അങ്ങനെ ഇഗ്വദ്വീപില്‍ പരീക്ഷാദിനം വന്നു. ദ്വീപുവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ മൃഗങ്ങളും പക്ഷികളുമെല്ലാം പരീക്ഷയ്ക്ക് തയ്യാറായി.
“അതെങ്ങനെയാണിപ്പോ പരീക്ഷ?”
“ചോദ്യപ്പേപ്പറും ഉത്തരക്കടലാസുമൊക്കെ കാണുമോ?”
“കടലാസില്ലാതെ പിന്നെങ്ങനെയാടീ പരീക്ഷയെഴുതുന്നേ?”
സ്‌കൂളില്‍ കമ്പ്യൂട്ടറില്‍ പരീക്ഷ നടത്താറുള്ളത് ഓര്‍മ്മ വന്നപ്പോള്‍ ആദി ചോദിച്ചു.
“കടലാസില്ലാതെയും പരീക്ഷയെഴുതാല്ലോ. കമ്പ്യൂട്ടര്‍ പരീക്ഷയില്ലേ?”
“അതിന് ദ്വീപില്‍ എവിടെയാ കമ്പ്യൂട്ടര്‍?”
മുത്തശ്ശി ദ്വീപിലെ പരീക്ഷയെപ്പറ്റി പറഞ്ഞപ്പോള്‍ കുട്ടികള്‍ക്കിടയില്‍ ചര്‍ച്ചയായി. അവര്‍ ഇതുവരെ കണ്ട പരീക്ഷകള്‍ എഴുത്തുപരീക്ഷകള്‍ മാത്രമാണല്ലോ.
“നിങ്ങളൊക്കെ പരീക്ഷയെഴുതാറില്ലേ?
സ്‌കൂളില്‍ പരീക്ഷയുണ്ടാവാറില്ലേ?”
ചിരുതേയി മുത്തശ്ശി ചോദിച്ചു.
“പിന്നില്ലാതെ? എപ്പോഴും പരീക്ഷയാ സ്‌കൂളില്‍. മിഡ് ടേമും ടേമും ഒക്കെയായി പരീക്ഷയോടുപരീക്ഷ. കഥ പറയാനും കളിക്കാനുംപോലും സമയമില്ല. ലൈബ്രറിയില്‍പ്പോയി എപ്പോഴെങ്കിലും പുസ്തകങ്ങളെടുത്ത് കഥ വായിക്കാന്‍ തുടങ്ങിയാല്‍ അമ്മയപ്പോള്‍പ്പറയും പോയിരുന്ന് പഠിക്കാന്‍. ഈ പരീക്ഷയെപ്പേടിച്ചിട്ട് ഉണ്ണാനും ഉറങ്ങാനും പറ്റാണ്ടായി.”
“ഹൊ! സ്‌കൂളില്‍ പോയാല്‍ പരീക്ഷയൊക്കെ എഴുതേണ്ടിവരും ല്ലേ? എന്തോ പേടിക്കേണ്ട സംഗതിയാണ് പരീക്ഷ. കണ്ടില്ലേ പിള്ളേര് ചൂളുന്നത്?”
മരത്തിലിരുന്ന് കഥ കേള്‍ക്കുന്ന കാക്കകളും അണ്ണാറക്കണ്ണന്മാരും കുശുകുശുത്തു.
“അപ്പോള്‍ നിങ്ങള്‍ക്ക് പരീക്ഷയെ പേടിയാണല്ലേ? അങ്ങനെ പേടിച്ചാല്‍ പറ്റുമോ? മിടുക്കുള്ള കുട്ടികള്‍ നല്ല മാര്‍ക്കുവാങ്ങി ജയിക്കേണ്ടേ?”
“ജയിക്കാറുണ്ട്. ജയിക്കാറുണ്ട്. എനിക്കാണ് ക്ലാസ്സില്‍ ഒന്നാം സ്ഥാനം കിട്ടാറ്.”
“എനിക്കും കിട്ടാറുണ്ട്.”
“എനിക്കും കിട്ടാറുണ്ട്.”
“ഊം.. ശരി.. ശരി..”
കണ്ണനും ആദിയും അപ്പുവും മത്സരിച്ചു പറഞ്ഞപ്പോള്‍ മുത്തശ്ശി ശരിവെച്ചു.
“നിങ്ങള്‍ മിടുമിടുക്കന്മാരും മിടുക്കികളുമല്ലേ. അപ്പോള്‍ നിങ്ങള്‍ക്കല്ലാതെ വേറെയാര്‍ക്കാ ഒന്നാം സ്ഥാനം കിട്ടുക? പക്ഷെ നിങ്ങളുടെ പരീക്ഷ എങ്ങനെയായിരിക്കും?”
“ഈ മുത്തശ്ശിക്ക് ഒന്നുമറിയില്ല. പരീക്ഷ എങ്ങനെയാണെന്നോ? അതുമറിയില്ലേ? പരീക്ഷയ്ക്ക് ചോദ്യപ്പേപ്പറുകള്‍ കിട്ടും. ഉത്തരക്കടലാസില്‍ അതിന്റെ ഉത്തരങ്ങള്‍ ഞങ്ങളെഴുതും. അതുമല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം അടയാളപ്പെടുത്തും. അതല്ലേ പരീക്ഷ? പിന്നീട് ടീച്ചര്‍ മാര്‍ക്കിട്ടുതരും. ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന കുട്ടിയാണ് പരീക്ഷയില്‍ ഒന്നാമന്‍. മുത്തശ്ശി സ്‌കൂളിലൊന്നും പോയിട്ടുണ്ടാവില്ലല്ലേ. അതുകൊണ്ടാണ് അറിയാത്തത്.”
“സത്യമാ. ഞാന്‍ സ്‌കൂളിലൊ ന്നും പോയിട്ടില്ല. എന്റെ കുട്ടിക്കാലത്ത് ഇന്നത്തേതുപോലെ സ്‌കൂ ളൊന്നും ഉണ്ടായിരുന്നില്ല. എഴുത്താശാന്റെ വീട്ടിലെ കുടിപ്പള്ളിക്കൂടത്തിലാ ഞാന്‍ പഠിച്ചത്. അതും നിലത്ത് വിരിച്ച മണലില്‍ എഴുതിക്കൊണ്ട്. ഹൗ! ഇപ്പോഴും ഓര്‍ ക്കാന്‍ വയ്യ. എന്തൊരു വേദനയായിരുന്നു എഴുതുമ്പോള്‍! മണലിലെഴുതുമ്പോള്‍ വിരലിന്റെ തൊലിപോയി ചോരവരും. എന്നാലും എഴുത്തു നിര്‍ത്താന്‍ ആശാന്‍ സമ്മതിക്കില്ല. ഹാ! അതൊക്കെയൊരു കാലം.”
മുത്തശ്ശി ഓര്‍മ്മയിലേക്ക് മനസ്സുകൊടുത്ത് മുകളിലേക്കെങ്ങോ ദൃഷ്ടി പായിച്ച് പറഞ്ഞപ്പോള്‍ കുട്ടികള്‍ ആകാംക്ഷയോടെ കേട്ടിരുന്നു. കുടിപ്പള്ളിക്കൂടമോ? അതെന്ത് പള്ളിക്കൂടമാ? മുത്തശ്ശി കുട്ടിയായിരുന്നപ്പോള്‍ ഇഗ്വദ്വീപിലെപ്പോലെയുള്ള സ്‌കൂളിലായിരിക്കും പഠിച്ചത്. അതുകൊണ്ടായിരിക്കും മണലില്‍ എഴുത്തെന്നൊക്കെ പറയുന്നത്. അങ്ങനെയുള്ള സ്‌കൂളില്‍ പഠിച്ചതുകൊണ്ടാവും മുത്തശ്ശിക്ക് ഇത്ര യും കഥകളും കാര്യങ്ങളുമൊക്കെ അറിയാവുന്നത്. മുത്തശ്ശിക്കറിയാത്ത കാര്യങ്ങളെന്തെങ്കിലും ഈ ലോകത്തുണ്ടോ? സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കൊന്നും ഇത്രയൊന്നുമറിയില്ല. കുട്ടികളുടെ ചിന്ത ഈ വഴിക്കായിരുന്നു. മുത്തശ്ശി സ്വന്തം കുട്ടിക്കാലം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
“അന്നും പരീക്ഷയുണ്ടായിരുന്നു. മണലിലായിരുന്നു പരീക്ഷയെഴുതേണ്ടത്. കൈക്ക് വയ്യാതിരുന്നതിനാല്‍ എനിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല. ഞാന്‍ തോറ്റുപോവുകയും ചെയ്തു.”
മുത്തശ്ശി സങ്കടത്തോടെ പറഞ്ഞപ്പോള്‍ ആദിമോളുടെ കണ്ണുകള്‍ നിറഞ്ഞു. അവളിപ്പോള്‍ കരയുമെന്ന മട്ടായി. കണ്ണനവളെ ചേര്‍ത്തു പിടിച്ചു. അവനും സങ്കടം വരുന്നുണ്ടായിരുന്നു.
(തുടരും)