രംഗം – 9
(സായാഹ്നം. രാജഘട്ടിലെ പൂമുഖത്ത് ജപമാലയുമായി ഉലാത്തുന്ന ജീജാ ബായി .. അവിടേയ്ക്ക് കടന്നു വരുന്ന പരിക്ഷീണിതനായ ദാദാജി കൊണ്ഡദേവ്)
ദാദാജി: – അമ്മ മഹാറാണി വിജയിക്കട്ടെ…
ജീജാ ബായി :- എന്താണ് ദാദാജി ഈ സമയത്ത്…
ദാദാജി: – സമയവും കാലവും കഴിയാറായവന്റെ വ്യാകുലതകള്‍ ആരോടെങ്കിലുമൊന്നു പറയണ്ടേ…
ജീജാ ബായി :- നമ്മള്‍ ആരും കാലാതീതരല്ലല്ലോ ദാദാജി… എങ്കിലും ചോദിക്കട്ടെ, അങ്ങയുടെ നാവില്‍ നിന്നും നാളിതുവരെ ഒരു ക്ഷീണിതന്റെ ശബ്ദം നാം കേട്ടിട്ടില്ല. ഞങ്ങളൊക്കെ തളരുമ്പോഴും താങ്ങും തണലും പ്രചോദനവും നല്‍കിയിരുന്ന അങ്ങ് ഇന്ന് വല്ലാതെ ക്ഷീണിതനായിരിക്കുന്നു… രാജ വൈദ്യനെ വിളിക്കേണ്ടതുണ്ടോ.
ദാദാജി: – അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അച്ചുതണ്ടുതന്നെ തേഞ്ഞു തീര്‍ന്ന രഥം വീണടിഞ്ഞല്ലേ മതിയാകു… അതൊക്കെ നമുക്ക് മറക്കാം… അമ്മ മഹാറാണിയെ അടിയന്‍ മുഖം കാണിക്കാനെത്തിയത് ഗൗരവമായ ചില ചാരവൃത്തങ്ങളുടെ അടിസ്ഥാനത്തിലാണ്.
ജീജാ ബായി :- ആശങ്കപ്പെടേണ്ട എന്തെങ്കിലും….
ദാദാജി: – ആശങ്കകളല്ല… ജാഗ്രതയാണാവശ്യം.
ജീജാ ബായി :- എന്താണ് അങ്ങ് പറഞ്ഞു വരുന്നത്
ദാദാജി: – ഭോണ്‍സ്ലേമാര്‍ മറ്റുള്ളവരുടെ സാമ്രാജ്യം സംരക്ഷിക്കുന്നതിനായി രക്തം ചിന്തുകയായിരുന്നു ഇത്ര കാലം. എന്നാല്‍ ശിവജി കുമാരന്‍ സ്വന്തവും സ്വതന്ത്രവുമായ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അഹോരാത്രം കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരിക്കല്‍ കുമാരന്റെ പിതാവ് ശ്രമിച്ചു നോക്കിയ അതേ ദൗത്യം. അന്ന് വാസിര്‍ ഖവാസ് ഖാന്റെയും മറാത്ത സര്‍ദാറായിരുന്ന രാജാറാവുവിന്റെയും സേനകള്‍ ചേര്‍ന്ന് ആ ദൗത്യത്തെ പരാജയപ്പെടുത്തുക മാത്രമല്ല സ്വതന്ത്രമാക്കപ്പെട്ട പൂനെ നഗരം കത്തിച്ച് ചാമ്പലാക്കുകയും ചെയ്തു…
ജീജാ ബായി :- എല്ലാം നാം ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. അന്നു നാം ശിവജി കുമാരനെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലമായിരുന്നു.
ദാദാജി: – ദുരിതങ്ങളും ദുരന്തങ്ങളും ഓര്‍മ്മിപ്പിക്കാനല്ല അടിയനിതൊക്കെ ഇപ്പോള്‍ പറയുന്നത്. ആവര്‍ത്തിക്കാതിരിക്കാനാണ്.
ജീജാ ബായി: – അങ്ങ് അകാരണമായി വ്യാകുലപ്പെടുന്നതായി നമുക്ക് തോന്നുന്നു.
ദാദാജി: – വിജയപരമ്പരകളുടെ വേലിയറ്റങ്ങളിലും വൃദ്ധമനസുകള്‍ വ്യാകുലപ്പെടും തമ്പുരാട്ടി. ശിവജി കുമാരന്റെ പിതാവിന് ലഭിക്കാത്ത ജനപിന്തുണ കുമാരന് ലഭിക്കുന്നത് കാണുമ്പോള്‍ അടിയന്റെ മനസ് നിറയാറുണ്ട്. കുമാരന്‍ ഓരോ യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴും സമപ്രായക്കാരായ എത്ര യുവയോദ്ധാക്കളാണ് കുമാരനോടൊപ്പം ചേരുന്നത്. നേതാജി, യെസാജി, താനാജി, ചിമ്മനാജി അങ്ങനെ എത്രയെത്ര പേര്‍ … ബ്രാഹ്‌മണര്‍, മറാത്തകള്‍, മഹറുകള്‍, കൃഷിക്കാര്‍, പാവപ്പെട്ടവര്‍, പ്രഭുക്കള്‍ എന്നു വേണ്ട എല്ലാ വിഭാഗവും ഹൈന്ദവീസ്വരാജിന്റെ സൈനികരാകുന്നു. തോരണ കോട്ടപിടിച്ചടക്കി കൊണ്ട് ശിവജി കുമാരന്‍ തുടക്കം കുറിച്ച ഹൈന്ദവീ സ്വരാജിന്റെ മുന്നേറ്റം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബീജാപ്പൂര്‍ സുല്‍ത്താന്മാരുടെ അധീനതയിലുണ്ടായിരുന്ന സിംഹഗാറും, ശുഭമംഗല്‍ കോട്ടയും, ജാവലിയും, കൊങ്കണുമൊക്കെ കീഴടക്കി കൊണ്ട് നമ്മുടെ സൈന്യം മുന്നേറുന്ന വാര്‍ത്തകള്‍ അടിയനെ ആനന്ദാതിരേകത്താല്‍ ആറാടിക്കുന്നുണ്ടെങ്കിലും ഇന്നലെ ലഭിച്ച ചാരവൃത്താന്തം അടിയനെ സംഭീതനാക്കുന്നുണ്ട് തമ്പുരാട്ടി.
ജീജാ ബായി :- എന്താണ് ചാരവിവരം.
ദാദാജി: – ബീജാപ്പൂര്‍ സുല്‍ത്താനായ അലി ആദില്‍ഷായുടെ മാതാവ് ഉലിയ ബഡിയാ ബീഗം ദര്‍ബാര്‍ വിളിച്ചു കൂട്ടി, ശിവജി കുമാരനെ ജീവനോടെയൊ അല്ലാതെയോ പിടിക്കാന്‍ കല്‍പ്പന പുറപ്പെടുവിച്ചിരിക്കുന്നു… കൊടും ക്രൂരനായ അഫ്‌സല്‍ഖാന്‍ ആ ദൗത്യം ഏറ്റെടുത്തതായാണ് വിശ്വസ്ത ചാരന്‍മാര്‍ ഉണര്‍ത്തിയ്ക്കുന്ന വിവരം ..
ജീജാ ബായി :- എന്നു പറഞ്ഞാല്‍ ഹൈന്ദവീ സ്വരാജിനു മേല്‍ ബീജാപ്പൂരിന്റെ ആക്രമണം ഉടനുണ്ടാകുമെന്ന് സാരം..
ദാദാജി: – അതെ തമ്പുരാട്ടി. ആദില്‍ഷായ്‌ക്കെതിരെയുള്ള പോരാട്ടം ഒരു കുട്ടിക്കളിയല്ല. ഹൈന്ദവീസ്വരാജിന്റെ സേന മീശ മുളയ്ക്കാത്ത ഇളമുറക്കാരുടെ സൈന്യമല്ലേ എന്നാണ് അടിയന്റെ ആശങ്ക.
(പശ്ചാത്തലത്തിലെത്തി ഇതു കേട്ടുകൊണ്ട് നിന്ന ശിവജി ചിരിച്ചു കൊണ്ട് മുന്നോട്ടു വരുന്നു)
ശിവജി: – ഹ…ഹ… ഹൈന്ദവീ സ്വരാജിന്റെ സൈനികര്‍ മീശ മുളയ്ക്കാത്ത കുട്ടികളാണെന്ന അഭിപ്രായം ദാദാജിക്ക് മാത്രമല്ല മറ്റ് പലര്‍ക്കുമുണ്ട് …
ദാദാജി: – ജീവിതാനുഭവങ്ങള്‍ കൊണ്ട് നരച്ചു പോയ താടി മീശക്കാരുടെ അഭിപ്രായങ്ങളാണ് കുമാരാ അതൊക്കെ …
ശിവജി: – ഞാന്‍ സമ്മതിക്കുന്നു ദാദാജി .. പക്ഷെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗോകുലത്തില്‍ നിന്ന് മഥുരയിലെത്തി അധര്‍മ്മിയായ കംസനെ നിഗ്രഹിക്കുമ്പോള്‍ കുട്ടിത്തം വിട്ടുമാറിയിരുന്നില്ല. ശ്രീരാമചന്ദ്രന്‍ വിശ്വാമിത്രനോടൊപ്പം താടകാവധത്തിനായി കാടുകയറുമ്പോള്‍ കുട്ടിത്തം വിട്ടുമാറിയിരുന്നില്ല … സന്ത് ജ്ഞാനേശ്വര്‍ ഭഗത്ഗീതയ്ക്ക് മഹാ ഭാഷ്യമെഴുതുമ്പോള്‍ കുട്ടിത്തം വിട്ടുമാറിയിരുന്നില്ല … ബാല്യമോ കൗമാരമോ എന്നതല്ല, കഠിന കര്‍മ്മങ്ങള്‍ ഏറ്റെടുക്കാന്‍ കരുത്തുണ്ടോ എന്നതാണ് കാര്യം…
ദാദാജി: – കുമാരന്‍ ദൈവങ്ങളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഞാന്‍ പറയുന്നത് സാധാരണ മനുഷ്യരുടെ കാര്യമാണ്.
ശിവജി: – നാം രോഹിതേശ്വരന്റെ നാമത്തില്‍ പ്രതിജ്ഞ ചെയ്തവരാണ് ദാദാജി. ഈശ്വരീയ കാര്യത്തിനിറങ്ങിത്തിരിച്ചവരാണ് ഹൈന്ദവീ സ്വരാജിന്റെ ഓരോ സൈനികനും. അവന്‍ ദൈവിക ഗുണങ്ങള്‍ ആര്‍ജ്ജിച്ചേ മതിയാകു… നാമൊക്കെ സാധാരണ മനുഷ്യരാണെന്നു ചിന്തിച്ചാല്‍ എന്നുമങ്ങനെ തുടരാം. അസാധാരണ കാര്യങ്ങള്‍ ചെയ്യാന്‍ പിറന്നവരാണെന്ന ബോധമുണ്ടായാല്‍ അവതാരങ്ങള്‍ സൃഷ്ടിച്ച മാതൃകകള്‍ പിന്‍തുടര്‍ന്നേ മതിയാകു…
ദാദാജി: – തര്‍ക്കവിതര്‍ക്കങ്ങള്‍ക്കുള്ള സമയമല്ലിത്.. ബീജാപ്പൂരിന്റെ സൈന്യം ഏത് നിമിഷവും നമ്മെ ആക്രമിച്ചേക്കാമെന്ന ആശങ്കയാണ് അടിയന്‍ പങ്കു വയ്ക്കുന്നത്.
(ഒന്നു ദീര്‍ഘമായി നിശ്വസിച്ചു കൊണ്ട്)
ശിവജികുമാരന്റെ പിതാവിനോടൊപ്പം പോരാടിയ പ്രായമല്ല ഇപ്പോ അടിയന്… മനസെത്തുന്നിടത്ത് ശരീരമെത്താതായിരിക്കുന്നു… ആയുധം കൈയിലൊരലങ്കാരമായിപ്പോകുന്നപ്പോലെ ചിലപ്പോ തോന്നുകയാ…
ജീജാ ബായി :- അങ്ങ് ഇന്ന് വല്ലാതെ ക്ഷീണിതനാണ്. അങ്ങേയ്ക്ക് വിശ്രമം ആവശ്യമാണ്…
ദാദാജി: – വിശ്രമം എന്തെന്നറിയാതെ ഹൈന്ദവീ സ്വരാജിനു വേണ്ടി മറാത്തയിലെ കര്‍ഷക യുവാക്കളും വനവാസികളും വരെ പണിയെടുക്കുമ്പോള്‍ അടിയനെങ്ങനെ വിശ്രമിക്കും തമ്പുരാട്ടി … പ്രത്യേകിച്ച് ശത്രുസൈന്യത്തിന്റെ കുളമ്പടികള്‍ അടുത്തു വരുമ്പോള്‍…. (ദാദാജി വേച്ച് വീഴാന്‍ തുടങ്ങുമ്പോള്‍ കൊടുങ്കാറ്റുപോലെ കടന്ന് വന്ന് താങ്ങുന്ന ശിവജി …)
ജീജാ ബായി :- (ഓടി അടുത്തേയ്ക്ക് വന്നുകൊണ്ട്) എന്റെ ഭവാനി ദേവി …
ശിവജി: – അങ്ങെന്തിനാണ് വ്യാകുലപ്പെടുന്നത്. അങ്ങ് ഇത്ര കാലം ഞങ്ങള്‍ക്ക് അടവും ചുവടും ആയോധന വിദ്യയും പകര്‍ന്നു തന്നില്ലെ… ഇനി അങ്ങേയ്ക്ക് വിശ്രമമാണ് വേണ്ടത് …
ദാദാജി: – (ശിവജിയുടെ കൈകളില്‍ കിടന്നു കൊണ്ട്) വിശ്രമം…. ഒരു യോദ്ധാവിന്റെ വിശ്രമശയ്യ പട്ടടയാണ് … ശയ്യാവലംബിയായി ഊര്‍ദ്ധ്വന്‍വലിച്ച് മരിക്കുന്നതിനേക്കാള്‍ പടനിലത്ത് പൊരുതി മരിക്കാനാണ് അടിയന്‍ മോഹിച്ചത്… ഇനി… എനിക്കതിന് കഴിയില്ല… എന്റെ സമയം കഴിഞ്ഞിരിക്കുന്നു… (തേങ്ങുന്നു)
ശിവജി: – അങ്ങ് കരയരുത്..
ദാദാജി: – ഹൈന്ദവീ സ്വരാജിന്റെ സൈന്യം വിജയിച്ചു മുന്നേറുമ്പോള്‍ ഭഗവ പതാകയുമേന്തി ഒപ്പമുണ്ടാകണമെന്ന് മോഹിച്ചു പോയി … ഇനി എനിക്കതിനാവില്ല…
ശിവജി: – (ശിവജി കരഞ്ഞുകൊണ്ട് ദാദാജിയെ കുലുക്കുന്നു…) ദാദാജി… ദാദാജി …. അങ്ങ് ഞങ്ങളെ വിട്ടു പോകുകയാണോ…
ദാദാജി: – വെള്ളം … വെള്ളം …
ജീജാ ബായി :- ആരെവിടെ …. (ഒരു സൈനികന്‍ ഓടി വന്ന് ശിവജിയോടൊപ്പം ദാദാജിയെ താങ്ങി പിടിക്കുന്നു…) സയീബായി… പൂജാമുറിയില്‍ നിന്നും ഗംഗാതീര്‍ത്ഥം കൊണ്ടുവരു… (സയീബായ് ഗംഗാതീര്‍ത്ഥം കൊണ്ടുവരുന്നു. ശിവജി ദാദാജിയുടെ തുറന്ന വായിലേക്ക് തീര്‍ത്ഥം പകരുന്നു… അവര്‍ക്കു മേല്‍ നീലയും മഞ്ഞയും കലര്‍ന്ന വെളിച്ചം. പശ്ചാത്തലത്തില്‍ ശോകസംഗീതം)
ദാദാജി: – (എല്ലാവരുടെയും മുഖത്തേയ്ക്ക് മാറി മാറി നോക്കിയതിനു ശേഷം ബദ്ധപ്പെട്ട് കൈ ഉയര്‍ത്തി ശിവജിയുടെ തലയില്‍ വയ്ക്കുന്നു) വിജയീ ഭവ… (കൈകള്‍ വഴുതി വീഴുന്നു. തല ഒരു വശത്തേയ്ക്ക് ചരിഞ്ഞ് ദാദാജി അന്ത്യശ്വാസം വലിക്കുന്നു. ശിവജിയും മറ്റുള്ളവരും തേങ്ങിക്കരയുമ്പോള്‍ ജീജാ ബായിയുടെ കൈകള്‍ ശിവജിയുടെ തോളില്‍ സമാശ്വാസപൂര്‍വ്വം പതിയുന്നു. പശ്ചാത്തലത്തില്‍ സമര്‍പ്പിത ജീവിതത്തെ പ്രകീര്‍ത്തിക്കുന്ന ഗീതം ഉയരുന്നു)
ആത്മവിശുദ്ധി തന്‍ ആദര്‍ശ രൂപമേ..
ഏതു കൊടുങ്കാറ്റിലും കെടാ ദീപമേ
എന്നും ജ്വലിച്ചു നിന്നോരു ഗുരുത്വമേ…
നീ മിഴി പൂട്ടി മറയുകെന്നാകിലും
ഞങ്ങള്‍ കാണും നിന്‍മൊഴി വിളക്കാല്‍ വഴി…
ഞങ്ങള്‍ നീങ്ങും നീ തെളിച്ച വഴികളില്‍..
(വേദിയില്‍ ഇരുട്ട് പരക്കുന്നു).
രംഗം -10
(ശിവജിയുടെ കൊട്ടാരം. സന്ധ്യാനേരം. നേര്‍ത്ത ശോക ഛവിയുള്ള പശ്ചാത്തല സംഗീതം. വിദൂരതയില്‍ നിന്നും ഒഴുകിവരുന്ന കീര്‍ത്തനം ശ്രവിച്ച് മട്ടുപ്പാവില്‍ ഉലാത്തുന്ന ശിവജി. സദസ്സിന് പുറം തിരിഞ്ഞ് ഉദിച്ച് നില്‍ക്കുന്ന ചന്ദ്രക്കല നോക്കി വിഷാദ ഭാവത്തില്‍ നില്‍ക്കുന്ന ശിവജിയുടെ പിന്നിലൂടെ എത്തുന്ന ജീജാ ബായി)
ജീജാ ബായി :- കുമാര…
ശിവജി: – (നിറകണ്ണുകളോടെ മെല്ലെ തിരിയുന്നു….) അമ്മ…
ജീജാ ബായി :- ദാദാജിയുടെ ചിത കത്തിയമര്‍ന്നെങ്കിലും കുമാരന്റെ ഹൃദയത്തിലത് നീറി
എരിയുകയാണെന്ന് ഈ അമ്മയ്ക്കറിയാം…
ശിവജി: – (അമ്മയുടെ തോളില്‍ തല ചായ്ച്ചുകൊണ്ട് ഒരു കുഞ്ഞിനെപ്പോലെ തേങ്ങുന്നു.. ജീജാ ബായി മകനെ തോളില്‍ തട്ടി സമാശ്വസിപ്പിക്കുന്നു)… ദാദാജി നമുക്കാരായിരുന്നു … അച്ഛനും മുത്തച്ഛനും ഗുരുവും വഴികാട്ടിയുമെല്ലാമായിരുന്ന ഒരാള്‍ …. പെട്ടെന്ന് ജീവിതത്തില്‍ നിന്ന് പടി ഇറങ്ങിപ്പോകുമ്പോഴുണ്ടാകുന്ന ശൂന്യത …
ജീജാ ബായി :- ശരിയാണ്… ഇക്കണ്ട കാലം മുഴുവന്‍ ഹൈന്ദവീസ്വരാജിനായി വിശ്വസ്തനായി നിന്ന ഭീഷ്മതുല്യന്‍… പക്ഷെ മരണമെന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ഹൈന്ദവീ സ്വരാജിന്റെ ഭാവി ചക്രവര്‍ത്തി കരഞ്ഞു കൂടാ…
ശിവജി: – എങ്കിലും അനിവാര്യ ദു:ഖങ്ങളുടെ മുള്‍മുനയില്‍ ഹൃദയം പിടയുമ്പോള്‍, വനാന്തരങ്ങളിലെവിടെയോ ജനിമൃതി ദുഃഖങ്ങളുടെ ഭയം തീണ്ടാതെ കഴിയുന്ന സമര്‍ത്ഥരാമദാസിന്റെ സവിധത്തിലേയ്ക്ക് നമ്മുടെ മനസ്സ് പലായനം ചെയ്യുന്നു. കോട്ട വാതിലിനു പുറത്തു നിന്നും സ്വാമിജിയാല്‍ വിരചിതമായ കീര്‍ത്തനം ആരോ പാടുന്നത് നാം ശ്രദ്ധിച്ച് നില്‍ക്കുകയായിരുന്നു … അമ്മ അത് കേട്ടുവോ…?
ജീജാ ബായി :- നാം കേട്ടിരുന്നു. അവധൂത ചിത്തരായി അലഞ്ഞു തിരിയുന്ന ഏതോ രാമദാസ ശിഷ്യനാവണം ആ കീര്‍ത്തനം പാടുന്നത്.
ശിവജി: – ആത്മാവിന്റെ അഗാധതയോളം ആണ്ടിറങ്ങുന്ന ആ നാദവിസ്മയം നമ്മുടെ മനസ്സിന് അല്പം ശാന്തി പകരുമെന്ന് തോന്നുന്നു… (പ്രകാശം മങ്ങുമ്പോള്‍ കീര്‍ത്തനം ഉയര്‍ന്നു കേട്ടു തുടങ്ങുന്നു. പ്രകാശം വരുമ്പോള്‍ കൊട്ടാരത്തില്‍ കീര്‍ത്തനം കേട്ട് ധ്യാനലീനനായി ഇരിക്കുന്ന ശിവജി. സമീപത്ത് തന്നെ ജപമാലയുമായി നില്‍ക്കുന്ന ജീജാ ബായി .. കാഷായ ധാരിയായ ഒരാള്‍ തമ്പുരുമീട്ടി പാടുന്നു)
ഹരിചരണം മമ മൃതി ഭയഹരണം
ഹരി സവിധം നരമോക്ഷ കവാടം…
ജനിമൃതി ദു:ഖ നിവാരണ മന്ത്രം..
മനമേ സതതം പാടുക പാടുക …
മോഹശതങ്ങള്‍ മരീചികയായി
മായാ മൃഗമായ് പായുകയല്ലോ..
താരക നാമ ശരത്താലെന്‍ മന
വ്യാമോഹങ്ങളൊടുക്കുക ഭഗവന്‍
നീ ഭവസാഗര താരണമന്ത്രം
നിന്‍ കൃപയല്ലാതില്ലൊരു ഗതിയും ..
ഹേ രഘുനാഥ കൃപാകര മൂര്‍ത്തേ
സതതം ചൊരിയുക നിന്‍ കാരുണ്യം
അഹമഹമെന്ന വിചാരം മസ്തക-
മുയരെ ഉയര്‍ത്തി ഗമിച്ചീടുമ്പോള്‍
ഒരു മുതലപ്പിടിയില്‍ കുഴയുന്നേന്‍
തരികൊരു മോചനമെന്‍ ഭഗവാനെ
(ഭജന്‍ കേട്ടുകൊണ്ടിരിക്കെ വിവിധ ഘട്ടങ്ങളില്‍ പ്രകാശം മങ്ങിത്തെളിയുമ്പോള്‍ ശിവജിയും മാതാവും പ്രധാന കഥാപാത്രങ്ങളൊക്കെയും മാറി മാറി പ്രത്യക്ഷപ്പെടുന്നു. പാട്ടിനവസാനം ശിവജിയും കൂട്ടാളികളും മധ്യവയസ്സിലേക്കും ജീജാബായി വാര്‍ദ്ധക്യത്തിലേക്കും കടക്കുന്നു. അവര്‍ ജപമാലയുമായി ധ്യാനിച്ചിരിക്കുന്നു. കീര്‍ത്തനം പൂര്‍ണ്ണമാകുമ്പോള്‍ ശിവജി സന്യാസിയെ പ്രണമിക്കുന്നു)
ശിവജി: – സമര്‍ത്ഥരാമദാസ മഹാരാജിനാല്‍ വിരചിതമായ ഇത്തരം ഭജനകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിന്റെ എല്ലാ ഭാരങ്ങളും ലഘൂകരിക്കപ്പെടുന്നു. ഈ ലൗകിക മോഹവലകള്‍ പൊട്ടിച്ച് ആ പാദങ്ങളില്‍ അഭയം തേടാന്‍ എന്റെ മനസ്സ് വെമ്പുകയാണ്.
ജീജാ ബായി :- (വികാരവിവശയായി) കുമാരാ…
സന്യാസി :- ഞങ്ങളുടെ ഗുരുനാഥന്‍ സമര്‍ത്ഥരാമദാസ സ്വാമികള്‍ ബ്രഹ്‌മര്‍ഷിയാണെങ്കില്‍ അങ്ങ് രാജര്‍ഷിയാണ്. അദ്ദേഹം തംബുരു ഏന്തുമ്പോള്‍ അങ്ങ് ഭവാനിഖഡ്ഗമേന്തുന്നു എന്നു മാത്രം. ക്ഷാത്രവീര്യവും ബ്രഹ്‌മതേജസ്സും…. രണ്ടും ഈ കാലഘട്ടത്തിന് അനിവാര്യമാണ് മഹാരാജന്‍.
ശിവജി: – സമര്‍ത്ഥരാമദാസസ്വാമികള്‍ ഇപ്പോള്‍ എവിടെയാണ് തപം ചെയ്യുന്നത്?
സന്യാസി :- അദ്ദേഹമിപ്പോള്‍ വനാന്തരത്തില്‍ ശിവതാര്‍ ഗുഹയില്‍ ഏകാന്ത സാധനയിലിരുന്നു കൊണ്ട് ദാസ്‌ബോധിന്റെ രചനയിലാണ്. അങ്ങേയ്ക്ക് എല്ലാ വിജയങ്ങളും ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നിട്ടുണ്ട് … ഹൈന്ദവീ സ്വരാജ് സമീപസ്ഥമാണെന്ന് അദ്ദേഹം പ്രവചിച്ചു കഴിഞ്ഞു മഹാരാജന്‍
ശിവജി: – (വികാരവിവശനായി) ഗുരു കാരുണ്യം…. ഗുരു കാരുണ്യം… ജയ ജയ ഗുരുദേവ്
(സന്യാസി ശിവജിയെ വണങ്ങി പിന്‍വാങ്ങുന്നു. കീര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം തംബുരു മീട്ടി നടന്നു മറയുന്നത് നോക്കി നില്‍ക്കുന്ന ശിവജി. വേദിയില്‍ പ്രകാശം മങ്ങുന്നു)
(തുടരും)