”ഓട്.. ഓട്..”
”അങ്ങനെയല്ല, ഞാന്‍ ചെയ്യുന്നത് നോക്കൂ. ഇതുപോലെ മുന്‍കാലുകള്‍ മടക്കി, പിന്‍കാലുകള്‍ നിവര്‍ത്തി, കുതിച്ച് ചാടൂ..”
”വേഗം.. വേഗം.. നിര്‍ത്തരുത്. ഓടിക്കൊണ്ടേയിരിക്കൂ.. കഷ്ടപ്പെടാന്‍ തയ്യാറുള്ളവരേ വിജയിക്കുകയുള്ളൂ.”
പുല്‍മൈതാനത്ത് കഠിനപരിശീലനത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു മാനുകള്‍. മുഖ്യപരിശീലക ശാഖി മാനായിരുന്നു. ആദ്യഘട്ടമത്സരത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ മാറ്റിനിര്‍ത്തി പരിശീലിപ്പിക്കുന്നത് ശാഖിമാനിന്റെ ശിഷ്യരിലൊരാളായ വെണ്‍പുള്ളിമാനാണ്. അവരെക്കൂടെ പരിശീലിപ്പിച്ച് മറ്റുള്ളവരുടെ കൂടെയെത്തിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ മികച്ച ഓട്ടക്കാരായി തിരഞ്ഞെടുക്കപ്പെട്ട മാനുകളെ മൈതാനത്തിന്റെ മറ്റൊരറ്റത്ത് വെള്ള വരവരച്ച് അതില്‍ മുന്‍കാല്‍ വെച്ച് നിര്‍ത്തിയിരിക്കുകയാണ്. ശാഖി മാന്‍ ചൂളമടിക്കുമ്പോള്‍ എല്ലാവരും ഓടണം. മൈതാനത്തിന്റെ അങ്ങേയറ്റത്ത് നാട്ടിയിരിക്കുന്ന കൊടിയുടെയടുത്തേക്കാണ് ഓടിയെത്തേണ്ടത്. അതിനിടയില്‍ ചെറിയ കടമ്പകള്‍ കെട്ടിയിട്ടുണ്ട്. അവ ചാടിക്കടന്നുവേണമായിരുന്നു ഓടാന്‍. കടുവമാഷ് വരുന്നതുകണ്ട് എല്ലാവരും നിന്നു. അദ്ധ്യാപികയായ ശാഖി മാന്‍ ഓടിവന്നു ചോദിച്ചു.
”എന്താണ് സാര്‍ വന്നത്? എന്തെങ്കിലും പ്രശ്‌നമുണ്ടോ?”
”ഉണ്ട്. ചെറിയൊരു പ്രശ്‌നമുണ്ട്. നമ്മുടെ ഹരിണനെ ഇവിടെയാരൊക്കെയോ കളിയാക്കിയെന്നോ, കൂടെ കൂട്ടിയില്ലെന്നോ കേട്ടല്ലോ. ശരിയാണോ?”
ശാഖി ടീച്ചര്‍ തലകുനിച്ചു നിന്നു. കടുവമാഷിന് കാര്യം പിടികിട്ടി. എന്തോ അപാകത സംഭവിച്ചിട്ടുണ്ട്. തീര്‍ച്ച. അല്ലെങ്കില്‍ ശാഖി ഇങ്ങനെ തലതാഴ്ത്തി നില്‍ക്കേണ്ടതില്ല.
”ശരിയാണ് സാര്‍. ഹരിണന്‍ ഓടുമ്പോള്‍ ഇടയ്ക്ക് വീണുപോകുന്നു. അവന്റെ ഒരു കാലിന് സ്വാധീനക്കുറവുണ്ട്. ആ കാലിന് മറ്റുകാലുകളെയപേക്ഷിച്ച് നീളം കുറവാണ്.”
”അതു ശരി. അങ്ങനെയാണെങ്കില്‍ ആ കുട്ടിയെ ഒറ്റപ്പെടുത്തുകയാണോ ഒരദ്ധ്യാപിക ചെയ്യേണ്ടത്? അവനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതല്ലേ? കുറവുകളുണ്ടെങ്കില്‍ അത് നികത്തി മുന്നോട്ടുപോകണം. എല്ലാവരെയും പരിഗണിക്കുന്നതാണ് നമ്മുടെ വിദ്യാഭ്യാസപദ്ധതി.”
”അറിയാം സാര്‍.”
”ശരി. ഇനി അങ്ങനെയുണ്ടാകാന്‍ പാടില്ല. ഹരിണനെക്കൂടെ എല്ലാ പരിശീലനങ്ങളിലും ഉള്‍പ്പെടുത്തണം. മനസ്സിലായോ?”
”ഉവ്വ്. ഇനി ചെയ്‌തോളാം. ഞാന്‍ ചെയ്തുപോയ തെറ്റിന് ക്ഷമിക്കണേ.”
”അതു സാരമില്ല. തെറ്റുകള്‍ എല്ലാവര്‍ക്കും പറ്റും. അതു തിരുത്തുകയെന്നതാണ് കാര്യം. മറ്റുള്ളവരോടും ഹരിണനെ കളിയാക്കരുതെന്നും ഒറ്റപ്പെടുത്തരുതെന്നും പറയണം.”
കടുവമാഷുടെ വാക്കുകള്‍ കേട്ട് ശാഖി ടീച്ചര്‍ ഹരിണന്റെ കൈ പിടിച്ച് ഒരുമിച്ചുനടത്തി. ഹരിണന്‍ സന്തോഷത്തോടെ അദ്ധ്യാപികയുടെ കൂടെ നടന്നു. മറ്റു കുട്ടികളെയും കടുവമാഷുടെ നിര്‍ദ്ദേശമറിയിച്ചു.
ഹരിണന്‍ ഓടിനോക്കി. പക്ഷെ ഇത്തവണയും വീണുപോയതേയുള്ളൂ. മറ്റുള്ളവര്‍ അതുകണ്ട് പഴയതുപോലെ കളിയാക്കി ചിരിച്ചില്ലെന്നു മാത്രം. അവന് ജാള്യതയായി. കടുവമാഷെ പേടിച്ചിട്ടാണ് ആരുമിപ്പോള്‍ കളിയാക്കാത്തത്. എന്നെക്കൊണ്ട് എല്ലാവരെയുംപോലെ ഓടാനൊന്നും പറ്റില്ല. ഒരുകാലിന് നീളക്കുറവുള്ള ഞാനെങ്ങനെ മറ്റുള്ളവരുടെയൊപ്പമെത്താനാണ്? ആരെയും ശല്യപ്പെടുത്താതെ മാറിനില്‍ക്കുകയാണ് ഭേദം. ആരോടും മിണ്ടാതെയവന്‍ മൈതാനത്തിന്റെ കോണില്‍ മറ്റുള്ളവര്‍ പരിശീലനം നടത്തുന്നത് നോക്കി നിന്നു.
ഓരോരുത്തരും മികച്ച പരിശീലനമാണ് നടത്തിക്കൊണ്ടിരുന്നത്. മാനുകള്‍ ഓട്ടത്തിലും ചാട്ടത്തിലും മിടുക്കരായിമാറി. പരുന്തിന്റെ പരിശീലനത്തില്‍ മറ്റു പക്ഷികള്‍ക്കും ഉയരത്തില്‍ പറക്കാന്‍ കഴിഞ്ഞു. ഗൂസിത്താറാവിന്റെ നീന്തല്‍ പരിശീലനമായിരുന്നു രസകരം. അതിവേഗത്തിലത് ജലോപരിതലത്തിലൂടെ തെന്നിത്തെന്നി നീന്തിപ്പോകും. മുതലകള്‍ക്ക് നീന്താനറിയാമെങ്കിലും ഗൂസിത്താറാവിന്റെയത്ര വേഗതയുണ്ടായിരുന്നില്ല. അവര്‍ ഗൂസിട്ടീച്ചറെ ഒന്നു പറ്റിക്കാന്‍ തീരുമാനിച്ചു. പിന്നാലെ സാവധാനം നീന്തിവരുന്ന മുതലകളെ കാത്തുനിന്നതായിരുന്നു ഗൂസിത്താറാവ്. ഈസമയം ടീച്ചറെ പറ്റിച്ചുകൊണ്ട് മുതലകള്‍ മുങ്ങാങ്കുഴിയിട്ട് താറാവിനേക്കാള്‍ മുന്നിലെത്തി. തമാശകള്‍ പറഞ്ഞും കളിച്ചും ചിരിച്ചും മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും പ്രാണികളും താന്താങ്ങളുടെ മേഖലകളില്‍ മികച്ച പരിശീലനം നേടി.
(തുടരും)