രംഗം – 19
(അഫ്‌സല്‍ഖാന്റെ പടകുടീരം. ഖാന്‍ ഉരുണ്ട തലയിണകളില്‍ ചാരിയിരുന്നുകൊണ്ട് ഹുക്ക വലിക്കുന്നു. സമീപത്ത് കൃഷ്ണാജി പന്ത് ശിവജിയുടെ ദൂതന്‍ നല്‍കിയ പത്രവുമായി നില്‍ക്കുന്നു)
അഫ്‌സല്‍ഖാന്‍ :-ഉം… വായിക്കു… (പരിഹാസപൂര്‍വ്വം) ആ പേടിത്തൊണ്ടന്‍ ശിവജിയുടെ ദൂതന്‍ സമര്‍പ്പിച്ച സന്ദേശപത്രം നാമൊന്നു കേള്‍ക്കട്ടെ.
കൃഷ്ണാജി പന്ത് :-(സന്ദേശപത്രം വായിക്കുന്നു) ബഹുമാനപ്പെട്ട അഫ്‌സല്‍ഖാന്‍ സാഹേബിന്റെ സമക്ഷത്തിലേക്ക് വിനീതദാസന്‍ ശിവാജി ബോണ്‍സ്ലേ സമര്‍പ്പിക്കുന്ന കുറിമാനം… അറിവില്ലായ്മ കൊണ്ട് അടിയന്‍ ചെയ്ത തെറ്റുകുറ്റങ്ങള്‍ പൊറുത്ത് മാപ്പാക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ബീജാപ്പൂരിന്റെ അധികാരപരിധിയില്‍ നിന്നും മറാത്തസൈന്യം പിടിച്ചെടുത്ത കോട്ടകളും ഭൂപ്രദേശങ്ങളും ഖാന്‍ സാഹിബിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് ശിഷ്ടകാലം അവിടുത്തെ സാമന്തനായി കഴിയാന്‍ അനുവദിക്കുമാറാകണം… ഇനിയങ്ങോട്ട് വിശ്വസ്ത സേവകനായി ബാദശാഹയുടെ ദാസനായി….
അഫ്‌സല്‍ഖാന്‍ :-(വായന മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ പൊട്ടിച്ചിരിച്ചുകൊണ്ട്) ഹ…ഹ…നിര്‍ത്ത്… വായിച്ചതുമതി… ഒരു ഭീരുവിന്റെ ഭയാക്രാന്തമായ ജല്‍പ്പനങ്ങളാണല്ലോ സന്ദേശപത്രത്തില്‍ കവിഞ്ഞൊഴുകുന്നത്.. എന്തായിരുന്നു ശിവജിയെക്കുറിച്ച് വൈതാളികര്‍ പാടി നടന്നിരുന്നത്. ദില്ലി സിംഹാസനത്തെപ്പോലും പിടിച്ചടക്കി ഹിന്ദു സാമ്രാജ്യം സ്ഥാപിക്കും പോലും..ഹ…ഹ… എന്നിട്ടിപ്പോള്‍ ജീവഭിക്ഷയ്ക്ക് യാചിച്ചുകൊണ്ട് ഈ അഫ്‌സല്‍ഖാന്റെ മുന്നില്‍ മുട്ടിലിഴയുന്നു … ഭീരു… (കാര്‍ക്കിച്ച് തുപ്പുന്നു).
കൃഷ്ണാജി പന്ത് :- അങ്ങയുടെ സൈനിക സജ്ജീകരണങ്ങളും പരാക്രമങ്ങളും കേട്ടറിഞ്ഞ ശിവാജി വല്ലാതെ ഭയന്നിരിക്കുകയാണ് പ്രഭോ … അങ്ങ് ജാവളി കാടുകളിലെത്തിയാല്‍ അയാള്‍ കോട്ട വിട്ടിറങ്ങി അങ്ങയുടെ മുന്നില്‍ ആയുധം വച്ച് കീഴടങ്ങാന്‍ തയ്യാറാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. അയാള്‍ക്ക് തുണയായി അര്‍ദ്ധനഗ്‌നരായ കുറച്ച് മാവളി ഗോത്ര വംശക്കാരല്ലാതെ മറ്റാരെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല ഹുസൂര്‍… അതുകൊണ്ടാണ് ആ ഭീരു ജാവളി കാടുവിട്ടിറങ്ങാന്‍ കൂട്ടാക്കാത്തതെന്ന് അടിയനു തോന്നുന്നു…
അഫ്‌സല്‍ഖാന്‍ :-നാം സൈന്യസമേതം ജാവളി കാടുകളിലേക്ക് എത്തുന്നതാണ് നല്ലതെന്നു തോന്നുന്നു. അല്ലെങ്കില്‍ ആ കാഫിര്‍ പ്രതാപഗഢില്‍ നിന്ന് മറ്റ് കോട്ടകളിലേയ്ക്ക് രക്ഷപ്പെട്ട് പോയേക്കാം… എന്തായാലും നമ്മുടെ സൈന്യത്തെ നേരിടാനുള്ള കരുത്ത് ആ ഭീരുവിനില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു…
കൃഷ്ണാജി പന്ത് :- അതെ പ്രഭോ അങ്ങയെ നേരിടാനുള്ള കരുത്തൊന്നും ശിവജിക്കോ അയാളുടെ കാട്ടു സൈന്യത്തിനോ ഉണ്ടെന്നു തോന്നുന്നില്ല.
അഫ്‌സല്‍ഖാന്‍ :-അപ്പോള്‍ നമ്മുടെ ചതുരംഗ സേനയും ജാവളി കാടുകളിലേക്ക് നീങ്ങട്ടെ … ആ കാട്ടെലി നാമൊരുക്കുന്ന കെണിയില്‍ വീഴാന്‍ ഇനി ദിവസങ്ങള്‍ മാത്രം..
ക്യഷ്ണാജി പന്ത് :-ഖാന്‍ സാഹേബ് അടിയനോട് പൊറുക്കണം. വമ്പിച്ചൊരു സൈന്യവുമായി അങ്ങെഴുന്നള്ളിയാല്‍ ശിവജി ഭയം കൊണ്ട് കോട്ട വിട്ടിറങ്ങുക തന്നെയില്ല. അയാള്‍ അങ്ങയെകുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ഭയന്നു വിറയ്ക്കുന്നു എന്നാണ് അടിയന്റെ അനുഭവം. അതുകൊണ്ട് നമ്മുടെ സൈന്യത്തെ കുറച്ച് ദൂരെ മാറ്റി നിര്‍ത്തുന്നതാണ് ബുദ്ധിയെന്നാണ് അടിയന്റെ അഭിമതം.
അഫ്‌സല്‍ഖാന്‍ :-താങ്കള്‍ പറയുന്നതിലും കാര്യമുണ്ട്. നമ്മുടെ സൈന്യം എന്തിനും തയ്യാറായി ദൂരെ മാറി നില്‍ക്കുന്നതാവും കൂടുതല്‍ ബുദ്ധി.
കൃഷ്ണാജി പന്ത് :- ശിവജിയുടെ ദൂതന്‍ ഗോപിനാഥ് പന്തില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് പ്രതാപഗഢിന്റെ താഴ്‌വരയില്‍ അങ്ങയെ സ്വീകരിക്കാനും സത്ക്കരിക്കാനുമായി ശിവജി രാജകീയ കുടീരം തന്നെയാണ് ഒരുക്കാന്‍ പോകുന്നത്. അയാള്‍ കേവലം പത്ത് അംഗരക്ഷകരുടെ അകമ്പടിയോടെ അവിടെ എത്തി അങ്ങയെ വണങ്ങുമെന്നാണ് ധാരണ. അങ്ങും പത്ത് അംഗരക്ഷകരോടൊപ്പം അവിടെ എത്തുന്നതാവും നല്ലത്. പത്ത് അംഗരക്ഷകരെ അസ്ത്രമെത്താവുന്ന ദൂരത്ത് നമുക്ക്‌രഹസ്യമായി വിന്യസിക്കാം. ആ ഭീരുവിനെ കൈകാര്യം ചെയ്യാന്‍ ഇതു തന്നെ ധാരാളമെന്നാണ് അടിയന്റെ പക്ഷം…
അഫ്‌സല്‍ഖാന്‍ :-ഉം… ശരിയാണ്. സ്‌നേഹസമ്പൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ ചര്‍ച്ച നടക്കുന്നു എന്ന ധാരണ ഉണ്ടാക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ആ കാട്ടുക്കള്ളന്‍ കാഫിര്‍ കാത്തിരിക്കട്ടെ… അവന്റെ മരണദൂതനു വേണ്ടി…. ഹ…ഹ… (അരയിലൊളിപ്പിച്ച കഠാര വലിച്ചൂരി അയാള്‍ അട്ടഹസിക്കുന്നു.. ചുവന്ന പ്രകാശ വൃത്തത്തില്‍ നിശ്ചലനാകുന്ന അഫ്‌സല്‍ഖാന്‍… വേദിയില്‍ ഇരുള്‍ പരക്കുന്നു)
രംഗം – 20
(പ്രതാപഗഢിലെ ശിവജിയുടെ ദര്‍ബാര്‍.. താനാജി, മോറോപന്ത് പിംഗളേ, ബാജിപ്രഭു ദേശ്പാണ്ഡേ, ജീവാമഹല്‍ തുടങ്ങിയ പ്രമുഖ സൈനികര്‍)
ശിവജി: – മഹാമന്ത്രി മോറോപന്ത് പിംഗളേ … എന്താണ് അഫ്‌സല്‍ ഖാന്റെ ഉള്ളിലിരിപ്പെന്ന് നമ്മുടെ ചാരന്മാര്‍ക്കോ സന്ദേശവാഹകന്മാര്‍ക്കോ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ…
മോറോപന്ത് :-അഫ്‌സല്‍ഖാനെ സന്ദര്‍ശിച്ച നമ്മുടെ ദൂതന്‍ ഗോപിനാഥ പന്ത് നല്‍കുന്ന വിവരമനുസരിച്ച് നിഗൂഢമായ എന്തോ പദ്ധതി അയാള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍.
ശിവജി:-ഉം…
ബാജിപ്രഭു :-ശൃംഗപുരത്തിലെ രാജാവിനെ സന്ധിക്ക് വിളിച്ച് ചതിച്ചു കൊന്ന പാരമ്പര്യമാണ് അഫ്‌സല്‍ഖാനുള്ളതെന്ന് നാം മറക്കാന്‍ പാടില്ല പ്രഭോ…
ശിവജി: – (നിഗൂഢമായി ചിരിക്കുന്നു) ധര്‍മ്മയുദ്ധങ്ങളില്‍ നിന്നും ഈ നാട് യുദ്ധ ധര്‍മ്മത്തിലേയ്ക്ക് വഴിമാറിയത് ചില ചതിയന്മാര്‍ അറിഞ്ഞിട്ടുണ്ടാവില്ല. സാരമില്ല… അധികം വൈകാതെ അവര്‍ അറിഞ്ഞു കൊള്ളും. (ദര്‍ബാറിലേക്ക് കടന്നുവന്ന ഒരു സൈനികന്‍ വിഷാദഗ്രസ്ഥനായി ആചാരകയ്യോടെ വണങ്ങി നില്‍ക്കുന്നു)
ശിവജി: -(സൈനികന്‍ കടന്നുവന്നതിന്റെ അനിഷ്ടത്തോടെ മോറോപന്തിനെ നോക്കി) ഗൗരവാവഹമായ രാജ്യ കാര്യാലോചനയിലേക്ക് അത്യാവശ്യത്തിനല്ലാതെ ദൂതന്മാരെ കടത്തിവിടരുതെന്ന് മഹാമന്ത്രിക്ക് അറിവുള്ളതല്ലേ…
മോറോപന്ത് :- പൊറുക്കണം മഹാരാജന്‍.. കവാട പാലകര്‍ക്ക് നാം കര്‍ക്കശ നിര്‍ദേശം കൊടുത്തിരുന്നതാണ് പ്രഭോ…
കടന്നു വന്ന സൈനികന്‍:- മാപ്പാക്കണം പ്രഭോ.. രാജ്യകാര്യാലോചനയുടെ ഗൗരവം അടിയനറിയാത്തതുകൊണ്ടല്ല മഹാരാജന്‍. രാജഗഡില്‍ നിന്നും അമ്മ മഹാറാണി തന്നു വിട്ട ഒരു കുറിമാനം അവിടുത്തെ കരങ്ങളില്‍ അടിയന്തിരമായി എത്തിക്കേണ്ടതുകൊണ്ടാണ് മുന്‍കൂട്ടി അനുവാദം വാങ്ങാതെ അടിയന്‍ ഇവിടേക്ക് കടന്നുവന്നത്…
ശിവജി: – (ഭാവം പകര്‍ന്ന്) എന്ത് അമ്മ മഹാറാണിയുടെ കുറിമാനമോ .. വേഗം തരൂ… എന്താണ് അടിയന്തിര പ്രാധാന്യമുള്ള വിഷയം..
ഭടന്‍:- (വിതുമ്പി കൊണ്ട് കുറിമാനം എടുത്തു നീട്ടുന്നു) സങ്കട വൃത്താന്തമാണ് മഹാരാജന്‍ (ശിവജി അടക്കം എല്ലാവരും ആകാംക്ഷയില്‍… ശിവജി കത്ത് വാങ്ങി വായിക്കാനാരംഭിക്കുന്നു. കത്തിന്റെ ഉള്ളടക്കം ജീജാ ബായിയുടെ ശബ്ദത്തില്‍ കേട്ടു തുടങ്ങുന്നു)
ജീജാ ബായി :- ഹൈന്ദവീ സ്വരാജിന്റെ ചക്രവര്‍ത്തിക്ക് ഈ അമ്മയുടെ പ്രണാമം … ആയുരാരോഗ്യ സൗഖ്യങ്ങള്‍ നല്‍കി അംബ ഭവാനി കാക്കട്ടെ… മനോദുഃഖമുണ്ടാക്കുന്ന ഒരു വൃത്താന്തമറിയിക്കാനാണ് ഈ കുറിമാനം അയക്കുന്നത്. കുമാരന്റെ ധര്‍മ്മപത്‌നി, സയീബാ നമ്മുടെ പ്രാര്‍ത്ഥനകളെ വിഫലമാക്കി കൊണ്ട് ഇന്നലെ രാത്രിയില്‍ ദിവംഗതയായിരിക്കുന്നു. രാജ്യം യുദ്ധമുഖത്ത് നില്‍ക്കുമ്പോഴുണ്ടായ ഈ ദുഃഖം ഭവാനി ദേവിയുടെ പരീക്ഷണമായി കണക്കാക്കുക. അത് സേനാനീക്കത്തെ ഒരിക്കലും ബാധിക്കാന്‍ പാടില്ല… ഭവാനി ദേവി കരുത്തു നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ …. (ശിവാജി വിതുമ്പിക്കൊണ്ട് സിംഹാസനത്തിലേക്ക് തളര്‍ന്നിരിക്കുന്നു… കുറിമാനം കൈയില്‍ നിന്നും ഊര്‍ന്നു പോകുന്നു… മോറോപന്ത് പിംഗളെ ഓടി വന്ന് താങ്ങുന്നു. മറ്റുള്ളവര്‍ തരിച്ച് നില്‍ക്കുന്നു)
മോറോപന്ത് പിംഗളെ :- അയ്യോ… മഹാരാജന്‍ എന്തു സംഭവിച്ചു…
ശിവജി: – എന്റെ സയീബായി എന്നെ വിട്ട് പോയി മോറോപന്ത്…
മോറോപന്ത് :-എന്ത് മഹാറാണി തീപ്പെട്ടെന്നോ …
ശിവജി: -രോഗിണി ആയിരുന്നെങ്കിലും ക്ഷീണിത ആയിരുന്നെങ്കിലും രാജഗഢില്‍ നിന്നും നമ്മുടെ പട പുറപ്പെടുമ്പോള്‍ നമ്മെ ആരതി ഉഴിഞ്ഞ് യാത്രയാക്കിയതാണ്… (തേങ്ങുന്നു) പട ജയിച്ച് നാം മടങ്ങി എത്തുമ്പോള്‍ കോട്ടവാതിലില്‍ നമ്മെ സ്വീകരിക്കാന്‍ എന്റെ സയീബായി ഇനി ഉണ്ടാവില്ലല്ലോ,
മോറോപന്ത് ….
താനാജി:- അങ്ങ് കുറച്ച് സമയം വിശ്രമിക്കു…. അങ്ങേക്ക് രാജഗഢിലേക്ക് പോകാന്‍ അടിയന്‍ ഉടന്‍ തന്നെ മഞ്ചലൊരുക്കാം …
ശിവജി: – (സിംഹാസനത്തില്‍ നിന്നും നിശ്ചയദാര്‍ഢ്യത്തോടെ എഴുന്നേറ്റുകൊണ്ട്) വേണ്ട… ഈ നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ മാറി നിന്നാല്‍ നാം ഇതുവരെ ചെയ്ത ആസൂത്രണങ്ങളും സേനാ വിന്യാസവും പാഴിലാവും… അതുകൊണ്ട് സയീബായിയുടെ ചിത എന്റെ ഹൃദയത്തിലെരിയട്ടെ… ആ കനല്‍ ഇനി എന്നോടൊപ്പമേ അണയു … ഇപ്പോള്‍ നമുക്ക് രാഷ്ട്ര കാര്യമാണ് പ്രധാനം… അവിടെ സ്വകാര്യ ദു:ഖങ്ങള്‍ക്ക് ഇടമില്ല … പ്രത്യേകിച്ച് രാജ്യം ശത്രുസൈന്യങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുമ്പോള്‍ … കാര്യാലോചന തുടരട്ടെ… (ദൂതന്‍ പ്രണമിച്ച് പിന്‍മടങ്ങുന്നു… ശിവജി ദുഃഖം കടിച്ചമര്‍ത്തി ദീര്‍ഘനിശ്വാസം ചെയ്യുന്നു. മറ്റുള്ളവര്‍ പരസ്പരം നോക്കുന്നു)
താനാജി: – ശത്രു പ്രബലനായതു കൊണ്ട് പഴുതടച്ച ആസൂത്രണങ്ങള്‍ അനിവാര്യമാണ് പ്രഭോ.
ശിവജി: – ശക്തനോടേറ്റുമുട്ടുമ്പോള്‍ കരുതലുള്ളവന്‍ ജയിക്കും എന്നാണ് അമ്മ മഹാറാണി പറയാറ്… നമ്മുടെ കരുതലുകള്‍ എന്തൊക്കെയാണ് മഹാമന്ത്രി….
മോറോപന്ത് :- അഫ്‌സല്‍ഖാനുമായി അങ്ങ് കൂടിക്കാഴ്ച നടത്തുന്ന പടകുടീരം നിര്‍മ്മിച്ചിരിക്കുന്നത് പ്രതാപഗഢില്‍ നിന്നും പൂര്‍ണ്ണമായും നമ്മുടെ നിരീക്ഷണ വലയത്തിലുള്ള സ്ഥലത്താണ്. എന്നാല്‍ അഫ്‌സല്‍ഖാന്റെ സൈനികര്‍ക്ക് പടകുടീരത്തില്‍ എന്തു നടക്കുന്നു എന്ന് നിരീക്ഷിക്കാന്‍ പറ്റാത്ത വിധമാണ് നമ്മുടെ സജ്ജീകരണങ്ങള്‍ …
ശിവജി: – ഉം… നന്നായി. ഹൈന്ദവീസ്വരാജിന്റെ വീരപുത്രന്മാരായ നിങ്ങളോരോരുത്തരെക്കുറിച്ചും എനിക്ക് അഭിമാനം തോന്നുന്നു. നമ്മുടെ സൈനികര്‍ ജാവളി വനത്തിന്റെ നിഗൂഢതകളില്‍ നാഴികകളായി പതിയിരിക്കുകയാണ്. ശത്രുക്കള്‍ക്ക് യാതൊരു സംശയവും തോന്നാത്ത വിധം പടച്ചട്ടയും ആയുധങ്ങളും ധരിച്ച് കോട്ടയിലുള്ള എല്ലാവരും കരുതി ഇരിക്കുക. ബാജിപ്രഭു ദേശ്പാണ്ഡേ…. എന്താണ് നമ്മുടെ പീരങ്കിപ്പടയുടെ തയ്യാറെടുപ്പുകള്‍.
ബാജി പ്രഭു:- കോട്ടയില്‍ മാത്രമല്ല കാടിന്റെ ഉള്ളിലെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം നമ്മുടെ പീരങ്കികള്‍ തീതുപ്പാന്‍ തയ്യാറാക്കി ഒളിപ്പിച്ച് നിര്‍ത്തിയിട്ടുണ്ട് പ്രഭോ…
ശിവജി:- ഭേഷ്…. അഫ്‌സല്‍ഖാന്റെ ചാരന്മാര്‍ക്കോ സൈനികര്‍ക്കോ നമ്മുടെ തയ്യാറെടുപ്പുകളെക്കുറിച്ച് ഒരു സൂചനയും കിട്ടാതിരിക്കാന്‍ നാം ശ്രദ്ധിക്കണം… അശ്രദ്ധയുടെ ഫലം സര്‍വ്വനാശമായിരിക്കുമെന്ന് എല്ലാവരും ഓര്‍ക്കണം…
താനാജി:- അഫ്‌സല്‍ഖാന്റെ സവിധത്തിലേയ്ക്ക് അങ്ങയോടൊപ്പം വരാന്‍ ഞങ്ങളെ എല്ലാവരെയും അനുവദിക്കണം പ്രഭോ… ചാവേറായി മരിച്ചുവീണാല്‍ പോലും അങ്ങയുടെ ദേഹത്ത് ഒരു തരിപൂഴിമണ്ണ് വീഴാന്‍ ഞങ്ങള്‍ സമ്മതിക്കില്ല…
ശിവജി:- താനാജി… ഇത് വികാരത്തിന്റെ മുഹൂര്‍ത്തമല്ല… വിചാരത്തിന്റെ മുഹൂര്‍ത്തമാണ്… ശക്തിയെ ബുദ്ധി കൊണ്ട് ജയിക്കേണ്ടതെങ്ങനെയെന്ന് ഹൈന്ദവീ സ്വരാജിന്റെ ധീര പോരാളികള്‍ ചരിത്രത്തിന് കാട്ടിക്കൊടുക്കാന്‍ പോകുന്ന മുഹൂര്‍ത്തം.. ഖഡ്ഗ പ്രവീണനായ ജീവാമഹല്‍ മാത്രമായിരിക്കും എന്നോടൊപ്പം പടകുടീരത്തിനുള്ളില്‍ പ്രവേശിക്കുക. അഫ്‌സല്‍ഖാന്റെ അംഗരക്ഷകന്മാരില്‍ നിന്നും നമുക്കു നേരെ ഒരാക്രമണമുണ്ടായാല്‍ അതിനെ നേരിടുക എന്നതാവും നിന്റെ ദൗത്യം… ബാക്കി എന്നോടൊപ്പം വരുന്ന ഒമ്പതുപേരും പരിസര ചലനങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് പടകുടീരത്തിന് പുറത്തു നില്‍ക്കണം..
മോറോപന്ത് പിംഗളെ :- അഫ്‌സല്‍ഖാനുമായി അങ്ങയുടെ ചര്‍ച്ചക്കിടെ ആ കാട്ടറബിയുടെ സന്തതി അങ്ങയെ അപായപ്പെടുത്താന്‍ ശ്രമിച്ചാല്‍…
ശിവജി:-എങ്കില്‍ അവിടെ രണചണ്ഡികയുടെ കരാള താണ്ഡവം അരങ്ങേറും. പടകുടീരത്തില്‍ അസ്വാഭാവികമായ എന്തെങ്കിലും നീക്കമുണ്ടായാല്‍ കോട്ടകള്‍ക്ക് മുകളില്‍ നിന്നും രണഭേരി ഉയരണം. അപ്പോള്‍ മൂന്നു തവണ പീരങ്കികള്‍ ഗര്‍ജ്ജിക്കും. അത് ജാവളി കാടുകളില്‍ പതിയിരിക്കുന്ന നമ്മുടെ സൈനികര്‍ക്കുള്ള സൂചനയാണ്… അവര്‍ അഫ്‌സല്‍ഖാന്റെ സൈനികര്‍ക്കു മേല്‍ വെട്ടുകിളിക്കൂട്ടങ്ങളെപ്പോലെ പറന്നിറങ്ങും.. പിന്നെ അഫ്‌സല്‍ഖാന്റെ കാര്യം ….. അത് എന്റെ ഭവാനി ഖഡ്ഗം തീരുമാനിച്ചുകൊള്ളും… (ശിവജി ഭവാനി ഖഡ്ഗം വലിച്ചൂരി ഉയര്‍ത്തിപ്പിടിക്കുന്നു… എല്ലാവരും ഹര ഹര മഹാദേവ എന്ന യുദ്ധഘോഷം മുഴക്കുന്നു… പശ്ചാത്തലത്തില്‍ യുദ്ധാഹ്വാനത്തിന്റെ പാട്ടുയരുന്നു. വേദിയില്‍ വിവിധ പ്രകാശങ്ങള്‍ മിന്നിമറയുന്നു… വെളിച്ചം മങ്ങുമ്പോഴും പാട്ട് തുടരുന്നു…)
രണചണ്ഡികയുടെ പടവാളേന്തും
ധര്‍മ്മരണപ്പട വരവായി ..
മാനംമുട്ടുകയായ് രണഘോഷം ..
ജയ് ഭവാനി ജയ് ശിവറായ് …
അടര്‍ക്കളങ്ങളില്‍ നിന്നും നവയുഗ
ഭാരത സൈനികരണയുന്നു…
ചൊരിഞ്ഞ ചോരത്തുള്ളികള്‍ പ്രളയ –
പ്രതികാരത്തീയാകുന്നു…
അതിര്‍ത്തി താണ്ടിയണഞ്ഞ വിധര്‍മ്മികള്‍
തകര്‍ത്തെറിഞ്ഞൊരു ക്ഷേത്രങ്ങള്‍…
പൊടിയില്‍ നിന്നുമുണര്‍ന്നുയരുന്നു..
സുവര്‍ണ്ണ ഗോപുരമുയരുന്നു…
(പാട്ടിന്റെ പാതിയില്‍ വെളിച്ചം വരുമ്പോള്‍ പടപ്പാട്ടിന്റെ പശ്ചാത്തലത്തില്‍ കവചം ധരിച്ച് അരക്കച്ച മുറുക്കുന്ന ശിവജി. പുലിനഖക്കത്തിയും അമ്മ നല്‍കിയ കഠാരയും അരയില്‍ ഒളിപ്പിക്കുന്നു… ഭവാനി വിഗ്രഹത്തിന് മുന്നില്‍ നമസ്‌ക്കരിച്ച് പീഠത്തിലിരുന്ന ഭവാനി ഖഡ്ഗം തൊട്ടു വന്ദിച്ച് എടുത്ത് അരയിലെ വാളുറയില്‍ നിക്ഷേപിക്കുന്നു.. താനാജി, ബാജി പ്രഭു, ജീവാമഹല്‍, മോറോ പന്ത് തുടങ്ങിയവര്‍ ആയുധധാരികളായി നില്‍ക്കുന്നു)
ശിവജി: – അഫ്‌സല്‍ഖാന്റെ അംഗരക്ഷകനായി ഹിന്ദുസ്ഥാനിലെ തന്നെ ഏറ്റവും പേരുകേട്ട ഖഡ്ഗ യുദ്ധ നിപുണന്‍ സയ്യദ് ബണ്ഡാ ഉണ്ടെന്നാണ് നമ്മുടെ ദൂതന്‍ ഗോപിനാഥപന്ത് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് … ജീവാമഹല്‍ നിന്റെ ശ്രദ്ധ പൂര്‍ണ്ണമായും അയാളുടെ നീക്കങ്ങളില്‍ മാത്രമായിരിക്കണം… ബാക്കിയൊക്കെ എനിക്ക് വിട്ടേക്കു…
ജീവാമഹല്‍ :- ഉത്തരവു പോലെ…
ശിവജി:- ആരും ആശങ്കപ്പെടേണ്ടതില്ല. ഇന്നലെ രാത്രിയില്‍ക്കൂടി അംബഭവാനി നമുക്ക് സ്വപ്‌ന ദര്‍ശനം നല്‍കി വിജയാശീര്‍വാദം നല്‍കിയിട്ടുണ്ട്. രണ്ട് ചുവട് നടന്നതിനുശേഷം എല്ലാവരെയും വീക്ഷിക്കുന്നു)…. നാം പോയിവരട്ടെ… നാളിതുവരെ ജിഹാദി സൈന്യം നമ്മുടെ അമ്മ പെങ്ങന്മാരോട് കാട്ടിയ അത്യാചാരങ്ങള്‍ക്ക് കണക്ക് ചോദിക്കാന്‍, എന്റെ ജ്യേഷ്ഠന്‍ സംഭാജിയെ ചതിച്ചു കൊന്നതിന്റെ മൊഴി ചോദിക്കാന്‍, തുളജാപൂരിലെ ഭവാനി ദേവിയുടെ വിഗ്രഹം അടിച്ചുടച്ചതിന് പകരം വീട്ടാന്‍….. അഫ്‌സല്‍ഖാനെ കൊന്ന് ഹൈന്ദവീസ്വരാജ് സഫലമാക്കാന്‍ ഈ കരങ്ങള്‍ക്ക് ശക്തി നല്‍കണമേ എന്ന് എല്ലാവരും കുല ഭരദേവത ഭവാനി ദേവിയോട് പ്രാര്‍ത്ഥിക്കുക… (ശിവജി ചിന്താമഗ്‌നനായി രണ്ടു ചുവട് നടക്കുന്നു. സഹപ്രവര്‍ത്തകര്‍ ചിലര്‍ കണ്ണീരൊപ്പുന്നു) ഇനി അഥവാ അഹിതം എന്തെങ്കിലും സംഭവിച്ചാല്‍…. സംഭാജിയെ രക്ഷിക്കുക…. പക്വതയെത്തുമ്പോള്‍ സംഭാജിയെ മുന്‍നിര്‍ത്തി ഹൈന്ദവീസ്വരാജിനു വേണ്ടിയുള്ള പേരാട്ടം തുടരണം. എല്ലാവര്‍ക്കും വീര വന്ദനം…. (ശിവജിയും ജീവാമഹലും ഊരിപ്പിടിച്ച വാളുമായി പുറത്തേക്ക്… വെളിച്ചം മങ്ങുന്നു)
(അടുത്ത ലക്കത്തില്‍ അവസാനിക്കും)