാര്‍… ഫാദര്‍”
അച്ഛന്‍ കുട്ടിയുടെ മനസ്സില്‍ തന്നെത്തന്നെ പതിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കാലത്തിനു പോലും മായ്ക്കാനാകാത്ത മുദ്രകള്‍ കുത്തുകയായിരുന്നു. അച്ഛനതിനേ കഴിയുമായിരുന്നുള്ളൂ. അച്ഛനതിനു കഴിയുകയും ചെയ്തു. കുട്ടിയുടെ മനസ്സില്‍ അച്ഛന്‍ ഇന്ന് അമരനാണ്.
അന്നു ഹൃദിസ്ഥമാക്കിയ വരികള്‍ കുട്ടിയില്‍ ഇന്നും തെളിച്ചമുള്ള ഓര്‍മയാണ്.
”ഹരിശ്രീ എന്നരുള്‍ ചെയ്ത, ഗുരുവിനെ സ്മരിച്ചു ഞാന്‍…”
കഴിഞ്ഞു! വളരെ വ്യക്തതയുള്ള ഓര്‍മ ഇതു മാത്രമാണ്. ഇത്തരം ഓര്‍മകളുടെ ലിസ്റ്റ് അനന്തമായി നീളാന്‍ ആഗ്രഹമുണ്ടെങ്കിലും, ആഗ്രഹങ്ങള്‍ എല്ലാം സാക്ഷാത്കരിക്കപ്പെടുന്നില്ല. സാക്ഷാത്കരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍ പ്രതീക്ഷകളാണ്. ‘ഒരുപക്ഷേ ഭാവിയില്‍’ എന്ന പ്രതീക്ഷ. ജീവിക്കാന്‍ വേണ്ട ശക്തിയും പ്രേരണയുമാണവ. കാലം പോകുന്തോറും എന്നിലെ സ്മരണകള്‍ കൂടുതല്‍ തെളിച്ചമുള്ളതാകും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അതും ഒരുപരിധി വരെ മാത്രം. അവകാശവാദങ്ങള്‍ക്ക് അല്ലെങ്കിലും എവിടേയും ഒന്നും ചെയ്യാനില്ലല്ലോ.
മുകളില്‍ എഴുതിയ ഓര്‍മയ്ക്കു വളരെ പ്രസക്തമായ ഒരു തലമുണ്ട്. അതു സംഭവിച്ചത് ഞാന്‍ ശാരീരികമായി പൂര്‍ണനായിരുന്ന കാലത്താണ്. പരിമിതികള്‍ ഇല്ല. സാധ്യതകളും അവസരങ്ങളുമായിരുന്നു എവിടേയും. മറ്റുള്ളവരോടു നേര്‍ക്കുനേര്‍ നിന്നു ഇടതടവില്ലാതെ കലഹിച്ചും സംസാരിച്ചും മുന്നേറിയ നാളുകള്‍. ഞായറാഴ്ചകളില്‍ ആകാശവാണിയിലെ ഗാനതരംഗിണി കേട്ട് ആസ്വദിച്ചിരുന്ന നാളുകള്‍. കുറച്ചകലെയുള്ള കമ്പനിയിലെ സൈറണ്‍ കേട്ട് സമയനിര്‍ണയം നടത്തിയ നാളുകള്‍. രാത്രിയില്‍ മുത്തശ്ശി പറഞ്ഞു തരുന്ന പുരാണകഥകള്‍ കേട്ട് ഉറങ്ങിയ നാളുകള്‍. അതെ, ലോകം എനിക്കുമുന്നില്‍ തുറന്നു കിടക്കുകയായിരുന്നു. ജീവിത ആസ്വാദനം അന്നു പൂര്‍ണമായിരുന്നു.
പച്ചപ്പ് നിറഞ്ഞ ജീവിതത്തില്‍ താളപ്പിഴകള്‍ ആരംഭിച്ചത് എന്നാണെന്നു കൃത്യമായ ഓര്‍മയില്ല. അതൊരു അവ്യക്ത ഓര്‍മ്മയാണ്. ഇടതുചെവിയിലെ മൂളക്കം, വിറ്റാമിന്‍ കുറവ്, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. സെക്ഷന്‍ എന്നിങ്ങനെ കുറേ ചിതറിയ ഓര്‍മകള്‍. ഒന്നു മാത്രമേ ഉറപ്പിച്ചു പറയാനാകുന്നുള്ളൂ. ശ്രവണന്യൂനതയുണ്ടെന്നു ഞാന്‍ അന്നു സ്വയം അംഗീകരിച്ചിട്ടില്ലായിരുന്നു. ചിലര്‍ അടക്കം പറഞ്ഞു തുടങ്ങിയിട്ടു പോലും ഞാന്‍ ദൃഢവിശ്വാസത്തില്‍ തുടര്‍ന്നു. മറ്റുള്ളവരോടു ‘നിങ്ങളെപ്പോലെയാണ് ഞാനും’ എന്നു തറപ്പിച്ചു പറഞ്ഞു. അതവരെ കൊണ്ട് അംഗീകരിപ്പിക്കാന്‍ വാശി പിടിച്ചു. ‘സുനിലിന്റെ ചെവി പതമാണ്’ എന്നു അടക്കം പറയുന്നവരുടെ എണ്ണം കൂടിയപ്പോള്‍ ഞാനവരെ ഭയത്തോടെ നോക്കി. പിന്നെ എന്നെത്തന്നെയും, എന്റെ ശരീരത്തേയും. ഞാന്‍ അറിയാതെ എന്നില്‍ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? ആന്തരികമായോ ബാഹ്യമായോ? എനിക്ക് ഒന്നും കണ്ടെത്താനായില്ല. ഞാന്‍ സുഹൃത്തുക്കളെ തിരുത്തിക്കാന്‍ ശ്രമിച്ചു. ‘നോക്കൂ എനിക്കു കുഴപ്പമില്ല. എല്ലാം നിങ്ങളുടെ തോന്നലുകളാണ്’. പക്ഷേ അത്തരം അപേക്ഷകള്‍ ആരും ചെവിക്കൊണ്ടില്ല. അപ്പോള്‍ പതിനൊന്നുകാരന്‍ തളര്‍ന്നു. തളര്‍ച്ചയ്ക്ക് ആക്കം കൂട്ടി ഇടതുചെവിയില്‍ പതിഞ്ഞ മുഴക്കം, ശ്രദ്ധിക്കുമ്പോള്‍, കേട്ടു തുടങ്ങി. വിശദീകരണങ്ങള്‍ക്കു വഴങ്ങാത്ത ഒരു മുരള്‍ച്ച. ചൂളം വിളിയല്ല. ഏതെങ്കിലും സംഗീതോപകരണത്തിന്റെ ശബ്ദമല്ല. മൃഗങ്ങളുടെ മുരള്‍ച്ചയല്ല. ചുരുക്കിപ്പറഞ്ഞാല്‍ ഈ ശബ്ദം പ്രകൃതിയില്‍ ഒരിടത്തും കേട്ടിട്ടില്ല. ശ്രവണന്യൂനതയുള്ള ചിലരുടെ ചെവിയില്‍ മാത്രം ഇതുണ്ടാകും. അവര്‍ക്കു മാത്രം കേള്‍ക്കാവുന്ന, അനുഭവസ്ഥമാകുന്ന, മറ്റുള്ളവരോടു അതിന്റെ സ്വഭാവത്തെപ്പറ്റി വിശദീകരിച്ചു മനസ്സിലാക്കിക്കാനാകാത്ത ഒരു ശബ്ദം. അതു സ്ഥായിയായി എന്റെ ചെവിയില്‍ കൂടുകൂട്ടി.
പുറംലോകം എനിക്കുമേല്‍ നിബന്ധനകള്‍ വച്ചുതുടങ്ങി. ഗാനതരംഗിണി ആസ്വാദനം പാതി നിലച്ചു. സൈറണ്‍ കേള്‍ക്കുന്ന തീവ്രതക്കു മാറ്റം വന്നു. മുത്തശ്ശിയുടെ കഥപറച്ചില്‍ മാത്രം മാറ്റമില്ലാതെ തുടര്‍ന്നു. ആ ശബ്ദം ഇടറിത്തുടങ്ങാന്‍ പിന്നേയും കാലമെടുത്തു. എല്ലാത്തിന്റേയും തുടക്കം ഇവിടെ നിന്നാണ്. പതിഞ്ഞ തുടക്കം!
****** ******
ഇന്നുവരെയുള്ള ജീവിതത്തില്‍, ഞാന്‍ കുറേ പരിവര്‍ത്തന ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കൗമാരത്തില്‍ നിന്നു യൗവനത്തിലേക്ക്, സ്‌കൂളില്‍നിന്നു കോളേജ് തലത്തിലേക്ക്, ജനിച്ചു വളര്‍ന്ന നാട്ടില്‍നിന്നു ബംഗളുരുവിലേക്ക്., അങ്ങിനെയുള്ള മാറ്റങ്ങള്‍. ഇവയെല്ലാം വൈകാരികവുമായിരുന്നു. പുത്തന്‍ സാഹചര്യങ്ങളുമായി ഒത്തുപോകാന്‍ എളുപ്പമായിരുന്നില്ല. പൊരുത്തപ്പെട്ടു പോകാന്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയ പരിവര്‍ത്തനം ഏതെന്നു ചോദിച്ചാല്‍ മറുപടി പറയാന്‍ ഒരുനിമിഷം പോലും എനിക്കു ശങ്കിക്കേണ്ടതില്ല. ‘ശ്രവണ വൈകല്യമില്ല’ എന്ന നിലയില്‍നിന്നു ‘ശ്രവണ വൈകല്യമുള്ളവന്‍’ എന്ന അവസ്ഥയിലേക്കുള്ള പരിവര്‍ത്തനമാണ് എന്നെയാകെ പിടിച്ചുലച്ചത്. പന്ത്രണ്ടാം വയസ്സില്‍ ആരംഭിച്ച ഈ കൂടുമാറല്‍ വളരെ വേദനാജനകമായിരുന്നു. ‘ശ്രവണ വൈകല്യമുള്ളവന്‍’ എന്ന അവസ്ഥയോടു പൊരുത്തപ്പെടാതെ എന്റെ മനസ്സ് ഏറെ നാള്‍ ചെറുത്തുനിന്നു. ആ പോരാട്ടം വൃഥാവ്യായാമം ആണെന്ന് അക്കാലത്ത് അറിഞ്ഞിരുന്നില്ല.
കാലക്രമത്തില്‍ എന്റെ വൈകല്യം ഏവരും അറിയുകയും അംഗീകരിക്കുകയും ചെയ്തു. എന്നോടുള്ള അവരുടെ പെരുമാറ്റവും അതിനനുസരിച്ചു മാറി. എന്നിട്ടും ഞാന്‍ പ്രതീക്ഷ കൈവിടാതെ മറ്റൊരു ലോകത്തു ജീവിച്ചു. ആ ലോകത്തില്‍ ഞാന്‍ ന്യൂനതകളില്ലാത്ത ഒരുവന്റെ കുപ്പായം സ്വയം അണിഞ്ഞ്, മറ്റുള്ളവര്‍ എന്നോടു ന്യൂനതകളില്ലാത്ത ഒരുവനോടു ഇടപഴകുന്ന പോലെ പെരുമാറുന്നതും കാത്തിരുന്നു. അതേറെ കാലം നീണ്ടു. പക്ഷേ പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല. അപ്പോള്‍ ഞാന്‍ ആശയക്കുഴപ്പത്തിലായി. ഇനി എന്താണ് ചെയ്യേണ്ടത്? വൈകല്യമില്ലാത്തവനെപ്പോലെ പെരുമാറണോ, അതോ വൈകല്യമുള്ളവനെ പോലെയോ? ഈ ശാപം എന്നില്‍ എന്നെന്നേക്കുമായി കൂടുറപ്പിക്കുമോ?., ഇത്തരം ചോദ്യങ്ങള്‍ എന്നെ തളര്‍ത്തി. അക്കാലത്ത് അനുഭവിച്ച മാനസിക സമ്മര്‍ദ്ദം എങ്ങിനെ താളുകളിലേക്കു പകര്‍ത്തി വയ്ക്കണമെന്ന് എനിക്ക് അറിയില്ല.
‘ശ്രവണ വൈകല്യമില്ല’ എന്നതില്‍ നിന്നു ‘ശ്രവണ വൈകല്യമുള്ളവന്‍’ എന്ന നിലയിലേക്കുള്ള മാനസിക പരിവര്‍ത്തനം പൂര്‍ത്തിയാകാന്‍ ഞാന്‍ രണ്ടു വര്‍ഷത്തോളം എടുത്തു.
(തുടരും)