“കാറ്റേ നില്ല്,
കിളിയേ നില്ല്,
കളയേ നില്ല്,
കഥ കഥ പൈങ്കിളിയേ
നില്ല് നില്ല്..”
ചിരുതേയി മുത്തശ്ശി കഥ പറയുകയാണ്. മുത്തശ്ശി കഥ പറയുമ്പോള്‍ കാറ്റുപോലും കാതുകൂര്‍പ്പിച്ചു നില്‍ക്കും. പിന്നെയാണോ തൊടിയിലെ ചെടികളുടെയും കിളികളുടെയും മൃഗങ്ങളുടെയും മറ്റു ചെറുജീവികളുടെയും കാര്യം? എല്ലാവരും ശ്രദ്ധിച്ച് കഥയില്‍ മുഴുകി നില്‍ക്കും. മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടിലിരുന്നാണ് ചിരുതേയി മുത്തശ്ശി കഥ പറയുക.
“കാറ്റേ നില്ല്,
കിളിയേ നില്ല്,
കളയേ നില്ല്,
കഥ കഥ പൈങ്കിളിയേ
നില്ല് നില്ല്..
കുട്ടികളേ,
നിങ്ങള്‍ക്ക് കഥ കേള്‍ക്കണ്ടേ?”
ഈണത്തില്‍ പാടി മുത്തശ്ശി ചോദിക്കുമ്പോള്‍ കുട്ടികളായ ആദിമോളും കണ്ണനും അപ്പുവും ആഗുവാവയും ഓടിയെത്തി മുന്നില്‍ സ്ഥാനം പിടിക്കും. അവര്‍ക്കു പിന്നിലായാണ് കിളികളും മൃഗങ്ങളും ഉരഗങ്ങളും കാറ്റുമൊക്കെ കഥകേള്‍ക്കാനായി കാത്തിരിക്കുക.
കഥ കേട്ട് മിഴിച്ചിരിക്കുന്നവരോട് വാത്സല്യം തോന്നി, മൂവാണ്ടന്‍ മാവപ്പോള്‍ തലകുനിച്ച് ഓരോ മാമ്പഴമിട്ടുകൊടുക്കുമെങ്കിലും കഥതീരാതെ ആരുമത് തൊടുകപോലുമില്ല. മാമ്പഴത്തേക്കാള്‍ മധുരമുള്ളതായിരുന്നു മുത്തശ്ശിയുടെ കഥകള്‍. ആരും മാമ്പഴമെടുക്കാതാകുമ്പോള്‍ മാവ് കെറുവിച്ച് മിണ്ടാതെ നില്‍ക്കും. പിന്നെ അതും കഥയില്‍ ലയിച്ചുപോകും.
നന്മകള്‍ വിളയുന്ന നാട്ടിന്‍പുറത്താണ് ചിരുതേയി മുത്തശ്ശിയുടെ വീട്. നാട്ടിന്‍പുറമായതിനാല്‍ നന്മകളുടെ കേളീരംഗമാണിവിടം. ‘നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന് കേട്ടിട്ടില്ലേ’? വാഹനങ്ങളുടെ ശബ്ദമില്ല. വ്യവസായശാലകളില്‍ നിന്നുമുയരുന്ന പുകയില്ല. എപ്പോഴും തണുത്ത കാറ്റങ്ങനെ വീശിക്കൊണ്ടിരിക്കും. മുത്തശ്ശിയുടെ വീട്ടുതൊടിയില്‍ ധാരാളം മരങ്ങളുണ്ട്. മാവുകളും പ്ലാവുകളും പേരയും തേനാമ്പഴവും തുടങ്ങി ധാരാളം ഫലവൃക്ഷങ്ങള്‍. ഒപ്പം നിരവധി തണല്‍ മരങ്ങളും തെങ്ങുകളും കമുങ്ങുകളുമൊക്കെയുണ്ട്. ഈ മരങ്ങളിലൊക്കെ ധാരാളം കിളികളും പാര്‍ക്കുന്നുണ്ട്. എല്ലാവര്‍ക്കും മുത്തശ്ശിയെ അറിയാം. മുറ്റത്തെ മാവിന്‍ ചുവട്ടില്‍ ചരുവത്തില്‍ മുത്തശ്ശി നിറച്ചുവെക്കുന്ന വെള്ളം കുടിക്കാനെത്തുന്നവരാണ് എല്ലാ കിളികളും. രാവിലെയുണര്‍ന്നയുടനെ അവരെത്തും. വെള്ളം കുടിച്ച് കുളിയും കഴിഞ്ഞാണവര്‍ പോകുക. വൈകിട്ട് കൂടണയുന്നതിനുമുമ്പ് വീണ്ടും വരും. നാട്ടിലുള്ള വിശേഷങ്ങളൊക്കെ മുത്തശ്ശിയെ പറഞ്ഞുകേള്‍പ്പിക്കുക അവരാണ്. കാക്കയും പൂച്ചയും കിളികളുമൊക്കെ കൊണ്ടുവരുന്ന നാട്ടുവിശേഷങ്ങള്‍ മനസ്സിലിട്ട് മിനുക്കിയെടുത്ത് മുത്തശ്ശി പുതിയ കഥകളുണ്ടാക്കും. ഉച്ചയൂണിനു ശേഷമാണ് മുത്തശ്ശി കഥ പറഞ്ഞു തുടങ്ങുക.
“മുത്തശ്ശീ..
പുന്നാര മുത്തശ്ശീ..
കഥ മുത്തശ്ശീ..
കഥ പറയൂ..”
ഉച്ചതിരിഞ്ഞ്, നാട്ടിന്‍പുറം വെയിലുകൊണ്ട് ക്ഷീണിച്ചുനില്‍ക്കുമ്പോള്‍ കുട്ടികള്‍ മുത്തശ്ശിയോട് കഥയാവശ്യപ്പെടും. വേനലവധിക്കാലമായതിനാല്‍ ഇപ്പോഴവര്‍ക്ക് പഠിക്കാനൊന്നുമില്ല. കഥകളും പാട്ടുകളും കേട്ടും കളിച്ചും തിമിര്‍ത്തുമുല്ലസിച്ച് ആഘോഷിക്കുകയാണ്. കുട്ടികളുടെ വിളികേട്ടാല്‍ മുത്തശ്ശിക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല. മൂവാണ്ടന്റെ ചുവട്ടിലെ ചാരുകസേരയിലെത്തിയാലേ സമാധാനമുണ്ടാവുകയുള്ളൂ. കുട്ടികളാണ് കസേരയില്‍ വിരിയൊക്കെയിട്ട് മുത്തശ്ശിക്കിരിക്കാന്‍ സൗകര്യമൊരുക്കുക. വെറ്റിലച്ചെല്ലവും പാളവിശറിയുമൊക്കെ ഒരുക്കിവെക്കും. വെറ്റിലയില്‍ നൂറുതേച്ച് സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് മുത്തശ്ശി വിസ്തരിച്ച് മുറുക്കി ചുണ്ട് ചുവപ്പിക്കും. പിന്നെ കണ്ണുപാതിയടച്ച് സ്‌നേഹത്തോടെയവര്‍ പാടിത്തുടങ്ങും.
“കാറ്റേ നില്ല്,
കിളിയേ നില്ല്,
കളയേ നില്ല്,
കഥ കഥ പൈങ്കിളിയേ
നില്ല് നില്ല്..
മുത്തശ്ശിയുടെ പാട്ടിന് പശ്ചാത്തലസംഗീതമൊരുക്കി ഉപ്പനും മരംകൊത്തിയും ഓലേഞ്ഞാലിയും കാക്കക്കുയിലുമൊക്കെ താളമിട്ട് കൊട്ടുകയും ചൂളമടിക്കുകയും ചെയ്യും. മുത്തശ്ശി കഥ പറയാനിരിക്കുന്ന മൂവാണ്ടന്‍ മാവിന്‍ചുവടും പരിസരവുമപ്പോള്‍ സ്വപ്നസമാനമായ അന്തരീക്ഷമാകും.
”കുട്ടികളേ, നിങ്ങള്‍ക്ക് കഥ കേള്‍ക്കണ്ടേ?”
“വേണം.. വേണം.. ഞങ്ങള്‍ക്ക് കഥ വേണം..”
ആദിയും കണ്ണനും അപ്പുവും ആഗുവും പറയും. ചിരുതേയി മുത്തശ്ശിയുടെ കുഞ്ഞുമക്കളുടെ മക്കളാണവര്‍. മുത്തശ്ശിക്കുശേഷം മൂന്നാം തലമുറ. വേനലവധിക്കാണവര്‍ നാട്ടിന്‍പുറത്തുള്ള വീട്ടിലെത്തുക. അച്ഛനമ്മമാരുടെയൊപ്പം നഗരത്തിലാണവര്‍ താമസിച്ച് പഠിക്കുന്നത്. നഗരത്തിലെവിടെയാ കഥ? എവിടെയാ മാമ്പഴമധുരം? എവിടെയാ കിളികളും കാറ്റുമൊക്കെ? എപ്പോഴും വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും മുരള്‍ച്ചയല്ലേ! മുത്തശ്ശി പലപ്പോഴും ചോദിക്കും. മുത്തശ്ശിയുടെ ചോദ്യത്തെ ശരിവെക്കുന്ന മട്ടില്‍ കുട്ടികള്‍ തലയാട്ടും. നഗരത്തിലെ സ്‌കൂളിലും കഥാപുസ്തകങ്ങളൊക്കെയുണ്ട്. ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങളെടുത്ത് വായിക്കുന്ന പതിവ് അവര്‍ക്കുണ്ട്. നഗരത്തില്‍ നടക്കുന്ന പുസ്തകോത്സവങ്ങളില്‍ അച്ഛനമ്മമാര്‍ അവരെ കൊണ്ടുപോകുകയും പലതരം പുസ്തകങ്ങള്‍ വാങ്ങി നല്‍കുകയുമൊക്കെ ചെയ്യും. പക്ഷെ ആ കഥകള്‍ക്കൊന്നും മുത്തശ്ശി പറഞ്ഞുകൊടുക്കുമ്പോഴുള്ളത്ര നാട്ടുമധുരമില്ല.
(തുടരും)