Wednesday, June 18, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ ആത്മകഥ

ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)

സുനില്‍ ഉപാസന

Print Edition: 5 May 2023
ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ പരമ്പരയിലെ 24 ഭാഗങ്ങളില്‍ ഭാഗം 2

ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
  • ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
  • ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
  • ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
  • ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
  • വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
  • ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
  • ശ്രവണസഹായി എന്ന നോക്കുകുത്തി (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 7)

ചില ഓര്‍മകളുണ്ട്, ചൂണ്ടക്കൊളുത്തിന്റെ ഫലം ചെയ്യുന്ന. അവ നമ്മെ വിട്ടുപിരിയാതെ, മറവിയിലേക്കു മറയാതെ വേദനിപ്പിച്ചുകൊണ്ടിരിക്കും. കുടഞ്ഞു കളയാന്‍ ശ്രമിച്ചാല്‍ വേദന കൂടും. എന്നില്‍ അത്തരം ഓര്‍മകള്‍ ഒന്നും രണ്ടുമല്ല, മറിച്ച് നിരവധിയാണ്. എല്ലാം ഓര്‍മയില്‍ നിലനില്‍ക്കുന്നുമുണ്ട്. പക്ഷേ ആദ്യത്തേതിനു മറ്റുള്ളവയേക്കാള്‍ മിഴിവുണ്ട്. ഞാന്‍ ആ സംഭവത്തെ ‘ആനിവേഴ്‌സറി എപ്പിസഡ്’ എന്നാണ് വിളിക്കുക. കാരണം പ്രസ്തുത സംഭവം സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കിടയിലാണ് ‘അരങ്ങേറിയത്’.
അന്നുവരെ ശ്രവണന്യൂനതയുണ്ടെന്ന് ഉള്ളില്‍ ബോധ്യമുണ്ടായിട്ടും, പുറമേക്കു ഞാന്‍ അത് സമ്മതിച്ചിരുന്നില്ല. വിധിയാല്‍ തോല്‍പ്പിക്കപ്പെടുന്നവരെ ബാധിക്കാറുള്ള സ്വതസിദ്ധമായ പിടിവാശി തന്നെ കാരണം! പക്ഷേ ആനിവേഴ്‌സറി എപ്പിസഡ് ആ പിടിവാശിയെ എന്നില്‍നിന്നു പിഴുതെറിഞ്ഞു. ഞാന്‍ ശ്രവണന്യൂനതയുള്ള ഒരുവനാണെന്നു സ്വയം തുറന്ന് അംഗീകരിച്ചു. ഇതാ ആ ഏട്…..

***** ***** ****
പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭം. ജൂണ്‍ മാസത്തിലെ മഴയുള്ള പ്രഭാതം. ചെറുവാളൂര്‍ ഹൈസ്‌കൂളിലെ ഏഴാം ക്ലാസിലെ കുട്ടികളോടു ക്ലാസ് ടീച്ചര്‍ കര്‍ശനമായി പറഞ്ഞു.
”എല്ലാവരും അച്ചടക്കത്തോടെ, വരിയായി എട്ടാം ക്ലാസ്സിലേക്ക് പോയ്‌ക്കോളൂ.”

മഴ റോഡില്‍ അടയാളങ്ങള്‍ പതിപ്പിച്ചിരുന്നു. അവിടവിടെ തളംകെട്ടിയ ചെളിവെള്ളം. ടില്ലറില്‍നിന്നു ഊറിവീണ ഡീസല്‍ ചെളിവെള്ളത്തിനു സപ്തവര്‍ണ്ണങ്ങള്‍ നല്‍കി. കാല്‍കൊണ്ടു വെള്ളത്തില്‍ പടക്കം പൊട്ടിച്ച്, സപ്തവര്‍ണ്ണങ്ങളെ അടിച്ചു പറത്തിയാണ് എന്റെ വരവ്. ബെല്ലടിയും പ്രാര്‍ത്ഥനയും അതിനിടയില്‍ കഴിഞ്ഞിരുന്നു. തൂണിനു പിന്നില്‍ പതുങ്ങി, ക്ലാസ്സിലിരിക്കുന്ന ഒരുവനോടു ഞാന്‍ ആംഗ്യത്തില്‍ ചോദിച്ചു.
”ഏത് ടീച്ചറാ?”

അപരന്‍ തമ്പ്‌സ് ഡൗണ്‍ അടയാളം കാണിച്ചു. അനിതടീച്ചര്‍! ഞാന്‍ ഒന്നു മടിച്ചശേഷം രണ്ടും കല്പിച്ചു മുന്നോട്ടു ചെന്നു. ടീച്ചര്‍ എന്നെ രൂക്ഷമായി നോക്കി ചോദിച്ചു.
”എവിടേക്കാ?”

ഞാന്‍ ഇടതുകയ്യിന്റെ തള്ളവിരല്‍ ആകുന്നത്ര പിന്നോട്ടു വളച്ച് പുറം ചൊറിഞ്ഞു. തല താഴ്ത്തി ടീച്ചറോടു പറഞ്ഞു. ”മഴയായിരുന്നു…”
ആദ്യത്തെ ദിവസമല്ലേ. ടീച്ചര്‍ വഴക്കൊന്നും പറഞ്ഞില്ല. ഞാനാണെങ്കില്‍ വലിയ ആവേശത്തിലായിരുന്നു. രണ്ടു മാസത്തിനു ശേഷം കൂട്ടുകാരെയെല്ലാം കാണുകയാണ്. സന്തോഷം തോന്നാതിരിക്കുമോ?
ഷര്‍ട്ട് കുടഞ്ഞു വെള്ളം തെറിപ്പിച്ച്, ഞാന്‍ പിന്‍നിരയിലെ ബെഞ്ചില്‍ പോയിരുന്നു. പുസ്തകങ്ങള്‍ കള്ളിഡെസ്‌കില്‍ നിക്ഷേപിച്ചു. അപ്പോഴാണ്, ക്ലാസിലുള്ള എല്ലാവരും എന്നെ ശ്രദ്ധയോടെ ഉറ്റുനോക്കുകയാണെന്നു ഞാന്‍ മനസ്സിലാക്കിയത്. മോഷണം തൊണ്ടിയോടെ പിടിക്കപ്പെട്ട കള്ളനെപ്പോലെ എന്റെ മുഖം വിളറി. തല ഉയര്‍ത്താതെ ഞാന്‍ അടുത്തിരുന്ന വിനോയിയോടു കാര്യം അന്വേഷിച്ചു. വിനോയി പെണ്‍കുട്ടികളിരിക്കുന്ന ഭാഗത്തേക്കു നോക്കി ആവേശത്തോടെയും, ഇത്തിരി നാണത്തോടെയും പറഞ്ഞു.”എടാ അവള്‍ നിന്നെ നോക്കണ്.”
പൊതുവെ പെണ്‍കുട്ടികളെ അഭിമുഖീകരിക്കാന്‍ മടിയുള്ള ഞാന്‍ ഞെട്ടി. ”ആരാടാ കവിതയാണോ?”

കഴിഞ്ഞ കൊല്ലം ക്ലാസ്സിലെ ചില അലമ്പന്മാര്‍ എന്നേയും കവിതയേയും ചേര്‍ത്തു ‘കുണ്ടാമണ്ടി’ പറഞ്ഞതില്‍ പിന്നെ കവിതക്കെന്നോടു ലൈനാണോയെന്ന് എനിക്കു സംശയമുണ്ടായിരുന്നു. കവിത കാണാന്‍ സുന്ദരിയാണെങ്കിലും ഞാന്‍ താല്‍പര്യമെടുത്തില്ല. വിനോയിയുടെ മറുപടിക്കു കാക്കുമ്പോള്‍ മുന്‍ബെഞ്ചിലിരുന്ന കണ്ണന്‍ പിന്നോട്ടു തിരിഞ്ഞ് എന്നോടു പതിവില്ലാത്ത ലോഹ്യം കാണിച്ചു. ഒരു ഘട്ടത്തില്‍ ‘സുന്യേയ്യ്’ എന്ന പഞ്ചാരവിളിയോടെ എന്റെ ചുമലില്‍ ഇടിക്കുകയും ചെയ്തു. അപ്പോള്‍ കാര്യം ഗൗരവതരമാണെന്നു ഞാന്‍ ഉറപ്പിച്ചു. കാരണം കണ്ണനും ഞാനും ക്ലാസില്‍ എന്നും എതിരാളികളാണ്. സമയം കിട്ടുമ്പോഴൊക്കെ തല്ലാണ്. അങ്ങിനെയുള്ളവനാണ് ലോഹ്യം കാണിച്ചത്. അതും ഒരു പെണ്‍കുട്ടി എന്നെ ഇമവെട്ടാതെ നോക്കിയിരിക്കെ!
വിനോയ് പറഞ്ഞു. ”കവിതയല്ല… എട്ടാം ക്ലാസില്‍ ചേരാന്‍ കുറച്ചു പുതിയ പെണ്‍കുട്ടികള്‍ വന്നിട്ടുണ്ട്. അതിലൊരുത്തിയാണ് നിന്നെ ഇടയ്ക്കിടെ നോക്കുന്നത്.”

വിനോയ് പ്രോല്‍സാഹിപ്പിച്ചു. ”നീയും ഒന്നു നോക്ക്. അവള്‍ കാണാന്‍ കൊള്ളാമെടാ.”
ഞാന്‍ നോക്കിയില്ല. വിനോയിയോടു ചോദിച്ചു. ”അതെന്താ എന്നെ മാത്രം നോക്കാന്‍?”
വിനോയി വിശദമാക്കി. സംഗ്രഹം ഇങ്ങിനെയാണ്. മറ്റു ക്ലാസ്സുകളില്‍ നിന്നു വ്യത്യസ്തമായി ഞാന്‍ പഠിക്കുന്ന ക്ലാസ്സില്‍ പഠനത്തിന്റെയും റാങ്കുകളുടെയും കുത്തക കാലാകാലങ്ങളായി ആണ്‍കുട്ടികള്‍ക്കാണ്. പെണ്‍കുട്ടികള്‍ പച്ചതൊടാറില്ല. ഇങ്ങിനെ റാങ്കുകളെല്ലാം ആണ്‍കുട്ടികള്‍ നേടുന്നതില്‍ ചില പെണ്‍കുട്ടികള്‍ക്കു പരിഭവമുണ്ട്. അവരതു പരസ്യമായി പ്രകടിപ്പിക്കാറില്ലെങ്കിലും. പുതുതായി ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥിനികളില്‍ രണ്ടുപേര്‍ പഠനത്തില്‍ വളരെ സമര്‍ത്ഥരാണത്രെ. ഞാന്‍ ക്ലാസ്സില്‍ എത്തിയപാടെ, ക്ലാസിലെ രണ്ടാം റാങ്കുകാരനെ പെണ്‍കുട്ടികള്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു. അതാണ് പുതുതായി വന്ന, പഠനത്തില്‍ സമര്‍ത്ഥയായ ഒരു പെണ്‍കുട്ടി എന്നെ കൂര്‍പ്പിച്ചു നോക്കാന്‍ കാരണം. പെണ്‍കുട്ടി എന്നെ നോക്കുന്നതുകണ്ടു മറ്റുള്ളവരും അതേറ്റു പിടിച്ചു. ഞാന്‍ തിരിച്ച് അവളേയും നോക്കുന്നുണ്ടോ എന്നറിയാന്‍!
അനിത ടീച്ചര്‍ കുട്ടികളോടു പറഞ്ഞു. ”എല്ലാവരും എഴുന്നേറ്റു വരിയായി നില്‍ക്കൂ.”

ക്ലാസില്‍ വിദ്യാര്‍ത്ഥികളെ ഇരുത്തുന്നത് പൊക്കം അനുസരിച്ചാണ്. പൊക്കം അളക്കാനാണ് എല്ലാവരേയും വരിവരിയായി നിര്‍ത്തുന്നത്. സാമാന്യം പൊക്കമുള്ള എനിക്ക് ആ പെണ്‍കുട്ടിയിരിക്കുന്ന ബെഞ്ചിനു അടുത്തിരിക്കാന്‍ മോഹം ഉദിച്ചു! ടീച്ചര്‍ പൊക്കത്തിനു അനുസരിച്ച് എല്ലാവരേയും നിര്‍ത്തി. ശരാശരി പൊക്കമുള്ള കുറച്ചുപേര്‍ ഉണ്ടായിരുന്നു. അവരെ തരം തിരിക്കുക എളുപ്പമല്ല. ആര്‍ക്കു വേണമെങ്കിലും ആരുടേയും പകരക്കാരനാകാം. ഞാന്‍ തികഞ്ഞ കണക്കുകൂട്ടലുകളോടെ വരിയിലെ എന്റെ സ്ഥാനം രണ്ടുതവണ മാറ്റി. പെണ്‍കുട്ടിക്കു അടുത്തിരിക്കുകയെന്ന ലക്ഷ്യം അങ്ങിനെ സാധിച്ചെടുത്തു. ഇരിപ്പ് പിന്‍വരിയില്‍ ആയിപ്പോയെങ്കിലും കാര്യമാക്കിയില്ല. ആനന്ദലബ്ധിക്കു ഇനിയെന്തു വേണം എന്ന മാനസിക നിലയിലായി ഞാന്‍.

പക്ഷേ എന്നത്തേയും പോലെ പ്രശ്‌നങ്ങള്‍ വരുന്നതു ഏതുവഴിക്കാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എന്റെ കേള്‍വിശക്തി അക്കാലത്തു പതറിത്തുടങ്ങിയിരുന്നു. സ്വാഭാവികമായും ടീച്ചര്‍മാരാണ് അതാദ്യം കണ്ടുപിടിച്ചത്. ഞാന്‍ പിന്‍വരിയില്‍ ഇരിക്കുന്നതിനെ അനിതടീച്ചര്‍ എതിര്‍ത്തു.
”സുനില്‍ പിന്‍ബഞ്ചില്‍ ഇരിക്കണ്ട. ഇവിടെ മുന്‍ബഞ്ചില്‍ വന്നിരിക്കൂ. എന്നാലേ ശരിക്കും കേള്‍ക്കാന്‍ സാധിക്കൂ.”

ഒരു ഞെട്ടലോടെ ഞാനത് കേട്ടു. ഒന്നും മിണ്ടാതെ, ആരേയും ശ്രദ്ധിക്കാതെ ഞാന്‍ മുന്‍ബഞ്ചില്‍ വന്നിരുന്നു. പുതിയ കുട്ടികളുടെ മുന്നില്‍വച്ച് എന്റെ ശ്രവണന്യൂനതയെ പറ്റി ടീച്ചര്‍ നടത്തിയ തുറന്ന പരാമര്‍ശം എന്നെ വേദനിപ്പിച്ചു.
ഏതാനും ആഴ്ചകള്‍ കടന്നുപോയി. പഠിപ്പിക്കുന്ന ടീച്ചറില്‍നിന്നു ദൂരെയാണോ അടുത്താണോ ഇരിക്കുന്നത് എന്നത് എന്റെ കേള്‍വിശക്തിയില്‍ മാറ്റം ഉണ്ടാക്കുന്നില്ലെന്നു മനസ്സിലാക്കിയ അനിതടീച്ചര്‍, പിന്നീട് മുന്‍ബഞ്ചില്‍ ഇരിക്കാന്‍ എന്നെ നിര്‍ബന്ധിച്ചില്ല. ഞാന്‍ സന്തോഷത്തോടെ പെണ്‍കുട്ടിയ്ക്കു അടുത്തുള്ള പിന്‍ബഞ്ചിലേക്കു ഇരിപ്പിടം മാറ്റി.

പിന്നീടുള്ള നാളുകള്‍ സൗഹൃദത്തിന്റേതായിരുന്നു. കടുത്ത മത്സരത്തിന്റേതും. ഞങ്ങളോടു എതിരിടാന്‍ വന്നിരിക്കുന്ന പെണ്‍കൊടി പഠനത്തില്‍ അതിസമര്‍ത്ഥയാണെന്നത് ഞെട്ടിപ്പിക്കുന്ന അറിവായിരുന്നു. ഫസ്റ്റ് ടേം പരീക്ഷയില്‍ തന്നെ പെണ്‍കുട്ടി മികവോടെ രണ്ടാം റാങ്ക് കരസ്ഥമാക്കി. സെക്കന്റ് ടേമില്‍ ഒന്നാം റാങ്കും. ക്ലാസ്സിലെ എല്ലാ പെണ്‍കുട്ടികളും ആ സ്ഥാനലബ്ധി ശരിക്കും ആഘോഷിച്ചു. ബോയ്‌സിന്റെ കുത്തക തകര്‍ന്നല്ലോ? ആ കൊല്ലം നടക്കുന്ന സ്‌കൂളിന്റെ സുവര്‍ണജൂബിലി ആഘോഷത്തിനു സ്റ്റേജില്‍ കയറി സമ്മാനം വാങ്ങാന്‍, ഒന്നാംറാങ്ക് വഴി, പെണ്‍കുട്ടി അര്‍ഹയായി. ഏഴാം ക്ലാസിലെ വാര്‍ഷിക പരീക്ഷക്കു ഒന്നാമനാവുക വഴി എനിക്കും അവസരമുണ്ടായിരുന്നു.

സുവര്‍ണ ജുബിലി ആഘോഷം അടുത്തതോടെ എന്റെ മനസ്സില്‍ ഭയം ചേക്കേറി. മൈക്കിലൂടെ സമ്മാനാര്‍ത്ഥിയുടെ പേര് വിളിക്കുന്നതു മനസ്സിലാകില്ല. ശബ്ദം നല്ല ഉച്ചത്തില്‍ കേള്‍ക്കാമെങ്കിലും വാക്കുകള്‍ വേര്‍തിരിഞ്ഞു കിട്ടില്ല. അതിനാല്‍ പേരു വിളിക്കുമ്പോള്‍ അറിയിക്കാന്‍ ഞാന്‍ രണ്ടുപേരെ ഏര്‍പ്പാടാക്കി. പക്ഷേ സമയമായപ്പോള്‍ അവരെ കണ്ടില്ല. എന്റെ കാതിനെ വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. മനസ്സില്‍ ഒരു പദ്ധതിയും തയ്യാറാക്കി. അനൗണ്‍സ്‌മെന്റിനു ശേഷം കുറച്ചു നേരം കാത്തുനില്‍ക്കുക. എന്റെ പേരാണ് വിളിച്ചതെങ്കില്‍ ആരും സ്റ്റേജിലേക്കു കയറി വരില്ല. അപ്പോള്‍ അനൗണ്‍സ്‌മെന്റ് വീണ്ടും മുഴങ്ങും. അപ്പോള്‍ സ്റ്റേജില്‍ കയറി സമ്മാനം വാങ്ങുക. ഇതായിരുന്നു പ്ലാന്‍. അതിനനുസരിച്ച് എല്ലാം നീങ്ങി.

‘First Prize 8th STD’ എന്നാണ് കേട്ടത്.

ഞാന്‍ പെണ്‍കുട്ടി സ്റ്റേജില്‍ വരുന്നതും കാത്തുനിന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും ആരും വന്നില്ല. അനൗണ്‍സ്‌മെന്റ് വീണ്ടും മുഴങ്ങി. ഞാന്‍ ഉറപ്പിച്ചു, വിളിച്ചത് എന്റെ പേരാണ്. പിന്നെ അധികം കാത്തുനില്‍ക്കാതെ ഞാന്‍ സ്റ്റേജില്‍ കയറി സമ്മാനം സ്വീകരിച്ചു.
സത്യത്തില്‍ പെണ്‍കുട്ടി സ്റ്റേജിലേക്കു കയറി വരാന്‍ സമയമെടുത്തതായിരുന്നു. സമ്മാനം വാങ്ങി സ്റ്റേജില്‍നിന്നു ഇറങ്ങുമ്പോള്‍ ഞാന്‍ കണ്ടത് അമ്പരപ്പ് മുറ്റിനില്‍ക്കുന്ന പെണ്‍കുട്ടിയുടെ മുഖമാണ്. നൊടിയിടയില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. വളരെ പരവേശം തോന്നി. നടന്നപ്പോള്‍ ഞാന്‍ വേച്ചുവേച്ചു പോയി. കുറച്ചു സമയത്തിനു ശേഷം സമ്മാനം ടീച്ചേഴ്‌സിനു കൊണ്ടു കൊടുത്ത്, പറ്റിപ്പോയതൊക്കെ പറഞ്ഞു ക്ഷമ ചോദിച്ചു.

ആനിവേഴ്‌സറി, യൂത്ത് ഫെസ്റ്റിവല്‍, പോലുള്ള ആഘോഷങ്ങളില്‍ ഒരു കുട്ടിയുടെ സമ്മാനം മറ്റൊരു കുട്ടി അബദ്ധവശാല്‍ മാറി വാങ്ങുന്നത് അത്ര അപൂര്‍വ്വമല്ലാത്ത കാര്യമാണ്. പലതവണ അങ്ങിനെ സംഭവിച്ചിട്ടുമുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ അതു മറക്കുകയും ചെയ്യും. പക്ഷേ എന്റെ കാര്യത്തില്‍ അങ്ങിനെയുണ്ടായില്ല. കാരണം ശ്രവണവൈകല്യമില്ല എന്ന മാനസികാവസ്ഥയില്‍ നിന്നു ശ്രവണവൈകല്യമുണ്ട് എന്ന ദയനീയതയിലേക്ക് ഞാന്‍ പതിച്ചത് ആ സംഭവത്തോടെയാണ്. ശ്രവണന്യൂനത വഹിച്ച റോള്‍, ആ സംഭവത്തെ ഊരിപ്പോകാത്ത ഒരു ചൂണ്ടക്കൊളുത്തായി എന്നില്‍ നിലകൊള്ളിച്ചു. ജീവിതത്തില്‍ അന്നുവരെ പുലര്‍ത്തിപ്പോന്ന വൈകല്യമില്ല എന്ന എന്റെ പിടിവാശിയെ ആനിവേഴ്‌സറി എപ്പിസഡ് തകര്‍ത്തു തരിപ്പണമാക്കി. ഒപ്പം വിചിത്രമായ ഒരു സ്വത്വപ്രതിസന്ധിയിലേക്കും ഞാന്‍ തള്ളിവിടപ്പെട്ടു. മറ്റുള്ളവരോടു പെരുമാറേണ്ടത് എങ്ങിനെയെന്ന കാര്യത്തില്‍ എനിക്കു വളരെ ആശയക്കുഴപ്പം ഉണ്ടായി.

ആനിവേഴ്‌സറി സംഭവത്തിനുശേഷം ക്ലാസിലെ പല പെണ്‍കുട്ടികളും എനിക്കു എതിരായി. അത്രയും നാള്‍ പടുത്തുയര്‍ത്തിയ സൗഹൃദങ്ങള്‍ പാടെ നിലംപൊത്തി. പതിമൂന്നു വയസ്സുകാരനു അതു താങ്ങാവുന്നതിലും ഏറെയായിരുന്നു. ഉറക്കമില്ലാത്ത രാവുകളില്‍ ഞാന്‍ മുറ്റത്തിറങ്ങി കലങ്ങിയ മനസ്സോടെ വെറുതെ നടന്നു. ആനിവേഴ്‌സറി ആഘോഷത്തിന്റെ അവസാന ദിവസം സ്‌കൂള്‍ഗ്രൗണ്ടില്‍ യേശുദാസിന്റെ ഗാനമേള കേള്‍ക്കാന്‍ നാട് ഒന്നടങ്കം വീടുപൂട്ടി ഇറങ്ങി. ഞാന്‍ മാത്രം വീട്ടിലെ ഇരുട്ടു മൂലയിലൊന്നില്‍ ഇരുന്ന് ആലോചിച്ചു. ‘ഇന്നു ആനിവേഴ്‌സറി ആഘോഷം കഴിയുകയാണ്. നാളെ ക്ലാസില്‍വച്ചു എങ്ങിനെ പെണ്‍കുട്ടിയെ അഭിമുഖീകരിക്കും?’ എന്നിലെ മാനസിക സമ്മര്‍ദ്ദം പരകോടിയിലായിരുന്നു. ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്നവന്റെ അവസ്ഥ.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞാന്‍ പല വിദ്യകള്‍ പയറ്റി. ക്ലാസ് തുടങ്ങുന്ന സമയത്തു മാത്രം സ്‌കൂളില്‍ എത്തുക, ഇടവേളകളില്‍ ക്ലാസില്‍ ഇരിക്കാതെ പുറത്തിറങ്ങി നടക്കുക, ഉച്ചഭക്ഷണം സ്‌കൂളിലേക്കു കൊണ്ടുവരാതെ വീട്ടില്‍പോയി ഉണ്ണുക, അങ്ങിനെ കുറച്ചു ഗതികേടുകള്‍. എല്ലാം എരിഞ്ഞടങ്ങാന്‍ ആഴ്ചകളേറെ എടുത്തു. സംഭവം എല്ലാവരിലും വിസ്മൃതിയിലാണ്ടപ്പോഴും എന്നില്‍ മാത്രമത് ഒരു ചൂണ്ടക്കൊളുത്തായി നിലകൊണ്ടു.

കാലം എല്ലാം മറക്കാന്‍ പഠിപ്പിക്കുന്നു. ഒരിക്കല്‍ നഷ്ടപ്പെട്ടെന്നു കരുതിയ സൗഹൃദങ്ങളൊക്കെയും എനിക്കു പിന്നീടു തിരിച്ചുകിട്ടി. ആനിവേഴ്‌സറി എപ്പിസഡ് മനപ്പൂര്‍വ്വമല്ലെന്നു മനസ്സിലായപ്പോള്‍ എല്ലാവരും, പെണ്‍കുട്ടി ഉള്‍പ്പെടെ, പഴയപോലെ എന്നോടു തുടര്‍ന്നും ഇടപഴകി. പക്ഷേ എന്നെ സംബന്ധിച്ച് സൗഹൃദങ്ങള്‍ ആസ്വദിക്കാനുള്ള മനഃസ്ഥിതി കൈമോശം വന്നിരുന്നു. ആനിവേഴ്‌സറി എപ്പിസഡ് എന്നെ അങ്ങിനെയാക്കി തീര്‍ത്തു. നഷ്ടപ്പെട്ടതും ആഗ്രഹിച്ചതുമായവ വളരെ വൈകി തിരിച്ചു കിട്ടുന്നത്, പിന്നീടുള്ള എന്റെ ജീവിതത്തില്‍ പതിവായി മാറി. അത്തരം തിരിച്ചു പിടിക്കലില്‍ നേട്ടത്തേക്കാളേറെ നിഴലിക്കാറുള്ളത് നഷ്ടങ്ങളാണെന്നതും മറക്കുന്നില്ല.

***** ****** *****
ഭാവിയില്‍ എന്തൊക്കെയാണ് എന്നെ കാത്തിരിക്കുന്നത് എന്നതിന്റെ സാമ്പിളായിരുന്നു ‘ആനിവേഴ്‌സറി എപ്പിസഡ്’. ഒരു ചൂണ്ടുപലക.
കഷ്ടം!

അതു ദിശ തെറ്റാതെ തന്നെ വഴി സൂചിപ്പിച്ചു.

(തുടരും)

Series Navigation<< ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3) >>
Tags: ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
ShareTweetSendShare

Related Posts

ചാക്രിക പ്രക്രിയകളിലൂടെ പരിവര്‍ത്തനത്തിലേക്ക് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 24)

മനസ്സിന്റെ അടിത്തട്ടിലെ കടല്‍ ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 23)

ആംഗ്യഭാഷാ പഠനം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 22)

സമാനതകള്‍  ഇല്ലാത്ത ഏകാന്തത(ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 21)

ഭൂതകാലത്തേക്കുള്ള കൂപ്പുകുത്തല്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 20)

ട്രെയിന്‍ എന്ന വൈകാരിക മീഡിയം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 19)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ഇസ്രായേൽ-ഇറാൻ സംഘർഷം : പൗരസുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികളുമായി ഭാരതം

വായനാവാരത്തിന് തുടക്കം

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്‌ഷ്യം അടിമത്ത മനോഭാവത്തില്‍ നിന്നുള്ള മോചനം- ധര്‍മ്മേന്ദ്ര പ്രധാന്‍

ലോകനേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: എന്‍. ഇന്ദ്രസേന റെഡ്ഡി

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

എയർ ഇന്ത്യ വിമാനാപകടം ദാരുണവും ദൗർഭാഗ്യകരവുമായ സംഭവം: സുനിൽ ആംബേക്കർ

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

സുശക്ത ഭാരതത്തിന്റെ സൂചികകൾ

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻബൈഠക്ക് ജൂലൈയിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies