രംഗം- 6
വനപാര്‍ശ്വത്തിലെ കൊല്ലക്കുടി. നിര്‍മ്മിച്ച വാളുകള്‍, കുന്തങ്ങള്‍, പരിചകള്‍ തുടങ്ങിയ ആയുധങ്ങള്‍ ചുവരില്‍ ചാരി വച്ചിരിക്കുന്നു. ഗണേഷ് സാവന്ത് എന്ന അരോഗദൃഢഗാത്രനായ കൊല്ലന്‍ കൂടം കൊണ്ട് ഉരുക്കിലടിച്ച് ഒരു വാള്‍ പണിഞ്ഞു കൊണ്ടിരിക്കുന്നു. ഉലയില്‍ പഴുപ്പിച്ച ഇരുമ്പ് അടപലകയില്‍ വച്ചു കൊടുക്കുന്ന വൃദ്ധനായ സഹായി. ഗണേഷ് നെറ്റിയിലെ വിയര്‍പ്പ് വടിച്ച് കുടഞ്ഞ് ലോഹത്തില്‍ ആഞ്ഞടിക്കുന്നു. വൃദ്ധന്‍ നിന്നു കിതയ്ക്കുന്നത് കണ്ടിട്ട് പണി നിര്‍ത്തുന്നു.
ഗണേഷ് സാവന്ത് :- (വൃദ്ധനോട് ) പെരുങ്കൊല്ലനായിരുന്നു എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. പത്തുപടവാള്‍ പണിഞ്ഞപ്പോഴേയ്ക്കും കിതച്ച് കുഴഞ്ഞല്ലോ അമ്മാവാ…
വൃദ്ധന്‍:- (വൃദ്ധന്‍ ദീര്‍ഘനിശ്വാസം ചെയ്തു കൊണ്ട്) നിന്റെ പ്രായമല്ലല്ലോ എനിക്ക്. വയസ്സ് എഴുപതു കഴിഞ്ഞില്ലേ. നാടിനെ കൊള്ളയടിക്കാന്‍ വന്ന അറബിക്കും കടല്‍ താണ്ടി വന്ന പറങ്കിക്കും പിന്നെ തമ്മിലടിച്ച് മുടിഞ്ഞു കൊണ്ടിരുന്ന ഇന്നാട്ടുകാര്‍ക്കും പടവാളും പരിചയും കുന്തവും ഉണ്ടാക്കി കൊടുത്ത് എന്റെയൊക്കെ യൗവനം പാഴായി പോയതു മിച്ചം. ജീവിതത്തിലാദ്യമാ എന്റെ നാടിന്റെ മോചനത്തിനു വേണ്ടി പടവാളുണ്ടാക്കാനുള്ള ഭാഗ്യം ഈ വൃദ്ധനു ലഭിക്കുന്നത്. അതുകൊണ്ടാ ഞാന്‍ പ്രായം നോക്കാതെ നിന്നോടൊപ്പം കൂടിയത്.
ഗണേഷ് സാവന്ത്:- (വൃദ്ധനെ ചേര്‍ത്തു പിടിച്ചു കൊണ്ട്) ഞാന്‍ അമ്മാവനെ ശുണ്ഠിപിടിപ്പിക്കാന്‍ വെറുതെ പറഞ്ഞതല്ലേ.. ഞാനും ജീവിതത്തിലാദ്യമാ പിറന്ന നാടിന്റെ മോചനത്തിനു വേണ്ടി പടവാളുണ്ടാക്കുന്നത്. ഇതുപോലെ മറാത്തയിലെ കാട്ടിലും മേട്ടിലുമായി നിരവധി കൊല്ലന്മാര്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ പടക്കോപ്പുകള്‍ പണിഞ്ഞു കൊണ്ടിരിക്കുകയാണ്. അധര്‍മ്മികളായ സുല്‍ത്താന്മാരുടെ കിരാത ഭരണത്തില്‍ നിന്നും മാതൃനാടിനെ രക്ഷിക്കാനുള്ള ശിവജിത്തമ്പുരാന്റെ പടയോട്ടങ്ങള്‍ക്ക് കരുത്ത് പകരാന്‍.
(പണി കഴിഞ്ഞ് പട്ടില്‍ പൊതിഞ്ഞ് പീഠത്തില്‍ വച്ചിരുന്ന ഒരുവാള്‍ എടുത്ത് മൂര്‍ച്ച പരിശോധിക്കുന്നു. വാള്‍ ഇടതുകൈത്തണ്ടയില്‍ നീട്ടിപ്പിടിച്ച് ഒരു കണ്ണടച്ച് പുളവുണ്ടോ എന്ന് പരിശോധിക്കുന്നു. ഇടതു കൈ കൊണ്ടും വലതുകൈ കൊണ്ടും വീശി അനായാസം ചലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നു)
വൃദ്ധന്‍:- എന്താെണടോ …. സ്വന്തം കുഞ്ഞിനെ ലാളിക്കുന്ന പോലാണല്ലോ നിയ്യ് പടവാളിനെ പരിചരിക്കുന്നത്.
ഗണേഷ് സാവന്ത് :- (ചിരിക്കുന്നു) ഹ…ഹ… അപ്പോള്‍ അമ്മാവനതു ശ്രദ്ധിച്ചു അല്ലേ.. ഇതൊരു സാധാരണ പടവാളല്ല. ഞാന്‍ ഒരു മണ്ഡലക്കാലം നോമ്പെടുത്ത് അലകും പിടിയും തീര്‍ത്ത ഉരുക്കു പടവാളാണ്. മുനമടങ്ങാത്ത ഇരുതലമൂര്‍ച്ചയുള്ള ഈ പടവാള്‍ ഞാനെന്റെ വിയര്‍പ്പില്‍ കാച്ചിയെടുത്തതാണ്. ശിവജി രാജകുമാരന്‍ നാളെ ഹൈന്ദവീ സ്വരാജിന്റെ അടിത്തറ ഉറപ്പിക്കുമ്പോള്‍ ആ കരങ്ങളില്‍ ഒരവയവം പോലെ ഈ കറതീര്‍ന്ന പടവാളുണ്ടാവണം. അങ്ങിനെ ഈ നാടിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ആരാലുമറിയപ്പെടാത്ത ഈ കൊല്ലപ്പണിക്കാരന്റെ വിയര്‍പ്പും ഒരു മുദ്രയായി കിടക്കണം. (വൃദ്ധന്റെ നേരെ തിരിഞ്ഞ്)… അതിമോഹമാണെങ്കില്‍ അമ്മാവന്‍ പൊറുക്കണം. (അയാള്‍ വാള്‍ കണ്ണുകളില്‍ ഭക്തിപൂര്‍വ്വം തൊടുവിച്ച് ചെമ്പട്ടില്‍ പൊതിഞ്ഞ് പീഠത്തില്‍ വയ്ക്കുന്നു)
വൃദ്ധന്‍ :- ഒരിക്കലുമല്ല…! ഏത് കൊള്ളക്കാരനും അക്രമിക്കും അമ്പലം തച്ചുടയ്ക്കുന്ന വരത്തന്‍ ജോനകപരിഷകള്‍ക്കും പടവാളുണ്ടാക്കി ജീവിതത്തില്‍ നാം ചെയ്തു കൂട്ടിയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണെടോ നീയും ഞാനും ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. (ദൂരെ നിന്നും അടുത്തു വരുന്ന കുതിരക്കുളമ്പടികള്‍ കേട്ട് ഇരുവരും ജാഗ്രത്താവുന്നു)
ഗണേഷ് സാവന്ത് :- അമ്മാവാ… അത് ശിവജി കുമാരന്റെ ഇങ്ങോട്ടേയ്ക്കുള്ള എഴുന്നള്ളത്താണെന്നു തോന്നുന്നു.
വൃദ്ധന്‍ :- ഉം… നമ്മുടെ പണികള്‍ എത്ര വരെ ആയെന്നറിയാനാവും. (വിനയാന്വിതനായി ഉത്തരീയം അരയില്‍ കെട്ടി വായ്‌കൈപൊത്തി ഒതുങ്ങി നില്‍ക്കുന്നു. ശിവജി ബാജി പ്രഭു ദേശ്പാണ്ഡേയോടൊത്ത് വരുന്നു)
ഗണേഷ് സാവന്ത് :- (ഇടതുനെഞ്ചില്‍ വലതു കൈപത്തി കമഴ്ത്തി വച്ച് തല കുനിച്ച് ഉപചാരം ചെയ്യുന്നു) … ജയ്.. ശിവരാജ്
ശിവജി: – (അതേപോലെ വലതുകരം നെഞ്ചത്ത് വയ്ക്കുന്നുണ്ടെങ്കിലും തല കുനിക്കാതെ)… ജയ് ഭവാനി…
ബാജി പ്രഭു
ദേശ്പാണ്ഡേ:- പടക്കോപ്പുകളുടെ നിര്‍മ്മാണം എന്തായെന്നറിയാന്‍ എഴുന്നള്ളിയതാണ് തമ്പുരാന്‍.
ഗണേഷ് സാവന്ത് :- അറിയാമങ്ങുന്നേ… മുന്തിയ തരം ഉരുക്കേ ഉപയോഗിക്കാവു എന്ന കല്‍പ്പന ഉള്ളതുകൊണ്ടാണേ… പണി കുറച്ച് വൈകുന്നത്.
ശിവജി: – ആയുധങ്ങളുടെ ഗുണനിലവാരം നിര്‍ബന്ധമായും പാലിച്ചിരിക്കണം. വാളുകള്‍ക്കും കുന്തങ്ങള്‍ക്കും ഒപ്പം കുറച്ചേറെ പടച്ചട്ടകളും കൂടി ഉണ്ടാക്കേണ്ടി വരും. എന്താ കഴിയുമോ നിനക്ക്?
ഗണേഷ് സാവന്ത് :- അടിയന്‍ ശ്രമിക്കാമേ ?
ബാജി പ്രഭു :- പഴയ കാലത്തെ യുദ്ധമല്ല.. അമ്പുകളെ മാത്രമല്ല, ഇപ്പോള്‍ വെടിയുണ്ടകളെയും പ്രതിരോധിക്കേണ്ടി ഇരിക്കുന്നു. മാര്‍ച്ചട്ടകളും ശിരോ കവചങ്ങളും കാലാള്‍പ്പടയ്ക്ക് മാത്രമല്ല പടക്കുതിരയ്ക്ക് പോലും നിര്‍ബന്ധമായി വരുന്നു.
ഗണേഷ് സാവന്ത് :- അറിയാമേ, അടിയങ്ങള്‍ ആവുംവിധം ശ്രമിക്കുന്നുണ്ടേ… പക്ഷെ ..
ശിവജി: – ഉം… എന്താണ് ഒരു പക്ഷേ ….?
വൃദ്ധന്‍:- തൊഴിലറിയുന്നവരുടെ കുറവാണു തമ്പുരാനെ പ്രശ്‌നം… ഇപ്പോള്‍ ഈ കെളവന്‍ മാത്രമാണ് സഹായിക്കാനുള്ളത്.
ഗണേഷ് സാവന്ത് :- അമ്മാവനാണെങ്കില്‍ പ്രായം ഏറി വരികയാണ്.
ശിവജി: – സഹായികളെ അടുത്ത ഗ്രാമത്തില്‍ നിന്നു വിളിച്ചു കൊള്ളു… പണം ഒരു പ്രശ്‌നമാക്കേണ്ട … (ബാജി പ്രഭുവിന്റെ നേരെ തിരിഞ്ഞ്) ഉം…
ബാജി പ്രഭു :- (അരയില്‍ നിന്നും ഒരു കിഴി എടുത്തു നീട്ടുന്നു) ഇതാ.. ആവശ്യത്തിനുള്ള പണമുണ്ട്.
ഗണേഷ് സാവന്ത് :- അയ്യോ തമ്പുരാനെ പണത്തിനു വേണ്ടിയല്ല അടിയന്‍ ഈ പണി എടുക്കുന്നത്. ഈ കാട്ടുമുക്കില്‍ കഴിയാനുള്ള പണം അടിയന്‍ കലപ്പയും കൈക്കോട്ടും ഉണ്ടാക്കി കൊടുത്ത് സമ്പാദിക്കുന്നുണ്ടേ… പടവാളും പരിചയുമുണ്ടാക്കുന്നത് എന്റെ നാടിന്റെ മോചനത്തിനു വേണ്ടി പോരാടുന്ന തമ്പ്രാക്കന്മാരെ സഹായിക്കാനാ… (വികാരവായ്‌പോടെ ശിവജിയെ സമീപിച്ച്) അടിയന് പൊന്‍ പണമല്ല വേണ്ടത് … അടിയന്റെ ഒരു ജീവിതാഭിലാഷം സാധിച്ചു തരാനുള്ള ദയവാണ്……
ശിവജി: – ഉം.. എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളു…. കരമൊഴിവായി ഭൂമിയോ കേറിക്കിടക്കാന്‍ മാളികയോ എന്താണെങ്കിലും ചോദിച്ചു കൊള്ളു…
ഗണേഷ് സാവന്ത് :- അപ്പനപ്പൂപ്പന്മാരായി അടിയങ്ങള്‍ ആറടി മണ്ണിന്റെ ജന്മിമാരാണ് തമ്പുരാനെ … അതിനപ്പുറം അടിയന് ഭൂമിയില്‍ മോഹമില്ല. പക്ഷെ പിറന്നു വീണ അമ്മ നാടിനു വേണ്ടി പോരാടുന്ന അങ്ങയുടെ സേനയില്‍ അടിയനെയും ഒരംഗമാക്കാന്‍ ദയവുണ്ടാകണം തിരുമനസ്സേ…
ശിവജി: – ഹൈന്ദവീ സ്വരാജിനു വേണ്ടി പോരാടുന്ന സേന, എന്റെ സ്വകാര്യ സേനയല്ല… അത് നിങ്ങളുടേത് കൂടിയാണ്. അതിന് ജാതിയില്ല – ക്ഷത്രിയനെന്നോ, ശൂദ്രനെന്നോ, വനവാസിയെന്നോ, മഹാറെന്നോ ഭേദഭാവനയില്ല.. ഇതാ ഈ നിമിഷം മുതല്‍ നിങ്ങള്‍ ഹൈന്ദവീ സ്വരാജിനു വേണ്ടി പോരാടുന്ന ധീര സൈനികനായിരിക്കും…
ഗണേഷ് സാവന്ത് :- (അത്ഭുതവിവശനായി) തമ്പുരാനെ…. അടിയന്‍!
ശിവജി: – (ശിവജി അയാളെ കെട്ടിപ്പിടിക്കുന്നു)…. അടുത്ത പടയോട്ടത്തില്‍ നീയും എന്നോടൊപ്പമുണ്ടാവും… എന്താ സന്തോഷമായോ…
ഗണേഷ് സാവന്ത് :- ഹീന ജാതിക്കാരെ തൊട്ടാല്‍ അശുദ്ധരാകുന്ന തമ്പുരാക്കന്മാരുണ്ടായിരുന്ന ഈ നാട്ടില്‍ ഒരു കൊല്ലപ്പണിക്കനെ കെട്ടിപ്പിടിക്കുന്ന തമ്പുരാനുണ്ടായല്ലോ.. അടിയന് സന്തോഷമായി… അടിയന്റെ ഒരു കൊച്ചു സമ്മാനം കൂടി സ്വീകരിക്കാന്‍ അവിടുത്തേയ്ക്ക് ദയവുണ്ടാകണം
ശിവജി: – (ചിരിച്ചു കൊണ്ട് ) ഗണേശ് സാവന്ത്, നീയെനിക്ക് നിന്നെത്തന്നെ സമ്മാനമായി തന്നു കഴിഞ്ഞല്ലോ? ഇതിലും വിലയേറിയ മറ്റെന്തു സമ്മാനമാണ് ഇനി നിനക്ക് തരാന്‍ കഴിയുക..?
ഗണേഷ് സാവന്ത് :- ഉണ്ട് തമ്പുരാനെ… ഒരു വീരയോദ്ധാവിന് ചേര്‍ന്ന സമ്മാനം.. (വൃദ്ധന്‍ ചെമ്പട്ടില്‍ പൊതിഞ്ഞ പടവാള്‍ എടുത്തു കൊണ്ടു വരുന്നു… അത് ഗണേഷ് സാവന്തിന്റെ കൈകളില്‍ സമര്‍പ്പിക്കുന്നു… ഇപ്പോള്‍ ശിവജിയും ഗണേഷ് സാവന്തും ചുവന്ന പ്രകാശ വൃത്തത്തില്‍) ഇത് അടിയന്‍ ഒരു മണ്ഡലക്കാലം വ്രതം നോറ്റ് കടഞ്ഞെടുത്ത പടവാളാണ്. പടകാളിയുടെ അനുഗ്രഹം പ്രാര്‍ത്ഥിച്ച് രാകി മിനുക്കിയ ഇരുതലമൂര്‍ച്ചയുള്ള ഈ പടവാള്‍, ഹൈന്ദവീ സ്വരാജിന് വിജയങ്ങള്‍ കൊണ്ടുവരുന്ന ദിനങ്ങള്‍ അടിയന്‍ സ്വപ്‌നം കാണുന്നു.. ഇത് സ്വീകരിച്ച് എന്നെയും എന്റെ വിശ്വകര്‍മ്മ കുലത്തെയും ധന്യരാക്കിയാലും …
ശിവജി: – (പടവാള്‍ ഏറ്റുവാങ്ങി ആചാര വണക്കത്തോടെ കണ്ണുകളില്‍ സ്പര്‍ശിച്ച് സഗൗരവം പട്ടില്‍ നിന്നും പുറത്തെടുക്കുന്നു. യുദ്ധദ്യോതകമായ തീം സോങ് പശ്ചാത്തലത്തില്‍) വരുന്ന നവരാത്രി വ്രത പുണ്യകാലത്ത് ഈ വിശേഷപ്പെട്ട പടവാള്‍ ഭഗവതി ഭവാനി ദേവിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച് പൂജ ചെയ്ത് അജബലിയും നല്‍കി കൈയേല്‍ക്കുന്നതാണെന്ന് നാമിതാ നിനക്ക് വാക്ക് തരുന്നു. (എല്ലാവരും ചുറ്റി നില്‍ക്കുമ്പോള്‍ തീം സോങ്ങ് ഉച്ചസ്ഥായിയില്‍. വേദിയില്‍ പ്രകാശം ക്രമേണ മങ്ങുന്നു.)
(തുടരും)