സത്താറ(മഹാരാഷ്ട്ര): മുപ്പത് വര്‍ഷത്തെ തുടര്‍ച്ചയായ സമര്‍പ്പണവും ത്യാഗവും നിറഞ്ഞ പ്രവര്‍ത്തനമാണ് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ സാധ്യമാക്കിയതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു. ഛത്രപതി സംഭാജിനഗറില്‍ ദത്താജി ഭാലേ സ്മൃതി സമിതി കാര്യാലയമായ സമര്‍പണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനെ ഉന്നതിയിലേക്ക് എത്തിക്കുന്ന ചിറകുകളാണ് ജ്ഞാനവും കര്‍മ്മവും. എന്നാല്‍ അതിന് ഭക്തിയും ആവശ്യമാണ്. ഒരുമയുടെയും സ്ഥിരോത്സാഹത്തിന്റെയും തെളിവാണ്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ. പ്രാണപ്രതിഷ്ഠയിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളില്‍ ആത്മവിശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും അന്തരീക്ഷം സംജാതമായി.
ഭാരതം അതിന്റെ പ്രൗഢമായ പാരമ്പര്യത്തിന് അനുസരിച്ച് ആഗോളതലത്തില്‍ ഉയരുകയാണ്. ലോകം ഇന്ന് ഭാരതത്തിന്റെ മഹത്വത്തെ അംഗീകരിക്കുന്നു. അതിന് അനുസരിച്ച് ഓരോ ഭാരതീയനും സ്വയം നവീകരിക്കണം. ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ക്കായി നിരന്തരം പരിശ്രമിക്കണം. പുതിയ തലമുറയ്ക്ക് സ്വാതന്ത്ര്യപോരാട്ടത്തെക്കുറിച്ചോ അടിയന്തരാവസ്ഥയെക്കുറിച്ചോ അറിയണമെന്നില്ല. അവരിലേക്ക് സമര്‍പ്പണത്തിന്റെ പാഠം എത്തണം. നിസ്വാര്‍ത്ഥഭാവത്തോടെ രാജ്യത്തിന്റെ പുരോഗതിക്കായി കഠിനപരിശ്രമം നടത്തിയവര്‍ പലരും ഇന്നില്ല. രാഷ്ട്രത്തിന് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചവരാണ് അവര്‍. മോഹന്‍ ഭാഗവത് പറഞ്ഞു.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് അനില്‍ ഭലേറാവു, ദത്താജി ഭാലേ സ്മൃതി സമിതി അധ്യക്ഷന്‍ ദേവാനന്ദ് കോട്ഗിരെ, കേന്ദ്ര റെയില്‍വേ സഹമന്ത്രി റാവുസാഹേബ് ദന്‍വെ, മന്ത്രി അതുല്‍ സേവ്, എംഎല്‍എ ഹരിഭാവു ബാഗ്‌ഡെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.