Tuesday, May 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കഥ ആത്മകഥ

ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)

സുനില്‍ ഉപാസന

Print Edition: 12 May 2023
ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ പരമ്പരയിലെ 3 ഭാഗങ്ങളില്‍ ഭാഗം 3

ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
  • ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
  • ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
  • ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)

ജീവിതത്തിലെ വളരെ മോശം അനുഭവങ്ങളില്‍ ഒന്നാണ് ശരീരത്തിലെ ഒരു അവയവം നിര്‍ജ്ജീവമാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിവ്. നമ്മെ എന്താണോ പൂര്‍ണമാക്കുന്നത്, അതിലൊന്ന് കൊഴിഞ്ഞുപോകുകയാണെന്നും നാം അപൂര്‍ണതയിലേക്കുള്ള യാത്രയിലാണെന്നുമുളള തിരിച്ചറിവ് മനുഷ്യനെ വിവരണാതീതമായ മനോവേദനയിലേക്കു തള്ളിവിടും. ആനിവേഴ്‌സറി എപ്പിസോഡിനു ശേഷം ഞാന്‍ ഇത്തരമൊരു സാഹചര്യത്തെ രൂക്ഷമായി അഭിമുഖീകരിച്ചു. മുന്‍കാലത്തെ പോലെ എനിക്ക് ശബ്ദങ്ങള്‍ കേട്ട് ആസ്വദിക്കാന്‍ പറ്റില്ലെന്ന തിരിച്ചറിവ്, ഒരു അവയവ നഷ്ടത്തിന്റെ വേദന എന്നിലുണ്ടാക്കി.

ഈ മാനസിക വേദനയുടെ പ്രധാന പ്രത്യേകത എന്തെന്നാല്‍, ഇത് നമ്മിലേക്കു സാവധാനം എത്തി, സാവധാനം വ്യാപിച്ച്, ഇഞ്ചിഞ്ചായി കീഴ്‌പ്പെടുത്തുമെന്നതാണ്. ദയനീയമായ കീഴടങ്ങലാണ് നമുക്ക് വിധിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ നാം കീഴടങ്ങാന്‍ മാനസികമായി തയ്യാറാണോ? അല്ലെന്നു തന്നെ പറയാം. ആരും ആ അവസ്ഥയോടു പൊരുത്തപ്പെടില്ല. തന്റെ ശരീരത്തിലുള്ള ഒന്ന് നിര്‍ജ്ജീവമാക്കപ്പെടുകയാണ് എന്ന തിരിച്ചറിവ്, മനസ്സ് അംഗീകരിക്കില്ല. മനസ്സ് ചെറുത്തുനില്‍പ്പിനുള്ള വഴികള്‍ തേടും, വഴികള്‍ ഒന്നുമില്ലെങ്കില്‍ തന്നെയും.

എന്റെ കാതുകള്‍ ഇനി മുതല്‍ എന്റെ നിയന്ത്രണത്തിലല്ല, എനിക്കവയെ കാര്യക്ഷമമായി ഉപയോഗിക്കാനാകില്ല, എന്ന തിരിച്ചറിവ് ആനിവേഴ്‌സറി എപ്പിസോഡോടെ എന്നില്‍ ഉറച്ചു. എന്നാല്‍ ഞാനത് പുറമേക്ക് ആരോടും സമ്മതിച്ചില്ല. മറ്റുള്ളവര്‍ക്കു മുന്നില്‍ ഞാന്‍ മാനസികമായി ചെറുത്തു നിന്നു. പക്ഷേ… ‘ചെറുത്തു നില്‍ക്കുകയാണ്’ എന്നു ഞാന്‍ മൂഢമായി കരുതുകയായിരുന്നു. എന്റെ ചെറുത്തുനില്‍പ്പുകള്‍, സത്യത്തില്‍, അപക്വമായ കാട്ടിക്കൂട്ടലുകള്‍ മാത്രമായിരുന്നു. അതു മനസ്സിലാക്കാന്‍ ഞാനേറെ വൈകി.
*****  *****  *****

ആനിവേഴ്‌സറി എപ്പിസോഡിനു ശേഷമുള്ള സ്‌കൂള്‍ പഠനകാലം എന്നെ സംബന്ധിച്ച് വളരെ വ്യത്യസ്തമായിരുന്നു. ഊര്‍ജ്ജസ്വലതയുടേയും മാനസികോന്മേഷത്തിന്റേയും കാര്യത്തില്‍ ഒരു 180 ഡിഗ്രി വ്യതിയാനം എന്നില്‍ സംഭവിച്ചു. മനസ്സിന്റെ അടിത്തട്ടില്‍ ബോധ്യമുണ്ടായിരുന്ന വികലാംഗത്വ ബോധം എന്നില്‍ ഊട്ടിയുറച്ചതിന്റെ ഫലമായിരുന്നു അത്. ഞാന്‍ ഒരു വികലാംഗനാണെന്ന് തുറന്നു സമ്മതിച്ചു. പക്ഷേ ഈ സമ്മതം, അനുകൂലഭാവം, എന്നില്‍ തന്നെ വര്‍ത്തിച്ചതേയുള്ളൂ. അതായത്, ശാരീരിക ന്യൂനതയുണ്ടെന്ന് ഞാന്‍ എന്നോടു തന്നെ തുറന്നു സമ്മതിക്കുകയായിരുന്നു. പിന്നെ ചില ആത്മസ്‌നേഹിതരോടും ബന്ധുക്കളോടും. ബാക്കിയുള്ളവരോടുള്ള എന്റെ പെരുമാറ്റം ഗതികേടില്‍ അധിഷ്ഠിതമായിരുന്നു. ഒപ്പം വിവരിക്കാന്‍ രസകരവും.

മനസ്സില്‍ സ്വയം സമ്മതിച്ചതെന്താണോ അതിനു നേര്‍വിപരീതമായാണ് ഞാനെന്റെ സാധാരണ സുഹൃത്തുക്കളോടു പെരുമാറിയത്. അവരില്‍നിന്ന് എന്റെ ശ്രവണന്യൂനതയെ മറച്ചു പിടിക്കാന്‍ ഞാന്‍ ആവതു ശ്രമിച്ചു. ഇതിനു ഞാന്‍ സ്വീകരിച്ച വഴികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നെനിക്ക് അതിയായ ലജ്ജ തോന്നുന്നുണ്ട്. ഞാന്‍ കാണിക്കുന്നത് എത്രമാത്രം ബാലിശമായ കാര്യങ്ങളാണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.

മറ്റുള്ളവരോടു സംസാരിക്കുമ്പോഴായിരുന്നു ഞാന്‍ ആശയവിനിമയത്തില്‍ ഏറെ ബുദ്ധിമുട്ടിയത്. എന്നാല്‍ ആശയവിനിമയത്തിന്റെ കടിഞ്ഞാണ്‍ എന്നിലാണെങ്കില്‍ ഈ പ്രശ്‌നത്തിനു കുറേയൊക്കെ തടയിടാമെന്ന് ഞാന്‍ ക്രമേണ മനസ്സിലാക്കി. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍, സംഭാഷണത്തില്‍ ഞാന്‍ മേധാവിത്വം പുലര്‍ത്തണം. മറ്റു വ്യക്തികളെ നാമമാത്രമായി സംസാരിക്കാന്‍ അനുവദിച്ച ശേഷം ആശയവിനിമയത്തെ ഞാന്‍ പൂര്‍ണമായും എന്റെ നിയന്ത്രണത്തിലാക്കി. ഇതൊട്ടും എളുപ്പമായിരുന്നില്ല. അപരന്‍ കൂടുതല്‍ സംസാരിക്കാന്‍ തുനിയുമെന്നു കണ്ടാല്‍ ഞാനതിനു പലവിധത്തില്‍ തടയിടുമായിരുന്നു. ഇതിനു ഞാന്‍ അവലംബിച്ച രീതികളില്‍ ഏറിയ പങ്കും അപക്വമായിരുന്നു. എന്നാല്‍ മറ്റു ചിലത് വളരെ കാല്‍ക്കുലേറ്റഡും ആയിരുന്നു.

ഒന്നാമത്തെ ടെക്‌നിക്ക് പ്രകാരം, മറ്റുള്ളവര്‍ എന്നോടു സംസാരിക്കുന്നതിനു മുമ്പേ ഞാന്‍ അവരോടു സംസാരിച്ചു തുടങ്ങും. സംസാരവിഷയം ഞാന്‍ നിര്‍ണയിക്കുന്ന അവസ്ഥ. അപ്പോള്‍ സംസാരത്തിന്റെ നിയന്ത്രണം മിക്കവാറും എന്നില്‍ തന്നെയിരിക്കും. നിങ്ങള്‍ക്കറിയുമോ, സംസാരിക്കാന്‍ പോകുന്ന വിഷയമേതെന്ന് മുന്‍കൂട്ടി അറിയിച്ച്, ശ്രവണന്യൂനതയുള്ള ഒരുവനോടു നാം സംസാരിച്ചാല്‍ അവനു കാര്യങ്ങള്‍ കുറേക്കൂടി നന്നായി മനസ്സിലാകും. കാരണം, അനേക വിഷയങ്ങളില്‍നിന്ന് അവന്റെ മനസ്സിനു ഒരേയൊരു വിഷയത്തിലേക്കു ചുരുങ്ങാന്‍ പറ്റുമല്ലോ. ഒരാള്‍ സംസാരിക്കാനായി ശ്രവണന്യൂനതയുള്ള ഒരുവന്റെ അടുത്തേക്കു വരുന്നെന്ന് കരുതുക. ആഗതന്‍ സംസാരിക്കുന്ന വിഷയം എന്തായിരിക്കുമെന്നതില്‍ അവനില്‍ തികഞ്ഞ ആശയക്കുഴപ്പം ഉടന്‍ തലപൊക്കും. അന്നേരം, ശ്രവണന്യൂനതയുള്ളവരുടെ മനസ്സ്, ആഗതന്‍ സംസാരിക്കാന്‍ സാധ്യതയുള്ള അനേകം വിഷയങ്ങളെ തിരക്കിട്ടു പരിശോധിക്കുകയായിരിക്കും. ഒരുകൂട്ടം വിഷയങ്ങളില്‍ നിന്ന് ഒരു പ്രത്യേക വിഷയത്തിലേക്കു മനസ്സിനു എത്തേണ്ടതുണ്ട്. എന്നാലേ മനസ്സ് സ്വസ്ഥമാകൂ. ആഗതന്‍ നമ്മുടെ അടുത്തെത്തുമ്പോള്‍ നാമാണ് ആദ്യം സംസാരിക്കുകയെങ്കില്‍ ഇങ്ങിനെയൊരു പ്രശ്‌നം വരുന്നില്ല. കാരണം നമുക്കു വിഷയം തിരഞ്ഞെടുക്കാമല്ലോ. ഒരുപക്ഷേ, നിങ്ങള്‍ക്കു സംശയം തോന്നാം, സംസാരിക്കാനുള്ള വിഷയം ഞാന്‍ തിരഞ്ഞെടുത്താല്‍, എങ്ങിനെയാണ് ശ്രവണപരമായ എന്റെ കാര്യക്ഷമത കൂടുകയെന്ന്. അത് ഇനി പറയും വിധം വിവരിക്കാം.

ഓരോ വിഷയത്തിനോടു അനുബന്ധിച്ചും ഒരു പദസമൂഹം(Vocabulary) ഉണ്ട്. ഉദാഹരണമായി, ശ്രവണന്യൂനതയുള്ളവര്‍ മറ്റുള്ളവരോടു സംസാരിക്കുന്നത് കുടുംബസംബന്ധമായ കാര്യമാണെങ്കില്‍, കുടുംബം ഒഴിച്ചുള്ള മറ്റു മേഖലകളിലെ പദപ്രയോഗങ്ങള്‍ അപരന്‍ ഉപയോഗിക്കില്ലെന്നു അവര്‍ക്കറിയാം. അപ്പോള്‍, മറ്റു സംസാര വിഷയങ്ങളിലെ പദങ്ങളും അവയുടെ ലിപ് മൂവ്‌മെന്റ്‌സും ഒഴിച്ചുനിര്‍ത്തി, കുടുംബസംബന്ധമായ ഏതാനും വാക്കുകളിലും അവയുടെ ലിപ്മൂവ്‌മെന്റ്‌സിലും മാത്രമായി ശ്രവണന്യൂനതയുള്ളവര്‍ക്കു ശ്രദ്ധ കൊടുക്കാം. കുടുംബസംബന്ധമായ വാക്കുകള്‍ ഏകദേശം നൂറോളമേ ഉള്ളൂ. അതു മനസ്സിലാക്കാന്‍ എനിക്ക് കഴിയുമായിരുന്നു.

ഇപ്രകാരം വിഷയം അറിഞ്ഞു സംസാരിക്കുകയാണെങ്കില്‍ ശ്രവണന്യൂനത ഉള്ളവര്‍ക്കു കുറച്ചുകൂടി നന്നായി ആശയവിനിമയം ചെയ്യാന്‍ പറ്റും. എന്നാല്‍, ഒരു വിഷയത്തില്‍ നിന്നു മറ്റൊരു വിഷയത്തിലേക്കു അപരന്‍ പൊടുന്നനെ കളംമാറ്റി ചവിട്ടിയാല്‍ ശ്രവണ പ്രശ്‌നമുള്ളവന്‍ പതറും. പക്ഷേ സംഭാഷണവിഷയം മനസ്സിലാക്കുന്നതോടെ അവരുടെ ഗ്രഹണശേഷി വര്‍ദ്ധിക്കും (ഞാനിതെല്ലാം പറയുന്നത് കേള്‍വിശക്തി മുഴുവന്‍ നഷ്ടപ്പെട്ടിട്ടില്ലാത്ത, ലിപ് മൂവ്‌മെന്റ് വഴി കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവുള്ള ശ്രവണപ്രശ്‌നമുള്ളവരെ ആസ്പദമാക്കിയാണ്).

സ്‌കൂളിലെ ആനിവേഴ്‌സറി, യൂത്ത് ഫെസ്റ്റിവല്‍ പോലുള്ള ആഘോഷങ്ങള്‍ എന്നെ സംബന്ധിച്ച് വേദനാജനകമായിരുന്നു. എനിക്ക് സ്റ്റേജ് പരിപാടികള്‍ കണ്ട് ആസ്വദിക്കാന്‍ അതിയായ താല്പര്യമുണ്ടായിരിക്കും. പ്രത്യേകിച്ചും മിമിക്രി, മോണോ ആക്ട്, നാടകം തുടങ്ങിയ ഇനങ്ങള്‍ എനിക്കു വളരെ ഇഷ്ടമായിരുന്നു. എന്നാല്‍ ശ്രവണന്യൂനത മൂലം ഈ ഇനങ്ങള്‍ നന്നായി ആസ്വദിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. മിമിക്രി പരിപാടിയില്‍, അഭിനേതാക്കളുടെ ശബ്ദം കലാകാരന്മാര്‍ അനുകരിക്കുന്നതിനു മുമ്പ്, നടീനടന്മാരുടെ പേരുകള്‍ അനൗണ്‍സ് ചെയ്യുന്ന പതിവുണ്ട്. ഈ പേരുകളില്‍ പലതും കേട്ടു മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ദുരഭിമാനം മൂലം ആരോടെങ്കിലും ചോദിക്കാറുമില്ല. പേരുകള്‍ കേള്‍ക്കുന്നതില്‍ ഞാന്‍ പൂര്‍ണ പരാജയമായിരുന്നു എന്നല്ല ഉദ്ദേശിച്ചത്. മറിച്ച്, ഭൂരിഭാഗം പേരുകളും എനിക്കു മിസ്സാകുമെന്നാണ്. ഇതെന്റെ മിമിക്രി ആസ്വാദനത്തെ കാര്യമായി തന്നെ ബാധിച്ചു. പലപ്പോഴും, പേരുകള്‍ മനസ്സിലായില്ലെങ്കില്‍ തന്നെയും, ഡയലോഗുകള്‍ വഴി എനിക്ക് പ്രസ്തുത നടീനടന്മാര്‍ ആരെന്നു മനസ്സിലാകുമായിരുന്നു. പക്ഷേ ഞാന്‍ മനസ്സിലാക്കിയെടുക്കുമ്പോഴേക്കും മിമിക്രി പരിപാടി പകുതിയോളം കഴിഞ്ഞിട്ടുണ്ടാകും. ചിലപ്പോള്‍ അവസാന ഘട്ടത്തിലുമായിരിക്കും.

ഇവിടെ ഒരു സുപ്രധാന ചോദ്യം ഉദിക്കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങിനെയെങ്കില്‍, മിമിക്രി ആര്‍ട്ടിസ്റ്റ് അനുകരിക്കുന്ന ശബ്ദം ഏതു നടീനടന്റെയാണെന്ന് മനസ്സിലാകുന്നതിനു മുമ്പ്, മിമിക്രി പരിപാടിയോടുള്ള എന്റെ സമീപനം എങ്ങിനെയുള്ളതായിരിക്കും. നിങ്ങള്‍ കരുതിയേക്കാം, മിമിക്രി ആര്‍ട്ടിസ്റ്റ് അനുകരിക്കുന്ന ശബ്ദം ഏത് അഭിനേതാവിന്റേതാണെന്നു മനസ്സിലാക്കിയ ശേഷമേ പരിപാടി ആസ്വദിക്കുന്നതിന്റെ ചേഷ്ടകള്‍ എന്റെ ശരീരഭാഷയില്‍ ഉണ്ടാകൂ എന്ന്. അത് ശരിയല്ല. ശ്രവണന്യൂനത എന്റെ ആസ്വാദനത്തെ ബാധിച്ചിട്ടില്ലെന്നു കാണിക്കാന്‍, ഞാന്‍ പരിപാടി ആസ്വദിക്കുന്നതിന്റെ തെളിവെന്നോണം വിവിധ ശാരീരിക ചേഷ്ടകള്‍ കാണിക്കുമായിരുന്നു. പരിപാടി മനസ്സിലാകുന്നില്ലെങ്കില്‍ തന്നെയും മറ്റുള്ളവരുടെ ഭാവമാറ്റങ്ങള്‍ക്കു അനുസരിച്ച്, എന്റെ ഭാവവും ഞാന്‍ ക്രമീകരിച്ചു. മറ്റുള്ളവരെ ഓട്ടക്കണ്ണിട്ടു നോക്കി, അവരുടെ ചിരി-ഭാവാഹാദികള്‍ക്കു അനുസാരമായി ഞാന്‍ പൊട്ടച്ചിരി പാസാക്കി. ചില അവസരങ്ങളില്‍ മറ്റുള്ളവരേക്കാള്‍ നന്നായി പരിപാടി ആസ്വദിക്കുന്നുണ്ടെന്ന് കാണിക്കാന്‍ ഞാന്‍ അവരേക്കാളും നന്നായി ശരീരഭാഷ ഒരുക്കി. എന്റെ ഭാവങ്ങള്‍ എന്നിലെ ആഹ്ലാദമനഃസ്ഥിതിയെ സൂചിപ്പിക്കുന്നതാണെന്ന് പലരും ധരിച്ചു. എന്നാല്‍ മുതിര്‍ന്നവരില്‍ ചിലര്‍, എന്റേത് വെറും അഭിനയമാണെന്നും, ഞാന്‍ വാക്കുകള്‍ ശരിക്കു കേള്‍ക്കുന്നില്ലെന്നും മനസ്സിലാക്കിയിരുന്നു. അവരത് മനസ്സിലാക്കിയെന്നു എനിക്കു അക്കാലത്ത് അറിയില്ലായിരുന്നു. എന്റെ അഭിനയം എല്ലാവരേയും വിശ്വസിപ്പിക്കാന്‍ ഉതകുമാറ് മികച്ചതാണെന്നായിരുന്നു എന്റെ ധാരണ. ആ ധാരണ തെറ്റാണെന്ന് ഞാന്‍ മനസ്സിലാക്കുന്നത് പ്രീഡിഗ്രി പഠനകാലത്താണ്.

കലാപരിപാടികള്‍ നടക്കുന്ന ദിവസങ്ങളില്‍, ഞാന്‍ പൊതുവെ കോളേജില്‍ പോകാറില്ല. പോയിട്ടുള്ള അവസരങ്ങളില്‍ ‘പൊട്ടന്‍കളി’ ഞാന്‍ ആവര്‍ത്തിച്ചു. ഒരിക്കല്‍ ക്ലാസ് മുറിയില്‍, ഏതാനും സഹപാഠികള്‍ക്കിടയില്‍ നടന്ന സംഭാഷണത്തിനിടയിലും ഞാന്‍ അഭിനയിച്ചപ്പോള്‍, ഒരു സഹപാഠി ഞാന്‍ ഒന്നും കേട്ടു മനസ്സിലാക്കാതെ ചിരിക്കുകയാണെന്ന് എന്നോടും മറ്റുള്ളവരോടും തുറന്നടിച്ചു പറഞ്ഞു. ‘എന്റെ ഭാവാഹാദികള്‍ പിഴവറ്റതായിരുന്നില്ലേ’ എന്ന് ഞാന്‍ ഒരുവേള സംശയിച്ചു. സഹപാഠിയുടെ വാദത്തെ എതിര്‍ത്ത്, എന്റെ പെരുമാറ്റം സംസാരം കേട്ടു തന്നെയാണെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. പക്ഷേ കാര്യങ്ങള്‍ അവിടെ നിന്നില്ല. സഹപാഠിയുടെ അടുത്ത ആവശ്യം എന്നേ അമ്പേ തളര്‍ത്തിക്കളഞ്ഞു. കേട്ട ഡയലോഗ് ഞാന്‍ അപ്പോള്‍ തന്നെ ചുറ്റുമുള്ള കുട്ടികള്‍ക്കു മുന്നില്‍വച്ച് പറയണമെന്നാണ് അവന്‍ ആവശ്യപ്പെട്ടത്. എനിക്കതിനു കഴിയില്ലെന്ന് അവന് അത്രമേല്‍ ഉറപ്പായിരുന്നു. എന്റെ കഴിവുകേടിനെ മറ്റൊരാള്‍ നന്നായി അളന്നെന്ന സത്യത്തിനു മുന്നില്‍ ഞാന്‍ വിളറി വെളുത്തു.  അന്ന്, ആ സമയത്തു ഞാന്‍ അനുഭവിച്ച ദയനീയത വിവരണങ്ങള്‍ക്ക് അതീതമാണ്. ഏതാനും സെക്കന്റുകള്‍ തപ്പിത്തടഞ്ഞ്, കേട്ട നാലഞ്ച് വാക്കുകള്‍ കൊണ്ട് അര്‍ത്ഥം ചമയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട്, ഞാന്‍ എഴുന്നേറ്റു പോയി. കാമ്പസില്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്തിരുന്ന് കരഞ്ഞു.

ഈ സംഭവത്തിനു ശേഷം, ഞാന്‍ കാര്യങ്ങളെ മൊത്തത്തില്‍ വിശകലനം ചെയ്തു നോക്കി. സ്‌കൂള്‍ പഠനകാലത്ത്, മുതിര്‍ന്നവര്‍ക്കും സഹപാഠികള്‍ക്കും ഇടയില്‍, ഞാന്‍ കാട്ടിക്കൂട്ടിയ ഭാവാഹാദികളേയും, ആ ഭാവപ്രകടനങ്ങള്‍ മറ്റുള്ളവരില്‍ ഉളവാക്കിയ പ്രതികരണങ്ങളേയും സൂക്ഷ്മമായി വിലയിരുത്തി. അവസാനം, എന്നിലുണ്ടായ തിരിച്ചറിവുകള്‍ വേദനാജനകമായിരുന്നു. മുതിര്‍ന്നവരില്‍ ഏറെക്കുറെ എല്ലാവര്‍ക്കും, പിന്നെ സഹപാഠികളില്‍ അപൂര്‍വ്വം ചിലര്‍ക്കും, എന്റെ വ്യാജ ആസ്വാദനം പിടികിട്ടിയിരുന്നെന്ന് എനിക്കു മനസ്സിലായി. എന്നെ വിഷമിപ്പിക്കാതിരിക്കാനോ, അല്ലെങ്കില്‍ അതൊരു പ്രാധാന്യമില്ലാത്ത കാര്യമാണെന്ന് തോന്നിയതിനാലോ ആകാം അവര്‍ അക്കാര്യം പരസ്യമായി തുറന്ന് പറയാതിരുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം, മനസ്സിലായ ഇക്കാര്യം എന്നില്‍ ജാള്യതയുളവാക്കി. കാണിച്ചുകൂട്ടിയ അപക്വ പെരുമാറ്റങ്ങളെ ഓര്‍ത്ത് ഞാന്‍ നിശബ്ദമായി കരഞ്ഞു. പക്വമാണെന്ന് ഒരിക്കല്‍ നാം കരുതിയിരുന്ന ചെയ്തികള്‍, സത്യത്തില്‍ തീര്‍ത്തും അപക്വമായിരുന്നെന്നു പില്‍ക്കാലത്ത് തിരിച്ചറിയുന്നത് വളരെ അസ്വസ്ഥജനകമാണ്. ഇതില്‍നിന്നു പാഠം പഠിച്ച്, സമകാലിക സാഹചര്യത്തില്‍ ഇടപെടുന്നതാണ് യുക്തം. ‘എനിക്ക് പക്വതയെത്തി’ എന്നുള്ള നമ്മുടെ സ്വയം വിലയിരുത്തലുകളുടെ ആയുസ്സ്, അടുത്ത അപക്വമായ തീരുമാനം/ചെയ്തി വരെ മാത്രമേയുള്ളൂ.

സ്‌കൂള്‍ കാലത്തും, കോളേജ് ലൈഫിന്റെ ആദ്യഘട്ടത്തിലും ഞാന്‍ അനുവര്‍ത്തിച്ച സ്വഭാവ-അഭിനയ രീതികള്‍, ഇക്കാലത്ത് എന്നില്‍നിന്നു പൂര്‍ണമായും പടിയിറങ്ങിപ്പോയെന്നു കരുതരുത്. അത് പൂര്‍ണമായും ശരിയല്ല. അവ എന്നില്‍ ചാരം മൂടിക്കിടക്കുന്ന കനല്‍ പോലെയാണ്. ഇക്കാലത്തും അപൂര്‍വ്വം അവസരങ്ങളില്‍ അഭിനയം എന്നില്‍ തലപൊക്കാറുണ്ട്. അപ്പോഴൊക്കെ, വികലമായ ആശയവിനിമയ രീതികള്‍ ഉള്‍ക്കൊള്ളുന്ന എന്റെ സംസാരം, അല്പം മുന്നേറിക്കഴിഞ്ഞ ശേഷമേ എനിക്ക് മനസ്സിലാകാറുള്ളൂ, ഞാന്‍ സംസാരിക്കുന്നത് കാലഹരണപ്പെട്ട ആ പഴഞ്ചന്‍ ആശയവിനിമയ രീതിയിലൂടെയാണെന്ന്. ആ തിരിച്ചറിവ് ഉണ്ടാകുന്ന മാത്രയില്‍ ഞാന്‍ ഇടപെടലില്‍ തിരുത്തല്‍ വരുത്തും. പക്ഷേ, അതിനകം ജാള്യത എന്നില്‍ വേരൂന്നുമെന്നത് വേറെ കാര്യം.

*****  *****
ചെറുത്തുനില്‍പ്പുകള്‍ ഒന്നും അനന്തമല്ലെന്ന് കരുതുന്നവനാണ് ഞാന്‍. നമുക്ക് എല്ലാ കാലത്തും, ഏതുവിധേനയും അവഗണനകള്‍ക്കെതിരെയും മറ്റും ചെറുത്തുനില്‍ക്കാന്‍ കഴിയില്ല. എല്ലാ ചെറുത്തുനില്‍പ്പുകള്‍ക്കും ഒരു അവസാനമുണ്ട്. ഒരു നെല്ലിപ്പലക. അതിനുശേഷം തകര്‍ച്ചയാണ്. ഇനിയൊരു ചെറുത്തുനില്‍പ്പ് അസാധ്യമാകുംവിധം നാം തളര്‍ന്നു പോകും. അപ്പോള്‍ വേണ്ടത്, ഇത്തരമൊരു തകര്‍ച്ച സംഭവിക്കാത്ത വിധത്തില്‍ അതിനെ തടയുകയാണ്. ചെറുത്തുനില്‍പ്പിനാവശ്യമായ ഏതാനും കാര്യങ്ങള്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്.

നമ്മുടെ ലക്ഷ്യത്തിലെത്താന്‍ ഉതകുന്ന, ചെറുത്തുനില്‍പ്പിന് അതുവരെ ഉപയോഗിച്ചിട്ടില്ലാത്ത, നാലഞ്ച് കാര്യങ്ങള്‍ ശ്രേണീബന്ധമായി എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക. ‘പ്രതീക്ഷ’ എന്നു പറയുന്ന മാനസികനില ഇതാണ്. പ്രതീക്ഷയാണ് ലോകത്തിലെ ഏറ്റവും മികച്ച കാര്യം. പ്രതീക്ഷകള്‍ ഇല്ലാത്ത ജീവിതം ജഡസമാനമായിരിക്കും. ശ്രേണീബന്ധമായി മനസ്സില്‍ സൂക്ഷിക്കുന്ന, ഇത്തരം പ്രതീക്ഷകള്‍ ഇല്ലാതെ വരുമ്പോഴാണ് വ്യക്തികളില്‍ ചെറുത്തു നില്‍പ്പുകള്‍ക്ക് അവസാനമാകുന്നത്. അതുകൊണ്ട് ചെറുത്തു നില്‍ക്കണമെന്നു ആഗ്രഹിക്കുന്നവര്‍ പ്രതീക്ഷകളെ മനസ്സില്‍ പേറുക. ചെറുത്തുനില്‍പ്പുകളുടെ അടിസ്ഥാനം അവയാണ്.

(തുടരും)

 

Series Navigation<< ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
Tags: ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)

ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

ഇനി കെ-വിശിഷ്ട സേവാ മെഡല്‍

ആര്‍.എസ്.എസ്സിന് അമ്പലങ്ങളില്‍ അയിത്ത ബോര്‍ഡ്

ചെറുധാന്യങ്ങളുടെ വലിയ ലോകം 

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും പ്രസക്തിയും

യുവകേരളം ലഹരിഭ്രാന്തില്‍

ആരുടേതാണീ കേരളം?

ദ കേരള ‘റിയല്‍ ‘സ്റ്റോറി

മമതക്ക് തലവേദനയായി ഹൈക്കോടതി

നിതീഷ്‌കുമാറിന്റെ പ്രധാനമന്ത്രി സ്വപ്‌നം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies