- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
- ശ്രവണസഹായി എന്ന നോക്കുകുത്തി (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 7)
കോളേജ്-പോളിടെക്‌നിക്ക് പഠനകാലത്ത് ഞാന്‍ ഉപയോഗിച്ചിരുന്ന എല്ലാ നോട്ടുബുക്കുകളിലും കൗതുകകരമായ ഒരു കാര്യമുണ്ടായിരുന്നു. എന്റെ പുസ്തകത്തില്‍ മാത്രമല്ല, സാധാരണ അക്കാദമിക് സ്ഥാപനങ്ങളില്‍ പഠിച്ച, ശ്രവണന്യൂനതയുള്ള മിക്കവരുടേയും നോട്ടുബുക്കില്‍ ഈ പ്രത്യേകത കാണാനാകും. അതായത്… പുസ്തകത്തിന്റെ വലതുവശത്തു വരുന്ന എല്ലാ പേജുകളുടേയും അവസാന ഭാഗത്ത്, അല്ലെങ്കില്‍ ഇടതുവശത്തെ പേജിന്റെ തുടക്കത്തില്‍, ഒന്നോ രണ്ടോ വരികള്‍ എഴുതാതെ ഒഴിഞ്ഞുകിടപ്പുണ്ടാകും; അല്ലെങ്കില്‍ അവിടെ കുനുകുനെ എഴുതി നിറച്ചിട്ടുണ്ടാകും! എന്തുകൊണ്ടാണ് ഇങ്ങിനെ?
കാര്യം ലളിതമാണ്. ശ്രവണന്യൂനതയുള്ളവരില്‍ പലരും അടുത്തിരിക്കുന്ന കുട്ടിയുടെ നോട്ടുബുക്കില്‍ നോക്കി പകര്‍ത്തി എഴുതുകയാണ് സാധാരണ ചെയ്യുക. ടീച്ചര്‍ പറഞ്ഞുതരുന്ന നോട്ട്‌സ് കുറേയൊക്കെ കേള്‍ക്കാന്‍ കഴിഞ്ഞാല്‍ തന്നെയും ചില വാക്കുകള്‍ അവര്‍ക്കു മിസ്സാകും. അത് തീര്‍ച്ചയാണ്. അപ്പോള്‍ അവരുടെ മുഖം അടുത്തിരിക്കുന്ന വിദ്യാര്‍ത്ഥിയുടെ പുസ്തകത്തിലേക്കു തിരിയും. നിങ്ങള്‍ക്കറിയുമോ… ഞാന്‍ അധ്യാപകരുടെ നോട്ടുകള്‍ കേട്ട് എഴുതുകയല്ലായിരുന്നു, മറിച്ച് പകര്‍ത്തി എഴുതുകയായിരുന്നു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഞാന്‍ നോക്കി എഴുതിയിരുന്നത് ജെസിന്‍ അരീക്കാട്ട്, രാജു ജോര്‍ജ്ജ് എന്നിവരുടെ നോട്ടുബുക്കില്‍ നിന്നായിരുന്നെങ്കില്‍, കല്ലേറ്റുംകര പോളിടെക്‌നിക്കില്‍ അവരുടെ റോള്‍ സുധീര്‍ വിളയിലക്കോട്, നിഗില്‍ നാരായണ്‍, ശ്രീജിത് ലോഹിത് എന്നിവര്‍ ഏറ്റെടുത്തു. അവര്‍ എന്റെ കാതുകളായിരുന്നു അന്ന്. അവര്‍ക്കു പിഴച്ചാല്‍ എനിക്കും പിഴയ്ക്കുമായിരുന്നു.
പകര്‍ത്തിയെഴുത്തിന്റെ പ്രശ്‌നമെന്തെന്നാല്‍, നമുക്ക് കേട്ടെഴുതുന്നവന്റെ ഒപ്പം എഴുത്തില്‍ മുന്നേറാന്‍ പറ്റില്ല. നാം എപ്പോഴും അല്പം പിന്നിലായിരിക്കും. അതുകൊണ്ട് കേട്ടെഴുതുന്നവന്‍, എഴുത്ത് തുടരാന്‍ പേജ് മറിക്കുമ്പോള്‍, നമ്മളും (എഴുത്ത് പൂര്‍ത്തിയായില്ലെങ്കില്‍ കൂടിയും) പേജ് മറിക്കാന്‍ നിര്‍ബന്ധിതരാകും. അപ്പോള്‍, മുന്‍പേജില്‍ എഴുതി പൂര്‍ത്തിയാകാത്തത്, പിന്നീട് എഴുതിച്ചേര്‍ക്കാന്‍ കുറച്ചു വരികള്‍ വെറുതെയിടും. മിക്കവാറും ഇത് വലതുവശത്തെ പേജിന്റെ അവസാന ഭാഗത്തായിരിക്കും. അല്ലെങ്കില്‍ ഇടതുപേജിന്റെ ആദ്യഭാഗത്ത്. പിന്നീട്, ഇടവേള സമയത്തോ ഉച്ചയ്‌ക്കോ, എഴുതാന്‍ സാധിക്കാതിരുന്ന നോട്ട്‌സ് പകര്‍ത്തി എഴുതുമ്പോള്‍, ഒന്നുകില്‍ ഒഴിച്ചിട്ട ഭാഗത്ത് ഒന്നോ രണ്ടോ വരി ബാക്കിയാകും, അല്ലെങ്കില്‍ ഒഴിച്ചിട്ട ഭാഗം പോരാതെയാകും. എന്റെ പുസ്തകത്തിലെ മിക്ക പേജുകളിലും ഒഴിഞ്ഞ വരികളൂണ്ട്. ഈ ‘ഒഴിഞ്ഞ ഇടങ്ങള്‍’ എന്റെ ജീവിതത്തിന്റെ നേര്‍പ്രതിഫലനമാണ്. അവ ഞാന്‍ അക്കാലത്ത് അനുഭവിച്ച ദൈന്യതയെ സൂചിപ്പിക്കുന്നു.
എന്റെ നോട്ടുബുക്കുകള്‍ക്കും ധാരാളം കഥകള്‍ പറയാനുണ്ട്.
***** *****
എന്റെ ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെക്കുറിച്ച് ഞാന്‍ തീര്‍ത്തും സ്മരിക്കാറില്ല. അവഗണിക്കത്തക്കവിധം അപ്രധാനമായ കാലമാണിതെന്ന് കരുതരുത്. മറിച്ച്, എല്ലാവരും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്ന കാലമാണ് ഞാന്‍ മാത്രം ഒഴിവാക്കി വിടുന്നത്. ഈ ഒഴിവാക്കല്‍ മനപ്പൂര്‍വ്വമല്ല. മറിച്ച്, എന്നിലെ ബോധവ്യവസ്ഥ ഈ കാലഘട്ടത്തെ അവഗണിക്കാന്‍ തക്ക രീതിയില്‍ എങ്ങനെയോ സജ്ജീകരിക്കപ്പെട്ടിരിക്കുകയാണ്. അതായത്, ഈ ഒഴിവാക്കല്‍ ഒരു അനൈച്ഛിക പ്രവൃത്തിയാണെന്നു പറയാം. സ്വേച്ഛയോടെ, ബോധ്യത്തോടെ അല്ലാത്ത പ്രവൃത്തി.
കാറ്റഗറിക്കല്‍ ഇമ്പരേറ്റീവിനെ(Categorical Imperative) കുറിച്ചു സിദ്ധാന്തിച്ചത് ഇമ്മാനുവേല്‍ കാന്റ് ആണ് (Immanuel Kant). മോറാലിറ്റിയെ സംബന്ധിക്കുന്ന അദ്ദേഹത്തിന്റെ Critique of Practical Reason എന്ന ഗ്രന്ഥത്തില്‍ ഈ ആശയം വെളിവാക്കിയിരിക്കുന്നു. മോറാലിറ്റിയുമായി ബന്ധപ്പെട്ട നമ്മുടെ പ്രവൃത്തികള്‍, ഒരു ‘ആജ്ഞ’യുടെ ഫലം പോലെയാണ് നമ്മില്‍ പ്രവൃത്തിക്കുന്നതെന്നും, അന്തിമഫലം അനുകൂലമായാലും പ്രതികൂലമായാലും (ആജ്ഞയുടെ സ്വാധീനം മൂലം) നമ്മുടെ പ്രവൃത്തികള്‍ നാം ചെയ്യേണ്ട രീതിയില്‍ ചെയ്യുമെന്നുമാണ് Categorical Imperative പറയുന്നത്. നമുക്ക് നല്ല ഫലം സിദ്ധിക്കുന്ന മോറല്‍ കാര്യങ്ങളേ നാം ചെയ്യൂ എന്നില്ലെന്ന് സാരം. എന്നെ സംബന്ധിച്ചാണെങ്കില്‍, ഞാന്‍ ഓര്‍ക്കാതെ ഒഴിവാക്കുന്ന കാര്യം/ഘടകങ്ങള്‍ മോറാലിറ്റിയുമായി ബന്ധമുള്ളതല്ല. പക്ഷേ, ‘ഒഴിവാക്കിയേ തീരൂ’ എന്ന ദൃഢനിശ്ചയം, Categorial- Imperativese ആജ്ഞ പോലെയാണ് എന്നില്‍ പ്രവര്‍ത്തിക്കുന്നത്. തന്മൂലം, ഞാന്‍ മനഃപൂര്‍വ്വം ഓര്‍മ്മിക്കാന്‍ തുനിഞ്ഞാലേ, ദൈനംദിന വ്യവഹാരങ്ങളില്‍ അത്തരം ഓര്‍മ്മകള്‍ കടന്നു വരാറുള്ളൂ.
കോളേജ് പഠനകാലത്തെ പറ്റിയാണ് ഞാന്‍ പറയുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരസുരഭില കാലം. കോളേജ് ലൈഫ് ഏറെക്കുറെ എല്ലാവര്‍ക്കും വളരെ വര്‍ണ്ണാഭമായിരിക്കും. ആരും ഓര്‍ക്കാതിരിക്കാന്‍ ഇഷ്ടപ്പെടുന്നതല്ല ആ ദിനങ്ങള്‍. പക്ഷേ എന്നില്‍ അത് നേര്‍വിപരീതമാണ്. ഞാന്‍ മറവിയില്‍ തള്ളാന്‍ ഏറ്റവും ആഗ്രഹിക്കുന്നത് രണ്ട് വര്‍ഷം നീണ്ട കോളേജ് ലൈഫാണ്. കോളേജ് കാലത്തെക്കുറിച്ച് ഓര്‍ക്കരുതെന്ന നിശ്ചയം Categorical Imperatives ആജ്ഞ പോലെ എന്നില്‍ എപ്പോഴും പാലിക്കപ്പെടുന്നു. നിര്‍ബന്ധപൂര്‍വ്വം അങ്ങോട്ടു ശ്രദ്ധ വച്ചാലേ, മനസ്സ് കോളേജ് ലൈഫിലേക്കു എത്തി നോക്കാന്‍ താല്പര്യപ്പെടാറുള്ളൂ. അതാണെങ്കില്‍ ഏറെ സമയം നീണ്ടു നില്‍ക്കുകയുമില്ല. കാരണം, നല്ലതൊന്നുമില്ല അവിടെ ഓര്‍മ്മിക്കാന്‍.
ഞാന്‍ ഫസ്റ്റ് ഗ്രൂപ്പില്‍ ചേര്‍ന്നു ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി തുടങ്ങിയ പ്രമുഖ വിഷയങ്ങള്‍ പഠിച്ചു. തെര്‍മോഡൈനാമിക്‌സ്, റേ ഓപ്റ്റിക്‌സ്, ഇന്റഗ്രല്‍ കാല്‍ക്കുലസ്, ഹൈഡ്രോകാര്‍ബണ്‍ സംയുക്തങ്ങള്‍, കുറേ കെമിക്കല്‍ സൂത്രങ്ങള്‍ എന്നിവ ഹൃദിസ്ഥമാക്കി. രണ്ടു വര്‍ഷവും പഠിക്കാന്‍ വളരെ ബുദ്ധിമുട്ടിയെങ്കിലും, ലൈബ്രറിയുടെ സഹായത്തോടെയുള്ള സ്വയംപഠനം വഴി നിലമെച്ചപ്പെടുത്തി. പ്രീഡിഗ്രി ഫസ്റ്റ് ക്ലാസ്സോടെ പാസ്സാകാനുള്ള പ്രധാന കാരണം ക്ലാസ് മുറിയില്‍ നിന്നു ലഭിച്ച പരിശീലനമല്ല, മറിച്ച് ലൈബ്രറിയെ ആശ്രയിച്ചുള്ള സ്വയംപഠനമാണ്. ശ്രവണന്യൂനത മൂലം പ്രൊഫസര്‍മാരുടെ ക്ലാസുകള്‍ എനിക്കു പൊതുവെ മനസ്സിലാകാറില്ലായിരുന്നു. പൂര്‍ണമായ ബ്ലാക്ക് ഔട്ട് അല്ല ഉദ്ദേശിച്ചത്. ക്ലാസുകള്‍, പഠനവിഷയങ്ങളെ അവ്യക്തമായേ എന്നിലേക്കു കടത്തിവിട്ടുള്ളൂ. അതാണ് സത്യം. പഠനഭാഗങ്ങള്‍ക്കു തെളിമ വരിക ലൈബ്രറിയില്‍ വച്ച്, റഫറന്‍സ് ഗ്രന്ഥങ്ങളുടെ സഹായത്തോടെയുള്ള പഠനം വഴിയാണ്. വാചികമായ ലക്ചറുകളേക്കാള്‍, ലിഖിതരൂപത്തിലുള്ള അക്ഷരങ്ങളാണ് എനിക്ക് അറിവേകി തണല്‍ നല്‍കിയത്. എന്റെ പില്‍ക്കാല ജീവിതത്തിലും ഈ രീതി തുടര്‍ന്നു.
കോളേജ് ലൈഫ് തീരെ മനുഷ്യപ്പറ്റില്ലാതെ, നിര്‍ദ്ദയമായാണ് എന്നെ കൈകാര്യം ചെയ്തത്. ശ്രവണ-സംസാര പ്രശ്‌നമുള്ള ഏവരേയും അത് അങ്ങനെയേ കൈകാര്യം ചെയ്യൂവെന്ന് തോന്നുന്നു. ശ്രവണന്യൂനത ഉള്ളവര്‍ക്കു വീട്ടുകാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും തോന്നാത്ത അന്യഥാബോധവും നിസ്സഹായതയും കോളേജ് പോലുള്ള സാമൂഹിക ഇടങ്ങളില്‍ തോന്നും. ഇതിന് പ്രധാന കാരണം സാമൂഹികമായി ഇടപെടുന്നതിനുള്ള പരിമിതിയും, മതിയായ സുഹൃത്തുക്കളുടെ അഭാവവുമാണ്. ജനിച്ചുവളര്‍ന്ന നാട്ടില്‍ ഇത് പ്രശ്‌നമല്ലെങ്കിലും കലാലയം പോലുള്ള ഇടങ്ങളില്‍ ഇത് നന്നായി പ്രതിഫലിക്കും. നമുക്ക് സ്വയം ആശയവിനിമയം നടത്താനാകില്ല. രണ്ടാമതൊരാള്‍ കൂടിയേ തീരൂ. അതാണ് സുഹൃത്ത്. നമ്മള്‍ ഒരു കൂട്ടത്തിലെ അംഗമാണ് എന്നു സുഹൃത്തുക്കള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. സുഹൃത്തുക്കള്‍ ഇല്ലാതെ വരുമ്പോള്‍ നാം ആള്‍ക്കൂട്ടത്തില്‍ തനിച്ചാകും. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണിത്. അതിനാല്‍, എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഏതാനും സുഹൃത്തുക്കള്‍ കൂടിയേ തീരൂ. എനിക്കതില്ലായിരുന്നു. വൈകല്യം എന്നെ അവരില്‍നിന്നും, അവരെ എന്നില്‍നിന്നും അകറ്റി നിര്‍ത്തി. വൈകല്യമില്ലാത്ത കുട്ടികള്‍ക്കു വൈകല്യമുള്ള കുട്ടികളോട് ഇടപഴകാന്‍ വിമുഖത കണ്ടിട്ടുണ്ട്, പ്രത്യേകിച്ചും ശ്രവണ-സംസാര പ്രശ്‌നമുള്ളവരോട്. മനഃപൂര്‍വ്വമായ ഒരു ഒഴിച്ചുനിര്‍ത്തലോ അവഗണനയോ ആയി ഇതിനെ കാണേണ്ടതില്ല. നമുക്ക് പരിചിതമല്ലാത്ത, അസാധാരണ സാഹചര്യങ്ങളോടും വ്യക്തികളോടും നാം അടുപ്പം കാണിക്കില്ല എന്ന പൊതുതത്ത്വമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എന്നെ ഒറ്റപ്പെടുത്തിയ ക്ലാസിലെ സഹപാഠികളെ കുറ്റപ്പെടുത്താനില്ലെന്ന് സാരം.
സാധാരണ കലാലയങ്ങള്‍ ശ്രവണവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കു തീര്‍ക്കുന്നത് ഒറ്റപ്പെട്ട കമ്പാര്‍ട്ട്‌മെന്റുകളാണ്. എന്റെ കാര്യത്തില്‍ അതായിരുന്നു സത്യം. ‘മറ്റുള്ളവരെപ്പോലെയല്ല ഞാന്‍’ എന്ന ബോധം കലാലയ ചുറ്റുപാടുകള്‍ എന്നില്‍ ഊട്ടിയുറപ്പിച്ചു. അവിടെ എന്നില്‍ കമ്പാര്‍ട്ട്‌മെന്റലൈസേഷന് തുടക്കമായി. അതില്‍നിന്നു പുറത്തുകടക്കാന്‍ സുഹൃത്തുക്കള്‍ അവശ്യമായിരുന്നു. എന്നാല്‍ കോളേജില്‍ എനിക്ക് സുഹൃത്തുക്കള്‍ തീരെ കുറവായിരുന്നു. ‘സൗഹൃദങ്ങള്‍ ഇല്ലായിരുന്നു’ എന്നു പറഞ്ഞാല്‍ കൂടി അതില്‍ അതിശയോക്തിയില്ല. പക്ഷേ 1-2 പേരുകള്‍ അങ്ങിനെ തുറന്നു പറയുന്നതില്‍ നിന്ന് എന്നെ വിലക്കുകയാണ്. ഞാനവരോട് അത്രമേല്‍ കടപ്പെട്ടിരിക്കുന്നു.
ആദ്യത്തേത്, എന്റെ സ്‌കൂള്‍ സഹപാഠിയാണ് ശോഭിന്‍. സ്‌കൂളിലെ സഹപാഠികള്‍ ഒരേ കോളേജില്‍ എത്തുമ്പോള്‍, അവിടേയും സൗഹൃദം തുടരുന്നത് സ്വാഭാവികമാണല്ലോ. ശോഭിനുമായുള്ള സൗഹൃദം കോളേജില്‍ നിന്നു ലഭിച്ചതല്ലെന്നു സാരം. എനിക്ക് പ്രത്യേകം എടുത്തു പറയാനുള്ളത് രണ്ടാമത്തെ സൗഹൃദത്തെ കുറിച്ചാണ്. മാള സ്വദേശിയായ രാജേഷ് എന്ന സഹപാഠിയായിരുന്നു കോളേജില്‍ എന്റെ പ്രിയസുഹൃത്ത്. കോളേജ് പഠനകാലത്ത് ഞാന്‍ സംസാരിച്ചിട്ടുള്ള വാക്കുകളില്‍ മുക്കാല്‍ഭാഗവും രാജേഷിനോടാണ്. അദ്ദേഹത്തിനു വേറേയും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും, കണ്‍വെട്ടത്ത് എന്നെ കണ്ടാല്‍, അടുത്തെത്തി എന്തെങ്കിലും കുശലം ചോദിച്ചിട്ടേ വിടുമായിരുന്നുള്ളൂ. ഇക്കാരണത്താല്‍, സംസാരിക്കാന്‍ ആരുമില്ലാതെ, ഒന്നാം നിലയോടു ചേര്‍ന്നു നില്‍ക്കുന്ന അരണമരങ്ങള്‍ക്കരികെ നില്‍ക്കുമ്പോള്‍, ഞാന്‍ പ്രതീക്ഷിച്ചിരുന്ന മുഖം രാജേഷിന്റേതായിരുന്നു. ക്ലാസുകള്‍ മനസ്സിലാകുന്നില്ലെന്നു പറഞ്ഞപ്പോള്‍, പഠനത്തിന് ലൈബ്രറിയെ ആശ്രയിക്കാന്‍ ഉപദേശിച്ചത് അവനാണ്. രാജേഷിന്റേത് ഒരു സാധാരണ നിര്‍ദ്ദേശം മാത്രമായിരുന്നു. പക്ഷേ, പില്‍ക്കാലത്ത് എന്റെ പഠനത്തെ മുഴുവന്‍ നിയന്ത്രിച്ചത് ക്ലാസ് മുറികളേക്കാള്‍ കോളേജ്/പോളിടെക്‌നിക്ക് ലൈബ്രറികളാണ്.
കോളേജ് പഠനകാലത്താണ് ലക്ചറല്‍ നോട്‌സുകള്‍ എഴുതിയെടുക്കുന്നതില്‍ ഞാന്‍ മറ്റുള്ളവരെ ആശ്രയിച്ചു തുടങ്ങിയത്. അധ്യാപകര്‍ നോട്‌സ് പറഞ്ഞു തരുമ്പോള്‍ എനിക്ക് എല്ലാ വാക്കുകളും കേട്ടു മനസ്സിലാക്കാന്‍ സാധിക്കാറില്ല. മൂന്നിലൊന്ന് വാക്കുകളേ ഞാന്‍ വ്യക്തമായി കേള്‍ക്കൂ. ബാക്കിയുള്ളവ എന്നില്‍ അവ്യക്തമായിരിക്കും. അപ്പോള്‍, അടുത്തിരിക്കുന്ന കുട്ടിയുടെ പുസ്തകത്തില്‍ നോക്കി നോട്‌സ് പകര്‍ത്താന്‍ തുടങ്ങി. അങ്ങനെ, എനിക്കരികില്‍ ഇരുന്നവര്‍ എന്റെ കാതുകളായി വര്‍ത്തിച്ചു. അവര്‍, അവര്‍ക്കു വേണ്ടി മാത്രമല്ല എനിക്കു വേണ്ടിയും കേട്ടു. അവര്‍ക്കു പിഴച്ചാല്‍ എനിക്കും പിഴക്കുമായിരുന്നു. അക്കാലത്താണ് എന്റെ നോട്ടുബുക്കുകളില്‍ ഒഴിഞ്ഞ ഇടങ്ങള്‍ രൂപംകൊണ്ടു തുടങ്ങിയത്. അവ, പില്‍ക്കാലത്ത്, എന്റെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഒരു രൂപകം ആകുന്നതില്‍ വരെ കാര്യങ്ങളെത്തി. എങ്ങനെയെന്നല്ലേ? അത് ഇനി പറയുന്നു.
നമുക്കെല്ലാവര്‍ക്കും, നമ്മുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഒന്നോ അതിലധികമോ രൂപകങ്ങള്‍/ചിഹ്നങ്ങള്‍ ഉണ്ടെന്ന പക്ഷക്കാരനാണ് ഞാന്‍. അതായത്, നമ്മുടെ ജീവിതത്തെ പൂര്‍ണമായോ, അല്ലെങ്കില്‍ താരതമ്യേന പൂര്‍ണമായോ പ്രതിനിധീകരിക്കുന്ന ചില കാര്യങ്ങള്‍. ഇത് ചിലപ്പോള്‍ ഒരു വസ്തുവാകാം, ദൃശ്യമാകാം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും. എന്തു തന്നെയായാലും, ഈ രൂപകങ്ങള്‍ നമ്മളോട് അത്യധികം സംവദിക്കും. സംവേദനക്ഷമത ഏറെയുള്ള ഇവയെ നാം കാണുമ്പോഴോ സ്മരിക്കുമ്പോഴോ, നമ്മുടെ മനസ്സിന്റെ അടിത്തട്ടിലുള്ള ഓര്‍മ്മകള്‍ ഉദ്ദീപിപ്പിക്കപ്പെടുകയും, തുടര്‍ന്ന് സമകാലിക ലോകത്തുനിന്നു ഭൂതകാലത്തേക്ക് അതിശക്തമായ ഒരു ബന്ധം സ്ഥാപിതമാവുകയും ചെയ്യും.
ഇപ്രകാരം, എന്നെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന അതിശക്തമായ രൂപകമാണ് ‘അസ്വാഭാവിക രീതിയില്‍ കാണപ്പെടുന്ന ഒഴിഞ്ഞ ഇടങ്ങള്‍.’ എന്നിലെ നിസ്സഹായതയുടേയും ഗതികേടിന്റേയും പ്രതിബിംബമായ ഇവ, എന്റെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമായി പ്രതിനിധീകരിക്കുന്നു. കടലാസിലോ ചുമരെഴുത്തിലോ, ഓണ്‍ലൈന്‍ വെബ്‌പേജിലോ മറ്റോ അസ്വാഭാവികമായ രീതിയില്‍, പാരഗ്രാഫുകള്‍ക്കിടയില്‍ ഒഴിഞ്ഞ സ്ഥലം കണ്ടാല്‍, ആ ദൃശ്യം കോളേജ് പഠനകാലത്തേക്കും, വിശിഷ്യാ ‘ഞാന്‍ ശ്രവണന്യൂനതയുള്ളവനാണ്’ എന്ന സത്യത്തിലേക്കും എന്നെ കൈപിടിച്ച് ഉയര്‍ത്തും.
ഇത്തരം രൂപകങ്ങള്‍ നമ്മില്‍ പലതുണ്ടാകാം. അതെല്ലാം നമ്മെ കുറിയ്ക്കുന്നവ മാത്രമായിരിക്കുമെന്നും അര്‍ത്ഥമില്ല. മറ്റുള്ളവരെ അടയാളപ്പെടുത്തുന്ന രൂപകങ്ങളൂം നമ്മിലുണ്ടാകാം. ഈ രൂപകങ്ങള്‍ കാണുമ്പോഴൊക്കെ ഇതുമായി ബന്ധപ്പെട്ട വ്യക്തികള്‍ നമ്മിലേക്കു കടന്നുവരികയും ചെയ്യും. ഇത്തരത്തില്‍ മറ്റൊരാളെ എന്നില്‍ കുറിക്കുന്ന ഒരു രൂപകമാണ് ‘ഇഞ്ചിമിട്ടായി’. ഇഞ്ചിമിട്ടായി എന്ന വാക്കോ അതിന്റെ ദൃശ്യമോ, ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഇരുപത്തഞ്ച് കൊല്ലത്തോളമായി ഇഞ്ചിമിട്ടായി വില്‍ക്കുന്ന ഒരു വ്യക്തിയെ, എന്നിലേക്ക് കൂട്ടിക്കൊണ്ടുവരും. വട്ടത്തിലുള്ള ബേസിനില്‍, വെള്ളക്കടലാസ് കൊണ്ടു പൊതിഞ്ഞ്, ലംബമായി കുത്തിനിര്‍ത്തിയ ഇഞ്ചിമിട്ടായിയുമായി വരുന്ന അദ്ദേഹത്തെ എന്നില്‍ കുറിക്കുന്ന രൂപകമാണ് ഇഞ്ചിമിട്ടായി. ഞാന്‍ അദ്ദേഹവുമായി ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലെന്ന് സൂചിപ്പിക്കട്ടെ. ഞങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ല. രൂപകങ്ങളുടെ രസതന്ത്രം വളരെ കൗതുകകരവും രസകരവുമാണ്.
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ പഠിച്ച രണ്ടു വര്‍ഷക്കാലം, ക്രൂരമായ തിരിച്ചടികളെ അതിജീവിക്കാനുള്ള സ്വാഭാവിക കഴിവിന് എന്നില്‍ അസ്തിവാരമിട്ടു. നിര്‍ദ്ദയമായ തിരിച്ചടികളോട് വൈകാരികമായി പ്രതികരിക്കാത്ത, സംവേദന ക്ഷമതയില്ലാതെ കല്ലുപോലെ ഉറച്ച, ഒരു മനസ്സിനെ കോളേജ് ജീവിതം എനിക്ക് പ്രദാനം ചെയ്തു. പില്‍ക്കാലത്ത് അഭിമുഖീകരിച്ച ദുര്‍ഘടസന്ധികളില്‍ ഞാന്‍ തകരാതിരിക്കാനുള്ള പ്രധാന കാരണം ഇതാണ്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, തൊഴില്‍ അന്വേഷണത്തിലും മറ്റും ദയാരഹിതമായ പെരുമാറ്റങ്ങളാണ് എനിക്ക് ലഭിച്ചത്. ഇന്റര്‍വ്യൂകളില്‍, എന്റെ വൈകല്യത്തിലൂന്നി, തലപൊക്കാനാകാത്ത വിധം തൊഴില്‍ദാതാക്കള്‍ എന്നെ അടിച്ചിരുത്തി. ജീവിക്കാനായി ഒരു തൊഴില്‍ പോലും നിരസിക്കപ്പെട്ടു.
മനസ്സു മടുപ്പിക്കുന്ന അനുഭവങ്ങള്‍. എങ്ങും തരിശായിരുന്നു. സഹായമേകുമെന്ന് ഞാന്‍ കരുതിയവര്‍ കൈ നീട്ടിയില്ല. എന്നാല്‍, അപ്രതീക്ഷിതമായി ചിലര്‍ ചില അവസരങ്ങളില്‍ താങ്ങായി. അപ്പോഴൊക്കെ വരണ്ട തൊണ്ടയില്‍ ഒരിറ്റു ജലം വീണ അനുഭൂതിയുണ്ടായി. പിന്നെ പിന്നെ, വരള്‍ച്ചയുടെ രൂക്ഷതയെ ഉദ്ദീപിപ്പിക്കുന്ന അത്തരം അനുഭൂതികളെ ഞാന്‍ വെറുത്തു. കാരണം താല്‍ക്കാലികമായ പ്രതിവിധിയല്ലായിരുന്നു എനിക്കാവശ്യം.
***** *****
‘ആനന്ദിപ്പിക്കുന്ന അവഗണനകള്‍’ എന്നൊരു സ്ഥിതിവിശേഷം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ലഘുവായി പറഞ്ഞാല്‍, മറ്റുള്ളവരുടെ തീക്ഷ്ണമായ അവഗണനകള്‍ മാനസിക വിഷമത്തിനൊപ്പം, ഒരുതരം മാനസിക ആശ്വാസവും നല്‍കുന്ന അവസ്ഥ. മാനസിക ആശ്വാസം എന്നതുകൊണ്ട് ഞാന്‍ അര്‍ത്ഥമാക്കിയത് സാധാരണ രീതിയിലുള്ള ആശ്വാസം/സന്തോഷം അല്ല. മറിച്ച് ഒരു പോസിറ്റീവ് ഫീലിങ് ആണ്. നിര്‍വചനത്തിനു വഴങ്ങാത്ത തരത്തിലുള്ള ഒന്ന്.
മുകളില്‍ സൂചിപ്പിച്ച, ‘മറ്റുള്ളവരുടെ അവഗണനകള്‍’ എന്നത് ഒരു വലിയ വിഭാഗം കാര്യങ്ങളാണ്. ഇന്റര്‍വ്യൂകളില്‍ പരാജയപ്പെടുത്തുന്നത്, അധികാരസ്ഥാനത്ത് ഇരിക്കുന്നവരുടെ മോശം സമീപനം, വ്യക്തിപരമായ ഒഴിച്ചുനിര്‍ത്തലുകള്‍, എന്നിവയൊക്കെ ഇതില്‍പ്പെടും. ഇത്തരം അവഗണനകള്‍ എന്നെ ആനന്ദിപ്പിക്കും. പക്ഷേ അതിനൊരു നിബന്ധനയുണ്ട്. അതായത്, മറ്റുള്ളവര്‍ എന്നെ അവഗണിക്കുന്നത് എന്നിലെ ശ്രവണന്യൂനത മൂലമായിരിക്കണം. ശ്രവണന്യൂനത അറിയാതെയുള്ള മറ്റുള്ളവരുടെ ഏത് അവഗണനയും എന്നില്‍ ആനന്ദത്തിന്റെ അനുഭൂതി ഉണ്ടാക്കില്ല.
ആനന്ദിപ്പിക്കുന്ന അവഗണനകളുടെ അടിസ്ഥാനമെന്തെന്ന് ഞാന്‍ ആഴത്തില്‍ ചിന്തിച്ചിട്ടുണ്ട്. എല്ലാ അന്വേഷണവും കോളേജ് ലൈഫിലാണ് എത്തിനില്‍ക്കുക. ഞാന്‍ നിര്‍ദ്ദയമായ അനുഭവങ്ങളും അവഗണനകളും നേരിട്ടു തുടങ്ങിയത് അവിടം മുതലാണല്ലോ. അതുകൊണ്ട്, ‘ആനന്ദിപ്പിക്കുന്ന അവഗണനകള്‍’ എന്ന മനഃസ്ഥിതിയുടെ അസ്തിവാരം ചികയേണ്ടതും അവിടെ തന്നെ.
ഇത്തരം വിലയിരുത്തലിലൂടെ ഞാന്‍ മനസ്സിലാക്കിയത് എന്തെന്നാല്‍, മറ്റുള്ളവരുടെ അവഗണനകള്‍ക്ക് എന്നില്‍ ഒരു ‘സാധാരണീകരണം’ സംഭവിച്ചിട്ടുണ്ടെന്നാണ്. നിരന്തരമായ അവഗണനയും ഒഴിവാക്കലും പതിവാകുമ്പോള്‍, അവയുടെ സത്തയില്‍ (അവഗണനയെ അവഗണനയാക്കുന്ന അതിന്റെ സത്ത) ശോഷണം സംഭവിക്കുന്നുണ്ട്. ഒരു അവഗണന, അവഗണനയായി നമുക്ക് തോന്നണമെങ്കിലും പരിഗണിക്കണമെങ്കിലും അതൊരിക്കലും നിത്യസംഭവമാകരുത്; ഒറ്റപ്പെട്ടതോ ഇടയ്ക്കു മാത്രം സംഭവിക്കുന്നതോ ആയിരിക്കണം. എങ്കിലേ അതിനൊരു അസാധാരണത്വം കൈവരൂ (ഒരു നിര്‍ഭാഗ്യം നമുക്ക് നിര്‍ഭാഗ്യമായി തോന്നണമെങ്കില്‍ നാം എപ്പോഴും അതിനു വശപ്പെട്ടിരിക്കുന്ന ആള്‍ ആയിരിക്കരുത്). അസാധാരണത്വമുള്ള കാര്യങ്ങളാണ് നമ്മില്‍ വൈകാരികമാറ്റം ഉണ്ടാക്കുന്നത്. സംഭവങ്ങളുടെ അസാധാരണത്വം പോകുന്നതോടെ നമ്മില്‍ അവയ്ക്കുള്ള സംവേദനക്ഷമത നഷ്ടമാകും. ഇതിനെ ‘സാധാരണീകരണം’ എന്ന് വിശേഷിപ്പിക്കാം. സാധാരണീകരണം സംഭവിച്ച ശേഷമുള്ള അവഗണനകള്‍, സാധാരണീകരണം വന്നിട്ടില്ലാത്തവരില്‍ ഉളവാക്കുന്നത്ര ആഘാതം നമ്മില്‍ ഉളവാക്കില്ല. നാം അതിനെ ‘സന്തോഷമായി’ തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത്.
അവഗണനകളുടെ സാധാരണീകരണം സംഭവിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍.
(തുടരും)