രംഗം – 13
(ബീജാപ്പുരിന്റെ ദര്‍ബാര്‍. അലി ആദില്‍ഷായുടെ മാതാവ് ബാദി സാഹേബന്‍ കോപാകുലയായി ഉലാത്തുന്നു. ഭീമാകാരനായ അഫ്‌സല്‍ ഖാന്‍, റസ്തംമാന്‍ എന്നിവര്‍ സദസ്സില്‍ ഇരിക്കുന്നു.)
ബീഗം ബാദിസാഹേബന്‍ :- ബീജാപ്പൂരിന്റെ അതിര്‍ത്തികള്‍ പ്രതിദിനം കരണ്ടു തിന്നുന്ന കാട്ടെലിയായി ഒരു കാഫിര്‍ പുളയ്ക്കാന്‍ തുടങ്ങിയിട്ട് നാളെത്രയായി. നിങ്ങള്‍ മീശയും താടിയും വച്ച കുറച്ച് പെണ്ണുകള്‍ തിന്നും കുടിച്ചും മദിച്ചും രമിക്കുമ്പോള്‍ ശിവജി എന്നൊരു കാട്ടു ചെക്കന്‍ ബീജാപ്പൂരിനെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു. അവന്റെ പിതാവ് ഇവിടുത്തെ ആശ്രിതനായിരിക്കുമ്പോഴാണ് അവന്റെയീ ധിക്കാരം. തോരണ കോട്ടപിടിച്ചപ്പോഴെ നാം ജാഗ്രത കാട്ടേണ്ടതായിരുന്നു. സിംഹഗാറും ശുഭ മംഗല്‍ കോട്ടയും ജാവലിയും കീഴടക്കിയ ആ കാട്ടു കള്ളനെ നാമിത്ര കാലം നിസ്സാരനായി കണ്ടു… ഒടുക്കമിതാ ബീജാപ്പുരിന്റെ സ്വര്‍ണ്ണ ഖനിയായ കല്യാണും ഭീവണ്ടിയും ആ മറാത്തന്‍ കാട്ടെലിയുടെ പിടിയിലായി… അതു മാത്രമോ കല്യാണില്‍ നിന്നും ബീജാപ്പൂരിന്റെ ഖജനാവിലേയ്ക്കടയ്‌ക്കേണ്ട വമ്പിച്ച നികുതിപ്പണവും സ്വര്‍ണരത്‌ന സമ്പത്തുകളുമാണ് ആ ശിവജിയും കൂട്ടരും അപഹരിച്ചിരിക്കുന്നത്… ഇനിയുമിത് ക്ഷമിക്കാന്‍ നമുക്ക് കഴിയില്ല… അവനെ നമ്മുടെ മുന്നില്‍ ജീവനോടെയൊ അല്ലാതെയോ ഹാജരാക്കുന്നവര്‍ക്ക് അളവറ്റ സ്വര്‍ണ്ണവും പദവികളും നാം നല്‍കുന്നതാണ്. (ബീഗം അസ്വസ്ഥയായി നടക്കുന്നു. സിംഹാസനത്തോട് ചേര്‍ന്ന പീഠത്തില്‍ സ്വര്‍ണ്ണ താമ്പാളത്തില്‍ വച്ചിരിക്കുന്ന മുറുക്കാന്‍ ചെല്ലം ചൂണ്ടി)….അതിനു ധൈര്യമുള്ള ആണായി പിറന്നവരാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കീതാമ്പൂലമെടുക്കാം…… (ആരും പ്രതികരിക്കാത്തപ്പോള്‍) എന്തേ ബീജാപ്പൂരിന്റെ ദര്‍ബാറിലെ ആണുങ്ങളൊക്കെ മരിച്ചു പോയോ…
റസ്തംമാന്‍ :- (മെല്ലെ എഴുന്നേറ്റുകൊണ്ട് ) ബീഗം പൊറുക്കണം. അവിടുന്നു കരുതുന്നതു പോലെ അത്ര നിസ്സാരക്കാരനല്ല ശിവജി. നമ്മുടെ എത്രയോ സേനാനായകന്മാരെതന്നെ ഇതിനോടകം മറാത്തകള്‍ വധിച്ചു കഴിഞ്ഞു… അംഗബലത്തിലും ആയുധബലത്തിലും ബീജാപ്പൂരിന്റെ മുന്നില്‍ അവര്‍ തുച്ഛരാണെങ്കിലും അടവിലും തന്ത്രത്തിലും അവര്‍ മികച്ച സേനയാണ് മഹാറാണി. വനവാസികളായ മാവിലന്മാരുടെ സഹായമുള്ളതുകൊണ്ട് കാടും മലയും മറയാക്കി നടത്തുന്ന മറാത്ത സേനയുടെ ഒളിയുദ്ധത്തിനു മുന്നില്‍ നമുക്ക് പലപ്പോഴും പിടിച്ചു നില്‍ക്കാനാവുന്നില്ല.
ബീഗം ബാദിസാഹേബന്‍:- ലജ്ജാവഹം… പിടിച്ചു നില്‍ക്കാന്‍ ആവുന്നില്ല പോലും… ഹുക്കയും വലിച്ച് വീഞ്ഞും കുടിച്ച് അന്തപ്പുര ദാസികളോടൊപ്പം രമിച്ച് കഴിയുംപോലെയാണ് യുദ്ധമെന്നു കരുതിയോ… ബീജാപ്പൂരിന്റെ വിജയവൃത്താന്തവുമായല്ലാതെ ഇനി നിങ്ങളില്‍ ഒരുത്തന്‍ പോലും ഈ പടി ചവിട്ടേണ്ട… കടന്നു പോ നമ്മുടെ കണ്‍വെട്ടത്തു നിന്ന്… (റസ്തംമാന്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ അഫ്‌സല്‍ഖാന്‍ എഴുന്നേല്‍ക്കുന്നു)
അഫ്‌സല്‍ഖാന്‍:- ബീഗം ബാദിസാഹേബന്‍… ഞാന്‍ അവിടുത്തെ ബന്ധുവെന്ന ബലത്തില്‍ ചിലത് തുറന്നു പറയാന്‍ ആഗ്രഹിക്കുകയാണ്. അവിടുത്തെ പുത്രനും ബീജാപ്പൂരിന്റ മഹാരാജാവുമായ അലി ആദില്‍ഷായുടെ ആശ്രിതരായി ബംഗളൂരു ഭരിക്കുന്നത് ശിവജിയുടെ പിതാവ് ഷഹാജി ബോണ്‍സ്ലേയും അയാളുടെ മൂത്ത മകന്‍ സംഭാജിയും ചേര്‍ന്നാണെന്ന് മഹാറാണിക്കും അറിവുള്ളതല്ലേ… പിതാവും മൂത്ത പുത്രനും നമുക്കൊപ്പം നിന്ന് നമ്മുടെ ഉപ്പും ചോറും തിന്ന് തടിച്ച് കൊഴുക്കുക… ഇളയ മകന്‍ നമുക്കെതിരെ യുദ്ധം ചെയ്യുക.. വിചിത്രമായ നയതന്ത്രം തന്നെ… ഞാനിതിനെക്കുറിച്ച് ഇതേ ദര്‍ബാറില്‍ എത്രയോ വട്ടം സൂചന തന്നു കഴിഞ്ഞു. പക്ഷെ അന്നാരും ചെവിക്കൊണ്ടില്ല.
ബീഗം ബാദിസാഹേബന്‍ :- നാമെന്തു വേണമെന്നാണ് അഫ്‌സല്‍ഖാന്‍ താങ്കള്‍ പറഞ്ഞു വരുന്നത് …
അഫ്‌സല്‍ഖാന്‍:- നമുക്കൊപ്പമെന്ന് നടിക്കുന്ന പിതാവും നമുക്കെതിരെ പോരാടുന്ന മകനും ഒരിക്കലും മറക്കാത്ത ഒരു പാഠം പകര്‍ന്നു കൊടുക്കാന്‍ മഹാറാണി അടിയനെ അനുവദിക്കണം. എങ്കില്‍ ഞാനീ താമ്പൂലമെടുക്കാന്‍ തയ്യാറാണ് മഹാറാണി..
ബീഗം ബാദിസാഹേബന്‍:- ബലേ ഭേഷ്….. ആണൊരുത്തനെങ്കിലും ഈ ദര്‍ബാറില്‍ ഉണ്ടായല്ലോ…ബീജാപ്പൂരിന്റെ വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യം. നമ്മുടെ കോട്ടകള്‍ പിടിച്ചെടുത്തു കൊണ്ടിരിക്കുന്ന … കല്ല്യാണിലെ ഖജനാവു പോലും കൊള്ളയടിച്ച ആ കാട്ടു കള്ളന്‍ ശിവജിയെ ഉയിരോടെയോ ജഡമായോ നമ്മുടെ മുന്നില്‍ ഹാജരാക്കാനുള്ള ചുമതല നാമിതാ അഫ്‌സല്‍ഖാനെ ഏല്‍പ്പിക്കുന്നു. ആവശ്യമായ സൈന്യവും ആയുധങ്ങളും അനുവദിച്ച് കല്‍പ്പനയാകുന്നു.
അഫ്‌സല്‍ഖാന്‍:-(വിനീതനായി തല കുനിച്ച്) … അടിയന്‍. മഹാറാണി ഈയുള്ളവനില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അടിയന്‍ എന്നും കൃതജ്ഞനായിരിക്കും… ശിവജിയെന്ന കാട്ടു കള്ളനെ പിടിച്ചുകെട്ടി ഈ പാദങ്ങളില്‍ സമര്‍പ്പിക്കാതെ ഈ അഫ്‌സല്‍ഖാന്‍ വിശ്രമിക്കില്ലെന്ന് നാമിതാ പ്രതിജ്ഞ ചെയ്യുന്നു. (അഫ്‌സല്‍ഖാന്‍ വീരഭാവത്തില്‍ താംമ്പൂലമെടുത്ത് വായില്‍ തിരുകുന്നു.. റാണി സന്തുഷ്ട ഭാവത്തില്‍ അരയില്‍ ഒളിപ്പിച്ചിരുന്ന ഒരു കഠാര പുറത്തെടുക്കുന്നു)
ബാദിസാഹേബന്‍:-നവരത്‌നങ്ങള്‍ പതിപ്പിച്ച തങ്കപ്പിടിയുള്ള ഈ കഠാര നാമിതാ അഫ്‌സല്‍ഖാന് സമ്മാനിക്കുന്നു. ആ ധിക്കാരി നമുക്കു മുന്നില്‍ കീഴടങ്ങുന്നില്ലെങ്കില്‍ ഈ കഠാരത്തുമ്പാല്‍ ചീന്തിയെടുത്ത അവന്റെ ശിരസ്സ് നമുക്ക് മുന്നില്‍ കാഴ്ചവയ്ക്കുവാന്‍…. ഹേ… അഫ്‌സല്‍ഖാന്‍ നീ മറക്കരുത്.
അഫ്‌സല്‍ഖാന്‍:- പടച്ചോനാണേല്‍ സത്യം … അടിയന്‍ വാക്കുപാലിച്ചിരിക്കും മഹാറാണി…. വാക്ക് പാലിച്ചിരിക്കും (കഠാര ഉയര്‍ത്തി ചുവന്ന പ്രകാശ വൃത്തത്തില്‍ നില്‍ക്കുന്ന അഫ്‌സല്‍ഖാന്‍… വേദിയില്‍ പ്രകാശം അണയുന്നു… പശ്ചാത്തലത്തില്‍ യുദ്ധസംഗീതം).
രംഗം -14
(കൊട്ടാരത്തിലെ മട്ടുപ്പാവില്‍ പൂര്‍ണ്ണചന്ദ്രനെ നോക്കി നില്‍ക്കുന്ന ശിവജി… പശ്ചാത്തലത്തില്‍ ജീജാ ബായിയുടെ ശബ്ദത്തില്‍ തുളസീദാസരാമായണത്തിന്റെ നേര്‍ത്ത ശീലുകള്‍. അവിടേയ്ക്ക് പൂര്‍ണ്ണ ഗര്‍ഭിണിയായ സയീബായി കടന്നു വരുന്നത് ശിവജി അറിയുന്നില്ല. പ്രസന്നവും പ്രണയാര്‍ദ്രവുമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്‍ നടന്നുവരുന്ന സയീബായി ശിവജിയുടെ തോളില്‍ തല ചായ്ക്കുന്നു. അദ്ഭുതത്തോടെ തിരിഞ്ഞു നോക്കുന്ന ശിവജി അവളെ ചേര്‍ത്തു പിടിച്ച് നെറ്റിയില്‍ ചുംബിക്കുന്നു)
ശിവജി:- സയീബാ…. നീ അടുത്തു വന്നപ്പോള്‍ പൂത്ത കാട്ടുചെമ്പകത്തിന്റെ തണലിലെത്തിയതുപോലെ നമുക്കു തോന്നുന്നു.
സയീബായി:-(ചിരിച്ചുകൊണ്ട്) നിറനിലാവിന്റെ പനിനീര്‍മഴയില്‍ നിന്നാല്‍ ഏത് മഹാരാജാവും ഒരു കവിയായി മാറുമെന്ന് അടിയനു ബോധ്യമായി…
ശിവജി:-(ചിരിച്ച്) ഹ…ഹ… നമുക്കു ശീലം പടവാളുകൊണ്ടെഴുതുന്ന കവിതയാണ്.
സയീബായി:-എങ്കില്‍ ഒരു കളിവാളു കൂടി തീര്‍പ്പിച്ചോളു…
ശിവജി:-(സയീബായിയുടെ നിറവയറില്‍ സ്പര്‍ശിച്ചു കൊണ്ട്) രാജവൈദ്യന്‍ അങ്ങനെ പറഞ്ഞോ?
സയീബായി:-(പുഞ്ചിരിച്ചു കൊണ്ട്) ഇല്ല… പക്ഷേ, അടുത്ത പൗര്‍ണ്ണമിയ്ക്ക് മുമ്പ് രാജകുമാരന്‍ എഴുന്നള്ളുമെന്ന് പറഞ്ഞു…
ശിവജി: – രാജകുമാരനെന്ന് ഉറപ്പിക്കാമോ…
സയീബായി:-നിശ്ചയമായും … ഭവാനി ദേവി ഇന്നലെയും കൂടി സ്വപ്‌നത്തിലെത്തി എന്നെ ആശീര്‍വദിച്ചത് പുത്രവതീ ഭവ എന്നാണ്. അതിരിക്കട്ടെ…. ഹൈന്ദവീസ്വരാജിന്റെ അനന്തരാവകാശിയെ നമുക്കെന്ത് പേരിട്ട് വിളിക്കണമെന്നാണ് അങ്ങയുടെ അഭിപ്രായം.
ശിവജി:- അതൊക്കെ ഭവതിയുടെ ഇഷ്ടം… (അവരുടെ ഇടയിലേക്ക് പ്രസന്നവദനയായി കടന്നുവരുന്ന ജീജാ ബായി)
ജീജാ ബായി:- തിരുവയറൊഴിയും മുമ്പെ കുഞ്ഞിന്റെ നാമകരണവും കഴിഞ്ഞോ….
ശിവജി:- (തെല്ല് അദ്ഭുതത്തോടെ)… അമ്മ…. (അമ്മയുടെ പാദം തൊട്ട് നെറുകയില്‍ വയ്ക്കുന്നു)
ജീജാ ബായി:- ശിവ, ഈ സമയത്താണ് ഒരു ഭര്‍ത്താവിന്റെ സാന്നിദ്ധ്യം ഭാര്യയ്ക്ക് വേണ്ടത്. സൈനിക നീക്കങ്ങളൊക്കെ തത്ക്കാലം ബാജിപ്രഭുവിനെയോ, താനാജിയെയോ ഏല്‍പ്പിച്ച് ഒന്നു രണ്ടു വാരം കുമാരിയോടൊപ്പം ചിലവഴിക്കു …
ശിവജി:- ഞാനും അതു തന്നെയാണ് ആഗ്രഹിക്കുന്നത്.. പക്ഷെ …
ജീജാ ബായി:- എന്തു പക്ഷെ… രാജ്യ കാര്യത്തിനിറങ്ങിത്തിരിക്കുന്നവന്റെ ജീവിതത്തില്‍ പക്ഷെകള്‍ക്ക് അറുതി ഉണ്ടാവില്ല കുമാര… കുടുംബ ജീവിതവും രാഷ്ട്ര കാര്യവും തമ്മിലുള്ള സംഘര്‍ഷത്തില്‍ മുറിവേല്‍ക്കാത്ത ഒരു ഭരണാധികാരിയും ശ്രീരാമചന്ദ്ര പ്രഭുവിന്റെ കാലം മുതല്‍ ഈ ഭാരത വര്‍ഷത്തില്‍ ഉണ്ടായിട്ടില്ല… (അല്‍പ്പം നടന്ന് ഗൗരവത്തില്‍)… സയീബായ്ക്ക് ഗര്‍ഭാലസ്യത്തില്‍ കവിഞ്ഞ ഒരു ക്ഷീണമുണ്ടെന്ന് നമുക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് … കഴിഞ്ഞ ദിവസം രാജവൈദ്യനും ഇതേ അഭിപ്രായം പറയുകയുണ്ടായി.
ശിവജി:- എനിക്കും അത് തോന്നിയിരുന്നു. പിന്നെ സയീബായിയോടൊപ്പം എപ്പോഴും അമ്മയുണ്ടല്ലോ എന്നതാണ് എന്റെ ആശ്വാസം. അവളോടൊപ്പം കുറച്ചു സമയമെങ്കിലും ചിലവഴിക്കണമെന്ന മോഹത്തോടെയാണ് ഞാന്‍ ഓടിയെത്തിയത്… എന്തു ചെയ്യാം… അതിനിടയില്‍ എത്തുന്ന ചാരവൃത്തങ്ങള്‍ നമ്മുടെ ഭാഗത്തു നിന്നും കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നു.
ജീജാ ബായി :- എന്തൊക്കെയാണ് പുതിയ വൃത്താന്തങ്ങള്‍
ശിവജി: – മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ രോഗഗ്രസ്ഥനായതോടെ പുത്രന്‍ ഔറംഗസേബ് ദില്ലിയില്‍ ഏതാണ്ട് അധികാരം പിടിച്ചടക്കിയ മട്ടാണ്. അധികാര ഭ്രാന്തു മൂത്ത് ജ്യേഷ്ഠസഹോദരന്മാരെ എല്ലാം അയാള്‍ യമപുരിക്കയച്ചെന്നാണ് ജനസംസാരം. ബീജാപ്പൂര്‍ സുല്‍ത്താന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ നമ്മെ അടക്കം ദക്ഷിണ ഭാരതം മുഴുവന്‍ പിടിച്ചടക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നെന്നാണ് ചാരവൃത്താന്തം…
ജീജാ ബായി :- അധികാരമോഹവും മതഭ്രാന്തും തലയ്ക്കുപിടിച്ച ആ നികൃഷ്ടജന്മത്തെ നാം കരുതി ഇരിക്കണം.
ശിവജി: – അതിനൊക്കെപ്പുറമെ അഫ്‌സല്‍ഖാന്റെ അധികാര പരിധിയില്‍ പെട്ട ജാവലി കാടുകള്‍ നാം പിടിച്ചെടുത്തതില്‍ അയാള്‍ ക്ഷുഭിതനായിരിക്കുകയാണ്… കല്യാണില്‍ നിന്നും ബീജാപ്പൂര്‍ ഖജനാവിലേയ്ക്ക് കൊണ്ടുപോയ സ്വത്തുക്കള്‍ നാം പിടിച്ചെടുത്തതില്‍ അവിടുത്തെ വലിയ മഹാറാണി ബീഗം ബാദി സാഹേബന്‍ നമുക്കെതിരെ സൈനിക നീക്കത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം…. ഈ സാഹചര്യത്തില്‍ ജാവലിക്കാടുകളുടെ ദുര്‍ഗമസ്ഥാനത്ത് നാം നിര്‍മ്മിക്കുന്ന പ്രതാപ് ഗഢിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. (ഇത് പറഞ്ഞു കൊണ്ടിരിക്കെ വിദൂരതയില്‍ നിന്നും ഒരു കുതിരക്കുളമ്പടി ശബ്ദം അടുത്തു വരുന്നു.)
ജീജാ ബായി :- കോട്ടവാതില്‍ ബന്ധിച്ച് കഴിഞ്ഞ് ആരാണ് തിരക്കിട്ട് വരുന്നത് …
ശിവജി: – സേനാനായകന്മാരോ ചാരന്മാരോ എന്തോ അടിയന്തിര സന്ദേശവുമായി വരുന്നതു പോലെ തോന്നുന്നു. (ശിവജിയുടെ സേനാനായകന്മാരില്‍ ഒരുവനായ ബാജിപ്രഭു ദേശ്പാണ്ഡേ അതീവ ഖിന്നനായി കടന്നു വന്ന് ശിവജിയുടെ മുന്നില്‍ തല ഉയര്‍ത്താതെ നില്‍ക്കുന്നു)
ശിവജി :- (അല്‍പ്പ സമയത്തെ നിശബ്ദത. ശിവജി ബാജിപ്രഭുവിന്റെ സമീപത്ത് എത്തി തോളില്‍ കൈവച്ചു കൊണ്ട്)…. എന്താണ് ബാജിപ്രഭു … സ്വരാജിന്റെ സേനാനായകനു ചേരാത്ത മട്ടും ഭാവവും (ബാജിപ്രഭു വിതുമ്പുന്നു… ശിവജി അക്ഷമനായി ബാജിപ്രഭുവിന്റെ തോള്‍ കുലുക്കി കൊണ്ട്) എന്താണ് ഉണ്ടായതെന്ന് പറയു….
ബാജിപ്രഭു ദേശ്പാണ്ഡേ:- (ജീജാ ബായിയേയും ശിവജിയേയും മാറി മാറി നോക്കി വിതുമ്പി കൊണ്ട്) ബംഗുളൂരുവില്‍ നിന്ന് ഒരു സങ്കട വാര്‍ത്ത എത്തിയിട്ടുണ്ട് മഹാരാജന്‍.
ജീജാ ബായി:- (ഉല്‍ക്കണ്ഠയോടെ മുന്നോട്ടുവന്ന്) വലിയ തമ്പുരാന് എന്തെങ്കിലും …
ശിവജി:-എന്റെ പിതാവിന് എന്തു പറ്റിയെന്നു പറയു …
ബാജിപ്രഭു:-അങ്ങയുടെ പിതാവ് സുരക്ഷിതനാണ് പ്രഭോ… പക്ഷെ അങ്ങയുടെ ജ്യേഷ്ഠന്‍…. സംഭാജി….. ഞാനതെങ്ങനെ പറയും..
ജീജാ ബായി:-എന്റെ മകന്‍ സംഭാജിക്കെന്തു സംഭവിച്ചെന്ന് തുറന്നു പറയു …
ബാജിപ്രഭു:-അമ്മ മഹാറാണി പൊറുക്കണം… രത്‌നഗിരിയിലെ കനക ദുര്‍ഗത്തില്‍ വച്ച് അപ്പാ ഖാനുമായി നടന്ന യുദ്ധത്തില്‍ സംഭാജി കുമാരനെ അഫ്‌സല്‍ഖാന്‍ ചതിച്ചു കൊന്നുതമ്പുരാട്ടി ….
ജീജാ ബായി:-(നെഞ്ചിലടിച്ചു കൊണ്ട്) എന്റെ മകനേ… ഞാനിതെങ്ങനെ സഹിക്കും…(തളര്‍ന്ന്
പടിക്കെട്ടിലേക്ക് ഇരിക്കുന്ന ജീജാ ബായിയെ സയീബായി വിതുമ്പലടക്കി കൊണ്ട് താങ്ങുന്നു…)
ശിവജി: – (ഒരു മാത്ര സ്തംഭിച്ചു പോയ ശിവജി അമ്മയുടെ തോളില്‍ തല ചായ്ച്ച് വിതുമ്പുന്നു. പശ്ചാത്തലത്തില്‍ ശോകസംഗീതം .. മെല്ലെ എഴുന്നേറ്റ് ബാജിപ്രഭുവിനെ സമീപിക്കുന്നു) ബാജിപ്രഭു … എന്താണുണ്ടായതെന്ന് വിശദമായി പറയു…
ബാജിപ്രഭു:- അഫ്‌സല്‍ഖാന്റെ നേതൃത്വത്തില്‍ കനക ഗിരി ആക്രമിക്കുമ്പോള്‍ അയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് സംഭാജികുമാരന്‍ മുന്‍നിരയില്‍ കടന്നു പൊരുതുകയായിരുന്നു. അങ്ങയോടും ബോണ്‍സ്ലെ രാജവംശത്തോടുമുള്ള പക തീര്‍ക്കാന്‍ അഫ്‌സല്‍ഖാന്‍ ഈ അവസരമുപയോഗിച്ചു. അഫ്‌സല്‍ഖാന്റെ ചതി മനസ്സിലാക്കാതെ മുന്‍ നിരയില്‍ പൊരുതിക്കൊണ്ടിരുന്ന സംഭാജികുമാരനെ ബീജാപ്പൂരിന്റെ പീരങ്കി കൊണ്ടു തന്നെ പിന്നില്‍ നിന്നും നിറയൊഴിച്ച് വധിക്കുകയായിരുന്നു മഹാരാജന്‍…
ശിവജി: – (ശിവജിയുടെ കൈകള്‍ വാള്‍പ്പിടിയില്‍ അമര്‍ന്നു … മുഖം രോഷം കൊണ്ട് വിറയ്ക്കുന്നു… വാള്‍ വലിച്ചൂരി അയാള്‍ അലറുന്നു)….
അഫ്‌സല്‍ഖാന്‍….! നിന്റെ ചുടുരക്തം കൊണ്ട് എന്റെയീ ഭവാനി ഖഡ്ഗത്തിന്റെ ദാഹം തീര്‍ക്കാതെ എനിക്കിനി വിശ്രമമില്ല – രണചണ്ഡിക ഭവാനി ദേവിയാണെ ഇത് സത്യം, സത്യം, സത്യം (ശിവജിയുടെ മേല്‍ ചുവപ്പ് പ്രകാശം. ഒരു നിമിഷം എല്ലാവരും നിശ്ചലം.. ശിവജി വാള്‍ ഉറയിലേക്ക് ശക്തിയായി താഴ്ത്തുന്നു. അയാള്‍ സാധാരണ നില കൈവരിക്കുന്ന മുറയ്ക്ക് ജീജാ ബായിയും സയീബായിയും ഇരുവശങ്ങളിലായി എത്തുന്നു … രണ്ടുപേരെയും ചേര്‍ത്തു പിടിച്ച് വിതുമ്പുന്ന ശിവജി.)
ജീജാ ബായി :- എന്റെ ശിവജി കുമാരനേക്കാള്‍ ഏഴു വയസ്സിന് മുതിര്‍ന്നവനായിരന്നു എന്റെ സംഭാജി. ശിവന്‍ അമ്മയ്ക്ക് തുണയായപ്പോള്‍ സംഭാജി അച്ഛന് തുണയായി… ഇനി അവനില്ലെന്നു കരുതാന്‍ എനിക്കാവുന്നില്ലല്ലോ എന്റെ ഭവാനി ദേവി… (വിതുമ്പുന്നു)
ശിവജി: – ആരു പറഞ്ഞു ജ്യേഷ്ഠന്‍ മരണപ്പെട്ടെന്ന് … (രണ്ടു ചുവട് നടന്ന് സയീബായിയെ സമീപിച്ച്) നമുക്ക് പിറക്കാന്‍ പോകുന്ന കുഞ്ഞിന് എന്തു പേരിടണമെന്ന് റാണി ചോദിച്ചിരുന്നില്ലേ… നമ്മുടെ പിറക്കാന്‍ പോകുന്ന രാജകുമാരന് നാമിതാ സംഭാജി എന്ന് പേരിട്ടിരിക്കുന്നു… (ഒന്നു വിതുമ്പി) എന്റെ ജ്യേഷ്ഠന്റെ പേര്…. (പശ്ചാത്തലത്തില്‍ ശോകസംഗീതം… എല്ലാവരും മഞ്ഞ പ്രകാശ വൃത്തത്തില്‍ നിശ്ചലരാകുമ്പോള്‍ വേദിയില്‍ പ്രകാശം മങ്ങുന്നു.
(തുടരും)