- ഛത്രപതി
- രോഹിതേശ്വരന്‍ സാക്ഷി (ഛത്രപതി 2 )
- സ്വപ്‌നത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് (ഛത്രപതി 3)
- വിജയതിലകം ചാര്‍ത്തി പടനിലത്തിലേക്ക് (ഛത്രപതി 9)
- കടഞ്ഞെടുത്ത പടവാള്‍ (ഛത്രപതി 4)
- സമര്‍ത്ഥരാമദാസ സവിധേ (ഛത്രപതി 5)
- ആത്മവിശുദ്ധിതന്‍ ആദര്‍ശരൂപം (ഛത്രപതി 6)
രംഗം – 15
(വേദിയില്‍ മങ്ങിയ വെളിച്ചം. പൂക്കള്‍ കൊണ്ടലങ്കരിച്ച ഒഴിഞ്ഞ മരത്തൊട്ടില്‍ പശ്ചാത്തലത്തില്‍. അസ്വസ്ഥനായി നടക്കുന്ന ശിവജി. താനാജിമാല്‍സുറെ, മോറോപന്ത് പിംഗളേ, ബാജിപ്രഭു ദേശ്പാണ്ഡേ എന്നിവരെത്തി വണങ്ങി നില്‍ക്കുന്നു.)
ആഗതര്‍ ഒരുമിച്ച് :- ജയ് ശിവാജി
ശിവജി: -ജയ്.. ഭവാനി…ഹൈന്ദവീ സ്വരാജിന്റെ മഹാമന്ത്രി മോറോപന്ത് പിംഗളെയുടെ നേതൃത്വത്തില്‍ പടനായകന്മാര്‍ ഒരുമിച്ചെത്തണമെങ്കില്‍ അടിയന്തിര പ്രാധാന്യമുള്ള എന്തോ കാരണമുണ്ടല്ലോ.
മോറോപന്ത് :-അതെ മഹാരാജന്‍, അതീവ ഗൗരവമുള്ള ഒരു വൃത്താന്തം അങ്ങയോട് ഉണര്‍ത്തിക്കാനാണ് ഞങ്ങള്‍ ഒരുമിച്ചെത്തിയത്.
ശിവജി:- ഉം… പറയൂ.
താനാജി:-ഹൈന്ദവീ സ്വരാജിന്റെ അന്ത്യം കുറിക്കുവാനും അങ്ങയെ ജീവനോടെയോ ജഡമായോ പിടിച്ചുകൊണ്ടു ചെല്ലുവാനും അഫ്‌സല്‍ഖാന്‍ എന്ന മഹിഷാസുരതുല്യനെ ബീജാപ്പൂരില്‍ നിന്നും കല്‍പ്പിച്ചയച്ചിരിക്കുകയാണ് പ്രഭോ …
ശിവജി:-ഹ…ഹ… നമ്മുടെ നാടിന്റെ ഭരദേവത തന്നെ അസുരാന്തകിയായ മഹിഷാസുരമര്‍ദ്ദിനി ഭവാനി ദേവിയല്ലേ… (ചിന്തയില്‍ മുഴുകി നടന്നുകൊണ്ട്) കാത്തു പരിപാലിക്കുമെന്ന് നമുക്കുറപ്പുണ്ട്.
മോറോപന്ത്:-സര്‍വ്വതും സംഹരിച്ചുകൊണ്ട് നമ്മെ മുട്ടുകുത്തിക്കാനാണ് അഫ്‌സല്‍ഖാന്റെ പുറപ്പാടെന്ന് തോന്നുന്നു.
ശിവജി: – അയാളുടെ സേനാബലത്തെക്കുറിച്ച് നമ്മുടെ ചാരന്മാര്‍ എന്തു പറയുന്നു.
ബാജിപ്രഭു :- വലിയ തയ്യാറെടുപ്പോടെയാണ് പുറപ്പാടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പന്ത്രണ്ടായിരം അറബി കുതിരകള്‍ അടങ്ങുന്ന കുതിരപ്പട, ക്രൂരതയ്ക്ക് പേരുകേട്ട പഠാന്‍ ഗോത്ര വംശജരടങ്ങുന്ന പതിനായിരത്തില്‍പ്പരം കാലാള്‍, ആയിരത്തി ഇരുനൂറോളം ഒട്ടകങ്ങള്‍, ആനകള്‍, പീരങ്കികള്‍, വലിയ വെടിമരുന്ന് ശേഖരങ്ങള്‍ തുടങ്ങി വന്‍ സേനയാണ് നമ്മുടെ രാജ്യാതിര്‍ത്തിയിലേക്ക് വന്നുകൊണ്ടിരിക്കുന്നത് പ്രഭോ.
(ശിവജി താടി ഉഴിഞ്ഞുകൊണ്ട് കാര്യത്തിന്റെ ഗൗരവം ഗ്രഹിച്ചതു പോലെ ചിന്താഭാരത്തോടെ നടക്കുന്നു.)
മോറോപന്ത് :-അങ്ങയെ ഇല്ലായ്മ ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ ബീജാപ്പൂരിന്റെ ദര്‍ബാറില്‍ പ്രമുഖരായ ഇരുപത്തിരണ്ട് വീരന്മാരെ ബീഗം ബാദിസാഹേബന്‍ വിളിച്ചു കൂട്ടിയിരുന്നു പോലും…. അവരില്‍ നിന്നും അങ്ങയെ കീഴടക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത് അഫ്‌സല്‍ ഖാനാണത്രെ…
ശിവജി: -ശിവജിയുടെ വിജയപരാജയങ്ങള്‍ ഇവിടെ പ്രസക്തമല്ല. നാം ചോരയും ജീവനും നല്‍കി കെട്ടിപ്പൊക്കിയ ഹൈന്ദവീസ്വരാജിന്റെ നിലനില്‍പ്പാണ് പ്രശ്‌നം.
താനാജി: -അറിഞ്ഞിടത്തോളം നാം നേരിട്ടിട്ടുള്ളതിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്.
ശിവജി: -(ചിന്തിച്ച് നടന്നുകൊണ്ട്) താനാജിയുടെ നിഗമനം ശരിയാണ്. അനുഭവസമ്പന്നരായ നമ്മുടെ മുഴുവന്‍ സേനാനായകന്മാരുമായും ഒരു കൂടിയാലോചന ആവശ്യമാണ്. അമ്മ മഹാറാണിയുടെ അഭിപ്രായവും ആരായേണ്ടതുണ്ട്. അതുകൊണ്ട്
മോറോപന്ത്, നാളെത്തന്നെ നമ്മുടെ മന്ത്രി മണ്ഡലത്തേയും സേനാനായകന്മാരെയും കാര്യാലോചനയ്ക്കായി വിളിച്ചു കൂട്ടാന്‍ നാം ഉത്തരവിടുന്നു..
മോറോപന്ത് :-അടിയന്‍ (എല്ലാവരും ശിവജിയെ വന്ദിച്ച് പിന്നോട്ട് നടന്നു മറയുന്നു. ചിന്താഭാരത്തോടെ നടക്കുന്ന ശിവജി. അണിയറയില്‍ നേര്‍ത്ത സ്വരത്തില്‍ കേട്ടു തുടങ്ങിയ കൈക്കുഞ്ഞിന്റെ കരച്ചില്‍ മെല്ലെ അടുത്തു വരുന്നു. ശിവജി തിരിഞ്ഞു നോക്കുമ്പോള്‍ കൈക്കുഞ്ഞുമായി കടന്നു വരുന്ന ജീജാ ബായി.. ശിവജി കുഞ്ഞിന്റെ ശിരസ്സില്‍ ചുംബിക്കുന്നു)
ശിവജി:-രാജവൈദ്യന്‍ എന്തു പറഞ്ഞമ്മേ…
ജീജാ ബായി :-രാജവൈദ്യന്‍ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നുണ്ട് കുമാര… എങ്കിലും ധന്വന്തരി മൂര്‍ത്തിയുടെയും ഭവാനി ദേവിയുടെയും കൃപ കൂടി ഉണ്ടെങ്കിലേ എല്ലാം പഴയപടിയാവു..
ശിവജി:-സയീബായിയുടെ ക്ഷീണം ഗര്‍ഭാലസ്യമാണെന്നാണ് നാം ആദ്യം കരുതിയത്… ഓമന ഉണ്ണിയ്ക്ക് ഇങ്ക് പകര്‍ന്നൂട്ടുവാനും താരാട്ട് പാടി ഉറക്കാനുമൊക്കെ കൊതിയോടെ കാത്തിരുന്ന എന്റെ സയീബാ രോഗാതുരയായി…. ശയ്യാവലംബിയായി കിടക്കുന്നത് എനിക്ക് ചിന്തിക്കാനേ കഴിയുന്നില്ലമ്മേ … ഏതു പ്രതിസന്ധിയിലും നമുക്ക് ശക്തി പകര്‍ന്നിരുന്ന സയീബാ …. (വിതുമ്പുന്നു)
ജീജാ ബായി :-രാജപത്‌നിയുടെ രോഗം രാജാവിന്റെ സ്വകാര്യ ദു:ഖമാണ്. അതില്‍ അടിപതറാന്‍ രാജധര്‍മ്മം അനുവദിക്കുന്നില്ല കുമാര… പ്രത്യേകിച്ച് രാഷ്ട്രം പ്രതിസന്ധി നേരിടുമ്പോള്‍
ശിവജി:-(ധര്‍മ്മസങ്കടത്തോടെ) അമ്മേ… (കുഞ്ഞ് വീണ്ടും കരഞ്ഞ് തുടങ്ങുന്നു. ജീജാ ബായി ഒരു താരാട്ട് മൂളുന്നു.. മെല്ലെ കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി താരാട്ടി ഉറക്കുന്നു. ശിവജിയും തൊട്ടിലാട്ടാന്‍ സഹായിക്കുന്നു. ഇടയ്ക്ക് ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെട്ട് വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്നു)
നന്ദനപ്പൂങ്കാവിലെ പാരിജാതപ്പൂങ്കുരുന്നേ
നന്ദനനായ് പിറന്നോ സ്വപ്‌നവല്ലരിയില്‍പ്പിറന്നോ
തേനൊലിച്ചേലില്‍ ചിരിച്ച പൂവമ്പിളി
ചന്ദനത്തൊട്ടിലില്‍ ചായുറങ്ങ്…
നിന്‍ മിഴിക്കാനന്ദമാണു സൂര്യന്‍
നിന്‍ നിശക്കാനന്ദമാണു ചന്ദ്രന്‍
നിന്റെ പൂമേനിയില്‍ മാലേയമാകുവാന്‍
മന്ദാനിലന്‍ വീശി നിന്നിടുന്നു..
ആലവട്ടം വീശിടുന്നു നിന്നെ
കാട്ടുമരങ്ങള്‍ പൂവല്ലികളും
നിന്‍ രഥവീഥിയില്‍ നാളെ വിരിയേണ്ട
പൂവുകള്‍ ഇന്നേ വിരിഞ്ഞു നില്‍പ്പൂ
അമ്പാടി മുത്തിനെപ്പോല്‍ വളര്‍ന്നീ ലോക
ദു:ഖങ്ങള്‍ നീഹരിക്കേണമുണ്ണീ …
ചായുറങ്ങെന്‍ രാജനന്ദനനെ
നല്ല നാളകള്‍ക്കായ് ശിവനന്ദനനെ
(നൃത്ത സംഘമാവാം. അവസാന വരികളില്‍ വെളിച്ചം മങ്ങിത്തെളിയുമ്പോള്‍ ഉയര്‍ന്നപടിയിലോ സിംഹാസനത്തിലോ ജീജാ ബായിയുടെ മടിയില്‍ തല വച്ച് കിടക്കുന്ന ശിവജി. വേദിയില്‍ പ്രകാശം മങ്ങുന്നു)
രംഗം-16
(ശിവജിയുടെ ദര്‍ബാര്‍. ജീജാ മാതാവ് സിംഹാസനത്തില്‍ ഇരിക്കുന്നു. ശിവജി അക്ഷമനും അസ്വസ്ഥനുമായി നടക്കുന്നു. താനാജി, മോറോപാന്ത്, ബാജി പ്രഭു തുടങ്ങിയവര്‍ സദസ്സില്‍).
ശിവജി:-ക്രൂരതയുടെയും വഞ്ചനയുടെയും ആള്‍രൂപമായ അഫ്‌സല്‍ഖാന്‍ ഹൈന്ദവീ സ്വരാജിനെ ലക്ഷ്യമിട്ടെത്തുമ്പോള്‍ രാജഗഡിന്റെ കോട്ടകൊത്തളങ്ങളില്‍ നമ്മളെല്ലാം സുരക്ഷിതരാണ്. പക്ഷെ ഹൈന്ദവീസ്വരാജിലെ ജനങ്ങളോ … അവരെക്കുറിച്ചെന്താണ് മഹാമന്ത്രി മോറോപന്തിന് പറയാനുള്ളത്
മോറോപന്ത്:-ജനങ്ങളുടെ കാര്യം കഷ്ടമാണ് പ്രഭോ… കണ്ണില്‍ ചോരയില്ലാത്ത കൊടും ക്രൂരതകളാണ് അഫ്‌സല്‍ഖാന്റെ സൈന്യം നമ്മുടെ ജനങ്ങളോട് ചെയ്യുന്നത്. പ്രായഭേദമില്ലാതെ സ്ത്രീകളെ മാനഭംഗം ചെയ്തും പീഡിപ്പിച്ചും ആനന്ദിക്കുകയാണ് ആ രാക്ഷസക്കൂട്ടം. വൃദ്ധരെയും കുഞ്ഞുങ്ങളെയും ജീവനോടെ അഗ്‌നിയില്‍ ചുട്ടു കൊല്ലുകയാണ് പ്രഭോ… വിളകളും കന്നുകാലികളും സമ്പൂര്‍ണ്ണമായി കൊള്ളചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ക്ഷേത്രങ്ങള്‍ തകര്‍ത്ത് അവയ്ക്കു മേലെ നിസ്‌ക്കാരപ്പള്ളികള്‍ പടുത്തുയര്‍ത്തുന്നു. ശ്രീലകങ്ങളില്‍ ഗോമാംസം അറുത്തെറിയുന്നു. ഗോമാതാവിന്റെ രക്തവും കുടല്‍മാലയും ചാര്‍ത്തി ദേവബിംബങ്ങളെ അശുദ്ധമാക്കുന്നു. വിഗ്രഹങ്ങള്‍ അടിച്ചുടച്ച് തെരുവിലെറിയുന്നു…
ജീജാ ബായി:-(എഴുന്നേറ്റുകൊണ്ട്) നിര്‍ത്തൂ… വിവരിച്ചതുമതി… ഇതൊക്കെ കേട്ടിട്ട് നമുക്ക് സഹിക്കാന്‍ കഴിയുന്നില്ല.
താനാജി:-ജനങ്ങള്‍ തങ്ങളെ രക്ഷിക്കാന്‍ ശിവജിയുടെ സൈന്യമെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു കാത്തിരുന്നു മടുത്തു കഴിഞ്ഞു പ്രഭോ…
മോറോപന്ത്:-നാമിനിയും അടങ്ങി ഇരിക്കാന്‍ പാടില്ല മഹാരാജന്‍. നമ്മെ വിശ്വസിച്ച് നമ്മോടൊപ്പം നിന്ന ജനങ്ങളെയാണ് ആ ദുഷ്ടമൃഗം വേട്ടയാടുന്നത്.
ബാജിപ്രഭു:-അഫ്‌സല്‍ഖാന്റെ സൈന്യം കടന്നു പോയ പണ്ഡര്‍പൂരിലെ പ്രസിദ്ധമായ വിഠോബ ക്ഷേത്രം കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ത്തു കളഞ്ഞിരിക്കുന്നു.
ജീജാ ബായി:-എന്ത്… വിഠോബ ക്ഷേത്രം തകര്‍ത്തു കളഞ്ഞെന്നോ… ഇതൊക്കെ നാമെങ്ങനെ സഹിക്കും.
ബാജിപ്രഭു :-അഫ്‌സല്‍ഖാന്റെ പട വരുന്നെന്നറിഞ്ഞ ഭക്തര്‍ വിഠോബയുടെ വിഗ്രഹം ഏതോ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതിനാല്‍ അത് തകര്‍ക്കാനായില്ല രാജമാതാവേ…
ശിവജി:-നമ്മെ പരമാവധി പ്രകോപിപ്പിക്കാനും നമ്മുടെ വികാരങ്ങളെ അങ്ങേയറ്റം വ്രണപ്പെടുത്താനുമാണ് അഫ്‌സല്‍ഖാനും അയാളുടെ കൂട്ടാളികളും ശ്രമിക്കുന്നത്. അതിനാണ് അയാള്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതും സ്ത്രീകളെ ആക്രമിക്കുന്നതും. നമ്മുടെ സൈന്യം അയാളെ പ്രതിരോധിക്കാന്‍ താഴ്‌വരയിലേക്ക് ചെല്ലണമെന്നാണ് അയാള്‍ ആഗ്രഹിക്കുന്നത്. മലമുകളിലും വനാന്തരങ്ങളിലും നമുക്കുള്ള മേല്‍ക്കൈ ആ കുശാഗ്രബുദ്ധി മനസ്സിലാക്കുന്നുണ്ട്. നമ്മെ പ്രകോപിപ്പിച്ച് അയാളൊരുക്കുന്ന കെണിയില്‍ വീഴിക്കാനാണ് ആ ദുഷ്ടജന്തുവിന്റെ പദ്ധതി…
മോറോപന്ത് :-മഹാരാജാവ് പറയുന്നത് ശരിയാണ്. പക്ഷെ നമ്മുടെ ജനങ്ങളെ കൊലയ്ക്കു കൊടുത്തുകൊണ്ടും അമ്മ പെങ്ങന്മാരുടെ മാനം പണയപ്പെടുത്തിക്കൊണ്ടും ഇങ്ങനെ എത്രകാലം മുന്നോട്ട് പോകാന്‍ കഴിയും …
ശിവജി:-നമുക്ക് കടന്നാക്രമിക്കാന്‍ കാലം അനുകൂലമാകും വരെ… അതുവരെ കഷ്ടനഷ്ടങ്ങള്‍ സഹിച്ചേ മതിയാകൂ…
താനാജി: -യുദ്ധം പോലെ തന്നെ പ്രധാനമല്ലേ മഹാരാജന്‍ സന്ധികളും… (ജീജാ ബായി താനാജിയെ വെട്ടിത്തിരിഞ്ഞ് നോക്കുന്നു)
ശിവജി: -(ചിരിച്ച് താടി ഉഴിഞ്ഞുകൊണ്ട് …) ആരോടാണ് നാം സന്ധി ചെയ്യേണ്ടത്… ഡക്കാനിലെ നൂറുകണക്കിന് ദേവബിംബങ്ങള്‍ അടിച്ചുടച്ച്, ശ്രീലകങ്ങളില്‍ ഗോഹത്യ ചെയ്തവനോടോ… നമ്മുടെ പിതാവിനെ വിലങ്ങു വച്ച് ബീജാപ്പൂരിന്റെ തെരുവില്‍ നടത്തിയവനോടോ.. നമ്മുടെ ജ്യേഷ്ഠസഹോദരന്‍ സംഭാജി രാജയെ പിന്നില്‍ നിന്നും വെടിയുതിര്‍ത്ത് ചതിച്ചു കൊന്നവനോടോ… ആരോട്… എന്തിനോടാണ് നാം സന്ധി ചെയ്യേണ്ടത്…? (ഏതാനും ചുവട് നടന്നതിന്‌ശേഷം വെട്ടിത്തിരിഞ്ഞ്) മറാത്തയുടെ വീര സിംഹങ്ങള്‍ക്ക് യുദ്ധം മടുത്തു തുടങ്ങിയെന്ന് നാം കരുതണോ…
താനാജി:-അടിയന്‍… (വികാരം കൊണ്ട്,) അടിയന്‍ അങ്ങിനെയല്ല ഉദ്ദേശിച്ചത്.. നമുക്ക് കാലം പ്രതികൂലമാകുമ്പോള്‍ ശത്രുവിനോട് സന്ധി ചെയ്യുന്നതും ഒരു യുദ്ധതന്ത്രമല്ലേ മഹാരാജന്‍.
ശിവജി: -നിശ്ചയമായും… പക്ഷെ ഈ യുദ്ധം നമുക്ക് ചെയ്‌തേ മതിയാകു… കാരണം ഇവിടെ സന്ധി ചെയ്താല്‍ പിന്നെ ഹൈന്ദവീസ്വരാജെന്ന നമ്മുടെ സ്വപ്‌നം ഗര്‍ഭത്തിലെ മൃതിയടഞ്ഞു പോകും താനാജിമാല്‍സുറെ… മൃതിയടഞ്ഞു പോകും… ആയിരങ്ങളുടെ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങള്‍… ബലിദാനങ്ങള്‍ എല്ലാം പാഴിലാവും… (കുതിരക്കുളമ്പടി ശബ്ദം അടുത്തു വരുന്നു. എല്ലാവരും അത് ശ്രദ്ധിക്കുന്നു)
മോറോപന്ത്:-ചാരന്മാര്‍ എന്തോ അടിയന്തിര സന്ദേശവുമായി എത്തിയതാണെന്നു തോന്നുന്നു.
(ഒരു ഭടന്‍ വേഗത്തില്‍ ദര്‍ബാറിലേക്ക് കടന്നു വരുന്നു)
ഭടന്‍ :-(ആചാരകൈയോടെ) ജയ് ശിവാജി.
ശിവജി:-എന്താണ് അടിയന്തിര സന്ദേശം
ഭടന്‍: -നമ്മുടെ രഹസ്യാന്വേഷണ വിഭാഗം തലവന്‍വിശ്വാസ് റാവു അയച്ച സന്ദേശമാണ് പ്രഭോ അടിയന്റെ പക്കലുള്ളത്.
ശിവജി:-ഉം… പറയൂ…
ഭടന്‍ :-അഫ്‌സല്‍ഖാനും സൈന്യവും ഒരു കുറുക്കുവഴിയിലൂടെ തുളജാപ്പൂരിലെത്തിയിരിക്കുന്നു മഹാരാജന്‍.
ജീജാഭായി :-(ആശ്ചര്യവും സംഭ്രമവും കലര്‍ന്ന സ്വരത്തില്‍) എന്ത് തുളജാപ്പൂരിലോ…
ശിവജി:-ഉം… എന്നിട്ട്
ഭടന്‍:-കുല ഭരദേവതയായ തുളജാപ്പൂരിലെ ഭവാനി ക്ഷേത്രം അഫ്‌സല്‍ഖാനും സംഘവും തകര്‍ത്തു കളഞ്ഞു പ്രഭോ … (എല്ലാവരും നടുങ്ങുന്നു. ശിവജി രോഷം കൊണ്ട് വിറയ്ക്കുന്നു. ജീജാ ബായി വിതുമ്പിക്കരയുന്നു…)
പൊറുക്കണം മഹാരാജന്‍… ഭവാനി ദേവിയുടെ അഷ്ടഭുജവിഗ്രഹം അടിച്ചുടച്ച ജോനകപ്പട, ശ്രീലകത്ത് ഗോമാതാവിന്റെ കഴുത്തറുത്ത് നിണമൊഴുക്കി അവിടം അശുദ്ധമാക്കി …
ശിവജി:-(സങ്കടവും രോഷവുമടക്കാന്‍ കഴിയാതെ) മതി… ചാരവൃത്താന്തങ്ങള്‍ പൂര്‍ണ്ണമായെങ്കില്‍ താങ്കള്‍ക്കു പോകാം…
ഭടന്‍:-അടിയന്‍ (അയാള്‍ വണങ്ങി പിന്‍വാങ്ങുന്നു).
ജീജാ ബായി :-പണ്ഡര്‍പൂരിലും തുളജാപ്പൂരിലും അഫ്‌സല്‍ഖാന്‍ അടിച്ചുടച്ചത് കേവലം പൂജാ വിഗ്രഹങ്ങളല്ല… അവയെന്റെ വിശ്വാസത്തിന്റെ സാകാര രൂപങ്ങളായിരുന്നു … അവര്‍ മുറിവേല്‍പ്പിച്ചത് എന്റെ ഹൃദയത്തിലാണ്. അവിടെ വാര്‍ന്നു വീഴുന്ന ചോരയ്ക്ക് അഫ്‌സല്‍ഖാനെക്കൊണ്ട് നാം കണക്കു പറയിക്കുക തന്നെ ചെയ്യും…
ബാജിപ്രഭു:-അമ്മ മഹാറാണി കല്‍പ്പിക്കൂ… നമ്മുടെ സേന പ്രതികാരത്തിന് സന്നദ്ധമാണ്.
ശിവജി:- മുതലയെ വെള്ളത്തില്‍ നേരിടുന്നത് ബുദ്ധിയല്ല… ബാജിപ്രഭു…. അതിനെ കരയിലെത്തിക്കണം. അഫ്‌സല്‍ഖാനെ താഴ്‌വരയില്‍ നിന്നും നമുക്കു മേല്‍കൈയുള്ള മലമടക്കുകളിലേയ്ക്ക് ആകര്‍ഷിച്ച് വരുത്തണം. നാം നിശ്ചയിക്കുന്ന പടക്കളത്തില്‍ അവനെ ആവാഹിച്ച് വരുത്തണം. (പടവാള്‍ ഊരിക്കൊണ്ട്) അവിടെ രണചണ്ഡിക കുടിയിരിക്കുന്ന ഈ ഭവാനിഖഡ്ഗത്തിന്റെ മൂര്‍ച്ചയെന്തെന്ന് ആ മഹിഷാസുരനറിയും… (ഭാവം പകര്‍ന്ന്) നമ്മുടെ സൈന്യം ജാവലിക്കാടുകളുടെ നിഗൂഢതകളില്‍ പതിയിരിക്കട്ടെ. കാട്ടിനുള്ളില്‍ നാം പടുത്തുയര്‍ത്തിയ പ്രതാപഗഡില്‍ നിന്നു കൊണ്ട് നാം അഫ്‌സല്‍ഖാനെ നേരിടുന്നതായിരിക്കും… (അമ്മയെ സമീപിച്ച്) ഈ യുദ്ധം വിജയിക്കാന്‍ അമ്മയെന്നെ അനുഗ്രഹിക്കണം… (മുട്ടുകുത്തി പാദം തൊടുന്നു)
ജീജാ ബായി:-വിജയിച്ചു വരൂ… മകനെ.. വിജയിച്ചു വരൂ… മറ്റൊരമ്മയും അനുഭവിക്കാത്ത പേറ്റുനോവാണ് ഈ അമ്മ അനുഭവിച്ചുകൊണ്ടിരിക്കുന്നത്… ഓരോ യുദ്ധവും എന്റെ മകന്‍ വിജയിച്ചു വരുവോളം നാമനുഭവിക്കുന്ന വേദന… അത് ഏത് പേറ്റുനോവിനേക്കാളും വലുതാണ് മകനേ… ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പേറ്റുനോവ് … അത് ലോകത്ത് മറ്റൊരമ്മയും അനുഭവിച്ചിട്ടുണ്ടാവില്ല…
ശിവജി: -ആര്യാവര്‍ത്തത്തിന്റെ ശാന്തി കുടീരങ്ങളില്‍ അഗ്‌നി വര്‍ഷിച്ച, ആരാധ്യ ബിംബങ്ങള്‍ അടിച്ചുടച്ച, അമ്മ പെങ്ങന്മാരുടെ മാനം കെടുത്തിയ, അഫ്‌സല്‍ഖാന്റെ ചോര കൊണ്ട് ഈ മണ്ണിനെ കുളിര്‍പ്പിക്കാതെ നമുക്ക് വിശ്രമമില്ലെന്ന് അമ്മയ്ക്ക് നാം വാക്കു നല്‍കുന്നു…(മറ്റുള്ളവര്‍ ജയ് ഭവാനി, ജയ് ശിവാജി, ഹര ഹര മഹാദേവ തുടങ്ങിയ യുദ്ധഘോഷങ്ങള്‍ മുഴക്കുന്നു. പശ്ചാത്തലത്തില്‍ യുദ്ധദ്യോതകമായ പശ്ചാത്തല സംഗീതം)
ജീജാ ബായി :-(ശിവജിയോടായി) ആള്‍ബലത്തിലും ആയുധബലത്തിലും മുന്നിട്ടു നില്‍ക്കുന്നവനോടേറ്റുമുട്ടുമ്പോള്‍ കരുതി നീങ്ങുന്നവന്‍ വിജയിക്കുമെന്നതാണ് യുദ്ധ ശാസ്ത്രം.. ചതിയുടെ ആള്‍രൂപമായ അഫ്‌സല്‍ഖാനില്‍ നിന്നും ധര്‍മ്മയുദ്ധത്തിന്റെ രീതി മര്യാദകള്‍ പ്രതീക്ഷിച്ചു പോകരുത്… അവിടെ ധര്‍മ്മയുദ്ധമല്ല, യുദ്ധധര്‍മ്മമാണ് പ്രധാനം. ജരാസന്ധനെയും ദുര്യോധനനെയും നേരിട്ട ഭീമന്റെ രണ തന്ത്രം ഓര്‍മ്മയിലുണ്ടാവണം… വിജയം… വിജയം മാത്രമാവണം ലക്ഷ്യം.. വിജയം മാത്രം…കുമാരന് അമ്മ പറയുന്നതിന്റെ പൊരുള്‍ മനസ്സിലാകുന്നുണ്ടോ…
ശിവജി:-ഉണ്ടമ്മേ…. പൂര്‍ണ്ണമായിട്ട് മനസ്സിലാകുന്നുണ്ട്…
ജീജാ ബായി:-പടനിലത്തിലേക്ക് പുറപ്പെടും മുമ്പ് ഒന്നേ നമുക്ക് പറയാനുള്ളു… തുളജാപ്പൂരിലെ ഭവാനി വിഗ്രഹം അടിച്ചുടച്ച അഫ്‌സല്‍ഖാന്റെ കൈകള്‍ ഇനി ഒരു പൂജാ ബിംബവും അടിച്ചുടയ്ക്കാന്‍ ഉയരരുത്… ആ പിശാചരൂപിയുടെ ഹൃദയഭിത്തികളില്‍ അംബ ഭവാനിയുടെ ദിവ്യ ഖഡ്ഗം ചൂഴ്ന്നിറങ്ങുമ്പോള്‍ ആ വഞ്ചകനോട് പറയണം, ഇത് എന്റെ മകന്‍…. നിന്റെ ജ്യേഷ്ഠന്‍ സംഭാജി കുമാരനെ കനക ഗിരി യുദ്ധത്തില്‍ ചതിച്ചു കൊന്നതിന്റെ മറുമൊഴിയെന്ന്… ഈ അമ്മയുടെ ആശീര്‍വാദം ഉടയാത്ത കവചമായി എന്റെ മകനൊപ്പമുണ്ടാവും… പോയി വരുമകനെ… (ശിവജി ഒരിക്കല്‍ കൂടി അമ്മയുടെ പാദം തൊട്ടു തൊഴുതെഴുന്നേല്‍ക്കുമ്പോള്‍ അമ്മ അവനെ വാരിപ്പുണരുന്നു… നെറ്റിയില്‍ ചുംബിക്കുന്നു… ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. കണ്ടു നില്‍ക്കുന്നവരും കണ്ണീരൊപ്പുന്നു)
ജീജാ ബായി :- (ശിവജിയുടെ കണ്ണീര്‍ തുടച്ചുകൊണ്ട് പുഞ്ചിരിക്കുന്നു… അരയില്‍ ഒളിപ്പിച്ച കഠാര വലിച്ചൂരി സ്വന്തം പെരുവിരലില്‍ മുറിവുണ്ടാക്കി ശിവജിയുടെ നെറ്റിയില്‍ വിജയതിലകം ചാര്‍ത്തി കൊടുക്കുന്നു. കഠാര ഭക്തിപൂര്‍വ്വം കണ്ണില്‍ വച്ച് ശിവജിക്ക് കൈമാറുന്നു)… അമ്മ പ്രാര്‍ത്ഥന കൊണ്ട് പവിത്രമാക്കിയ ഈ കഠാര പടനിലത്ത് എന്റെ ഉണ്ണിക്ക് കരുത്താകും. അംബഭവാനിയുടെ ശക്തി ചൈതന്യങ്ങള്‍ ആവാഹിച്ച ഈ കഠാര നാം കുമാരന് സമ്മാനമായി തരുന്നു. (ശിവജി ഭക്തിപൂര്‍വ്വം കഠാര കൈയേല്‍ക്കുന്നു. ജീജാ ബായി രണ്ട് ചുവട് നടന്നുകൊണ്ട്) പകരം എന്റെ മകന്‍ വിജയിച്ചു വരുമ്പോള്‍ ഈ അമ്മയ്‌ക്കൊരു സമ്മാനം കൊണ്ടുവരണം… എന്താ കൊണ്ടു വരില്ലേ.
ശിവജി: -നിശ്ചയമായും … എന്റെ അമ്മ ആവശ്യപ്പെടുന്ന എന്തും ഞാനവിടുത്തെ തൃച്ചേവടികളില്‍ സമ്മാനമായി സമര്‍പ്പിക്കും…
ജീജാ ബായി :-(വികാരവിവശയായി രണ്ടു ചുവട് നടക്കുന്നു. പെട്ടെന്ന് ശിവജിയുടെ നേര്‍ക്ക് തിരിഞ്ഞ്)… എങ്കില്‍… എങ്കിലെന്റെ മകന്‍ എനിക്ക് മുപ്പത്തിരണ്ട് പല്ലുകളുള്ള ഒരു കൊറ്റനാടിന്റെ തലകൊണ്ടുവരണം… അംബ ഭവാനിക്ക് കാഴ്ചവയ്ക്കാന്‍… (അദ്ഭുതപരതന്ത്രനായ ശിവജി ഭവാനി ഖഡ്ഗം നെഞ്ചോട് ചേര്‍ത്ത് അമ്മയുടെ നേര്‍ക്ക് തല കുനിക്കുന്നു. മറ്റുള്ളവര്‍ ഞെട്ടിത്തരിച്ച് നില്‍ക്കുന്നു. വേദിയില്‍ ചുവന്ന പ്രകാശത്തിന്റെ പ്രളയം. പശ്ചാത്തലത്തില്‍ യുദ്ധഘോഷങ്ങള്‍… വെളിച്ചം മങ്ങുന്നു.)