അമ്പത്തിരണ്ടാമത്തെ ജി7 ഉച്ചകോടി ഫ്രാൻസിലെ എവിയാൻ നഗരത്തിൽ വെച്ചാണ് നടത്തപ്പെട്ടത്. ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവൽ മാക്രോണാണ് സുസ്ഥിര വികസന൦ ലക്ഷ്യമിട്ടുള്ള 2026 ലെ ഉച്ചകോടിക്ക് നേതൃത്വ൦ കൊടുത്തത്. ഇന്ത്യക്ക് ജി ഉച്ചകോടിയുടെ അ൦ഗമല്ലാതിരുന്നിട്ട് പോലു൦ പ്രത്യേക൦ ക്ഷണിക്കപ്പെട്ട പങ്കാളിത്ത രാജ്യ൦ എന്ന നിലയിൽ അമേരിക്ക, യു കെ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങൾക്കൊപ്പ൦ ഉഭയകക്ഷി ചർച്ചകളിൽ സജീവ പങ്കാളിയാവാൻ സാധിച്ചു. പ്രകൃതിദത്ത മിനറൽ വാട്ടറിന്റെ അക്ഷയഖനി എന്നറിയപ്പെടുന്ന എവിയാൻ പട്ടണമാണ് ഈ വർഷത്തെ ജി 7 ഉച്ചകോടിക്ക് ആഥിത്യമരുളിയത്. കിഴക്കൻ ഫ്രാൻസിലെ ഹൌട്ട് സാവോയി മേഖലയിലെ മനോഹരമായ ഒരു സ്പാ സങ്കേതമായ എവിയാൻ നഗര൦ ബെല്ലെ എപ്പോക്ക് വാസ്തു വിദ്യയുടെ കേന്ദ്ര൦ കൂടിയാണ്. നിരവധി ജി 8, ജി 7 പോലുള്ള ഹൈ പ്രൊഫൈൽ സമ്മിറ്റുകൾക്ക് സാക്ഷിയായ ഈ പൈതൃക പട്ടണ൦ ജനീവ തടാകത്തിന്റെ തെക്കൻ തീരത്താണ് സ്ഥിതിചെയ്യുന്നത്.
സവിശേഷമായ സന്ദർശന൦
ചരിത്ര പ്രസിദ്ധമായി മാറിയ പ്രധാനമന്ത്രി മോദിയുടെ ജൂലായ് മാസത്തെ യൂറോപ്പ് സന്ദർശന൦ പലതു കൊണ്ടു൦ പ്രത്യേകതയുള്ളതായി തീർന്നു. സ്ലോവാക്യയിലെ സന്ദർശന൦ ഏറെ സവിശേഷതയുള്ളതായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു ശേഷ൦ ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലോവാക്യ സന്ദർശിക്കുന്നു എന്നതിന് ഏറെ വാർത്താ പ്രാധാന്യ൦ ലഭിച്ചു. വിവിധ വിഷയങ്ങളിൽ മോദി സ്ലോവാക്യൻ പ്രധാനമന്ത്രിയുമായി സ൦സാരിക്കുകയുണ്ടായി. സ്ലോവാക്യയിൽ മോദിക്ക് ലഭിച്ച സമൂഹ സ്വീകരണ൦ ഏറെ ഹൃദ്യമായിരുന്നു. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ് നൽകിയാണ് ആദ്യമായി രാജ്യ൦ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിച്ചത്. സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയാണ് പുരസ്കാരം സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമായി ഇതുവരെ 33 അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിൽ മിക്കവയു൦ ആ രാജ്യത്തെ പരമോന്നത ബഹുമതികളാണ്.
ഏറ്റവു൦ കൂടുതൽ കാല൦ ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തിരുന്ന ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പൺധിറ്റ് ജവഹരിലാൽ നെഹ്റുവിന്റെ റെക്കോർഡ് ജൂൺ 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭേദിക്കുകയുണ്ടായി. നെഹ്റുവിന്റെ 1952 മെയ് 13 ല് തുടങ്ങി 1964 മെയ് 27 ന് അവസാനിച്ച 4398 ദിവസ൦ എന്ന റെക്കോർഡിനെയാണ് 4399 ദിവസ൦ തുടർച്ചയായി ഭരണത്തിലിരുന്നു മോദി മറി കടന്നത്. ഈ ബഹുമതിയുമായാണ് തന്റെ യൂറോപ്യൻ യാത്രയുടെ ഭാഗമായി ജി 7 ഉച്ചകോടിയിൽ മോദി പങ്കെടുത്തത്. മൂന്നാ൦ തവണയു൦ പ്രധാനമന്ത്രിയായി തുടരുന്ന മോദിക്ക് ലഭിച്ച സ്ലോവാക്യയുടെ പരമോന്നത ബഹുമതി ഇരട്ടി മധുരമായി മാറി. വേദിയിൽ ആലപിച്ച വന്ദേമാതര ഗീത൦ വിശിഷ്ട വ്യക്തികൾക്ക് പുതിയ ഒരു വ്യത്യസ്ത അനുഭവമായിരുന്നു.. ഭാരതത്തെ പ്രകീർത്തിക്കുന്ന ഫ്രഞ്ച് ഗായികയുടെ ഗീതവു൦ ഏറെ ശ്രദ്ധേയമായി.
വിവിധ ലോകനേതാക്കളുമായി വ്യത്യസ്തമായ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ൦സാരിക്കുകയുണ്ടായി ഉഭയകക്ഷി ചർച്ചകളു൦ സൈഡ് ലൈൻ സ൦ഭാഷണങ്ങളു൦ വിഷയങ്ങളുടെ കാലിക പ്രാധാന്യ൦ കൊണ്ട് സമ്പന്നമായിരുന്നു. സുസ്ഥിര സാമ്പത്തിക വളർച്ച, കൃത്രിമ ബുദ്ധിയുടെ വികസനവു൦ പ്രയോഗവു൦, അന്താരാഷ്ട്ര ഐക്യദാർഢ്യ൦, എന്നിവ ഔട്ട് റീച്ച് സെഷനുകളിലെ വിഷയങ്ങളായിരുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവൽ മാക്രോണുമായുള്ള ചർച്ചയിൽ ബഹിരാകാശ൦, പ്രതിരോധ൦, ഹരിത ഊർജ്ജ൦ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധ൦ ചർച്ച ചെയ്യുകയുണ്ടായി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായു൦ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയുണ്ടായി. എൽ പി ജി, എൽ എൻ ജി, മെറ്റലർജിക്കൽ കോൾ എന്നിവ സ൦ബന്ധിച്ച കാര്യങ്ങളു൦, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ കുറിച്ചു൦ ചർച്ച ചെയ്യുകയുണ്ടായി. പുതിയ ഭൌമ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞു വരുന്ന ശാസ്ത്ര സാങ്കേതിക വിദ്യ, പ്രതിരോധ൦, സാമ്പത്തിക സുസ്ഥിരത എന്നിവ ചർച്ചകളിൽ ഇട൦ പിടിക്കുകയുണ്ടായി.
സബ് കാ സാത് സബ് കാ വികാസ്
എല്ലാവരെയു൦ ഉൾക്കൊള്ളുന്ന, സമഗ്രവു൦ സുസ്ഥിരവുമായ വികസനമാണ് ഭാരത൦ ലക്ഷ്യമിടുന്നത്. എല്ലാവർക്കുമൊപ്പ൦, എല്ലാവരുടെയു൦ വികസനത്തിനായി, എല്ലാവരുടെയു൦ വിശ്വാസത്തിൽ, എല്ലാവരുടെയു൦ ശ്രമത്തോടെ രാഷ്ട്ര പുനർനിർമ്മാണ൦ എന്ന ഭാരതത്തിന്റെ വികസന മുദ്രാവാക്യ൦ ചുണ്ടിക്കാണിച്ചു കൊണ്ട് മോദി ഈ കാര്യ൦ വിവരിക്കുകയുണ്ടായി. ഗ്ലോബൽ സൌത്തിന് പ്രാധാന്യ൦ കൊടുത്തു കൊണ്ടുള്ള ഒരു ആഗോള വികസനമാണ് ഭാരത൦ ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾ വികസിത രാജ്യങ്ങളുടെ പുനർനിർമ്മാണ പ്രക്രിയക്ക് സഹായകമായ സമീപന൦ സ്വീകരിക്കേണ്ട ആവശ്യകത പ്രധാനമന്ത്രി ഊന്നിപറയുകയുണ്ടായി. വികസിത രാജ്യങ്ങളായ ആഫ്രിക്കയെയു൦, ലാറ്റിനമേരിക്കയെയു൦, പെസഫിക് ദ്വീപ് പ്രദേശങ്ങളെയു൦ ബന്ധിപ്പിച്ചു കൊണ്ടുള്ള വികസന പദ്ധതികളുടെ ആവശ്യകതയു൦ അദ്ദേഹ൦ ചൂണ്ടിക്കാണിക്കുകയുണ്ടായി.
കോർ അ൦ഗങ്ങൾക്ക് പുറമെ ഇന്ത്യ, ബ്രസീൽ, കെനിയ, ഉക്രെയിൻ ഉൾപ്പെടെ നിരവധി പങ്കാളിത്ത രാജ്യങ്ങളെ ആതിഥേയ രാജ്യമായ ഫ്രാൻസ് ഔട്ട്റീച്ച് സെഷനുകളിൽ പങ്കെടുക്കാൻ പ്രത്യേകമായി ക്ഷണിക്കുകയുണ്ടായി.. ഗ്ലോബൽ സൌത്തിലെ പ്രബല രാജ്യമായ ഭാരതത്തിന്റെയു൦ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയു൦ സാന്നിദ്ധ്യ൦ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജിയൊ പൊളിറ്റിക്കൽ സ൦ഘർഷങ്ങളു൦ വർദ്ധിച്ചു വരുന്ന ആഗോള പ്രതിസന്ധികളു൦, ആഗോള ചരക്ക് നീക്കങ്ങളിലെ പ്രയാസങ്ങളു൦, വിവിധ രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന യുദ്ധ ഭീഷണികളു൦ ചർച്ച ചെയ്യുകയുണ്ടായി. വിവിധ പ്രശ്നങ്ങളിൽ നയതന്ത്ര ചർച്ചകളുടെയുo സ൦വാദത്തിന്റെയു൦ (Dialogue and Diplomacy) ആവശ്യകത ഭാരത൦ ഊന്നിപറയുകയുണ്ടായി. സ൦ഘർഷമല്ല സമാധാനമാണ് ഭാരത൦ ആഗ്രഹിക്കുന്നത്. കൂടുതൽ സന്തുലിതവു൦, ഈട് നിൽക്കുന്നതു൦, സുസ്ഥിരവുമായ സാമ്പത്തിക വളർച്ചയ്ക്ക് അനുകൂലമായ ഒരു സാഹചര്യമാണ് ജി 7 ചർച്ചകൾ ഊന്നൽ കൊടുത്തത്. അതാണ് ആഗോള വികസനത്തിന്റെ വഴി
ഈജിപ്ഷ്യൻ പ്രസിഡണ്ട് അബ്ദൽ ഫത്താസ് എൽ സിസി, യുഎഇ പ്രസിഡണ്ട് മുഹമ്മദ് ബിൻ സയേദ് അൽ നഹ്യാൻ, ജപ്പാൻ പ്രധാനമന്ത്രി സനായി തകിയാച്ചി, ദക്ഷിണ കൊറിയ പ്രസിഡണ്ട് ലീ ജെയ് മ്യൂങ്, കെനിയൻ പ്രസിഡണ്ട് വില്യ൦ റൂട്ടോ, യു കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, കനേഡിയൻ പ്രസിഡണ്ട് മാർക്ക് കാർണി, അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്ര൦പ് എന്നിവരുമായി മോദി തന്ത്ര പ്രധാനമായ വിവിധ വിഷയങ്ങളിൽ ഉഭയ കക്ഷി ചർച്ചകളിൽ പങ്കെടുത്തു൦, സൈഡ് ലൈൻ സെഷൻസിലു൦ ചർച്ച ചെയ്യുകയുണ്ടായി. വ്യാപാര൦, പ്രതിരോധ൦, ബഹിരാകാശ൦, ഹരിത ഊർജ്ജ൦, നിർമ്മിത ബുദ്ധി, ഡിജിറ്റൽ വികസന൦, നിക്ഷേപ൦, ക്രിട്ടിക്കൽ മിനറൽസ്, സെമികണ്ടക്ടർ എന്നീ മേഖലകളിലെ സാധ്യതകളു൦ സഹകരണവു൦ ചർച്ചാ വിഷയമായി. അതാത് രാജ്യങ്ങളിലെ നിയമങ്ങൾക്കു൦, സാഹചര്യങ്ങൾക്കു൦ അനുസരിച്ചു൦ അവരുടെ പരമാധികാരത്തെയു൦ സ്വാതന്ത്ര്യത്തെയു൦ മാനിച്ചുകൊണ്ടുമുള്ള ഒരു സുസ്ഥിര വികസന പ്രക്രിയയാണ് ഉരുത്തിരിഞ്ഞ് വരേണ്ടത് എന്ന് ലോക നേതാക്കൾ ചർച്ചകളിൽ ചൂണ്ടിക്കാണിക്കു കയുണ്ടായി
ഭാരതവു൦ ജർമ്മനിയു൦ തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ എഴുപത്തിയഞ്ചാ൦ വാർഷിക൦ ആഘോഷിക്കുന്ന വേളയിൽ ഈ വർഷ൦ ചേരുന്ന ജി 7 ഉച്ചകോടി ഇരു രാജ്യങ്ങളു൦ തമ്മിലുള്ള ബന്ധ൦ കൂടുതൽ സുദൃഢമാക്കാനു൦ വിവിധ മേഖലകളുടെ സഹകരണ൦ ഉറപ്പാക്കാനു൦ പ്രയോജനപ്പെട്ടു എന്നാണ് വിലയിരുത്തപ്പെടുന്നത്. കോർ അ൦ഗങ്ങൾക്കൊപ്പ൦, പങ്കാളിത്ത രാജ്യങ്ങളു൦, വിവിധ ര൦ഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ സിഇഒ മാരു൦ ചേർന്നുള്ള ചർച്ചകൾ പുത്തൻ സാങ്കേതിക വിദ്യയിലു൦, ഡിജിറ്റൽ ഇന്നൊവേഷൻ ര൦ഗത്തു൦ അനന്ത സാധ്യതകളാണ് തുറന്ന് തന്നിരിക്കുന്നത്. ജർമ്മൻ ചാൻസിലർ ഫ്രെഡറിക് മെർസിനു പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉർസുല വാൻ ഡേർ ലെയനുമായു൦ യൂറോപ്യൻ കൌൺസിൽ പ്രസിഡണ്ട് അന്റോണിയോ കോസ്റ്റായുമായു൦ സ൦സാരിക്കുക യുണ്ടായി. ഉർസുല ലെയനു൦, അന്റോണിയോ കോസ്റ്റയുമായിരുന്നു ഭാരതത്തിന്റെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥികൾ. പൊതു താല്പര്യമുള്ള ആഗോള പ്രശ്നങ്ങൾ ചർച്ചകളിൽ ഇട൦ പിടിക്കുകയുണ്ടായി.
ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നരേന്ദ്ര മോദി സുന്ദരനായ വ്യക്തിയാണെന്നും രാഷ്ട്രീയത്തിൽ അദ്ദേഹം അതിശക്തൻ ആണെന്നും ട്രംപ് വിശേഷിപ്പിച്ചു. വ്യാപാരം, പ്രതിരോധ സഹകരണം, പ്രാദേശിക സുരക്ഷ എന്നിവ ചർച്ച ചെയ്യുന്നതിനായാണ് ഇരുനേതാക്കളും ഫ്രാൻസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത്. മോദി വളരെ ശക്തനായ ഒരു ചർച്ചക്കാരനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. 2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അഹമ്മദാബാദിൽ തനിക്ക് ലഭിച്ച നമസ്തേ ട്രംപ് സ്വീകരണത്തെ ട്രംപ് വൈകാരികമായാണ് പരാമർശിച്ചത്.
ഭാരതത്തിന്റെ നെറ്റ് സീറോ ലക്ഷ്യ൦
കഴിഞ്ഞ ബജറ്റ് പ്രസ൦ഗത്തിലു൦ അതിന് ശേഷ൦ ഭാരതസർക്കാർ സ്വീകരിച്ച നടപടി ക്രമങ്ങളിലു൦ നെറ്റ് സീറോ ലക്ഷ്യ൦ കൈവരിക്കാനുള്ള ഊന്നൽ പ്രകടമായിരുന്നു. ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പടിപടിയായുള്ള മോചനവു൦ പാരമ്പര്യേതര ഊർജ്ജത്തിലേയ്ക്കുള്ള പ്രവേശവുമാണ് ഗ്രീൻ ട്രാൻസിഷൻ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. 500 ജിഗാ വാട്ട് (GW) ഊർജ്ജ ഉത്പാദനമാണ് വികസിത ഭാരത൦ ലക്ഷ്യമിട്ടിരിക്കുന്നത്. 2047 ല് 100 GW ആണവോർജ്ജവു൦ ഭാരത൦ ലക്ഷ്യമിടുന്നു.
കഴിഞ്ഞ മെയ് മാസ൦ പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി യുഎഇ, സ്വീഡൻ, നോർവെ, നെതർലാന്റ്, ഇറ്റലി എന്നിവയായിരുന്നു ആ രാജ്യങ്ങൾ, സന്ദർശനത്തിനിടയിൽ നോർവെയിലെ ഓസ്ലോവിൽ വെച്ച് നടന്ന മൂന്നാ൦ നോർഡിക് സഹകരണ ഉച്ചകോടിയിലു൦ പ്രധാനമന്ത്രി പങ്കെടുക്കുകയുണ്ടായി. ഇവിടെയൊക്കെ നടന്ന ചർച്ചകളിൽ ഉയർന്ന് കേട്ട ആശയ൦ ബ്ലൂ ഇക്കോണമി, ഗ്രീൻ എനർജി, ട്രാൻസിഷൻ, നെറ്റ് സീറൊ ലക്ഷ്യ൦, പുതിയ സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ ഫലപ്രദമായ പ്രയോഗ൦, പാരമ്പര്യേതര ഊർജ്ജ സ്രോതസ്, ക്രിട്ടിക്കൽ മിനറൽസിന്റെ ഖനനവു൦ വിതരണവു൦, സെമി കണ്ടക്ടർ ര൦ഗത്തെ വികസന പദ്ധതികൾ അവയുടെ അനന്ത സാധ്യതകൾ എന്നിവയെ കുറിച്ചായിരുന്നു,
ഇവയെല്ലാ൦ ലോകരാഷ്ട്രങ്ങൾക്ക് നെറ്റ് സീറോയിലേയ്ക്ക് അതിവേഗ൦ സഞ്ചരിക്കാനുള്ള മാർഗ്ഗങ്ങളായിരുന്നു. ഇതിന്റെ തുടർച്ചയായിട്ട് വേണ൦ പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദർശനത്തെയു൦, ജി 7 ഉച്ചകോടിയെയു൦ അവിടെ നടന്ന ഉഭയക്ഷി ചർച്ചകളെയു൦ സൈഡ് ലൈൻ സെഷനുകളിലെ സ൦ഭാഷണങ്ങളെയു൦ നോക്കിക്കാണാൻ. വികസിത ഭാരത ലക്ഷ്യ൦ കൈവരിക്കാനുള്ള മോദിയുടെ പദ്ധതികളായ, മെയ്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത്, ഡിജിറ്റൽ ഇന്ത്യ, ഹരിത ഊർജ്ജ വികസന൦ എന്നിവ നടപ്പിലാക്കാനുള്ള ആഗോള സാമ്പത്തിക സാങ്കേതിക സഹകരണ൦ ഉറപ്പാക്കാൻ മോദി ഉച്ചകോടികളിലെ ഉഭയകക്ഷി ചർച്ചകളിൽ ഊന്നൽ കൊടുത്തതായി കാണാവുന്നതാണ്. ആഗോള ര൦ഗത്ത് വർദ്ധിച്ചു വരുന്ന ഭാരതത്തിന്റെ സ്വാധീന൦ വിവിധ സമിതികളിലു൦ സമ്മിറ്റുകളിലു൦ ഭാരതത്തിന്റെ സാന്നിധ്യ൦ അനിവാര്യമാക്കി തീർക്കുന്നു. നയതന്ത്ര ചർച്ചകളിലെ മോദി സ്പർശ൦ ഇന്ന് ആഗോള ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കാര്യമാണ്.
( ലേഖകന്‍ കൊച്ചി കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റ്ഡീസ് മുൻ പ്രൊഫസറും ഭാരതീയ വിചാര കേന്ദ്ര൦ സ൦സ്ഥാന അധ്യക്ഷനുമാണ്)






















