- ഛത്രപതി
- രോഹിതേശ്വരന്‍ സാക്ഷി (ഛത്രപതി 2 )
- സ്വപ്‌നത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് (ഛത്രപതി 3)
- ഹൈന്ദവീസ്വരാജ് യാഥാര്‍ത്ഥ്യമാകുന്നു (ഛത്രപതി 12)
- കടഞ്ഞെടുത്ത പടവാള്‍ (ഛത്രപതി 4)
- സമര്‍ത്ഥരാമദാസ സവിധേ (ഛത്രപതി 5)
- ആത്മവിശുദ്ധിതന്‍ ആദര്‍ശരൂപം (ഛത്രപതി 6)
രംഗം – 21
(അഫ്‌സല്‍ഖാന്‍ തന്റെ പടകുടീരത്തില്‍ അസ്വസ്ഥനായി ഉലാത്തുന്നു. സമീപത്ത് കൃഷ്ണാജി ഭാസ്‌ക്കര്‍, ഊരിപ്പിടിച്ച വാളുമായി സയ്യദ ബന്ധാ എന്നിവര്‍)
അഫ്‌സല്‍ഖാന്‍ :- എന്താണ് കൃഷ്ണാജി ഭാസ്‌ക്കര്‍ ആ കാട്ടെലിക്ക് നമ്മുടെ മുന്നില്‍ വരാന്‍ ഇത്രയ്ക്ക് അമാന്തം ..
കൃഷ്ണാജി: -ശിവജി അങ്ങയെ വല്ലാതെ ഭയക്കുന്നതായാണ് അടിയന് ലഭിക്കുന്ന വിവരം …
അഫ്‌സല്‍ഖാന്‍ :-ഇനി ആ പേടിത്തൊണ്ടന്‍ വാക്കു മാറി കളയുമോ എന്നാണ് എന്റെ പേടി…
(ഒരു ഭടന്‍ പ്രവേശിച്ച് അഫ്‌സല്‍ഖാനെ താണു വണങ്ങുന്നു)
ഭടന്‍ :-അടിയന്‍
അഫ്‌സല്‍ഖാന്‍ :- ഉം…. പറയു, എന്താണ് കാര്യം..
ഭടന്‍ :-ശിവജിയുടെ ദൂതന്‍ അങ്ങയെ മുഖം കാണിക്കാന്‍ അനുവാദം ചോദിക്കുന്നു.
അഫ്‌സല്‍ഖാന്‍ :- (അസ്വസ്ഥനായി) ഉം… കടന്നു വരാന്‍ പറയു….
(ദൂതന്‍ ആചാരകൈയോടെ വിനീതനായി പ്രവേശിക്കുന്നു)
ദൂതന്‍:-സലാം ഹുസൂര്‍
അഫ്‌സല്‍ഖാന്‍ :- ശിവജിക്ക് നമ്മുടെ മുന്നിലെത്താന്‍ എന്താണിത്ര കാലതാമസം..
ദൂതന്‍:-അടിയനോട് പൊറുക്കണം പ്രഭോ … അങ്ങയോടൊപ്പം ഖഡ്ഗയുദ്ധ പ്രവീണനായ സയ്യദബന്ധാ ഉണ്ടെന്ന വിവരം ശിവജിയെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുന്നു…
അഫ്‌സല്‍ഖാന്‍:- (പൊട്ടിച്ചിരിക്കുന്നു) ഹ…ഹ… മഹാപരാക്രമിയെന്ന് മാലോകര്‍ വാഴ്ത്തുന്ന നിങ്ങളുടെ ശിവജി ഇത്രയ്ക്ക് ഭീരുവോ … സയ്യദബന്ധാ, ശിവജിയുമായി നമ്മുടെ കൂടിക്കാഴ്ച കഴിയുവോളം താങ്കള്‍ പടകുടീരത്തിന് പുറത്തു നില്‍ക്കു…
സയ്യദബന്ധ :-അടിയന്‍ (അയാള്‍ പ്രണമിച്ച് പുറത്തു പോകുന്നു. കൃഷ്ണാജി പന്ത് ഇതില്‍ അസ്വസ്ഥനാകുന്നു)
അഫ്‌സല്‍ഖാന്‍ :-ശിവജിയുടെ ഭയമൂലങ്ങളെ എല്ലാം നാം മാറ്റിയിരിക്കുന്നു… ഇനിയും അമാന്തമില്ലാതെ നമ്മുടെ മുന്നിലെത്താന്‍ അയാളോടു ചെന്നു പറയു …
ദൂതന്‍:-ഉത്തരവ് പ്രഭോ, (അയാള്‍ വന്ദിച്ച് നിഷ്‌ക്രമിക്കുന്നു)
അഫ്‌സല്‍ഖാന്‍ :-(അര്‍ത്ഥഗര്‍ഭമായി ചിരിച്ചുകൊണ്ട്) ഒരു ഭീരുവിന്റെ അന്തിമാഭിലാഷമല്ലേ… സാധിച്ചില്ലെന്നു വേണ്ട… അരയിലെ എന്റെയീപടവാള്‍കണ്ട് ചിലപ്പോള്‍ അയാള്‍ വിരണ്ടോടിയാലോ… (വാള്‍ ഉറയോടെ കൃഷ്ണാജി പന്തിനെ ഏല്‍പ്പിക്കുന്നു) തത്കാലം ഇതൊരു ബ്രാഹ്‌മണന്റെ പക്കലിരിക്കട്ടെ… ഹ…ഹ… (അയാള്‍ സിംഹാസത്തില്‍ അമര്‍ന്നിരിക്കുന്നു …. ശിവജി വരുന്നതിന്റെ സൂചനയായി ഒരു ശംഖനാദം കേള്‍ക്കുന്നു… കൃഷ്ണാജി പന്ത് ജാഗരൂകനാകുന്നു)
കൃഷ്ണാജി പന്ത്:- (അയാള്‍ പുറത്തേയ്ക്ക് ചൂണ്ടി) പ്രഭോ അതാ ശിവജി പടകുടീരത്തിന്റെ കവാടത്തിലെത്തിക്കഴിഞ്ഞു…
(അഫ്‌സല്‍ഖാന്‍ ചാടി എണീറ്റ് കൈകള്‍ അരക്കെട്ടിലൂന്നി ഉദ്ധതനായി നില്‍ക്കുന്നു… ശിവജി ജീവാമഹലിനോടൊപ്പം പടകുടീരത്തിലേക്ക് കടന്നുവന്ന് അഫ്‌സല്‍ഖാനെ വന്ദിച്ചു… പിന്നെ അയാളുടെ മുഖത്തു നോക്കി അര്‍ത്ഥഗര്‍ഭമായി ചിരിക്കുന്നു)
അഫ്‌സല്‍ഖാന്‍ :- സ്വാഗതം ശിവജി രാജന്‍…. (ഉപഹാസപൂര്‍വ്വം) മാലോകര്‍ മഹാപരാക്രമി എന്നു വാഴ്ത്തുന്ന താങ്കള്‍ നമ്മെ എന്തിനാണ് ഇത്രക്ക് ഭയപ്പെടുന്നത്
ശിവജി:-(അക്ഷോഭ്യനായി ചിരിച്ചുകൊണ്ട്) അതിന് താങ്കളെ ആര് ഭയപ്പെടുന്നു. ഞാന്‍ ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അത് സാക്ഷാല്‍ ശ്രീരാമചന്ദ്രപ്രഭുവിനെ മാത്രമാണ്…
അഫ്‌സല്‍ഖാന്‍:-ഭീരുവിനെപ്പോലെ ഒളിച്ചിരുന്നിട്ട് ഇപ്പോള്‍ നമ്മുടെ മുന്നില്‍ വന്ന് ധിക്കാരം പറയുന്നോ… നിന്റെ അഹങ്കാരം അവസാനിപ്പിക്കാനാണ് നാമിവിടെ നേരിട്ടെഴുന്നള്ളിയിരിക്കുന്നത്… നിന്റെ പക്കലുള്ള മുഴുവന്‍ കോട്ടകളും ഈ നിമിഷം നമ്മെ ഏല്‍പ്പിക്കണം..
ശിവജി:-എന്നോട് കല്‍പ്പിക്കാന്‍ ഞാന്‍ താങ്കളുടെ അടിമയോ ദാസനോ അല്ല…
അഫ്‌സല്‍ഖാന്‍:-വീണ്ടും ധിക്കാരം പുലമ്പാതെ നമുക്ക് കീഴ്‌വഴങ്ങി ജീവിച്ചാല്‍ ബീജാപ്പൂര്‍ സുല്‍ത്താന്റെ കീഴില്‍ നിന്നെ നാം സാമന്തനായി കഴിയാന്‍ അനുവദിക്കാം… ഭീരുക്കള്‍ക്ക് നല്ലത് സാമന്തപദവിയാണെന്ന് സമ്മതിച്ച് നമ്മെ ആലിംഗനം ചെയ്യൂ ശിവജി രാജന്‍ (അയാള്‍ കൈകള്‍ വിടര്‍ത്തി കൃത്രിമ സ്‌നേഹം നടിച്ച് ശിവജിയെ തന്റെ കരവലയത്തിലാക്കി.. പിന്നീട് ഒരു കൈ കൊണ്ട് ശിവജിയുടെ കഴുത്ത് തന്റെ കക്ഷത്തിനുള്ളിലാക്കി അരയില്‍ ഒളിപ്പിച്ചിരുന്ന കഠാര വലിച്ചുരി ശിവജിയുടെ മുതുകില്‍ കുത്താന്‍ ആയുന്നു. ഇതിനിടയില്‍ ശിവജി തന്റെ അരയിലൊളിപ്പിച്ച പുലിനഖകത്തി അഫ്‌സല്‍ഖാന്റെ അടിവയറ്റില്‍ കയറ്റി കുടല്‍മാല വലിച്ച് പുറത്തിട്ടു)
അഫ്‌സല്‍ഖാന്‍:-(വയര്‍ പൊത്തിപ്പിടിച്ച് കുതറി മാറി) അള്ളാ…. ചതി… ചതി… കൊല്ലവനെ… അയ്യോ…. (അയാള്‍ വേച്ച് പോകുന്നു)
ശിവജി:- ഇതെന്റെ ജ്യേഷ്ഠനെ ചതിച്ചു കൊന്നതിന് അമ്മ തന്നു വിട്ട സമ്മാനം (ശിവജി അരയിലൊളിപ്പിച്ച കഠാര വലിച്ചൂരി ഖാന്റെ കഴുത്തില്‍ കുത്തുന്നു. ഖാന്‍ വേച്ച് വീഴാന്‍ തുടങ്ങുന്നു…. ബഹളം കേട്ട് കുതിച്ചെത്തിയ സയ്യദബന്ധ ശിവജിക്കു നേരെ വാള്‍ വീശുന്നു… എന്നാല്‍ ജീവാമഹലിന്റെ വാള്‍ അയാളെ നേരിടുന്നു… ഇതിനിടയില്‍ കൃഷ്ണാജി പന്ത് ശിവജിക്ക് നേരെ വാള്‍ വീശുന്നു… ശിവജി ഒഴിഞ്ഞുമാറി)
ശിവജി:-കൃഷ്ണാജി നാം ബ്രാഹ്‌മണരെ കൊല്ലാറില്ല. എന്റെ മുന്നില്‍ പെടാതെ ഒഴിഞ്ഞു പോ…
(അയാള്‍ വീണ്ടും ശിവജിക്കു നേരെ വീശിയ വാള്‍ തോളില്‍ ചെറിയ മുറിവുണ്ടാക്കി. അടുത്ത നിമിഷം ഭവാനി ഖഡ്ഗം വലിച്ചൂരി ഒറ്റ വെട്ടിന് അയാളെ വകവരുത്തി… ഇതിനിടയില്‍ കോട്ടയില്‍ നിന്ന് യുദ്ധാഹ്വാനത്തിന്റെ കാഹളവും തുടര്‍ന്ന് പീരങ്കി വെടികളും മുഴങ്ങി. എവിടെയും ഹര ഹര മഹാദേവ, ജയ് ഭവാനി, ജയ് ശിവാജി വിളികള്‍ മുഴങ്ങി… പശ്ചാത്തലത്തില്‍ വലിയ പോരാട്ടത്തിന്റെ ശബ്ദവിന്യാസങ്ങള്‍, ജീവാമഹല്‍ ഇതിനിടയില്‍ സയ്യദബന്ധയെ വക വരുത്തുന്നു…)
ശിവജി:- (അഫ്‌സല്‍ഖാനു നേരെ വാളുമായി അടുക്കുമ്പോള്‍ അയാള്‍ വേച്ച് വേച്ച് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നു…) തുളജാപ്പൂരിലെ ഭവാനി വിഗ്രഹം അടിച്ചുടച്ച ഈ കൈകള്‍ ഇനി നിനക്ക് വേണ്ട.. (വലംകൈ വെട്ടി എറിയുന്നു.. അഫ്‌സല്‍ഖാന്‍ അലറി വിളിക്കുന്നു)
ഇനി ഞാനെന്റെ അമ്മയ്ക്കു കൊടുത്ത വാക്ക്…. രണചണ്ഡിക ഭവാനി ദേവിയ്ക്കുള്ള തിരുമുല്‍കാഴ്ച…..ജയ് ഭവാനി (അഫ്‌സല്‍ ഖാനെ ചവിട്ടി വീഴ്ത്തി തല വെട്ടിമാറ്റുന്നു…. പശ്ചാത്തലത്തില്‍ യുദ്ധ കോലാഹലങ്ങള്‍…. അവിടേയ്ക്ക് രക്തം പുരണ്ട വാളുമായി താനാജിയും ബാജി പ്രഭുവും ഇരുവശങ്ങളില്‍ നിന്നും പ്രവേശിക്കുന്നു)
ബാജിപ്രഭു:-നമ്മുടെ സൈന്യം ജാവളിക്കാടുകളില്‍ തമ്പടിച്ച അഫ്‌സല്‍ഖാന്റെ സേനയെ മുച്ചൂടും മുടിച്ചു കഴിഞ്ഞു പ്രഭോ…. ശേഷിച്ചവര്‍ ഓടി രക്ഷപ്പെട്ടു…
താനാജി:-ശത്രു സേനയുടെ പക്കല്‍ നിന്നും നമ്മുടെ സൈന്യം അമ്പത്തഞ്ച് ഗജവീരന്മാരെയും നാലായിരം പോര്‍ കുതിരകളെയും ആയിരത്തി ഇരുനൂറ് ഒട്ടകങ്ങളെയും, എഴുപത് പീരങ്കികളും ഇതിനോടകം പിടിച്ചെടുത്തു കഴിഞ്ഞു മഹാരാജന്‍…
ശിവജി:-ഈ യുദ്ധം പൂര്‍ണ്ണമാകണമെങ്കില്‍ ഒരു കര്‍മ്മം കൂടി ബാക്കിയുണ്ട്. പടക്കളത്തിലേക്ക് അനുഗ്രഹിച്ചയക്കുമ്പോള്‍ നമ്മുടെ മാതാവ് ആവശ്യപ്പെട്ട ഒരു സമ്മാനമുണ്ട്… യുദ്ധവിജയിയായി മടങ്ങിച്ചെല്ലുമ്പോള്‍ നാം നല്‍കാമെന്നേറ്റ സമ്മാനം…. മുപ്പത്തിരണ്ട് പല്ലുകളുള്ള ഒരു കൊറ്റനാടിന്റെ തല… (അഫ്‌സല്‍ഖാന്റെ മൃതദേഹം ചൂണ്ടി) ഇതാ കിടക്കുന്നു ആ തല…. അഫ്‌സല്‍ഖാന്റെ തല … തുളജാപ്പൂരിലെ ഭവാനി ദേവിക്കുള്ള ശിവജി മഹാരാജന്റെ തിരുമുല്‍കാഴ്ച… ബാജിപ്രഭു ദേശ്പാണ്ഡേ… കൊണ്ടുപോയി കൊടുക്കു അമ്മ മഹാറാണിക്ക് ഈ മകന്റെ സമ്മാനം … (വേദിയില്‍ ഇടിമുഴക്കം…. പടവാളുയര്‍ത്തി ചുവന്ന പ്രകാശവലയത്തില്‍ നില്‍ക്കുന്ന ശിവജി…. വേദിയില്‍ വെളിച്ചം മങ്ങുന്നു).
രംഗം – 22
(വനാന്തരത്തില്‍ സമര്‍ത്ഥരാമദാസ സ്വാമികള്‍ തപസ്സു ചെയ്യുന്ന ശിവതാര്‍ ഗുഹയുടെ കവാടം.. ധൂമാവൃതമായ കവാടത്തിനുള്ളില്‍ നിന്നും നേര്‍ത്ത ശബ്ദത്തില്‍ പ്രണവം. പുറത്ത് കൊത്തിവച്ച ശില്‍പ്പം പോലെ പ്രണമിച്ച് നില്‍ക്കുന്ന ശിവജി. നീലയും മഞ്ഞയും കലര്‍ന്ന അലൗകികമായ പ്രകാശ വിന്യാസം. മാറ്റൊലിക്കൊള്ളുന്ന അശരീരി…)
അശരീരി :-ഹൈന്ദവീ സ്വരാജിന്റെ ചരിത്രം വിജയപരാജയങ്ങള്‍ ഇടകലര്‍ന്ന് പിന്നെയും ഒഴുകി. ഗാജി പൂരിലെ പാവനഖിണ്ഡില്‍ വച്ച് മുഗള്‍ സേനയുമായി നടന്ന യുദ്ധത്തില്‍ ബാജി പ്രഭു ദേശ്പാണ്ഡേ വീര സ്വര്‍ഗ്ഗം പൂകി. ഔറംഗസേബിന്റെ സേനാനായകന്മാരില്‍ ഒരുവനായ മിര്‍ജാ രാജാ ജയസിംഹനുമായി എത്തിച്ചേര്‍ന്ന ഉടമ്പടിയുടെ ഭാഗമായി ആഗ്രയില്‍ ഔറംഗസേബിന്റെ ദര്‍ബാറിലെത്തിയ ശിവജിയെ തടവില്‍ പിടിച്ച് വധിക്കാന്‍ ശ്രമിച്ചെങ്കിലും അതിവിദഗ്ദ്ധമായി അദ്ദേഹം അവിടെ നിന്നും രക്ഷപ്പെട്ടു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി മുഗള്‍ സാമ്രാജ്യത്തിന് വിട്ടുകൊടുക്കേണ്ടി വന്ന കോട്ടകള്‍ ഓരോന്നും തിരിച്ചുപിടിച്ചു കൊണ്ട് ശിവജി ഔറംഗസീബിനു മേല്‍ ഇടിത്തീയായി പെയ്തിറങ്ങി. കൊണ്ഡാണ കോട്ട തിരിച്ചുപിടിക്കുന്നതിനിടയില്‍ പരാക്രമത്തിന്റെ പര്യായമായ താനാജിമാല്‍ സുറെ വീരചരമമടഞ്ഞു. പിന്നെയും പോരാട്ടത്തിന്റെ നാള്‍വഴികളില്‍ പുരന്ധര്‍, കല്യാണ്‍, ലോഹ ദുര്‍ഗ് എന്നിങ്ങനെ ഓരോ കോട്ടകളായി ഹൈന്ദവീ സ്വരാജിന്റെ ഭാഗമായി… ഇംഗ്ലീഷ്, ഡച്ച്, പോര്‍ച്ചുഗീസ് ശക്തികളെ തോല്‍പ്പിച്ച് കടല്‍കോട്ടകള്‍ കെട്ടി സാമ്രാജ്യരക്ഷചെയ്തു. അജയ്യ ഹൈന്ദവീ സ്വരാജെന്ന അന്തിമ ലക്ഷ്യത്തിനരികിലെത്തിയ ശിവജി തന്റെ പ്രയാണത്തിന്റെ പ്രേരണാ കേന്ദ്രമായ ഗുരു വിരക്തയോഗി സമര്‍ത്ഥരാമദാസ സ്വാമികളുടെ സാധനാ സങ്കേതത്തിലെത്തി നില്‍ക്കുന്ന ചരിത്ര മുഹൂര്‍ത്തം….
(ഗുഹയില്‍ നിന്നും രാമകീര്‍ത്തനം പാടി പുറത്തേയ്ക്ക് വരുന്ന സമര്‍ത്ഥരാമദാസ സ്വാമികള്‍ … ശിവജി ഭക്തിവിവശനായി ഗുരുപാദങ്ങളില്‍ ദണ്ഡനമസ്‌ക്കാരം ചെയ്യുന്നു. സമര്‍ത്ഥരാമദാസ് അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിച്ച് ശിരസ്സില്‍ കൈവച്ച് അനുഗ്രഹിക്കുന്നു…)
സമര്‍ത്ഥ രാമദാസ്:- വിജയീ ഭവ… യശസ്വീഭവ… ഹൈന്ദവീ സ്വരാജിന്റെ ഛത്രപതിക്ക് പ്രജയായ ഈയുള്ളവന്റെ വന്ദനം.
ശിവജി:-അരുതേ ഗുരുനാഥാ…. അവിടുത്തെ ആത്മീയ സാമ്രാജ്യത്തിന്റെ മുന്നില്‍ അടിയന്റെ ചെങ്കോലും കിരീടവും എത്ര നിസ്സാരം…. അങ്ങയുടെ ആശീര്‍വാദത്തോടെ വെട്ടിപ്പിടിച്ച ഈ ഹൈന്ദവീ സ്വരാജ് ഇതാ അടിയന്‍ അവിടുത്തെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നു… (ശിവജി ഉടവാള്‍ സമര്‍ത്ഥരാമദാസിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു)…. ഈയുള്ളവനെ ശിഷ്ടകാലം അങ്ങയുടെ പാദപൂജ ചെയ്ത് കഴിയാന്‍ അനുവദിച്ചാലും പ്രഭോ …
സമര്‍ത്ഥ രാമദാസ്:- (ചിരിക്കുന്നു) മഹാരാജന്‍, കര്‍മ്മമൊടുങ്ങിയവന് വിധിച്ചതാണ് സന്ന്യാസം. അങ്ങയുടെ കര്‍മ്മം ഒടുങ്ങിയിട്ടില്ല. ഈ ആര്യാവര്‍ത്തത്തിലേക്ക് അതിക്രമിച്ചെത്തിയ പരദേശികളെ ഒടുക്കി സനാതന ധര്‍മ്മത്തിന്റെ പൂര്‍വ്വ വൈഭവം പുന:സ്ഥാപിക്കുക എന്ന ചരിത്രദൗത്യമാണ് അങ്ങയുടെ ജന്മദൗത്യം. അങ്ങ് കര്‍മ്മയോഗിയാണ്. അതുകൊണ്ട് യോഗദണ്ഡും കമണ്ഡലുവുമേന്തുന്ന നമ്മുടെ കൈകളേക്കാള്‍ ഈ ഉടവാള്‍ അങ്ങയുടെ കരങ്ങള്‍ക്കാണ് ഭൂഷണം (ഉടവാള്‍ ശിവജിക്ക് നല്‍കുന്നു).
ശിവജി:-അടിയന്‍ (ഉടവാള്‍ സ്വീകരിക്കുന്നു)…. അധര്‍മ്മികളെയും വിധര്‍മ്മികളെയും അമര്‍ച്ച ചെയ്ത് ഹൈന്ദവീ സ്വരാജെന്ന സ്വപ്‌നം അങ്ങയുടെ അനുഗ്രഹം കൊണ്ട് സാക്ഷാത്കരിക്കാനായിരിക്കുന്നു പ്രഭോ… ഇനി അധികാരത്തിലോ രാജകീയ സുഖഭോഗങ്ങളിലോ അടിയന് തെല്ലും താത്പര്യമില്ല മഹാരാജ്…
സമര്‍ത്ഥ രാമദാസ്:- അധികാരത്തില്‍ ആസക്തിയില്ലാത്തവന്‍ അരചനാകുമ്പോഴാണ് കുഞ്ഞേ ധര്‍മ്മരാജ്യമുണ്ടാകുന്നത്… അങ്ങ് ഹൈന്ദവീസ്വരാജെന്ന ധര്‍മ്മരാജ്യത്തിന്റെ ഏക ഛത്രാധിപതിയായി അഭിഷിക്തനാകണം. ദില്ലിയിലെയും ബീജാപ്പൂരിലെയും സുല്‍ത്താന്മാരും പരദേശി പറങ്കികളും അങ്ങയെ ഒരു സര്‍ദാര്‍ മാത്രമായാണ് ഇപ്പോഴും കണ്ടുപോരുന്നത്.. നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് സ്വരാജ്യമാണെന്ന് ഇവിടുത്തെ പ്രജകള്‍ക്കും ബോധ്യമാകാന്‍ ആര്‍ഭാടപൂര്‍ണ്ണമായ രാജ്യാഭിഷേകം അനിവാര്യമാണ്…
ശിവജി:-അടിയന്‍ എന്തു ചെയ്യണമെന്ന് അങ്ങു കല്‍പ്പിച്ചാലും…
സമര്‍ത്ഥ രാമദാസ്:- മതവെറിയനായ ഔറംഗസേബിനാല്‍ കാശി വിശ്വനാഥ ക്ഷേത്രവും മഥുര ശ്രീകൃഷ്ണ ജന്മഭൂമി മന്ദിരവും തകര്‍ക്കപ്പെട്ടതില്‍ അതീവ ഖിന്നനായ മഹാപുരോഹിതന്‍ ഗംഗാ ഭട്ട് അങ്ങയെ മുഖം കാണിക്കാന്‍ പുറപ്പെട്ടു കഴിഞ്ഞിട്ടുണ്ട്… സമസ്ത ഹിന്ദു സമാജത്തിന്റെയും അഗ്രപൂജയ്ക്ക് പാത്രീഭൂതനായ, വേദ വേദാംഗ പ്രഖരപണ്ഡിതനായ ഗംഗാ ഭട്ട് ദേശത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ശാസ്ത്ര വിശാരദന്‍മാരായ ആയിരം ബ്രാഹ്‌മണരുമായി റായ്ഗഢിലേക്ക് വരുന്നത് ഹൈന്ദവീ സ്വരാജിന്റെ ഏക ഛത്രാധിപതിയായി അങ്ങയെ അഭിഷേകം ചെയ്യാനാണ്… സപ്ത പുണ്യനദികളില്‍ നിന്നും ത്രിസമുദ്രങ്ങളില്‍ നിന്നും കൊണ്ടുവരുന്ന തീര്‍ത്ഥ കലശങ്ങളാല്‍ അങ്ങയെ ഗംഗാ ഭട്ട് അഭിഷേകം ചെയ്യും… ദേശ വിദേശങ്ങളില്‍ നിന്നുള്ള രാജാക്കന്മാരെയും രാജപ്രതിനിധികളെയും വിദ്വാന്മാരെയും മഹാമണ്ഡലേശ്വരന്മാരെയും സന്യാസി വൃന്ദങ്ങളെയും സാക്ഷി നിര്‍ത്തി ഹൈന്ദവീ സ്വരാജിന്റെ ഛത്രാധിപതിയായി കാലം അങ്ങയെ അവരോധിക്കാന്‍ പോകുന്നു… ആനന്ദനാമ സംവത്സരത്തിന്റെ ജ്യേഷ്ഠ ശുക്ല ത്രയോദശിയില്‍ ഹൈന്ദവീസ്വരാജിന് സമാരംഭം കുറിക്കുക…. (കൈ ഉയര്‍ത്തി അനുഗ്രഹിച്ചുകൊണ്ട്) മംഗളമസ്തു… (മംഗളവാദ്യങ്ങളും വേദമന്ത്രങ്ങളും ഉയരുമ്പോള്‍ പ്രകാശം മങ്ങുന്നു. പ്രകാശം വരുമ്പോള്‍ റായ്ഗഡിലെ ദര്‍ബാറില്‍ ഉയര്‍ന്ന വേദിയില്‍ അലങ്കരിച്ച സിംഹാസനം. കുടതഴകളുമായി കാത്തു നില്‍ക്കുന്നവര്‍.. മുന്നില്‍ കാവി കൊടികളും വാദ്യങ്ങളുമായി പാടിയാടുന്ന നൃത്തസംഘം)
ജയ് ഭവാനി ജയ് ശിവരാജ്….
ജയ് ഭവാനി ജയ് ശിവരാജ് ജയ് ഭവാനീ…..
ജയ് ശിവാജി….ജയ് ഭവാനീ ജയ് ശിവാജി
കുമാരി മുതലാകൈലാസംവരെ
ഭഗവ പതാകകളുയരുന്നു
കനത്ത ചങ്ങല പൊട്ടിച്ചൊരു നവ
ഹൈന്ദവ രാഷ്ട്രമുദിക്കുന്നു… (ജയ് ഭവാനീ)
പൗരുഷ ശാലികള്‍ നരസിംഹങ്ങള്‍
പടുത്തുയര്‍ത്തിയ രാഷ്ട്രമിതാ..
പൂര്‍വ്വിക പുണ്യ തപസ്സുകള്‍ സ്വപ്‌നം
കണ്ടൊരു ധാര്‍മ്മിക രാഷ്ട്രമിതാ..
പവിത്രഭാരത ധരണിയെ വെല്ലാന്‍
അതിര്‍ത്തി താണ്ടിയണഞ്ഞവരെ
പരലോകത്തിനയച്ചവര്‍ നമ്മള്‍
നവഭാരത രണശൂരന്മാര്‍ (ജയ് ഭവാനീ)
മാനം കാക്കാന്‍ പ്രാണന്‍ നല്‍കിയ
മാനിനിമാരുടെ ചിതകളിതാ..
പടര്‍ന്നു കത്തും പ്രതികാരത്തീയായ്
മുഗളപ്പടമുടിയുന്നു…
ഭവാനി ഖഡ്ഗമുയര്‍ത്തിയ ഹൈന്ദവ
സ്വരാജ്യ സൈനികരീമണ്ണില്‍
അജയ്യ ഭാരത രാഷ്ട്രം പണിയാന്‍
അണിചേര്‍ന്നണയുകയായല്ലോ (ജയ് ഭവാനീ)
(ശംഖനാദവും പെരുമ്പറയും മുഴങ്ങുമ്പോള്‍ നൃത്തസംഘം വേദിയുടെ ഇരുഭാഗങ്ങളിലായി അണിനിരക്കുന്നു… ഗംഗാ ഭട്ട്, പുരോഹിതന്മാര്‍ എന്നിവര്‍ ചേര്‍ന്ന് ശിവജിയേയും ജീജാഭായിയേയും വേദമന്ത്രങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിക്കുന്നു.. ശിവജി അമ്മയുടെയും ഗംഗാ ഭട്ടിന്റെയും പാദം തൊട്ട് തൊഴുത് അനുഗ്രഹം വാങ്ങിയതിനു ശേഷം സിംഹാസനത്തെ മുട്ടുകുത്തി വന്ദിക്കുന്നു… ജനങ്ങളെ താണുവണങ്ങുന്നു)
ശിവജി:- നൂറ്റാണ്ടുകളായി ഭാരതവര്‍ഷത്തെ ഗ്രസിച്ച അടിമത്തത്തിന് നാമിന്ന് അറുതി കുറിക്കുകയാണ്. അതിര്‍ത്തി ഭേദിച്ചു വന്ന ശത്രുപ്പടയുടെ മുന്നില്‍ സ്വധര്‍മ്മവും മാനവും കാക്കാന്‍ ആളിക്കത്തുന്ന അഗ്‌നിയില്‍ ചാടി സതി അനുഷ്ഠിക്കേണ്ടി വന്ന പരശതം വീരാംഗനകളുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ നമസ്‌ക്കരിച്ചുകൊണ്ട് നാമിന്ന് ഹൈന്ദവീ സ്വരാജിന്റെ ചക്രവര്‍ത്തിയായി അഭിഷിക്തനാവുകയാണ്. ഹൈന്ദവീ സ്വരാജിന്റെ സംസ്ഥാപനത്തിനായി വിയര്‍പ്പും രക്തവും ചൊരിഞ്ഞ ആയിരങ്ങളുടെ സ്വപ്‌നം പൂവണിയുന്ന ഈ ധന്യ മുഹൂര്‍ത്തത്തില്‍ നമ്മുടെ പ്രാണപ്രിയരായ ബാജിപ്രഭു ദേശ്പാണ്ഡേയും താനാജിമാന്‍സുറെയും മുരാരി ബാജിയും പ്രതാപറാവു ഗുര്‍ജറുമെല്ലാം വീര സ്വര്‍ഗ്ഗത്തിലിരുന്ന് ആനന്ദിക്കുന്നുണ്ടാവാം… ആ വീര ബലിദാനികളുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ നമസ്‌ക്കരിച്ചു കൊണ്ട് ഭരദേവത ഭവാനി ദേവിയുടെയും ധര്‍മ്മ ഗുരു സമര്‍ത്ഥരാമദാസ സ്വാമികളുടെയും അനുഗ്രഹം പ്രാര്‍ത്ഥിച്ചുകൊണ്ട് നാമീ സിംഹാസനം കൈയേല്‍ക്കുകയാണ്… (ശിവജി സിംഹാസനത്തില്‍ കടന്നിരിക്കുന്നു. ജീജാ ബായി ആരതി ചെയ്യുന്നു. വേദമന്ത്രങ്ങള്‍ ഉയരുന്നു. ഗംഗാ ഭട്ടന്‍ ശിവജിയുടെ മേല്‍ ഗംഗാജലം തളിക്കുന്നു. സ്വര്‍ണ്ണകലശത്തില്‍ നിറച്ച അക്ഷതവും പൂക്കളും ശിവജിക്കുമേല്‍ അഭിഷേകം ചെയ്യുന്നു. പരികര്‍മ്മികള്‍ ആലവട്ടവും വെണ്‍ചാമരവും വീശുന്നു)
ഗംഗാ ഭട്ടന്‍ :-(മുന്നോട്ടുവന്ന് വിളംബരം ചെയ്യുന്നു) ക്ഷത്രിയ കുലാവതംസ, രാജ്യസംസ്ഥാപക്, രാജാധിരാജ, യോഗിരാജ, സിംഹാസനാധീശ്വര ശ്രീമന്ദശ്രീ, ശ്രീ ശ്രീ ഛത്രപതി ശിവജി മഹാരാജ് കീ ജയ് (ജനങ്ങള്‍ കാവിക്കൊടികള്‍ വീശി ജയകാരം മുഴക്കി ആനന്ദനൃത്തം ചെയ്യുമ്പോള്‍ തിരശ്ശീല വീഴുന്നു).
(അവസാനിച്ചു)