- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ശ്രവണസഹായി എന്ന നോക്കുകുത്തി (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 7)
”ഇന്ന് ഇലക്‌ട്രോണിക്‌സ് ലാബില്‍വച്ചു വിധുടീച്ചര്‍ അടുത്തേക്കു വിളിച്ചു. തിരുവനന്തപുരത്തെ ഒരു ഹോളിസ്റ്റിക് ആശുപത്രിയെ പറ്റിയാണ് പറഞ്ഞത്. അവിടെ ചികിത്സയ്ക്ക് ചെല്ലണമെന്നു ടീച്ചര്‍ ഉപദേശിച്ചു. ശ്രവണന്യൂനത ഭേദമാകുമത്രെ.
എന്റെ ന്യൂനതയെപ്പറ്റി ടീച്ചര്‍ അറിയുന്നത് കുറച്ചുനാള്‍ മുമ്പാണ്. ക്ലാസില്‍വച്ചു ടീച്ചര്‍ കുറച്ചു നോട്ട്‌സ് പറഞ്ഞു തന്നു. ഞാന്‍ ശ്രീജിത്തിന്റെ ബുക്കില്‍ നോക്കി പകര്‍ത്തി എഴുതുകയായിരുന്നു. ഇടയ്ക്കുവച്ചു ടീച്ചര്‍ വേഗം കൂട്ടിയപ്പോള്‍ ശ്രീജിത്ത് പേജു മറിച്ചു. എന്റെ എഴുത്തിന്റെ ക്രമം തെറ്റി. ഞാന്‍ എഴുതുന്നതു നിര്‍ത്തി. ഇന്റര്‍വെല്‍ സമയത്തു പകര്‍ത്തി എഴുതാമല്ലോ. നോട്ട്‌സ് എഴുതാതെ വെറുതെയിരിക്കുന്ന വിദ്യാര്‍ത്ഥിയെ കണ്ടപ്പോള്‍ ടീച്ചര്‍ അടുത്തുവന്നു കാരണം അന്വേഷിച്ചു. എനിക്കൊന്നും പറയേണ്ടി വന്നില്ല. ഞാന്‍ വികാരഭരിതനുമായിരുന്നു. ശ്രീജിത്ത് കാര്യങ്ങള്‍ സൂചിപ്പിച്ചു. ടീച്ചര്‍ തലയാട്ടി കടന്നുപോയി.”
(19 ജൂണ്‍ 2001)
***************
ഭാഗം 1
പ്ലാറ്റ്‌ഫോമില്‍ തിരക്കില്ലായിരുന്നു. മഴ നനഞ്ഞ സിമന്റുബെഞ്ചില്‍ വില്‍സന്‍ ഇരുന്നു. അപ്പോഴാണ് പോക്കറ്റിലുള്ള പ്ലാസ്റ്റിക് കവറിനെപ്പറ്റി ഓര്‍ത്തത്. ചാറ്റല്‍മഴ വന്നപ്പോള്‍ കിഴക്കേകോട്ടയില്‍ നിന്നു വാങ്ങിയതാണ്. വില്‍സന്‍ കവറെടുത്തു ബെഞ്ചില്‍വച്ച്, അതിലേക്കു മാറിയിരുന്നു.
ഇന്നലെ രാത്രി റൂമില്‍ എത്തിയപ്പോള്‍ വൈകി. ഇലക്ട്രീഷ്യന്മാര്‍ക്കു പറഞ്ഞിട്ടുള്ള ഓവര്‍ടൈം ഡ്യൂട്ടി. റൂംമേറ്റ് ഒരു ഫോണ്‍ വന്നിരുന്നതായി പറഞ്ഞു. തിരിച്ചു വിളിക്കാന്‍ പറഞ്ഞു നമ്പര്‍ ഏല്പിച്ചിട്ടുണ്ടത്രെ. ഫോണ്‍ നമ്പര്‍ മനോജിന്റേതായിരുന്നു. അപ്പോള്‍ തന്നെ വിളിച്ചു. രാവിലെ റെയില്‍വേ സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ച്, മനോജ് സംഭാഷണം പെട്ടെന്ന് അവസാനിപ്പിച്ചു.
പ്ലാറ്റ്‌ഫോമില്‍ അറിയിപ്പ് മുഴങ്ങി. ‘ചെന്നൈ തിരുവനന്തപുരം മെയില്‍ അല്പസമയത്തിനകം ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തുന്നതാണ്.’
വില്‍സന്‍ വാച്ചില്‍ നോക്കി. ട്രെയിന്‍ കൃത്യസമയം പാലിക്കുന്നുണ്ട്. ലേറ്റാകുമെന്നു കരുതി വൈകി എത്താതിരുന്നതു നന്നായി.
അല്പസമയത്തിനുള്ളില്‍ ട്രെയിന്‍ എത്തി. മനോജിനെ കണ്ടുപിടിച്ചു, തിടുക്കത്തില്‍ വന്നതിന്റെ കാരണം അന്വേഷിച്ചു.
”സുനിലിനെ കൊണ്ടുപോകണം. ഇന്നാണ് അവസാന ദിവസം.”
വില്‍സന്‍ ഓര്‍ത്തു. ശരിയാണ്. ഇന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന ദിവസം. ഓര്‍ത്തു വയ്ക്കാത്തതില്‍ കുണ്ഠിത്തപ്പെട്ടു. റൂമിലേക്കു പോകാതെ നേരെ ആശുപത്രിയിലേക്കു തിരിച്ചു.
”അവന് എങ്ങനെയുണ്ട്. ചികിത്സ ഫലിക്കുമോ?”
പ്രതികൂല മറുപടിയായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് വില്‍സന്‍ ചോദിച്ചത്. ആ ചോദ്യം വേറെ രീതിയില്‍ ചോദിക്കാനാകില്ലായിരുന്നു. മനോജ് മറുപടി പറയാതെ നോട്ടം മാറ്റി. വില്‍സന്‍ എല്ലാം ഊഹിച്ചു.
വില്‍സന്‍ പറഞ്ഞു. ”നീ സുനിലിനു മുന്നില്‍ ടെന്‍ഷനടിക്കരുത്. അവന്‍ ഇമോഷണല്‍ ആകും.”
അഞ്ച് മിനിറ്റിനുള്ളില്‍ ഹോളിസ്റ്റിക് ക്ലിനിക്കില്‍ എത്തി. മൂന്നു ഡോക്ടര്‍മാര്‍ മാത്രമുള്ളതാണ് ക്ലിനിക്. അവരാകട്ടെ മിക്കപ്പോഴും കാഷ്വല്‍ ഡ്രസ്സിലാണ്. പ്രിലിമിനറി ചെക്കപ്പിനായി രണ്ടുതവണ സന്ദര്‍ശിച്ചശേഷം ചികിത്സയെപ്പറ്റി നിരവധി സംശയങ്ങള്‍ വില്‍സനില്‍ ഉയര്‍ന്നിരുന്നു.
ആയുര്‍വേദത്തില്‍ നിന്നും അലോപ്പതിയില്‍ നിന്നുമുള്ള ചികിത്സാരീതികള്‍ ഹോളിസ്റ്റിക് ചികിത്സയില്‍ ഉപയോഗിക്കുമത്രെ. ആദ്യസന്ദര്‍ശനത്തില്‍ ഡോക്ടര്‍ പറഞ്ഞതു വില്‍സന്‍ ഓര്‍ക്കുന്നുണ്ട്. സുനിലിന്റെ ശ്രവണന്യൂനതയ്ക്കു കാരണം ചെവി ഭാഗത്തെ കോശങ്ങളുടെ ജഡാവസ്ഥ ആകാമെന്നു ഡോക്ടര്‍ ഊന്നിയൂന്നി പറഞ്ഞു. അപ്പോള്‍ ചെയ്യേണ്ടത് കോശങ്ങളെ ഉത്തേജിപ്പിക്കലാണ്. അതിനു ഹോളിസ്റ്റിക് ചികിത്സ വളരെ ഫലപ്രദമാണത്രെ. ചെവിയിലും സമീപത്തും നിശ്ചിത തരംഗ ദൈര്‍ഘ്യമുള്ള ഇലക്ട്രിക് പള്‍സുകള്‍, ചെറിയ സൂചികള്‍ വഴി, കടത്തിവിട്ടു കോശങ്ങളെ ഉത്തേജിപ്പിച്ചാല്‍ അതുവഴി കേള്‍വിശക്തി വര്‍ദ്ധിക്കുമെന്നാണ് ഡോക്ടര്‍ സൂചിപ്പിച്ചത്. കേട്ടപ്പോള്‍ നല്ല ആശയമാണെന്നു തോന്നി. പക്ഷേ ഡോക്ടര്‍ പറഞ്ഞ രണ്ടാഴ്ചയും കഴിഞ്ഞ്, മൂന്നാഴ്ചയിലധികം ചികിത്സിച്ചിട്ടും കേള്‍വിശക്തിയില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. ഈ കാലയളവില്‍ സുനില്‍ മാനസികമായി തളര്‍ന്നതു മാത്രമാണ് ഫലം. രാത്രിയില്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍നിന്നു ഭക്ഷണം കഴിച്ചു മടങ്ങുമ്പോള്‍ സുനിലിന്റെ മുഖത്തു കാണാവുന്ന മൗനം അതിന് ഉത്തമതെളിവാണ്. നാട്ടില്‍ ഉത്സാഹിയായി നടന്ന പയ്യനാണ്. ഇപ്പോള്‍ മിണ്ടാട്ടമില്ല.
ഹോളിസ്റ്റിക് ക്ലിനിക്കിലെത്തിയപ്പോള്‍ ആദ്യം ഡോക്ടറെ കാണാതെ മനോജ് പേഷ്യന്റ് റൂമിലേക്കു ചെന്നു. വെള്ളത്തുണി വിരിച്ച കിടക്കയില്‍ സുനില്‍ കണ്ണടച്ചു കിടക്കുകയാണ്. ഉറങ്ങുകയല്ല. മറിച്ചു കണ്ണുകള്‍ അധികനേരം തുറന്നുപിടിക്കാന്‍ കഴിയാത്തതു കൊണ്ടാണ് അങ്ങനെ.
ഹോളിസ്റ്റിക് ചികിത്സക്കു വിധേയനായ ആദ്യദിവസങ്ങളില്‍ സുനില്‍ വളരെ ആഹ്ലാദവാനായിരുന്നു. എല്ലാം കലങ്ങിത്തെളിയാന്‍ പോവുകയല്ലേ. അതിന്റെ സന്തോഷം. ഒഴിവുസമയങ്ങളില്‍ സുനില്‍ നിര്‍ത്താതെ സംസാരിച്ചു. കര്‍ണ്ണപുടത്തിലും ചെവിക്കു പിന്നിലും ചെറിയ സൂചികള്‍ കുത്തി നിര്‍ത്തുമ്പോള്‍ തോന്നുന്ന വേദന, ഇലക്ട്രിക് പള്‍സുകളുടെ ശക്തിയില്‍ സൂചികള്‍ വിറക്കുമ്പോള്‍ വേദന കൂടുന്നത്, കണ്‍പുരികത്തിനു മുകളില്‍ ഓരോ സൂചിവീതം കുത്തി നിര്‍ത്തിയതിനാല്‍ കണ്ണിമകള്‍ തുറക്കാന്‍ കഴിയാത്തതിനെ പറ്റി, സുനിലിനു പറയാന്‍ ക്ലേശങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ പറയുന്നത് വളരെ സന്തോഷത്തോടെയാണ്. ചെറുപ്രായം മുതല്‍ പിടികൂടിയ ഒരു ന്യൂനത ഇല്ലാതാകാന്‍ പോവുകയാണ്. എങ്ങനെ സന്തോഷിക്കാതിരിക്കും?
മനോജ് ഏറെനേരം അനുജന്റെ മുഖത്തു നോക്കിനിന്നു. സുനിലിന്റെ ചെവിയിലും സമീപത്തും സൂചികള്‍ കുത്തി നിര്‍ത്തിയിട്ടുണ്ട്. തലയുടെ ഇരുവശത്തും കാന്തങ്ങള്‍ വച്ചിരിക്കുന്നു. മുറിയില്‍ ആരെങ്കിലും വന്നതായി സുനില്‍ അറിഞ്ഞിട്ടില്ല. മനോജ് അനുജന്റെ കൈത്തലം കയ്യിലെടുത്തു. സ്പര്‍ശത്താല്‍ ആളെ മനസ്സിലാക്കി, കണ്ണു തുറക്കാതെ സുനില്‍ പുഞ്ചിരിച്ചു.
മനോജ് പറഞ്ഞു. ”നമുക്ക് ഇന്നു തിരിച്ചു പോകാം.”
മനോജിനേയും കൂട്ടി വില്‍സന്‍ ഡോക്ടറുടെ റൂമില്‍ ചെന്നു. ഡോക്ടര്‍ കൈ പിടിച്ചു കുലുക്കി എതിരെയുള്ള കസേരയിലേക്കു കൈചൂണ്ടി.
”ഇരിക്കൂ. എപ്പോള്‍ എത്തി?”
മനോജ് പറഞ്ഞു. ”കുറച്ചുമുമ്പ്. വരുന്ന വഴിയാണ്.”
ഡോക്ടര്‍ കാരണമില്ലാതെ ചിരിച്ച്, മേശപ്പുറത്തു കിടന്നിരുന്ന കേസ് ഷീറ്റ് വായിക്കാന്‍ തുടങ്ങി. അതു സുനിലിന്റേതാകണം. ഡോക്ടര്‍ കുറച്ചുനേരം നിശ്ശബ്ദനായി. പിന്നെ പറഞ്ഞു തുടങ്ങി.
”സുനിലിന്റെ കാര്യത്തില്‍ പുരോഗതിയുണ്ടാക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചില്ല മനോജ്. അതു തുറന്നു പറയാന്‍ മടിയില്ല. എവിടെയാണ് പിഴച്ചതെന്ന് അറിയില്ല. ഇത്തരം കേസുകള്‍ ഞങ്ങള്‍ കൈകാര്യം ചെയ്തു വിജയിപ്പിച്ചിട്ടുണ്ട്. എങ്കിലും സുനിലിന്റെ കാര്യത്തില്‍ സാധാരണ പിന്തുടരാറുള്ള ചികിത്സാരീതികള്‍ ഫലം കണ്ടില്ല. വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശ്രവണ വ്യൂഹത്തിനു പ്രശ്‌നമുണ്ടെന്നു തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഭേദമാകേണ്ടതായിരുന്നു. പ്രത്യേകിച്ചും, നാല്‍പ്പത്തിയൊന്നു ശതമാനം ന്യൂനത എന്തു തന്നെയായാലും ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളൂ. അതിനാല്‍ കേള്‍വിക്കു വേറെയെന്തെങ്കിലും തകരാര്‍ സംശയിക്കാവുന്നതാണ്.”
വില്‍സന്‍ മനോജിനെ നോക്കി. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്തു ഭേദമാക്കിയിട്ടുണ്ടെന്ന അവകാശവാദം അംഗീകരിച്ചിട്ടില്ലെന്നു മനോജിന്റെ മുഖഭാവം വെളിപ്പെടുത്തി.
മനോജ് പറഞ്ഞു. ”സുനിലിനെ ഇന്നു ഡിസ്ചാര്‍ജ് ചെയ്യണം. ഇനിയും പോളിടെക്‌നിക്കിലെ ക്ലാസ്സുകള്‍ മിസ്സായാല്‍ പരീക്ഷ കടുപ്പമാകും.”
”ചെയ്യാം” ഡോക്ടര്‍ സമ്മതിച്ചു. ”പിന്നെ ചികിത്സയുടെ ചെലവില്‍ ഞങ്ങള്‍ കുറവ് വരുത്തിയിട്ടുണ്ട്. സുനിലിന്റെ ന്യൂനത ഭേദമായില്ലല്ലോ.”
ഡോക്ടറോടു നന്ദി പറഞ്ഞുകൊണ്ട് ആ വാഗ്ദാനം നിരസിച്ചു. മുഴുവന്‍ തുകയും കൈമാറി. അരമണിക്കൂറിനുള്ളില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഹോളിസ്റ്റിക് ക്ലിനിക്കിനോടു വിടപറഞ്ഞു.
ഭാഗം – 2
ഹോളിസ്റ്റിക് ക്ലിനിക്കില്‍ നിന്നിറങ്ങി, ഗേറ്റു കടന്നു നടക്കുമ്പോള്‍ ഞാന്‍ പിന്തിരിഞ്ഞു നോക്കിയില്ല. പിന്തിരിഞ്ഞു നോക്കേണ്ടതു മമത വിട്ടുപോകാത്ത ഇടത്തിലേക്കാണ്. അത്തരമൊരു ഇടത്തില്‍ നിന്നല്ല ഇറങ്ങിവന്നത്. അവിടെ കഴിഞ്ഞ സമയമത്രയും, മമത പുറംലോകത്തോടായിരുന്നു. സൂചികളും കാന്തങ്ങളുമില്ലാത്ത ലോകത്തോട്. ആ ലോകത്തിലേക്കു ഞാന്‍ ഉത്സാഹപൂര്‍വ്വം ഇറങ്ങി നടന്നു.
വില്‍സന്‍ ഗൗരവം നടിച്ച്, കളിയായി പറഞ്ഞു. ”ഡോക്ടര്‍ അടുത്ത വെക്കേഷനും വരാന്‍ പറഞ്ഞിട്ടുണ്ട്.”
ഞാന്‍ ചോദ്യഭാവത്തില്‍ ജ്യേഷ്ഠനെ നോക്കി. അദ്ദേഹം ഞങ്ങളുടെ സംസാരം ശ്രദ്ധിക്കാതെ എന്തോ ആലോചിച്ചു നടക്കുകയാണ്.
ഞാന്‍ വില്‍സനെ അറിയിച്ചു. ”അവിടത്തെ ഒരു ഡോക്ടര്‍ക്കു പലതും അറിയില്ല. പുതിയ ആളാണെന്നു തോന്നുന്നു. ഇന്നു ചെവിയില്‍ മൊട്ടുസൂചി കുത്താന്‍ വന്നപ്പോള്‍ ഏതു കാതിനാണ് പ്രശ്‌നമെന്നു ചോദിച്ചു. എന്റെ കേസ് ഷീറ്റ് പോലും അദ്ദേഹം വായിച്ചെന്നു തോന്നുന്നില്ല. സൂചി കുത്തിയപ്പോഴാണെങ്കില്‍ നല്ല വേദനയുമെടുത്തു.”
വില്‍സന്‍ ജ്യേഷ്ഠനോടു ചോദിച്ചു. ”ഇവരിങ്ങനെ മൊട്ടുസൂചി കുത്തി ഷോക്കടിപ്പിച്ചാല്‍ കേള്‍വിക്കുറവ് ഭേദമാകുമെന്നു നിനക്കു തോന്നുന്നുണ്ടോ?”
ജ്യേഷ്ഠന്‍ പറഞ്ഞു. ”ഇപ്പോള്‍ ഒരു മാസത്തെ ചികിത്സ കഴിഞ്ഞതു കാരണം, ഭേദമാകില്ലെന്നു മനസ്സിലായി. പക്ഷേ ചികിത്സക്കു വന്ന കാലത്തു ഭേദമാകുമെന്നാണ് കരുതിയത്. അതൊക്കെ തെറ്റി.”
പിന്നീട് ഇരുവരും ഒന്നും മിണ്ടിയില്ല. ലോഡ്ജിലെത്തിയപ്പോള്‍ ഞാന്‍ ഉടന്‍ മുറിയില്‍ കയറി. മുറിയോട് അത്രനാള്‍ തോന്നിയ വെറുപ്പ് മാറിയിരുന്നു. ടേപ്പ്‌റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു ഞാന്‍ കട്ടിലില്‍ മലര്‍ന്നു കിടന്നു.
വില്‍സന്‍ ചോദിച്ചു. ”നിനക്ക് വിഷമമുണ്ടോ?”
ഞാന്‍ നിഷേധിച്ചു. ”ഇല്ല സന്തോഷമാണ്. ഇന്നു തിരിച്ചു പോകാമല്ലോ.”
ജ്യേഷ്ഠന്‍ ശബ്ദമില്ലാതെ ചിരിച്ചുകൊണ്ട്, എന്റെ തലയില്‍ തലോടി. കുറച്ചു കഴിഞ്ഞു ഇരുവരും നഗരം കാണാനിറങ്ങി. മ്യൂസിയത്തിലും പത്മനാഭസ്വാമി ക്ഷേത്രത്തിലും പോകുമായിരിക്കും. ഞാന്‍ അത്രനേരം മുറിക്കുള്ളില്‍ ഒതുങ്ങാന്‍ ഇഷ്ടപ്പെട്ടു. അത്രയും നാള്‍ ലഭിക്കാത്ത ആശ്വാസവും സുരക്ഷിതത്വവും മുറി എനിക്കു പ്രദാനം ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചത്തെ സ്ഥിതി അതല്ലായിരുന്നു. ചികിത്സയുടെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ ഈ ചികിത്സ ഫലിക്കാന്‍ പോകുന്നില്ലെന്ന് ഊഹം കിട്ടിയിരുന്നു. ആദ്യഘട്ടത്തിനു ശേഷം ഡോക്ടര്‍ വില്‍സനോടു തുറന്നു പറയുകയും ചെയ്തു.
”പ്രതീക്ഷിച്ച പുരോഗതി ഇതുവരെ ഇല്ല. നമുക്കു രണ്ടാഴ്ച കൂടി ശ്രമിക്കാം.”
അതോടെ മനസ്സ് തകര്‍ന്നു. ലോഡ്ജ് മുറി ശത്രുവായി മാറി. എല്ലാ ദിവസവും ഉച്ചയോടെ ഹോളിസ്റ്റിക് ചികിത്സ കഴിഞ്ഞെത്തുമ്പോള്‍ മുറിയിലേക്കു കടക്കാന്‍ കഴിഞ്ഞില്ല. നെഞ്ചിലും തൊണ്ടയിലും ആകെ തിക്കുമുട്ടല്‍. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമം. ഭൗതികമായ യാതൊരു തടസ്സങ്ങളും മുറിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് എന്നെ തടയുന്നില്ല. പക്ഷേ മനസ്സ് മുറിയോടു കടുത്ത വെറുപ്പ് പ്രകടിപ്പിച്ചു. എന്തു ചെയ്തിട്ടും മുറിയില്‍ കയറാന്‍ സമ്മതിച്ചില്ല. ചികിത്സയുടെ തുടക്കത്തില്‍ ഡോക്ടര്‍ നല്‍കിയ ഉറച്ച വാഗ്ദാനങ്ങള്‍ അദ്ദേഹം തന്നെ വിഴുങ്ങിയതിന്റെ ഫലം, എന്നില്‍ ഉളവാക്കിയ സ്വാധീനമാകണം മുറിയോടുള്ള വെറുപ്പ്. നെഞ്ചില്‍ കനം വീഴുമ്പോഴെല്ലാം ഞാന്‍ ടേപ്പ്‌റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു പാട്ടു കേള്‍ക്കും. സംഗീതം മുറിയെ എന്റെ പ്രജ്ഞയില്‍നിന്നു താല്‍ക്കാലികമായി അകറ്റി നിര്‍ത്തി.
രാത്രി. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ആളുകള്‍ കുറവായിരുന്നു. കണ്ണൂര്‍ എക്‌സ്പ്രസ് കയറാന്‍ വന്നിരിക്കുന്നവര്‍ മാത്രം അവിടവിടെ ചിതറി നിന്നു. അപ്പുറത്തെ പ്ലാറ്റ്‌ഫോമില്‍ ഒരു ചായവില്പനക്കാരന്‍ ഇരിക്കുന്നുണ്ട്. വലിയ ചായപ്പാത്രത്തിന്റെ മൂടിക്കിടയിലെ വിടവിലൂടെ ചൂടുചായയുടെ ആവി അല്പാല്പമായി പുറത്തേക്കു വന്നു.
വില്‍സന്‍ ചോദിച്ചു. ”ചായ വേണോ?”
ഞാന്‍ നിരസിച്ചു. വില്‍സന്‍ വീണ്ടും ചോദിച്ചു. ”പിന്നെന്താണ് നോക്കിയിരിക്കുന്നത്?”
”ഞാന്‍ കഴിഞ്ഞ കാര്യങ്ങള്‍ ആലോചിക്കുകയായിരുന്നു. ലാബില്‍വച്ചു വിധുടീച്ചര്‍ ഹോളിസ്റ്റിക് ചികിത്സയെപ്പറ്റി പറഞ്ഞതും, തിരുവനന്തപുരത്തു പ്രിലിമിനറി ചെക്കപ്പിനു വന്നതും, പിന്നെ ഇന്നു നടന്നതുമൊക്കെ.”
വില്‍സന്‍ നിരുത്സാഹപ്പെടുത്തി. ”അതൊന്നും ആലോചിക്കരുത്. ഇനി മുന്നോട്ടു നോക്കിയാല്‍ മതി. പിന്നോട്ടു വേണ്ട.”
എതിര്‍ പ്ലാറ്റ്‌ഫോമില്‍ വേണാട് എക്‌സ്പ്രസ്സ് എത്തി. നിറഞ്ഞിരുന്ന കമ്പാര്‍ട്ട്‌മെന്റുകള്‍ സാവധാനം കാലിയാകാന്‍ തുടങ്ങി. ഞാന്‍ വാച്ചില്‍ നോക്കി. ഞങ്ങളുടെ ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ട്. ഞാന്‍ ബെഞ്ചില്‍നിന്ന് എഴുന്നേറ്റു പാളത്തിനരികില്‍ ചെന്നു. മഴച്ചാറ്റലുണ്ട്. വളരെ ഘനംകുറഞ്ഞ മഴത്തുള്ളികള്‍ അപ്പൂപ്പന്‍താടി പോലെ പാറിക്കളിച്ചു മുഖത്തുവീണു. വില്‍സന്റെ താക്കീത് അവഗണിച്ച് ഓര്‍മ്മകള്‍ പിന്നോട്ട് ഓടി.
ഹോളിസ്റ്റിക് ചികിത്സയുടെ ആദ്യദിവസം ഇരുചെവിയിലും, ചെവിക്കുടയുടെ മൂലത്തില്‍ മൊട്ടുസൂചി പോലുള്ള സൂചി കുത്തുമ്പോള്‍ ലേഡി ഡോക്ടര്‍ ചോദിച്ചു. ”വേദനിച്ചോ.”
എനിക്കു നന്നായി വേദനിച്ചിരുന്നു. പക്ഷെ സാരമില്ല, സഹിക്കാവുന്നതേയുള്ളൂവെന്നു പറഞ്ഞു. മൊട്ടുസൂചിയിലൂടെ ഇലക്ട്രിക് പള്‍സുകള്‍ ഒന്നിനു പിറകെ ഒന്നായി എത്തിയപ്പോള്‍ വേദന കൂടി. ക്രമേണ അവിടം മരവിച്ചു. അദ്യത്തെ ഒരാഴ്ചയില്‍ എല്ലാ ദിവസവും ഒരേ സ്ഥലത്തു തന്നെയാണ് ആറ് മൊട്ടുസൂചിയും ഡോക്ടര്‍ കുത്തി നിര്‍ത്തിയത്. തലേന്നു കുത്തിയതിന്റെ മുറിവിലോ, അതിനടുത്തോ വീണ്ടും മൊട്ടുസൂചി കുത്തി നിര്‍ത്തുമ്പോള്‍ ഞാന്‍ വേദനയാല്‍ പുളയും. കാല്പാദങ്ങള്‍ വിറപ്പിച്ചു സഹിച്ചു കിടക്കും. രണ്ടാഴ്ച കഴിഞ്ഞതോടെ മൊട്ടുസൂചികള്‍ മുഖത്തിന്റെ വിവിധ ഭാഗങ്ങളെ കുത്തി നോവിക്കാന്‍ തുടങ്ങി. കണ്‍പുരികത്തിനു മുകള്‍ഭാഗത്ത്, കണ്ണുകള്‍ വാലിട്ടെഴുതിയാല്‍ വാല്‍ എത്തുന്ന അഗ്രഭാഗത്ത്, മീശക്കു മുകളില്‍, കീഴ്ചുണ്ടിനു താഴെ താടിക്കുഴിക്കു അടുത്ത്, ഇത്തരം ഇടങ്ങളിലൂടെ വൈദ്യുതി പ്രവഹിച്ചു.
നഷ്ടങ്ങളില്‍ ഉഴറുന്ന എന്റെ ചിന്തകളെ വില്‍സന്‍ മനസ്സിലാക്കിയെന്നു തോന്നി. അടുത്തുവന്നു എന്നെ ബെഞ്ചിലേക്കു കൂട്ടിക്കൊണ്ടു പോയി. വിഷയം മാറ്റാന്‍ വില്‍സന്‍ ചോദിച്ചു.
”നീ ഫൈനല്‍ ഇയര്‍ അല്ലേ. ഇനിയും പഠിക്കണം. ലാറ്ററല്‍ എന്‍ട്രി വഴി എന്‍ജിനീയറിങ്ങിനു ചേരണം.”
”അതിനു സാധ്യതയില്ല. ഒന്നുകില്‍ എവിടെയെങ്കിലും അപ്രന്റീസ്ഷിപ്പിനു ചേരും, അല്ലെങ്കില്‍ സേല്‍സ് ആന്‍ഡ് സര്‍വ്വീസിങ് സെന്ററില്‍ ചേര്‍ന്നു പണി പഠിക്കും.”
”നാട്ടില്‍ കമ്പ്യൂട്ടര്‍ സേല്‍സും സര്‍വ്വീസും ക്ലച്ച് പിടിക്കുമോയെന്നു പറയാന്‍ പറ്റില്ല.”
”ഞാന്‍ നാട്ടില്‍ നില്‍ക്കാന്‍ സാധ്യതയില്ല.”
”പിന്നെ എവിടെ പോകും?”
എന്റെ ചുണ്ടില്‍ ഗൂഢമായ ചിരി വിരിഞ്ഞു. സ്വപ്‌നനഗരം എന്നെ മാടി വിളിച്ചു. ”ബാംഗ്ലൂര്‍!”
വില്‍സന്‍ പ്രേരിപ്പിച്ചു. ”അതൊക്കെ നല്ലതു തന്നെ. എന്നാലും ഇനിയുള്ള കാലം ഡിപ്ലോമ കൊണ്ടുമാത്രം രക്ഷപ്പെടാന്‍ പറ്റുമെന്നു പറയാനാകില്ല. പറ്റാവുന്നത്ര പഠിക്കുക. അതാണ് സേഫ്.”
”ഞാന്‍ ഇനിയും പഠിച്ചാല്‍ വേറെ ചിലര്‍ സേഫ് ആകില്ല.”
വില്‍സന്‍ തലയാട്ടി, തോളില്‍ തട്ടി അഭിനന്ദിച്ചു. പ്ലാറ്റ്‌ഫോമില്‍ അനൗണ്‍സ്‌മെന്റ് മുഴങ്ങി. ‘കണ്ണൂര്‍ എക്‌സ്പ്രസ്സ് രണ്ടാംനമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നു’. ഞാന്‍ ബെഞ്ചില്‍നിന്ന് എഴുന്നേറ്റു. വില്‍സനോടു യാത്ര പറഞ്ഞു കമ്പാര്‍ട്ടുമെന്റില്‍ കയറി. തിരുവനന്തപുരം നഗരത്തോടും വിടപറഞ്ഞു. ഇനിയൊരു തിരിച്ചുവരവ് ഉണ്ടായേക്കില്ല. തിരിച്ചുവരാന്‍ ആഗ്രഹവുമില്ല.
പതിനഞ്ചു മിനിറ്റിനു ശേഷം കണ്ണൂര്‍ എക്‌സ്പ്രസ്സ് യാത്ര ആരംഭിച്ചു.
(തുടരും)