ഭാരത്‌ജോഡോ ന്യായയാത്രയുടെ സമാപനച്ചടങ്ങില്‍ ബോംബെയില്‍വെച്ച് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ഗാന്ധി പ്രസംഗിക്കുകയുണ്ടായി: ഹിന്ദുമതത്തില്‍ ഒരു ശക്തി ഉണ്ട്, ആ ശക്തിയോടു പൊരുതുകയാണ് തന്റെ ലക്ഷ്യം. ഒന്നുകില്‍ ഈ നേതാവിനും അദ്ദേഹത്തിന്റെ അടുത്ത സില്‍ബന്ധികള്‍ക്കും ഹിന്ദുധര്‍മ്മത്തിന്റെ സാത്വികരൂപം മനസ്സിലായിട്ടില്ല. അല്ലെങ്കില്‍, ഈ വിശ്വാസത്തിനോടുള്ള ശത്രുതാമനോഭാവം വാക്കുകളുടെ രൂപത്തിലൂടെ തികട്ടിത്തികട്ടി വരികയാണ്. ഇത്തരം വചനങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഹിന്ദുധര്‍മ്മത്തിന്റെ ആശയം ദഹിക്കാതെ തികട്ടിത്തികട്ടി വരികയായിരിക്കും.
ഭാരതത്തിന്റെ സവിശേഷത ഹൈന്ദവധര്‍മ്മംതന്നെയാണ്. സെമിറ്റിക് വിശ്വാസങ്ങളെപ്പോലെ മനുഷ്യരാശിയെ സ്വപക്ഷത്തും ശത്രുപക്ഷത്തും വിഘടിച്ചു നിര്‍ത്തി കുഞ്ഞാടുകളെ അടക്കിഭരിക്കുന്ന സംവിധാനമൊന്നുമില്ലാത്ത ഈ ധര്‍മ്മവ്യവസ്ഥയോട് പൊരുതണമെന്നു തോന്നുന്നുണ്ടെങ്കില്‍ അത് അറിവില്ലായ്മകൊണ്ടാകാം. തന്റെ അമ്മയുടെ നാട്ടില്‍ രാഷ്ട്രത്തിനകത്തു ഒരു സ്വതന്ത്രഭരണാധികാരിയെ മാത്രമല്ല, ലോകത്താകമാനമുള്ള കത്തോലിക്കരുടെ മേലദ്ധ്യക്ഷനേയും നിലനിര്‍ത്തുന്നതുപോലെയുള്ള സംവിധാനമൊന്നും ഇല്ലാത്ത ഹിന്ദുവിശ്വാസത്തിനെ പിന്നെ എന്തിനു എതിര്‍ക്കുന്നു?
ഹിന്ദുവിശ്വാസത്തില്‍ രാഷ്ട്രീയത്തിനു സ്ഥാനമില്ല. ഹൈന്ദവരാകട്ടെ ഭക്തിയും വിശ്വാസവും തങ്ങളുടെ വീട്ടിന്റെ നാലു ചുമരുകളില്‍ ചുരുക്കുന്നു. വീടും നാടും കുലവും കുടുംബവും ത്യജിച്ച സന്യാസിമാര്‍ മാത്രമാണ് വിശ്വാസം പേറിനടക്കുന്നത്. അവര്‍ രാഷ്ട്രീയത്തില്‍ ഇല്ലതാനും. പിന്നെ ഹിന്ദുവിശ്വാസത്തിനോടൊ അതിലുള്ള ശക്തിയോടൊ എന്തിനു ശത്രുത പുലര്‍ത്തണം? എന്തിനുവേണ്ടി പൊരുതണം.?
രാഹുല്‍ഗാന്ധിക്ക് അറിയാത്ത ഒരുകാര്യമുണ്ട്. ലോകത്തൊരിടത്തും, ഹൈന്ദവരല്ലാത്ത മറ്റൊരു സമുദായവും, പരാശക്തിയെ സ്ത്രീരൂപത്തില്‍ ആരാധിക്കുന്നില്ല. ഹൈന്ദവര്‍ മാത്രം സ്വന്തം നാടിനെ മാതൃഭൂമി എന്ന് വിളിക്കുന്നു. മറ്റുള്ളവര്‍ക്ക,് അഥവാ വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക,് അത് പിതൃഭൂമിയും ഇസ്ലാംമതവിശ്വാസികള്‍ക്ക് രാഷ്ട്രം വിശ്വാസികളുടെ ഭരണപരിധിയിലൊതുങ്ങുന്നതുമാണ്. മാതൃസംരക്ഷണത്തില്‍ എല്ലാവരും തുല്യരാണ്. വിശ്വാസികളും അവിശ്വാസികളും ഒരേപോലെ ഏകോദരസഹോദരങ്ങളാണ്. പിന്നെ എന്തിനു ഹൈന്ദവരോടു പൊരുതണം!
കോണ്‍ഗ്രസ്സ്‌നേതാവിന് ഹൈന്ദവധര്‍മ്മത്തെപ്പറ്റി ഒന്നും അറിയില്ല എന്നുതന്നെ കരുതണം. തന്റെ അമ്മയുടെ പാരമ്പര്യം റോമന്‍കാത്തോലിക് മതവിഭാഗമാണല്ലോ. ആ പാര മ്പര്യം ഹൈന്ദവധര്‍മ്മത്തിനോടു സമാനമല്ല. ഉദാഹരണത്തിന്, റോമന്‍ കാത്തോലിക് സഭക്കുപുറത്ത് പരഗതിയില്ല. ഹൈന്ദവന് പരഗതി അവന്റെ കര്‍മ്മാനുസൃതമാണ്. മറ്റൊന്ന,് ഒന്ന് ഒരു സഭയാണ്. അതിന് ചട്ടക്കൂടുകള്‍ ഉണ്ട്. അധികാരപരിധികള്‍ നിശ്ചയിക്കപ്പെട്ട മേലദ്ധ്യക്ഷന്മാരുണ്ട.് ഹൈന്ദവവിശ്വാസം ധര്‍മ്മമാണ്. അത് വൃഷ്ടികളിലൂടെ സമഷ്ടിയെ ദര്‍ശിക്കുവാന്‍ പഠിപ്പിക്കുന്നു. ആ സമഷ്ടിതന്നെയാണ് പരാശക്തി. ആ പരാശക്തിയെ
പ്രത്യക്ഷരൂപത്തില്‍ ആരാധിക്കുകയായിരുന്നു ബംഗാളിലെ വിപ്ലവകാരികള്‍. പ്രത്യക്ഷരൂപം അവര്‍ക്ക് മാതൃഭൂമിയുടെ ഭൂപടം തന്നെയായിരുന്നു. ഭവാനി അഥവാ ശക്തി, അവരുടെ ആരാധനാമൂര്‍ത്തിയായി. അവര്‍ ആ ശക്തിയില്‍ വിശ്വസിച്ചു. ദുര്‍ഗ്ഗയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങള്‍ ഭവാനിമന്ദിര്‍ എന്നറിയപ്പെട്ടു. 1905ല്‍ തുടങ്ങിയ ഈ പ്രസ്ഥാനം കര്‍സണ്‍പ്രഭുവിന്റെ ബംഗാള്‍വിഭജനത്തിനു എതിരായി തുടങ്ങിയതാണ്. സമരം “വന്ദേമാതരം” എന്നും അറിയപ്പെട്ടു. അതൊരു ഭാരത നവോത്ഥാനത്തിന്റെ പോര്‍വിളിയായി. സൂത്രധാരന്‍ അഥവാ പ്രധാനി മഹര്‍ഷി അരബിന്ദോഘോഷായിരുന്നു. പ്രചോദനം വിവേകാനന്ദസ്വാമികളും.
സ്വാമികള്‍ അമേരിക്കയില്‍നിന്നും മടങ്ങിവന്നതിനുശേഷം കൊല്‍ക്കത്തയില്‍വെച്ചു ചെയ്ത ഒരു പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു, “ഈശ്വരവിശ്വാസം നമ്മുടെ സമുദായത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. പക്ഷേ അതു ഐക്യപ്പെടുത്തുന്നതായിരിക്കണം. അതുകൊണ്ട് ഇനി പ്രണവശബ്ദത്തിന്റെ (ഓം) അമ്പലങ്ങളായിരിക്കണം ഉണ്ടാകേണ്ടത്.” (CW III P/32).
സ്വാമികള്‍ 1902 ജൂലായ് മാസത്തില്‍ സമാധിയായെങ്കിലും അന്നത്തെ ബംഗാളിയുവത്വം അദ്ദേഹം വെട്ടിത്തെളിച്ച പാതയില്‍ മുന്നേറി. സ്വാമികള്‍ രാഷ്ട്രീയം ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ സ്വാമികളുടെ സ്വാധീനത്തില്‍വന്നവരെല്ലാം വിപ്ലവകാരികളും രാഷ്ട്രസേവകരുമായിരുന്നു. അവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായി സ്വാമികളുടെതന്നെ പ്രിയശിഷ്യ സിസ്റ്റര്‍നിവേദിതയും ഉണ്ടായിരുന്നു. അവര്‍ പരാശക്തിയുടെ പ്രതീകമായി ഭാരതത്തിന്റെ ഭൂപടവും അതില്‍ ആരൂഢയായി ദുര്‍ഗ്ഗയേയും (ശക്തി) പ്രതിഷ്ഠിച്ചു. ബംഗാളില്‍ അനേകം ഇത്തരത്തിലുള്ള മന്ദിരങ്ങള്‍ (ഭവാനിമന്ദിര്‍) പ്രതിഷ്ഠിക്കപ്പെട്ടു. ചരിത്രം പരിശോധിച്ചാല്‍ ഇതേ ധാര്‍മ്മികശക്തിതന്നെയാണ് 1770 മുതല്‍ 1777വരെ നീണ്ടുനിന്ന സന്യാസിലഹളയ്ക്ക് പ്രചോദനമായത്. പണ്ഡിത് ബബാനി ചരണ്‍ പഥക് എന്ന ഒരു സന്യാസിയായിരുന്നു നേതാവ്. മൂര്‍ഷിദാബാദിലും വൈകുണ്ഠ്പൂരിലുമായിരുന്നു പ്രധാനസംഘര്‍ഷം. അതിന്റെകാരണം മറ്റൊന്നുമല്ല. 1764ല്‍ ബക്‌സര്‍ യുദ്ധം ജയിച്ച് ബംഗാളിലെ ദിവാനി, ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ കൈവശമായി. അവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം നികുതി പിരിക്കാം. മുഗള്‍ഭരണത്തിനു വിപരീതമായി അവര്‍ നികുതി വര്‍ദ്ധിപ്പിച്ചു. ജനം പട്ടിണിയായി. തിരിച്ചു വിത്തിറക്കുവാന്‍ കഴിവില്ലാതെ കര്‍ഷകര്‍ വിഷമിച്ചു. അതുകൊണ്ട് 1770 മുതല്‍ ക്ഷാമംകൊണ്ട് ജനങ്ങള്‍ വിഷമിച്ചു. അന്നുവരെ കൃഷി വിളവെടുപ്പു കഴിഞ്ഞാല്‍ സന്യാസിമഠങ്ങള്‍ ഭൂവുടമസ്ഥരുടെ ഗൃഹങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്കുവേണ്ടി ധാന്യങ്ങള്‍ സംഭരിക്കുക പതിവായിരുന്നു. ക്ഷാമംകാരണം സന്യാസികള്‍ക്കു നല്‍കുവാന്‍ ഭൂവുടമകളുടെ കൈവശം ഒന്നും ഇല്ലായിരുന്നു. സന്യാസികള്‍ കലാപംതുടങ്ങി. കമ്പനി ഓഫീസുകളും പാണ്ഡികശാലകളും ആക്രമിച്ചു കൈവശപ്പെടുത്തുവാന്‍ തുടങ്ങി. കമ്പനിപ്പട്ടാളം തിരിച്ചടിക്കുവാനും. 1771ല്‍ മാത്രം 150ല്‍ അധികം സന്യാസികള്‍ കൊലചെയ്യപ്പെട്ടു. സന്യാസികള്‍ക്ക് അനുകൂലമായി സന്താളുകളും കലാപംനടത്തി. ബങ്കിംചന്ദ്രചാറ്റര്‍ജിയുടെ പ്രശസ്ത കൃതി(നോവല്‍) “ആനന്ദമഠം” ഈ പശ്ചാത്തലത്തില്‍ എഴുതിയ ചരിത്രനോവലാണ് “വന്ദേമാതരം ”ആ കൃതിയിലെ ഗാനമാണ്.
ഏകദേശം ഈ കാലഘട്ടത്തില്‍തന്നെയാണ് മാറാട്‌വാഡയിലെ വാസുദേവ് ഫഡ്‌കെയുടെപ്രവര്‍ത്തനങ്ങളും. ബ്രിട്ടീഷുഭരണത്തില്‍നിന്നും രക്ഷപ്പെടുവാന്‍ വാസുദേവ്
ഫഡ്‌കെ അനേകം സന്നദ്ധഭടന്മാരെ തയ്യാറാക്കുകയായിരുന്നു. ഒടുവില്‍ പിടിക്കപ്പെട്ടു. അദ്ദേഹത്തെ ഏദനിലേക്കു(ഒമാന്‍ അന്ന് ബ്രിട്ടീഷുകാരുടെ അധീനതയില്‍ ആയിരുന്നു) നാടുകടത്തി. അവിടെനിന്നും രക്ഷപ്പെടുവാന്‍ കഴിയില്ലാ എന്ന് ബോധ്യം വന്നപ്പോള്‍ ആഹാരം ഉപേക്ഷിച്ചു മരണം വരിച്ചു. ഈ സംഭവവികാസങ്ങളെയെല്ലാം ചുരുക്കി ഒന്നോ രണ്ടോ വാചകത്തില്‍ പറയാം. അതായത്, ഹൈന്ദവനവോത്ഥാനം അഥവാ ഹൈന്ദവപ്രക്ഷോഭംതന്നെയാണ് ഭാരതത്തിന്റെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനുവേണ്ടിയുമുള്ള കലാപങ്ങളുടെയെല്ലാം പ്രഭവകേന്ദ്രം. ഹിന്ദുധര്‍മ്മത്തിലെ ശക്തി ഭാരതീയരുടെ സന്മാര്‍ഗ്ഗദര്‍ശിയായി എക്കാലത്തും നിലകൊണ്ടിരുന്നു. ത്യാഗത്തിന്റേയും രാഷ്ട്രത്തോടുള്ള സമര്‍പ്പണഭാവത്തിന്റേതുമായിരുന്നു ഹൈന്ദവധര്‍മ്മപാലകരുടെ മാര്‍ഗ്ഗം.
സ്വാമികള്‍ നമുക്ക് ഊഹിക്കാനാകാത്തവിധം ആത്മീയചൈതന്യത്തിന്റെ, ആദ്ധ്യാത്മികചിന്തയുടെ ഔന്നത്യത്തില്‍ എത്തിയിരുന്നു. അദ്ദേഹത്തിന് ദേശസ്‌നേഹം മാതൃഭാവത്തില്‍ ശക്തിയോടുള്ള സമര്‍പ്പണമായിരുന്നു. ശ്രീനഗറിനടുത്ത് ക്ഷീരഭവാനിയില്‍ ദര്‍ശനത്തിനുശേഷം സ്വാമികള്‍ സിസ്റ്റര്‍ നിവേദിതയോടു പറഞ്ഞത്, എന്റെ ദേശസ്‌നേഹത്തിന്റെ പരിഭാഷതന്നെ മാറിയെന്നാണ്. ‘അമ്മ എന്നോട് ചോദിച്ചത് നീ എന്റെ സംരക്ഷണയിലോ അതോ ഞാന്‍ നിന്റെ സംരക്ഷണയിലോ എന്നാണ ് ’. സ്വാമികള്‍ തീര്‍ത്തും ഭഗവതിക്കു കീഴടങ്ങി. അത്രയും ആത്മീയ ഔന്നത്യത്തിലേക്ക് ബംഗാളിലെ വിപ്ലവകാരികള്‍ എത്തിയിരുന്നില്ല. പക്ഷെ അവര്‍ക്ക് ഭാരതമാതാവ് എന്ന പ്രതീകം പരാശക്തിതന്നെയായിരുന്നു. ആ പ്രതീകം അവരെ ഐക്യപ്പെടുത്തുന്നതും ശക്തിപ്പെടുത്തുന്നതുമായിരുന്നു. മഹര്‍ഷി അരബിന്ദോ ആലിപ്പൂര്‍ ഗൂഢാലോചനകേസ്സില്‍ വിചാരണത്തടവുകാരനായിരിക്കുമ്പോള്‍ തന്റെ ഭാഗം വാദിക്കുന്ന വക്കീലിനു കൊടുക്കുവാന്‍വേണ്ടി വാദങ്ങള്‍ രേഖപ്പെടുത്തുവാന്‍ തുടങ്ങി. അന്നുരാത്രി അദ്ദേഹത്തിനു വിവേകാനന്ദസ്വാമികളുടെ അരുളപ്പാടുണ്ടായി. ‘നിനക്കുവേണ്ടി കഴിവുള്ള വക്കീലിനെ ഞാന്‍തന്നെ ഏര്‍പ്പാടുചെയ്യാം. ഞാന്‍തന്നെ എല്ലാം വ്യക്തമാക്കും’. മഹര്‍ഷിയുടെ പെങ്ങള്‍ സരോജിനീഘോഷിന്റെ പത്രങ്ങളിലൂടെവന്ന അഭ്യര്‍ത്ഥനകണ്ട് ചിത്തരഞ്ജന്‍ദാസ് വക്കാലത്ത് ഏറ്റെടുത്തു. ഒരുദിവസം തന്റെ കക്ഷിയെ അദ്ദേഹം ജയിലില്‍ സന്ദര്‍ശിച്ചു. മഹര്‍ഷി ഉദ്ദേശിച്ചതിലും കൂടുതല്‍ വ്യക്തതയോടെ അതേവാദങ്ങള്‍ ഉന്നയിച്ച് പ്രതിയെ രക്ഷിച്ചു. അന്നത്തെ ജഡ്ജി കേംബ്രിഡ്ജില്‍ മഹര്‍ഷിയുടെ ജൂനിയറും ഐ.സി.എസ് പരീക്ഷ താഴ്ന്ന നിലവാരത്തില്‍ പാസ്സായ വ്യക്തിയുമായിരുന്നു. അതുകൊണ്ട് ആദ്ധ്യാത്മികപരിവേഷത്തോടെ തന്റെ മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന യോഗിയെ വെറുതെ വിടാനായിരുന്നു ജഡ്ജിയുടെ താല്‍പ്പര്യം.കൂടാതെ അന്നത്തെ ഭാരതത്തില്‍ നിയമജ്ഞരായവരില്‍, ഇന്ത്യക്കാരോ വെള്ളക്കാരോ ആകട്ടെ, ഒന്നാമന്‍ തന്നെയായിരുന്നു ചിത്തരഞ്ജന്‍ ദാസ് ഗുപ്ത. ചേറ്റൂര്‍ ശങ്കരന്‍നായര്‍ തന്റെ ആത്മകഥയില്‍, ആനിബസന്റ് ഹിന്ദുക്കള്‍ക്ക് കൊടുത്ത ഉപദേശം രേഖപ്പെടുത്തുന്നുണ്ട്. ഹൈന്ദവവിശ്വാസം പടിഞ്ഞാറന്‍ മതങ്ങളെക്കാളും വിശിഷ്ടമാണെന്നും അതുകൊണ്ട് ഭാരതം തന്റെ കടമ (ആത്മീയത) നിറവേറ്റിയില്ല എങ്കില്‍ ലോകത്തിനുതന്നെ അത് നിരാശാജനകമായിരിക്കും എന്ന്. റാനഡെ, ഭാരതീയര്‍ ഈശ്വരനാല്‍ ലോകത്തെതന്നെ നയിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നു പ്രസംഗിച്ചപ്പോള്‍ സാമൂഹ്യപരിഷ്‌കാരസദസ്സില്‍ മിനുട്ടുകളോളം കയ്യടി മുഴങ്ങിയതായി ചേറ്റൂര്‍ശങ്കരന്‍നായര്‍ പറയുന്നുണ്ട്.
ഒരു കാര്യംകൂടി വ്യക്തമാക്കാനുണ്ട്. വേദകാലഘട്ടത്തിനുശേഷം ബൗദ്ധ ദര്‍ശനത്തിന്റെ ഊഴമായിരുന്നു. ഭാരതത്തിന്റെ ആദ്യപ്രവാചകനായിരുന്ന ഗൗതമമുനി, ഒരു സഭയുണ്ടാക്കിയില്ല. അദ്ദേഹം ഒന്നിനേയും ഇല്ലായ്മചെയ്തില്ല. ഭാരതീയര്‍ക്ക് അവരുടെ ദേശീയവ്യക്തിത്വം പ്രബലപ്പെടുത്തുവാന്‍ വിശ്വാസപ്രമാണങ്ങളെ പരിഷ്‌കരിച്ചു. പക്ഷെ സഭയില്ലാത്തതുകാരണം ബുദ്ധവിചാരധാര ബുദ്ധഭിക്ഷുക്കളില്‍ ഒതുങ്ങി. ഭാരതീയര്‍ പഴയരീതിയിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങി. പലതും രഹസ്യസ്വഭാവങ്ങള്‍ ഉള്ളതുകൊണ്ട് തന്ത്രമെന്നപേരില്‍ അറിയപ്പെട്ടു.
തന്ത്രവിദ്യയില്‍ ശക്തിയെ ആരാധിച്ചിരുന്നു. ബംഗാളില്‍ വാമചരം എന്നറിയപ്പെടുന്ന ഒരു രീതിയായിരുന്നു ഇത്. പക്ഷെ ഈ ശക്തിയല്ല വിവേകാനന്ദസ്വാമികള്‍ ഉപദേശിച്ച ആരാധനാമൂര്‍ത്തി. അത് സാക്ഷാല്‍ ഭവാനി അഥവാ ഭാരതമാതാവുതന്നെയായിരുന്നു. എന്നുവെച്ചാല്‍, ദേശസ്‌നേഹികളുടെ ആരാധനാമൂര്‍ത്തി ഭാരതമാതാവെന്ന ശക്തി തന്നെയായിരുന്നു.
ഈ ചരിത്രമൊക്കെ കോണ്‍ഗ്രസ്സിന്റെ നേതാവിനറിയാമായിരുന്നിരിക്കണം. അറിയില്ലെങ്കില്‍, കോണ്‍ഗ്രസ്സുകാര്‍ വൈദേശിക പാരമ്പര്യവും ചിന്തകളും പേറുന്ന ഈ മാന്യദേഹത്തിന് വ്യക്തമാക്കിക്കൊടുക്കണം. ഏഴുനൂറ്റാണ്ടുകള്‍ വൈദേശികശക്തികള്‍ ഭരിച്ചിട്ടും ഹിന്ദുധര്‍മ്മത്തിലെ ശക്തിയെ ജയിക്കുവാനവര്‍ക്കായിട്ടില്ല. പിന്നെ ഈ കോണ്‍ഗ്രസ്സുകാര്‍ക്ക് സമീപഭാവിയിലൊന്നും അതു സാധ്യമാകുമെന്നു തോന്നുന്നില്ല.