ചിരുതേയി മുത്തശ്ശിയൊന്ന് ഇളകിയിരുന്നു. വായിലെ മുറുക്കാന്‍ ദൂരേക്ക് നീട്ടിത്തുപ്പി. ചോരപോലെ ചുവന്ന ഉമനീരിന് വെറ്റിലയുടെ ഗന്ധം. കുട്ടികള്‍ക്ക് ഇഷ്ടമില്ലാത്തത് ഇതാണ്. മുത്തശ്ശിയുടെ നീട്ടിത്തുപ്പല്‍.
”മുത്തശ്ശിക്കെന്താ വല്ല കോളാമ്പിയിലോ മറ്റോ തുപ്പിയാല്‍ പോരേ? ഇതെന്തിനാ മണ്ണിലേക്ക് തുപ്പുന്നത്?”
ആദിമോള്‍ ചോദിക്കുന്നു. നമ്മള്‍ നടക്കുന്ന സ്ഥലങ്ങളിലൊന്നും തുപ്പിവൃത്തികേടാക്കരുതെന്നും മലിനമാക്കരുതെന്നുമൊക്കെ അവള്‍ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. പക്ഷെ മുത്തശ്ശിയോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പറയുമ്പോഴൊക്കെ മുത്തശ്ശി പറയും.
”അതൊക്കെ നിന്റെ നഗരത്തില്. ഇവിടെയങ്ങനെ മലിനമാവുകയൊന്നൂല്ല്യ. നാട്ടിന്‍ പുറത്തങ്ങിന്യാ. എല്ലാ ജീവജാലങ്ങള്‍ക്കും പെരുമാറാനും ഇടപെടാനുമുള്ള സ്ഥലവും സൗകര്യോം ഇവിടുണ്ട്. മനുഷ്യനും മറ്റ് ജീവജാലങ്ങളെപ്പോലെ അവരുടെ കൂട്ടത്തില്‍ പെട്ടതാണെന്ന് മനസ്സിലാക്ക്യാ മതി.”
മുത്തശ്ശി പറയുന്നതിലെന്തെങ്കിലും കാര്യമുണ്ടാകും. പക്ഷെ കോവിഡ് പോലുള്ള രോഗങ്ങള്‍ വന്നതല്ലേ? ശരീരദ്രവങ്ങളിലൂടെയാണ് അത്തരം രോഗങ്ങള്‍ പകരുന്നത്. മുത്തശ്ശി കഥപറഞ്ഞുകഴിഞ്ഞ് മറ്റുള്ളവരോടത് പറഞ്ഞുമനസ്സിലാക്കാം. ആദിമോള്‍ വിചാരിച്ചു.
”അതെന്തേലുമാവട്ടെ. മുത്തശ്ശി കഥ പറയൂ.”
കണ്ണനും അപ്പുവും ആഗുവാവയും തിരക്കുകൂട്ടി.
”നമ്മളെവിടെയാ പറഞ്ഞു നിര്‍ത്ത്യേ? ആ കാട്ടിലെ പള്ളിക്കൂടത്തില്‍. പള്ളിക്കൂടത്തിന്റെ കെട്ടിടമൊക്കെ ഉണ്ടാക്കിയപ്പോള്‍ എല്ലാ മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ആവേശത്തോടെ പഠിക്കാനായെത്തി. ആനകള്‍ക്കും കരടികള്‍ക്കുമൊന്നും കെട്ടിടത്തിന്റെയുള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. അവര്‍ വലിയ മൃഗങ്ങളായതാണ് കാരണം.”
”ആരൊക്കെയായിരുന്നു ടീച്ചര്‍മാര്‍? പഠിപ്പിക്കാന്‍ മാഷമ്മാരും ടീച്ചര്‍മാരുമൊക്കെ വേണമല്ലോ.”
”കടുവമാഷായിരുന്നു ഹെഡ് മാഷ്. കരടിമാഷ് കണക്കു പഠിപ്പിക്കും. കുറുക്കിടീച്ചര്‍ ദ്വീപിലെ ഭാഷയായ ഇഗ്വാളം പഠിപ്പിക്കും. പിന്നെ ഓരോ ജീവിയുടെയും സ്വതസിദ്ധമായ കഴിവുകളുടെ പോഷണത്തിനുള്ള പരിശീലനത്തിന് പ്രത്യേകം പ്രത്യേകം അദ്ധ്യാപകര്‍. വിദ്യാലയത്തിലെത്തിയ മുഴുവന്‍ പേരെയും ഹെഡ്മാസ്റ്റര്‍ കടുവമാഷ് അഭിസംബോധന ചെയ്തു.”
”എല്ലാരും എത്തിയല്ലോ. നമ്മുടെ പുതിയ വിദ്യാലയത്തിലേക്ക് സ്വാഗതം. എല്ലാവര്‍ക്കും നമസ്‌കാരം.”
”നമസ്‌തെ സാര്‍.”
വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു പറഞ്ഞു.
”നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യയനം ഇന്നുമുതല്‍ ആരംഭിക്കുകയാണ്. വ്യത്യസ്തമായൊരു പഠനരീതിയാണ് നമ്മുടെ വിദ്യാലയത്തിലുണ്ടാവുക. നമ്മുടെ ഓരോരുത്തരുടെയും കഴിവുകള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള പരിശീലനമാണ് മുഖ്യം. പല കഴിവുകളുള്ള ജീവികളാണ് നമ്മളോരോരുത്തരും. എല്ലാവരെയും ഒരേപോലെ പരിഗണിക്കുകയും വൈവിധ്യങ്ങളെ അംഗീകരിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.”
”അതെ സാര്‍. എനിക്ക് മരംകേറാനാണിഷ്ടം. എന്നെക്കൊണ്ട് മുതലയെപ്പോലെ പുഴയില്‍ നീന്താനൊന്നും പറ്റില്ല. എന്റെയൊരു മുതുമുത്തശ്ശനെ പണ്ടൊരു മുതല പറ്റിക്കാന്‍ നോക്കിയ കഥ ഓര്‍മ്മയുണ്ട്. ഞങ്ങള്‍ കുരങ്ങന്മാരുടെ നീന്താനുള്ള കഴിവില്ലായ്മയെ ചൂഷണം ചെയ്താണ് അത്തിമരത്തില്‍ താമസിച്ചിരുന്ന മുതുമുത്തശ്ശനെ പഴയ മുതലയന്ന് പറ്റിക്കാന്‍ നോക്കിയത്.”
കുട്ടിക്കുരങ്ങന്‍ എഴുന്നേറ്റുനിന്നു പറഞ്ഞപ്പോള്‍ മുതലകള്‍ ജാള്യതയോടെയവനെ നോക്കി.
”അതൊക്കെ പഴയ കഥയല്ലേ? ഇപ്പോഴെന്തിനാ അതൊക്കെ പറേന്നത്? ഇവിടെയാരും ആരെയും ചൂഷണം ചെയ്യുകയും പറ്റിക്കുകയും ചെയ്യാറില്ലല്ലോ.”
മുതലകളിലൊരുവള്‍ ചോദിച്ചു.
”അതു ശരിയാണ്. ഇഗ്വദ്വീപില്‍ ആരും ആരെയും പറ്റിക്കാറുമില്ല. ചൂഷണം ചെയ്യാറുമില്ല. പഴയ കഥകളിലങ്ങനെ പലതുമുണ്ടാകും. അതൊക്കെ വേറെയേതെങ്കിലും ദേശത്തെ കഥകളാണ്. നമ്മുടെ ദ്വീപില്‍ അങ്ങനെയൊന്നുമുണ്ടായിരുന്നില്ല.”
തര്‍ക്കം പരിഹരിക്കാനെന്നോണം ഹെഡ് മാസ്റ്റര്‍ കടുവമാഷ് ഇടപെട്ടു.
”നമുക്കോരോരുത്തര്‍ക്കും കഴിവുകള്‍ വ്യത്യസ്തമാണ്. കുരങ്ങന്‍ കുട്ടന്‍ പറഞ്ഞതുപോലെ കുരങ്ങന്മാര്‍ക്ക് മരം കേറാനാണ് വൈദഗ്ധ്യം. അവര്‍ എത്ര വലിയ മരങ്ങളിലും കയറി മധുരമുള്ള പഴങ്ങള്‍ പറിച്ച് നമുക്ക് തരും. അതേപോലെ മുതലകള്‍ക്ക് നീന്താനാണ് വൈദഗ്ധ്യം. പക്ഷികള്‍ക്ക് പറക്കാനും. ചിത്രശലഭങ്ങള്‍ക്ക് പൂക്കള്‍തോറുമലഞ്ഞ് പൂന്തേന്‍ ശേഖരിക്കാനും. അങ്ങനെ ഓരോ ജീവികള്‍ക്കുമുള്ള വ്യത്യസ്തമായ കഴിവുകള്‍ പരിപോഷിപ്പിക്കുകയാണിവിടെ ചെയ്യുന്നത്. കൂടാതെ നമ്മുടെ ദ്വീപിന്റെ ഭാഷയായ ഇഗ്വാളം ഭാഷ നമ്മളെല്ലാവരും എഴുതാനും വായിക്കാനും പഠിക്കണം. കൂടാതെ കണക്കുകൂട്ടാനും പഠിക്കണം.”
”ആരാണിതൊക്കെ പഠിപ്പിക്കുക?”
”അതിനാണോ ക്ഷാമം? ഇപ്പോള്‍ ഇഗ്വാളം പഠിപ്പിക്കാന്‍ കുറുക്കി ടീച്ചറുണ്ട്. കണക്കു പഠിപ്പിക്കാന്‍ കരടി മാഷും. കൂടാതെ ഓരോ ജീവിവിഭാഗത്തിന്റെയും നൈസര്‍ഗ്ഗിക കഴിവുകളില്‍ പരിശീലനം നല്‍കാന്‍ അതാത് വിഭാഗങ്ങളില്‍ നിന്നുതന്നെ ഏറ്റവും പ്രഗത്ഭരായവരെ കണ്ടെത്തണം. നിങ്ങള്‍ തന്നെ തീരുമാനിക്കൂ ആരൊക്കെയാണ് ഓരോ വിഭാഗത്തിലും ഏറ്റവും മിടുക്കരായവരെന്ന്.”
(തുടരും)