- ഛത്രപതി
- രോഹിതേശ്വരന്‍ സാക്ഷി (ഛത്രപതി 2 )
- കടഞ്ഞെടുത്ത പടവാള്‍ (ഛത്രപതി 4)
- സ്വപ്‌നത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് (ഛത്രപതി 3)
- സമര്‍ത്ഥരാമദാസ സവിധേ (ഛത്രപതി 5)
- ആത്മവിശുദ്ധിതന്‍ ആദര്‍ശരൂപം (ഛത്രപതി 6)
- സ്വരാജ്യത്തിന്റെ ആധാരശില (ഛത്രപതി 7)
രംഗം – 4
ലാല്‍ മഹലിന്റെ പൂമുഖം. പ്രഭാത വെളിച്ചത്തില്‍ ജീജാ ബായിയുടെ ശബ്ദത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ശിവമഹിമ്‌നാസ്‌തോത്രം. ജലപാത്രവും ജപമാലയുമായി അകത്തു നിന്നും ഇറങ്ങി വരുന്ന ജീജാ ബായി. അവര്‍ തുളസിത്തറയ്ക്ക് പ്രദക്ഷിണം വച്ച് ജലപാത്രത്തില്‍ നിന്നും ഭക്തിപൂര്‍വ്വം തുളസിക്ക് തീര്‍ത്ഥം പകരുന്നു. അതിനു ശേഷം അല്‍പ്പം തീര്‍ത്ഥം സേവിക്കുന്നു.
ജീജാ ബായി:-(സൂര്യനെ പ്രാര്‍ത്ഥിക്കുന്നു) ഓം സൂര്യദേവായ നമ: (കണ്ണടച്ച് ഏതൊ ഒരു സ്‌തോത്രം നിമന്ത്രിച്ചു കൊണ്ടിരിക്കുമ്പോള്‍ പൂപ്പാലികയില്‍ ഫലപുഷ്പങ്ങളുമായി സയീബായി കടന്നു വരുന്നു)
സയീബായി:- (തെല്ല് ശങ്കിച്ച്) അമ്മേ…
ജീജാ ബായി:- (ജപമാലയുമായി മെല്ലെത്തിരിഞ്ഞ്) എന്താണ് മകളേ…
സയീബായി:-അവിടുത്തെ ജപം കഴിഞ്ഞെങ്കില്‍ ….ക്ഷേത്ര ദര്‍ശനത്തിനെഴുന്നെള്ളാനുള്ള മഞ്ചല്‍ തയ്യാറായിട്ടുണ്ടെന്ന് അമാലന്‍മാര്‍ വന്നുണര്‍ത്തിച്ചു.
ജീജാ ബായി:- നാം ഉടന്‍ എഴുന്നള്ളുന്നതാണെന്നറിയിക്കൂ.
സയീബായി:- അമ്മേ… ഇതാ വിശ്വനാഥസ്വാമിക്കുള്ള വില്വഹാരവും പൂജാപുഷ്പങ്ങളും.
ജീജാ ബായി:- ഉം….നന്നായി, ശ്രദ്ധാ ഭക്തിയോടെ നീ കൊരുത്തു കൊട്ടുന്ന ഈ കൂവളമാല എന്റെ ശിവജി കുമാരന് ജീവിതവിജയങ്ങള്‍ ഉണ്ടാക്കുമെന്നുള്ളത് ഉറപ്പാണ്.
(ചിന്താമഗ്‌നയായി രണ്ട് ചുവട് നടന്നു കൊണ്ട്)…. എങ്കിലും രണ്ടു ദിവസമായി ഞാന്‍ ശ്രദ്ധിക്കുന്നു… കുമാരിയുടെ മുഖത്തൊരു വല്ലായ്മ …
സയീബായീ:- (തേങ്ങുന്നു)
ജീജാ ബായി:-(കണ്ണീര്‍ തുടച്ചു കൊണ്ട്) എന്താ മകളെ… എന്തുണ്ടെങ്കിലും ഈ അമ്മയോട് പറയൂ…
സയീബായി:- മൂന്നു നാലു ദിവസമായി അദ്ദേഹം അന്തപ്പുരത്തില്‍ വന്നിട്ട് … അര്‍ദ്ധരാത്രി വരെ ഞാന്‍ കാത്തിരുന്നാലും അദ്ദേഹത്തെ എനിക്കൊന്നു കാണാന്‍ പോലും കിട്ടുന്നില്ല. രാത്രി വളരെ വൈകി വരുന്ന അദ്ദേഹം ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് എങ്ങോട്ടോ പോകുന്നെന്നാണ് പരിചാരകര്‍ പറയുന്നത് … ഞാനദ്ദേഹത്തിന്റെ ധര്‍മ്മപത്‌നിയല്ലേ… എനിക്കുമില്ലേ അദ്ദേഹത്തിന്റെ മേല്‍ ചില അവകാശങ്ങളൊക്കെ …?
ജീജാ ബായി:- ആര്യാവര്‍ത്തത്തിലെ ധര്‍മ്മപത്‌നിമാര്‍ക്ക് അവകാശങ്ങളില്ല മകളേ ….. കടമകളേ ഉള്ളൂ. കഷ്ട സങ്കടങ്ങളില്‍ പെട്ടുപോയ ഒരു നാടിനെയും അതിന്റെ സംസ്‌കാരത്തെയും പരിരക്ഷിക്കാന്‍ പരിശ്രമിക്കുന്ന ശിവജി കുമാരന് കരുത്താവുക എന്നതാണ് ധര്‍മ്മപത്‌നി എന്ന നിലയില്‍ കുമാരിയുടെ കടമ.
സയീബായി:- അഗ്‌നിസാക്ഷിയായി വരിച്ച ഭാര്യ എന്ന നിലയില്‍ അദ്ദേഹത്തെ ശുശ്രൂഷിക്കേണ്ടത് എന്റെ ധര്‍മ്മമല്ലേ … അദ്ദേഹത്തിന്റെ സാമീപ്യം പോലും ലഭിക്കാതെ ഈയുള്ളവള്‍ എങ്ങിനെയാണ് ഭര്‍ത്തൃ ശുശ്രൂഷ ചെയ്യുന്നത്.
ജീജാ ബായി:- ഒരു ധര്‍മ്മപത്‌നി എന്ന നിലയില്‍ ഞാനും ഒരു കാലത്ത് ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നു. രാജ ധര്‍മ്മത്തിന്റെ സങ്കീര്‍ണ്ണതകള്‍ അടുത്തറിഞ്ഞപ്പോഴാണ് എന്റെ ധാരണകള്‍ തിരുത്തപ്പെട്ടത്. എപ്പോഴും മകനെ ന്യായീകരിക്കുന്ന കര്‍ക്കശക്കാരിയായ അമ്മയാണ് നാമെന്ന് ചിലപ്പോള്‍ കുമാരിക്ക് തോന്നുന്നുണ്ടാവാം. അത് ഈ അമ്മ കടന്നു വന്ന കഷ്ടസങ്കടങ്ങളുടെ മുള്‍വഴികളെ മനസ്സിലാക്കാത്തതു കൊണ്ടാണ്. (ഏതാനും ചുവട് നടന്ന് ദീര്‍ഘനിശ്വാസം ചെയ്തു കൊണ്ട്) ഏതെങ്കിലുമൊക്കെ മുസ്ലീം ഭരണാധികാരികള്‍ക്കു കീഴില്‍ പോരുകോഴികളെപ്പോലെ ആര്‍ക്കോ വേണ്ടി യുദ്ധം ചെയ്ത് മരിച്ചു കൊണ്ടിരുന്ന ബോണ്‍സ്ലെമാരുടെ അന്തപ്പുര നാരികള്‍ മനഃസുഖമെന്തെന്ന് അറിഞ്ഞിരുന്നില്ല. നാം ശിവജി കുമാരനെ എട്ടു മാസം ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് എന്റെ പിതാവ് ലഖൂ ജി ജാദവിനെയും എന്റെ മൂന്ന് സഹോദരന്‍മാരെയും നൈസാം ഷായുടെ ദര്‍ബാറില്‍ വച്ച് യാതൊരു കാരണവുമില്ലാതെ വെട്ടിക്കൊന്നത്. സുല്‍ത്താന്മാരെ സേവിച്ചതിനുള്ള പ്രതിഫലമായിരുന്നു അത്. പരദേശികളായ അറബി സുല്‍ത്താന്മാരുടെ കിരാതവാഴ്ചയില്‍ നിന്നും ഈ നാടിനെ മോചിപ്പിക്കണമെന്ന മോഹം എന്റെ മനസ്സില്‍ ഉദിച്ചത് അക്കാലത്തായിരുന്നു.
സയീബായി:- അമ്മയുടെ മനസ്സില്‍ ചാരം മൂടിക്കിടന്ന ദു:ഖത്തിന്റെ കനലുകളെ ആളിക്കത്തിക്കാന്‍ ഈയുള്ളവളുടെ വാക്കുകള്‍ കാരണമായെങ്കില്‍ എന്നോട് പൊറുക്കണം.
ജീജാ ബായി :- ദു:ഖങ്ങള്‍ എന്നും എന്റെ കരുത്താണ്. ഞാന്‍ നൊന്തു പ്രസവിച്ചത് ശിവജി എന്ന പുത്രനെയല്ല. ഹൈന്ദവീ സ്വരാജ് എന്ന സ്വപ്‌നത്തെയാണ്.
(ഒരു ഭടന്‍ കിതച്ചു കൊണ്ട് ഓടി വരുന്നു)
ഭടന്‍ :- അമ്മ മഹാറാണി വിജയിക്കട്ടെ.
ജീജാ ബായി :- (ആകാംക്ഷയോടെ) ഉം… എന്താണ് വൃത്താന്തം?
ഭടന്‍ :- ഇന്ന് പ്രഭാതത്തില്‍ ശിവജി കുമാരനും സംഘവും ചേര്‍ന്ന് തോരണാ കോട്ട പിടിച്ചടക്കി.
ജീജാ ബായി :- (ആനന്ദവും ആശങ്കയും നിഴലിക്കുന്ന മുഖഭാവം) എന്റെ ഭവാനി ഭരദേവതേ .. അവിടുത്തെ കൃപ എന്റെ കുഞ്ഞിന്റെ മേല്‍ ഉണ്ടാകണേ … (ആശങ്കയോടെ) നമ്മുടെ പക്ഷത്ത് ആള്‍നാശമെന്തെങ്കിലും …?
ഭടന്‍ :- ഇല്ല തമ്പുരാട്ടി… വേണ്ടത്ര കരുതലില്ലാതിരുന്ന ബീജാപ്പൂര്‍ സുല്‍ത്താന്റെ കോട്ടയിലേക്ക് കുമാരനും സംഘവും ഇരച്ചുകയറി ഭഗവ പതാക നാട്ടി കോട്ടപിടിക്കുകയായിരുന്നു
സയീബായി:- എന്നിട്ട് അദ്ദേഹമെവിടെ?
ഭടന്‍ :- അദ്ദേഹം ദാദാജിയുടെ നേതൃത്വത്തില്‍ വിജയഘോഷയാത്രയായി ഇങ്ങോട്ടേയ്‌ക്കെഴുന്നള്ളിക്കൊണ്ടിരിക്കുകയാണ്.
ജീജാ ബായി :- ആരവിടെ (ഒരു ഭടന്‍ ഓടിയെത്തി വണങ്ങി നില്‍ക്കുന്നു).
ഭടന്‍:- അടിയന്‍
ജീജാ ബായി :- ഹൈന്ദവീ സ്വരാജിനു വേണ്ടി ആദ്യ കോട്ടപിടിച്ച് വിജയശ്രീലാളിതനായി വരുന്ന ശിവജി കുമാരനെയും സംഘത്തെയും സ്വീകരിക്കാന്‍ കോട്ടയിലെ പീരങ്കികള്‍ ആചാരവെടി മുഴക്കട്ടെ… പടഹവും ഭേരിയും വിജയകാഹളം മുഴക്കട്ടെ …
ഭടന്‍ :- ഉത്തരവ് തമ്പുരാട്ടി (അയാള്‍ വായ്‌കൈപൊത്തി മറയുന്നു. വിദൂരതയില്‍ നിന്നും കുതിരക്കുളമ്പടി കേട്ടു തുടങ്ങുന്നു)
സയീബായി: – അതാ കുതിരക്കുളമ്പടി കേട്ടു തുടങ്ങി. കുമാരന്റെ എഴുന്നള്ളത്താണെന്നു തോന്നുന്നു (സയീബായി മട്ടുപ്പാവില്‍ കയറി വിദൂരതയിലേക്ക് നോക്കി ആഹ്ലാദവതിയായി ഇറങ്ങി വരുന്നു.
ജീജാ ബായി :- യുദ്ധം വിജയിച്ചു വരുന്ന ഭര്‍ത്താവിനെ മംഗളാരതി ഉഴിഞ്ഞ് സ്വീകരിക്കാന്‍ തയ്യാറാകൂ മകളെ … (സയീബായി രാജമാതാവിനെ വണങ്ങി അന്തപ്പുരത്തിലേക്ക് ഓടിപ്പോകുന്നു. ആനന്ദകരമായ പശ്ചാത്തല സംഗീതത്തില്‍ ജീജാ ബായി ഉലാത്തുന്നു. ഇതിനിടയില്‍ പീരങ്കികള്‍ മുഴങ്ങുന്നു. പടഹ ഭേരികള്‍ ഉയരുന്നു. ശിവജി, ദാദാജി കൊണ്ഡദേവ്, താനാജി തുടങ്ങിയവര്‍ വിജയശ്രീലാളിതരായി പ്രവേശിക്കുന്നു. ശിവജി അമ്മയുടെ പാദം തൊട്ടു തൊഴുന്നു. മകനെ പിടിച്ചെഴുന്നേല്‍പ്പിയ്ക്കുന്ന ജീജാ ബായി നിറകണ്ണുകളോടെ മകന്റെ ശിരസ്സില്‍ മുകരുന്നു. മകന്‍ അമ്മയെ കെട്ടിപ്പിടിക്കുന്നു. അപ്പോഴേയ്ക്കും മംഗളാരതിയുമായി എത്തി സയീബായി ആരതി ഉഴിയുന്നു.
(ജീജാ ബായി താലത്തില്‍ നിന്നെടുത്ത ഒരു നുള്ള് കുങ്കുമം കൊണ്ട് ശിവജിയുടെ നെറ്റിയില്‍ വിജയതിലകം ചാര്‍ത്തുന്നു. സയീബായിയേയും ശിവജിയേയും ജീജാ ബായി ചേര്‍ത്തു പിടിച്ച് നില്‍ക്കുമ്പോള്‍ പശ്ചാത്തലത്തില്‍ തീം സോങ്ങ്. മെല്ലെ പ്രകാശം മങ്ങുന്നു.)
രംഗം – 5
(ലാല്‍ മഹലിന്റെ പൂമുഖത്ത് ചിന്താഭാരത്തോടെ ഉലാത്തുന്ന ദാദാജി കൊണ്ഡദേവ്. തോഴിയുടെയും ഒരു ഭടന്റെയും അകമ്പടിയോടെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്ന ജീജാ ബായി. ജീജാ ബായിയുടെ സാന്നിദ്ധ്യം അറിയാതെ ചിന്തിച്ചു നടക്കുന്ന ദാദാജി. ദാദാജിയെ ഒരു നിമിഷം നോക്കി നില്‍ക്കുന്ന ജീജാ ഭായി)
ജീജാ ബായി :- ദാദാജി ചിന്താഭാരത്താല്‍ വിവശനാണല്ലോ ഇന്ന്.
ദാദാജി: – (ഞെട്ടിത്തിരിഞ്ഞ്) അമ്മ മഹാറാണി വിജയിക്കട്ടെ. അവിടുന്ന് കടന്നു വന്നത് അടിയന്‍ അറിഞ്ഞില്ല.
ജീജാ ബായി :- അതു സാരമില്ല… ഇന്ന് ഭവാനി ദേവിയുടെ നടയില്‍ കൊട്ടാരം പുരോഹിതന്റെ നേതൃത്വത്തില്‍ ഒരു വിശേഷാല്‍ പൂജ ഉണ്ടായിരുന്നു. നമ്മുടെ ശിവജി കുമാരന്റെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി. (തോഴിയുടെ നേര്‍ക്ക് തിരിഞ്ഞ്) ദാദാജിക്ക് പ്രസാദം കൊടുക്കു. (ദാദാജി തോഴിയുടെ കൈയിലെ പൂജാ പാത്രത്തില്‍ നിന്നും കുങ്കുമം എടുത്ത് ഭക്ത്യാദരപൂര്‍വ്വം നെറ്റിയില്‍ തൊടുന്നു)
ജീജാ ബായി :- ഇനിയും അങ്ങയെ അലട്ടുന്ന ചിന്തയെന്തെന്ന് പറഞ്ഞില്ല.
ദാദാജി:- അടിയന്‍ അതിരാവിലെ എത്തിയത് അമ്മ മഹാറാണിയെ മുഖം കാണിക്കാന്‍ വേണ്ടിയാണ്. ചില കാര്യങ്ങള്‍ സ്വകാര്യമായി ഉണര്‍ത്തിക്കാനുണ്ടായിരുന്നു.
(ജീജാ ബായി തോഴിയേയും ഭടനെയും അര്‍ത്ഥഗര്‍ഭമായി ഒന്നു നോക്കിയിട്ട് അമര്‍ത്തി മൂളുന്നു. രണ്ടുപേരും കാര്യം മനസ്സിലാക്കി വണങ്ങി പിന്‍നടന്ന് മറയുന്നു)
ജീജാ ബായി :- (ദാദാജിയുടെ നേര്‍ക്ക് തിരിഞ്ഞ്)
എന്താണ് അവിടുത്തേയ്ക്ക് ഉണര്‍ത്തിക്കാനുള്ളത്?
ദാദാജി:- ബംഗളൂരുവില്‍ നിന്നും നമ്മുടെ ചാരന്‍ എത്തിയിരുന്നു.
ജീജാ ബായി :- (ആകാംക്ഷയും ഉത്കണ്ഠയും കലര്‍ന്ന ഭാവത്തോടെ) എന്താണ് രഹസ്യവിവരം?
ദാദാജി: – ശിവജി കുമാരന്‍ തോരണാ ദുര്‍ഗ്ഗം പിടിച്ചതില്‍ ബീജാപ്പൂര്‍ സുല്‍ത്താന്‍ രോഷാകുലനാണെന്നാണ് ലഭിക്കുന്ന വിവരം.
ജീജാ ബായി :- വൃത്താന്തം വിശ്വസനീയമാണോ?
ദാദാജി: – അവിശ്വസിക്കേണ്ട കാര്യമില്ല. ശിവജി കുമാരന്റെ പിതാവ് വലിയ തിരുമനസ്സ് തന്നെയാണ് രഹസ്യവൃത്താന്തവുമായി ചാരനെ ഇങ്ങോട്ടയച്ചത്.
ജീജാ ബായി :- അപ്പോള്‍ നമുക്കെതിരെ സുല്‍ത്താന്റെ പടനീക്കം ഉടനുണ്ടാകുമോ. (ഇതിനോടകം സംഭാഷണം ശ്രവിച്ചുകൊണ്ട് പശ്ചാത്തലത്തില്‍ എത്തിയ ശിവജി മുന്നോട്ടു വരുന്നു)
ശിവജി: -നിശ്ചയമായും പ്രതീക്ഷിക്കാം… (ചിരിച്ചു കൊണ്ട്) പക്ഷെ ഉടനടി ഉണ്ടാകുമെന്ന് നാം കരുതുന്നില്ല.
ദാദാജി: – കാര്യങ്ങള്‍ അത്ര ലഘുവല്ല കുമാര …
ശിവജി: – ഇന്നലെ വരെ ഹൈന്ദവീ സ്വരാജ് നമ്മുടെ എ ല്ലാം സ്വപ്‌നം മാത്രമായിരുന്നു. തോരണാ ദുര്‍ഗ്ഗം നാം പിടിച്ചതോടെ സ്വപ്‌നം യാഥാര്‍ത്ഥ്യത്തിന് വഴിമാറിക്കഴിഞ്ഞിരിക്കുന്നു. ഇനി വരാന്‍ പോകുന്നത് പോരാട്ടത്തിന്റെ നാളുകളാണ്. ബീജാപ്പൂര്‍ സുല്‍ത്താന്‍ അടങ്ങി ഇരിക്കുമെന്ന് കരുതാന്‍ വയ്യ. പക്ഷെ ഉടനൊരു പടയോട്ടം ഉണ്ടാകില്ലെന്നാണ് നമ്മുടെ നിഗമനം.
ജീജാ ബായി :- കുമാരന്റെ നിഗമനങ്ങളുടെ അടിസ്ഥാനമെന്താണെന്നാണ് നമുക്കറിയേണ്ടത്.
ശിവജി: – തോരണാ ദുര്‍ഗ്ഗം നാം പിടിച്ചതോടെ ബീജാപ്പൂരിന്റെ കീഴിലുണ്ടായിരുന്ന പല ഇട പ്രഭുക്കന്മാരും നാടുവാഴികളും നമ്മെ ഭരണാധികാരിയായി അംഗീകരിച്ചു കൊണ്ട് നമുക്ക് കരം ഒടുക്കുന്ന വിവരം സുല്‍ത്താന്‍ അറിഞ്ഞു എന്നത് നേരാണ്. നമുക്ക് കപ്പം തരുന്ന പലരെയും ദര്‍ബാറില്‍ വിളിച്ചു വരുത്തി ഗളച്ഛേദം ചെയ്യുമെന്നുവരെ ഭീഷണി മുഴക്കി കൊണ്ടിരിക്കുകയാണ് സുല്‍ത്താന്‍. ചിലര്‍ക്കൊക്കെ ഭീഷണിക്കത്തുകള്‍ തന്നെ അയച്ചിരിക്കുന്നു. അത്തരം ഭീഷണികള്‍ക്കു മുന്നില്‍ മറാത്തയുടെ മനോവീര്യം തകരില്ലെന്ന് ഇന്നലെ രാത്രിയോടെ സുല്‍ത്താനും പരിവാരങ്ങള്‍ക്കും മനസ്സിലായിട്ടുണ്ടാവും.
ജീജാ ബായി :- ഇന്നലെ രാത്രി എന്താണ് കുമാരാ ഉണ്ടായത്?
ശിവജി: – (ചിരിച്ചു കൊണ്ട്) അപ്പോള്‍ ദാദാജി അമ്മയോട് ഒന്നും പറഞ്ഞില്ലേ?
ദാദാജി: – നാം അമ്മ മഹാറാണിയോട് ചാരവൃത്താന്തം മാത്രമെ ഉണര്‍ത്തിച്ചുള്ളൂ.
ജീജാ ബായി :- നമ്മില്‍ ഉല്‍കണ്ഠ ഉണര്‍ത്താതെ കാര്യങ്ങള്‍ തെളിച്ചു പറയൂ …
ശിവജി: – രോഹിതേശ്വരന്റെയും ഭവാനി ദേവിയുടെയും കൃപകൊണ്ട് ഇന്നലെ രാത്രി നമ്മുടെ സംഘം ആദില്‍ ശാഹിയുടെ അധികാര പരിധിയില്‍ നിന്നും കൊണ്ഡാന കോട്ട കൂടി പിടിച്ചെടുത്തു.
ജീജാ ബായി :- (അല്‍ഭുതവും ആശങ്കയും നിഴലിക്കുന്ന മുഖഭാവത്തോടെ)… ജയ് ജഗദംബേ…
ദാദാജി: – സുല്‍ത്താനെ ഈ വൃത്താന്തം കൂടുതല്‍ പ്രകോപിപ്പിക്കാന്‍ ഇടയുണ്ട് എന്നതിനാലാണ് ചാരവൃത്തം നാം ഗൗരവത്തിലെടുക്കണം എന്ന് പറയുന്നത്.
ശിവജി: – ചാരവൃത്തം നാം ഗൗരവത്തിലെടുക്കണം എന്നത് ശരി തന്നെ. അതു കൊണ്ട് ബീജാപ്പൂര്‍ സുല്‍ത്താന്‍ ഉടനടി നമ്മെ കടന്നാക്രമിയ്ക്കും എന്ന് കരുതാനാവില്ല. അതിനു കാരണം ബംഗളൂരുവിലുള്ള നമ്മുടെ പിതാവിന്റെ കീഴില്‍ ഇരുപത്തിനാലായിരം സുസജ്ജമായ സൈന്യം ഉണ്ട് എന്നതാണ്. പൂനെയില്‍ നമുക്കെതിരെ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ നമ്മുടെ പിതാവ് ബീജാപ്പൂരിനെതിരെ തിരിയുമോ എന്ന ചിന്താക്കുഴപ്പം സുല്‍ത്താനെ ബാധിച്ചിട്ടുണ്ട് എന്നാണ് നമുക്ക് ലഭിക്കുന്ന വിവരം.
ദാദാജി: – അത്തരം ചിന്താക്കുഴപ്പങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകുമെന്ന് കരുതാന്‍ വയ്യ കുമാര… അതു കൊണ്ട് നമ്മുടെ പക്കലുള്ള കോട്ടകൊത്തളങ്ങള്‍ അടിയന്തിരമായി ബലപ്പെടുത്തിയേ മതിയാകൂ.
ശിവജി: -തോരണാ ദുര്‍ഗ്ഗത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നാം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.
ദാദാജി: – കോട്ടകള്‍ നമുക്ക് സ്വന്തമായി തുടങ്ങിയതോടെ ശിവജി കുമാരനെ ജനങ്ങള്‍ മഹാരാജാവെന്ന് അഭിസംബോധന ചെയ്തു തുടങ്ങിയിരിക്കുന്നു തമ്പുരാട്ടീ…
ജീജാ ബായി :- (മുന്നോട്ട് വന്ന് വന്ദിച്ചു കൊണ്ട്) ഹൈന്ദവീ സ്വരാജിന്റെ മഹാരാജാവിന്,
ഈ എളിയ പ്രജയുടെ വന്ദനം.
ശിവജി: – (അദ്ഭുതാതരങ്ങളോടെ മുന്നോട്ട് വന്ന് അമ്മയുടെ പാദം തൊട്ട് നിറുകയില്‍ വച്ച് വികാരവിവശനായി) അമ്മേ…
ജീജാ ബായി :- ഹൈന്ദവീ സ്വരാജിന്റെ സൈന്യത്തിന് ഇപ്പോള്‍ രണചണ്ഡികയുടെ അനുഗ്രഹമുണ്ട്. എന്നാല്‍ ധനദേവതയായ മഹാലക്ഷ്മി കൂടെ പ്രസാദിക്കാതെ ഒരു സാമ്രാജ്യം പടുത്തുയര്‍ത്താന്‍ സാധിക്കില്ല… അതിനുള്ള വഴി ഭവാനി ദേവി കാട്ടിത്തരുമായിരിക്കും അല്ലേ ദാദാജീ…
(പെട്ടെന്ന് അടുത്തു വരുന്ന കുതിരക്കുളമ്പടി ശബ്ദം. താനാജിമാല്‍സുറെയും മോറോ പന്ത് പിംഗളേയും സന്തോഷവാന്മാരായി കടന്നുവരുന്നു)
താനാജിയും മോറോപാന്തും :- (ഇടതുകൈ നെഞ്ചില്‍ ചരിച്ചു വച്ച് സൈനികമുറയില്‍) ജയ് ശിവാജി
ശിവാജി: – (അതേ മുറയില്‍ അഭിവാദ്യം സ്വീകരിക്കുന്നു) ജയ് ഭവാനി….
മോറോപാന്ത്:- ഒരു സന്തോഷ വാര്‍ത്തയുണ്ട് മഹാരാ ജന്‍.
ശിവജി: – ഉം.. പറയൂ, കേള്‍ക്കട്ടെ.
താനാജി:- (പുറത്തേയ്ക്ക് തിരിഞ്ഞ് കൈകൊട്ടി) ഉം… കൊണ്ടുവരൂ (രണ്ടു സൈനികര്‍ ഒരു ആമാടപ്പെട്ടി താങ്ങി എടുത്ത് കൊണ്ടുവന്ന് ശിവജിയുടെ മുന്നില്‍ വച്ച് വണങ്ങി പിന്‍വാങ്ങുന്നു. എല്ലാവരും ആകാംക്ഷയോടെ നോക്കി നില്‍ക്കുന്നു)
ജീജാ ബായി :- എന്താ ഇത്?
മോറോപന്ത്: – നാം പിടിച്ചെടുത്ത തോരണാ ദുര്‍ഗ്ഗം നവീകരിക്കുമ്പോള്‍ മണ്ണിനടിയില്‍ നി ന്നും കിട്ടിയ നിധിയാണ് തമ്പുരാട്ടീ…
ശിവജി: – എന്ത് നിധിയോ….?
താനാജി: – അതേ മഹാരാജന്‍ … നിറയെ സ്വര്‍ണ്ണ നാണയങ്ങളാണ്
(മോറോപന്ത് പേടകം തുറന്നു കാട്ടുന്നു. വേദിയില്‍ മഞ്ഞപ്രകാശം. എല്ലാവരുടെയും മുഖം അത്ഭുതം കൊണ്ട് വിടരുന്നു )
ജീജാ ബായി:- (പ്രാര്‍ത്ഥനാ ഭാവത്തില്‍) എന്റെ ഭവാനീ ദേവീ …. ഹൈന്ദവീ സ്വരാജിന്റെ വിജയത്തിനായി മഹാലക്ഷ്മിയുടെ അനുഗ്രഹവര്‍ഷമായി നീ വന്നല്ലോ..
താനാജി:- അതെ മഹാറാണി, കോട്ടയിലെ തോരണ്‍ ജായ് ദേവിയുടെ തകര്‍ന്ന ക്ഷേത്രം നവീകരിക്കുമ്പോഴാണ് നമുക്കീ നിധി ലഭിക്കുന്നത്.
ദാദാജി:- തല്‍ക്കാലം ഈ നിധി പേടകം നിലവറയിലേക്ക് മാറ്റട്ടെ…
ശിവജി:- ആരവിടെ… (രണ്ടു പടയാളികള്‍ വന്ന് വണങ്ങി നിന്നു) ഈ നിധി പേടകം സുരക്ഷിതമായി നിലവറയിലേക്ക് മാറ്റു. (പേടകം അകത്തേയ്ക്ക് കൊണ്ടുപോകുന്നു. ദാദാജിയുടെ നേരെ തിരിഞ്ഞ്) മഹാലക്ഷ്മിയുടെ ഈ അനുഗ്രഹവര്‍ഷത്തെ നമുക്ക് മഹാശക്തിയാക്കി മാറ്റണം. ഹൈന്ദവീ സ്വരാജിന്റെ തലസ്ഥാനം പടുത്തുയര്‍ത്താനും ആവശ്യമായ ആയുധങ്ങള്‍ നിര്‍മ്മിക്കാനും ഭവാനി ദേവി നമ്മില്‍ ചൊരിഞ്ഞ കൃപയാണ് ഈ നിധി പേടകം.
ജീജാ ബായി :- ഹൈന്ദവീ സ്വരാജിന് സര്‍വ്വ ദേവതകളുടെയും അനുഗ്രഹമുണ്ടെന്നതിന് ഇതില്‍ പരം എന്ത് തെളിവാണ് വേണ്ടത് (ഭക്ത്യാദരപൂര്‍ച്ചം)… ജയ് ഭവാനി.എല്ലാവരും ചേര്‍ന്ന് രണഘോഷം പോലെ :- ജയ് ശിവാജി (എല്ലാവരുടെയും നടുവില്‍ ശിവജി തൊഴുകൈയോടെ നില്‍ക്കുമ്പോള്‍ പ്രകാശം മങ്ങുന്നു).
(തുടരും)