”ഇഗ്വദ്വീപിലെ ഏറ്റവും സുന്ദരിയായ പക്ഷിയായിരുന്നു അരയന്നം. അവള്‍ ആ ദ്വീപില്‍ എങ്ങനെയെത്തിച്ചേര്‍ന്നുവെന്ന് ആര്‍ക്കുമറിയില്ല. ഏതായാലും ആ ദ്വീപില്‍ ജനിച്ചുവളര്‍ന്നവളല്ല. മഞ്ഞുമൂടിക്കിടക്കുന്ന ഏതോ നാട്ടില്‍ നിന്നാണെന്ന് അവളുടെ മഞ്ഞുപോലുള്ള തൂവെള്ള തൂവലുകളില്‍ നിന്നുമറിയാം.”
ചിരുതേയി മുത്തശ്ശി കണ്ണുകള്‍ കൊണ്ടും കൈകള്‍ കൊണ്ടും ആംഗ്യങ്ങള്‍ കാണിച്ച് അരയന്നത്തെ വിവരിക്കുകയാണ്. കഥ പതുക്കെ മുറുകിവരുന്നു. കുട്ടികളുടെ മനസ്സില്‍ മഞ്ഞിന്‍ നിറമുള്ള അരയന്നരാജ്ഞി ചിറകുവിടര്‍ത്തി. അരയന്നത്തിന്റെ സൗന്ദര്യത്തില്‍ അസൂയതോന്നി മാവിന്‍കൊമ്പിലെ കാക്കകള്‍ പതിഞ്ഞ ശബ്ദത്തില്‍ കാ.. കാ.. കരഞ്ഞു.
”അരയന്നത്തെ ഞാന്‍ കണ്ടിട്ടുണ്ട്. സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് മൃഗശാലയില്‍ പോയപ്പോള്‍.”
”അത് കൂട്ടിലിട്ടു വളര്‍ത്തുന്ന അരയന്നമല്ലേ? ഇതതുപോലൊന്ന്വല്ല. ഇഗ്വദ്വീപിലെ അരയന്നം പാല്‍പ്പുഴയിലങ്ങനെ നീന്തിവരുമ്പോള്‍ കാണാന്‍ എന്തു ഭംഗിയാണെന്നറിയ്യ്വോ? ആരും നോക്കി നിന്നുപോകും.”
”ആ ഭംഗി കണ്ടിട്ടാവൂല്ലേ സിംഹരാജാവ് അരയന്നത്തെ കല്ല്യാണം കഴിച്ചത്?”
”അതെ.”
ഇടയില്‍ കയറി ചോദിക്കുന്ന കണ്ണനോട് മുത്തശ്ശി കണ്ണടച്ചുകാണിച്ചുകൊണ്ട് പറഞ്ഞു. ആദിമോളും, അപ്പുവും ആഗുവാവയുമൊക്കെ അക്ഷമയോടെ നോക്കി.
”ഈ കണ്ണേട്ടന്റെ സംശയം ഒരിക്കലും തീരില്ല. മുത്തശ്ശി ഇഗ്വദ്വീപിലെ കഥ പറയൂ മുത്തശ്ശീ.”
ഹീരമോള്‍ കൊഞ്ചിക്കൊണ്ടു പറഞ്ഞു. മുത്തശ്ശി കഥ തുടര്‍ന്നു.
”അതിസുന്ദരിയായ അരയന്ന രാജ്ഞിയോട് ഇഗ്വദ്വീപിലെ എല്ലാ ജീവികള്‍ക്കും വലിയ സ്‌നേഹവും ആദരവുമായിരുന്നു. രാജ്ഞി പറയുന്നതെല്ലാം അവര്‍ അക്ഷരംപ്രതി അനുസരിക്കും. എല്ലാ ജീവികളെയും രാജ്ഞിക്കും ഇഷ്ടമായിരുന്നു. ഈ പരസ്പര സ്‌നേഹമാണ് ഇഗ്വദ്വീപിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയും.”
”അവിടെ സ്‌കൂളൊക്കെയുണ്ടായിരുന്നോ?”
അപ്പുവിന്റെതായിരുന്നു സംശയം. പക്ഷെ ആദിമോള്‍ അവനെ കളിയാക്കിച്ചിരിച്ചു.
”എവിടെ? കാട്ടിലാണോ സ്‌കൂള്‍? പക്ഷികളും മൃഗങ്ങളുമൊക്കെ സ്‌കൂളില്‍ പോകാറുണ്ടോ? നമ്മള്‍ മനുഷ്യന്മാരല്ലേ സ്‌കൂളില്‍ പോവുള്ളൂ.”
ആദിമോളുടെ കളിയാക്കല്‍ കേട്ട് അപ്പുവിന് നാണം വന്നു. ശരിയാണല്ലോ. മൃഗങ്ങളും പക്ഷികളുമൊന്നും സ്‌കൂളില്‍ പോകാറില്ലല്ലോ. പക്ഷെ, കഥ കേള്‍ക്കാനായി കുട്ടികളുടെ പിന്നിലായും മരത്തിലും മറ്റുമിരുന്ന കാക്കകളും ചവേലക്കിളികളും അണ്ണാറക്കണ്ണനും പൂച്ചയുമൊക്കെയാലോചിച്ചത് മറ്റൊന്നായിരുന്നു. എന്തുകൊണ്ടാണ് മൃഗങ്ങളും പക്ഷികളുമൊന്നും സ്‌കൂളില്‍ പോകാത്തത്? മനുഷ്യന്മാര്‍ മാത്രം പഠിച്ചാല്‍ മതിയോ? അവര്‍ക്കും പഠിക്കണമെന്ന് തോന്നി. സ്‌കൂളില്‍ പോയി പഠിച്ചാല്‍ ഈ കുട്ടികളെപ്പോലെ സംശയങ്ങള്‍ ചോദിക്കാനൊക്കെ പറ്റും. ലോകത്തെക്കുറിച്ച് അറിവുണ്ടാകും. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി ഒരു സ്‌കൂളുണ്ടായിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു!
”അതാണ് ഞാന്‍ പറഞ്ഞു വരുന്നത്.”
മുത്തശ്ശി കഥ തുടര്‍ന്നു.
”ഇഗ്വദ്വീപില്‍ മിടുക്കനായൊരു മുയലുണ്ടായിരുന്നു. നല്ല ഓട്ടക്കാരനും സുന്ദരനുമായിരുന്നു അവന്‍. നല്ല പതുപതുത്ത രോമങ്ങള്‍. ചെമ്പന്‍ കണ്ണുകള്‍. നനുത്ത മീശ. ചിത്തന്‍ എന്നായിരുന്നു അവന്റെ പേര്. സിംഹരാജാവിനും അരയന്ന രാജ്ഞിക്കും അവനെ വലിയ കാര്യമായിരുന്നു. സിംഹരാജാവ് അവനെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കും. അവനെ കണ്ടാല്‍ ആരും ഉമ്മ കൊടുത്തുപോകുമായിരുന്നു. അത്രയ്ക്ക് ഓമനത്തമാണവന്. ഒപ്പം തന്നെ പുതിയ പുതിയ ആശയങ്ങള്‍ പറയാനും അവന്‍ മിടുക്കനാണ്. അതേവരെ ആരും ചിന്തിക്കാത്ത കാര്യങ്ങളാണവന്‍ പറയുക. പലപ്പോഴും രാജാവിനെ ഭരണകാര്യങ്ങളിലത് സഹായിക്കാറുണ്ട്.”
”നമുക്ക് ഈ ദ്വീപില്‍ ഒരു വിദ്യാലയം തുടങ്ങിയാലോ?”
ചിത്തന്‍ മുയല്‍ ഒരു ദിവസം അരയന്ന രാജ്ഞിയോട് ചോദിച്ചു.
”വിദ്യാലയമോ? അതെന്തിനാ? ഇവിടുള്ളോര്‍ക്കൊക്കെ ഇപ്പോള്‍ ആവശ്യത്തിനുള്ള വിദ്യാഭ്യാസമില്ലേ?”
”ഉണ്ട്. പക്ഷെ, എല്ലാവരുടെയും കഴിവുകള്‍ വികസിപ്പിക്കാനും കൂടുതല്‍ മിടുക്കരാകാനും വിദ്യാലയമുണ്ടെങ്കില്‍ സാധിക്കും. നമ്മുടെ ദ്വീപിന് സ്വന്തമായൊരു ഭാഷയുണ്ടല്ലോ. അതെല്ലാവരെയും എഴുതാനും വായിക്കാനും പഠിപ്പിക്കുകയെങ്കിലും ചെയ്യാമല്ലോ.”
ചിത്തന്‍ മുയല്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് അരയന്ന രാജ്ഞിക്കും തോന്നി. ഇഗ്വദ്വീപിലെ ഭാഷയായ ഇഗ്വാളം എല്ലാവര്‍ക്കും പറയാനറിയാം. പക്ഷെ ആര്‍ക്കും എഴുതാനറിയില്ല. എഴുതാനറിയാമെങ്കില്‍ എല്ലാ ജീവികള്‍ക്കും പാടാന്‍ പറ്റുന്ന രീതിയിലുള്ള പാട്ടുകള്‍ ആ ഭാഷയിലെഴുതാമല്ലോ. കഥകളുമെഴുതാം. ദ്വീപിന്റെ പ്രത്യേകതകളും ഇവിടെ ലഭ്യമായ പലതരം പഴങ്ങളെക്കുറിച്ചും കായ്കളെക്കുറിച്ചും തേനരുവികളെക്കുറിച്ചും പാല്‍പ്പുഴകളെക്കുറിച്ചുമൊക്കെ എഴുതാം. പൂര്‍വ്വികരാരോ എഴുതി സൂക്ഷിച്ച ദ്വീപിന്റെ ചരിത്ര പുസ്തകമുണ്ട്. പക്ഷെ വായിക്കാനറിയാത്തതിനാല്‍ ആരും തുറന്നുനോക്കാറില്ലെന്നു മാത്രം. ചെറിയ കുട്ടികള്‍ക്കു പോലും വേണമെങ്കില്‍ അതൊക്കെ വായിച്ചു പഠിക്കാനും മനസ്സിലാക്കാനും എളുപ്പമാകും. തീര്‍ച്ചയായും ഒരു വിദ്യാലയം വേണം. ഇഗ്വാളഭാഷയിലെ അക്ഷരങ്ങള്‍ പഠിക്കുകയും വേണം. അരയന്ന രാജ്ഞി ചിത്തന്‍ മുയലിന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് സിംഹരാജാവിനോട് സംസാരിച്ചു. ആദ്യം രാജാവിനും സംശയമായിരുന്നു.
”കാടുകളില്‍ അങ്ങനെ പതിവുണ്ടോ? വിദ്യാലയം സ്ഥാപിച്ച് അക്ഷരാഭ്യാസമുണ്ടായിട്ട് ഇവിടുള്ളവര്‍ എന്തു പഠിക്കാനാണ്?”
സിംഹരാജാവിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനായി ചിത്തന്‍ മുയലെത്തി.
”വിദ്യാലയം കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ഭൂമിയിലെ മറ്റിടങ്ങളെപ്പോലെയല്ലല്ലോ ഇഗ്വദ്വീപ്. ഇതുപോലെ രത്‌നങ്ങള്‍ വിളയുന്ന ചെടികളും പാലും തേനുമൊഴുകുന്ന അരുവികളും പുഴകളും ശര്‍ക്കരപ്പാറകളും കല്‍ക്കണ്ടപ്പാറകളുമൊക്കെ മറ്റെവിടെയുണ്ട്? അതുപോലെ ഇവിടുത്തെ ജീവജാലങ്ങള്‍ക്കും പ്രത്യേകതയില്ലേ? ഭൂമിയിലെ മറ്റേതുഭാഗത്തുള്ളതിനേക്കാള്‍ സൗന്ദര്യമുള്ളവരല്ലേ ഇവിടുത്തെ മൃഗങ്ങളും പക്ഷികളുമൊക്കെ? അത്രയും സൗന്ദര്യവും മിടുക്കുമുള്ള നമ്മുടെ ദ്വീപുനിവാസികള്‍ക്ക് വിദ്യാഭ്യാസം കൂടി കിട്ടിയാല്‍ എത്ര നന്നായിരിക്കും? ഒന്നാലോചിച്ചുനോക്കൂ.”
മോട്ടുമുയല്‍ പറഞ്ഞപ്പോള്‍ സിംഹരാജാവിനും അതില്‍ കാര്യമുണ്ടെന്ന് തോന്നി. അരയന്ന രാജ്ഞി വീണ്ടും ഇടപെട്ട് സിംഹരാജന്റെ ജടയില്‍ തഴുകി.
”മഹാരാജാവേ, നമ്മുടെ ദ്വീപിന്റെ സ്വന്തം ഭാഷയല്ലേ ഇഗ്വാളം? അത് പഠിപ്പിക്കുന്നതുകൊണ്ട് നല്ലതല്ലേ വരൂ? സ്വന്തം ഭാഷ എല്ലാവര്‍ക്കും എഴുതാനും വായിക്കാനും സാധിക്കണം. ഇവിടെ വിളയുന്ന രത്‌നങ്ങളുടെ എണ്ണം കണക്കാക്കാനും നഷ്ടപ്പെടാതെ സൂക്ഷിക്കാനുമായി അവ എണ്ണിത്തിട്ടപ്പെടുത്താന്‍ കണക്കറിയുന്നവര്‍ വേണം. എല്ലാ ജീവികളും അവരവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കണം. വിദ്യാലയമുണ്ടെങ്കിലേ അതൊക്കെ സാധിക്കൂ.”
അരയന്ന രാജ്ഞി പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ സിംഹരാജാവിനും അതു ശരിയാണെന്നു തോന്നി.
”എങ്കില്‍ നമ്മുടെ രീതിയനുസരിച്ച് ആദ്യം ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യണം. അതിനുശേഷം എല്ലാ ജീവികളുമടങ്ങുന്ന നമ്മുടെ ദ്വീപിന്റെ പൊതുസഭയിലും ചര്‍ച്ച ചെയ്യണം. എല്ലാവരെയും ബോധ്യപ്പെടുത്തിയതിനു ശേഷമേ തീരുമാനമെടുക്കാന്‍ പാടുള്ളൂ.”
(തുടരും)