“മുത്തശ്ശീ.. മുത്തശ്ശീ..”
“വേഗം കഥ പറയൂ മുത്തശ്ശീ..”
“മുത്തശ്ശി പോയിട്ടുണ്ടോ ഇഗ്വ ദ്വീപില്‍?”
“നമുക്കൊരു ദിവസം അങ്ങോട്ടു വിനോദയാത്ര പോണംട്ടോ. അച്ഛനോടും അമ്മയോടുമൊക്കെ ഞങ്ങള്‍ പറഞ്ഞ് സമ്മതിപ്പിച്ചോളാം. മുത്തശ്ശിയും കൂടെ വരണം. എന്നാലേ ഒരു രസോള്ളൂ.”
കുട്ടികളോരോരുത്തരായി ചിരുതേയി മുത്തശ്ശിയോട് പറഞ്ഞുകൊണ്ടിരുന്നു. കഥപറഞ്ഞു തുടങ്ങുന്നതിന്റെ രസച്ചരട് മുറുക്കാനായി മുത്തശ്ശി വെറ്റിലച്ചെല്ലമെടുത്തു..
“ഞാനെടുത്തുതരാം വെറ്റില.”
“ഞാനെടുത്തുതരാം നൂറ്.”
“ഞാനെടുത്തുതരാം അടയ്ക്ക.”
“ഞാനാണുട്ടോ വെറ്റില മുത്തശ്ശീടെ വായില് വെച്ചേര്വാ.”
ആദിയും കണ്ണനും അപ്പുവും വെറ്റിലയുടെയും നൂറിന്റെയും അടയ്ക്കയുടെയും അവകാശമേറ്റെടുക്കുമ്പോള്‍ ആഗുവാവ പറഞ്ഞു. അവനാണ് നൂറുതേച്ച് അടയ്ക്കവെച്ച് ചുരുട്ടിയ വെറ്റില മുത്തശ്ശിയുടെ വായിലേക്ക് വെച്ചുകൊടുക്കാനുള്ള അവകാശം.
“ഞാനാണൂട്ടോ മുത്തശ്ശിക്ക് മുത്തം തര്വാ..”
ഇളയവളായ ഹീര പറഞ്ഞു. അവള്‍ക്കെപ്പോഴും മുത്തശ്ശിയുടെ മുറുക്കാന്‍ പുരണ്ട ചുണ്ടില്‍ ഉമ്മവെക്കാനാണിഷ്ടം. അവളുടെ കൊഞ്ചിയുള്ള വര്‍ത്തമാനം കേള്‍ക്കാനായി മുത്തശ്ശിയപ്പോള്‍ ചോദിക്കും.
“ഏ..? എന്താ പറഞ്ഞേ?”
ആഗുവാവ വെറ്റിലച്ചുരുള്‍ വായില്‍ വെച്ചുകൊടുക്കുമ്പോള്‍ ഹീരമോള്‍ മുത്തശ്ശിയുടെ വെറ്റിലച്ചുണ്ടില്‍ മുത്തം നല്‍കും.
“അതെന്താ ഇഗ്വദ്വീപില്‍ മനുഷ്യന്മാരില്ലാത്തേ?”
ആദിയുടേതാണ് ചോദ്യം.
“എന്താണാവോ അങ്ങനെ?”
മുത്തശ്ശിയും ആലോചിക്കുന്നതായി നടിച്ചു.
“എനിക്കറിയില്ല കുട്ടീ. മുത്തശ്ശിക്കറിയാത്ത കാര്യങ്ങളുമുണ്ടല്ലോ ഈ ലോകത്ത്. ചെലപ്പോ മനുഷ്യന്മാര്‍ക്ക് അവിടെ താമസിക്കാന്‍ വലിയ താല്‍പര്യംണ്ടാവില്ല്യാരിക്കും. പിന്നെ, സമുദ്രത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപല്ലേ. മനുഷ്യന് അതിനെപ്പറ്റി ഒരറിവുമുണ്ടാവുകേമില്ല. ദ്വീപിലെ മൃഗങ്ങളും പക്ഷികളുമൊക്കെ നല്ല സൗഹൃദത്തിലായിരുന്നു ജീവിച്ചിരുന്നത്. പണ്ട് മുനിമാരുടെ ആശ്രമത്തില്‍ ക്രൂരമൃഗങ്ങളും പക്ഷികളും ജന്മനാലുള്ള ശത്രുതയൊക്കെ മറന്ന് സൗഹൃദത്തോടെ താമസിക്കാറുണ്ടെന്ന് കേട്ടിട്ടില്ലേ? അതുപോലെ. പക്ഷെ ഇവിടെ മുനിമാരില്ലാതെതന്നെ എല്ലാവരും സൗഹൃദത്തിലാണ്.”
“അതെ. മുത്തശ്ശി വേറൊരു കഥയില്‍ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്. കാട്ടിനുള്ളില്‍ തപസ്സുചെയ്യുന്ന മഹര്‍ഷിമാരുടെ ആശ്രമങ്ങളില്‍ സിംഹവും പുലിയും മാനും മുയലും മയിലും പാമ്പുമൊക്കെ വളരെ സ്‌നേഹത്തോടെയാണ് താമസിക്കാറെന്ന് പറഞ്ഞു തന്നിട്ടുണ്ട്. ആരും പരസ്പരം ആക്രമിക്കുകയോ, കൊന്നുതിന്നുകയോ ചെയ്യാതെ സ്‌നേഹത്തോടെ ജീവിക്കും.”
അപ്പു പറഞ്ഞപ്പോള്‍ മുത്തശ്ശി അവന്റെ കവിളില്‍ത്തട്ടി അഭിനന്ദിച്ചു.
“മിടുക്കന്‍. അപ്പോള്‍ പറഞ്ഞുതരുന്നതൊക്കെ ഓര്‍മ്മയുണ്ടല്ലേ? നമ്മുടെ ഇഗ്വ ദ്വീപിലും അതുപോലെയാണ്. പരസ്പരം സ്‌നേഹം മാത്രം.”
“നമ്മുടെ മനുഷ്യന്മാരും അങ്ങനെയായിരുന്നേല്‍ എത്ര നന്നായിരുന്നു! ലോകത്ത് യുദ്ധവും അക്രമവും കൊലപാതകവും പിടിച്ചുപറിയുമൊന്നുമില്ലാതെ എല്ലാ മനുഷ്യരും സ്‌നേഹത്തോടെ ജീവിച്ചിരുന്നെങ്കില്‍ എത്ര സുന്ദരമായിരുന്നു!”
ആദിമോള്‍ അറിയാതെ പറഞ്ഞുപോയി.
“അങ്ങനെയൊരു കാലം വരും. നിങ്ങളൊക്കെ വളര്‍ന്നു വലുതാവുമ്പോള്‍ എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ കഥകള്‍ പറഞ്ഞു കൊടുക്കണം. അപ്പോള്‍ എല്ലാവരും നല്ലവരാകും. സ്‌നേഹത്തിന്റെ കഥകളാണ് നമുക്ക് ചറ്റുമുള്ള ചെടികളും പൂക്കളും പൂമ്പാറ്റകളും കിളികളുമൊക്കെ എപ്പോഴും പറയുന്നത്. നമ്മള്‍ അവയ്‌ക്കൊന്ന് കാതോര്‍ത്താല്‍ മതി. സത്യത്തില്‍ മനുഷ്യന്‍ നന്മയുള്ള ജീവിയാണ്. പക്ഷെ, സാഹചര്യങ്ങളാണവനെ മോശമാക്കുന്നത്.”
“ഊം. ഞങ്ങള്‍ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്, മനുഷ്യരെല്ലാം ജന്മനാ നല്ലവരാണെന്നും സാമൂഹ്യസാഹചര്യങ്ങളാണവരെ തിന്മകള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നുമൊക്കെ.”
“നമ്മുടെ ഇഗ്വ ദ്വീപിലെ ചെടികളുടെ വിശേഷം കേള്‍ക്കണോ? പലനിറത്തിലുള്ള പ്രകാശം പുറപ്പെടുവിക്കുന്ന രത്‌നങ്ങള്‍ കായ്ച്ചു നില്‍ക്കുന്ന ചെടികളാണ് അവിടെയുള്ളത്. അവിടുള്ള അരുവികളിലൂടെ തേനൊഴുകും. പാല്‍പ്പുഴകളുണ്ട്. ശര്‍ക്കരപ്പാറകളും കല്‍ക്കണ്ടക്കുന്നുകളുമുണ്ട്.”
“ഹായ് തേനരുവികളോ? കല്‍ക്കണ്ടക്കുന്നുകളോ? അവിടേക്കൊന്നു പോകാന്‍ കഴിഞ്ഞെങ്കില്‍ എന്തോരം തേന്‍ കുടിക്കാരുന്നു! കല്‍ക്കണ്ടവും ശര്‍ക്കരയും കഴിക്കാരുന്നു! കൊതിയായിട്ടു വയ്യ. വായില്‍ വെള്ളം വരുന്നു.”
കണ്ണന്‍ വായിലൂറിവന്ന വെള്ളമിറക്കിക്കൊണ്ടു പറഞ്ഞു.
(തുടരും)