സിംഹരാജാവിന്റെ നിര്‍ദ്ദേശാനുസരണം വിദ്യാലയം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ആശയം മന്ത്രിസഭയില്‍ അവതരിപ്പിക്കപ്പെട്ടു. ചിത്തന്‍ മുയലിനെ അതിനായി മന്ത്രിസഭയിലേക്ക് വിളിച്ചു വരുത്തി. വിദ്യാലയം കൊണ്ട് എന്താണുദ്ദേശിക്കുന്നതെന്നും എന്തൊക്കെയായിരിക്കും പാഠ്യവിഷയങ്ങളെന്നും അതിനെക്കൊണ്ട് എന്താണ് പ്രയോജനമെന്നുമൊക്കെ ചിത്തന്‍ വിശദീകരിച്ചു. മന്ത്രിസഭയെക്കൊണ്ട് അംഗീകരിപ്പിച്ചതിനു ശേഷം എല്ലാ ജീവജാലങ്ങളുമടങ്ങുന്ന ദ്വീപിലെ പൊതുസഭയായ ഇഗ്വ പൊതുസഭ വിളിച്ചു ചേര്‍ത്ത് വിശദമായ ചര്‍ച്ചകളും നടത്തി. വിദ്യാലയം വരുന്നുവെന്നു കേട്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. കുരങ്ങന്മാര്‍ ചാടിമറിഞ്ഞു. ഉറുമ്പുകള്‍ നിരയിട്ട് ജാഥ നടത്തി. മയിലുകള്‍ പീലിനിവര്‍ത്തി നൃത്തമാടി. ആകാശം പോലും ആനന്ദത്താല്‍ ചുവന്നുതുടുത്തു. വിദ്യാലയം ആരംഭിക്കുകയെന്ന ആശയത്തിന് അങ്ങനെ അംഗീകാരമായി.
വിദ്യാലയം എവിടെ സ്ഥാപിക്കണമെന്നായിരുന്നു അടുത്ത ചര്‍ച്ച. സിംഹരാജാവിന്റെ കൊട്ടാരത്തിനു മുന്നില്‍ പാല്‍പ്പുഴയുടെ തീരത്ത്, രത്‌നങ്ങള്‍ വിളഞ്ഞു നില്ക്കുന്ന ചെടികളുള്ള പൂന്തോട്ടത്തിനരികിലായി വിദ്യാലയം സ്ഥാപിക്കാമെന്ന് തീരുമാനമായി. ഒരു വിദ്യാലയമാകുമ്പോള്‍ കെട്ടിടം വേണമല്ലോ. ഇത്രയധികം മൃഗങ്ങളെയും പക്ഷികളെയും ഉരഗങ്ങളെയുമെല്ലാം ഉള്‍ക്കൊള്ളേ ണ്ടിവരില്ലേ? കെട്ടിടനിര്‍മ്മാണത്തെ കുറിച്ച് വിശദമായ ചര്‍ച്ച നടന്നു.
”കെട്ടിടനിര്‍മ്മാണത്തിനായി ആരൊക്കെ എന്തൊക്കെ കൊണ്ടുവരും?”
സിംഹരാജാവിന്റെ ചോദ്യത്തിനു നല്ല പ്രതികരണമായിരുന്നു ലഭിച്ചത്.
”ഞങ്ങള്‍ മരത്തടികള്‍ കൊണ്ടുവരാം.”
”ഞങ്ങള്‍ മുളകള്‍ വെട്ടിക്കൊണ്ടുവരാം.”
”ഞങ്ങള്‍ പനയോലകള്‍ കൊണ്ടുവരാം.”
”കെട്ടാനുള്ള നാരുകള്‍ ഞങ്ങള്‍ കൊണ്ടുവരാം.”
ആനകളും കരടികളും കുരങ്ങന്മാരും അണ്ണാറക്കണ്ണന്മാരും മത്സരിച്ചു പറഞ്ഞു. മറ്റ് മൃഗങ്ങളും പക്ഷികളുമൊക്കെ അവരവര്‍ക്ക് സാധിക്കുന്ന കാര്യങ്ങള്‍ കൊണ്ടുവരാമെന്ന് ഉറപ്പുകൊടുത്തു. അടുത്ത ദൗത്യം കെട്ടിടം എങ്ങനെ നിര്‍മ്മിക്കുമെന്നതായിരുന്നു. കെട്ടിട നിര്‍മ്മാണത്തില്‍ വൈദഗ്ധ്യമുള്ള ആരൊക്കെയുണ്ടെന്ന് സിംഹരാജാവ് ചോദിക്കേണ്ട താമസം,
”അടിത്തറ ഞാന്‍ പണിയാം.”
”തൂണ്‍ ഞാന്‍ കുഴിച്ചിടാം.”
”കഴുക്കോല്‍ ഞാന്‍ വെച്ചുകെട്ടാം.”
”ഉത്തരം ഞാന്‍ വെച്ചുകെട്ടാം.”
”മേല്‍ക്കൂര ഞാന്‍ ഉറപ്പിക്കാം.”
”പനയോല ഞാന്‍ മേയാം.”
ഓരോരുത്തരും മത്സരിച്ചു പറഞ്ഞു. അരയന്ന രാജ്ഞിയുടെ സമ്മതം കിട്ടേണ്ടതേയുണ്ടായിരുന്നുള്ളൂ. ഓരോരുത്തരും അവരവര്‍ക്കു പറ്റുന്ന പണികള്‍ ഏറ്റെടുത്ത് നാലുപാടും ഓടി. മുളവെട്ടാനും ഓലവെട്ടാനുമൊക്കെ എന്തൊരാവേശമായിരുന്നെന്നോ? ഇളം മുളന്തണ്ടുകള്‍ കരിമ്പുപോലെ കടിച്ചുതിന്നാനും അതിനിടയില്‍ ആനകള്‍ മറന്നില്ല. രണ്ടു ദിവസങ്ങള്‍ക്കകം ജോലികള്‍ അവസാനിച്ചു.
”ഹൊ! വിദ്യാലയത്തിന്റെ കെട്ടിടം പണിതുകഴിഞ്ഞല്ലോ. ഇനിയെപ്പൊഴാ പഠനം തുടങ്ങുക?”
കടുവ മന്ത്രി ചോദിച്ചു.
”കെട്ടിടം നിര്‍മ്മിക്കുന്നതുപോലെ അത്രയെളുപ്പമല്ല പഠനം തുടങ്ങുന്നത്. പഠിപ്പിക്കേണ്ടതെന്തൊക്കെയെന്ന് തീരുമാനിക്കുകയും പഠിപ്പിക്കാനാവശ്യമായ അദ്ധ്യാപകരെ കണ്ടെത്തുകയുമൊക്കെ വേണം. ദിവസങ്ങള്‍ വേണ്ടിവരും.”
സിംഹരാജാവ് പറഞ്ഞു. പക്ഷെ, ചിത്തന്‍ മുയല്‍ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് അരയന്ന രാജ്ഞി എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞിരുന്നു. അതിനായവര്‍ പലപ്രാവശ്യം കൊട്ടാരത്തില്‍ യോഗം ചേര്‍ന്നിരുന്നു. ചിത്തന്‍ മുയലിന് രാജകീയ സൗകര്യങ്ങളാണ് ലഭിച്ചത്. ദ്വീപില്‍ പുതിയ പരിവര്‍ത്തനം കൊണ്ടുവരുന്നതിനായി പുതിയൊരു ആശയമവതരിപ്പിച്ച മിടുക്കനല്ലേ. കൊട്ടാരത്തിലെ പരിചാരകരും ജോലിക്കാരുമൊക്കെ ചിത്തന്‍ മുയലിനെ ആദരവോടെ പരിചരിച്ചു.
”നമുക്ക് പുതിയ വിദ്യാഭ്യാസ പദ്ധതി അവതരിപ്പിക്കും മുമ്പ് മറ്റ് പലയിടങ്ങളിലും നിലവിലുള്ള വിദ്യാഭ്യാസ രീതികളെക്കുറിച്ച് മനസ്സിലാക്കണം. അവയുടെ മേന്മകളും പോരായ്മകളും മനസ്സിലാക്കണം. ലോകത്ത് പലയിടങ്ങളില്‍ പലതരത്തിലുള്ള വിദ്യാഭ്യാസ രീതികളുണ്ട്.”
”അതിനിപ്പോഴെന്താണ് ചെയ്യുക?”
”അവിടങ്ങളിലൊക്കെ സന്ദര്‍ശിക്കണം.”
”പുറം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ? നമ്മുടെ ദ്വീപിനെ സംബന്ധിച്ച് ഒരിക്കലും നടപ്പിലില്ലാത്ത കാര്യമാണത്. ഒരിക്കലും ലംഘിച്ചുകൂടാത്തൊരു അലിഖിത നിയമമുണ്ടിവിടെ. ചിത്തന്‍ മുയലിന് അതറിയില്ലേ?”
”അതെ. എനിക്കറിയാം. ദ്വീപ് നിവാസികള്‍ ഇഗ്വ ദ്വീപ് വിട്ട് പുറത്തേക്ക് പോയിക്കൂടെന്ന ആചാരമല്ലേ?”
”അതെ. അത് ലംഘിച്ചാല്‍ ദ്വീപുവാസികളുടെ നാളുകളായി തുടരുന്ന വിശ്വാസം വ്രണപ്പെടാന്‍ കാരണമാകും. അതു വമ്പിച്ച പ്രത്യാഘാതങ്ങളുണ്ടാക്കും. ഈ ദ്വീപില്‍ മാത്രമേയുള്ളൂവെന്ന് നമ്മള്‍ വിശ്വസിക്കുന്ന പ്രത്യേകതകളാണ് തേനൊഴുകുന്ന അരുവികളും പാലൊഴുകുന്ന പുഴകളും ശര്‍ക്കരപ്പാറകളും കല്‍ക്കണ്ടക്കുന്നുകളും ചെടികളില്‍ കായ്ക്കുന്ന രത്‌നങ്ങളും ജീവികളുടെ ആരും കൊതിക്കുന്ന സൗന്ദര്യവുമൊക്കെ. ദ്വീപിന്റെ നിയമം ലംഘിച്ചാല്‍ അതൊക്കെയില്ലാതെയാവുമെന്നാണ് വിശ്വാസം.”
”അതും ശരിയാണ്. ദ്വീപു നിവാസികള്‍ അറിയാതെ വേണം ചെയ്യാന്‍. അതിന്റെ കാര്യങ്ങളൊക്കെ എനിക്കു വിട്ടേക്കൂ. ഉചിതമായത് ഞാന്‍ ചെയ്തുകൊള്ളാം. ദ്വീപിലെ നിയമങ്ങളെഴുതി സൂക്ഷിച്ചിരിക്കുന്ന രഹസ്യ പുസ്തകമില്ലേ? അതെനിക്കൊന്നു കാണിച്ചു തരാമോ?”
ചിത്തന്‍ മുയലിന്റെ ആവശ്യത്തിനു മുന്നില്‍ സിംഹരാജാവൊന്നു പകച്ചു. രാജതലമുറയ്ക്കല്ലാതെ മറ്റാര്‍ക്കും കാണാന്‍ പാടില്ലാത്തതാണ് നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന രഹസ്യ നിയമപുസ്തകം. അതെങ്ങനെ ചിത്തന്‍ മുയലിന് കാണിച്ചു കൊടുക്കും?
”ദ്വീപിലൊരു പരിവര്‍ത്തനം വരുത്താന്‍ വേണ്ടിയല്ലേ? തുടര്‍ന്നുവരുന്ന പല ആചാരങ്ങളും ലംഘിക്കേണ്ടി വരും. രഹസ്യപുസ്തകം ചിത്തന് കാണിക്കുന്നതില്‍ തെറ്റുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ദ്വീപിന്റെ പ്രത്യേകതകള്‍ക്ക് ദോഷം വരാതെയെങ്ങനെ പുറം രാജ്യത്തുപോയി വിദ്യാഭ്യാസ രഹസ്യങ്ങള്‍ മനസ്സിലാക്കുമെന്ന് ചിലപ്പോള്‍ നിയമപുസ്തകത്തിലുണ്ടാകും.”
അരയന്ന രാജ്ഞി കൂടെ നിര്‍ബ്ബന്ധിച്ചപ്പോള്‍ സിംഹരാജാവ് നിലവറയില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന രഹസ്യനിയമപുസ്തകമെടുത്ത് മുയലിന് കാണിച്ചു കൊടുത്തു. അവനത് വിശദമായി വായിച്ചു.
”ആഹ! അതാണു കാര്യം. എല്ലാറ്റിനും വഴിയുണ്ടല്ലോ. എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്തുകൊള്ളാം. എനിക്ക് ദ്വീപിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായ ചക്കിപ്പരുന്തിന്റെ സഹായം കിട്ടിയാല്‍ മാത്രം മതി.”
ചിത്തന്‍ മുയലിന്റെ ആവശ്യത്തെ രാജാവും, രാജ്ഞിയും പരിഗണിച്ചു. ചക്കിപ്പരുന്തിന്റെ സഹായത്തോടെ പലനാടുകള്‍ സന്ദര്‍ശിച്ച് പലരുമായി ചര്‍ച്ചചെയ്ത് അത്യാവശ്യഘട്ടങ്ങളില്‍ ഉന്നതതലയോഗങ്ങള്‍ ചേര്‍ന്ന് ചിത്തന്‍ മുയല്‍ പുതിയൊരു വിദ്യാഭ്യാസ പദ്ധതി ദ്വീപിനായി ആവിഷ്‌കരിച്ച്, രാജാവിനു മുന്നില്‍ സമര്‍പ്പിച്ചു. രാജാവ് അതുകണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി.
”ഇത്ര മിടുക്കനായിരുന്നോ ചിത്തന്‍ മുയല്‍?”
”ദ്വീപിലെ എല്ലാ ജീവികളെയും പരിഗണിക്കുന്ന ഇത്രയും സമഗ്രമായ വിദ്യാഭ്യാസപദ്ധതി വേറെവിടെയാണുണ്ടാവുക? അഭിമാനം കൊണ്ട് ഉയര്‍ന്ന ശിരസ്സോടെ രാജാവ് ചിത്തന്റെ പുറത്തുതട്ടി അഭിനന്ദിച്ചു.”
”നിനക്ക് ഇതിന് തക്കതായ സമ്മാനം ഞാന്‍ തരുന്നതാണ്. വിദ്യാലയം ആരംഭിച്ച് അതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വെച്ചുതന്നെ അത് ഞാന്‍ നല്‍കും.”
ചിത്തന്‍ മുയല്‍ സന്തോഷത്തോടെ സ്വന്തം മാളത്തിലേക്ക് പോയി. എന്തായിരിക്കും രാജാവ് തരാന്‍ പോകുന്ന സമ്മാനം? അന്ന് രാത്രിമുഴുവന്‍ അവനത് ആലോചിച്ചുകിടന്നു.
(തുടരും)