- ജയ് ഹിന്ദ്
- അമ്മയുടെ വിയോഗം (ചരിത്ര നോവല്‍ ജയ് ഹിന്ദ്-2)
- മലബാര്‍ ക്ലോത്ത് ഹൗസ് (ചരിത്രനോവല്‍ ജയ് ഹിന്ദ് 3)
- നേതാജിയുടെ തിരോധാനം (ചരിത്ര നോവല്‍ ജയ് ഹിന്ദ്-9)
- ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് (ചരിത്ര നോവല്‍ ജയ് ഹിന്ദ് -4)
- ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരണം (ചരിത്ര നോവല്‍ ജയ് ഹിന്ദ് -5)
- സുഭാഷ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് (ചരിത്ര നോവല്‍ ജയ് ഹിന്ദ്-6)
പകലന്തിയോളം ക്യാമ്പിനു പുറത്തെ തരിശുഭൂമിയില്‍ കൊത്തിയും കിളച്ചും തടംപിടിച്ചും തടവുകാര്‍ പണിയെടുത്തു. തുരുത്തുകളില്‍ കാര്യമായെന്തെങ്കിലും കൃഷിചെയ്യാറുണ്ടെന്ന് ശങ്കുണ്ണിക്ക് തോന്നിയില്ല.
ചെര്‍പ്പുളശ്ശേരിക്കാരന്‍ കുട്ടികൃഷ്ണന്‍നായരും അമ്പലപ്പാറക്കാരന്‍ കുട്ടനും പട്ടാളം വളഞ്ഞുപിടിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ക്യാമ്പിലെത്തിയ ആദ്യദിവസംതന്നെ അവര്‍ കണ്ടുമുട്ടി. അതു വലിയ ആശ്വാസമായി ശങ്കുണ്ണിക്ക്. കൊടിയ കഷ്ടപ്പാടുകള്‍ അനുഭവിക്കുമ്പോള്‍ ഒരു കൂട്ട്.
മൂവരും ഒരേ ഷെഡ്ഡില്‍ത്തന്നെ ഇടംപിടിച്ചു. നീലഗഞ്ചന്‍ ക്യാമ്പില്‍ അഞ്ഞൂറോളം തടവുകാരുണ്ടായിരുന്നു. ഈ ക്ഷാമകാലത്ത് ഇത്രയധികം മനുഷ്യജീവികളെ തീറ്റിപ്പോറ്റുന്നതിലെ അര്‍ത്ഥശൂന്യത സൈനികമേധാവികള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവണം. ദിവസേന കുറേപേരെ ചോദ്യം ചെയ്യാനായി ട്രക്കില്‍ കയറ്റി കടല്‍ക്കരയിലേക്കു കൊണ്ടുപോയി. ഇത് ചോദ്യം ചെയ്യലിന്റെ ഭാഗമാണെന്നും അറിയാവുന്ന കാര്യങ്ങള്‍ സത്യം സത്യമായിപ്പറയണമെന്നും ക്യാമ്പുകമാണ്ടന്റ് അവരോടു പറഞ്ഞു.
ഉഖ്‌റൂളിലും കൊഹിമയിലും മൊയ്‌റാങ്ങിലും ബ്രിട്ടീഷ് ആര്‍മിക്ക് പരാജയത്തിന്റെ ദിവസങ്ങളായിരുന്നു. ഇംഫാല്‍ സമതലത്തിലും തുടക്കത്തില്‍ വിജയിച്ചു മുന്നേറുകയായിരുന്നു ഐ.എന്‍.എ. ഈ തടവുകാരില്‍ ആരൊക്കെ ആ യുദ്ധമുന്നണികളിലുണ്ടായിരുന്നു എന്ന് കണ്ടുപിടിക്കാനും കൂടിയായിരുന്നു കടല്‍ക്കരയിലേക്കുള്ള ഈ യാത്ര.
യുദ്ധത്തില്‍ നേരിട്ടു ഭാഗഭാക്കല്ലാത്തവരെ പിടികൂടി അപ്പൊഴേ വിട്ടയച്ചിരുന്നു എന്നാണ് തടവുകാര്‍ക്കിടയിലെ സംസാരം.
ചോദ്യംചെയ്യലിന്റെ കാഠിന്യംകൊണ്ടോ എന്തോ, ഓരോ തവണയും കുറച്ചുപേര്‍ ക്യാമ്പില്‍ തിരിച്ചെത്തിയില്ല. ചത്തവരുടെ ശരീരങ്ങള്‍ ശക്തമായ തിരമാലകള്‍ ആഴക്കടലിലേക്കു കൊണ്ടുപോയി.
***** ***** *****
ചോദ്യം ചെയ്യലിനായി കടല്‍ക്കരയിലേക്കു പുറപ്പെട്ട ട്രക്കില്‍ അന്നു രാവിലെ കുട്ടികൃഷ്ണന്‍നായരേയും കേറ്റി. മെരുങ്ങാത്ത ഇനമാണ് നായര്‍.
മണിക്കൂറുകള്‍ക്കുശേഷം ട്രക്ക് ക്യാമ്പില്‍ മടങ്ങിയെത്തിയപ്പോള്‍, ഭാഗ്യം, കുട്ടികൃഷ്ണന്‍നായരുമുണ്ട്. ട്രക്കില്‍ നിന്നിറങ്ങാന്‍ നായര്‍ വല്ലാതെ സാഹസപ്പെടുന്നു. ശങ്കുണ്ണി ഓടിച്ചെന്നു. താങ്ങിയിറക്കാന്‍ ശ്രമിച്ചെങ്കിലും നായര്‍ ഇടംകൈകൊണ്ടു തടഞ്ഞു.
നായര്‍ ഷര്‍ട്ടൂരി തോളത്തിട്ടു. ദേഹം മുഴുവന്‍ നീളത്തില്‍ ചോരച്ച പാടുകള്‍. വലത്തേ കാലിന്റെ പെരുവിരലിനറ്റത്ത് ചോര കട്ടച്ചുകിടക്കുന്നു. നഖം വലിച്ചുപറിച്ചെടുത്തിട്ടുണ്ടെന്നു വ്യക്തം.
ശങ്കുണ്ണിയുടെ നിശ്ശബ്ദമായ ചോദ്യത്തിന് കുട്ടികൃഷ്ണന്‍നായരുടെ വേദനയില്‍ കുതിര്‍ന്ന ചിരിയായിരുന്നു ഉത്തരം. കുട്ടനും ശങ്കുണ്ണിയും ചേര്‍ന്ന് നായരെ ഷെഡ്ഡിനകത്ത് ജമുക്കാളം വിരിച്ചുകിടത്തി. കുടിക്കാന്‍ വെള്ളം കൊടുത്തു. അയാള്‍ കണ്ണടച്ചുകിടന്നു.
ശങ്കുണ്ണിയും കുട്ടനും പരസ്പരം നോക്കി. നമ്മുടെ ദിവസം അടുത്തുവരുന്നു. നാളെയോ മറ്റന്നാളോ, എപ്പോള്‍ വേണമെങ്കിലും അവരെ കടല്‍ക്കരയിലേക്കു കൊണ്ടുപോകാന്‍ ട്രക്കു വരും. വരട്ടെ. ശരീരത്തില്‍ മുറിവേല്‍പ്പിക്കാനല്ലേ അവര്‍ക്കു കഴിയൂ. വേണമെങ്കില്‍ ജീവനെടുക്കാം. മനസ്സ് – അതു ഞങ്ങളുടെ നിയന്ത്രണത്തിലാണ്.
ഒന്നാലോചിച്ചാല്‍ ഈ ദുരിതജീവിതത്തേക്കാള്‍ മരണമാണ് അഭികാമ്യം.
കാത്തിരിപ്പു വെറുതെയായില്ല. അധികം വൈകാതൊരുദിവസം അതിരാവിലെ ഭേദ്യക്കാരുടെ ട്രക്ക് ക്യാമ്പിനകത്തേക്ക് ഇരച്ചുകേറിവന്നു.
ഉണക്കറൊട്ടിയും സബ്ജിയും അകത്താക്കി കൈകഴുകി വന്നിട്ടേ ഉള്ളൂ, ശങ്കുണ്ണിയും കുട്ടനും. കുട്ടികൃഷ്ണന്‍നായര്‍ക്ക് മെസ്സുവരെ നടന്നെത്താന്‍ വയ്യ. അത്രയധികം അവശതയുണ്ട് നായര്‍ക്ക്. അയാളത് പുറത്തു കാണിക്കുന്നില്ലെങ്കിലും. പ്രിയ ചങ്ങാതിക്കുള്ള പ്രാതല്‍ ശങ്കുണ്ണി മെസ്സില്‍നിന്നു വാങ്ങിക്കൊണ്ടുവന്നിട്ടുണ്ട്. നായര്‍ സാവകാശം ആഹാരം ചവച്ചിറക്കിക്കൊണ്ടിരിക്കുമ്പോഴാണ് രണ്ടു പട്ടാളക്കാര്‍ ചവിട്ടിക്കുതിച്ച് ഷെഡ്ഡിനകത്തേക്കു കേറിവന്നത്.
‘പൊയ്‌ക്കോ’. നായര്‍ മലയാളത്തില്‍ പറഞ്ഞു.
അയാള്‍ തലേന്നേ ഓര്‍മ്മിപ്പിച്ചിരുന്നു: ‘അവര്‍ ചോദ്യം ചോദിച്ചുകൊണ്ടിരിക്കും. അറിയില്ല എന്ന ഒറ്റവാക്കായിരിക്കണം മറുപടി. ചോദ്യത്തിനു മുമ്പും പിമ്പും അടി ഉറപ്പ്. ലാത്തികൊണ്ടാവാം, തോക്കിന്റെ പാത്തികൊണ്ടുമാവാം. അത് അവരുടെ ഇഷ്ടം. ബൂട്ടിട്ട് കാല്‍പാദം ഞെരിക്കും. ഭേദ്യക്കാരന്റെ മനോധര്‍മ്മംപോലെ. അവര്‍ക്കോ ഒരു രസം.’
പ്രതീക്ഷ അസ്ഥാനത്തായില്ല. കുട്ടനെ മണലില്‍ കമിഴ്ത്തിക്കിടത്തി, തോക്കിന്റെ പാത്തികൊണ്ട് നടുമുതുകത്ത് തുടര്‍ച്ചയായി പ്രഹരിച്ചുകൊണ്ടിരുന്നു. പിന്നീട് കുട്ടനെ എണീപ്പിച്ചു നിര്‍ത്തി, രണ്ടു ചെകിട്ടത്തും പടക്കം പൊട്ടുമ്പോലെ മാറി മാറി അടിവീണു.
അടുത്തത് ശങ്കുണ്ണിയുടെ ഊഴം. ഇപ്പോള്‍ ഭേദ്യത്തിന്റെ ശൈലിയൊന്നു മാറ്റി. തോക്കിന്റെ പാത്തികൊണ്ടു പ്രഹരിച്ച് അവര്‍ക്കു മടുത്തിട്ടുണ്ടാവണം. ലാത്തികൊണ്ട് തലങ്ങും വിലങ്ങും പെരുമാറിക്കഴിഞ്ഞ് കൈപ്പത്തികള്‍ നിലത്തു മലര്‍ത്തിവെപ്പിച്ചു. ബയണറ്റിന്റെ മുന മാംസത്തില്‍ കുത്തിക്കേറി. ഒഴുകിപ്പരന്ന ചോരയില്‍ മണ്ണു നനഞ്ഞു. ശങ്കുണ്ണി കണ്ണുകളടച്ചു. വേദന കടിച്ചമര്‍ത്തുന്നതിലും ഒരു സുഖമുണ്ട്.
ഭേദ്യം ചെയ്ത പട്ടാളക്കാര്‍ക്ക് സന്തോഷമായി. കൂട്ടത്തിലൊരുവന്‍ ഒരു നല്ല കാര്യം ചെയ്തു. മുറിവില്‍ പുരട്ടാന്‍ ഓയിന്‍മെന്റും ചുറ്റിക്കെട്ടാന്‍ കോട്ടണും കൊടുത്തു.
”സാഫ് കര്‍ക്കേ മെഡിസിന്‍ ഡാലോ യാര്‍” ആ മൃദുലമനസ്‌കന്‍ ഒച്ചതാഴ്ത്തിപ്പറഞ്ഞു. അയാളൊരു ബംഗാളിയാണെന്ന് ശങ്കുണ്ണി തിരിച്ചറിഞ്ഞു.
തിരികേ ക്യാമ്പിലേക്ക്.
ഒരാഴ്ചയെടുത്തു, മുറിവുകള്‍ കരിയാനും ശരീരദണ്ഡം മാറിക്കിട്ടാനും. തീയില്‍ കുരുത്തത് എങ്ങനെ വെയിലത്തു വാടാനാണ്!
ശമ്പളത്തിനുവേണ്ടിയല്ലല്ലോ ഇന്ത്യന്‍ നേഷണല്‍ ആര്‍മിയില്‍ ചേര്‍ന്നത്. ശമ്പളത്തിനു പകരം ചോരയാണ് നേതാജി വാഗ്ദാനം ചെയ്തത്.
നാല്‍പ്പത്തഞ്ച് മെയ് ആദ്യത്തെ ആഴ്ചയിലൊരു ദിവസം ക്യാമ്പിനകത്ത് ഒരു വാര്‍ത്ത പരന്നു.
ജര്‍മ്മനിയുടെ ഹിറ്റ്‌ലര്‍ സ്വയം വെടിവെച്ച് ജീവന്‍ വെടിഞ്ഞിരിക്കുന്നു. ഏപ്രില്‍ മുപ്പതാം തീയതിയായിരുന്നു ഈ സംഭവം. ഒരു യുഗം അവസാനിച്ചു.
സഖ്യശക്തികള്‍ ജര്‍മ്മനിയെ ജരാസന്ധനെയെന്നപോലെ രണ്ടായി വലിച്ചുകീറി. കിഴക്കന്‍ ജര്‍മ്മനിയും പടിഞ്ഞാറന്‍ ജര്‍മ്മനിയും. ഇനിയൊരു കൂടിച്ചേരലുണ്ടാവില്ല. ഉയര്‍ത്തെഴുന്നേല്‍പ്പും. രണ്ടാം ലോകമഹായുദ്ധം യൂറോപ്പിലെങ്കിലും അവസാനിച്ചു.
പൗരസ്ത്യദേശത്ത് ഇപ്പോഴും ജപ്പാന്‍ അജയ്യരായിത്തുടരുന്നു.
****** ****** ******
നാല്‍പ്പത്തഞ്ച് ആഗസ്റ്റിലെ ഒരു സാധാരണ ദിവസം. പുലര്‍ച്ചെ പതിവുപോലെ നാലുമണിക്ക് ക്യാമ്പിലെ സൈറന്‍ മുഴങ്ങി. തടവുകാര്‍ എഴുന്നേറ്റ് ക്യാമ്പിനുപുറത്തുളള പൊന്തക്കാട്ടിലേക്കു നടന്നു. അഞ്ഞൂറോളം തടവുകാരുണ്ട് നീലഗഞ്ചന്‍ ക്യാമ്പില്‍. അത്രയും പേരുണ്ടായിരിക്കണം അധികം ദൂരെയല്ലാത്ത ജഗരഗച്ചി ക്യാമ്പില്‍. മറ്റേതെല്ലാം തുരുത്തുകളില്‍ ഐ.എന്‍.എ ഭടന്മാരെ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് കൃത്യമായറിയാന്‍ വഴിയില്ല. അല്‍പ്പം മനസ്സലിവു കാണിക്കുന്ന കാവല്‍ക്കാരില്‍നിന്നു കിട്ടിയതാണ് ഈ വിവരം.
പ്രാഥമിക കൃത്യം നടത്തി, പല്ലുതേപ്പു കഴിച്ചു. ഓരോ മഗ്ഗു വെള്ളം തലയിലൊഴിച്ചുതോര്‍ത്തി, ശങ്കുണ്ണിയും കുട്ടികൃഷ്ണന്‍നായരും കുട്ടനും മെസ്സിനുമുമ്പില്‍ ചെന്ന് റൊട്ടിക്കും സബ്ജിക്കും ക്യൂ നിന്നു.
പൊന്തക്കാടുകള്‍ വെട്ടി നീക്കി, കുറ്റിയും വേരും പറിച്ചുകളഞ്ഞ്, മണ്‍വെട്ടികൊണ്ട് നിലം കിളച്ചുമറിക്കണം. ഗോതമ്പോ ചോളമോ സൂര്യകാന്തിയോ കൃഷി ചെയ്യാനായിരിക്കണം പരിപാടി. ഹുഗ്ലീനദീമുഖത്താണെങ്കിലും ഉപ്പുവെള്ളമാണ് തുരുത്തുകള്‍ക്കുചുറ്റും അലയടിക്കുന്നത്. പകലന്തിയോളം ക്യാമ്പിനു പുറത്തെ തരിശുഭൂമിയില്‍ കൊത്തിയും കിളച്ചും തടംപിടിച്ചും തടവുകാര്‍ പണിയെടുത്തു. ജയിലുകളില്‍ തടവുപുള്ളികളെക്കൊണ്ട് എല്ലുമുറിയെ പണിയെടുപ്പിക്കണമെന്നാണല്ലോ അലിഖിതമായ നിയമം.
വലിയ ചങ്ങാടങ്ങളിലാണ് വീപ്പകളില്‍ ക്യാമ്പിലേക്കാവശ്യമായ വെള്ളമെത്തിക്കുന്നത്. ഈ ഭീമന്‍ചങ്ങാടങ്ങളില്‍ ട്രക്കുകളും ജീപ്പുകളും ക്യാമ്പില്‍ വന്നുപോകുന്നു.
ഉച്ചനേരം. ഇനി ഒരു മണിക്കൂര്‍നേരത്തെ വിശ്രമം. ആഹാരം അകത്താക്കി ഏതെങ്കിലും മരത്തണലിലോ ടെന്റിനകത്തെ തണുത്ത നിലത്തോ മലര്‍ന്നു കിടക്കാം. കണ്ണടയുമ്പോഴേക്കും വീണ്ടും സൈറന്‍ മുഴങ്ങും.
അപ്പോള്‍, പൊടുന്നനെ ക്യാമ്പിനകത്ത് ആ വാര്‍ത്ത കാട്ടുതീപോലെ കത്തിപ്പടര്‍ന്നു. അമേരിക്ക ജപ്പാനിലെ ഹിരോഷിമ നഗരത്തിനുമീതെ ആറ്റംബോംബിട്ടിരിക്കുന്നു. നഗരം കത്തിയെരിയുന്നു. നഗരവാസികളായ എഴുപതിനായിരത്തോളം പേര്‍ മരണപ്പെട്ടിരിക്കുന്നു. അത്രയും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജയില്‍സൂപ്രണ്ടിന്റെ റേഡിയോവില്‍നിന്നാണ് വാര്‍ത്ത ചോര്‍ന്നത്. വര്‍ത്തമാനപത്രം, റേഡിയോ, ടെലഫോണ്‍ തുടങ്ങിയ വാര്‍ത്താവാഹികളായ സംവിധാനങ്ങള്‍ തടവുകാര്‍ക്കു നിഷിദ്ധമായിരുന്നു ക്യാമ്പുകളില്‍.
തടവുകാര്‍ ഹതാശരായി. കനത്ത തിരിച്ചടിയാണ് ജപ്പാനു കിട്ടിയിരിക്കുന്നത്. യൂറോപ്പില്‍ അച്ചുതണ്ടുശക്തികളായ ജര്‍മ്മനിയും ഇറ്റലിയും തകര്‍ന്നു തരിപ്പണമായിരിക്കുന്നു. അപ്പോഴും ജപ്പാന്‍ ഏഷ്യാവന്‍കരയുടെ തീരപ്രദേശങ്ങളില്‍ അജയ്യരായിത്തുടരുകയാണ്. ജപ്പാന്റെ അകമഴിഞ്ഞ സഹായത്താലാണ് ഐഎന്‍എ ബര്‍മ്മയുടെ അതിര്‍ത്തി കടന്ന് പടിഞ്ഞാട്ടു നീങ്ങിത്തുടങ്ങിയത്. വെടിക്കോപ്പുകള്‍ക്കും ടാങ്കുപോലുള്ള കവചിതവാഹനങ്ങള്‍ക്കും വിമാനവേധത്തോക്കുകള്‍ക്കും ജപ്പാനെയാണ് ഐഎന്‍എ ആശ്രയിക്കുന്നത്.
സിംഗപ്പൂരും ദക്ഷിണപൂര്‍വേഷ്യയിലുള്ള മറ്റു രാജ്യങ്ങളിലെ നല്ല മനസ്സുള്ള ഇന്ത്യക്കാരും നിര്‍ലോഭം പണവും സ്വര്‍ണ്ണവും വിലപിടിച്ച രത്‌നങ്ങളും ഐഎന്‍എക്കു സംഭാവനയായി നല്‍കിപ്പോരുന്നുണ്ട്.
പക്ഷേ ഹിരോഷിമാനഗരത്തിന്റെ ദുരന്തം ജപ്പാന്റെ ആത്മവീര്യം കെടുത്തുമെന്നു തീര്‍ച്ച. ജപ്പാന്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചടിക്കുമെന്നും അമേരിക്കയേയും ഇംഗ്ലണ്ടിനേയും മുട്ടുകുത്തിക്കുമെന്നും തടവുകാര്‍ വിശ്വസിച്ചു. പേള്‍ഹാര്‍ബറും സിംഗപ്പൂരും, അമേരിക്കയ്ക്കും ഇംഗ്ലണ്ടിനും മറക്കാറായിട്ടില്ല.
ഇന്ന് ആഗസ്റ്റ് എട്ടാം തീയതിയാണെന്നും ആറാം തീയതി കാലത്ത് എട്ടുമണിക്ക് അമേരിക്കയുടെ ബി-29 എന്ന യുദ്ധവിമാനം അതിശക്തമായ അണുബോംബും വഹിച്ചുകൊണ്ട് പസഫിക് സമുദ്രത്തിലെ മരിയാനയിലുള്ള ട്രിനിറ്റി ദ്വീപില്‍നിന്ന് പറന്നുയര്‍ന്നുവെന്നും തടവുകാര്‍ മനസ്സിലാക്കി. ജപ്പാനിലെ ജനനിബിഡമായ ഹിരോഷിമാനഗരത്തിന്റെ ഒത്തമുകളില്‍നിന്ന് അണുബോംബ് താഴേക്കിട്ടു. അതിശക്തമായ സ്‌ഫോടനപരമ്പരയാണ് പിന്നീട് അരങ്ങേറിയത്.
ഒമ്പതാം തീയതി വീണ്ടും അമേരിക്കയുടെ ബോംബര്‍വിമാനം ട്രിനിറ്റിദ്വീപില്‍നിന്ന് പറന്നുയര്‍ന്നു. ജപ്പാന്റെ മറ്റൊരു നഗരമായ നാഗസാക്കിക്കുമേലെ ചുറ്റിക്കറങ്ങി. കൃത്യം നഗരമദ്ധ്യത്തില്‍തന്നെ ആറ്റംബോംബു വീണുപൊട്ടി. സ്‌ഫോടനത്തില്‍ എഴുപതിനായിരത്തില്‍ കുറയാതെ സിവിലിയന്മാര്‍ മരിക്കുകയും അതിലധികം പേര്‍ക്കു മാരകമായ പൊള്ളലേല്‍ക്കുകയും ചെയ്തു.
ജപ്പാന്‍ എന്ന അജയ്യനായ വ്യാളിയുടെ ശിരസ്സു തകര്‍ന്നു. തല്‍ക്കാലത്തേക്കെങ്കിലും ജപ്പാന്റെ പ്രതാപം അസ്തമിച്ചു. ജപ്പാനിലെ ഹിരോഹിതോ ചക്രവര്‍ത്തി സേനാമേധാവികളോട് കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. ആഗസ്റ്റ് പതിനാലാം തീയതി കീഴടങ്ങല്‍ മഹോത്സവം നടന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.
ജപ്പാന്‍ വീണതോടെ ഐഎന്‍എ ഭടന്മാര്‍ നിരാശരായി. ഇനിയെന്ത്! ഇപ്പോഴും നേരിയൊരു പ്രതീക്ഷയുണ്ട് ശങ്കുണ്ണിക്കും ചങ്ങാതിമാര്‍ക്കും. നേതാജി എന്ന അതിമാനുഷനെ തോല്‍പ്പിക്കാനാവില്ല, ലോകത്തിലൊരു ശക്തിക്കും. അദ്ദേഹം തിരിച്ചുവരും. പൂര്‍വാധികം കരുത്തോടെ. യുദ്ധസന്നാഹത്തോടെ. പക്ഷേ എങ്ങനെ എന്ന് അവര്‍ക്ക് ഊഹിക്കാനായില്ല.
സര്‍വസൈന്യാധിപനായ നേതാജി സുഭാഷ് ചന്ദ്രബോസ് നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മി ഇംഫാല്‍ പിടിച്ച് വീണ്ടും പടിഞ്ഞാട്ടു നീങ്ങുമെന്നും ജനസഹസ്രങ്ങള്‍ അവരെ കയ്യും മെയ്യും മറന്നു സഹായിക്കുമെന്നും ബ്രിട്ടീഷിന്ത്യന്‍ പട്ടാളംപോലും ഒരുവേള ഐഎന്‍എയോടു കൈകോര്‍ക്കുമെന്നും ശങ്കുണ്ണി സ്വപ്‌നം കണ്ടു. ബ്രിട്ടീഷിന്ത്യന്‍ പട്ടാളക്കാരും ഇന്ത്യക്കാരാണല്ലോ. ഇന്ത്യക്കാരുടെ മോചനത്തിനുവേണ്ടിയാണ് ബ്രീട്ടീഷ് ചക്രവര്‍ത്തിയോട് നേതാജി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.
നാഗസാക്കിയില്‍ പൊട്ടിത്തെറിച്ച അണുബോംബിന്റെ പ്രകമ്പനം കെട്ടടങ്ങുന്നതിനുമുമ്പ് ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ആ വാര്‍ത്തയും വന്നു. ചൈനക്കും ജപ്പാനും മദ്ധ്യേ പസഫിക്ക് സമുദ്രത്തില്‍ തായ്‌വാന്‍ എന്ന ദ്വീപിലുള്ള തായ്‌ഹോക്ക് വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന യാത്രാവിമാനം റണ്‍വേയില്‍ തകര്‍ന്നുവീണു. ആ വിമാനത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് യാത്രക്കാരനായിരുന്നു എന്നും അദ്ദേഹം മരണപ്പെട്ടുവെന്നും റേഡിയോ റിപ്പോര്‍ട്ടു ചെയ്തു. അവിശ്വസനീയമായ കാര്യം, അദ്ദേഹം മാത്രമേ അപകടത്തില്‍ മരണപ്പെട്ടിട്ടുള്ളു എന്നതാണ്.
നീലഗഞ്ചന്‍ക്യാമ്പിലെ ഒരു തടവുകാരന്‍പോലും ആ വാര്‍ത്ത വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല.
ശങ്കുണ്ണിയും കുട്ടികൃഷ്ണന്‍നായരും അന്ന് ഉച്ചക്കും രാത്രിയും ക്യാമ്പിലെ മെസ്സിലേക്കുപോയതേ ഇല്ല. അവരെപ്പോലെ മറ്റു തടവുകാരും പട്ടിണി കിടന്നു. മെസ്സിലെ ജീവനക്കാര്‍ ക്യാമ്പിനുപുറത്ത് ആഴത്തില്‍ കുഴികുത്തി, വലിയ പാത്രങ്ങളില്‍ തയ്യാറാക്കിവെച്ചിരുന്ന റൊട്ടിയും സബ്ജിയും മണ്ണിട്ടു മൂടി.
തടവുകാര്‍ക്കിടയില്‍ രഹസ്യമായി മറ്റൊരു വാര്‍ത്തയും പ്രചരിച്ചു. ഈ വാര്‍ത്ത ക്യാമ്പില്‍ ഏതുവഴിക്കു കേറിവന്നു എന്നറിയില്ല. പുറംലോകവുമായി ബന്ധമുള്ളത് ക്യാമ്പിലെ പട്ടാളക്കാര്‍ക്കു മാത്രമാണ്. അവരില്‍ ചിലര്‍ക്കെങ്കിലും നേതാജിയോട് മൃദുസമീപനമുണ്ടായിരിക്കാം. സ്‌നേഹവും ബഹുമാനവുമുണ്ടെന്നുവേണം കരുതാന്‍. അവര്‍ക്കും അവരുടെ കുടുംബത്തിനുംകൂടിവേണ്ടിയാണല്ലൊ നേതാജി ഈ ത്യാഗങ്ങള്‍ സഹിക്കുന്നത്.
ആഗസ്റ്റ് പതിനെട്ടാം തീയതി തായ്‌ഹോക്കില്‍ അങ്ങനെയൊരു വിമാനാപകടം നടന്നിട്ടില്ലെന്നും അജ്ഞാതമായൊരു കേന്ദ്രത്തില്‍ നേതാജി സുരക്ഷിതനാണെന്നുമാണ് മനസ്സു തണുപ്പിക്കുന്ന ആ സന്ദേശം.
തായ്‌ഹോക്ക് വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനം റണ്‍വേയില്‍ തകര്‍ന്നുവീണെന്നും നേതാജി മരണപ്പെട്ടെന്നും ലോകത്തെ അറിയിച്ചത് ജപ്പാനായിരുന്നു.
ഒരു സാഹചര്യത്തിലും ജപ്പാന്‍ നേതാജിയുടെ ശത്രു ആവില്ല. നേതാജിയുടെ രഹസ്യനീക്കങ്ങള്‍ക്ക് പുകമറ സൃഷ്ടിക്കുകമാത്രമായിരുന്നിരിക്കാം ജപ്പാനെന്ന ബന്ധുരാജ്യം.
രണ്ടും രണ്ടും ഗുണിക്കുമ്പോള്‍ മൂന്നാവില്ല. നേതാജി പൂര്‍വ്വാധികം കരുത്താര്‍ജ്ജിച്ച് തിരിച്ചുവരും എന്നുതന്നെ മൂവര്‍ സംഘം വിശ്വസിച്ചു. നേതാജി മരണപ്പെട്ടെന്ന് തെളിവുകള്‍ നിരത്തി ആരു സ്ഥാപിക്കാന്‍ ശ്രമിച്ചാലും ശങ്കുണ്ണിയോ കുട്ടികൃഷ്ണന്‍നായരോ കുട്ടനോ അത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ തയ്യാറായില്ല.
സര്‍വവിധയുദ്ധസന്നാഹങ്ങളോടെ നേതാജി സയാവാഡിയില്‍ വീണ്ടും പ്രത്യക്ഷപ്പെടും. പല ക്യാമ്പുകളിലായി തടവില്‍ കഴിയുന്ന ഐഎന്‍എ ഭടന്മാരെ മോചിപ്പിക്കും. ഇന്ത്യന്‍ നാഷണല്‍ ആര്‍മി വീണ്ടും ശത്രുവിനോടേറ്റുമുട്ടും.
സേനയെ നയിച്ചുകൊണ്ട് സര്‍വസൈന്യാധിപനായ നേതാജി മുന്നണിയില്‍ത്തന്നെയുണ്ടാവും. ‘ചലോ ദില്ലി’ എന്ന മുദ്രാവാക്യം മുഴക്കി ഇന്ത്യയുടെ തലസ്ഥാനം ലാക്കാക്കി സൈന്യം മുന്നോട്ടു നീങ്ങും. സ്വാതന്ത്ര്യം അകലെയല്ലെന്ന് മൂവര്‍സംഘം സ്വപ്‌നം കണ്ടു.
(തുടരും)






















