”എനിക്കും ആ ദ്വീപില്‍ ജനിച്ചാല്‍ മതിയായിരുന്നു.”
മുത്തശ്ശിയുടെ കഥ കേട്ടുകൊണ്ടിരുന്ന അണ്ണാറക്കണ്ണന്‍ പറഞ്ഞു.
”ഇപ്പോള്‍ത്തന്നെ നിന്നെക്കൊണ്ടൊരു രക്ഷയുമില്ല. ഞങ്ങള്‍ തിന്നാന്‍ കാത്തുവെച്ച മാമ്പഴമൊക്കെ നീ തിന്നുകളയും. ഇപ്പോഴുള്ളതിനേക്കാള്‍ വേഗത്തില്‍ മരം കേറാനാണോ നിനക്ക് ഇഗ്വ ദ്വീപില്‍ പോവേണ്ടത്?”
മാവിന്‍കൊമ്പിലിരുന്ന് കഥ ശ്രദ്ധിക്കുകയായിരുന്ന കാക്കകള്‍ അണ്ണാറക്കണ്ണനെ ശാസിച്ചു.
”അങ്ങനൊന്നുമില്ല. നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതൊന്നുമല്ല ഈ മാവിലെ മാമ്പഴങ്ങള്‍. എനി ക്കും ഇഷ്ടമാണ് മാമ്പഴം. ഇപ്പോള്‍ ത്തന്നെ എത്രയുയരത്തിലുള്ള മരത്തിലും കേറാന്‍ എന്നെക്കൊണ്ട് പറ്റും. ഞങ്ങള്‍ അണ്ണാറക്കണ്ണന്മാര്‍ പണ്ടുമുതലേ നല്ല പരിശ്രമശാലികളാണ്.”
”പിന്നേ, ഒരു പരിശ്രമശാലി വന്നിരിക്കുന്നു.”
”കേട്ടിട്ടില്ലേ അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ല്? ചിരുതേയി മുത്തശ്ശിതന്നെ പണ്ടൊരിക്കല്‍ ആ കഥ പറഞ്ഞിട്ടുണ്ട്. പണ്ട് ശ്രീരാമന്‍ സീതാന്വേഷണത്തിനു പോയപ്പോള്‍ ശ്രീലങ്കയിലേക്ക് രാമസേതു കെട്ടുന്ന വേളയില്‍ ഞങ്ങളുടെ പൂര്‍ വ്വികര്‍ സഹായിച്ചിട്ടുണ്ട്. അവരന്ന് പറ്റുന്നവിധത്തില്‍ മണ്ണ് കൊണ്ടിടാന്‍ പരിശ്രമിച്ചതിന് കിട്ടിയ തലോടലാണ് ഞങ്ങളുടെ പുറത്തുള്ള വെള്ള വരകള്‍.”
”ഊം. കഥ കേട്ടിട്ടുണ്ട്. പക്ഷെ പണ്ടത്തെപ്പോലെയല്ല. ഇപ്പോഴത്തെ അണ്ണാറക്കണ്ണന്മാരൊക്കെ മടിയന്മാരാ. ഞങ്ങള്‍ കാക്കകളാണ് പരിശ്രമശാലികള്‍.”
അണ്ണാറക്കണ്ണനും കാക്കകളും തമ്മില്‍ തര്‍ക്കമായപ്പോള്‍ വലിയ ബഹളമായി. മുത്തശ്ശിയുടെ കഥകേള്‍ക്കാന്‍ പറ്റാത്തത്രയും വലിയ ബഹളം.
”ശ്ശെ. ഈ കാക്കയും അണ്ണാറക്കണ്ണനും കഥ കേള്‍ക്കാന്‍ സമ്മതിക്കില്ല. എന്തൊരു ശല്യമാണ്? എറിഞ്ഞ് ഓടിച്ചിട്ടുതന്നെ കാര്യം.”
ദേഷ്യം വന്ന അപ്പു ചാടിയെഴുന്നേറ്റ് കല്ലെടുത്ത് എറിയാന്‍ തുനിഞ്ഞപ്പോള്‍ ചിരുതേയി മുത്തശ്ശി വിലക്കി.
”വേണ്ട. അവരും നിങ്ങളെപ്പോലെ കഥ കേള്‍ക്കാന്‍ വന്നവരാ. അവിടിരുന്നോട്ടെ.”
”പക്ഷെ അവര്‍ ശബ്ദമുണ്ടാക്കുന്നതു കണ്ടില്ലേ മുത്തശ്ശീ. ഞ ങ്ങള്‍ക്ക് കഥ കേള്‍ക്കാന്‍ പറ്റുന്നില്ല.”
”അവര്‍ കഥകേട്ട് രസിച്ച് ഇഗ്വദ്വീപില്‍ പോകാനായി തര്‍ക്കിക്കുകയാണ്. അല്ലാതെ ബഹളം വെക്കുകയല്ല.”
”എന്നാലുമിങ്ങനെ തര്‍ക്കിച്ചാല്‍ ഞങ്ങള്‍ക്ക് കഥ കേള്‍ക്കാന്‍ പറ്റുമോ?”
”അതൊന്നും സാരമില്ല. നിങ്ങള്‍ ബഹളം വെക്കാറില്ലേ ചിലപ്പോഴൊക്കെ? നമ്മള്‍ മനുഷ്യന്മാരെപ്പോലെ മറ്റ് ജീവികള്‍ക്കും ഇവിടെ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. മനുഷ്യന്മാരുണ്ടാവുന്നതിനും മുമ്പ് ഈ ഭൂമിയിലേക്കു വന്നവരാണ് മറ്റു ജീവികള്‍. ആ ബഹുമാനം നമുക്കുണ്ടാവണം.”
”മനുഷ്യന്മാരെക്കാള്‍ മുമ്പ് ഭൂമിയില്‍ വന്നവരോ? എവിടെനിന്നും വന്നു? നമ്മളെക്കാള്‍ മുമ്പ് ഈ ഭൂമിയിലെ താമസക്കാര്‍ കാക്കകളും അണ്ണാറക്കണ്ണന്മാരുമാണെന്നോ? അപ്പോള്‍ നമ്മളൊക്കെ ഇഗ്വദ്വീപുപോലെ മറ്റേതെങ്കിലും ദ്വീപില്‍ നിന്നാണോ ഭൂമിയില്‍ വന്നത്?”
”എടാ മണ്ടാ, ഇഗ്വദ്വീപും മറ്റു ദ്വീപുകളുമൊക്കെ ഭൂമിയില്‍ത്തന്നെയാണുള്ളത്.”
ആദിമോള്‍ അപ്പുവിനെ കളിയാക്കിയപ്പോള്‍ മുത്തശ്ശി തടഞ്ഞു.
”വേണ്ട. അവന്‍ ചോദിക്കട്ടെ. ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണ് നല്ല കുട്ടികളാവുക. ബുദ്ധിയുള്ള കുട്ടികളുടെ ലക്ഷണമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. അറിയാനുള്ള ആഗ്രഹം കൊണ്ടല്ലേ ചോദിക്കുന്നത്? ഭൂമിയില്‍ മനുഷ്യരും മറ്റു ജീവജാലങ്ങളുമുണ്ടായതെങ്ങനെയാണെന്ന കഥ ഞാന്‍ പിന്നീട് പറഞ്ഞുതരാം.”
”അത് പിന്നെ മതി. ഇപ്പോള്‍ ഇഗ്വദ്വീപിന്റെ കഥ മതി.”
കണ്ണന് കഥ ഇടയ്ക്ക് മുറിഞ്ഞുപോയതിന്റെ ഈര്‍ഷ്യയുണ്ടായിരുന്നു. അവന്‍ കഥ തുടരാനായി മുത്തശ്ശിയെ നിര്‍ബ്ബന്ധിച്ചു. അപ്പോഴേക്കും അണ്ണാറക്കണ്ണനും കാക്കകളും തമ്മിലുള്ള ബഹളം അവസാനിച്ചിരുന്നു. ചിരുതേയി മുത്തശ്ശി കഥ തുടര്‍ന്നു.
”കഠിനാധ്വാനം ചെയ്താല്‍ എന്തെങ്കിലും അസാധ്യമായുണ്ടോ? ഒന്നുമില്ല. അതു തെളിയിക്കുന്നതായിരുന്നു ഇഗ്വദ്വീപിലെ വിദ്യാലയത്തിലെ പരിശീലനം. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ആ പരിശീലനം നീണ്ടു. എല്ലാ പക്ഷികളും പരുന്തുകളെപ്പോലെ ആകാശത്ത് ഉയരത്തില്‍ പറക്കാന്‍ പഠിച്ചു. ജലജീവികള്‍ താറാവിനെപ്പോലെ വളരെ വേഗത്തില്‍ നീന്താന്‍ പഠിച്ചു. പാല്‍ പ്പുഴയിലായിരുന്നു അവരുടെ പരിശീലനമെന്നതിനാല്‍ ഇടയ്ക്ക് പാലുകുടിച്ചുകൊണ്ടായിരുന്നു നീന്തല്‍. അതുകൊണ്ടവര്‍ക്ക് വിശപ്പും ക്ഷീണവും തോന്നിയതേയില്ല.”
പക്ഷെ എല്ലാവരും മികച്ച നേട്ടം കൈവരിച്ചപ്പോഴും നമ്മുടെ ഹരിണന്‍ എന്ന മാന്‍കുട്ടി വിഷാദത്തോടെ ഒരിടത്തൊതുങ്ങി ഇരിക്കുകയായിരുന്നു. എപ്പോഴും മറ്റുള്ളവരുടെ പരിശീലനം നോക്കിക്കാണുകയായിരുന്നു അവന്‍. കടുവമാഷ് പറഞ്ഞതനുസരിച്ച് ആരുമവനെയിപ്പോള്‍ കളിയാക്കാറില്ലായിരുന്നുവെങ്കിലും നടക്കുമ്പോള്‍പ്പോലും ഇടയ്ക്കിടെ വീണുപോകുന്നതുകൊ ണ്ട്് ജാള്യതയായിരുന്നു നടക്കാന്‍. അ വന്‍ മൂകനും ക്ഷീണിതനുമായി മൈ താനത്തിന്റെയൊരു മൂലയ്ക്കിരുന്നു.
”എന്നെയാരും പരിഗണിക്കുന്നേയില്ല. എനിക്കവരെപ്പോലെ ഒരിക്കലും വേഗത്തില്‍ ഓടാനോ നടക്കാന്‍ പോലുമോ പറ്റില്ല. എന്റെ ഒരു കാല് ചെറുതായിപ്പോയതല്ലേ അതിനെല്ലാം കാരണം? എന്റെ വിധിയിതാണ്. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആര്‍ക്കും ശല്യമാകാതെ എവിടെയെങ്കിലും അടങ്ങിയൊതുങ്ങി ഞാന്‍ ജീവിച്ചോളാം. അല്ലെങ്കിലെവിടെയങ്കിലും കിടന്ന് മരിക്കാം.”
ഹരിണന്‍ സ്വയം പറഞ്ഞു. അവന്റെ നിരാശ ആരും ശ്രദ്ധിച്ചതുമില്ല. ആഴ്ചകളും മാസങ്ങളും കടന്നുപോയി.
ഒരു ദിവസം മോര്‍ണിംഗ് അസംബ്ലിയില്‍ കടുവമാഷ് പറഞ്ഞു.
”നമ്മള്‍ പരിശീലനം തുടങ്ങിയിട്ടും പഠിക്കാന്‍ തുടങ്ങിയിട്ടും എത്ര മാസമായെന്നറിയുമോ? പന്ത്രണ്ടു മാസമായി. അതായത് ഒരു വര്‍ഷം. നിങ്ങളുടെയോരോരുത്തരുടെയും പഠനനിലവാരമറിയാന്‍ നമുക്കൊരു പരീക്ഷ വെക്കേണ്ടേ?”
”വേണം.. വേണം.. പരീക്ഷ വേണം..”
എല്ലാവരും ആര്‍ത്തുപറഞ്ഞു.
”എങ്കില്‍ നാളെ നമുക്ക് പരീക്ഷ തുടങ്ങിയാലോ?”
”തുടങ്ങാം. ഞങ്ങള്‍ തയ്യാര്‍.”
”എന്നാല്‍ നാളെയാണ് നമ്മുടെ പരീക്ഷ തുടങ്ങുന്നത്. എങ്ങനെയൊക്കെയാണ് പരീക്ഷയെന്ന് ഞാന്‍ വിശദീകരിക്കാം. എല്ലാവരും ശ്രദ്ധിച്ചു കേള്‍ക്കണം.”
വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകനായ കടുവമാഷ് പരീക്ഷ എങ്ങനെയായിരിക്കുമെന്ന് വിശദീകരിച്ചു. വിദ്യാര്‍ത്ഥികള്‍ ശ്രദ്ധയോടെ ചെവികൂര്‍പ്പിച്ചിരുന്നു കേട്ടു.
(തുടരും)