ആ മനസ്സുകളുടെ കരച്ചില്‍ അങ്ങകലെ പാലക്കാട്ടിരുന്ന് ഒരു മാതൃഹൃദയം കേട്ടു.
ഒരു സാധാരണസ്ത്രീയായിരുന്നില്ല തരവത്ത് അമ്മാളു അമ്മ. പ്രശസ്തയായ സാഹിത്യകാരി. സ്ത്രീകളുടെ അഭ്യുന്നതിക്കുവേണ്ടി അവിശ്രമം പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തക. ടിപ്പു സുല്‍ത്താന്റെ ആക്രമണകാലത്ത് മലബാറില്‍ നിന്നും പാലക്കാട്ട് പറളിയില്‍ അഭയം തേടിയ ഒരു കുടുംബത്തിലെ അംഗമായിരുന്നു.
നാടുകടത്തലിന് കുറച്ചു മുന്‍പ് മദ്രാസില്‍ പോയി തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴി സുഹൃത്തായ കുന്നത്ത് ജനാര്‍ദ്ദനമേനോനോടൊപ്പം പാലക്കാട്ട് കുറച്ചുദിവസം രാമകൃഷ്ണപിള്ള താമസിച്ചിരുന്നു. അന്ന് തരവത്ത് അമ്മാളു അമ്മയെ പരിചയപ്പെടാന്‍ അവസരം കിട്ടിയിരുന്നു. സഹോദരനിര്‍വിശേഷമായ സ്‌നേഹമാണ് അന്ന് ഇരുവര്‍ക്കും പരസ്പരം അനുഭവപ്പെട്ടത്. അതിനുശേഷം അമ്മാളു അമ്മ അദ്ദേഹത്തിന്റെ രചനകളെയും പ്രവര്‍ത്തനങ്ങളെയും പിന്തുടര്‍ന്നുകൊണ്ടിരുന്നു. നാടുകടത്തലിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ അവരെ വളരെ വേദനിപ്പിച്ചു. രാമകൃഷ്ണപിള്ളയും കുടുംബവും മദ്രാസിലെത്തിയതിനുശേഷം അമ്മാളു അമ്മയും അവരും തമ്മില്‍ കത്തിടപാടുകളുണ്ടായിരുന്നു. അവര്‍ വീട്ടില്‍ വന്ന് തന്നെ കണ്ടതിനെപ്പറ്റി ഡോ. ടി.എം. നായര്‍ ജ്യേഷ്ഠത്തിക്ക് കത്തെഴുതിയിരുന്നു. ഈ ദമ്പതികളെപ്പറ്റിയുള്ള മതിപ്പും സ്‌നേഹവും ആ കത്തിലും നിറഞ്ഞു നിന്നു. രാമകൃഷ്ണപിള്ളയുടെ മാതാവിന്റെ മരണം അവരിലേല്പിച്ച തീവ്രദുഃഖം അമ്മാളു അമ്മയെയും ഉലച്ചു. കല്യാണി ഗര്‍ഭിണിയായപ്പോള്‍ അവരനുഭവിക്കുന്ന നിസ്സഹായത അമ്മാളു അമ്മ മനസ്സിലാക്കി. അങ്ങനെയാണ് പ്രസവം കഴിയുംവരെ തന്റെ വീട്ടില്‍ വന്നു നില്ക്കാന്‍ ആ കുടുംബത്തെ അവര്‍ ക്ഷണിച്ചത്.
അമ്മാളു അമ്മയുടെ ക്ഷണം ഈശ്വരാനുഗ്രഹമായാണ് രാമകൃഷ്ണപിള്ളയ്ക്കും കല്യാണിക്കും അനുഭവപ്പെട്ടത്.
ഒട്ടും വൈകാതെ ആ കുടുംബം പാലക്കാട്ടെത്തി. ഏറ്റവുമടുത്ത ബന്ധുവീട്ടിലെത്തിയ പ്രതീതിയായിരുന്നു അവര്‍ക്ക്.
‘ആദ്യം കുട്ടികള്‍ ഭക്ഷണം കഴിക്കട്ടെ. എന്നിട്ടാവാം കുശലവും കഥയും.’
അമ്മാളു അമ്മയും രണ്ടു പെണ്‍മക്കളും ഗോമതിയെയും മാധവനെയും ഏറ്റെടുത്തു. രാമകൃഷ്ണപിള്ളയും കല്യാണിയും കുളിയെല്ലാം കഴിഞ്ഞു തയ്യാറായി വന്നപ്പോള്‍ കുട്ടികള്‍ രണ്ടും, നിറവയറോടെ ഒളിച്ചുകളിക്കുകയായിരുന്നു.
ഭക്ഷണം കഴിഞ്ഞപ്പോള്‍ അമ്മാളു അമ്മ തന്റെ കുടുംബചരിതം അവരോടു വിവരിച്ചു. വടക്ക് വലിയ തറവാട്ടുകാരായിരുന്നെങ്കിലും പടയോട്ടക്കാലത്ത് പാലക്കാട്ട് അഭയം തേടുമ്പോള്‍ സമ്പത്തൊന്നും അവശേഷിച്ചിരുന്നില്ല. അങ്ങനെ ഇല്ലായ്മയിലും വല്ലായ്മയിലും തലമുറകള്‍ കടന്നുപോയി. കേട്ടുകേള്‍വി മാത്രമായിരുന്ന പഴയ ആഢ്യത്വവും സമ്പന്നതയും തിരിച്ചുപിടിച്ചത് തന്റെ പിതാവായ ശങ്കരന്‍ നായരായിരുന്നുവെന്ന് അമ്മാളു അമ്മ പറഞ്ഞു. അദ്ദേഹം മുന്‍സിഫായിരുന്നു. അച്ഛന്റെ കാലശേഷം എല്ലാം നോക്കി നടത്തേണ്ടിയിരുന്ന ജ്യേഷ്ഠന്‍ നിത്യരോഗിയായി കിടപ്പിലായി. അനുജനാവട്ടെ, ഉന്നതജീവിതാദര്‍ശങ്ങളുമായി മറുനാട്ടില്‍ ചേക്കേറി. കുടുംബഭാരം ചെറുപ്രായത്തിലേ ഒറ്റയ്ക്ക് പേറേണ്ടിവന്നു. ആദ്യവിവാഹം ഏറെ നീണ്ടുനിന്നില്ല. പുനര്‍ വിവാഹത്തിനെതിരായിരുന്നിട്ടും പിന്നെയും വിവാഹിതയായി. അതും നെടുനാള്‍ നീണ്ടില്ല. എന്നിട്ടും കുറെ മക്കള്‍ക്ക് ജന്മം കൊടുത്തു. പല കുട്ടികളും മരിച്ചു. ഇപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ മാത്രം അവശേഷിക്കുന്നു. ‘ഇത്രയും പ്രയാസങ്ങള്‍ക്കിടയ്ക്ക് എങ്ങനെ ഇത്രയും പുസ്തകങ്ങളൊക്കെ എഴുതാന്‍ കഴിഞ്ഞു?’ അദ്ഭുതത്തോടെ രാമകൃഷ്ണപിള്ള ചോദിച്ചു. ‘സാഹിത്യമുള്ളതുകൊണ്ടാണ് എനിക്ക് പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ സാധിച്ചത്’ ചെറുചിരിയോടെ അമ്മാളു അമ്മ പറഞ്ഞു.
വീടും പരിസരവുമെല്ലാം അവര്‍ അതിഥികളെ കൊണ്ടുനടന്നുകാണിച്ചു. തറവാട്ടുവീടിനടുത്തായി ഒരു ഔട്ട് ഹൗസുണ്ടായിരുന്നു. ഭംഗിയുള്ള ഒരു പത്തായപ്പുര. അവിടെയാണ് രാമകൃഷ്ണപിള്ളയ്ക്കും കുടുംബത്തിനും താമസം ഏര്‍പ്പാടാക്കിയിരുന്നത്.
‘പ്രത്യേകം വീട് തന്നു എന്നുവച്ച് നിങ്ങള്‍ എപ്പോഴും ഇവിടെത്തന്നെ ഇരിക്കണമെന്നില്ല. കുട്ടികള്‍ അവിടെവന്നു കളിക്കട്ടെ.’
അങ്ങനെ തന്നെയാണ് സംഭവിച്ചതും. മിക്കപ്പോഴും രാത്രി ഉറങ്ങാന്‍ മാത്രമായിരിക്കും അവര്‍ തങ്ങളുടെ വീട്ടിലെത്തുക.
അന്നു സന്ധ്യയ്ക്ക് തറവാട്ടുവീട്ടില്‍ നിന്നും ഗോമതിയുടെയും മാധവന്റെയും കീര്‍ത്തനങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി. അതുകേട്ട് രാമകൃഷ്ണപിള്ള ചോദിച്ചു: ‘ഇതൊക്കെ പുതിയ കീര്‍ത്തനങ്ങളാണല്ലോ.’
‘ഇത്രവേഗം അമ്മ ഇതൊക്കെ പഠിപ്പിച്ചെടുത്തു!’ ആശ്ചര്യത്തോടെ കല്യാണി പറഞ്ഞു.
കീര്‍ത്തനങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ തറവാട്ടിലേക്ക് ചെന്നു.
ഉമ്മറത്ത് തൂണില്‍ ചാരിയിരുന്ന് അമ്മ കുട്ടികള്‍ക്ക് ഒരു പുസ്തകത്തിലെ കഥ വായിച്ചുകൊടുക്കുകയായിരുന്നു. മറ്റൊരു പുസ്തകം നിലത്തു കിടപ്പുണ്ടായിരുന്നു. രാമകൃഷ്ണപിള്ള ആ പുസ്തകമെടുത്തു നോക്കി. ‘ഭക്തമാല’ ഒന്നാം ഭാഗമായിരുന്നു അത്. അമ്മാളു അമ്മ വായിച്ചുകൊണ്ടിരുന്നത് അവര്‍ തന്നെ രചിച്ച ‘ബാലബോധിനി’യായിരുന്നു.
കഥാപാരായണം കഴിഞ്ഞപ്പോള്‍ രാമകൃഷ്ണപിള്ള പറഞ്ഞു:
‘യൂറോപ്പിലൊക്കെ ബാലസാഹിത്യം എന്നൊരു സാഹിത്യശാഖ തന്നെയുണ്ട്. ഇവിടെ അതില്ല. അമ്മയുടെ പുസ്തകങ്ങള്‍ ഈ സാഹിത്യശാഖയില്‍ മലയാളത്തിലെ ആദ്യപുസ്തകങ്ങളാണ്.’
‘ഉവ്വോ? ഞാന്‍ അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല. കുട്ടികളെ രസിപ്പിക്കുന്ന പുസ്തകങ്ങള്‍ വേണമെന്ന് തോന്നി. അങ്ങനെ എഴുതിയതാണ്.’
‘ഞങ്ങളും കുട്ടികള്‍ക്കുവേണ്ടി എഴുതീട്ടുണ്ട്’ കല്യാണി പറഞ്ഞു, ‘പക്ഷേ, അതൊക്കെ പാഠപുസ്തകങ്ങള്‍ പോലെയാണ്.കുട്ടികള്‍ക്ക് വലിയ രസമൊന്നും തോന്നില്ല.’
‘കുട്ടികള്‍ക്ക് രസിക്കാന്‍ കഥകള്‍ തന്നെ വേണം’ രാമകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.
‘അത് ശരിയാണ്’ അമ്മാളു അമ്മ പറഞ്ഞു, ‘ഭക്തമാല’യ്ക്ക് ആവശ്യക്കാര്‍ കൂടുതലായതുകൊണ്ടാണ് ഞാനതിന് രണ്ടും മൂന്നും ഭാഗങ്ങള്‍ എഴുതിയത്.’
അങ്ങനെ കഥകള്‍ കേട്ടും അമ്മാളു അമ്മയുടെ കൊച്ചുമക്കളോടൊപ്പം കളിച്ചും ആനന്ദകരമായി കുട്ടികളുടെ ദിവസങ്ങള്‍ കടന്നുപോയി.
ഒരു ദിവസം രാമകൃഷ്ണപിള്ള കല്യാണിയോടു പറഞ്ഞു: ‘കുട്ടികള്‍ക്ക് വളരെ സന്തോഷമാണ്. ധാരാളം കാര്യങ്ങള്‍ അവര്‍ പഠിക്കുന്നുമുണ്ട്..പക്ഷേ പള്ളിക്കൂടത്തില്‍ ചേരാതെങ്ങനെ?’
‘ഇക്കാര്യം അമ്മ ഇന്നും കൂടെ സൂചിപ്പിച്ചിരുന്നു. നമ്മുടെ താമസം സ്ഥിരമാകാത്തതുകൊണ്ടാണ് പള്ളിക്കൂടത്തിലയയ്ക്കാന്‍ പറ്റാത്തത് എന്ന് പറഞ്ഞപ്പോള്‍ ഇവിടെയിപ്പോള്‍ സ്ഥിരമാണല്ലോ, പിന്നെന്താ എന്നാണ് ചോദിച്ചത്.’
രാമകൃഷ്ണപിള്ള ആലോചനയില്‍ മുഴുകി. പിന്നെ കല്യാണിയോടു പറഞ്ഞു:
‘എന്തായാലും എല്ലാക്കാലത്തും ഇവിടെ കഴിഞ്ഞുകൂടാന്‍ പറ്റില്ലല്ലോ. ഒരാളെ ആശ്രയിക്കുന്നതിലും പരിധിയില്ലേ? പ്രസവം വരെ എന്നാണല്ലോ നമ്മള്‍ കരുതീട്ടുള്ളത്.’
‘പ്രസവം കഴിഞ്ഞാലും ഉടനെ മാറാന്‍ പറ്റുമോ? എന്തായാലും ഒരു കൊല്ലം കൂടി നമ്മളിവിടെ കാണും. ഒരു കൊല്ലം പാഴാവാതെ നോക്കാമല്ലോ.’
കല്യാണി പറഞ്ഞത് രാമകൃഷ്ണപിള്ളയ്ക്കും സ്വീകാര്യമായി.
അങ്ങനെ ഗോമതിയും മാധവനും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായി.
തരവത്ത് വീട്ടില്‍ നിന്നും കുറച്ചകലെയായിരുന്നു വിദ്യാലയം. തരവത്തെ ഭൃത്യന്‍ രാവുണ്ണിക്കായിരുന്നു കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമുള്ള ചുമതല. മാധവന് നടക്കാന്‍ പ്രയാസമായിരുന്നു. അതുകൊണ്ട് രാവുണ്ണി അവനെ തോളിലെടുക്കും. വഴിയിലെ കാഴ്ചകള്‍ അവനെ ഭയപ്പെടുത്തും. ആടുകളുടെ വലിയ പറ്റങ്ങള്‍ വഴി മുടക്കിക്കൊണ്ടു വരും. വലിയ കന്നുകാലികളുമുണ്ടാവും. ഇതിനേക്കാള്‍ പേടിയുണ്ടാക്കുക ശവഘോഷയാത്രകളാണ്. മഞ്ചത്തില്‍ ഒരാള്‍ കണ്ണടച്ചിരിക്കുന്നു.. അയാളുടെ ദേഹത്ത് പൂമാലകളൊക്കെ ചാര്‍ത്തിയിട്ടുണ്ട്. കൊട്ടും വാദ്യവുമായി അയാളുടെ ചുറ്റും ആളുകള്‍ ചാടിത്തുള്ളി കളിച്ചുകൊണ്ടിരിക്കും. ഒരു സമുദായത്തിലെ ആളുകള്‍ മരിക്കുമ്പോള്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതാണതെന്ന് അച്ഛന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. എന്നിട്ടും മാധവന്റെ പേടി മാറിയില്ല.
പള്ളിക്കൂടത്തില്‍ മാധവനെ ഇരുത്തിക്കഴിഞ്ഞാല്‍ അവന്‍ രാവുണ്ണിയെ വിടാന്‍ സമ്മതിക്കില്ല. ഒളിച്ചും പതുങ്ങിയുമൊക്കെ രാവുണ്ണി പുറത്തോട്ടുപോകുമ്പോള്‍ മാധവന്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങിയോടും.
കുട്ടികള്‍ പള്ളിക്കൂടത്തിലേക്ക് പോകുന്ന കാഴ്ച രാമകൃഷ്ണപിള്ളയ്ക്ക് ആനന്ദകരമായിരുന്നു. ഉമ്മറത്തെ ചാരുകസേരയില്‍ അവര്‍ കാഴ്ചയില്‍ നിന്ന് മറയുന്നതുവരെ അങ്ങനെ നോക്കിയിരിക്കും.
പള്ളിക്കൂടത്തിലേക്കു വേണ്ട പുസ്തകങ്ങളൊക്കെ വാങ്ങി പൊതിഞ്ഞു കൊടുത്തു.. വയലറ്റുമഷിയില്‍ കുട്ടികളുടെ പേരുകള്‍ അതിലെഴുതി.. അതിലൊക്കെ അദ്ദേഹം വലിയ ആഹ്ലാദമനുഭവിച്ചു.
കല്യാണിയുടെ പ്രസവം അടുത്തുവന്നു. അതിനൊപ്പം ആലസ്യങ്ങളും പെരുകി.മിക്കസമയവും അമ്മാളു അമ്മയോടൊപ്പം തന്നെയായിരുന്നു അവള്‍. വയറ്റാട്ടി ഇടയ്‌ക്കൊക്കെ വന്ന് അത്യാവശ്യം വേണ്ട മരുന്നുകളും കഴിക്കേണ്ട ആഹാരസാധനങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും കൊടുക്കും.
പ്രസവം സുഖമായി നടന്നു. എന്നാല്‍ കല്യാണി പ്രസവക്കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കും മുന്‍പേ രാമകൃഷ്ണപിള്ള രോഗശയ്യയില്‍ വീണു. ജലദോഷപ്പനിയായിട്ടായിരുന്നു തുടക്കം. പതുക്കെപ്പതുക്കെ പനി കഠിനമായി. കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍ പോലുമുള്ള ത്രാണിയില്ലാതെയായി..
ആശങ്ക എറിയേറിവന്നു. രാമകൃഷ്ണപിള്ളയുടെ ജീവന്‍ തന്നെ അപകടത്തിലാണെന്ന തോന്നലുണ്ടായി.
കാലന്‍ ആ വീട്ടില്‍ വരിക തന്നെ ചെയ്തു. എന്നാല്‍, കൊണ്ടുപോയത് രാമകൃഷ്ണപിള്ളയുടെ ജീവനല്ല. നവജാതശിശുവിന്റെ ജീവനാണ്.
(തുടരും)






















