2014 ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ മുമ്പാകെ ഉണ്ടായിരുന്ന വെല്ലുവിളികള്‍ നിരവധിയായിരുന്നു. അഴിമതി, ദാരിദ്ര്യം, സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം, തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ശക്തിപ്പെടല്‍, രാജ്യത്തിന്റെ യശസ്സിന് അന്താരാഷ്ട്ര തലത്തില്‍ വന്നുചേര്‍ന്ന ഇടിവ്, കര്‍ഷക ആത്മഹത്യ അങ്ങനെ പലതും. എന്നാല്‍ ഇവയൊക്കെ മറികടക്കാന്‍ സ്പഷ്ടമായ കാഴ്ചപ്പാടിലൂടെ കൃത്യമായ കാര്യപരിപാടികള്‍ രൂപീകരിച്ച് പ്രവര്‍ത്തന പദ്ധതിയില്‍ കൊണ്ടുവരുന്ന കാഴ്ച കഴിഞ്ഞ പത്ത് വര്‍ഷമായി നാം കാണുന്നു. അധികാരത്തില്‍ വന്നപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ പ്രധാനമായും ഏഴെണ്ണം ആയിരുന്നു എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാവും. ദാരിദ്ര്യ നിര്‍മാര്‍ജനം, ആഭ്യന്തര സുരക്ഷ, അതിര്‍ത്തി സംരക്ഷണം, സാമ്പത്തിക വളര്‍ച്ച, സമ്പൂര്‍ണ്ണമായ അഴിമതി നിര്‍മ്മാര്‍ജ്ജനം, സ്ത്രീ ശാക്തീകരണം, ലോകത്തിനു മുമ്പില്‍ ഭാരതത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തല്‍ എന്നിങ്ങനെ. 2014 ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി ചെങ്കോട്ടയില്‍ വച്ച് നരേന്ദ്രമോദി നടത്തിയ പ്രസംഗം ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. അന്നാണ് ജന്‍ധന്‍ യോജനയും സ്വച്ഛ്ഭാരത് പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടത്. അന്നാണ് നരേന്ദ്രമോദി സ്ത്രീകളുടെ സുരക്ഷ നമ്മുടെ നാട്ടിലെ പുരുഷന്മാരുടെ ഉത്തരവാദിത്തമാണെന്നും അല്ലാതെ അത് സ്ത്രീകളുടെ ബാധ്യതയല്ലെന്നും ഓര്‍മ്മിപ്പിച്ചത്. ഭാരതം സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്‌നം കണ്ട അവസ്ഥയില്‍ എത്തണമെങ്കില്‍ ദാരിദ്ര്യവും പട്ടിണിയും പൂര്‍ണമായി തുടച്ചുനീക്കി തല്‍സ്ഥാനത്ത് സാമ്പത്തിക വളര്‍ച്ചയും ജീവിത നിലവാരത്തില്‍ ഉണ്ടാവുന്ന ഉയര്‍ച്ചയും പകരം സ്ഥാപിക്കണം. നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമായിരിക്കണം, നമ്മുടെ രാജ്യത്ത് ഒരുതരത്തിലുള്ള ക്രമസമാധാന പ്രശ്‌നവും പൊതുജനങ്ങള്‍ക്ക് ഉണ്ടാവരുത്, ലോകരാജ്യങ്ങള്‍ക്ക് നടുവില്‍ വിശ്വശാന്തി വളര്‍ത്തുവാന്‍ ശക്തിശാലിനിയായ സമ്പല്‍ സമൃദ്ധവും ഐശ്വര്യ പൂര്‍ണ്ണവുമായ, ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശേഷിയുള്ള ഒരു രാജ്യമായി ഭാരതത്തെ മാറ്റണം എന്ന സങ്കല്‍പ്പത്തോടുകൂടിയുള്ള പ്രവര്‍ത്തനമാണ് കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തുവന്നത്. ഈ ലക്ഷ്യങ്ങള്‍ നേടാനായി രാജ്യത്തെ കൃഷിക്കാരെ സഹായിക്കാനും വറുതിയില്‍ നിന്ന് വരുമാനത്തിലേക്ക് അവരെ കൈപിടിച്ചുയര്‍ത്താനുമുള്ള പദ്ധതികള്‍ മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത് നാം കണ്ടു. സ്വന്തമായി ഒരു വീട്, ആ വീട്ടില്‍ പാചകവാതകം, വൈദ്യുതി, കുടിവെള്ളം എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏതൊരു മനുഷ്യന്റെയും സ്വപ്‌നമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കോടാനുകോടി ജനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലൂടെ ഇവ ലഭ്യമായത്. പെണ്‍കുട്ടികളെ ഭ്രൂണഹത്യയില്‍ നിന്നും രക്ഷിച്ച് സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ള അവസരങ്ങള്‍ അവര്‍ക്കായി നല്‍കി, മുമ്പ് അവരുടെ മുന്നില്‍ അടഞ്ഞു കിടന്ന വാതിലുകള്‍ തുറന്ന് അവിടെ അവര്‍ക്കായി ചുവന്ന പരവതാനി വിരിക്കുന്നതും നാം കണ്ടു. ജനസംഖ്യയില്‍ 65% വരുന്ന യുവാക്കള്‍ക്ക് പ്രാഥമിക പഠനത്തിനും ഉന്നത വിദ്യാഭ്യാസത്തിനും ഉള്ള അവസരങ്ങള്‍ പതിന്മടങ്ങായി വര്‍ദ്ധിപ്പിച്ചു. ഏതൊരു രാജ്യത്തിന്റെയും നാഡീഞരമ്പുകള്‍ ആണ് റോഡുകളും റെയില്‍ ഗതാഗതവും വിമാന ഗതാഗതവും. സ്വാതന്ത്ര്യത്തിന്റെ അതുവരെയുള്ള വര്‍ഷങ്ങളില്‍ ഭാരതം ഈ മേഖലകളില്‍ നേടിയ നേട്ടങ്ങളുടെ അളവ് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഇരട്ടിയിലധികമായി വര്‍ദ്ധിക്കുന്നത് നാം കണ്ടു. ഇന്റര്‍നെറ്റ് ലഭ്യത, ബാങ്കിംഗ് മേഖലയില്‍ പൊതുജന പങ്കാളിത്തം, സര്‍ക്കാര്‍ സേവനങ്ങള്‍ ഇടനിലക്കാരില്ലാതെ അനുഭവിക്കുക എന്നിവ ഏതൊരു ആധുനിക സമൂഹത്തിന്റെയും അവകാശമാണ്. ഇന്ന് ലോകത്ത് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിലും സുതാര്യമായും എളുപ്പത്തിലും ഇവയൊക്കെ ലഭിക്കുന്ന സമൂഹം ഭാരതത്തിലാണ് ജീവിക്കുന്നത്.
ഇന്നത്തെ ഭാരതത്തിലെ സേവനങ്ങളും സൗകര്യങ്ങളും
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നാലു കോടി വീടുകളാണ് സര്‍ക്കാര്‍ സഹായത്തോടെ രാജ്യത്തെ പാവങ്ങള്‍ക്കായി നിര്‍മ്മിച്ചു കൊടുത്തത്. രാജ്യത്തെ പതിനൊന്നര കോടി കൃഷിക്കാര്‍ ഇന്ന് സര്‍ക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായം കൈപ്പറ്റുന്നു. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് വര്‍ഷംതോറും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ലഭിക്കുന്നു. രാജ്യത്ത് ഒമ്പതര കോടി മഹിളകള്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സൗജന്യമായി പാചക വാതക കണക്ഷന്‍ ലഭിക്കുകയുണ്ടായി. രാജ്യത്ത് വൈദ്യുതി ലഭിക്കാതിരുന്ന പതിനെണ്ണായിരം ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കപ്പെട്ടു, രാജ്യത്തെ ദേശീയ ഹൈവേകളുടെ ദൈര്‍ഘ്യം 95,000 കിലോമീറ്റര്‍ നിന്നും 1,45,000 കിലോമീറ്റര്‍ ആയി വര്‍ദ്ധിപ്പിച്ചു, രാജ്യത്തെ തീവണ്ടി ഗതാഗതം 99% വും വൈദ്യുതീകരിച്ചു, രാജ്യത്തെ സര്‍വ്വകലാശാലകളുടെ എണ്ണം 400 ആയി വര്‍ദ്ധിപ്പിച്ചു. എല്ലാ സംസ്ഥാനത്തും ഐഐടികളും എയിംസുകളും സ്ഥാപിക്കുക എന്ന ലക്ഷ്യം 80 ശതമാനം കൈവരിച്ചു. മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഒന്നര ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. രാജ്യരക്ഷാ രംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഭാരതം കൈവരിച്ച നേട്ടം അത്ഭുതകരമാണ്. ആയിരക്കണക്കിന് കോടി രൂപയുടെ രാജ്യരക്ഷാ ഉപകരണങ്ങള്‍ വര്‍ഷംതോറും ഇറക്കുമതി ചെയ്യുന്ന അവസ്ഥയില്‍ നിന്നും ആയിരക്കണക്കിന് കോടി രൂപയുടെ രാജ്യരക്ഷാ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഭാരതം മാറി. സ്വന്തമായി തേജസ് എന്ന യുദ്ധവിമാനം വികസിപ്പിച്ച് അവ കയറ്റുമതി ചെയ്യുന്ന അവസ്ഥയില്‍ എത്തി. സൈന്യം താണുകേണ് അപേക്ഷിക്കുന്നത് പോലും സൈന്യത്തിന് ലഭിക്കാത്ത അവസ്ഥയില്‍ നിന്നും സൈന്യം ആവശ്യമുള്ളത് സൈന്യത്തിന് നല്‍കുന്ന അവസ്ഥയിലെത്തി. സംയുക്ത സേനാ മേധാവി എന്ന പദവി 70 വര്‍ഷങ്ങള്‍ക്കുശേഷം യാഥാര്‍ത്ഥ്യമായി. അഴിമതി നിര്‍മ്മാര്‍ജനം ഒരു ഭഗീരഥ പ്രയത്‌നമാണ് എന്ന് വിശ്വസിച്ചവരും അതൊരിക്കലും ഭാരതത്തില്‍ സാധ്യമാവില്ല എന്ന് കരുതിയവരും നാട്ടില്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍ നയാ പൈസയുടെ അഴിമതി നടത്താതെ ഭാരതമെന്ന രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്ന് പത്ത് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ തെളിയിച്ചു. ഞാന്‍ തിന്നുകയുമില്ല തിന്നാന്‍ അനുവദിക്കുകയും ഇല്ല എന്നു പറഞ്ഞ മോദി അത് അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കി. മാത്രമല്ല അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പ്രഭുക്കന്മാരും അവര്‍ എത്ര ഉന്നതരാണെങ്കിലും അവരുടെ സ്ഥാനം കല്‍ത്തുറുങ്കലിനകത്താണ് എന്ന് തെളിയിക്കുകയും ചെയ്തു.
സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തി
പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, സ്ത്രീ ശാക്തീകരണം എന്നിവ ബാങ്കിംഗ് മേഖലയിലൂടെ കൈവരിക്കുന്ന അവിശ്വസനീയമായ കാഴ്ച കഴിഞ്ഞ പത്ത് വര്‍ഷമായി ഭാരതം കാണുന്നു, കോര്‍ ബാങ്കിംഗ് സൗകര്യവും എടിഎം കാര്‍ഡും റേഷന്‍ കാര്‍ഡ് പോലെ സര്‍വസാധാരണമായി. പാസ്‌പോര്‍ട്ടും ഡ്രൈവിംഗ് ലൈസന്‍സും ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കപ്പെട്ടു. അതിര്‍ത്തി ഗ്രാമങ്ങളെ അവസാനത്തെ ഗ്രാമമായി വിളിച്ചിരുന്ന മോശപ്പെട്ട മാനസികാവസ്ഥ മാറി അവ ആദ്യത്തെ ഗ്രാമങ്ങളായി. തൊഴിലിനായി അപേക്ഷിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താനുള്ള അവസരം, ചെറിയ സര്‍ക്കാര്‍ നല്ല ഭരണം എന്ന ഉദ്ദേശം വച്ചുള്ളതാണ്. ജലവിഭവങ്ങളുടെ സമര്‍ത്ഥമായ ഉപയോഗം ലക്ഷ്യം വെച്ചുള്ള നദികളുടെ ശുദ്ധീകരണം, പൈപ്പിലൂടെയുള്ള കുടിവെള്ള വിതരണം, ആധുനിക ജലസേചനം, ഡ്രോണ്‍ ഉപയോഗിച്ചുള്ള കാര്‍ഷിക പ്രവൃത്തി എന്നിവ ആധുനിക ഭാരതത്തിന്റെ ചിഹ്നങ്ങളാണ്.
ശാസ്ത്ര സാങ്കേതിക രംഗത്തുള്ള നേട്ടങ്ങള്‍
ചന്ദ്രന്റെ തെക്കുഭാഗത്ത് ഇറങ്ങിയ ആദ്യ മനുഷ്യനിര്‍മ്മിത പേടകം ഭാരതം വികസിപ്പിച്ച ചന്ദ്രായന്‍ ആണ്. മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനും മറ്റു നാലുപേരും ബഹിരാകാശ യാത്രയ്ക്കായി തയ്യാറെടുക്കുന്നു. കോവിഡ് കാലത്ത് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് പരമ്പരാഗത പ്രതിരോധ മരുന്നുകള്‍ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്ക് ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്തത് ഭാരതമായിരുന്നു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ ഭാരതം ലോകത്തിന്റെ മരുന്ന് കടയാണ് എന്ന് പറഞ്ഞത് നാം ഓര്‍ക്കുക. കോവിഡ് കാലത്ത് സ്വന്തമായി കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചും ഉല്പാദിപ്പിച്ചും ഭാരതം ലോകത്തെ അത്ഭുതപ്പെടുത്തി. നൂറിലധികം രാജ്യങ്ങളിലെ കോവിഡ് രോഗികള്‍ക്ക് ആശ്വാസമായത് ഭാരതം നല്‍കിയ വാക്‌സിന്‍ ആയിരുന്നു. അതില്‍ 48 രാജ്യങ്ങള്‍ക്ക് നാം വാക്‌സിന്‍ സൗജന്യമായി നല്‍കി എന്നത് ലോകാവസാനം വരെ സ്മരിക്കപ്പെടും. ഭാരതം നല്‍കിയ വാക്‌സിന്‍ സ്വീകരിച്ച ബ്രസീല്‍ രാഷ്ട്രപതി ജായിര്‍ ബോള്‍സോനാറോയുടെ ‘മൃതസഞ്ജീവനി’ ട്വീറ്റ് ഓര്‍ക്കുക. 1960 കളില്‍ നമ്മുടെ കഷ്ടപ്പാട് കണ്ട് നമുക്ക് പോളിയോ വാക്‌സിന്‍ സൗജന്യമായി നല്‍കിയ കാനഡയിലേക്ക് കോവിഡ് കാലത്ത് നാം വാക്‌സിന്‍ കയറ്റുമതി ചെയ്തു എന്നുള്ളത് പുതിയ ഭാരതത്തിന്റെ കരുത്ത് തെളിയിക്കുന്ന വസ്തുതയാണ്.
അമൃതകാലം
സ്വാതന്ത്ര്യത്തിന്റെ നാലാമത്തെ 25 വര്‍ഷത്തിലേക്ക് നാം കടക്കുകയാണ്. ഇതിനെ അമൃതകാലം എന്നും മോദി സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നു. ഈ അമൃതകാലത്ത് വികസിത ഭാരതം സൃഷ്ടിക്കുക എന്നുള്ളതാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. കടല്‍പ്പാലങ്ങളും, ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരതും പര്‍വതങ്ങള്‍ക്ക് അടിയിലൂടെയുള്ള തുരങ്ക പാതകളും ചരക്ക് തീവണ്ടികള്‍ക്ക് മാത്രമുള്ള റെയില്‍വേ പാതകളും ആധുനിക ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങളായി മോദി സര്‍ക്കാര്‍ വികസിപ്പിച്ചു. ഭാരതത്തെ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മോദി സര്‍ക്കാര്‍ ഉയര്‍ത്തി. 2027 ഓടുകൂടി ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ത്താനുള്ള തീവ്ര പരിശ്രമത്തിലാണ് മോദി സര്‍ക്കാര്‍. സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7% ത്തിന് മുകളില്‍ നില്‍ക്കുന്നതും പണപ്പെരുപ്പ നിരക്ക് 5% ത്തില്‍ താഴെ നില്‍ക്കുന്നതും കാര്‍ഷിക വളര്‍ച്ചാ നിരക്ക് 5% ത്തില്‍ നിലനിര്‍ത്തുന്നതുമായ ഒരു രാജ്യമായി ഭാരതത്തെ മോദി സര്‍ക്കാര്‍ മാറ്റിയിരിക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനും ബാലാക്കോട്ടിനും ഗാള്‍വാനിനും ശേഷം ഭാരതത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് നുഴഞ്ഞ് കയറാനും ഭാരതത്തിന്റെ ഭൂമി കൈവശപ്പെടുത്തുവാനുമുള്ള ശ്രമങ്ങള്‍ പാകിസ്ഥാനും ചൈനയും അവസാനിപ്പിച്ച മട്ടാണ്. തീവ്രവാദികളോടുള്ള മോദി സര്‍ക്കാരിന്റെ നിലപാട് വീട്ടില്‍ കയറി വകവരുത്തും എന്നും തിരഞ്ഞ് പിടിച്ച് വകവരുത്തും എന്നുമാണ്. 2014 മുതല്‍ 2019 വരെ ഭരിച്ച മോദി സര്‍ക്കാരിന്റെ സദ്ഭരണത്തിനുള്ള അംഗീകാരമായിരുന്നു 2019ലെ തുടര്‍ ഭരണത്തിനുള്ള ജനവിധി. എണ്ണിയാല്‍ ഒടുങ്ങാത്ത ഭരണനേട്ടങ്ങളുമായി മോദി സര്‍ക്കാര്‍ 2024 ലെ പൊതു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. മേല്‍പ്പറഞ്ഞ നേട്ടങ്ങള്‍ അനുഭവിച്ച രാഷ്ട്രവും ജനതയും വരുന്ന തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതികരിക്കുമെന്ന് ജൂണ്‍ മാസം നാലാം തീയതി അറിയാം.
(അവസാനിച്ചു)