കടുവമാഷുടെ നിര്‍ദ്ദേശം കേട്ട് എല്ലാവരും ഒരുനിമിഷം ചിന്തയിലാണ്ടു. ആരാണ് ഏറ്റവും മിടുക്കര്‍? ഓരോരുത്തരും ആലോചിച്ചു. പിന്നെ തിരക്കിട്ട ചര്‍ച്ചയായി. ചര്‍ച്ചകള്‍ക്കൊടുവില്‍ പക്ഷികളില്‍ പറക്കാന്‍ ഏറ്റവും മിടുക്കിയായ ചക്കിപ്പരുന്തിനെത്തന്നെ പരിശീലകയായി തിരഞ്ഞെടുത്തു. ഓട്ടത്തിന് ചീറ്റപ്പുലിയെയും നൃത്തത്തിന് മീനു മയിലിനെയും മരം കയറ്റത്തിന് ചിപ്പുക്കുരങ്ങനെയും നീന്തലിന് ഗൂസിത്താറാവിനെയും അദ്ധ്യാപകരായി നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശമനുസരിച്ച് കടുവമാഷ് അവര്‍ക്കൊക്കെ നിയമനാംഗീകാരം നല്‍കി.
”അപ്പോള്‍ മാഷമ്മാരും ടീച്ചര്‍മാരും തയ്യാറായി. ഇനി ക്ലാസ് തുടങ്ങുകയല്ലേ?”
എല്ലാവരും ഒറ്റ സ്വരത്തില്‍ ചോദിച്ചപ്പോള്‍ കടുവമാഷ് സമ്മതം മൂളി. ആനകള്‍ പെരുവയറുകളില്‍ വാലുകള്‍ കൊണ്ടടിച്ച് പെരുമ്പറ മുഴക്കി. കുറുക്കന്മാര്‍ ഓരിയിട്ടു.
”ഇഗ്വാള ഭാഷ പഠിപ്പിക്കുന്നതിനും കണക്കു പഠിപ്പിക്കുന്നതിനും മാത്രമാണ് ഈ വിദ്യാലയ കെട്ടിടമുപയോഗിക്കുക. മരം കയറ്റം പഠിക്കാന്‍ ഏറ്റവുമുയരമുള്ള മരങ്ങള്‍ നമുക്കുപയോഗിക്കാം. അതില്‍ താത്പര്യവും കഴിവുമുള്ളവര്‍ മാത്രം അതു പഠിച്ചാല്‍ മതി. അതേപോലെ നീന്തല്‍ പഠിക്കാന്‍ നമ്മുടെ പാല്‍പ്പുഴയുപയോഗിക്കാം. നീന്താന്‍ കഴിവുള്ളവര്‍ മാത്രം നീന്താന്‍ പഠിച്ചാല്‍ മതി.”
കടുവമാഷുടെ നിര്‍ദ്ദേശാനുസരണം ഓരോ വിഭാഗത്തിലുമുള്ള ജീവിവര്‍ഗ്ഗങ്ങള്‍ തങ്ങള്‍ക്ക് യോജിച്ച മേഖല മനസ്സിലാക്കി അത് പഠിക്കാനായി വ്യത്യസ്തയിടങ്ങളിലേക്കു പോയി. സിംഹരാജാവും അരയന്ന രാജ്ഞിയും കടുവാമാഷും മാത്രം ബാക്കിയായി.
”എത്ര നല്ലൊരാശയമാണ് നമ്മുടെ മുയല്‍ക്കുട്ടന്‍ പറഞ്ഞത്! അവനെ നാളത്തെ മോര്‍ണിംഗ് അസംബ്ലിയില്‍ വെച്ച് നമുക്കൊന്ന് പൊന്നാടയണിയിച്ച് ആദരിക്കണം. ഈ പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ നമ്മുടെ ഇഗ്വ ദ്വീപുവാസികളൊക്കെ ഒന്നുകൂടെ ഊര്‍ജ്ജസ്വലരായി മാറും. എല്ലാവരും ഇഗ്വാള ഭാഷ പഠിച്ചുകഴിഞ്ഞാല്‍ നമുക്കൊരു പത്രം പുറത്തിറക്കണം. തുടക്കത്തില്‍ കൈയ്യെഴുത്തു പത്രം മതി. പിന്നീട് നമുക്ക് അച്ചടിയിലേക്കു കടക്കാം.”
കടുവമാഷുടെ അഭിപ്രായത്തോട് സിംഹരാജാവും അരയന്നരാജ്ഞിയും യോജിച്ചു. അവരങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു മാന്‍ ദൂരെനിന്നും മുടന്തി മുടന്തി വരുന്നത് കണ്ടത്.
”അതെന്തു പറ്റി? ആരാണ് ആ വരുന്നത്? ഓടുന്നതിനിടയില്‍ ആര്‍ക്കെങ്കിലും അപകടം പിണഞ്ഞോ?”
സിംഹരാജാവ് ആശങ്കയോടെ സ്വയം ചോദിച്ചു. അടുത്തെത്തിയപ്പോഴാണ് ആളെ മനസ്സിലായത്. ഹരിണന്‍ എന്നു പേരുള്ള മാന്‍കുട്ടിയായിരുന്നു അത്. അവന് ഒരു കാലിന് സ്വാധീനക്കുറവുണ്ടായിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോള്‍ ആല്‍മരത്തിന്റെ വേരിന്നിടയില്‍ പെട്ടുപോയതായിരുന്നു അവന്റെ കാല്‍. ഇപ്പോഴും മുടന്തുണ്ട്. അവന് എല്ലാവരെയുംപോലെ വേഗത്തില്‍ ഓടാന്‍ കഴിയില്ല.
”എന്താണ് ഹരിണാ? നീ പഠിക്കാന്‍ പോയില്ലേ?”
”എനിക്ക് എല്ലാവരെയും പോലെ വേഗത്തില്‍ ഓടാന്‍ പഠിക്കണമെന്നുണ്ട്. പക്ഷെ സാധിക്കുന്നില്ല. കുറച്ച് ഓടുമ്പോഴേക്കും ഞാന്‍ വീണുപോവുന്നു. അതുകണ്ട് എല്ലാവരും എന്നെ കളിയാക്കുന്നു.”
”കളിയാക്കുന്നോ? ഈ ദ്വീപിലങ്ങനെ പതിവില്ലല്ലോ. ആരും ആരെയും കളിയാക്കാന്‍ പാടില്ലെന്നാണ് നമ്മുടെ വിദ്യാലയത്തിലെ നിയമം. നിയമം ലംഘിക്കുന്നവര്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. ആരാണ് ഹരിണനെ കളിയാക്കിയത്?”
”അയ്യോ! ശിക്ഷിക്കുകയൊന്നും വേണ്ടേ.. എനിക്ക് പേടിയാവുന്നേ.”
”നീയെന്തിനാണ് പേടിക്കുന്നത്? നിന്നെയാരും ഒന്നും ചെയ്യാതെ ഞാന്‍ നോക്കിക്കൊള്ളാം. ഈ ദ്വീപിലൊരു നിയമമുണ്ടല്ലോ. അത് എല്ലാവരും പാലിക്കണമല്ലോ. അല്ലായെങ്കില്‍ ദ്വീപിലെ ക്രമസമാധാനം പോലും തകരാറിലാവും. നമ്മുടെ തികഞ്ഞ അച്ചടക്കവും മര്യാദയുള്ള പെരുമാറ്റവും സംസ്‌കാരവുമാണ് മറ്റ് ദ്വീപുകളില്‍ നിന്നും ഇഗ്വ ദ്വീപിനെ വ്യത്യസ്തമാക്കുന്നത്. അതാണ് ഇവിടുത്തെ സവിശേഷതകള്‍ക്കെല്ലാം കാരണം.”
”അതെനിക്കറിയാമല്ലോ.”
”അതെ. അതാണ് ഞാന്‍ പറഞ്ഞത്, തെറ്റ് ചെയ്തയാള്‍ ശിക്ഷയനുഭവിക്കണമെന്ന്.”
കടുവയുടെ വാക്കുകള്‍ക്ക് ഒട്ടും അയവില്ല. ഹരിണന്‍ ഭയന്നുവിറച്ചു.
”എനിക്ക് കാലിന് വയ്യാത്തതുകൊണ്ടല്ലേ അവര്‍ കളിയാക്കിയത്? അതത്ര വലിയ കാര്യമാണോ? എനിക്ക് സങ്കടം തോന്നിയെന്നത് നേരാണ്. പക്ഷെ അതു ഞാന്‍ സഹിച്ചോളാം. അതിന്റെ പേരില്‍ ആരെയും ശിക്ഷിക്കാന്‍ പാടില്ല.”
”അതു സാരമില്ല. നിന്നെക്കൂടെ മറ്റുള്ള മാനുകളുടെ ഒരുമിച്ച് ഓടാന്‍ പഠിപ്പിക്കാന്‍ ഞാന്‍ പറയാം. വരൂ.”
കടുവമാഷ് അവനെയും കൂട്ടി മാനുകള്‍ ഓടാന്‍ പഠിക്കുന്ന പുല്‍മൈതാനത്തേക്കു പോയി.
(തുടരും)