“കഥ പറയൂ മുത്തശ്ശീ..”
“ഇന്നെന്തു കഥയാണ് എന്റെയുണ്ണികള്‍ക്ക് കേള്‍ക്കേണ്ടത്?”
“എന്തു കഥയായാലും കുഴപ്പമില്ല. മുത്തശ്ശി പറയുന്ന ഏതു കഥയും ഞങ്ങള്‍ക്കിഷ്ടമാ.”
കുട്ടികള്‍ ഒരുമിച്ചു പറഞ്ഞു. പക്ഷികളും മൃഗങ്ങളും മറ്റ് ജീവജാലങ്ങളുമാണ് മുത്തശ്ശിയുടെ കഥാപാത്രങ്ങള്‍. പഞ്ചതന്ത്രം കഥകളും കഥാസരിത്‌സാഗരവുമെല്ലാം മുത്തശ്ശിക്ക് മനഃപാഠമാണ്. കൂടാതെ മറ്റാര്‍ക്കുമറിയാത്ത നാടോടിക്കഥകളുമുണ്ട്. നിത്യവും മുത്തശ്ശിയുടെ കൂട്ടുകാരായ കിളികളും മൃഗങ്ങളും കാടും നാടും ചുറ്റി കൊണ്ടുവരുന്ന വിശേഷങ്ങളില്‍ നിന്നും സ്വന്തമായി മെനഞ്ഞെടുക്കുന്ന കഥകളുമുണ്ട്. അവയെല്ലാം അംഗവിക്ഷേപങ്ങളിലൂടെ അതിശയോക്തിയോടെ അവതരിപ്പിക്കും. സിംഹവും കടുവയുമെല്ലാം ജീവനോടെ ചാടിവരുന്നതുപോലെ തോന്നും. കുസൃതിക്കാരനായ കുറുക്കനും കൗശലക്കാരിയായ കാക്കമ്മയും പരിശ്രമശാലിയായ അണ്ണാറക്കണ്ണനുമെല്ലാം തൊട്ടുമുന്നിലൂടെ നടക്കുന്നതായി തോന്നും. ഓരോ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും അവരുടെ ഭാഷയില്‍ സംസാരിക്കാനും മുത്തശ്ശിക്കറിയാം. അതുമനസ്സിലാക്കുന്നതുകൊണ്ടാവും കഥ കേള്‍ക്കാന്‍ മൃഗങ്ങളും പക്ഷികളുമൊക്കെ വട്ടം കൂടുന്നത്.
“ഞങ്ങള്‍ക്കിന്ന് കാക്കയുടെ കഥ മതി.”
“അല്ല, മുയലിന്റെത്.”
“അല്ല, കുയിലിന്റെത്.”
“അല്ല, സിംഹത്തിന്റെത്.”
ആദിയും കണ്ണനും അപ്പുവും ആഗുവും ഹീരയും ഒരുമിച്ചു പറഞ്ഞു. കൂട്ടത്തില്‍ ഏറ്റവും ഇളയവള്‍ ഹീരയാണ്. അവള്‍ വര്‍ത്തമാനം പറഞ്ഞു തുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ടുതന്നെയവളുടെ പറച്ചിലിലിത്തിരി കൊഞ്ചലുണ്ട്. ഇളയവളായതുകൊണ്ട് അവളുടെ ആവശ്യത്തിനാണ് മിക്കപ്പോഴും കൂടുതല്‍ പരിഗണന കിട്ടുക. മൂത്തകുട്ടികള്‍ക്കും അവളോട് വാത്സല്യമായതിനാല്‍ അവള്‍ പറയുന്നത് സമ്മതിച്ചുകൊടുക്കും. ഇത്തവണയും ഹീര പറയുന്നതിനനുസരിച്ചായിരിക്കും മുത്തശ്ശി കഥ പറയുകയെന്നു വിചാരിച്ച് എല്ലാവരും അവളാവശ്യപ്പെട്ട സിംഹത്തിന്റെ കഥ കേള്‍ക്കാന്‍ തയ്യാറായി ഇരുന്നു.
“നമുക്കിന്ന് പുതിയൊരു കഥ പറയാം. ഈ കഥയില്‍ കാക്കയും മുയലും കുയിലും സിംഹവും എല്ലാവരുമുണ്ട്.”
കുട്ടികള്‍ക്ക് സന്തോഷമായി. അവരുടെയോരോരുത്തരുടെയും ആവശ്യങ്ങള്‍ ചിരുതേയി മുത്തശ്ശി പരിഗണിച്ചുവല്ലോയെന്ന സന്തോഷം.
“നമുക്ക് ഇഗ്വ ദ്വീപിന്റെ കഥ പറയാം.”
ഇഗ്വ ദ്വീപോ? അങ്ങനെയൊരു ദ്വീപുണ്ടോ? പാഠപുസ്തകങ്ങളിലോ, ഇതുവരെ വായിച്ച കഥകളിലോ, കണ്ട കാര്‍ട്ടൂണ്‍ സിനിമകളിലോ അങ്ങനെയൊരു ദ്വീപിനെക്കുറിച്ച് കേട്ടിട്ടേയില്ലല്ലോ. കണ്ണന്‍ ആത്മഗതം ചെയ്തു. ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന കുട്ടിയാണവന്‍. ഭൂഖണ്ഡങ്ങളെക്കുറിച്ചും ദ്വീപ് സമൂഹങ്ങളെക്കുറിച്ചുമൊക്കെഅവനറിയാം. ഏതുസമുദ്രത്തിലാവും മുത്തശ്ശി പറയുന്ന ഇഗ്വദ്വീപ്! അവന്‍ വിസ്മയിച്ചു.
“അതെ. ഇഗ്വ ദ്വീപ്. പണ്ട് പണ്ട് ദക്ഷിണ സമുദ്രത്തിലുണ്ടായിരുന്നൊരു ദ്വീപാണ് ഇഗ്വ ദ്വീപ്. ദ്വീപിനൊരു പ്രത്യേകതയുണ്ടായിരുന്നു. മനുഷ്യവാസമുണ്ടായിരുന്നില്ല അവിടെ. അതുകൊണ്ടതിനെ കന്യാദ്വീപെന്നും വിളിക്കാറുണ്ട്. മനുഷ്യരില്ലെങ്കിലെന്താ? കടുവയും പുലിയും സിംഹവും തുടങ്ങി കുരങ്ങനും കുറുക്കനും അണ്ണാറക്കണ്ണനുമുള്‍പ്പെടെയുള്ള മൃഗങ്ങളുണ്ട്. കാക്കയും കുയിലും മയിലുമുള്‍പ്പെടെ എല്ലാതരം പക്ഷികളുമുണ്ട്. പുല്‍ച്ചാടിയും തുമ്പിയും പൂമ്പാറ്റയുമുള്‍പ്പെടെ തരാതരം ചെറുജീവികളുമുണ്ട്. നമുക്കിന്ന് ആ ദ്വീപിലേക്കൊന്ന് പോയാലോ?”
“പൂവ്വാം.. പൂവ്വാം..”
ആഗുവാവയ്ക്കായിരുന്നു ഏറ്റവുമാവേശം. മറ്റുള്ളവരുമവനോടൊപ്പം ചേര്‍ന്ന് പൂവ്വാം.. പൂവ്വാം.. എന്ന് ഈണത്തില്‍ ഏറ്റുപറഞ്ഞു.
“എങ്ങനെ പോകും? വിമാനത്തില്‍ പോകാന്‍ പറ്റ്വോ? കപ്പലില്‍ പോകാന്‍ പറ്റ്വോ? നമുക്ക് കഥയുടെ തോണിതുഴഞ്ഞ് പോകാം എന്താ?”
“ശരി. കഥയുടെ തോണിയില്‍ പൂവ്വാം.”
കുട്ടികള്‍ തോണി തുഴയുന്നതുപോലെ കൈകള്‍ കൊണ്ട് കഥത്തോണി തുഴഞ്ഞ് പാട്ടുപാടി.
“ഓ… തിത്തിത്താരോ തിത്തിത്തൈ…
തിത്തൈ തക തൈതൈ തോം..
ചിരുതേയി മുത്തശ്ശി കഥപറയുന്നേ..
തിത്തിത്താരോ തിത്തൈ..
കഥയുടെ തോണി തുഴഞ്ഞു പോണേ..
തിത്തിത്താരോ തിത്തൈ…
ഇഗ്വദ്വീപിലേക്കു പോന്നേ…
തിത്തിത്താരോ തിത്തൈ…”
മുത്തശ്ശി ഇഗ്വ ദ്വീപിന്റെ കഥ പറയാനാരംഭിച്ചു. കുട്ടികളും കിളികളും മൃഗങ്ങളും കാറ്റും, മരങ്ങളും കഥയില്‍ ലയിച്ചിരുന്നു.
(തുടരും)