രംഗം – 2
(ചന്ദ്രികയില്‍ കുളിച്ച് നില്‍ക്കുന്ന കോട്ടകൊത്തളങ്ങള്‍. മട്ടുപ്പാവില്‍ നിഴല്‍ പോലെ ഉലാത്തുന്ന ശിവജി. വിദൂരതയില്‍ നിന്ന് കേള്‍ക്കുന്ന രാക്കിളിയുടെ നാദം. വിരഹദ്യോതകമായ നേര്‍ത്ത പുല്ലാങ്കുഴല്‍ നാദം പശ്ചാത്തലത്തില്‍. മെല്ലെ അതൊരു പെണ്‍കുട്ടിയുടെ തേങ്ങലിനു വഴിമാറുന്നു.)
ശിവജി: – (വെട്ടിത്തിരിഞ്ഞ്) ആരാണത്?
സയീബായി:- (ഒരു തൂണിന്റെ മറവില്‍ നിന്ന് കൗമാരക്കാരിയായ സയീബായി എന്ന ശിവജിയുടെ ഭാര്യ മെല്ലെ പുറത്തേയ്ക്ക് വരുന്നു. അവളുടെ കൈയിലെ വിളക്കില്‍ വേദിയില്‍ പ്രകാശം പരക്കുന്നു.) ഞാനാണ്…
ശിവജി: – (അല്‍ഭുതത്തോടെ) ന്ദേ.. സയീബായി… എന്തു പറ്റി… എന്തിനാണ് കരയുന്നത്?
സയീബായി:- അടിയനോട് പൊറുക്കണം. ധര്‍മ്മപത്‌നിയാണെങ്കിലും അങ്ങയെ ഒന്നു കണ്‍കുളിര്‍ക്കെ കാണണമെങ്കില്‍ അര്‍ദ്ധരാത്രി വരെ കാത്തിരിക്കേണ്ടി വരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം സഹിക്കുന്നില്ല.
ശിവജി: – അതിന് നാമല്ലേ റാണിയോട് ക്ഷമ ചോദിക്കേണ്ടത്.
സയീബായി:- (രാജകുമാരന്റെ വായ് പൊത്തിക്കൊണ്ട്) അരുതേ.. അങ്ങിനെ പറയരുതേ….
ശിവജി: – (സയിബായിയുടെ കണ്ണീരൊപ്പിക്കൊണ്ട്) ഭവതിയുടെ കണ്ണീരണിഞ്ഞ മുഖം നമ്മുടെ മനസ്സിലുണ്ടാക്കുന്ന വേദന എങ്ങിനെയാണ് പറഞ്ഞു മനസ്സിലാക്കുക.? ഫല്‍ത്താനിലെ സേനാനായകന്‍ നിംബാല്‍ക്കറുടെ പുത്രിയെ, ബീജാപ്പൂരിലെ ആദില്‍ഷായുടെ സേനാനായകന്‍ ഷഹാജി ബോണ്‍സ്ലെയുടെ പുത്രന് പാണിഗ്രഹണം ചെയ്തു തരുമ്പോള്‍ നമ്മുടെ പ്രായം പത്തു വയസ്സ് മാത്രമായിരുന്നു. ദാമ്പത്യ ജീവിതമെന്തെന്നറിയാത്ത പ്രായത്തില്‍ ഒരുമിച്ച് ചേര്‍ന്ന നമ്മള്‍, കളിക്കൂട്ടുകാരായി കളിച്ചു നടന്നത് ഇന്നലത്തെപ്പോലെ നാമോര്‍ക്കുന്നു. ഇന്ന് നാം പ്രായത്തിന്റെ പക്വതയിലേക്ക് രൂപാന്തരപ്പെടുമ്പോള്‍ ഒരു ഭര്‍ത്താവില്‍ നിന്നും ഭാര്യക്കു കിട്ടേണ്ട സ്‌നേഹവും പരിഗണനയും നല്‍കാന്‍ കഴിയുന്നില്ലെന്ന കുറ്റബോധം നമ്മെ പലപ്പോഴും വേട്ടയാടാറുണ്ട്.
സയീബായി:- അരുതേ… അങ്ങനെ പറയരുതേ… അടിയനോട് എന്നും തിരുമനസ്സ് സ്‌നേഹത്തോടെയെ പെരുമാറിയിട്ടുള്ളു. എങ്കിലും പിതാവിന്റെ കല്‍പ്പന പ്രകാരം പൂനെയുടെ ഭരണഭാരമേറ്റെടുത്ത അവിടുന്ന് തിരക്കുകള്‍ക്കിടയില്‍ ഈ ഏഴയെ മറന്നു പോകുന്നോ എന്ന് അടിയനൊരു സംശയം.
ശിവജി: – സഹ്യാദ്രി ശൃംഗങ്ങളെ തഴുകി തലോടുന്ന മഴ മേഘങ്ങള്‍ പോലെയാണ് നമ്മുടെ മനസ്സിനെ ഭവതിയുടെ ഓര്‍മ്മകള്‍ കുളിരണിയിക്കുന്നത്. ആ മടിത്തട്ടിന്റെ സാന്ത്വനത്തില്‍ തെല്ലുനേരം തല ചായ്ച്ച് മയങ്ങണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. കാട്ടറബികളും മുഗളപ്പടയും ചവച്ചു തുപ്പിയ ഈ ഭൂമിയുടെ വിലാപങ്ങളും വിഹ്വലതകളുമാണ് എനിക്ക് ചുറ്റിലും പ്രളയജലം പോലെ പടര്‍ന്നൊഴുകുന്നത്. അവിടെ എനിക്ക് ഭര്‍ത്താവിന്റെ സ്‌നേഹ സാമീപ്യങ്ങള്‍ കൊതിച്ചിരിക്കുന്ന ഒരു ഭാര്യയോട് നീതി കാട്ടാന്‍ കഴിയുന്നില്ലെന്ന ധര്‍മ്മസങ്കടം ബാക്കിയാണ് സയീബായി…. (ദീര്‍ഘനിശ്വാസം ചെയ്യുന്നു)
(സംഭാഷണത്തിന്റെ പാതിയില്‍ പശ്ചാത്തലത്തില്‍ എത്തിച്ചേരുന്ന ജീജാ ബായി)
ജീജാ ബായി:- ധര്‍മ്മസങ്കടങ്ങളുടെ ആകെത്തുകയാണ് ആര്യാവര്‍ത്തത്തിന്റെ വര്‍ത്തമാനം എന്ന് എന്റെ മക്കള്‍ മനസ്സിലാക്കണം.
സയീബായി :- (ഞെട്ടിത്തിരിഞ്ഞ്) അമ്മ മഹാറാണി.
ശിവജി: – (ഭയഭക്തി ബഹുമാനങ്ങളോടെ) അമ്മേ….
ജീജാ ബായി :- അതെ… അമ്മയ്ക്കും ഉറക്കമില്ല മക്കളെ … (അല്പം നടന്ന്) മക്കളെ ധര്‍മ്മസങ്കടങ്ങളിലേക്ക് തള്ളിവിടുന്ന ഒരമ്മയ്ക്കും ഉറങ്ങാനാവില്ല കുഞ്ഞുങ്ങളെ…
സയീബായി:- ഞാന്‍ അവിവേകമെന്തെങ്കിലും പറഞ്ഞു പോയെങ്കില്‍ അമ്മ എന്നോട് പൊറുക്കണം.
ജീജാ ബായി :- (സയീബായിയെ ചേര്‍ത്തു പിടിച്ചുകൊണ്ട്) എന്റെ മകള്‍ അവിവേകമൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല, അര്‍ഹതപ്പെട്ട അവകാശങ്ങളെ ആഗ്രഹിച്ചുള്ളു. (ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെട്ട് അല്പം നടന്ന്) മഹാരാജാ തിരുമനസ്സ് ഷഹാജി ബോണ്‍സ്ലെ നമ്മെ പാണിഗ്രഹണം ചെയ്യുമ്പോള്‍ എന്നുമെന്നോടൊപ്പം ഉണ്ടാകണമെന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ അതിര്‍ത്തി ഭേദിച്ചു വന്ന പരദേശികളും പരസ്പരം പടവെട്ടി ഒടുങ്ങുന്ന സ്വദേശികളും ചേര്‍ന്ന് അരക്ഷിതമാക്കിയ ഈ ആര്യാവര്‍ത്തത്തില്‍ നമ്മെപ്പോലുള്ള പരശതം ധര്‍മ്മപത്‌നിമാര്‍ക്ക് ഭര്‍ത്തൃസുഖവും കുടുംബ ജീവിതവും നിഷേധിക്കപ്പെടുകയായിരുന്നു. ഒടുങ്ങാത്ത യുദ്ധങ്ങളും കൂട്ടക്കൊലകളും വിലാപങ്ങളും പലായനങ്ങളും ഈ മണ്ണില്‍ ഇന്നും നടമാടിക്കൊണ്ടിരിക്കുകയല്ലേ… പടക്കളങ്ങളില്‍ മരിച്ചുവീണ ഭര്‍ത്താക്കന്മാരുടെ നീറുന്ന ഓര്‍മ്മകളുമായി കനലാഴികളില്‍ച്ചാടി സതി അനുഷ്ഠിച്ച ധര്‍മ്മപത്‌നിമാരും, മാനഭംഗത്തിന്റെ മുറിപ്പാടുകളുമായി മരണം വരിച്ച മാനിനിമാരുമുള്ള ഈ നാട്ടില്‍, ഭരദേവതകളും ധര്‍മ്മദൈവങ്ങളും വാഴുന്ന കോവിലുകള്‍ അടിച്ചുടയ്ക്കുമ്പോള്‍ ചെറുക്കാനാവാതെ പലായനം ചെയ്യേണ്ടി വരുന്ന ഒരു ജനതയുടെ ധര്‍മ്മസങ്കടത്തോളം വരില്ല ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും വിരഹദുഃഖം.
ശിവജിയും സയീബായിയും ഒരുമിച്ച് :- അമ്മേ…
ജീജാ ബായി :- (സയീബായിയുടെ നേരെ തിരിഞ്ഞ്) കുമാരിയെപ്പോലെ അന്തപ്പുരങ്ങളില്‍ വേദന തിന്ന് കഴിയേണ്ടി വരുന്ന പരശതം തരുണികള്‍ ഈ നാട്ടില്‍ ഉണ്ടാകാന്‍ ഇടയാക്കുന്ന സാഹചര്യത്തിന് അറുതി കാണണം. അതിന് നാം പരദേശികളായ സുല്‍ത്താന്മാരെ ഇന്നാട്ടില്‍ നിന്നും കെട്ടുകെട്ടിച്ചേ മതിയാകൂ…
ശിവജി:- കത്തിക്കരിഞ്ഞ പൂനെ നഗരവും പന്ത്രണ്ട് ഗ്രാമങ്ങളും മാത്രമുള്ള ഈ കൊച്ചു പ്രവിശ്യയിലിരുന്നുകൊണ്ട് നമുക്കെങ്ങനെ ഭാരത മഹാരാജ്യം അടക്കി ഭരിക്കുന്ന ദില്ലിസുല്‍ത്താന്മാരെ ചെറുത്തു തോല്‍പ്പിക്കാനാവും.
ജീജാ ബായി :- ധര്‍മ്മാധര്‍മ്മങ്ങള്‍ ഏറ്റുമുട്ടിയ കുരുക്ഷേത്രയുദ്ധഭൂമിയില്‍ ആള്‍ബലവും ആയുധബലവും കൗരവപക്ഷത്തായിരുന്നിട്ടും എന്തേ പാണ്ഡവപക്ഷം ജയിച്ചു. ത്രിലോകങ്ങളെയും അമ്മാനമാടിയ ദശഗ്രീവനായ രാക്ഷസരാവണനെ വാനര ജന്തു പക്ഷി മൃഗ ജാലങ്ങളെ കൂട്ടി മാനവനായ രാമന് എങ്ങിനെ എതിര്‍ത്തു തോല്‍പ്പിക്കാനായി. (അല്‍പ്പം നടന്നു കൊണ്ട്) ഉത്തരം ഒന്നേ ഉള്ളു… ആള്‍ബലവും ആയുധബലവുമല്ല, ധര്‍മ്മബലമാണ് ആത്യന്തികമായി ജയിക്കുക. നൂറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെടുന്ന ആര്യാവര്‍ത്തത്തിലെ ജനതയ്ക്കു വേണ്ടി പടയെടുക്കാനുള്ള ചരിത്ര നിയോഗം കാലം കുമാരനിലാണ് നിക്ഷേപിച്ചിരിക്കുന്നത്. (സയീബായിയുടെ
നേരെ തിരിഞ്ഞ്) കണ്ണീരുകൊണ്ട് കൈകാല്‍ ബന്ധിക്കുന്ന മൃദുല വികാരങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. പ്രാര്‍ത്ഥനകൊണ്ട് ഭര്‍ത്താവിന് പടച്ചട്ട തീര്‍ക്കുന്ന ഭാര്യമാരാണ് ഇന്നിന്റെ ആവശ്യം. (രണ്ടുപേരെയും ചേര്‍ത്തു പിടിച്ച് തലോടിക്കൊണ്ട്) നേരം വൈകിയില്ലേ… മക്കള്‍ പോയിക്കിടന്നുറങ്ങൂ. (ശിവജിയും സയീബായിയും അന്തപ്പുരത്തിലേക്ക് നടക്കുന്നു)
ജീജാ ബായി :- (നീല പ്രകാശ വൃത്തത്തില്‍ വിദൂരതയിലേക്ക് കണ്ണയച്ച് ജപമാല തിരിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുന്നു) അമ്മേ… ഭവാനി (വെളിച്ചം മങ്ങുന്നു)
രംഗം – 3
(വേദിയില്‍ ഇരുട്ട്. യുദ്ധദ്യോതകമായ ചെണ്ടമേളവും ആയുധങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദവും. വെളിച്ചം വരുമ്പോള്‍ കാട്ടില്‍ തകര്‍ന്നടിഞ്ഞ് കിടക്കുന്ന രോഹിതേശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ ശിവജിയുമായി വാള്‍ പയറ്റ് നടത്തുന്ന താനാജിമാല്‍സുറെ. വൃദ്ധനായ ദാദാജി കൊണ്ഡദേവും ഏതാനും ഗ്രാമീണ യുവാക്കളും കാഴ്ചക്കാരായി നില്‍ക്കുന്നു. രണ്ടുപേരും തുല്യ ശക്തികള്‍. ഒരു ഘട്ടത്തില്‍ താനാജിയുടെ കൈകളില്‍ നിന്ന് വാള്‍ തെറിച്ച് പോകുന്നു. താനാജി അങ്കക്കലിപൂണ്ട്
മല്ലയുദ്ധത്തിന് തയ്യാറാകുമ്പോള്‍ ദാദാജി കൊണ്ഡദേവ് ഇടപെടുന്നു).
ദാദാജി: – നിര്‍ത്താം. ഇന്നിതുമതി. രണ്ടുപേരും നന്നായി പൊരുതി. അടവും ചുവടും നിങ്ങള്‍ക്കു മാത്രമുറച്ചാല്‍ പോരാ. കര്‍ഷകരായ ഈ ഗ്രാമീണ യുവാക്കളെയും നിങ്ങള്‍ ആയോധനത്തിന്റെ ചുവടും അടവും പഠിപ്പിക്കണം. (രണ്ടുപേരും ദാദാജിയുടെ കാല്‍ തൊട്ടു വന്ദിച്ച് വണങ്ങി നില്‍ക്കുന്നു. ചിന്താമഗ്‌നനായി താടി തടവി ഏതാനും ചുവട് നടന്ന്) വാള്‍പ്പയറ്റിലും കുന്തപ്പയറ്റിലും ശിവജി കുമാരനെപ്പോലെ തന്നെ നിങ്ങളെല്ലാം നന്നായി തിളങ്ങുന്നുണ്ട്. പക്ഷെ വരാനിരിക്കുന്ന വലിയ യുദ്ധങ്ങള്‍ ജയിക്കാന്‍ ഇതൊന്നും പോരാതെ വരും. മെയ്ക്കരുത്തും കൈക്കരുത്തും പോലെ തന്നെ പ്രധാനമാണ് ആയുധക്കരുത്തും ബലമുള്ള കോട്ടകളും.. (ശിവജിയോട് തിരിഞ്ഞ്) ശിവജികുമാരന് ഞാന്‍ പറയുന്നത് മനസ്സിലാകുന്നുണ്ടോ.
ശിവജി: – ഉണ്ട് ദാദാജി. നമുക്കാവശ്യമുള്ള വാളുകളും കുന്തങ്ങളും പടച്ചട്ടകളും വനാന്തരങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ ഈ ഗ്രാമത്തിലെ കൊല്ലപ്പണിക്കാര്‍ പണിതു തുടങ്ങിയിട്ടുണ്ട്.
ദാദാജി: – യുദ്ധം ജയിക്കാന്‍ അതുമാത്രം പോരല്ലോ കുമാരാ.
ശിവജി: – കേവലം ഒരു മറാത്ത സര്‍ദാര്‍ മാത്രമായിരുന്ന എന്റെ പിതാവ് ഷഹാജി ബോണ്‍സ്ലെയോടൊപ്പം അങ്ങ് എത്ര പടനിലങ്ങളില്‍ പൊരുതിയിട്ടുണ്ട്. അങ്ങയുടെ അനുഭവസമ്പത്തിന്റെ കരുത്തിലാണ് ബാലനായിരുന്ന എന്നെ മന്ത്രി മണ്ഡലത്തോടൊപ്പം പൂണെയുടെ ഭരണാധികാരിയാക്കി ഇവിടേക്ക് നിയോഗിച്ചത്. എനിക്ക് എന്നും ഗുരുവും വഴികാട്ടിയുമായിട്ടുള്ള അങ്ങയുടെ മനസ്സില്‍ എന്താണുള്ളതെന്ന് തെളിച്ചു പറയാന്‍ ദയവുണ്ടാകണം.
ദാദാജി: – നാം ഈ നാട്ടിലെ സാധാരണക്കാരെ വിശ്വാസത്തിലെടുക്കണം. അവരെ സംഘടിപ്പിക്കണം. കുലമഹിമയും പാരമ്പര്യവുമല്ല കറകളഞ്ഞ ദേശസ്‌നേഹമാണ് ഇനിയുള്ള പോരാട്ടങ്ങളില്‍ ഗന്ധകത്തീമഴയായി പെയ്തിറങ്ങാന്‍ പോകുന്നത്. വീരപൗരുഷങ്ങള്‍ക്ക് പേരുകേട്ട മറാത്തയിലെ പോരാളികളെല്ലാം ഈ ഭാരതവര്‍ഷത്തിലെ ഏതെങ്കിലും മുസ്ലീം ഭരണാധികാരിമാര്‍ക്ക് ദാസ്യവൃത്തി ചെയ്യുന്ന കാഴ്ചയാണ് ഇന്നുള്ളത്. പരാക്രമകാരികളായ രജപുത്രവീരന്മാരും പരദേശികളുടെ മുന്നില്‍ ദാസ്യവൃത്തി ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഗത്യന്തരമില്ലാതെ അങ്ങയുടെ പിതാവ് അങ്ങയുടെ ജ്യേഷ്ഠനോടൊപ്പം ബംഗളൂരുവില്‍ ആദില്‍ഷായുടെ ആശ്രിതനായി കഴിയേണ്ടി വരുന്നത് ഈ നാട്ടിലെ ഹിന്ദു ജനതയുടെ അനൈക്യം ഒന്നുകൊണ്ടു മാത്രമാണ്. കുമാരനെങ്കിലും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് വളരട്ടെ എന്നു കരുതിയാണ് പിതാവ് അങ്ങയെ ഇവിടേക്ക് അയച്ചത്. അങ്ങയുടെ പിതാവ് കുമാരനെ എന്റെ കൈകളിലേല്‍പ്പിച്ച് പൂനയിലേയ്ക്കയക്കുമ്പോള്‍ ഒറ്റക്കാര്യം മാത്രമാണ് എന്നോട് പറഞ്ഞത്. എനിയ്ക്ക് സാധിക്കാതെ പോയ ഒരു സ്വപ്‌നമാണ് ഞാന്‍ താങ്കളെ ഏല്‍പ്പിക്കുന്നതെന്ന്. (വികാരാവേശത്തോടെ) അധിനിവേശ ശക്തികള്‍ ചുട്ടെരിച്ച, ഈ ആര്‍ഷനാടിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഇനി അങ്ങയുടെ കൈകളില്‍ മാത്രമാണ് കുമാരാ… അങ്ങയുടെ കൈകളില്‍ മാത്രമാണ്.
ശിവജി: – സ്വപ്‌നങ്ങളുടെ ഭാരം പേറുവാന്‍ ഈയുള്ളവന് ത്രാണിയുണ്ടോ എന്ന് കാലം തീരുമാനിക്കട്ടെ.
ദാദാജി: – പരിപക്വമായ കാലത്തിന്റെ തീരുമാനമാണ് അങ്ങയുടെ ജന്മമെന്നാണ് അടിയന്റെ പഴയമനസ്സ് പറയുന്നത്.
താനാജി: – (ദാദാജിയോടായി) ഞങ്ങള്‍ എന്താണ് വേണ്ടതെന്ന് അങ്ങു പറയു.
ദാദാജി: – അടിമത്തത്തില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ ഈശ്വരാവതാരങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ പൗരുഷത്തിന്റെ അവതാരമായ ശിവജി കുമാരന്റെ പിന്നില്‍ നമുക്കൊന്നായി അണിചേരാം..
ശിവജി: – നാടിന്റെ വിമോചനമെന്നാല്‍ ദില്ലിയിലെ മുഗളന്മാരുടെയും ഡക്കാനിലെ നൈസാമുമാരുടെയും മതഭരണത്തില്‍ നിന്നുള്ള ഹിന്ദുക്കളുടെ വിമോചനമെന്നല്ല അര്‍ത്ഥം. അതിനപ്പുറം ഈ നാടിന്റെ സ്വത്വബോധത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും ആത്മാഭിമാനത്തിന്റെ സാക്ഷാല്‍ക്കാരവുമാകണം നമ്മുടെ ലക്ഷ്യം. അതിന് യാദവനും ജാട്ടും മഹാറും മറാത്തിയുമായി വേര്‍തിരിഞ്ഞു നില്‍ക്കുന്ന നമ്മുടെ മനസ്സ് മാറിയേ മതിയാകൂ… ഹൈന്ദവീ സ്വരാജ് എന്ന ലക്ഷ്യം നമുക്ക് സാക്ഷാല്‍ക്കരിക്കേണ്ടതുണ്ട്. (സഹപ്രവര്‍ത്തകരായ ഗ്രാമീണ യുവാക്കളെ ചേര്‍ത്തു പിടിച്ചു കൊണ്ട്) എന്റെ കൂടെപ്പിറപ്പുകളെ നിങ്ങളതിനു തയ്യാറുണ്ടോ..
താനാജിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ :- ഞങ്ങള്‍ തയ്യാര്‍.
താനാജി: – (വാളൂരി യുദ്ധകാഹളം മുഴക്കുന്നു) ജയ് ഭവാനി.
യുവാക്കള്‍ :- ജയ് ശിവാജി. (ദാദാജിയുടെയും ശിവജിയുടെയും മുഖത്ത് പ്രസന്നമായ മന്ദഹാസം)
ശിവജി: – (ശിവജി ഉയര്‍ന്ന പാറമേല്‍ കയറി നിന്ന് അവരെ അഭിസംബോധന ചെയ്യുന്നു) നിങ്ങളുടെ ഈ നിറസ്‌നേഹത്തിനു മുന്നില്‍ നാം തല കുനിക്കുന്നു. ഏറ്റെടുക്കാന്‍ പോകുന്ന ദൗത്യത്തിന്റെ ഗൗരവം നിങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് നാം കരുതുന്നു. മ്ലേച്ഛന്മാരായ മുഗളന്മാരും ദക്ഷിണാ പഥത്തിലെ സുല്‍ത്താന്മാരും തുടര്‍ച്ചയായി നടത്തിയ പടയോട്ടങ്ങളിലും കൊള്ളകളിലും അടിച്ചുടയ്ക്കപ്പെടാത്ത ക്ഷേത്രങ്ങളില്ല. തല അറുക്കപ്പെട്ട പൂജാബിംബങ്ങളും ഉടഞ്ഞ താഴികക്കുടങ്ങളും ചിതറിക്കിടക്കുന്ന ഗ്രാമ ചത്വരങ്ങളും നഗരകവാടങ്ങളും കാലങ്ങളായി നമ്മുടെ നെഞ്ചിലെ നെരിപ്പോടുകളാണ്. ഈ ദുഃസ്ഥിതികള്‍ക്കൊരറുതിവേണ്ടേ… നമുക്കിവിടെ നിന്നു തന്നെ തുടങ്ങാം. നാം നിത്യവും ഒത്തുചേരാറുള്ള രോഹിതേശ്വര ക്ഷേത്രത്തില്‍നിന്ന്. മുഗളപ്പടയോട്ടത്തില്‍ തകര്‍ത്തെറിഞ്ഞ് മഞ്ഞും മഴയുമേറ്റ് കിടക്കുന്ന ഈ ശിവലിംഗം നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥയെ ആണ് കാട്ടുന്നത്.
ദാദാജി: – മംഗള കാര്യത്തിന്റെ മുന്നോടിയായി രോഹിതേശ്വര ക്ഷേത്രം നാം മുന്‍കൈ എടുത്ത് പുനര്‍നിര്‍മ്മിക്കണം എന്നാണ് എന്റെ എളിയ അഭിപ്രായം.
ശിവജി: – ഗുരുസ്ഥാനത്ത് നാം കണക്കാക്കുന്ന ദാദാജിയുടെ അഭിപ്രായത്തെ ആജ്ഞയായി എടുത്തു കൊണ്ട് രോഹിതേശ്വര ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നതാണെന്ന് നാമിതാ പ്രഖ്യാപിക്കുന്നു.
താനാജിയും സംഘവും :- ഹര ഹര മഹാദേവ …
ദാദാജി: – ഒരു കാലത്ത് അങ്ങയുടെ പിതാവും അടിയനുമൊക്കെ ചേര്‍ന്ന് ഹൈന്ദവീ സ്വരാജിനു വേണ്ടി പരിശ്രമിച്ചതാണ്. പരാജയപ്പെട്ടു പോയ ആ പരിശ്രമങ്ങളില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടു വേണം നമുക്ക് മുന്നേറാന്‍. നാം ഏറ്റുമുട്ടാന്‍ പോകുന്ന ശക്തികള്‍ നിസ്സാരക്കാരല്ല. (മുന്നോട്ട് നടന്ന് മുഖത്ത് ഗൗരവം വരുത്തിക്കൊണ്ട്) അഞ്ചു ലക്ഷത്തിലേറെ വരുന്ന ദില്ലിയിലെ മുഗള ഭരണകൂടത്തിന്റെ മതവെറി പൂണ്ട കിരാത സൈന്യം, ലക്ഷത്തിലേറെ വരുന്ന ബീജാപ്പൂരിന്റെ ആദില്‍ ശാഹി സൈന്യം, ഏതാണ്ടത്ര തന്നെ വരുന്ന കുതുബു ശാഹി സൈന്യം, പടിഞ്ഞാറന്‍ കടലിനെ അടക്കിവാഴുന്ന പറങ്കിപ്പടയുടെ പടക്കപ്പലുകള്‍…. ഇവരോടൊക്കെയാണ് കുഞ്ഞുങ്ങളെ നമുക്കേറ്റുമുട്ടേണ്ടി വരിക. ഹൈന്ദവീ സ്വരാജെന്ന മഹത്തായ സ്വപ്‌നം യൗവനത്തിന്റെ ക്ഷണികാവേശം കൊണ്ട് സാധ്യമാകുന്ന സുഗമ ലക്ഷ്യമാണെന്ന് നിങ്ങളാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ കാലം നിങ്ങളെ പടുവിഡ്ഢികളെന്നു വിളിക്കും.. പേരും പെരുമയും കെട്ടി കടലിലെറിഞ്ഞ് ജീവരക്തം കൊണ്ട് മാതൃഭൂമിക്ക് തര്‍പ്പണം ചെയ്യാന്‍ തയ്യാറുണ്ടെങ്കില്‍ മാത്രം മുന്നോട്ടു പോയാല്‍ മതി. (നാടകീയമായി തിരിഞ്ഞ്) എന്താ നിങ്ങള്‍ തയ്യാറുണ്ടോ?
യുവാക്കള്‍:- (ആവേശപൂര്‍വ്വം) ഞങ്ങള്‍ തയ്യാര്‍ … ഞങ്ങള്‍ തയ്യാര്‍
ശിവജി: – (മുന്നോട്ട് വന്ന് ശിവലിംഗത്തില്‍ കൈവച്ച് കൊണ്ട്) സംഹാരരുദ്രനും കാലാന്തകനുമായ ഈ രോഹിതേശ്വരനെ സാക്ഷിയാക്കി, ഋഷി പരമ്പരകളെയും ഗുരു കാരണവന്മാരെയും സാക്ഷിയാക്കി നാമിതാ പ്രതിജ്ഞ ചെയ്യുന്നു….. (ദാദാജിയും താനാജിയും ഗ്രാമീണരും അര്‍ദ്ധവൃത്താകൃതിയില്‍ എത്തി ശിവലിംഗത്തില്‍ കൈവച്ച് നില്‍ക്കുന്നു)…. കന്യാകുമാരി മുതല്‍ കാശ്മീരം വരെയുള്ള ഭാരതഖണ്ഡത്തെ, അതിര്‍ത്തി ഭേദിച്ച് കടന്നുവന്ന മുഗളന്മാരില്‍ നിന്നും വിഗ്രഹധ്വംസകരായ മ്ലേച്ഛപ്പരിഷകളില്‍ നിന്നും മോചിപ്പിക്കും വരെ, അമ്മ പെങ്ങന്മാരുടെ മാനവും അമ്പലങ്ങളുടെ പരിശുദ്ധിയും പരിരക്ഷിക്കാനാവുംവരെ സന്ധിയില്ലാതെ സമരമുഖത്ത് നമ്മള്‍ ഒറ്റക്കെട്ടായി അടി ഉറച്ച് നില്‍ക്കുന്നതാണ്. ആര്‍ഷ സനാതനമൂല്യങ്ങള്‍ ഈ മണ്ണില്‍ പുന:സ്ഥാപിക്കും വരെ നമ്മുടെ പടവാളുകള്‍ ഉറകളിലുറങ്ങില്ല എന്നും, പ്രാണരക്തം പകര്‍ന്നു നല്‍കിയും ഹൈന്ദവീ സ്വരാജ് സ്ഥാപിക്കുമെന്നും, സംഹാരരുദ്രനായ രോഹിതേശ്വരനേയും അസുരാന്തകിയായ രണചണ്ഡിക ഭഗവതി ഭവാനിയേയും സാക്ഷി നിര്‍ത്തി നമ്മളിതാ പ്രതിജ്ഞ ചെയ്യുന്നു. (പശ്ചാത്തലത്തില്‍ ഇടിമുഴക്കം, രണഭേരി, ഹര ഹര മഹാദേവ, ജയ് ഭവാനി ജയ് ശിവാജി വിളികള്‍. ശിവജിയും സംഘവും ചുവന്ന പ്രകാശവലയത്തില്‍ നിശ്ചലരായി നില്‍ക്കുമ്പോള്‍ വെളിച്ചം മങ്ങുന്നു. പ്രകാശം വരുമ്പോള്‍ നൃത്തസംഘം വേദിയില്‍)
നിദാന്ത നിദ്ര കഴിഞ്ഞൂ ഭാരത ധരണി
ഉണര്‍ന്നെഴുന്നേല്‍ക്കുന്നു…
നാഗവിഭൂഷണ നടരാജന്‍ തുടി താണ്ഡവ
താളമുയര്‍ത്തുന്നു.
ഉയര്‍ന്ന ശിരസഭിമാനം കൊണ്ടൊരു പടവാള്‍
സഹ്യനുയര്‍ത്തുന്നു
ഉയര്‍ന്ന ശിവ ജയകാരം വിണ്ണില്‍ ഇടിനാദം
പോല്‍ പടരുന്നു…
കരഞ്ഞിരുന്നൊരു കാലം മാറി പോര്‍വിളി
പൊന്തുകയായെങ്ങും.
അമ്മ സഹോദരിമാരുടെ മാനം കെടുത്തു
കില്ലിനി മ്ലേച്ഛന്മാര്‍
ഉയര്‍ന്നു വെള്ളിടി പോലെ സഹസ്രം പട
വാള്‍ ഭാരത വര്‍ഷത്തില്‍
അതിന്റെ ദിഗ് ജയഘോഷം മണ്ണും വിണ്ണും
നിറയും കാലമിതാ…
അതിര്‍ത്തി ഭേദിച്ചണഞ്ഞ രാക്ഷസ ധിക്കാര
ത്തെയമര്‍ത്തീടാന്‍
ത്രിപുരാന്തക സമവീര പരാക്രമി ശിവരാജന്‍
പട വരവായി…
ഉടച്ചെറിഞ്ഞൊരു മന്ദിര ഗോപുരശതങ്ങള്‍
വീണ്ടുമുയര്‍ത്താനായ്.
വരുന്നു ഭഗവക്കൊടി പേറുന്നൊരു ശിവാജി
തന്നുടെ സൈന്യങ്ങള്‍
(പാട്ടവസാനിക്കുമ്പോള്‍ ശിവജിയും സംഘവും പടവാള്‍ ഉയര്‍ത്തി നിശ്ചലം നില്‍ക്കുന്നു. ഒരു മാത്രയ്ക്ക് ശേഷം ശിവജി വിദൂരതയിലേക്ക് കൈ ചൂണ്ടി ചലിക്കുന്നു)
ശിവജി: – വിജയനഗര സാമ്രാജ്യം പോലെ കരുത്തുള്ളൊരു ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാന്‍ കോട്ടകൊത്തളങ്ങള്‍ അനിവാര്യമാണ്. രോഹിതേശ്വരനെ സാക്ഷിയാക്കി നാമെടുത്ത പ്രതിജ്ഞ സഫലമാകാന്‍ ഹൈന്ദവീ സ്വരാജിനു സ്വന്തം കോട്ടകള്‍ കൂടിയേ കഴിയു. അതാ അങ്ങകലെ ബീജാപ്പൂര്‍ സുല്‍ത്താന്മാരുടെ കൊടിപാറുന്ന തോരണാ ദുര്‍ഗ്ഗം തല ഉയര്‍ത്തി നില്‍ക്കുന്നതു നിങ്ങള്‍ കാണുന്നുണ്ടോ? പരദേശിയുടെ കൊടി അടയാളം ഇനി അവിടെ വേണ്ട… നാളെ സൂര്യോദയത്തിനു മുമ്പ് തോരണാ ദുര്‍ഗ്ഗത്തില്‍ ഹൈന്ദവീ സ്വരാജിന്റെ ഭഗവ പതാക പാറിക്കളിക്കണം.. (ശിവജി ദാദാജി കൊണ്ഡ ദേവിനെ സമീപിച്ച്) ഞങ്ങളെ അനുഗ്രഹിക്കൂ ദാദാജി…
ദാദാജി: – (വികാരവിവശനായി) വിജയിച്ചു വരൂകുമാര … ഭവാനി ദേവി നിങ്ങളെ അനുഗ്രഹിക്കട്ടെ (വിഗ്രഹ പീഠത്തില്‍ നിന്നും കുങ്കുമം എടുത്ത് ശിവജിയുടെ നെറ്റിയില്‍ തിലകമണിയിക്കുന്നു. ശിവജി ദാദാജിയുടെ പാദം തൊട്ടു തൊഴുന്നു)
ശിവജി: – (അരയില്‍ നിന്നും പടവാള്‍ വലിച്ചൂരി) ഹര ഹര … (സംഘം മഹാദേവ എന്ന് ഏറ്റുവിളിക്കുന്നു. തുടര്‍ന്ന് ജയ് ഭവാനി, ജയ് ശിവാജി ഘോഷങ്ങള്‍ – ഒരാള്‍ ഉയര്‍ന്ന പാറയില്‍ കയറിഭഗവ പതാക വീശുന്നു. പടഹ വാദ്യങ്ങള്‍ ഉച്ചസ്ഥായിലാകുമ്പോള്‍ വേദിയില്‍ വെളിച്ചം മങ്ങുന്നു. യുദ്ധദ്യോതകമായ ശബ്ദങ്ങള്‍ കുതിര കുളമ്പടികള്‍, കുതിരയുടെ ചിനയ്ക്കലുകള്‍ എന്നിവ അല്‍പ്പസമയം കൂടി കേള്‍ക്കുന്നു).
(തുടരും)