ലോകജനാധിപത്യത്തിന്റെ ശ്രീകോവിലായ ഭാരതത്തില്‍ പൊതുതിരഞ്ഞെടുപ്പിനുള്ള വിളംബരഘോഷം മുഴങ്ങിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 96.8 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ജനാധിപത്യത്തിന്റെ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ പോകുന്നത്. പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26നാണ് കേരളം പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.
രാജ്യഭരണത്തില്‍ വിജയകരമായ ഒരു ദശകക്കാലം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാമൂഴത്തിനായി ജനവിധി തേടുകയാണ്. ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുപോലെ രാഷ്ട്ര യശസ്സുയര്‍ത്തുകയും രാജ്യത്തെ വികസനപാതയിലേക്ക് കൈപിടിച്ച് നടത്തുകയും ചെയ്ത ഒരു ഭരണകാലം മുന്‍പുണ്ടായിട്ടില്ല. രാഷ്ട്രത്തിന്റെ സ്വത്വസംരക്ഷണത്തിനും സാംസ്‌കാരിക ഏകതയ്ക്കും സാമ്പത്തിക സാമൂഹിക മേഖലകളിലെ സ്വാവലംബനത്തിനും വളരെ സുപ്രധാനമായ സംഭാവനകള്‍ നല്‍കിയ സദ്ഭരണ മാതൃകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പത്തു വര്‍ഷം കൊണ്ട് കാഴ്ചവെച്ചത്. ദാരിദ്ര്യം, ഭരണതലത്തിലെ അഴിമതി, സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം, തീവ്രവാദ ഭീഷണി തുടങ്ങി കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തെ വേട്ടയാടിക്കൊണ്ടിരുന്ന ദുര്‍ഭൂതങ്ങളെയെല്ലാം ഉച്ചാടനം ചെയ്യാന്‍ കുറഞ്ഞകാലം കൊണ്ടുതന്നെ ബിജെപി സര്‍ക്കാരിന് സാധിച്ചു. നരേന്ദ്രമോദിയുടെ പത്ത് വര്‍ഷത്തെ ഭരണംകൊണ്ട് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഭാരതത്തിന്റെ നിലപാടുകള്‍ക്ക് മുന്‍പെങ്ങുമില്ലാത്ത പ്രഭാവവും പ്രാധാന്യവും കൈവന്നു.
പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ മോദി സര്‍ക്കാര്‍ ഭാരതത്തെ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തിയിരിക്കുന്നു. ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ത്താനുള്ള തീവ്ര പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
അടിസ്ഥാന സൗകര്യ വികസനം, ആഭ്യന്തര സുരക്ഷ, അഴിമതി നിര്‍മ്മാര്‍ജ്ജനം, സ്ത്രീ ശാക്തീകരണം, നയതന്ത്ര വിജയങ്ങള്‍, ശാസ്ത്ര സാങ്കേതിക വളര്‍ച്ച തുടങ്ങി രാജ്യഭരണത്തിന്റെ സര്‍വ്വമേഖലകളിലും സര്‍വ്വതോമുഖമായ പുരോഗതി സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നാലു കോടി വീടുകളാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പാവങ്ങള്‍ക്കായി നിര്‍മ്മിച്ചു കൊടുത്തത്. എണ്‍പത് കോടി ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭ്യമാക്കി. രാജ്യത്ത് ഒമ്പതരക്കോടി വനിതകള്‍ക്ക് സൗജന്യമായി പാചക വാതക കണക്ഷനുകള്‍ നല്‍കി. പതിനെണ്ണായിരം ഗ്രാമങ്ങളെ പുതുതായി വൈദ്യുതീകരിച്ചു. കുറഞ്ഞ കാലംകൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ രാജ്യരക്ഷാ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഭാരതം മാറി. ചാന്ദ്രയാനും കോവിഡ് പ്രതിരോധ വാക്‌സിനും ഭാരതത്തിന്റെ അഭിമാനകരമായ നേട്ടങ്ങളാണ്. ബുള്ളറ്റ് ട്രെയിനുകളും തുരങ്കപാതകളും വന്ദേഭാരതും വികസനത്തിന്റെ പുതിയ അദ്ധ്യായങ്ങളാണ്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും, മുത്തലാഖ് നിരോധിച്ചതും, അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതും, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതും, വനിതാ സംവരണ ബില്‍ അവതരിപ്പിച്ചതും, പൗരത്വ നിയമഭേദഗതി അവതരിപ്പിച്ചതും, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുമെല്ലാം രണ്ടാം മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവുകളാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിനും ബാലാക്കോട്ടിനും ഗാല്‍വാനിനും ശേഷം ഭാരതത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് നുഴഞ്ഞു കയറാന്‍ ഇന്ന് ശത്രു രാജ്യങ്ങള്‍ ധൈര്യപ്പെടുന്നില്ല. നയതന്ത്ര രംഗത്ത് ചേരിചേരായ്മയുടെ ദൗര്‍ബല്യങ്ങള്‍ ഉപേക്ഷിച്ച് ഭാരതം സ്വന്തം ചേരികള്‍ സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. റഷ്യ- ഉക്രൈയിന്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെടെ ഭാരതത്തിന്റെ വാക്കുകള്‍ക്ക് വേണ്ടി ലോകം കാതോര്‍ത്തു. ഭാരതം അദ്ധ്യക്ഷത വഹിച്ച ജി-20 ഉച്ചകോടി നമ്മുടെ നയതന്ത്ര വിജയത്തിന്റെ മറ്റൊരു ഉദാഹരണമാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് വികസിത ഭാരതമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തില്‍ തുടരേണ്ടത് അനിവാര്യമാണ്.
എന്നാല്‍ മറുഭാഗത്ത് കേരളത്തിന്റെ പ്രയാണം നേര്‍വിപരീതദിശയിലാണ്. ഇടതുപക്ഷ ഭരണത്തില്‍ കേരളം നാള്‍ക്കുനാള്‍ നാശത്തിന്റെ പടുകുഴിയിലേക്ക് നിപതിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയും അക്രമവും അരാജകത്വവും ഇവിടെ അരങ്ങുവാഴുന്നു. ലൈഫ് മിഷന്‍ അഴിമതി, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, കരിമണല്‍ ഖനന അഴിമതി, സ്വര്‍ണ്ണക്കള്ളക്കടത്ത്, സിഎംആര്‍എല്‍ മാസപ്പടി കേസ്, എഐ ക്യാമറ അഴിമതി, പമ്പ മണല്‍ കൊള്ള, പ്രളയ ഫണ്ട് തട്ടിപ്പ്, കിഫ്ബി അഴിമതി, സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങള്‍, പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാതട്ടിപ്പ് തുടങ്ങി ഇടതുഭരണത്തില്‍ സംസ്ഥാനത്ത് അഴിമതി അക്ഷരാര്‍ത്ഥത്തില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കര്‍ഷക ആത്മഹത്യകളും ദുരഭിമാനക്കൊലകളും ആള്‍ക്കൂട്ടക്കൊലപാതകങ്ങളും, സ്ത്രീധന മരണങ്ങളും, ദുരാചാര വാഴ്ചയും കേരളത്തില്‍ കൊടികുത്തി വാഴുകയാണ്. സംസ്ഥാനം മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ പോലും മാസങ്ങളോളം മുടങ്ങിക്കിടക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യം പോലും സംജാതമായിക്കഴിഞ്ഞു. അനിയന്ത്രിതമായ കടമെടുപ്പിലൂടെ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിടിച്ചു നില്‍ക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ വികസനവും വളര്‍ച്ചയും തകിടം മറിക്കുമെന്നുറപ്പാണ്. അഴിമതിയുടെയും തീവ്രവാദ പ്രീണനത്തിന്റെയും കാര്യത്തില്‍ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ബോംബ് സ്‌ഫോടനങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ തുടര്‍ക്കഥയാവുന്നു. ഭീകരസംഘടനയായ ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വരുന്ന കാഴ്ച പോലുമുണ്ടായി.
ബിജെപിയെ കേന്ദ്രഭരണത്തില്‍ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ ഭാരതത്തിലെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് പുതിയ മുന്നണിയുണ്ടാക്കിയാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി വിരുദ്ധതയ്ക്കപ്പുറം രാജ്യവിരുദ്ധതയാണ് ഈ മുന്നണിയെ നിലനിര്‍ത്തുന്നത്. സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ രാഷ്ട്രീയ ദൗത്യമെന്ന് ഈ ഭാരതവിരുദ്ധ മുന്നണി പലപ്പോഴായി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. വിദേശരാജ്യങ്ങളുടെ പിന്തുണയോടെ ഭാരതത്തില്‍ ആഭ്യന്തര കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ മുന്നണി എണ്ണയും തീയും പകരുകയാണ്. മണിപ്പൂര്‍ വിഷയവും കര്‍ഷക പ്രക്ഷോഭവും സിഎഎ വിരുദ്ധ സമരവും ആളിക്കത്തിച്ചതില്‍ വിദേശകരങ്ങളുടെ ആയുധമായി പ്രവര്‍ത്തിച്ചത് ഇക്കൂട്ടരാണ്. ഈ മുന്നണിയിലെ രണ്ട് പ്രധാന മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ ജയിലിലാണ്. ശക്തമായ നേതാവും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ദീര്‍ഘവീക്ഷണമുള്ള നയപരിപാടികളും ശക്തമായ മുന്നണി സംവിധാനവുമാണ് എന്‍ഡിഎയുടെ കരുത്ത്. എന്നാല്‍ മറുഭാഗത്ത് പരസ്പരം പോരടിക്കുന്ന പ്രതിപക്ഷസഖ്യം പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രായോഗികമായി പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
കേന്ദ്ര ഭരണത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ അധികാരത്തുടര്‍ച്ച ഭാരതത്തിന്റെ വിശ്വവിജയത്തിന് വഴിതെളിക്കുമെന്നത് തീര്‍ച്ചയാണ്. ഭാരതവിരുദ്ധരായ പ്രതിപക്ഷ മുന്നണിക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണ രാഷ്ട്രത്തിന്റെ ഭാവിയും സുസ്ഥിരതയും തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തള്ളിക്കൊണ്ട് ഇവിടെ ദേശീയ ശക്തിക്ക് നിര്‍ണായക വിജയമുണ്ടാവേണ്ടതുണ്ട്. ഇപ്പോള്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് ഭാരതത്തിന്റെ അജയ്യമായ വിശ്വവിജയത്തിലേക്കുള്ള ചൂണ്ടുവിരലാണെന്നു തന്നെ പറയാം.