കെ മുരളീധരന്റെ വളച്ചൊടിക്കലുകള്‍ക്കപ്പുറമാണ് വസ്തുതകള്‍
‘മാ നിഷാദാ’! അരുത് മുരളീ!
കത്തുന്ന വീട്ടിലെ തീ അണയ്ക്കാന്‍ പോലും ആരെയും കാണാതായപ്പോള്‍ തറവാട്ടിലേക്ക് തന്നെ ഓടി അണഞ്ഞ സഹോദരിയാണോ ഇപ്പോള്‍ തെറ്റുകാരി? പുര കത്തുമ്പോള്‍ വഴവെട്ടുന്നവരുടെ തോളത്ത് കയ്യിടാനാണാ ഒരേയൊരു സഹോദരനുള്ളവന്റെ ഭാവം? തീ പടരുന്നതിനിടയില്‍ തഞ്ചം നോക്കി കഴുക്കോല്‍ ഊരുന്നവനില്‍ നിന്ന് നാളത്തെ കള്ളിനുള്ള വക തേടാമെന്നാണോ കുടുംബക്കാരണവരായി മുമ്പില്‍ നില്‍ക്കേണ്ടവന്റെ ഉള്ളില്‍ നിറയുന്ന ‘മോഹം’?
ചിലരങ്ങനെയാണ്! കുടുംബത്തിലെന്തു സംഭവിച്ചാലും കള്ള് ഷാപ്പുകാര്‍ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളും വരെ അവിടം വിടാത്തതാകും പതിവ്. ഒരു പക്ഷേ ഷാപ്പു ജീവനക്കാര്‍ തന്നെ, നാളെയും വരേണ്ടവനല്ലേയെന്നു കരുതി, തൂക്കിയെടുത്ത് വിടിന്റെ മുറ്റത്തുകൊണ്ട് ഇട്ടുകഴിഞ്ഞാല്‍ ഇല്ലാത്ത കുറ്റോം പറഞ്ഞ് വീട്ടുകാരുടെ മേല്‍ കുതിരകയറുകയാകും അടുത്ത കലാപരിപാടി! അതിനിടയില്‍ കൂട്ടത്തില്‍ വന്ന കള്ളുഷാപ്പിലെ കറിവെപ്പുകാരന്‍ കുടുംബത്തിലുള്ളവരെ തെറി പറഞ്ഞു മിടുക്കനാകാന്‍ നോക്കിയാല്‍ അവനെ പുറത്തു തട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്യും!
കേരളത്തിലെ കോണ്‍ഗ്രസ്സ് കുടുംബത്തിന്റെ ജീര്‍ണ്ണിച്ച പുരയ്ക്ക് തീ പിടിക്കുന്നത് കണ്ട്, ആ വീടിന്റെ ഐശ്വര്യമായിരുന്ന തന്റെ അച്ഛന്റെ ചിത്രവും ആ വീട്ടില്‍ താന്‍ കൊളുത്താറുണ്ടായിരുന്ന ചെറുവിളക്കും എടുത്തു കൊണ്ട് ഭാരതീയ ദേശീയതയുടെ വിശാല തറവാട്ടിലേക്ക് ഓടിക്കയറുക മാത്രമാണ് പദ്മജാ വേണുഗോപാല്‍ ചെയ്തത്.
ഉഗ്രപ്രതാപിയായി അച്ഛന്‍, കെ. കരുണാകരന്‍, നാട് വാണ കാലത്ത്, അടിയന്തിരാവസ്ഥയുടെ പേരില്‍, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരയക്ക് വേണ്ടി, മുഖ്യമന്ത്രിയായിരുന്ന അച്ചുതമേനോനോട് കൂടിനിന്ന്, നടത്തിയ അതിക്രമങ്ങളില്‍ ജീവശ്ശവമായവര്‍ ഇപ്പോഴും ആ തറവാട്ടിലുണ്ട്. തറവാടിന്റെ അതിരു മാന്താന്‍ വന്നവരോട്, നിലയ്ക്കല്‍ പ്രക്ഷോഭത്തിലൂടെ, പ്രതിരോധം തീര്‍ത്തവരുടെ മേല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ ഭരണകൂടം നടത്തിയ കടന്നാക്രമങ്ങള്‍ക്ക് ഇരകളായ നിരവധിപേര്‍ ഇപ്പോഴും അവിടെയുണ്ട്. അവരുള്‍പ്പടെയുള്ളവരാരും തറവാട്ടിന്റെ തിരുമുറ്റത്ത് ത്രിസന്ധ്യക്ക് വിളക്കുവെക്കാന്‍ ഞാനും വരട്ടെയോയെന്ന് പദ്മജ ചോദിച്ചപ്പോള്‍ അനുഗ്രഹിക്കാന്‍ അമാന്തം കാണിച്ചില്ല. ഒരര്‍ത്ഥത്തില്‍ കരുണാകരന്റെ ആത്മാവ് ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിച്ചു നേടിയതാകാം പദ്മജയ്ക്കും തറവാട്ടിലൊരിടം.
അല്ലെങ്കില്‍ തന്നെ അതാണെന്റെ തറവാട് എന്ന് ബോദ്ധ്യമായി, മുമ്പ് വഴിമാറി നടക്കുകയോ, അതല്ലിനി കൊഴിവെട്ടി എറിയുകയോ ചെയ്തവരാണെങ്കില്‍ പോലും, അങ്ങോട്ടു ചെല്ലുന്നവരെ മടക്കി അയക്കാത്താതാണ് ആ തറവാടിന്റെ മഹിമ. ബൈബിള്‍ കഥകളിലെ മുടിയനായ പുത്രനെ പോലെ വഴിതെറ്റിപ്പോയി, എത്തിയയിടങ്ങളൊക്കെയും മുടിച്ച് തേച്ചുകഴുകി,, നാളെ കെ. മുരളീധരന്‍ തറവാട്ടിലേക്ക് മടങ്ങിവന്നാലും, ചവിട്ടിപ്പുറത്താക്കാനുള്ള ക്രൂരത അവിടെയുള്ളവരുടെ രീതിയല്ല. ഏതെങ്കിലും ഒരു മൂലയില്‍ മുരളിയ്ക്കും ഒതുങ്ങിക്കൂടുവാനിടം കൊടുക്കുന്നതാണ് ഹൈന്ദവദേശീയതയുടെ രാഷ്ട്രീയ പക്ഷം ഉള്‍പ്പെടുന്ന ആ വിശാലപരിവാറിന്റെ തനത് ശൈലി.
കോണ്‍ഗ്രസ്സ് വിടുന്നതിന് മുമ്പ് ആ പാര്‍ട്ടിയുടെ അപകടകരമായ പോക്ക് കണ്ട് പദ്മജാ വേണു ഗോപാല്‍ തന്റെ സന്ദേഹങ്ങളും പരാതികളും പാര്‍ട്ടിക്കുള്ളില്‍ തന്നെ നിരന്തരം പ്രകടിപ്പിച്ചിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍! കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഭാഗമാണെന്ന മേനിയില്‍ അഭിരമിക്കുമ്പോഴും ആ പരാതികള്‍ പരിഹരിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിയാതെ പോയ കെ. മുരളീധരന്‍, സഹോദരി ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭാഗമാകുന്നതുകണ്ട്, പ്രതികരണങ്ങളിലൂടെ അതിരു കടക്കുന്നതു കണ്ടിട്ട് ‘മാ നിഷാദാ’ എന്നു പറഞ്ഞ് ‘അരുത് മുരളിയേട്ടാ’ എന്ന സന്ദേശം സൗമ്യമായി കൊടുക്കുന്നത് കേരളം കണ്ടു. തനിക്ക് ഇല്ലാത്തത് മറ്റുള്ളവര്‍ക്കും ഉണ്ടാകാനിടയില്ലായെന്ന വികലധാരണയില്‍ എഴുതാന്‍ കൊള്ളാത്ത ഒരു പരാമര്‍ശം നടത്തി രാഹുല്‍ മാങ്കൂട്ടം തന്റെയും സഹോദരിയുടെയും അമ്മയെ അവഹേളിക്കുന്നത് കണ്ടിട്ടും പ്രതിഷേധിക്കുന്നതു പോയിട്ട് ഒന്നുറക്കെ കരയാന്‍ പോലും തയാറാകാത്ത, കെ. മുരളീധരന്റെ ഉളുപ്പില്ലായ്മയും കേരളം കണ്ടു.
കെ. കരുണാകരന്‍ പൈതൃകമായി നല്‍കിയ പോരാട്ട വീര്യം കെടാതെ സൂക്ഷിക്കുന്നു പദ്മജാ വേണുഗോപാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി കയറ്റുമെന്ന് വ്യക്തമാക്കിയതോടെ കേരളസമൂഹം നെറികേടിനും ധിക്കാരത്തിത്തിനും എതിരെ അവര്‍ പോരാട്ടത്തിറങ്ങിയാല്‍ ഒപ്പമുണ്ടാകുമെന്ന തീരുമാനത്തിലെത്തിയിരിക്കുന്നു. ചാനല്‍ ചര്‍ച്ചകളില്‍ അലറിവിളിച്ചുകൊണ്ട്, ഭാരതസ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളുടെ രാജകുമാരനായിരുന്ന വീരവിനായക ദാമോദര്‍ സാവര്‍ക്കറെയും വര്‍ത്തമാന കാല ലോകത്തില്‍ ഭാരതത്തിന്റെ അഭിമാനമായി തിളങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ ദാസ് മോദിയെയും മറ്റും പലപ്പോഴും അവഹേളിച്ച് പരിഹാസ്യനായി മാറിയ മാങ്കൂട്ടത്തിലിനെ പാഠം പഠിപ്പിക്കാന്‍, ക്ഷമകെട്ടാല്‍, പൊതു സമൂഹം സജ്ജമാകുമെന്നതും വ്യക്തമാണ്. പുര്‍ണ്ണ ചന്ദ്രനെ കണ്ടാല്‍ കുരയ്ക്കാന്‍ തുടങ്ങുന്ന നായയെ ആദ്യമൊക്കെ അവഗണിച്ചാലും സഹികെട്ടാല്‍ നാട്ടുകാര്‍ കൊഴിവെട്ടി എറിയുമെന്നതാണല്ലോ സ്വാഭാവിക സാദ്ധ്യത.
പദ്മജയെ സ്വയംതിരുത്തലിനു വിധേയയാക്കിയ പശ്ചാത്തലം
നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വമാണ് തന്റെ രാഷ്ട്രീയ മാറ്റത്തിന്റെ പ്രധാന കാരണം എന്ന് പദ്മജാ വേണുഗോപാല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് കേള്‍ക്കുമ്പോള്‍ ഇറങ്ങിപ്പോന്ന കോണ്‍ഗ്രസ്സ് കുടുംബത്തിന്റെ ഇന്നത്തെ ഗതിയെന്താണെന്ന ഒരു പരിശോധനയ്ക്ക് വഴിയൊരുങ്ങുന്നു. ആ പാര്‍ട്ടി വഴിതെറ്റി, സ്വയം, വരുത്തിവെച്ച ഗതികേടിലാണിന്ന്. ദിശാബോധമള്ള ഒരു നേതൃത്വമില്ല; നയമില്ല; നീതിയില്ല; നേരില്ല; നെറിയില്ല. അതുകൊണ്ട്, ദേശീയ രാഷ്ട്രീയത്തിലെ പ്രഭാവം അതിവേഗം കൂപ്പുകുത്തുകയാണ്. 2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 52 ല്‍ നിന്ന് അംഗബലം വീണ്ടും താഴുമെന്നും ഒരു കാരണവശാലും 45നപ്പുറം പോകില്ലെന്നുമാണ് 2024ലെ തിരഞ്ഞെടുപ്പിലെ സാദ്ധ്യതകള്‍ വിലയിരുത്തുന്നവരൊക്കെയും പറയുന്നത്. നിലവിലെ 52ല്‍ 15 പേര്‍ കേരളത്തില്‍ നിന്നും 8 പേര്‍ പഞ്ചാബില്‍ നിന്നുമാണ്. ആ ഇരുപത്തിമൂന്നില്‍ നിന്ന് പരമാവധി പന്ത്രണ്ടിലപ്പുറം ഇത്തവണ വിജയിക്കാനിടയില്ലെന്നും മറ്റുള്ള സംസ്ഥാനങ്ങളിലെ വിജയ/പരാജയങ്ങളും കണക്കിലെടുത്താല്‍ പുതിയ ലോകസഭയിലെ കോണ്‍ഗ്രസ്സ് അംഗസംഖ്യ 45ലും താഴെയാകുമെന്നാണ് കാര്യവിവരമുള്ളവരുടെ വിശകലനം. അങ്ങനെ മൃന്നാം തവണയും ദയനീയ പരാജയം ആവര്‍ത്തിക്കുന്നതോടെ അവശിഷ്ട കോണ്‍ഗ്രസ്സിന്റെ സംഘടനാ സ്വഭാവം തന്നെ മാറും. ഇന്ന് നിലവിലുള്ള സോണിയയും രാഹുലും പ്രിയങ്കയും അടങ്ങുന്ന ഹൈക്കമാന്‍ഡിന്റെ പിടി അയയും. ഓരോ സംസ്ഥാനങ്ങളിലും പ്രബലരായവര്‍ തല ഉയര്‍ത്തി തന്‍പോരിമ കാട്ടാന്‍ തുടങ്ങും. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ മേലും സോണിയാ-രാഹുല്‍ ഹൈക്കമാന്‍ഡിന്റ പിടി ഒഴിയും.
കെസിയെ ആലപ്പുഴയിലേക്ക് വീണ്ടും കൊണ്ടുവന്നത് കൊല്ലാനാണോ വളര്‍ത്താനാണോ
അതോടെ ഹൈക്കമാന്‍ഡിലെ സ്വാധീനം ഉപയോഗിച്ച് പാര്‍ട്ടിയെ തന്റെ കൈക്കുള്ളിലൊതുക്കിയിരിക്കുന്ന കെ. സി. വേണുഗോപാല്‍, ഇന്ന് അവഗണിക്കപ്പെട്ടവരുടെ ഇടയില്‍ നിന്ന്, അതിശക്തമായ എതിര്‍പ്പിന് വിധേയനാകേണ്ടിവരും. കെസിയെ ഒതുക്കുന്നതിനുതകും വിധം പല അണിയറ നീക്കങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ടെന്നതും പ്രകടമാണ്. അത് നിരീക്ഷിക്കുമ്പോളാണ് കെസിയെ ആലപ്പുഴയിലേക്ക് വീണ്ടും കൊണ്ടുവന്നത് കൊല്ലാനാണോ വളര്‍ത്താനാണോ എന്ന സംശയം ഉയരുന്നത്. അഖില ഭാരത തലത്തില്‍ കോണ്‍ഗ്രസ്സിനെ അപകടവഴിയിലേക്ക് നയിക്കുന്നത് രണ്‍ദീപ് സിംഗ് സുര്‍ജേ വാലയും വേണുഗോപാലും ജയറാം രമേശും അടങ്ങുന്ന ‘ആര്‍.വി.ജെ.’ എന്ന മൂവര്‍ സംഘമാണെന്ന പൊതുധാരണ പ്രമുഖരായ കോണ്‍ഗ്രസ്സുകാരില്‍ പ്രബലമാണിന്ന്. അതുകൊണ്ടുതന്നെയാകണം രാജ്യമാകെ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം വഹിക്കേണ്ട സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെ ആലപ്പുഴയില്‍ തിരഞ്ഞെടുപ്പിനിറക്കുവാന്‍ ദേശീയ തലത്തിലുള്ളവര്‍ തന്ത്രം മെനഞ്ഞത്. കോണ്‍ഗ്രസ്സിന്റെ ഒരു ശൈലിവെച്ചു നോക്കുമ്പോള്‍ ‘വേണുഗോപാല്‍ജിയെ’ ആലപ്പുഴയില്‍ പരാജയപ്പെടുത്തി മൂലയ്‌ക്കൊതുക്കുന്നതിനുതകും വിധം വേണ്ട പണവും പരിശ്രമങ്ങളും അത്തരം ‘ആര്‍.വി.ജെ.’ വിരുദ്ധ കോണ്‍ഗ്രസ്സ് ദേശീയ നേതാക്കളില്‍ നിന്ന് വലിയ തോതിലൊഴുകാം. പണ്ട്, അര്‍ജ്ജുന്‍ സിംഗിന്റെ ആജ്ഞ കേട്ട് ‘തിരുത്തല്‍വാദി’ ഗ്രൂപ്പുണ്ടാക്കി കരുണാകരവിരുദ്ധ രാഷ്ട്രീയത്തിനിറങ്ങി പരിചയസമ്പന്നനായ രമേശ് ചെന്നിത്തലയോടൊപ്പമുള്ള ഐ ഗ്രൂപ്പ് ഘടകം സടകുടഞ്ഞെഴുന്നേല്‍ക്കാം. കെപിസിസിയിലും കീഴ്ഘടകങ്ങളിലും ഭാരവാഹികളെ നിശ്ചയിക്കുന്നതിലുള്‍പ്പടെ നിരന്തരം അവഗണിക്കപ്പെട്ട ‘എ’ ഗ്രൂപ്പും കിട്ടിയ അവസരം മുതലെടുക്കാന്‍ ഒട്ടും മടികാണിക്കാനിടയില്ല. അങ്ങനെ കെ.സി. വേണുഗോപാലിനെ പിറകില്‍ നിന്നു കുത്തി ആലപ്പുഴയില്‍ വീഴ്ത്തിയാല്‍, മാറിവരാനിടയുള്ള ദേശീയതല സാഹചര്യവും കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം തങ്ങളിലേക്ക് തിരിച്ചു കൊണ്ടൂവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാകണം ഇപ്പോള്‍ അപ്രസക്തരായി അരികുവത്കരിക്കപ്പെട്ട പഴയ എ-ഐ ഗ്രൂപ്പുകളിലെ പടക്കുതിരകള്‍. വേണുഗോപാലിനെയും മുരളീധരനെയും സതീശനെയുമൊക്കെ ഒതുക്കി ഒരുവഴിക്കാക്കുന്നതിനുള്ള അമ്പുകള്‍ രമേശ് ചെന്നിത്തലയുടെ ആവനാഴിയില്‍ ആവശ്യത്തിനുണ്ടാകും. അവരെയും ചെന്നിത്തലയെയും ഐഗ്രൂപ്പിനെയും ഇല്ലാതാക്കി ചാണ്ടി ഉമ്മനിലൂടെ എ ഗ്രൂപ്പിനെ തിരികെ മുഖ്യധാരയിലെത്തിക്കാന്‍ ആ ഗ്രൃപ്പിന്റെ പിന്നില്‍ എന്നും പാറപോലെ ഉറച്ചുനിന്നിട്ടുള്ള മതമേലദ്ധ്യക്ഷന്മാരും മാമാമാധ്യമവും വീണ്ടും തല ഉയര്‍ത്തുമെന്നതും പകല്‍ പോലെ പ്രകടമാണ്. ചുരുക്കത്തില്‍, ഐ-എ ഗ്രൂപ്പുകള്‍ വേണ്ടത് ചെയ്ത്, വേണുഗോപാലിനെ മുന്നില്‍ നിന്നോ പിന്നില്‍ നിന്നോ വെട്ടി, ആലപ്പുഴയില്‍ തോല്‍പ്പിച്ച്, രാജസ്ഥാനിലേക്ക് തന്നെ അയക്കുവാനുള്ള സാദ്ധ്യതയാണ് അവിടെ ഉയര്‍ന്നു വരുന്നത്.
തൃശൂര്‍ കെ മുരളീധരന് കുരുതിക്കളമാകുമോ?
തൃശൂര്‍ക്ക് മുരളീധരനെ കൊണ്ടുവന്നതിന്റെയും സന്ദേശം വ്യക്തമാണ്. നേമത്ത് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്താന്‍ ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്ന തന്നെ, സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടത് കണ്ടിട്ടും ചിരിക്കാനോ കരയാനോ വയ്യാത്ത അവസ്ഥയിലായതാണ് മുരളീധരന്‍. തൃശൂരും മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് കുരുതിക്കളം ഒരുക്കുകയാണ് കൂടെ നില്‍ക്കുന്നവരുടെ ലക്ഷ്യമെന്നതാണ് ലഭിക്കുന്ന സൂചനകള്‍. ആ സാദ്ധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രധാനകാര്യം സുരേഷ് ഗോപി ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിച്ച് തൃശൂരില്‍ ജയിക്കണമെങ്കില്‍ ഒന്നുകില്‍ ഇടതുവര്‍ഗീയ മുന്നണിക്ക് വലതുവര്‍ഗീയ മുന്നണിയുടെ വോട്ടുകള്‍ വില്‍ക്കണം; അല്ലെങ്കില്‍ വലതുവര്‍ഗീയ മുന്നണിക്ക് ഇടതുവര്‍ഗീയ മുന്നണിയുടെ വോട്ടുകള്‍ വില്‍ക്കണം. സ്വന്തം വോട്ടുകള്‍ മറ്റെവിടെ വിറ്റാലും തൃശൂരില്‍ വില്‍ക്കാന്‍ ഇടതുവര്‍ഗീയ മുന്നണിക്ക് വലിയ ബുദ്ധിമുട്ടാണ്. കാരണം അവര്‍ സിപിഐക്ക് നല്‍കിയിട്ടുള്ള നാലു സീറ്റുകളില്‍ ഒന്നു പൊരുതി നോക്കാനുള്ള എന്തെങ്കിലും സാഹചര്യമണ്ടെങ്കില്‍ അത് തൃശൂരില്‍ മാത്രമാണ്. മറ്റു സീറ്റുകള്‍ തിരുവനന്തപുരം (പന്ന്യന്‍ രവീന്ദ്രന്‍), മാവേലിക്കര (സി.എ. അരുണ്‍ കുമാര്‍), വയനാട് (ആനി രാജാ), ഒരു തരത്തിലും ഒരു പ്രതീക്ഷയുമുള്ളവയല്ല. അവിടെയൊന്നും അന്തസ്സുള്ള മത്സരത്തിനു പോലും അവസരമില്ല. അത്തരമൊരു സാഹചര്യത്തില്‍, മറ്റ് മൂന്നു മണ്ഡലങ്ങളിലും സിപിഐ സ്ഥാനാര്‍ത്ഥികളുടെ വോട്ടുകള്‍ വിറ്റു കിട്ടുന്നതിന്റെ ഒരു ഭാഗം കോണ്‍ഗ്രസ്സുകാര്‍ക്ക് നല്‍കി മുരളീധരന്റെ വോട്ടുകള്‍ വിലയ്ക്കു വാങ്ങി സുരേഷ് ഗോപിയോടൊന്ന് പൊരുതി നോക്കാമെന്ന തന്ത്രം തന്നെയാകും ഇടതുവര്‍ഗീയ മുന്നണി പയറ്റിനോക്കുക. അങ്ങനെ വലതുവര്‍ഗീയമുന്നണിയുടെ വോട്ടുകള്‍ ഇടതുതുവര്‍ഗീയമുന്നണിക്ക് വിറ്റു കഴിഞ്ഞാല്‍ മത്സരം സുരേഷ് ഗോപിക്കെതിരെ സുനില്‍ കുമാര്‍ എന്ന രീതിയിലാകും. അതോടെ, മുരളീധരന്‍ തോറ്റു തുന്നം പാടി മൂന്നാം സ്ഥാനത്തിലേക്ക് ഒതുക്കപ്പെടുമെന്നതാണ് നിലവില്‍ ഉയര്‍ന്നു വരുന്ന സാഹചര്യം. ഏതായാലും ലോക സഭയില്‍ മിണ്ടിയപ്പോഴൊക്കെ മണ്ടനാകുന്നത് പതിവായിരുന്ന പ്രതാപനു ശേഷം ഒഴിവാക്കാനൊട്ടും വൈകാത്ത സന്ദര്‍ഭങ്ങളിലൊഴികെ മിണ്ടാതെ ‘മിടുക്കനായിരുന്ന’ മുരളീധരനെ പറഞ്ഞു വിടണമെന്ന നിര്‍ബ്ന്ധമൊന്നും തൃശൂര്‍കാര്‍ക്കുണ്ടാകാനുമിടയില്ല. കോണ്‍ഗ്രസ്സിലെ അധികാര ദല്ലാളന്മാര്‍ക്ക് അങ്ങനെയൊരു നിര്‍ബന്ധം ഒട്ടുമുണ്ടാകില്ലെന്നതും വ്യക്തം. ഏതായാലും അതോടെ കേരളത്തിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ കെ. മുരളീധരന്‍ ആര്‍ക്കും വേണ്ടാത്ത അപ്രസക്ത വ്യക്തിത്വമായി മാറും.
മുരളീധരന്റെ രാഷ്ട്രീയം ദുരന്തപര്യവസായിയായതിന്റെ കാരണം
മഹാത്മാ ഗാന്ധിയുടെ മകന്‍ ഹീരലാല്‍ മോഹന്‍ദാസ് ഗാന്ധി അതി സമര്‍ത്ഥനായിരുന്നു. ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യാനന്തര ഭാരതത്തതിലും തിളങ്ങാന്‍ തക്ക വ്യക്തിത്വമുള്ള ‘ഹീര’ (രത്‌നം) ആയിരുന്നു ഹീരാലാല്‍ എന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരുപക്ഷേ, അച്ഛന്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലായെന്നതാകാം കാരണം, ഹീരലാല്‍ വീട് വിട്ട് അരുതാത്ത വഴികളിലൂടെ യാത്ര ചെയ്ത് മുസ്ലീം മതമൗലികവാദികളുടെ പാളയത്തിലെത്തി മതപരിവര്‍ത്തനനം വരെ ചെയ്ത്, അബ്ദുള്ളാ ഗാന്ധിയായി, സ്വജീവിതം കുട്ടിച്ചോറാക്കി. പിന്നീട് സ്വധര്‍മ്മത്തിലേക്ക് തിരിച്ചു വന്നെങ്കിലും അതുകൊണ്ടൊന്നും നഷ്ടപ്പെട്ട ജീവിതം പുനര്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതുമില്ല. മകന്റെ കാര്യത്തില്‍ വേണ്ട പരിഗണന നല്‍കാതിരുന്ന ഗാന്ധിജിയാണ് അക്കാര്യത്തില്‍ കുറ്റപ്പെടുത്തലിനു വിധേയനാകേണ്ടി വരുന്നതെങ്കില്‍ കെ. മുരളീധരന്റെ രാഷ്ട്രീയം, ഇന്നുവരെ നടന്ന വഴികള്‍ പരിശോധിച്ചു നോക്കുമ്പോള്‍, ദു:ഖപര്യവസായിയായി മാറുന്നതിന്റെ കാരണം, മകന് നല്‍കിയ അമിത പരിഗണനയും കരുതലുമാണെന്ന ആരോപണത്തിനാണ് കെ.കരുണാകരന് വിധേയനാകേണ്ടി വരുന്നത്. ഗാന്ധിജിയും കരുണാകരനും തമ്മിലോ ഹീരലാല്‍ ഗാന്ധിയും കെ മുരളീധരനും തമ്മിലോ താരതമ്യത്തിന് ഒരുതരത്തിലും സാദ്ധ്യതയില്ലെന്നതില്‍ സംശയമില്ല. പക്ഷേ ഹീരാ ലാല്‍ ഗാന്ധി മുസ്ലീം മതമൗലികവാദികളുടെ പാളയത്തില്‍ ചെന്നുപെട്ടതുപോലെ മുസ്ലീം വര്‍ഗീയവാദ രാഷ്ട്രീയത്തോട് അമിതവിധേയത്വത്തിന് തല കുനിച്ചതോടെയാണ് കെ. മുരളീധരനും പരാജയം ചോദിച്ചു വാങ്ങുമെന്നത് അനിവാര്യമായ പതന സാദ്ധ്യതയായി മാറിയത്.
കരുണാകരന്റെ ശൈലിയും ചരിത്രവും മുരളീധരന്‍ പഠിച്ചുവോ?
ഒപ്പം തന്നെ, കരുണാകരന്റെ രാഷ്ട്രീയ ശൈലിയുടെ മര്‍മ്മം മനസ്സിലാക്കുന്നതില്‍ അദ്ദേഹത്തിന്റെ മകനായിട്ടും സംഭവിച്ച പരാജയവും, മുരളിയുടെ വീഴ്ചയുടെ കാരണമായി നിഴലിച്ചുനില്‍ക്കുന്നു. മാതൃകാപരമോ ആദര്‍ശാത്മകമോ ഒന്നും ആയിരുന്നില്ല കെ. കരുണാകരന്റെ രാഷ്ട്രീയ ശൈലി എന്നതു തന്നെയാകാം കാലത്തിന്റെ വിലയിരുത്തല്‍. കാരണം അത് ആശയത്തിനപ്പുറം നെഹ്രു-ഇന്ദിരാ കുടുംബത്തോടുള്ള വിധേയത്വത്തില്‍ അധിഷ്ഠിതമായിരുന്നു; രാഷ്ട്രീയ അധികാരം നേടുന്നതിനുതകുന്ന തന്ത്രങ്ങള്‍ക്കും അവസരവാദങ്ങള്‍ക്കുമായിരുന്നു അദ്ദേഹത്തിന്റെ ശൈലിയുടെ ഊന്നല്‍. അതൊക്ക അങ്ങനെയാണെങ്കിലും,, പദ്മജയുടെ രാഷ്ട്രീയമാറ്റത്തില്‍ പ്രകോപിതനായ മുരളീധരന്‍ മുന്നോട്ടുവെച്ച ഒരു പ്രഖ്യാപനവും ഒരു അവകാശവാദവും കേള്‍ക്കുന്നവരുടെ സാമാന്യ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്. ഫാസിസ്റ്റ് ഇന്ദിരയുടെ അടിയന്തിരാവസ്ഥ കേരളത്തില്‍ അതിക്രൂരമായി നടപ്പാക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന അച്ചുതമേനോനൊടൊപ്പം നിന്ന കെ കരുണാകരന്റെ പാരമ്പര്യം അവകാശപ്പെട്ട് ‘ജനാധിപത്യത്തെ തകര്‍ക്കാന്‍’ പോകുന്നവര്‍ക്കൊപ്പമില്ലെന്നതാണ് മുരളീധരന്റെ ഒരു പ്രഖ്യാപനം. മുസ്ലീം ലീഗിനോടും കേരളാകോണ്‍ഗ്രസ്സിനോടും നിരന്തരം ചേര്‍ന്നു നിന്ന കരുണാകരന്‍ എന്നും വര്‍ഗീയതയ്‌ക്കെതിരായിരുന്നെന്നതാണ് മുരളി നടത്തുന്ന അവകാശവാദം. അത്തരം അവകാശവാദം ഉയര്‍ത്തുമ്പോള്‍ മുരളീധരന് വര്‍ഗീയതയെന്താണെന്നും കരുണാകരന്റെ ശൈലിയെന്തായിരുന്നെന്നും അടിസ്ഥാനപരമായ ധാരണ പോലും ഇല്ലെന്നതാണ് പ്രകടമാകുന്നത്.
ഇടതുവര്‍ഗീയ മുന്നണിക്കെതിരെ കരുണാകരന്‍ മുന്നില്‍ നയിച്ച രാഷ്ട്രീയപോരാട്ടത്തിന്റെ ചരിത്ര പശ്ചാത്തലം:
മുസ്ലീം ലീഗെന്ന മതമൗലികവാദ രാഷ്ട്രീയ കക്ഷിയെയും കൂടെക്കൂട്ടി ഇടതുവര്‍ഗീയ മുന്നണിക്ക് രൂപം നല്‍കിയാണ് ഏലങ്കുളത്ത് മനയ്ക്കലെ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ, രണ്ടാം സര്‍ക്കാര്‍, 1967ല്‍ അധികാരത്തിലേറിയത്. നിയമസഭയില്‍ ഭരണ മുന്നണി നേടിയത് 117 സീറ്റുകള്‍; പ്രതിപക്ഷത്തായിരുന്ന കേരളാ കോണ്‍ഗ്രസ്സെന്ന കൃസ്ത്യന്‍ വര്‍ഗീയ രാഷ്രീയ കക്ഷിക്ക് അഞ്ചു സീറ്റുകള്‍; കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ കേവല ഒമ്പതും! അങ്ങനെ ഒമ്പത് പേരുടെ മാത്രം പിന്തുണയുളള പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ട കെ.കരുണാകരന്‍ സ്വയം നിശ്ചയിച്ചുറച്ച ലക്ഷ്യം വ്യക്തമായിരുന്നു. അരാജകവാദികളും ജനാധിപത്യവിരുദ്ധരും ചൈനാച്ചാരന്മാരുമായ കമ്യൂണിസ്റ്റുകളെ പുറത്താക്കണം; കോണ്‍ഗ്രസ്സിനെ അധികാരത്തിലേക്ക് തിരിച്ചെത്തിക്കണം. അതിന്റെ സാദ്ധ്യതകളിലേക്ക് ആലോചന തുടങ്ങിയ കരുണാകരന്റെ മനസ്സിലേക്ക് 1947 മുതല്‍ 1967 വരെയുള്ള രണ്ട് ദശാബ്ദങ്ങളിലെ കേരള രാഷ്ട്രീയത്തിലെ ന്യൂന പക്ഷവര്‍ഗീയതയുടെ ഇടപെടലുകളുടെ ചരിത്രം കടന്നുവന്നുകാണും. മലബാറില്‍, ഖിലാഫത്തിന്റെ പേരില്‍ നടന്ന ഹിന്ദു ഉന്മൂലന കടന്നാക്രമങ്ങളില്‍ ആരംഭിച്ച ഇസ്ലാം മതമൗലികവാദം രാമസിംഹന്റെയും കുടുംബത്തിന്റെയും കൊലപാതകം വരയെത്തി. ഭാരത വിഭജനത്തോടെ മറ്റെല്ലായിടത്തും ഇല്ലാതായ മുസ്ലീം ലീഗ് കേരളത്തില്‍ പൊട്ടി മുളച്ച് മുസ്ലീം പക്ഷ വര്‍ഗീയതയുടെ രാഷ്ട്രീയ മുഖമായി വളര്‍ന്നു പന്തലിച്ചു. തെക്കന്‍ കേരളത്തിലാണെങ്കില്‍ മന്നത്ത് പദ്മനാഭനെയും ആര്‍ ശങ്കറെയുമൊക്കെ അകറ്റി നിര്‍ത്തിക്കൊണ്ട് ക്രിസ്ത്യന്‍ വര്‍ഗീയ പക്ഷം കോണ്‍ഗ്രസ്സില്‍ സ്വാധീനം കവര്‍ന്നെടുത്തു. ശബരി മല തീവെപ്പു വരെനടത്തി കേരളത്തിലെ അസംഘടിതരായ ഹൈന്ദവ സമൂഹത്തെ വെല്ലുവിളിക്കിന്നിടം വരെ കാര്യങ്ങളെത്തി.
അത്തരം ഒരു പരിതസ്ഥിതിയിലാണ് 1957ല്‍ ആദ്യ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്നത്. ആ തിരഞ്ഞെടുപ്പ് വിജയം മാര്‍ക്‌സിസ്റ്റ് ആശയങ്ങളെ കേരളസമൂഹത്തിലെ ഭൂരിപക്ഷവും സ്വീകരിച്ചതുകൊണ്ടൊന്നുമായിരുന്നില്ല. ശബരിമല തീവെപ്പിനെ തെക്കന്‍ കേരളത്തിലും രാമസിംഹന്‍ കൊലപാതകത്തെ വടക്കന്‍ കേരളത്തിലും മുതലെടുത്തുകൊണ്ട് ഹൈന്ദവ സമൂഹത്തെ ധ്രുവീകരിച്ച് കൂടെ നിര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രാദേശിക തലത്തില്‍ നടത്തിയ വ്യാപകവും ഒരു പരിധിവരെ അനൗപചാരികവുമായ പ്രചരണത്തിന്റെ ഫലമായാണ് ചന്ദനം കുറിയും തൊട്ട് ശങ്കരന്‍ നമ്പൂതിരിപ്പാടിന് സത്യ പ്രതിജ്ഞയ്ക്കു വേണ്ടി തിരുവനന്തപുരത്തെ താമസസ്ഥലത്തു നിന്ന് 1947ല്‍ ഇടതുകാലും വെച്ച് ഇറങ്ങാന്‍ ഇടം ഒരുക്കിയത്. എം.എന്‍. ഗോവിന്ദന്‍ നായരും പികെ വാസുദേവന്‍ നായരും കല്ല്യാണകൃഷ്ണന്‍ നായരുമോക്കെ മന്നത്തു പദ്മനാഭനെ പെരുന്നയിലെ വസതിയില്‍ ചെന്നുകണ്ടാണ് പിന്തുണ ഉറപ്പിച്ചതെന്നത് ചരിത്രം പ്രത്യേകം കുറിച്ചിടേണ്ട വസ്തുതയാണ്.
അധികാരത്തില്‍ കയറിയ കമ്യൂണിസ്റ്റ് സര്‍ക്കാന്‍ ശബരിമല തീവെപ്പു കേസിലും രാമസിംഹന്‍ കേസിലും നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തി ഹിന്ദുവിനെ വഞ്ചിക്കുകയും കൃസ്ത്യന്‍/മുസ്ലീം വര്‍ഗീയതകളെ പ്രീണിപ്പിച്ച് അവരുമായി സന്ധി ചെയ്യുന്നതിന് തുടക്കം കുറിക്കുകയും ചെയ്തു. പക്ഷേ ഈഎംഎസ്സിന്റെ കമ്യൂണിസ്റ്റ് അരാജകത്വ ഭരണം മതഭേദമില്ലാതെ സംസഥാനത്തിന് പൊതുവെ അപകടകരമായി മാറിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ ഹിന്ദുവും കൃസ്ത്യാനിയും മുസൂലീമുമെല്ലാം ഒന്നായി നിന്ന് മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ നടത്തിയ ഐതിഹാസികമായ വിമോചനസമരം ഇഎംഎസ്സ് സര്‍ക്കാറിന്റെ പിരിച്ചുവിടലിലാണ് അവസാനിച്ചത്.
ആ ഇ.എം.എസ്സ്. സര്‍ക്കാരിനുശേഷം കേരളം കണ്ടത് മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള സമ്മര്‍ദ്ദഗ്രൂപ്പുകള്‍ തങ്ങളുടെ സ്വാധീനമുറപ്പിക്കുവാന്‍ നടത്തിയ ചടുല രാഷ്ട്രീയ നീക്കങ്ങളായിയുന്നു. കൃസ്ത്യന്‍ പക്ഷവും മുസ്ലീം ലീഗും എന്‍.എസ്സ്.എസ്സ് / എസ്സ്.എന്‍.ഡി.പി. നേതാക്കളും എല്ലാം അടങ്ങുന്ന അത്തരം സമ്മര്‍ദ്ദ ഗ്രൂപ്പുകളില്‍ ഏറ്റവും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയത്. കൃസ്ത്യന്‍ വിഭാഗീയതയുടെ തത്പരകക്ഷികളായിരുന്നു. 1959ലെ വിമോചന സമരത്തില്‍ ‘പിള്ളേരൊന്നു വളര്‍ന്നോട്ടെ പതിനെട്ടൊന്നു കഴിഞ്ഞോട്ടെ! ഈ.എം.എസ്സിനെ. ഈയം പൂശി ഈയലു പോലെ പറപ്പിക്കും’ എന്ന് മുദ്രാവാക്യം വിളിച്ചിട്ട് അവര്‍ വെറുതെയിരിക്കുകയായിരുന്നില്ല. ഒരു വശത്ത് അവര്‍ അവരുടെ മാധ്യമ മുഖമായ ‘മലയാള മനോരമയുടെ’ആഭിമുഖ്യത്തില്‍ അഖിലകേരള ബാലജനസഖ്യം സ്ഥാപിച്ച് കോണ്‍ഗ്രസ്സിനെയും കേരള രാഷ്ട്രീയത്തെയും പിടിച്ചെടുക്കാന്‍ പരുവത്തിന് ‘പിള്ളേരെ’ വളര്‍ത്തിയെടുക്കുകയായിരുന്നു. സമാന്തരമായി അവര്‍ അന്നത്തെ ദൈനംദിന രാഷ്ട്രീയത്തിലും കുതന്ത്രങ്ങളുമായി സജീവമായിരുന്നു.
ഇ.എം.എസ്സിനു ശേഷം മുഖ്യമന്ത്രിയായ പട്ടം താണുപിള്ളയെ ആര്‍ ശങ്കറെ മുന്നില്‍ നിര്‍ത്തി നടത്തിയ പോരിലൂടെ പഞ്ചാബ് ഗവര്‍ണറായി പറപ്പിച്ചു. പകരം മുഖ്യമന്ത്രിയായ വന്ന ആര്‍ ശങ്കറെ പിടിച്ചിറക്കി പി.ടി. ചാക്കോയെ മുഖ്യമന്ത്രിയാക്കുകയായിരുന്ന അടുത്ത ലക്ഷ്യം. പ്രഗത്ഭനായിരുന്ന ശങ്കറുടെ ചെറുത്ത് നില്‍പ്പിനു പിന്നാലെ ചാക്കോയുടെ മരണവും കൂടിയായപ്പോള്‍ ആ മോഹം പൊലിഞ്ഞതിന്റെ ഫലമായി കോണ്‍ഗ്രസ്സ് പിളര്‍ന്ന് കേരളാ കോണ്‍ഗ്രസ്സുണ്ടായി. പിളര്‍ന്നു പോയ കേരളാ കോണ്‍ഗ്രസ്സുകാരോടൊപ്പം മന്നത്തു പദ്മനാഭനും നായര്‍ നേതൃത്വവും ചേരുകയെന്ന പിന്നീട് ആത്മഹത്യാപരം എന്ന് വിശേഷിപ്പിക്കെടാന്‍ ഇടവരുത്തിയതുമായ നടപടിക്കും കേരളം സാക്ഷിയായി. 1965ലെ നിയമസഭാ തിരഞ്ഞെടുപ്പ് ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതെ പോയെങ്കിലും കേരളാ കോണ്‍ഗ്രസ്സിലൂടെ കൃസ്ത്യന്‍ വര്‍ഗീയതയും മുസ്ലീം ലീഗിലൂടെ അവരുടെ വര്‍ഗീയതയും ധ്രുവീകരിച്ച് കരുത്തു നേടുന്നതും നായാടി മുതല്‍ നായാടി വരെയുള്ള ഹൈന്ദവ പക്ഷം രാഷ്ട്രീയമായി ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയിലേക്ക് തകര്‍ന്നു തുടങ്ങുന്നതും പ്രകടമായി. അത് മനസ്സിലാക്കിയ മന്നത്ത് പദ്മനാഭന്‍ കേരളാ കോണ്‍ഗ്രസ്സുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോടോപ്പം ചേര്‍ന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രഭാവത്തില്‍ പോലും ഒരു തിരുത്തലും തിരിച്ചുപിടിക്കലും അസാദ്ധ്യമായി. 1967 തിരഞ്ഞെടുപ്പില്‍ ഇ.എം.എസ്സ്. വര്‍ഗീയപ്രീണനത്തിന്റെ അനന്ത സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ് മുസ്ലീം ലീഗെന്ന മതമൗലിക വാദ വര്‍ഗീയ കക്ഷിയെ ചേര്‍ത്തൊരു മുന്നണിയിലൂടെ വീണ്ടും ഭരണം പിടിച്ചു.
ഇടതു വര്‍ഗീയ മുന്നണിക്കെതിരെ കെ. കരുണാകരന്റെ ആദ്യ വിജയം
1959ലെ കമ്യൂണിസ്റ്റ് അരാജക ഭരണത്തെ തകര്‍ത്ത മന്നത്ത് പദ്മനാഭന്, 1967ല്‍ വീണ്ടും അധികാരത്തിലെത്തിയ ഈ.എം.എസ്സിനെയോ അദ്ദേഹത്തിന്റ ഇടതുവര്‍ഗീയ മുന്നണിയെയോ പ്രതിരോധിക്കുവാനുള്ള ആയുസ്സും ആരോഗ്യവും ഈശ്വരന്‍ ബാക്കി നില്‍കിയില്ല. ആ വിടവിലേക്കാണ് കോണ്‍ഗ്രസ്സ് പ്രതിപക്ഷ നേതാവായ കെ കരുണാകരന്‍ നടന്നു കയറിയത്. പുതിയ ദൗത്യത്തിന് കരുണാകരന്‍ രൂപം നല്‍കിയ രണതന്ത്രം വേറിട്ടതായിരുന്നു. മുസ്ലീം ലീഗിനെയും കൂടെ കൂട്ടി ഈഎംഎസ്സ്. ഉണ്ടാക്കിയ ഇടതു വര്‍ഗീയ മുന്നണിക്ക് ബദലായി ഒരു മതേതരമുന്നണിയെ വളര്‍ത്തിക്കൊണ്ടുവരുവാനല്ല കരുണാകരന്‍ ശ്രമിച്ചത്. ഇന്ദിരയും സോവിയറ്റു യൂണിയനുമായുണ്ടായ ധാരണയുടെ പശ്ചാത്തലത്തില്‍, ചൈനാച്ചാരന്മാരായ മാര്‍ക്‌സിസ്‌റുകള്‍ നേതൃത്വം നല്‍കിയിരുന്ന മുന്നണിയില്‍ നിന്ന് സോവിയറ്റ് വിധേയരായ സിപിഐയുടെ നേതൃത്വത്തിലുള്ള ഒരു കുറുമുന്നണിയെ അടര്‍ത്തിയെടുത്തു. അതിന്റെ ഭാഗമായി മുസ്ലീംലീഗിനെ വലയിട്ടു പിടിച്ചു. പ്രതിപക്ഷത്തായിരുന്ന ക്രിസ്ത്യന്‍ വര്‍ഗീയ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ്സിനെ കൂടെ കൂട്ടി. അതോടകം അമ്പലത്തില്‍ പോകുന്നുയെന്നത് പുറത്തറിയാതെ മറച്ചുവെച്ചും കുറി തൊടാതെയും ഹൈന്ദവ പ്രതീകങ്ങളെ പരിഹസിച്ചും വിമര്‍ശിച്ചുമൊക്കെ മേനി നടിക്കാതെ നിവര്‍ത്തിയില്ലെന്ന മണ്ടന്‍ ധാരണ തലയ്ക്കു പിടിച്ച ഹിന്ദുക്കളിലെ നല്ലൊരു വിഭാഗത്തെ തിരുത്തിയെടുത്ത് കൂടെ കൂട്ടി. അതോടൊപ്പം സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ്സിലെ അന്ന് വളരുന്ന സ്റ്റേജിലായിരുന്ന കൃസ്ത്യന്‍ വര്‍ഗീയ ഗ്രൂപ്പും മറ്റു നിവര്‍ത്തിയൊന്നും ഇല്ലാതിരുന്നതുകൊണ്ട് ഇടതുമുന്നണിയോടുള്ള പോരാട്ടത്തില്‍ കരുണാകരനോടൊപ്പം നിന്നു. ആ ശക്തികളെ എല്ലാം കൂട്ടി വലതുവര്‍ഗീയ മുന്നണിക്ക് ജന്മം നല്‍കിയാണ് ഇഎംഎസ്സിനെ താഴെ ഇറക്കി അച്ചുതമേനോനെ അദ്ദേഹം മുഖ്യമന്ത്രിയാക്കിയത്. അത്തരത്തില്‍, പിന്നീടുള്ള കേരള രാഷ്ട്രീയ മുഖ്യധാരയ്ക്ക് വലതുവര്‍ഗീയ മുന്നണിയെ സംഭാവന ചെയ്ത കെ. കരുണാകരന്‍ വര്‍ഗീയതയോട് സന്ധി ചെയ്തില്ലായെന്നു പറയുന്ന കെ മുരളീധരന്റെ കേരള രാഷ്ട്രീയ ചരിത്രബോധം അപാരം തന്നെ എന്ന് പറയാതിരിക്കാനാകില്ല.
കേരളം ഇടതു വലതു വര്‍ഗീയ പാര്‍ട്ടികളുടെ പോരാട്ടഭൂമി
പിന്നീട് കേരള രാഷ്ട്രീയം കണ്ട വഴിത്തിരിവുകളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, കേരളാ കോണ്‍ഗ്രസ്സിലെ പല ഗ്രൂപ്പുകളെയും അഖിലേന്ത്യാ മുസ്ലീം ലീഗുള്‍പ്പടെയുള്ള വര്‍ഗീയ പ്രസ്ഥാനങ്ങളെയും മദനിയെയും കെടി ജലീലിനെയും പോലുള്ള മുസ്ലീം തീവ്ര/ഭീകരവാദികളെയും തങ്ങളോടൊപ്പം കൂട്ടി. അതോടെ കേരളം ഇടതു വലതു വര്‍ഗീയ പാര്‍ട്ടികളുടെ പോരാട്ട ഭൂമിയായി മാറി. അതില്‍ ശ്രദ്ധേയമായ കാര്യം രണ്ട് മുന്നണികളും മതേതരമോ വര്‍ഗീയതാ വിരുദ്ധമോ ആയിരുന്നില്ലെന്നതതാണ്. ആ മുന്നണികള്‍ തമ്മില്‍ ഒരു അടിസ്ഥാനപരമായ വ്യത്യാസം തീര്‍ച്ചയായും, ഉണ്ടായിരുന്നു. ഇടതു വര്‍ഗീയ മുന്നണി മുസ്ലീം/കൃസ്ത്യന്‍ വര്‍ഗീയ താത്പര്യങ്ങളോട് സന്ധി ചെയ്തുകൊണ്ട് ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ പതാകാവാഹകരായി മാറി. മറിച്ച്, വലതു വര്‍ഗീയ മുന്നണിയുടെ രാഷ്ട്രീയം, പൊതുവെ, ഹിന്ദുവിന്റെയും മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടെയും എല്ലാം താത്പര്യങ്ങള്‍ക്ക് ഇടം നല്‍കുന്നതായിരുന്നു. അതിനൊരപവാദം സംഭവിച്ചത് നിലയ്ക്കല്‍ പ്രക്ഷോഭ വിഷയത്തിലായിരുന്നു. അന്ന് കെ. കരുണാകരനും വലതുവര്‍ഗീയ മുന്നണിയും ക്രിസ്ത്യന്‍ വര്‍ഗീയതയുടെ കാവലാളുകളാകുകയും സന്യാസിമാരുള്‍പ്പടെയുള്ള ഹിന്ദു സമൂഹത്തോട് അതിക്രൂരമായ ഭരണകൂട മര്‍ദ്ദനം അഴിച്ചു വിടുകയും ചെയ്തു. അതില്‍ മുതലെടുപ്പിന് അവസരം കാത്തിരുന്ന ഇടതുവര്‍ഗീയ മുന്നണി, ഹൈന്ദവ പക്ഷം വിജയം വരിച്ചു കഴിയും വരെ മൗനം പാലിച്ചു. പിന്നീട് കണ്ടത് അവര്‍ അവരുടെ വര്‍ഗീയഘടകം ഒഴിവാക്കി ഇടതു മുന്നണിയായി രൂപം മാറി അടുത്ത തിരഞ്ഞെടുപ്പില്‍ (1987)ഹിന്ദുവിന്റെ വോട്ടു തേടി നേട്ടം കൊയ്യുന്നതാണ്. അങ്ങനെയൊരു പ്രതിച്ഛായാ മാറ്റം സാദ്ധ്യമാക്കാന്‍ അവരോടൊപ്പം ഉണ്ടായിരുന്ന ക്രിസ്ത്യന്‍/മുസ്ലീം വര്‍ഗീയ കക്ഷികളെ തത്കാലം മൊഴിചൊല്ലുകയും ചെയ്തു. നിലയ്ക്കല്‍ പ്രക്ഷോഭം വിജയിച്ചെങ്കിലും അവിടെ ഉയര്‍ന്ന ഹിന്ദുവിന്റെ ശബ്ദം വോട്ടാക്കി മാറ്റുവാനുള്ള ശേഷി ഭാരതീയ ജനതാ പാര്‍ട്ടി നേടിയിട്ടില്ലായിരുന്നതുകൊണ്ടാണ് ആ സാഹചര്യത്തില്‍ വലതുവര്‍ഗീയമുന്നണിക്കും കരുണാകരനും എതിരെ ഉയര്‍ന്ന ഹൈന്ദവവികാരത്തെ സ്വന്തം നേട്ടത്തിന് പ്രയോജനപ്പെടുത്താന്‍ മാര്‍ക്‌സിസ്റ്റ് പക്ഷം അടവുനയം ഇറക്കിയത്. ആ ലക്ഷ്യം നേടിയ ശേഷം ക്രിസ്ത്യന്‍/മുസ്ലീം വര്‍ഗീയ പ്രീണനത്തിലേക്കും ഹിന്ദുവിരുദ്ധ നിലപാടുകളിലേക്കും അവര്‍ തിരിച്ചു പോകുകയും ചെയ്തു.
നിലയ്ക്കല്‍ പ്രക്ഷോഭകാലത്തൊഴികെ മതനിരപേക്ഷതയായിരുന്നു ലീഡറുടെ നിലപാടുതറ
ജാതിയോ മതമോ നോക്കാതെ, നിലയ്ക്കല്‍ പ്രക്ഷോഭ കാലത്തൊഴികെ, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി, മുസ്ലീം/ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാരെയും നായര്‍/ഈഴവ/അധ:സ്ഥിത സമുദായ നേതാക്കളെയുമൊക്കെ തന്റെ പിന്നാലെ നിര്‍ത്തുന്നതില്‍ കെ കരുണാകരന്‍ വിജയിച്ചു. സിഎം. സ്റ്റീഫനും കെ.എം ചാണ്ടിയും എംഎം ജേക്കബും എം,എച്ച് മുസ്തഫയും തച്ചടി പ്രഭാകരനും എംഡി. ഗംഗാധരനും എം.എ. കുട്ടപ്പനും രമേശ് ചെന്നിത്തലയും പന്തളം സുധാകരനുമെല്ലാം അദ്ദേഹത്തെ ലീഡര്‍ എന്ന നിലയില്‍ കാണാനും കൂടെ നില്‍ക്കാനും ഇടവരുത്തുന്ന സാഹചര്യം സൃഷ്ടിച്ചെടുക്കുന്നതില്‍ കരുണാകരന്‍ വിജയിച്ചു. എല്ലാ ഒന്നാം തീയതിയും ഗുരുവായൂര്‍ക്ക് തല ഉയര്‍ത്തി തന്നെ പോകുമായിരുന്ന കെ കരുണാകരന്‍ ന്യൂനപക്ഷത്തോട് സൗഹൃദം സൂക്ഷിക്കുമ്പോഴും ഹിന്ദുവിനോട് അകന്നു നില്‍ക്കുന്നവാനില്ലായെന്ന സന്ദേശം തന്നെയാണ് നല്‍കിയിരുന്നത്. അതിന് അടിവരയിടുന്ന ഒരനുഭവം പങ്കു വെക്കാം. 1970കളുടെ ആദ്യം കേരളത്തിലെ കോണ്‍ഗ്രസ്സ് കരുണാകരന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പും ആന്റണിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പുമായി തൊഴുത്തില്‍ കുത്ത് ആവേശപൂര്‍വ്വം നടത്തുന്ന കാലം. അതില്‍ എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ചില ഹിന്ദുക്കളും അപൂര്‍വ്വം ചില മുസ്ലീങ്ങളുമുണ്ടായിരുന്നെങ്കിലും അതിന് ക്രിസ്ത്യന്‍ വര്‍ഗീയതയുടെ ഒരു അന്തര്‍ ധാരയുണ്ടായിരുന്നു. (അവര്‍ പിന്നീട് വയലാര്‍ രവിയെയോ വിഎം സുധീരനെയോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയോ എംഎം ഹസ്സനെയോ ഒന്നും പരിധിക്കപ്പുറം വളരുവാനോ കേരള മുഖ്യമന്ത്രിയാകുവാനോ അനുവദിച്ചില്ലായെന്നത് ശ്രദ്ധിക്കുക.) എന്നിരുന്നാലും യുവാക്കളും വിദ്യാര്‍ത്ഥികളും മൊത്തം ആന്റണി ഗ്രൂപ്പിലായിരുന്നു. അക്കാലത്ത് ആന്റണി ഗ്രൂപ്പില്‍ പിടിച്ചു നില്‍ക്കാനുള്ള വെമ്പലിലായിരുന്ന ഒരു പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന എന്റെ സഹപാഠിയെ സംബന്ധിച്ച, ഒരനുഭവം പറയാം. അഖിലകേരള ബാലജനസഖ്യത്തിന്റെ നേതൃനിരയിലെ സഹപ്രവര്‍ത്തകര്‍ കൂടിയായിരുന്ന ഞങ്ങള്‍ ഒന്നിച്ച് കോട്ടയത്ത് ചെല്ലുമ്പോള്‍ ചിലപ്പോഴൊക്കെ തിരുനക്കര അമ്പലത്തില്‍ തൊഴാന്‍ കയറുമായിരുന്നു. പക്ഷേ, ക്ഷേത്രമതില്‍കെട്ടിനു പുറത്തേക്ക് ഇറങ്ങും മുമ്പ് നെറ്റിയിലെ ചന്ദനക്കുറി എന്റെ ആ കൂട്ടുകാരന്‍ മായിച്ചു കളയുമായിരുന്നു. ആന്റണി ഗ്രൂപ്പില്‍ പെട്ട യൂത്ത്‌കോണ്‍ഗ്രസ്സ്/കെ എസ്സ് യു നേതാക്കളുടെ മുന്നിലെത്തുമ്പോള്‍ അവരുടെയിടയില്‍ ഒറ്റപ്പെടാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്.. എന്നാല്‍ അതേ വ്യക്തിക്ക്, കെ. കരുണാകരന്റെ പക്ഷം ചേര്‍ന്ന് അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മണ്ണാറശ്ശാലയില്‍ തുലാഭാരവഴിപാടു നടത്തി പത്രത്തില്‍ പടം കൊടൂക്കുവാന്‍പോലും ഭയമില്ലായിരുന്നു; മടിയുമില്ലായിരുന്നു. അവിടെ വ്യക്തമാകുന്നത് ഹിന്ദുവിനോട് തലയില്‍ മൂണ്ടിട്ട് നടക്കാന്‍ കെ. കരുണാകരന്‍ ആവശ്യപ്പെട്ടിരുന്നില്ലാ എന്നതാണ്. ലീഡറുടെ പ്രഭാവ കാലത്തായിരുന്നെങ്കില്‍ രാജ് മോഹന്‍ ഉണ്ണിത്താന് നെറ്റിയിലെ കുറി മായ്‌ക്കേണ്ടി വരില്ലായിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് ഇല്ലാത്ത കേസും കൊണ്ട് പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേസിനു പോയി കുഞ്ഞാലിക്കുട്ടിയുടെ കരുണ തേടേണ്ട ഗതികേടും വരില്ലായിരുന്നു. പദ്മജാ വേണുഗോപാലിന് കോണ്‍ഗ്രസ്സുകാരിയായിരുന്ന കാലത്തും നെറ്റിയാല്‍ തൊടാന്‍ ആഗ്രഹിച്ചിരുന്ന ഭഗവത് പ്രസാദം ഒഴിവാക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നില്ല.
ലീഡറുടെ പ്രഭാവ കാലത്തിനു ശേഷമാണ് വലതു വര്‍ഗീയമുന്നണിയും ഹിന്ദുവിരുദ്ധമായിത്തുടങ്ങിയത്
സഞ്ജയ് ഗാന്ധിയുടെ ദുരൂഹമായ മരണത്തിന് ശേഷം, മേനകാ ഗാന്ധിയെ ചവിട്ടിപ്പുറത്താക്കി രാജീവും ഭാര്യ സോണിയയും ഇന്ദിരയുമായി ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ നിയന്ത്രണ കേന്ദ്രമായതോടെ കേരളത്തിലെ കോണ്‍ഗ്രസ്സിലെ ഉള്‍പാര്‍ട്ടി ഗ്രൂപ്പുകളുടെ ബലാബലം മാറിമറിയുന്നതിന് തുടക്കമായി. എങ്കിലും രാജീവിന്റെ കൊലപാതകവും ഭരണമാറ്റവും എല്ലാം കഴിഞ്ഞ് നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നിടം വരെ കരുണാകരന്‍ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തില്‍ തന്റെ പ്രഭാവം തുടര്‍ന്നു. എന്നാല്‍ സോണിയാ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷയായും വിന്‍സന്റ് ജോര്‍ജ്ജ് അവിടെ കൈക്കാര്യനും കാര്യക്കാരനും ആയതോടെ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ നേതൃത്വം ആന്റണി/ഉമ്മന്‍ ചാണ്ടി ഗ്രൂപ്പിന്റെ കൈകളിലായി. സോണിയയുമായി കൂടിക്കാഴ്ചയ്ക്ക് ദില്ലിയിലെത്തിയ ലീഡര്‍, ഡിസംബര്‍ മാസത്തെ തണുത്തറഞ്ഞ കാലാവസ്ഥയില്‍, മൂന്നു ദിവസങ്ങള്‍ കാത്തു നിന്നിട്ടും ‘അനുവാദം’ നല്‍കാതെ അവഹേളിച്ചൂ മടക്കി അയച്ച അനുഭവങ്ങള്‍ വരെയുണ്ടായി. ആ പശ്ചാത്തലത്തില്‍ വ്രണിത ഹൃദയനായ മുരളി, സോണിയയെ ‘മദാമ്മ ഗാന്ധി’യെന്ന് വിളിച്ച സംഭവമുള്‍പ്പടെ പലതും കേരളം മറന്നുകഴിഞ്ഞിട്ടില്ല. അങ്ങനെ, കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ഇന്ദിരയുടെ കാലത്ത് കരുണാകരനുണ്ടായിരുന്ന മേല്‍ക്കൈ സോണിയയുടെ കാലത്ത് ആന്റണി-ഉമ്മന്‍ ചാണ്ടി പക്ഷത്തേക്ക് മാറിയതോടെയാണ് വലതുവര്‍ഗീയ മുന്നണിയുടെ സമീപനത്തിലും മാറ്റങ്ങളുണ്ടായത്. ഇടതുവര്‍ഗീയ മുന്നണിയെ പോലെ വലതു വര്‍ഗീയ മുന്നണിയും ഹിന്ദു വിരുദ്ധ വര്‍ഗീയതയെ താലോലിക്കുന്ന രാഷ്ട്രീയ നിലപപാടിലേക്ക് മാറി. അതായിരുന്നില്ല ലീഡര്‍ കെ കരുണാകരന്റെ നിലപാടെന്നും അദ്ദേഹത്തിന്റെ പ്രഭാവകാലത്തിനു ശേഷമാണ് ഹിന്ദുവിനെ പരിഗണിച്ചില്ലെങ്കിലും അവഹേളിക്കാത്ത ശൈലിയില്‍ നിന്ന് ഹിന്ദുവിനെ അരികുവത്കരിക്കുകയും അവഗണിക്കുകയും അവഹേളിക്കയും ചെയ്യുന്ന ശൈലിയിലേക്ക് വലതുവര്‍ഗീയ മുന്നണിയും, (ഇടതുവര്‍ഗീയ മുന്നണിയേ പോലെതന്നെ), അധ:പ്പതിച്ചതെന്ന വസ്തുത മുരളീധരന്‍ മാത്രമല്ല ആ മുന്നണിക്കൊപ്പം നില്‍ക്കുന്ന ഹിന്ദുക്കളും തിരിച്ചറിയേണ്ടതുണ്ട്. ആ തിരിച്ചറിവ് നേടി രാജ്യത്താകെ ഉണരുന്ന ദേശീയതയുടെ മുന്നേറ്റത്തില്‍ അണി ചേരുവാന്‍ അവരും തയാറായാല്‍ അമൃതകാല ഭാരതം തുറന്ന് തരുന്ന സാദ്ധ്യതകളും സാഹചര്യങ്ങളും സമൂഹത്തിലാകെ എത്തിച്ച് സമഗ്ര വികസനത്തിന് വഴിയൊരുങ്ങുമെന്നത് മനസ്സിലാക്കണം. അത്തരത്തില്‍ ശരിവഴിയിലേക്ക് തിരിച്ചുവരാന്‍ കെ മുരളീധരനാണെങ്കിലും മറ്റുള്ളവരാണെങ്കിലും സന്നദ്ധമാകണമെന്നതാണ് ഭാരതം ആഗ്രഹിക്കുന്നത്.
ഇക്കാര്യത്തിലും കമ്യൂണിസ്റ്റ് വാദങ്ങള്‍ പരിഹാസ്യമാണ്
പദ്മജാ വേണുഗോപാല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അണിചേരുവാന്‍ നിശ്ചയിച്ചതിന്റെ പേരില്‍ കേരള രാഷ്ട്രീയത്തിലെ ഇടത് വര്‍ഗീയ പക്ഷം ഉന്നയിക്കുന്ന വാദങ്ങള്‍ പലതും പരിഹാസ്യമാണ്. അതൊക്കെ കേള്‍ക്കുമ്പോള്‍, ‘എന്തെങ്കിലും നിശ്ചയമായിട്ടുള്ള കാര്യമുണ്ടെങ്കില്‍ അത് ഞാനൊരു മാര്‍ക്‌സിസ്റ്റല്ലെന്നത് മാത്രമാണ് ‘ (If anything is certain, it is that I myself am not a Marxist.) എന്ന് 1882ല്‍ കത്തെഴുതി ലോകത്തോട് വിളിച്ചു പറഞ്ഞ കാറല്‍ മാര്‍ക്‌സിന്റെ പാത നിങ്ങളും സ്വീകരിക്കണമെന്ന് കേരള സഖാക്കളോട് പറയാതിരിക്കാനാവില്ല. ആ പക്ഷത്തിന്റെ പ്രതികരണങ്ങള്‍ ആവര്‍ത്തനം കൊണ്ട്ഷ വിരസമായവയാണ്. തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്ന എംപിമാരും എംഎല്‍.എ.മാരും അടക്കം കോണ്‍ഗ്രസ്സുകാരെല്ലാം നാളെ ബിജെപിയില്‍ ചേരുമെന്നും അതുകൊണ്ട് ന്യൂനപക്ഷ സമൂഹത്തിലെ മതമൗലികവാദികളും ഹിന്ദുവിരുദ്ധ വര്‍ഗീയവാദികളുമെല്ലാം മാര്‍ക്‌സിസ്റ്റ്പക്ഷം നേതൃത്വം കൊടുക്കുന്ന ഇടതുവര്‍ഗീയ മുന്നണിയിലേക്ക് ‘കടന്നുവരൂ, കടന്നുവരൂ’, എന്നാണ് എംവി ഗോവിന്ദനടക്കമുള്ളവര്‍ വിളിച്ചു കൂകുന്നത്. അത് കേട്ടാല്‍ കേരളത്തില്‍ നിന്നാണെങ്കിലും ബംഗാളില്‍ നിന്നാണെങ്കിലും ത്രിപുരയില്‍ നിന്നാണെങ്കിലും നിരവധി സഖാക്കള്‍ അരിവാളും ചുറ്റികയും നക്ഷത്രവും പ്രതീകവത്കരിക്കുന്ന ചൈനാ-പാക്ക് പക്ഷരാഷ്ട്രീയം ഉപേക്ഷിച്ച് ഭാരതീയ ദേശീയതയുടെ വിചാരധാരയിലേക്ക് നടന്നടുത്തത് അവര്‍ കാണാതെ പോകുന്നതെന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നു. അല്‍ഫോന്‍സ് കണ്ണന്താനവും എ.പി. അബ്ദുള്ളക്കുട്ടിയും അടങ്ങുന്ന ന്യൂനപക്ഷ സമൂഹങ്ങളില്‍ പെട്ട സഖാക്കള്‍ തന്നെ മാര്‍ക്‌സിസം ഉപേക്ഷിച്ച് ദേശീയതയോടൊപ്പം ചേര്‍ന്നതിനെ കുറിച്ച് അവരുടെ നിശ്ശബ്ദത അത്ഭുതകരമാകുന്നു. ഇനി രാഷ്ട്രീയക്കാരുടെ നിലപാടുമാറ്റത്തെയാണ് അവര്‍ ചോദ്യം ചെയ്യുന്നതെങ്കില്‍ ടി.കെ. ഹംസയും ലോനപ്പന്‍ നമ്പാടനും കെ.ടി. ജലീലുമൊക്കെ മാര്‍ക്‌സിസ്റ്റു പാളയത്തിലെത്തിയതു പോലെ തന്നെയാണ് പദ്മജാ വേണുഗോപാല്‍ തന്റെ രാഷ്ട്രീയ നിലപാടിലെ തെറ്റു തിരുത്തിയതും എന്ന് കണ്ടാല്‍ പോരേ? മതത്തിനും ജാതിയ്ക്കും ദേശീയതയ്ക്കുപോലും ഞങ്ങള്‍ എതിരാണെന്നും ‘തൊഴിലാളി വര്‍ഗസര്‍വ്വാധിപത്യമാണ്’ ഞങ്ങളുടെ ലക്ഷ്യമെന്നും അതിനുവേണ്ടി ‘സര്‍വ്വരാജ്യത്തൊഴിലാളികളും’ ഞങ്ങളോടൊപ്പം സംഘടിച്ചുകൊള്ളാന്‍ ഒരുകാലത്ത് ആഹ്വാനം ചെയ്തിരുന്ന കമ്യൂണിസ്റ്റ് പരിവാര്‍, അവരുടെ അടവുനയങ്ങളും അവസരവാദ രാഷ്ട്രീയവും കാരണം വഴിപിഴച്ച് ഗതികെട്ട്, ഇസ്ലാമിക മതമൗലികവാദവും ഭീകരവാദവും ഒരുക്കിയ വര്‍ഗീയതയുടെ വെടിമരുന്നുശാലയുടെ കാവല്‍ത്തൊഴിലാളികളായി മാറിക്കഴിഞ്ഞില്ലേ? ഇടതുവലതു കമ്യൂണിസ്റ്റുകളും കാടന്‍/നാടന്‍ നക്‌സലൈറ്റുകളുമെല്ലാം അടങ്ങുന്ന കമ്യൂണിസ്റ്റ് പരിവാര്‍, മൊത്തമായാണ്, ‘കുഞ്ഞുകുട്ടിപരാതീനമടക്കം’ ഇസ്ലാമിക വര്‍ഗീയതയോട് സന്ധിചെയ്തുകൊണ്ട് ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ രാഷ്ട്രീയപക്ഷത്തേക്ക് കൂടുമാറിയത്. അങ്ങനെ പ്രത്യയശാസ്ത്രപരമായിത്തന്നെ കാലുമാറി തല പണയം വെച്ചവരാണ് ശരിപക്ഷത്തേക്കുള്ള നിലപാടു മാറ്റത്തിനുള്ള ധൈര്യം കാണിച്ച പദ്മജാ വേണുഗോപാലിനെയും അനില്‍ ആന്റണിയെയും മറ്റും ചൂണ്ടിക്കാട്ടിയിട്ട്, അതാ ഇന്നല്ലെങ്കില്‍ നാളെ, മാറാതെ നിവര്‍ത്തിയില്ലാത്ത രമേശ് ചെന്നിത്തല, കെ. സുധാകരന്‍ കെ.സി. വേണുഗോപാല്‍, കെ. മുരളീധരന്‍ ചാണ്ടി ഉമ്മന്‍, മറിയാമ്മ ഉമ്മന്‍, തുടങ്ങിയവരൊക്കെ നുമൊക്കെ ഭാരതീയ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്ന് നിലയുറപ്പിക്കാന്‍ പോകുന്നുയെന്ന് വിളിച്ചു കൂകുന്നത്. ‘സഖാക്കളേ’ നിങ്ങള്‍ പറയുന്നതിന്റെ സാദ്ധ്യതകളെ ബുദ്ധിയുള്ളവരാരും തള്ളിക്കളയുകയില്ല. അവര്‍ അല്ലെങ്കില്‍ അവരുടെ അടുത്ത തലമുറ തെറ്റുകള്‍ തിരുത്തി ശരിയുടെ വഴിയിലേക്കെത്താനിടയുണ്ടെന്നതില്‍ ഒരു സംശയവും വേണ്ട. കാരണം ഭാരതത്തിന്റെ അഖണ്ഡതയെ തകര്‍ക്കാനും നേരിന്റെ രാഷ്ട്രീയ പാതയിലൂടെ വികസനത്തിന്റെയും സര്‍വ്വധര്‍മ്മ സമഭാവനയുടെയും ജനാധിപത്യത്തിന്റെയും വഴിയിലൂടെയുള്ള ഈ രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ വഴിമുടക്കാനും ചൈനയുടെയും പാക്കിസ്ഥാന്റെയും താത്പര്യങ്ങളെ സംരക്ഷിക്കാനും അണി ചേരുന്ന മാര്‍ക്‌സിസ്‌റ് മതമൗലിക വാദ കൂട്ടായ്മ ഉയര്‍ത്തുന്ന അപകടം അവര്‍ ഇന്നല്ലെങ്കില്‍ നാളെ തിരിച്ചറിയും.