പത്രം ഓഫീസ് പോലീസ് മുദ്ര വച്ചുവെന്നും പത്രാധിപര്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നുമുള്ള വാര്‍ത്ത മൗലവിയുടെ ചെവിയിലെത്തുമ്പോള്‍ അദ്ദേഹം ഒരു വാദപ്രതിവാദത്തിനിടയിലായിരുന്നു. രജതജൂബിലി ആഘോഷവേളയില്‍ ദിവാന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പത്രാധിപരുടെ ലേഖനം മാന്യമായില്ല എന്ന് ഒരു സുഹൃത്ത് അദ്ദേഹത്തോട് പറഞ്ഞു. മറ്റു രണ്ടുപേരുമായി സമുദായകാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ വിഷയം കടന്നുവന്നത്.
‘അമാന്യമായ ഒരു പ്രവൃത്തിയെ വിമര്‍ശിച്ചതല്ലേ? അതില്‍ മാന്യത കുറച്ചു കുറഞ്ഞാലെന്താ പ്രശ്‌നം?’ മൗലവി പത്രാധിപരെ ന്യായീകരിച്ചു.
‘നിങ്ങളുടെ പത്രാധിപര്‍ ശത്രുക്കളെ സൃഷ്ടിക്കുന്ന കാര്യത്തില്‍ ബഹുകേമന്‍ തന്നെ.’ അയാള്‍ വിട്ടുകൊടുക്കാന്‍ തയാറായില്ല.
‘സലീമേ, ശത്രുക്കളെ സൃഷ്ടിക്കാന്‍ വളരെ എളുപ്പമാണ്.നമ്മള്‍ സത്യം പറഞ്ഞാല്‍ മതി. നേരേ മറിച്ച് ഒരാള്‍, മിത്രമാവണമെങ്കില്‍ സത്യത്തെ മറച്ചുപിടിച്ചു അയാള്‍ക്ക് ഇഷ്ടപ്പെടുന്നതരത്തില്‍ കള്ളം പറയണം. അതിനു തയാറില്ലാത്ത കുറേ മനുഷ്യരുള്ളതുകൊണ്ടാണ് ഈ നാട് ഇങ്ങനെയെങ്കിലും മുന്നോട്ടു പോകുന്നത്.’
സലിം പിന്നെ വാദപ്രതിവാദത്തിനു മുതിര്‍ന്നില്ല. എന്നാല്‍, കൂട്ടത്തിലുണ്ടായിരുന്ന മുസ്തഫയ്ക്ക് അതങ്ങനെ വിട്ടുകളയാന്‍ തോന്നിയില്ല.
‘പത്രം രാമകൃഷ്ണപിള്ളയുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തതെന്തിന്? അങ്ങേക്കതിന്റെ നിയന്ത്രണം കൈയില്‍ വയ്ക്കാമായിരുന്നില്ലേ?’
‘എന്തിന്?’ മൗലവി ഒട്ടും മയമില്ലാതെ ചോദിച്ചു. ‘രാമകൃഷ്ണപിള്ള സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും ഉള്ള ഒരു പത്രാധിപരാണ്. അങ്ങനെയൊരാളെ നിയന്ത്രിക്കാന്‍ പോകുക എന്ന് പറഞ്ഞാല്‍ പത്രത്തെ നശിപ്പിക്കുക എന്നാണര്‍ത്ഥം.’
കൂട്ടത്തിലുണ്ടായിരുന്ന നാരായണന്‍ എന്ന സഹൃദയനും വ്യത്യസ്തമായ അഭിപ്രായമുണ്ടായിരുന്നു.
‘അങ്ങും സ്വന്തമായ അഭിപ്രായങ്ങളുള്ള ആളല്ലേ?’ അയാള്‍ ചോദിച്ചു. ‘പത്രത്തിന് കാശ് മുടക്കുന്ന ആളിന് പത്രത്തെ നിയന്ത്രിക്കാന്‍ അവസരമില്ലേ?’
‘പത്രത്തിന്റെ അവസാനവാക്ക് പത്രാധിപരാണ്. മുതലാളിയല്ല. എന്റെ നിലപാടുകളും അഭിപ്രായങ്ങളും പറയാനാണ്ഞാന്‍ ‘മുസ്ലിം’ തുടങ്ങിയത്.’
‘മുസ്ലിം’ ഒരു സമുദായത്തിനുവേണ്ടിയുള്ള മാസികയല്ലേ?’ മുസ്തഫ ചോദിച്ചു. ‘പൊതുസമൂഹത്തിന് അതില്‍ കാര്യമില്ലല്ലോ.’
‘എന്റെ സമുദായത്തിന്റെ ഉന്നമനത്തിനും പരിഷ്‌കരണത്തിനും വേണ്ടിയാണ് ഞാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതെന്ന് എനിക്ക് തോന്നി. പൊതുസമൂഹത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കന്‍ രാമകൃഷ്ണപിള്ള തന്നെയാണ്.’
‘മുസ്ലിമി’ല്‍ അങ്ങ് പൊതുസമൂഹത്തിന്റെ കാര്യങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ടല്ലോ.’ സലിം വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല.
‘അത് ‘ലോകാലോകം’ എന്ന പംക്തിയിലല്ലേ? ശരിയാണ്. നമ്മുടെ നാട്ടിലെ വിശേഷങ്ങളും അന്താരാഷ്ട്രവാര്‍ത്തകളും ഒക്കെത്തന്നെയാണ് അതില്‍ കൈകാര്യം ചെയ്യുന്നത്. പക്ഷേ, ഒരു മാസികയുടെ ചെറിയൊരു ഭാഗം മാത്രമാണത്. അതങ്ങനെ ഉള്‍പ്പെടുത്തുന്നതിന്റെ ഉദ്ദേശ്യം ആ മാസിക മാത്രം വായിക്കുന്ന നമ്മുടെ സമുദായക്കാര്‍ക്ക് സ്വല്പം ലോകവിവരം കൂടി ഉണ്ടാവട്ടെ എന്നതുകൊണ്ടാണ്.’
‘എഴുത്തും വായനയും വഴി നവോത്ഥാനമുണ്ടാക്കാം എന്നാണ് അങ്ങ് ചിന്തിക്കുന്നത്. സമുദായക്കാര്‍ അത് മനസ്സിലാക്കുന്നുണ്ടോ?’ മുസ്തഫ ചോദിച്ചു.
മൗലവി ചിന്താധീനനായി ഇരുന്നു. പിന്നെ ഒരാത്മഗതം പോലെ അദ്ദേഹം പറഞ്ഞു:
‘കഴിഞ്ഞ സെന്‍സസ് അനുസരിച്ച് തിരുവിതാംകൂറിലെ മുസ്ലീങ്ങളില്‍ ആയിരം ആണുങ്ങളില്‍ എണ്ണൂറ്റിനാപ്പത്തിരണ്ടുപേര്‍ വീതം അക്ഷരജ്ഞാമില്ലാത്തവരാണ്. സ്ത്രീകള്‍ നൂറ്റിന് ഒരാള്‍ക്കേ അക്ഷരജ്ഞാനമുള്ളൂ.. ഇവരെയൊക്കെ വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരിക കഠിനം തന്നെ.’
‘അതാണ് ഞാന്‍ പറയുന്നത്.’ നാരായണന്‍ പറഞ്ഞു, ‘സ്വദേശാഭിമാനി’ ആയിരുന്നെങ്കില്‍ അങ്ങയുടെ ആശയങ്ങള്‍ കൂടുതല്‍ ആളുകളിലേക്കെത്തിയേനെ.’
‘രാമകൃഷ്ണപിള്ളയുടെ ആശയങ്ങള്‍ എന്റെയും ആശയങ്ങള്‍ തന്നെ. അതങ്ങനെ തന്നെ പോട്ടെ. പക്ഷേ, ‘മുസ്ലിം’ മാസികയില്‍ പറയുന്ന കാര്യങ്ങള്‍ എനിക്കേ പറയാനാവൂ..രാമകൃഷ്ണപിള്ള പറഞ്ഞാല്‍ വേണ്ടാത്ത വ്യാഖ്യാനങ്ങള്‍ വരും.’
ചര്‍ച്ച ഇത്രത്തോളം എത്തിയപ്പോഴാണ് അശനിപാതം പോലെ തിരുവനന്തപുരത്തുനിന്നുള്ള വാര്‍ത്ത വരുന്നത്.
മൗലവി ചാടിയെഴുന്നേറ്റു. അദ്ദേഹത്തിന്റെ മുഖത്ത് കാര്‍മേഘങ്ങള്‍ പടര്‍ന്നു. കൂടെയുള്ളവര്‍ വാക്കുകള്‍ കിട്ടാതെ പരുങ്ങി.
‘കൃഷ്ണപിള്ളേ…’ മൗലവി ഉറക്കെ വിളിച്ചു.
ഓഫീസിനുള്ളില്‍ നിന്നും കൃഷ്ണപിള്ള പുറത്തേക്കോടി വന്നു.
‘വരിന്‍ നമുക്ക് തിരുവനന്തപുരത്തേക്ക് പോകാം.’
കൃഷ്ണപിള്ള അമ്പരപ്പോടെ അവരെയെല്ലാം മാറിമാറി നോക്കി.
—-
‘സ്വദേശാഭിമാനി’ ഓഫീസില്‍ മൗലവി എത്തുമ്പോള്‍ അവിടം വിജനമായിരുന്നു. വാതില്‍ പൂട്ടി മുദ്ര വച്ചിരുന്നു. ആളും അനക്കവുമില്ലാതെ ഒരു പത്രമോഫീസ്.. മൗലവിയുടെ മനസ്സിലെ തിരയിളക്കങ്ങള്‍ കൃഷ്ണപിള്ള കണ്ടു.
വഴിയറിയാത്ത പഥികനെപ്പോലെ മൗലവി അല്പനേരം അങ്ങനെ നിന്നുപോയി.
അതുവഴി വന്ന രണ്ടുപേര്‍ മൗലവിയെക്കണ്ട് അങ്ങോട്ടുചെന്നു.
‘പത്രാധിപരെ പോലീസ് കൊണ്ടുപോയി.’ അതിലൊരാള്‍ പറഞ്ഞു.
‘അറിഞ്ഞു.’
‘പ്രസ്സ് മൊത്തം എളക്കിക്കൊണ്ടുപോയി..അകത്തിനി ഒന്നുമില്ല.’
മൗലവി ഒന്നും മിണ്ടിയില്ല.
‘പത്രാധിപരെ എങ്ങോട്ടാണ് കൊണ്ട് പോയതെന്ന് അറിയാമോ?’ കൃഷ്ണപിള്ള ചോദിച്ചു.
‘സ്റ്റേഷനിലേക്കാണോ ജയിലിലേക്കാണോ.. ഒന്നുമറിയില്ല.’
അതും പറഞ്ഞു അയാള്‍ അപരന്റെ മുഖത്തുനോക്കി. അതില്‍ക്കൂടുതല്‍ തനിക്കുമറിയില്ലെന്ന മട്ടില്‍ അയാള്‍ തല കുലുക്കി.
പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ മാത്രമാണവിടെയുണ്ടായിരുന്നത്. പത്രാധിപര്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് മാത്രമേ അയാള്‍ക്കറിയുമായിരുന്നുള്ളൂ.
‘വലിയ ആപ്പീസറന്മാരാണ് ആ കേസു നോക്കണത്. നമ്മക്കൊന്നുമറിഞ്ഞൂടാ.’ അയാള്‍ ഒഴിഞ്ഞുമാറി.
അവിടെ നിന്ന് മടങ്ങുമ്പോള്‍ ഇനിയെന്ത്എന്ന ചോദ്യമാണ് മൗലവിയുടെ മനസ്സില്‍ ഉയര്‍ന്നുകൊണ്ടിരുന്നത്.കൂടെ നടക്കുന്ന കൃഷ്ണപിള്ളയും നിശ്ശബ്ദനായിരുന്നു. ആകെ തകര്‍ന്ന ഒരു മുഖഭാവമായിരുന്നു അയാളുടേത്. ഇനിയെങ്ങോട്ട് എന്ന ഭാവത്തില്‍ അയാള്‍ മൗലവിയെ നോക്കി. അയാളുടെ നേര്‍ക്ക് നോക്കിയില്ലെങ്കിലും ആ ചോദ്യം മൗലവി കേട്ടു.
‘പത്രാധിപരുടെ വീട്ടിലേക്കുതന്നെ പോകാം. ‘മൗലവി പറഞ്ഞു.’ കല്യാണി അമ്മ ഉണ്ടാവുമല്ലോ അവിടെ.’
ഏതാനുമടി നടന്നതേയുള്ളൂ, എതിരേ കൃഷ്ണപിള്ളയുടെ ഒരു പരിചയക്കാരന്‍ വന്നു.അയാള്‍ അകലെവച്ചേ ശബ്ദമുയര്‍ത്തി.
‘പിള്ളേ, നിങ്ങളുടെ പത്രമോഫീസ് പോലീസ് പൂട്ടി മുദ്ര വച്ചു അല്ലേ?’ അയാളുടെ ശബ്ദത്തില്‍ നിഗൂഢമായ സന്തോഷമാണോ ഉള്ളതെന്ന് മൗലവി സംശയിച്ചു. ചിലരങ്ങനെയാണല്ലോ, പ്രത്യേകിച്ച് കാരണമില്ലാതെ തന്നെ ആര്‍ക്കെങ്കിലും അഹിതമുണ്ടായാല്‍ ആഹ്ലാദമനുഭവിക്കുന്നവര്‍… അങ്ങനെ സമാധാനിച്ചു അദ്ദേഹം. ‘പത്രാധിപരുടെ വീടും പൂട്ടി മുദ്ര വച്ചു,കേട്ടോ.’ അയാള്‍ തുടര്‍ന്നു.
‘പത്രാധിപരുടെ ഭാര്യയും കുട്ടികളും എങ്ങോട്ടുപോയി?’
ആകാംക്ഷയോടെ കൃഷ്ണപിള്ള ചോദിച്ചു.
‘അങ്ങേരുടെ ഒരു സഹോദരിയില്ലേ, ഭഗവതി അമ്മ? അവരുടെ വീട്ടിലോട്ട് പോയെന്നാണ് കേട്ടത്.’
അയാള്‍ കടന്നുപോയപ്പോള്‍ മൗലവി കൃഷ്ണപിള്ളയോട് ചോദിച്ചു:
‘ഭഗവതി അമ്മയുടെ വീടറിയാമോ?’
‘അറിയാം’ എന്ന് പറഞ്ഞുകൊണ്ട് കൃഷ്ണപിള്ള വഴി തിരിഞ്ഞു. മൗലവി അയാളെ പിന്തുടര്‍ന്നു
ഭഗവതി അമ്മയുടെ വീട്ടിലേക്കു നടക്കുമ്പോള്‍ മൗലവിയുടെ മനസ്സ് ചിന്താഭരിതമായിരുന്നു. ഇനിയെന്ത് എന്ന ചോദ്യം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. പത്രത്തിന്റെ ഭാവിയല്ല, പത്രാധിപരുടെ ഭാവിയാണ് അദ്ദേഹത്തിന്റെ മനസ്സില്‍ ചോദ്യചിഹ്നമായി ഉയര്‍ന്നത്.
ഭഗവതി അമ്മയുടെ വീട്ടിലെത്തിയപ്പോള്‍ കുട്ടികളാണ് അവരുടെ അടുത്തേക്ക് ആദ്യം ഓടിയെത്തിയത്. മൗലവിയെയും കൃഷ്ണപിള്ളയെയും അവര്‍ക്കറിയാം. തങ്ങളുടെ പിതാവിനോട് അടുത്തുനില്ക്കുന്ന വ്യക്തികള്‍ എന്ന അടുപ്പം അവര്‍ക്കുമുണ്ട്.
മൗലവി കുട്ടികളെ തഴുകി കുശലാന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഭഗവതി അമ്മ അടുത്തേക്കുവന്നു.
‘കല്യാണിയെ കണ്ടായിരുന്നോ’ വന്നപാടെ അവര്‍ ചോദിച്ചു.
‘കല്യാണി അമ്മയെ അന്വേഷിച്ചാണല്ലോ ഞങ്ങള്‍ ഇങ്ങോട്ടു വന്നത്.’ അമ്പരപ്പോടെ മൗലവി പറഞ്ഞു.
‘കുട്ടികളെ പപ്പുവിന്റെ കൂടെ വിട്ടു. അവള്‍ കുറച്ചുകഴിഞ്ഞു വരാമെന്നു പറഞ്ഞു.’
‘അങ്ങനെയാണോ? നേരംഇരുട്ടാറായല്ലോ. എന്നാപ്പിന്നെ ഞങ്ങള്‍ അങ്ങോട്ട് ചെല്ലട്ടെ.’
മൗലവി തിരിഞ്ഞു നടന്നു. കൃഷ്ണപിള്ള പിന്തുടര്‍ന്നു. —-
പൂട്ടിയിട്ട ആ വീടിനെ ഇരുള്‍ മൂടുകയാണ്. കല്യാണി അസ്വസ്ഥതയോടെ നോക്കി. പിന്നിട്ട ജീവിതപാതകളിലൂടെയാണ് താന്‍ സഞ്ചരിച്ചത്. ഇനി ഇവിടെനിന്ന് മുന്നോട്ടു പോകണം. പിന്നിലേക്ക് തിരിഞ്ഞുനോക്കാനല്ലാതെ തിരിഞ്ഞുനടക്കാനാവില്ലല്ലോ..
അരണ്ട വെളിച്ചത്തില്‍ രണ്ടുപേര്‍ വീടിനെ സമീപിക്കുന്നത് അവള്‍ കണ്ടു. പോകാനായി എഴുന്നേറ്റ അവള്‍ അവിടെത്തന്നെ നിന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ ആളുകളെ തിരിച്ചറിഞ്ഞു. മൗലവിയും കൃഷ്ണപിള്ളയും. മനസ്സിലൂടെ ആശ്വാസത്തിന്റെ ഒരു കാറ്റ് വീശിക്കടന്നുപോയി.
അവള്‍ എഴുന്നേറ്റു. ആഗതരുടെ അടുത്തേക്ക് നീങ്ങി.
‘നേരം ഇരുട്ടിയല്ലോ. ഇവിടെ ഇരിക്കുകയാണോ?’ മൗലവി ചോദിച്ചു.
ഉള്ളില്‍ നിറഞ്ഞുകവിഞ്ഞ വികാരങ്ങള്‍ തിക്കിത്തിരക്കുകയാല്‍ കല്യാണിക്ക് മറുപടി പറയാനായില്ല.
‘ഞാന്‍ വിവരമറിഞ്ഞപ്പോള്‍ വൈകി. ഓഫീസില്‍ ഓടിയെത്തി. അപ്പോഴേക്ക് സാധനങ്ങളെല്ലാം കണ്ടുകെട്ടി ഓഫീസ് മുദ്ര വച്ച് കഴിഞ്ഞു. പത്രാധിപരെ കാണാന്‍ ശ്രമിച്ചു. നടന്നില്ല. പിന്നെ നിങ്ങള്‍ പത്രാധിപരുടെ സഹോദരിയുടെ വീട്ടിലുണ്ടെന്നറിഞ് അങ്ങോട്ട് ചെന്നു.. അപ്പോഴാണ് ഇവിടെത്തന്നെയുണ്ടെന്നറിഞ്ഞത്.’
‘അയ്യോ. അങ്ങിത്രയും ബുദ്ധിമുട്ടേണ്ടിയിരുന്നില്ല.’ കല്യാണി പറഞ്ഞു, ‘കുറേക്കാലം കഴിഞ്ഞ വീടല്ലേ? ഒരുപാട് ഓര്‍മ്മകളുണ്ട്. അതുകൊണ്ട് ഉടനെ ഇവിടം വിട്ടുപോകാന്‍ തോന്നിയില്ല.’
‘ഒരു കാലഘട്ടത്തെ അവര്‍ മായ്ച്ചുകളയാന്‍ ശ്രമിക്കുകയാണ്.’ മൗലവി മെല്ലെ നടന്നുകൊണ്ട് പറഞ്ഞു, ‘അഭിപ്രായസ്വാതന്ത്ര്യം അവര്‍ അത്രയും ഭയപ്പെടുന്നു. അദ്ദേഹത്തെ നാടുകടത്താന്‍ പോകുകയാണെന്ന് ഒരു സംസാരമുണ്ട്. കല്യാണിയമ്മ ഇവിടെത്തന്നെ ഉണ്ടാവില്ലേ?’
‘ഇല്ല. ഒരിക്കലുമില്ല.’ എടുത്തടിച്ചപോലെ മറുപടി വന്നു. ‘അദ്ദേഹം എവിടെയുണ്ടോ അവിടെയായിരിക്കും ഞാന്‍.’
മൗലവിക്ക് ഉത്തരം മുട്ടി.
‘ഇവിടെ ജോലി…..’
അദ്ദേഹം അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
‘തല്ക്കാലം ലീവെടുക്കാം.’ആത്മവിശ്വാസത്തോടെ കല്യാണി പറഞ്ഞു, ‘പിന്നെ പോകുന്ന സ്ഥലത്ത് വല്ല ജോലിയും കിട്ടിയാല്‍ ഇതങ്ങു കളയാം.’
ആ ഉറപ്പില്‍ കല്യാണി മുന്നോട്ട് കാല്‍ നീട്ടി വച്ചു.
‘അങ്ങ് വരൂ. നമുക്ക് തുറന്നിരിപ്പുള്ള വീട്ടിലേക്കു പോകാം.’
മൗലവിയും കൃഷ്ണപിള്ളയും കല്യാണിയുടെ പിന്നാലെ നടക്കാന്‍ തുടങ്ങുമ്പോള്‍ ഇരുട്ടിനെ മുറിച്ചുകൊണ്ട് ഒരു പോലീസുകാരന്‍ അവര്‍ക്കു മുന്നിലേക്ക് വന്നു.
‘എന്താ, ഇനിയും പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടോ?’
മുഖപരിചയം തോന്നിയ പോലീസുകാരനോട് മൗലവി ചോദിച്ചു.
‘ഇല്ല. പക്ഷേ, മുദ്രവച്ച ഓഫീസിലും വീട്ടിലും മേല്‍നോട്ടം നടത്തുകയാണ് എന്നെ ഏല്പിച്ചിരിക്കുന്ന ഡ്യൂട്ടി.’
ആ മറുപടി കേട്ട് അവര്‍ പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ പോലീസുകാരന്‍ മൗലവിയുടെ അടുത്തേക്ക് വന്നു.
‘പത്രാധിപരുടെ പേരിലാണ് കേസ്. മാപ്പിനപേക്ഷിച്ചാല് അങ്ങേക്ക് പ്രസ്സ് തിരികെ കിട്ടും.’
ഒട്ടും വൈകിയില്ല.. മൗലവി അയാള്‍ക്ക് മറുപടി കൊടുത്തു.
‘എന്റെ പത്രാധിപരില്ലാതെ എനിക്ക് പ്രസ്സെന്തിന്?’






















