- ജയ് ഹിന്ദ്
- അമ്മയുടെ വിയോഗം (ചരിത്ര നോവല്‍ ജയ് ഹിന്ദ്-2)
- മലബാര്‍ ക്ലോത്ത് ഹൗസ് (ചരിത്രനോവല്‍ ജയ് ഹിന്ദ് 3)
- നേതാജിയുടെ ഗൃഹത്തിലേക്ക്(ചരിത്ര നോവല്‍ ജയ് ഹിന്ദ് 10 )
- ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് (ചരിത്ര നോവല്‍ ജയ് ഹിന്ദ് -4)
- ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരണം (ചരിത്ര നോവല്‍ ജയ് ഹിന്ദ് -5)
- സുഭാഷ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് (ചരിത്ര നോവല്‍ ജയ് ഹിന്ദ്-6)
നീലഗഞ്ചന്‍ ക്യാമ്പിലെ തടവുകാരെ ഒരു അനുഷ്ഠാനമെന്നപോലെ കടല്‍ക്കരയിലേക്കു കൊണ്ടുപോയി ചോദ്യം ചെയ്യുന്നതെന്തിനാണെന്ന് ശങ്കുണ്ണിക്കു മനസ്സിലായില്ല. ചോദ്യം ചെയ്യലല്ല, ഭേദ്യം ചെയ്യല്‍. മറ്റു തടവുകേന്ദ്രങ്ങളിലും ഇതാണോ അവസ്ഥ? അറിയില്ല.
ഇംഫാല്‍ ഫ്രണ്ടില്‍ ബ്രിട്ടീഷ്ആര്‍മ്മിക്ക് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയത് മൂവര്‍സംഘമുള്‍പ്പെട്ട റെജിമെന്റായിരുന്നു. ആ റെജിമെന്റിലെ ഓഫീസര്‍മാരേയും ഭടന്മാരേയും വളഞ്ഞുപിടിച്ച് താല്‍ക്കാലിക ക്യാമ്പുകളില്‍ അടച്ചിടുകയും പീഡിപ്പിക്കുകയുമായിരിക്കണം ബ്രിട്ടീഷ് ആര്‍മ്മിക്കാരുടെ തന്ത്രം. റെജിമെന്റിന്റെ കമാണ്ടറായ തലശ്ശേരിക്കാരന്‍ നെല്ലിക്ക അച്യുതനും മറ്റേതോ ക്യാമ്പില്‍ ഏകാന്ത തടവില്‍ കിടക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തു വിലപ്പെട്ട വിവരങ്ങളാണ് എന്നെപ്പോലെയും നായരെപ്പോലെയും കുട്ടനെപ്പോലെയുമുള്ള സാദാ പട്ടാളക്കാരില്‍ നിന്ന് ബ്രിട്ടീഷ് ആര്‍മ്മിക്ക് ശേഖരിക്കാനാവുക. പ്രതികാരം. അതുമാത്രമായിരിക്കണം ലക്ഷ്യം.
തങ്ങള്‍ക്കിനിയെന്തു സംഭവിക്കാന്‍ പോകുന്നു എന്ന് ഊഹിക്കാന്‍പോലും മൂവര്‍സംഘത്തിനായില്ല. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ട് അമേരിക്ക ജപ്പാന്റെ നട്ടെല്ലൊടിച്ചുകഴിഞ്ഞു. അജയ്യനെന്ന് ലോകം പാടിപ്പുകഴ്ത്തിയ ജപ്പാനിലെ ഹിരോഹിതോ ചക്രവര്‍ത്തി യുദ്ധം അവസാനിപ്പിക്കാനും കീഴടങ്ങാനും സൈന്യത്തോടു കല്‍പ്പിച്ചിരിക്കുന്നു!
ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മി ബര്‍മ്മയുടെ അതിര്‍ത്തി കടന്ന ആ വേളയിലാണ് യൂറോപ്പില്‍ ബ്രിട്ടന്‍ അമേരിക്കയുടെ സഹായത്തോടെ ജര്‍മ്മനിയെ ഫ്രാന്‍സിന്റെ മണ്ണില്‍നിന്ന് തുരത്തിയോടിച്ചതും കിഴക്കനതിര്‍ത്തിയില്‍ റഷ്യന്‍കരടിയുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ ജര്‍മ്മനിയുടെ എല്ലുനുറുങ്ങിപ്പോയതും ഇറ്റലിയുടെ മുസ്സോളിനിയെ സ്വന്തം പ്രജകള്‍ കൊന്നു കെട്ടിത്തൂക്കിയതും.
ആവശ്യമായ വെടിക്കോപ്പുകളും കവചിത വാഹനങ്ങളും മിസൈലുകളും വിമാനവേധത്തോക്കുകളും, വേണ്ടിവന്നാല്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മിക്കു സപ്ലൈ ചെയ്യാമെന്നായിരുന്നു ജപ്പാന്‍ നേതാജിക്ക് ഉറപ്പുകൊടുത്തത്.
സഹായം സൗജന്യമായിരുന്നില്ല. ഓരോ വെടിയുണ്ടയ്ക്കും റൊക്കം പണം കൊടുത്തു വാങ്ങുന്നതായിരുന്നു നേതാജിയുടെ രീതി എന്ന് കേട്ടിട്ടുണ്ട്. അതിനു വേണ്ടിവരുന്ന ധനം സിംഗപ്പൂരും മലയായിലും ബര്‍മ്മയിലും ഇന്ത്യയിലുമുള്ള സന്മനസ്സുള്ളവരും രാജ്യസ്‌നേഹികളുമായ ഇന്ത്യക്കാരില്‍നിന്ന് ഐഎന്‍എ സംഭരിച്ചുകഴിഞ്ഞിരിക്കുന്നു.
എണ്‍പതിനായിരം വരുന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മിയില്‍ നാല്‍പ്പതിനായിരവും ബ്രിട്ടീഷിന്ത്യന്‍ ആര്‍മ്മിയില്‍ സേവനമനുഷ്ഠിച്ചവരാണ്. അത്രയും പട്ടാളക്കാരെ ജപ്പാന്‍സൈന്യത്തിനു കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ച് ഇംഗ്ലീഷുകാരായ ഓഫീസര്‍മാര്‍ ഇംഗ്ലണ്ടിലേക്കു രക്ഷപ്പെട്ടു. അവര്‍ ജപ്പാന്‍ സൈന്യത്തിന്റെ കൊടിയ പീഡനമേറ്റ് ജീവന്‍വെടിയേണ്ടവരായിരുന്നു. റാഷ്്ബിഹാരിബോസെന്ന വലിയ മനുഷ്യന്റെ സമയോചിതമായ ഇടപെടലാണ് അവര്‍ക്കു രക്ഷയായത്.
നന്ദികേടാണ് ബ്രിട്ടീഷ് ആര്‍മ്മിയിലെ ഇംഗ്ലീഷുകാരായ ആപ്പീസര്‍മാര്‍ കാണിച്ചത്. രണ്ടു മഹായുദ്ധങ്ങളിലും ബ്രിട്ടീഷ് ആര്‍മ്മിയുടെ ശക്തി ഇന്ത്യക്കാരായ പട്ടാളക്കാരായിരുന്നു. ഇത്രയും കരുത്തും അച്ചടക്കവുമുള്ള പട്ടാളം വേറെയില്ലെന്ന് അമേരിക്കപോലും അസൂയപ്പെട്ടിരുന്നു എന്ന് ശങ്കുണ്ണി കേട്ടിട്ടുണ്ട്. ആപദ്ഘട്ടത്തില്‍ അവര്‍ക്കു രക്ഷകരാകേണ്ടതിനുപകരം അവരെ ശത്രുവിന്റെ കാരുണ്യത്തിനു വിട്ടുകൊടുത്തത് പൊറുക്കാന്‍ വയ്യാത്ത തെറ്റായിപ്പോയി.
അച്ചടക്കം ശീലിച്ച പട്ടാളക്കാര്‍ അന്ന് ബ്രിട്ടനുവേണ്ടി മെയ്മറന്നു പോരാടി. ഇന്നവര്‍ ഐഎന്‍എക്കുവേണ്ടി തോക്കെടുത്തു. ശമ്പളത്തിനുവേണ്ടിയല്ല, മാതൃഭൂമിയുടെ മോചനത്തിനുവേണ്ടിയാണ് അവര്‍ യുദ്ധം ചെയ്യുന്നതെന്ന വ്യത്യാസവുമുണ്ട്.
നീലഗഞ്ചന്‍ക്യാമ്പില്‍ തടവുകാര്‍ക്കു കാവല്‍നില്‍ക്കുന്ന പട്ടാളക്കാരുടെ ഉള്ളില്‍ അമര്‍ഷം പുകയുന്നുണ്ടെന്ന് ശങ്കുണ്ണിക്ക് ഉള്‍വിളിയുണ്ടായി. എങ്കിലെന്തിനാണിവര്‍ അവരുടെതന്നെ സഹോദരങ്ങളെ കടല്‍ക്കരയില്‍ കൊണ്ടുപോയി ഭേദ്യം ചെയ്യുന്നത്? മുകളില്‍നിന്നുള്ള ഓര്‍ഡറുകള്‍ അനുസരിച്ചുമാത്രമാണല്ലോ അവര്‍ക്കു ശീലം.
ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് പിന്നീട് നേതാജിയുടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മിയില്‍ ലയിപ്പിച്ചു. നാല്‍പ്പതിനായിരത്തിലധികം സിവിലിയന്മാരും ഐഎന്‍എയില്‍ ചേര്‍ന്നു. അവരുടെ അതുവരെ നേടിയ സമ്പാദ്യമത്രയും സേനയ്ക്കു സമര്‍പ്പിച്ചു. സിവിലിയന്മാരായ പുതുക്കക്കാര്‍ക്ക് ട്രെയിനിങ്ങ് കൊടുക്കാന്‍ തടവില്‍നിന്നു മോചനം കിട്ടിയ പരിചയസമ്പന്നരായ പട്ടാളക്കാരുണ്ടല്ലൊ.
സിവിലിയന്മാരില്‍ കുറെപ്പേര്‍ സിംഗപ്പൂരില്‍നിന്ന് റിക്രൂട്ടു ചെയ്യപ്പെട്ടപ്പോള്‍ ശങ്കുണ്ണിയേയും നായരേയും കുട്ടനേയുംപോലുള്ളവര്‍ ബര്‍മ്മയില്‍നിന്നാണ് ഐഎന്‍എയില്‍ ചേര്‍ന്നത്.
***** ***** *****
മുറിച്ചിട്ടാല്‍ മുറികൂടുന്ന ഇനമാണ് കുട്ടികൃഷ്ണന്‍നായര്‍. കുറഞ്ഞ ദിവസംകൊണ്ട് നായര്‍ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. കുട്ടന്റെ പുറംവേദന ശമിച്ചിട്ടുണ്ട്. ശങ്കുണ്ണിയുടെ കൈപ്പത്തികളില്‍ ബയണറ്റേല്‍പ്പിച്ച മുറിവുകള്‍ കരിഞ്ഞുതുടങ്ങി. കൈപ്പടം മടക്കുമ്പോഴും നിവര്‍ത്തുമ്പോഴും ആഹാരം കഴിക്കുമ്പോഴും ചെറിയ നീറ്റലനുഭവപ്പെടുന്നുണ്ട്. സാരമില്ല.
ക്യാമ്പോഫീസിന്റെ തകരച്ചുവരില്‍ തൂങ്ങുന്ന കലണ്ടറില്‍ നോക്കിയാണ് തടവുകാര്‍ മാസവും തീയതിയും തിരിച്ചറിയുന്നത്.
സൂര്യന്‍ കിഴക്കുദിക്കുന്നു, പടിഞ്ഞാറസ്തമിക്കുന്നു. ഇരുട്ട് തുരുത്തിനെ കരിമ്പടം പുതപ്പിക്കുന്നു. ചില ദിവസങ്ങളില്‍ വിളറിയ ചിരിയുമായി ചന്ദ്രന്‍ മാനത്തു പ്രത്യക്ഷപ്പെടുന്നു.
ഡിസംബര്‍ 17-ാം തീയതി. രാവിലത്തെ ഭക്ഷണം കഴിഞ്ഞ് തടവുകാരെ ക്യാമ്പിനുപുറത്തേക്ക് വയലില്‍ പണിയെടുക്കാന്‍ കാവല്‍ക്കാര്‍ ആട്ടിത്തെളിച്ചു കൊണ്ടുപോകാനൊരുങ്ങുമ്പോഴാണ് മെഗാഫോണില്‍ അറിയിപ്പുവന്നുതുടങ്ങിയത്.
‘എല്ലാവരും ഗ്രൗണ്ടില്‍ ഹാജരാകുക.’
ക്യാമ്പിന്റെ കമാണ്ടറായ മേജര്‍ സുബ്ബറാവു മേശയും കസേരയുമിട്ട് മാന്യസ്ഥാനത്ത് ഉപവിഷ്ടനായി. കുറച്ചപ്പുറം മാറി രണ്ട് എന്‍സിഓമാരും മേശയിട്ട് ഇരിപ്പുറപ്പിച്ചു. ചുരുക്കം വാക്കുകളില്‍ മേജര്‍ ഇത്രയും പറഞ്ഞൊപ്പിച്ചു: ‘നിങ്ങളെല്ലാവരും മാപ്പര്‍ഹിക്കാത്ത തെറ്റാണ് രാജ്യത്തോടു ചെയ്തിരിക്കുന്നതെങ്കിലും കാരുണ്യവതിയായ എലിസബത്ത് രാജ്ഞിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം നിങ്ങളെ തടവില്‍നിന്നു മോചിപ്പിക്കാനും സ്വന്തം നാടുകളിലേക്കു മടങ്ങാന്‍ റെയില്‍വേ വാറണ്ട് അനുവദിക്കാനും നാട്ടിലെത്താനാവശ്യമായ ചിലവിലേക്ക് ഒരു തുക റേഷന്‍മണിയായി തന്നുവിടാനും ഇന്ത്യാഗവര്‍മ്മെണ്ട് നിശ്ചയിച്ചിരിക്കുന്നു. നല്ല നടപ്പിനു ശിക്ഷിച്ചുകൊണ്ടാണ് നിങ്ങളെ ക്യാമ്പില്‍നിന്ന് സ്വതന്ത്രരാക്കുന്നത്. മേലില്‍ നിങ്ങള്‍ ഇത്തരത്തിലുള്ള ഗൂഢാലോചനകളിലും ക്രിമിനല്‍ പ്രവൃത്തികളിലും ഏര്‍പ്പെടുകയാണെങ്കില്‍ തൂക്കു കയറായിരിക്കും നിങ്ങള്‍ക്കുവേണ്ടി ഒരുക്കിവെക്കുന്നത്. ജാഗ്രത!’
കരിവണ്ടിന്റെ മൂളക്കംപോലെ താഴ്ന്ന ശബ്ദത്തിലൊരു മര്‍മ്മരം തടവുകാര്‍ക്കിടയില്‍ പടര്‍ന്നു. പിന്നീടത് താനേ കെട്ടടങ്ങി.
മേശയിട്ട് അപ്പുറത്തിരിക്കുന്ന പട്ടാളക്കാരന്‍ റജിസ്റ്റര്‍ തുറന്നുവെച്ചു. പേരുവിളിക്കുന്ന മുറയ്ക്ക് തടവുകാരോരുത്തരായി മുമ്പിലേക്കു കടന്നുവന്നു. മറ്റേ പട്ടാളക്കാരന്‍ അയാളുടെ മുമ്പില്‍ തുറന്നുവെച്ച റജിസ്റ്ററില്‍ തടവുകാരന്റെ പേരിനുനേര്‍ക്ക് രേഖപ്പെടുത്തിയ തുക അടുത്തിരിക്കുന്ന ക്യാഷ്‌ബോക്‌സില്‍നിന്നെണ്ണിയെടുത്ത് തടവുകാരന്റെ നീട്ടിയ കയ്യില്‍ വെച്ചുകൊടുത്തു. റജിസ്റ്ററില്‍ ഒപ്പും വാങ്ങി.
നീലഗഞ്ചന്‍ക്യാമ്പ് ക്ലോസുചെയ്തു. ബാച്ചുബാച്ചായി തടവുകാര്‍ ട്രക്കില്‍ കല്‍ക്കത്ത സെന്‍ട്രല്‍ സ്റ്റേഷനിലേക്കു പോയിക്കൊണ്ടിരുന്നു. തടവുകാര്‍ ക്യാമ്പില്‍നിന്നു കിട്ടിയ ബനിയനും ട്രൗസറും ഊരിവെച്ച്, ഐഎന്‍എ പട്ടാളക്കാരന്റെ പരുക്കന്‍ യൂനിഫോമിലാണ് ട്രക്കില്‍ കയറിയത്. ക്യാമ്പധികാരികള്‍ എന്തുകൊണ്ടോ എതിരൊന്നും പറഞ്ഞില്ല. ശങ്കുണ്ണിയും കുട്ടികൃഷ്ണന്‍നായരും കുട്ടനും കല്‍ക്കത്താ റെയില്‍വേ സ്റ്റേഷനുമുമ്പില്‍ പകച്ചുനിന്നു.
ഇനിയെന്ത്! അവര്‍ ആലോചനയിലാണ്ടു.
സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് അധികം അകലെയല്ലാതെ ഭവാനിപ്പൂര്‍ എന്ന സ്ഥലത്താണ് നേതാജിയുടെ തറവാട് എന്ന് ശങ്കുണ്ണിക്കറിയാം. നാട്ടിലേക്കു മടങ്ങുന്നതിനുമുമ്പ് ഭവാനിപ്പൂരില്‍ചെന്ന് നേതാജിയുടെ തറവാടുവീട് അന്വേഷിച്ചു കണ്ടുപിടിച്ചാലോ. നേതാജിയുടെ സ്വന്തക്കാരോ ബന്ധുജനങ്ങളിലാരെങ്കിലുമോ വീട്ടിലുണ്ടായിരിക്കുമെന്ന് ശങ്കുണ്ണി ഊഹിച്ചു.
കൂട്ടാളികള്‍ക്ക് എപ്പൊഴേ സമ്മതം.
മൂവരും ഭവാനിപ്പൂര്‍ അന്വേഷിച്ചു നടന്നു. ഭവാനിപ്പൂരിലെത്തി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഗൃഹമെവിടെ എന്ന് ഒരു മദ്ധ്യവയസ്‌കനോടു ചോദിച്ചു.
അയാളുടെ കണ്ണുകള്‍ നനയുന്നു.
”നിങ്ങളെവിടെനിന്നു വരുന്നു?”
ബംഗളാഭാഷയില്‍ തൊണ്ടയിടറിക്കൊണ്ടാണ് അയാള്‍ ചോദിച്ചത്.
ഞങ്ങള്‍ ഐഎന്‍എ പട്ടാളക്കാരാണെന്നും നീലഗഞ്ചന്‍ തടവുക്യാമ്പില്‍നിന്ന് വിടുതല്‍ കിട്ടി വരികയാണെന്നും ശങ്കുണ്ണി ബംഗാളിയില്‍ മറുപടി പറഞ്ഞു.
അയാള്‍ എല്‍ജിന്‍ റോഡിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു.
”ബഹുത് ശുക്രിയ.” അവര്‍ അയാള്‍ പറഞ്ഞ വഴിയേ മുമ്പോട്ടു നടന്നു.
എല്‍ജിന്‍ റോഡെത്തി. നേതാജിയുടെ വീടെവിടെ എന്ന ചോദ്യം മുഴുമിക്കുന്നതിനു മുമ്പ് മറ്റൊരാള്‍ കുറച്ചകലെ കാണുന്ന കൂറ്റന്‍ കെട്ടിടം ചൂണ്ടിക്കാണിച്ചു.
മൂവര്‍ സംഘം വലിയ ഗേറ്റു തുറന്ന് അകത്തു കടന്നു. ശ്മശാനമൂകത തളംകെട്ടിനില്‍ക്കുന്ന അന്തരീക്ഷം. കാലങ്ങളായി ചായമടിക്കാത്തതിനാല്‍ മുഷിഞ്ഞ പുറംചുവരുകള്‍. പുറത്താരേയും കണ്ടില്ല. ഇവിടെ ആരും താമസമില്ലെന്നുണ്ടോ!
ഈ വീട്ടിനകത്തെ മുറികളിലൊന്നിലാണ് നേതാജിയെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. മുറ്റത്തിനരികിലെ ഈ കാര്‍ഷെഡ്ഡിലായിരുന്നിരിക്കാം കാവല്‍പോലീസിന്റെ താവളം. പട്ടാണിയുടെ വേഷത്തില്‍ പോലീസുകാരുടെ കണ്‍മുമ്പിലൂടെ ഈ ഗേറ്റുതുറന്നാണ് നേതാജി രക്ഷപ്പെട്ടുപോയത്.
ചരിത്രം തിരുത്തിയെഴുതിയത് ആ രക്ഷപ്പെടലായിരുന്നു.
നീണ്ട കോലായ. കൊത്തുപണികളുള്ള മരത്തിന്റെ കൂറ്റന്‍ വാതില്‍ അടഞ്ഞുകിടക്കുന്നു. കോലായിലേക്ക് കയറിച്ചെല്ലുന്നേടത്ത് ഒരു ഓട്ടുമണി തൂങ്ങുന്നു.
രണ്ടും കല്‍പ്പിച്ച് ശങ്കുണ്ണി ഓട്ടുമണിയടിച്ചു. മൂന്നുവട്ടം. കുട്ടികൃഷ്ണന്‍നായരും കുട്ടനും മുറ്റത്തുതന്നെ നിന്നു.
കാത്തുനില്‍പ്പിനു വിരാമമായി. ഉമ്മറവാതില്‍ കരകരശബ്ദത്തോടെ തുറക്കുന്നു.
വാതില്‍ തുറന്ന് കോലായിലേക്കുവന്ന വന്ദ്യവയോധികനെ ശങ്കുണ്ണി എളുപ്പം തിരിച്ചറിഞ്ഞു.
ശരത്ചന്ദ്രബോസ്! നേതാജിയുടെ ജ്യേഷ്ഠസഹോദരന്മാരില്‍ മൂത്തയാള്‍. അച്ഛനായ ജാനകിദാസ് ബോസിനെപ്പോലെ കല്‍ക്കത്തയിലെ അതിപ്രശസ്തനായ വക്കീല്‍. പ്രായത്തേക്കാളധികം മനോവ്യഥയായിരിക്കണം ശരത് ദായെ തളര്‍ത്തിയിരിക്കുന്നത്. വെഞ്ചാമരംപോലെ വെളുത്ത മുടി അലസം പിന്നോട്ടു മാടിവെച്ചിരിക്കുന്നു.
ശങ്കുണ്ണിക്ക് അല്‍പ്പാല്‍പ്പം ബംഗളാഭാഷയും ആചാരമര്യാദകളും അറിയാവുന്നതിനാല്‍ പ്രണാമം ദാ എന്നുപറഞ്ഞ് അദ്ദേഹത്തിന്റെ കാലുതൊട്ടു വന്ദിച്ചു. നായരും കുട്ടനും മുമ്പോട്ടുവന്ന് അദ്ദേഹത്തെ നമസ്‌കരിച്ചു.
മൂവര്‍സംഘത്തിന് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.
നീലഗഞ്ചന്‍ക്യാമ്പില്‍ എട്ടുമാസത്തോളം തടവിലായിരുന്നുവെന്നും അപ്രതീക്ഷിതമായി ക്യാമ്പധികാരികള്‍ നാട്ടിലേക്ക് റെയില്‍വേ വാറണ്ടും റേഷന്‍മണിയും തന്ന് കല്‍ക്കത്താ സെന്‍ട്രലില്‍ കൊണ്ടുവന്നുവിട്ടുവെന്നും ശരത് ദായെ ബോധിപ്പിച്ചു.
ശരത് ദാ കരയുകയായിരുന്നു.
”യുദ്ധത്തില്‍ തോറ്റ് അങ്ങയുടെ മുമ്പില്‍ നില്‍ക്കേണ്ടിവന്നതില്‍ ലജ്ജിക്കുന്നു” എന്ന് ശങ്കുണ്ണി പറഞ്ഞപ്പോള്‍ ശരത് ദാ വിലക്കി.
”നിങ്ങള്‍ യുദ്ധം തോറ്റിട്ടില്ല. എന്റെ അനുജനും നിങ്ങളും ഈ നാടിനെ നിശ്ചലാവസ്ഥയില്‍നിന്നും ചലനാവസ്ഥയിലെത്തിച്ചു. ഇന്ത്യന്‍ ആര്‍മ്മിയില്‍ ഐഎന്‍എയുടെ യുദ്ധസാഹസം കൊടുങ്കാറ്റു വിതയ്ക്കും. ഇംഗ്ലീഷുകാര്‍ സിംഗപ്പൂരില്‍ നിഷ്‌ക്കരുണം ശത്രുക്കള്‍ക്ക് അടിയറവെച്ചുപോയ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മ്മിക്കാരാണല്ലോ ഐഎന്‍എ പടയാളികളായി ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളക്കാരോട് ഇപ്പോള്‍ ഏറ്റുമുട്ടിയത്. നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കിക്കൊള്ളു. ഈ പടയാളികളുടെ സഹോദരന്മാരാണ് ബ്രിട്ടീഷ് ആര്‍മ്മിയിലുള്ളത്. നിങ്ങള്‍ മാതൃഭൂമിയുടെ മോചനത്തിനുവേണ്ടിയാണ് പോരാടുന്നതെന്ന് അവര്‍ക്കു ബോധ്യമുണ്ട്. അവര്‍ അസന്തുഷ്ടരാണ്. ബ്രിട്ടീഷുകാര്‍ക്ക് അധികം വൈകാതെ ഇന്ത്യവിട്ടു പോകേണ്ടിവരും.അങ്ങനെ അവര്‍ ചെയ്യുന്നില്ലെങ്കില്‍ ഇംഗ്ലീഷുകാര്‍ക്ക് കനത്ത വില നല്‍കേണ്ടിവരും.”
ശരത് ദായുടെ പ്രവചനം ശരിയായിവരുമെന്ന് മൂവര്‍സംഘത്തിന് തോന്നലുണ്ടായി.
”മലബാറികളായ നിങ്ങള്‍ ഈ സമരത്തിന്റെ ഭാഗമായല്ലൊ. നിങ്ങള്‍ പുണ്യം ചെയ്തവരാണ്.”
അപ്പോള്‍, നേതാജിയുടെ ജ്യേഷ്ഠത്തിയമ്മയാവണം, പുറത്തേക്കുവന്നു. ഐഎന്‍എയുടെ യൂണിഫോമണിഞ്ഞ മൂവര്‍സംഘത്തെ കണ്ടപ്പോള്‍ അവര്‍ ആഹ്ലാദവതിയായി. അനുജനെ തലയില്‍തൊട്ടനുഗ്രഹിക്കുന്നതുപോലെ ജ്യേഷ്ഠത്തിയമ്മ മൂവരേയും തലയില്‍തൊട്ടനുഗ്രഹിച്ചു.
കുളിച്ചുവരൂ. ഭക്ഷണം കഴിച്ചുപോയാല്‍ മതി. മദ്രാസിഖാനയല്ലെങ്കിലും ഇവിടത്തെ റൊട്ടിയും ദാലും ചോറും കറികളും നിങ്ങള്‍ക്കിഷ്ടപ്പെടും.
തൊടിയിലുള്ള പുഖ്‌രിയിലേക്ക് ജ്യേഷ്ഠത്തിയമ്മ അവര്‍ക്കു വഴികാണിച്ചു.
കുളികഴിഞ്ഞുവന്ന് മൂവരും കോലായില്‍ തൂണുചാരിയിരുന്നു. ചാരുകസേരയില്‍ കിടന്നുകൊണ്ട് ശരത്ദാ സംസാരിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിനു വളരെ സന്തോഷമായിട്ടുണ്ട്.
അദ്ദേഹം പറഞ്ഞു:
”സുഭാഷ് വിമാനാപകടത്തില്‍ മരിച്ചിട്ടില്ലെന്ന് എന്റെ മനസ്സു പറയുന്നു. അവന്‍ തിരിച്ചുവരും. ഈ വീട്ടില്‍ അവനു വരാതിരിക്കാനാവില്ല” അതു പറയുമ്പോള്‍ ശരത് ദായുടെ കണ്ണുകള്‍ സജലങ്ങളായി.
”ആഹാരം കഴിക്കണ്ടെ. വരൂ”
മൂവരും ജ്യേഷ്ഠത്തിയമ്മയോടൊപ്പം അടുക്കളയോടു തൊട്ട ഊണ്‍തളത്തിലേക്കു ചെന്നു. ശരത് ദായും കൂടെവന്നു. ശങ്കുണ്ണിയും നായരും കുട്ടനും നിലത്തുവിരിച്ചിട്ട പുല്‍പ്പായയില്‍ ചമ്രംപടിഞ്ഞിരുന്നു. കാലുമടക്കി നിലത്തിരിക്കാന്‍ പ്രയാസമുള്ളതിനാലാവാം ശരത് ദായ്ക്ക് ഊണ്‍മേശപ്പുറത്താണ് ഭക്ഷണം വിളമ്പിയത്.
വലിയ, വൃത്താകൃതിയിലുള്ള പിച്ചളത്തളികയില്‍ വിഭവങ്ങളുമായി പരിചാരിക വന്നു.
”കഴിക്കൂ. സ്വന്തം ഗൃഹമാണ്, അമ്മയാണ് വിളമ്പിത്തരുന്നത് എന്നു വിചാരിക്കണം.” ജ്യേഷ്ഠത്തിയമ്മ തൊട്ടരികെ ചുവരും ചാരിനിന്നു.
മാസങ്ങള്‍ക്കുശേഷമാണ് ഇതുപോലെ രുചിയുള്ള ആഹാരം കഴിക്കുന്നത്. ഉണക്കറൊട്ടിയും എരിവും പുളിയുമില്ലാത്ത സബ്ജിയും കഴിച്ച് നാവിന്റെ രുചി നഷ്ടപ്പെട്ടിരിന്നു. സ്വാദിഷ്ടമായ ഭക്ഷണം ആവോളം അകത്താക്കി. നാണിക്കാന്‍ പോയില്ല.
എന്തിനു നാണിക്കണം! ഇത് ഞങ്ങളുടെ സ്വന്തം വീടാണ്. ഇവര്‍ വല്യേട്ടനും വല്യേട്ടത്തിയുമാണ്.
വൈകിട്ട് ആറുമണിക്കാണ് കല്‍ക്കത്താ സെന്‍ട്രലില്‍ നിന്ന് മദിരാശിയിലേക്കുള്ള ട്രെയിന്‍ പുറപ്പെടുന്നത്. അത്യാവശ്യം അല്ലറചില്ലറ സാധനങ്ങള്‍ വാങ്ങേണ്ടതുണ്ട്. ഷേവിങ്ങ് സെറ്റ്. പല്ലുതേക്കാന്‍ വീട്ടില്‍ ഉമിക്കരി കാണാതിരിക്കില്ല.
രണ്ടോമൂന്നോ അടിവസ്ത്രങ്ങള്‍വാങ്ങണം. തല്‍ക്കാലം പാന്റും ഷര്‍ട്ടും വേണ്ട. ഐഎന്‍എ പട്ടാളക്കാരന്റെ കുപ്പായത്തില്‍വേണം ഒറ്റപ്പാലത്തു വണ്ടിയിറങ്ങാന്‍. ബാര്‍ബര്‍ഷാപ്പില്‍ കയറി മൂവരുടേയും മുടി മുറിക്കണം. താടി വടിക്കണം. താടിയും മുടിയും നീട്ടി, പ്രാന്തന്മാരെപ്പോലെ നാട്ടില്‍ ചെല്ലരുത്.
യാത്രപറയാന്‍നേരം ശരത് ദായുടേയും ജ്യേഷ്ഠത്തിയമ്മയുടേയും കാലുതൊട്ടു വണങ്ങി. ജ്യേഷ്ഠത്തിയമ്മ മൂവര്‍ക്കും ഓരോ കടലാസുപൊതി കയ്യില്‍തന്നു.
”അത്താഴമാണ്. കഴിക്കാതിരിക്കരുത്.”
കല്‍പ്പടവുകളിറങ്ങുമ്പോഴും ശരത് ദാ കരയുകയായിരുന്നു.
(അടുത്ത ലക്കത്തില്‍
അവസാനിക്കും)






















