രംഗം – 17
(അഫ്‌സല്‍ഖാന്റെ പടകുടീരം. ഹുക്കയും വീഞ്ഞുമായി ഇരിപ്പിടത്തില്‍ ചാഞ്ഞിരിക്കുന്ന ഖാന്‍. അടുത്തു തന്നെ വീഞ്ഞു ഭരണി. കാല്‍ തടവിക്കൊണ്ടിരിക്കുന്ന റസിയ എന്ന ദാസി)
അഫ്‌സല്‍ഖാന്‍:- ആെരവിടെ (ഒരു ഭടന്‍ പാഞ്ഞു വരുന്നു)
ഭടന്‍ :- അടിയന്‍
അഫ്‌സല്‍ഖാന്‍:-നമ്മുടെ ദൂതന്‍ കൃഷ്ണാജി പന്ത് ഭാസ്‌ക്കറിനോട് നമ്മെ അടിയന്തിരമായി മുഖം കാണിക്കാന്‍ പറയൂ…
ഭടന്‍:- ഉത്തരവ് (അയാള്‍ പാഞ്ഞു പോകുന്നു)
അഫ്‌സല്‍ഖാന്‍:- (റസിയയോട്) നമുക്കല്‍പ്പം കൂടി വീഞ്ഞു പകരു … (ദാസി വീഞ്ഞു പകര്‍ന്നു കൊണ്ടു വരുമ്പോള്‍ അയാള്‍ മെല്ലെ എഴുനേറ്റ് നടന്നു തുടങ്ങുന്നു.)
റസിയ:- (വീഞ്ഞ് നീട്ടിക്കൊണ്ട്) ഇതാ ഹുസൂര്‍
അഫ്‌സല്‍ഖാന്‍ :- (വീഞ്ഞ് കുടിച്ചു കൊണ്ട് ) ഹ…ഹ… റസിയ ഇങ്ങടുത്തു വരൂ…
റസിയ:- (ശൃംഗാര ഭാവത്തോടെ അടുത്തു ചെല്ലുന്നു) എന്താണ് ഹുസൂര്‍
അഫ്‌സല്‍ഖാന്‍:- (അവളെ ചേര്‍ത്തു പിടിച്ച് മുഖമുയര്‍ത്തി കൊണ്ട്) അഫ്ഗാനിലെ മുന്തിരി തോട്ടങ്ങളില്‍ വാറ്റിയെടുത്ത ഈ വീഞ്ഞ് നിന്റെയീ അധരം പോലെ നമ്മെ ലഹരിപിടിപ്പിക്കുന്നു.. (ഒറ്റ വലിക്ക് വീഞ്ഞകത്താക്കി ചഷകം റസിയക്ക് കൈമാറുന്നു). പക്ഷെ നിന്റെ അധരത്തിന്റെ ലഹരി നഷ്ടപ്പെടുന്നത് നമുക്ക് സഹിക്കാന്‍ കഴിയില്ല …
റസിയ:- പ്രഭോ അടിയനെപ്പോഴും അങ്ങേയ്‌ക്കൊപ്പം ഉണ്ടല്ലോ…
അഫ്‌സല്‍ഖാന്‍ :- അതുകൊണ്ട് കാര്യമില്ല… നമുക്കെന്തെങ്കിലും സംഭവിച്ചാല്‍ നീ മറ്റൊരാളിന്റെ ദാസിയോ ഭാര്യയോ ആകില്ലെന്നെന്താണുറപ്പ് … ആ കാട്ടെലി ശിവജിയെ ആണ് നാം നേരിടാന്‍ പോകുന്നത്… എന്താണ് സംഭവിക്കുക എന്ന് പടച്ചോന് മാത്രമെ അറിയൂ…
റസിയ :- അങ്ങേക്കൊന്നും സംഭവിക്കില്ല… അങ്ങ് നയിച്ച പടകളിലെല്ലാം അങ്ങു തന്നെയായിരുന്നില്ലേ ജേതാവ് … പിന്നെ ഈ നിസ്സാരനായ ശിവജിയെ നേരിടുമ്പോള്‍ ആശങ്കയെന്തിന്..
അഫ്‌സല്‍ഖാന്‍ :- നീ മൊഞ്ചത്തി മാത്രമല്ല… ബുദ്ധിമതിയും കൂടിയാണ്.. അതുകൊണ്ടാണ് നിന്നെ എനിക്ക് പരലോകത്തും ഹൂറിയായി വേണമെന്നു തോന്നുന്നത് …
റസിയ:- പരലോകത്തും ഞാന്‍ അങ്ങയുടെ വിശ്വസ്ത ഹുറിയായിരിക്കും ഹുസൂര്‍ …
അഫ്‌സല്‍ഖാന്‍:- മിടുക്കി … അങ്ങനെ വേണം… ബീജാപ്പൂര്‍ ബീഗം എനിക്ക് സഞ്ചരിക്കാനായി കൊടുത്തയച്ച ആന വഴി മദ്ധ്യേ വീണു മയ്യത്തായതു മുതല്‍ അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നതു പോലൊരു തോന്നല്‍….
റസിയ:- അതൊക്കെ അങ്ങയുടെ തോന്നല്‍ മാത്രമാണ് ഹുസൂര്‍… അങ്ങയെപ്പോലെ പരാക്രമിയായ ഒരു പോരാളിയെ തോല്‍പ്പിക്കാന്‍ ഈ ഡക്കാനില്‍ ഇന്നാരാണുള്ളത്…
അഫ്‌സല്‍ഖാന്‍ :- ഹ… ഹ … എത്ര ഉശിരു തരുന്ന വാക്കുകള്‍…. നമ്മുടെ മുപ്പത്തിരണ്ട് ഹൂറിമാരില്‍ നാം നിന്നെയാണ് റസിയ ഏറെ സ്‌നേഹിക്കുന്നത് … (വന്യമായ ഭാവത്തോടെ) നീയിങ്ങടുത്തു വരൂ… (വിലാസവതിയായി അടുത്തു ചെല്ലുന്ന റസിയയെ ഒരു കൈ കൊണ്ട് ചേര്‍ത്തു പിടിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി ദുരൂഹമായി ചിരിക്കുന്ന ഖാന്‍… അയാള്‍ മറുകൈ കൊണ്ട് അരയിലൊളിപ്പിച്ച കഠാര വലിച്ചൂരി അവളുടെ കഴുത്തില്‍ കുത്തിയിറക്കുന്നു…)
റസിയ:-അള്ളാ…. (പിടഞ്ഞ് വീണ് മരിക്കുന്നു)
അഫ്‌സല്‍ഖാന്‍ :- (കഠാരയിലെ ചോര വടിച്ചെറിഞ്ഞു കൊണ്ട് …) ഈ ഭൂമിയില്‍ പട ജയിക്കുമ്പോള്‍ നമുക്ക് പുതിയ ഹൂറിമാര്‍ എത്ര വേണമെങ്കിലും കിട്ടും. പക്ഷെ പരലോകത്തെ കാര്യം പടച്ചോനല്ലേ അറിയൂ… അതുകൊണ്ട്… നമ്മുടെ മുപ്പത്തിരണ്ട് ഹൂറിമാരും നമുക്ക് പരലോകത്തും വേണം… നീ മാത്രമെ ഇനി ബാക്കി ഉണ്ടായിരുന്നൊള്ളു റസിയ… നീ മാത്രമേ ഉണ്ടായിരുന്നുള്ളു… ഇപ്പോള്‍ അതും സാധിച്ചു… (അയാള്‍ വന്യമായി ചിരിക്കുന്നു… വേദിയില്‍ ചുവന്ന പ്രകാശം പരന്നണയുന്നു. വെളിച്ചം വരുമ്പോള്‍ അസ്വസ്ഥനായി ഉലാത്തുന്ന അഫ്‌സല്‍ഖാന്‍. അവിടേയ്ക്ക് കൃഷ്ണാ ജി പന്ത് ഭാസ്‌ക്കര്‍ എന്ന ബ്രാഹ്‌മണ ദൂതന്‍ എത്തുന്നു)
കൃഷ്ണാജി: – (വായ് കൈ പൊത്തി) അടിയന്‍…
അഫ്‌സല്‍ഖാന്‍:- ഓ… കൃഷ്ണാജി പന്ത് ഭാസ്‌ക്കര്‍ … താങ്കള്‍ എത്തിയോ…
കൃഷ്ണാജി:- അടിയനെ എന്തിനാണാവോ വിളിപ്പിച്ചത്…
അഫ്‌സല്‍ഖാന്‍:- ഒരു പ്രത്യേക ദൗത്യം നാം താങ്കളെ ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു.
കൃഷ്ണാജി: – കല്‍പ്പിച്ചാലും പ്രഭോ …
അഫ്‌സല്‍ഖാന്‍ :- ശിവജിയെ ഉയിരോടെയോ ജഡമായോ കൊണ്ടു ചെല്ലാമെന്ന് ബീജാപ്പൂര്‍ മഹാറാണി ബീഗം ബാദിസാഹേബിനോട് നാം വാക്കു കൊടുത്തിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇപ്പോഴിതാ മഴക്കാലം വരവറിയിച്ചുകഴിഞ്ഞു. മഴ രൂക്ഷമായാല്‍ നമ്മുടെ സേനാനീക്കങ്ങള്‍ അവതാളത്തിലാകും. മറാത്തകളുടെ കുലദേവതാ മന്ദിരമായ തുളജാപ്പൂരിലെ ഭവാനിമന്ദിരടക്കം നിരവധി ക്ഷേത്രങ്ങള്‍ നമ്മുടെ സൈന്യം തകര്‍ത്തിട്ടും ആയിരങ്ങളെ കൊന്നുതള്ളിയിട്ടും ശിവജിയും സൈന്യവും കോട്ട വിട്ടിറങ്ങി നമ്മോട് പൊരുതാന്‍ തയ്യാറാകുന്നില്ല. പേടിത്തൊണ്ടനായ ആ കാട്ടെലിയെ ഏത് വിധേനയും നമ്മുടെ മുന്നിലെത്തിക്കുക എന്ന ദൗത്യമാണ് നാം താങ്കളെ ഏല്‍പ്പിക്കുന്നത്. മറാത്ത പടയെ താഴ്‌വരയിലെത്തിച്ചാല്‍ നാം ജയിച്ചു.
കൃഷ്ണാജി: – ആ ദുഷ്‌കരമായ കൃത്യം അടിയനെങ്ങനെ കഴിയുമെന്നാണ് അങ്ങ് കരുതുന്നത്.
അഫ്‌സല്‍ഖാന്‍ :- ഏത് ദുഷ്‌കരകൃത്യവും നിഷ്പ്രയാസം സാധിക്കുന്ന ചതുരനായ ദൂതനാണ് താങ്കളെന്ന് പലവട്ടം മുന്നേ തെളിയിച്ചിട്ടുള്ളതാണ്.
കൃഷ്ണാജി: – അങ്ങയുടെ നല്ല വാക്കുകള്‍ക്ക് നന്ദി… എങ്കിലും ശിവജിയെപ്പോലെ തന്ത്രശാലിയായൊരു പോരാളിയെ സ്വാധീനിക്കാനുള്ള സിദ്ധി അടിയനുണ്ടോ എന്നൊരു സംശയം ബാക്കിയാണ്…
അഫ്‌സല്‍ഖാന്‍ :- താങ്കളുടെ ഒന്നാമത്തെ സിദ്ധി താങ്കള്‍ ബ്രാഹ്‌മണ കുലത്തില്‍ പിറന്നു എന്നുള്ളതാണ്. ബ്രാഹ്‌മണരെ അങ്ങേയറ്റം ബഹുമാനിക്കുന്ന ശിവജിക്ക് അങ്ങയുടെ വാക്കുകളെ ധിക്കരിക്കാനാവില്ല. ആ കാട്ടെലിയോട് നാം സന്ധി ചെയ്യാനാഗ്രഹിക്കുന്നതായി അറിയിക്കു… കോട്ട വിട്ടിറങ്ങി താഴ്‌വരയില്‍ ഈ പട കുടീരത്തിലെത്തി നമ്മോട് സന്ധി ചെയ്താല്‍ മേലില്‍ അയാളുടെ കോട്ടകളോ ഭൂപ്രദേശങ്ങളോ നാം ആക്രമിക്കില്ല എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നിടത്താണ്, കൃഷ്ണാജി താങ്കളുടെ സിദ്ധി ഇരിക്കുന്നത്. ഈ ദൗത്യത്തില്‍ വിജയിച്ചാല്‍ താങ്കളെ കാത്തിരിക്കുന്ന സമ്മാനങ്ങള്‍ ഏഴു തലമുറയ്ക്ക് കഴിയാനുള്ള സമ്പത്താണ്. ഇതാ നമ്മുടെ പ്രീതിയുടെ അടയാളമായി തത്ക്കാലം ഇത് സ്വീകരിച്ചു കൊള്ളു…
കൃഷ്ണാജി: – അടിയന്‍ (അഫ്‌സല്‍ഖാന്‍ ഒരു പണക്കിഴി കൃഷ്ണാജി പന്തിന് കൈമാറുന്നു. അയാള്‍ അത് വിനീതനായി കൈകൊള്ളുമ്പോള്‍ അവര്‍ക്കു മേല്‍ മഞ്ഞപ്രകാശവലയം. വേദിയില്‍ വെളിച്ചം മങ്ങുന്നു.)
രംഗം- 18
(നേര്‍ത്ത ശബ്ദത്തില്‍ ഉയരുന്ന ചണ്ഡികാ സ്‌തോത്രം. വനാന്തരത്തിലെ പ്രതാപഗഡില്‍ ഭവാനി വിഗ്രഹത്തിനു മുന്നില്‍ ചിന്‍മുദ്രയില്‍ ധ്യാനലീനനായിരിക്കുന്ന സമര്‍ത്ഥരാമദാസ സ്വാമികള്‍. അടുത്തു തന്നെ സേവക ഭാവത്തില്‍ തൊഴുതു നില്‍ക്കുന്ന ശിവജി. പശ്ചാത്തലത്തിലെ ഹോമകുണ്ഡത്തില്‍ നിന്നും പുക ഉയരുന്നു. നീലയും മഞ്ഞയും ഇടകലര്‍ന്ന പ്രകാശവിതാനം)
സമര്‍ത്ഥരാമദാസ്:- (കണ്ണുതുറന്ന് ശിവജിയോടായി) നമ്മുടെ അന്തര്‍നേത്രങ്ങളില്‍ അംബ ഭവാനി കാട്ടിത്തരുന്നത് ചതിയുടെ ദൂതുമായി ഒരാള്‍ പുറപ്പെട്ടു കഴിഞ്ഞുവെന്നാണ്. പക്ഷെ അമ്പാടികൃഷ്ണന്‍ പൂതനയെ എന്ന പോലെ, ബാലഗോപാലന്‍ തൃണാവര്‍ത്തനെ എന്ന പോലെ, കൃഷ്ണകിശോരന്‍ കുവലയപീഡത്തിനെ എന്നപോലെ ശിവരാജനും ശത്രുവിന്റെ കുതന്ത്രങ്ങളെ അതിജയിക്കുമെന്നാണ് ഭഗവതി ഭവാനി ദേവി നമ്മോട് അരുളിച്ചെയ്യുന്നത്. ഭയപ്പെടേണ്ട, അമ്മ കൂടെയുണ്ടാവും. (സാവധാനം എഴുന്നേറ്റ് മുന്നോട്ട് നടക്കുന്നു) നമുക്ക് സാധനാ സങ്കേതമായ ശിവതാര്‍ ഗുഹയിലേക്ക് മടങ്ങാന്‍ സമയമായിരിക്കുന്നു…
ശിവജി: – ഗുരുനാഥാ അങ്ങ് അടിയനെ വിട്ടുപോകരുതേ… അടിയന്റെ മനസ്സ് ആശങ്കയുടെ കരിമേഘങ്ങള്‍ കൊണ്ടു മൂടുമ്പോള്‍ മറ്റൊരാശ്രയം അടിയനില്ല പ്രഭോ… അങ്ങേയ്ക്കുവേണ്ടി നഗര കവാടത്തില്‍ നാമൊരു കൊട്ടാരം തന്നെ കെട്ടിത്തരാം.
വെട്ടിപ്പിടിച്ച ഈ സാമ്രാജ്യം തന്നെ അടിയന്‍ അവിടുത്തെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കാന്‍ സന്നദ്ധനാണ് ഭഗവന്‍ …
സമര്‍ത്ഥരാമദാസ്:- (ചിരിച്ചു കൊണ്ട്) സര്‍വ്വസംഗപരിത്യാഗിയായ സന്യാസിക്കെന്തിനാണ് കുഞ്ഞേ കൊട്ടാരവും ചെങ്കോലുമൊക്കെ.. യോഗ ദണ്ഡേന്തേണ്ട കൈകളില്‍ ചെങ്കോല്‍ ഇണങ്ങില്ല കുമാര … അങ്ങയുടേത് രാജര്‍ഷിയുടെ ജന്മമാണ്. ഈ ഭാരത വര്‍ഷത്തിന്റെ രാജധര്‍മ്മം പരിപാലിക്കാന്‍ വന്ന ഈശ്വരനിയോഗം… അധര്‍മ്മികളുടെ അന്ത്യം കുറിച്ച് ഈ ഭാരത വര്‍ഷത്തിന്റെ ഏക ഛത്രാധിപതിയായി അങ്ങ് അഭിഷിക്തനാകുന്ന നാള്‍ വരും… ആശങ്കകള്‍ വേണ്ട… നാമുണ്ടാവും കൂടെ… (രാമദാസ സ്വാമികള്‍ വലതു കൈയുടെ പെരുവിരല്‍ ശിവജിയുടെ ഭ്രൂമദ്ധ്യത്തിലും നടുവിരല്‍ മൂര്‍ദ്ധാവിലും അമര്‍ത്തി ദീക്ഷ പകരുന്നവനെപ്പോലെ പ്രാര്‍ത്ഥിച്ച് നില്‍ക്കുന്നു… അവര്‍ക്കു മേല്‍ നീല പ്രകാശം. ശിവജി തൊഴുത് നില്‍ക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം കൈകള്‍ പിന്‍വലിച്ച് ചിന്‍മുദ്രാ ഭാവത്തില്‍ പിടിച്ച് ശിവജിയെ അനുഗ്രഹിക്കുന്നു…) വിജയീ ഭവ… (സമര്‍ത്ഥരാമദാസ് കീര്‍ത്തനം പാടി നടന്നു മറയുന്നത് അല്‍പ്പസമയം നോക്കി നില്‍ക്കുന്ന ശിവജി … പിന്നീട് ചിന്താഭാരത്തോടെ കൊട്ടാര മുറ്റത്ത് ഉലാത്തുമ്പോള്‍ മഹാമന്ത്രി മോറോപന്ത് പിംഗളേ കടന്നുവന്ന് ഉപചാരം ചൊല്ലുന്നു)
മോറോപന്ത് :- ജയ് ശിവാജി.
ശിവജി: – ജയ് ഭവാനി … എന്താണ് മോറോപന്ത്.
മോറോപന്ത് :- അഫ്‌സല്‍ഖാന്‍ പറഞ്ഞയച്ച കൃഷ്ണാജി പന്ത് ഭാസ്‌ക്കര്‍ എന്ന ദൂതന്‍ അങ്ങയെ മുഖം കാണിക്കാന്‍ പുറത്ത് കാത്തുനില്‍ക്കുകയാണ് പ്രഭോ …
ശിവജി: – വിചിത്രമായിരിക്കുന്നല്ലോ മോറോപന്ത് … നമ്മെ ഉയിരോടെയോ ജഡമായോ ബീജാപ്പൂര്‍ സുല്‍ത്താന്മാരുടെ മുന്നില്‍ കാഴ്ചവയ്ക്കുമെന്ന് വിളംബരം ചെയ്തു വന്ന അഫ്‌സല്‍ഖാന്‍ ദൂതനെ അയയ്ക്കുക എന്നു പറഞ്ഞാല്‍ അതില്‍ അസ്വാഭാവികമായി എന്തോ ഉണ്ടല്ലോ മഹാമന്ത്രി… നമ്മുടെ കോട്ടകളും ഭൂപ്രദേശങ്ങളുമായിരുന്നു അയാള്‍ക്ക് വേണ്ടിയിരുന്നതെങ്കില്‍ അയാള്‍ അത് യുദ്ധം ചെയ്തു പിടിക്കാന്‍ ശ്രമിക്കുമായിരുന്നു… അയാള്‍ക്ക് വേണ്ടത് നമ്മെത്തന്നെയാണ്…
മോറോപന്ത് :- അടിയന്റെ പഴമനസ്സിലും അത് തോന്നാതിരുന്നില്ല തിരുമനസ്സേ…
ശിവജി: – ഇനി ചിലപ്പോള്‍ ശത്രുവിന്റെമേല്‍ സാമ ദാന ഭേദ ദണ്ഡങ്ങളൊക്കെ മാറി മാറി പരീക്ഷിക്കുന്നതിന്റെ ഭാഗവുമാവാം ഒരു ദൂത സന്ദര്‍ശനം. എന്തായാലും കടന്നു വരാന്‍ പറയൂ …
മോറോപന്ത് :- (പുറത്തേയ്ക്ക് നോക്കി) മഹാശയാ കടന്നു വന്നാലും… (കൃഷ്ണാജി പന്ത് വിനീതനായി കടന്നു വരുന്നു).
കൃഷ്ണാജി പന്ത് :- (കൈകള്‍ തൊഴുതു പിടിച്ച്) മഹാരാജാവ് വിജയിക്കട്ടെ…
ശിവജി:- (കൈകള്‍ കൂപ്പി തൊഴുതുകൊണ്ട്) മഹാശയ, അങ്ങേയ്ക്ക് നമോവാകം… എന്താണാവോ അങ്ങയുടെ ആഗമനോദ്ദേശം …?
കൃഷ്ണാജി പന്ത്: – അഫ്‌സല്‍ഖാന്‍ വായി നഗരത്തില്‍ എഴുന്നള്ളിയിട്ടുണ്ട്. അങ്ങയുടെ പിതാവ് മഹാനായ ഷഹാജി ബോണ്‍സ്ലെയുമായി അദ്ദേഹത്തിനുള്ള സൗഹൃദം പ്രഖ്യാതമാണല്ലോ… പുത്രനായ അങ്ങയെ ഒരു സൗഹൃദ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കാനാണ് അടിയനെ ദൂതനായി അയച്ചിരിക്കുന്നത്. അഫ്‌സല്‍ഖാനെക്കുറിച്ച് ആശങ്കകള്‍ വേണ്ട എന്ന് അങ്ങയെ അറിയിക്കാന്‍ അടിയനെ പ്രത്യേകം ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ശിവജി:- നമ്മുടെ ദുര്‍ഗ്ഗങ്ങളെല്ലാം ആക്രമിച്ച് കീഴടക്കികൊണ്ട് വമ്പന്‍ സൈന്യവുമായി എത്തിയിരിക്കുന്ന അഫ്‌സല്‍ഖാനെ സത്യത്തില്‍ നമുക്ക് ഭയമാണ് കൃഷ്ണാജി പന്ത് …പിന്നെങ്ങിനെ നാം വായി നഗരത്തിലെത്തി അദ്ദേഹത്തെ സന്ദര്‍ശിക്കും…
കൃഷ്ണാജി പന്ത് :- ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് നാം ഉറപ്പുതരുന്നു പ്രഭോ…
ശിവജി:- ശരിയായിരിക്കാം… എങ്കിലും നാം ബീജാപ്പൂരിനെയും അഫ്‌സല്‍ഖാനെയും ധിക്കരിച്ച ഒരു കുറ്റവാളിയല്ലേ… അതുകൊണ്ട് നമുക്ക് വായി നഗരത്തിലെത്തി അദ്ദേഹത്തെ കാണാന്‍ ഭയമാണ്. ഖാന്‍ സാഹേബ് ഈ ജാവളി വനത്തില്‍ വന്ന് ഈയുള്ളവന് അഭയം തരണമെന്നാണ് നമ്മുടെ അപേക്ഷ… എന്നു മാത്രമല്ല നാം ജാവളി ദുര്‍ഗം ഉള്‍പ്പടെ എല്ലാ ദുര്‍ഗ്ഗങ്ങളും ഭൂപ്രദേശങ്ങളും ധന സമ്പത്തുകളും അദ്ദേഹത്തിന് കാഴ്ചവച്ച് ശിഷ്ടകാലം അദ്ദേഹമനുവദിക്കുമെങ്കില്‍ ഒരു സാമന്തനായി കഴിഞ്ഞു കൊള്ളാമെന്ന് വാക്കു തരുന്നു… നമ്മുടെ സമാധാന സന്ദേശവുമായി ഗോപിനാഥ പന്തെന്ന ദൂതന്‍ അവിടെ വന്ന് ഖാന്‍ സാഹേബിനെ മുഖം കാണിക്കുന്നതായിരിക്കുമെന്ന് അറിയിക്കുന്നു.
കൃഷ്ണാജി പന്ത് :- അങ്ങയുടെ ആഗ്രഹം അതാണെങ്കില്‍ ഖാന്‍സാഹേബുമായുള്ള കൂടിക്കാഴ്ച ജാവളി വനത്തില്‍ വച്ചാക്കാന്‍ അടിയന്‍ പരിശ്രമിക്കുന്നതാണ്. തത്ക്കാലം അടിയന് വിട തന്നാലും..
ശിവജി: – അങ്ങിനെ ആവട്ടെ കൃഷ്ണാജി പന്ത് … (കൃഷ്ണാജി പന്ത് ശിവജിയെ താണ് തൊഴുത് പിന്‍വാങ്ങി… ശിവജി ഒരു ഗൂഢസ്മിതത്തോടെ ഉലാത്തി തുടങ്ങി… ഒന്നും മനസ്സിലാകാതെ വിവിധ വികാരങ്ങളോടെ ശിവജിയെ നോക്കി നില്‍ക്കുന്ന മോറോപന്ത് )
മോറോപന്ത് :- അങ്ങെന്തൊക്കെ വാഗ്ദാനങ്ങളാണ് ഇപ്പോള്‍ കൃഷ്ണാജി പന്തിന് നല്‍കിയത്… നാം പൊരുതി നേടിയ ഹൈന്ദവീസ്വരാജിന്റെ കോട്ടകളൊക്കെ അഫ്‌സല്‍ഖാന്റെ മുന്നില്‍ നിരുപാധികം സമര്‍പ്പിക്കുകയോ … അടിയനൊന്നും മനസ്സിലാകുന്നില്ല പ്രഭോ …
ശിവജി: – (പൊട്ടിച്ചിരിച്ചു കൊണ്ട്) ഹ…ഹ… നാമെന്തൊക്കെ വാഗ്ദാനങ്ങള്‍ നല്‍കി എന്നതല്ല … നാമെന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്നതാണ് പ്രധാനം… നമ്മുടെ സൈനിക മേധാവികളെ അടിയന്തിരമായി വിളിച്ചു കൂട്ടു…
മോറോപന്ത്:- ഉത്തരവ് പ്രഭോ …(വേദിയില്‍ വിവിധ പ്രകാശങ്ങള്‍ മിന്നി മറഞ്ഞ് ഇരുള്‍ പരക്കുന്നു)
(തുടരും)