- ജയ് ഹിന്ദ്
- മലബാര്‍ ക്ലോത്ത് ഹൗസ് (ചരിത്രനോവല്‍ ജയ് ഹിന്ദ് 3)
- ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് (ചരിത്ര നോവല്‍ ജയ് ഹിന്ദ് -4)
- അമ്മയുടെ വിയോഗം (ചരിത്ര നോവല്‍ ജയ് ഹിന്ദ്-2)
- ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരണം (ചരിത്ര നോവല്‍ ജയ് ഹിന്ദ് -5)
- സുഭാഷ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് (ചരിത്ര നോവല്‍ ജയ് ഹിന്ദ്-6)
- വീട്ടുതടങ്കലില്‍ നിന്നുള്ള രക്ഷപ്പെടല്‍ (ചരിത്ര നോവല്‍ ജയ് ഹിന്ദ്-7)
പഴയ കാര്യങ്ങള്‍ ആലോചിച്ചു നടന്നപ്പോള്‍ വഴിയേറെ ചവിട്ടിപ്പോന്നത് ശങ്കുണ്ണി അറിഞ്ഞില്ല. ചങ്ങലംപാടം താണ്ടി വിശാലമായ ചരല്‍പറമ്പിലേക്കു കേറിയതും തെക്കെപ്പാടത്തേക്കിറങ്ങിയതും പാടത്തിനക്കരെവന്നവസാനിക്കുന്ന കാളവണ്ടിപ്പാത വഴി വടക്കോട്ടു നടന്നതും സ്വപ്‌നത്തിലെന്നപോലെയാണ് ശങ്കുണ്ണിക്കു തോന്നിയത്. പാതയില്‍നിന്ന് കിഴക്കോട്ടുതിരിഞ്ഞ് കുണ്ടനിടവഴികളിലൂടെ പിന്നേയും നടന്നു. ആട്ടേരുവളപ്പിന്റെ പടിഞ്ഞാറേപടിക്കലെത്തി. മുളമ്പടി തള്ളിത്തുറന്ന് താഴേക്കിറങ്ങുമ്പോള്‍ ഉള്ളുപിടച്ചു.
വീടും നാടും മറന്നിട്ടിപ്പോള്‍ കൊല്ലം ആറുകഴിഞ്ഞു.
കണ്ണിലെണ്ണയൊഴിച്ച് പെറ്റമ്മ കാത്തിരിക്കുന്നുണ്ടാവുമെന്നെങ്കിലും ഒര്‍ക്കേണ്ടതായിരുന്നു. നാലു വയസ്സിനു മൂത്തതാണ് ശ്രീദേവിയേടത്തി. ഏടത്തി കോയമ്പത്തൂരില്‍ ഭര്‍ത്താവിന്റെ കൂടെയാണ്. കാപ്പിക്കടയാണ് കൃഷ്‌ണേട്ടന്. രണ്ടാണ്‍മക്കളായിരുന്നു അവര്‍ക്ക്. ആര്‍എസ്പുരത്തെ കൊച്ചുവാടകവീട്ടില്‍ പലപ്പോഴും പോയിട്ടും താമസിച്ചിട്ടുമുണ്ട്.
എട്ടുവയസ്സിനിളയതാണ് വിലാസിനി. അന്നവള്‍ക്ക് ഇരുപതുവയസ്സു പ്രായം. അവളുടെ കല്യാണം കഴിഞ്ഞോ, കുട്ടികളായോ – ഒരു രൂപവുമില്ല.
മധുരയില്‍നിന്ന് ബര്‍മ്മയിലേക്കു പറിച്ചുനട്ടപ്പോള്‍ വേരുപിടിക്കാനും തളിര്‍ക്കാനും ഒന്നുരണ്ടു കൊല്ലമെടുത്തു. ശങ്കുണ്ണിയെ പങ്കുകാരനാക്കി കിട്ടുണ്ണിമാമ ഒരു തുണിക്കട തുടങ്ങി. വലിയ ചെട്ടിയാരുടെ ബിസിനസ്സുകാര്യങ്ങളും മുറപോലെ നടന്നു.
പിന്നീട് ഐഎന്‍എയുടെ ഉദയം. ഗോശാലാ ക്യാമ്പിലെ ട്രെനിങ്ങ്. ഇന്ത്യനതിര്‍ത്തി കടന്ന് സര്‍വസൈന്യാധിപനായ നേതാജിയോടൊപ്പം യുദ്ധഭൂമിയില്‍. ശത്രുവിന്റെ തടവുകാരനായി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍.
ഐഎന്‍എ ഭടന്റെ യൂണിഫോമിട്ട ആ ദിവസം അമ്മയും പെങ്ങന്മാരും അമ്മാമന്മാരും വീടും നാടും നാട്ടുകാരും മനസ്സില്‍നിന്നു മാഞ്ഞുപോയിരുന്നു.
‘ഞാന്‍ ഐഎന്‍എയില്‍ ചേരുന്നു. എന്നെ ആരും അന്വേഷിക്കരുത്. യോഗമുണ്ടെങ്കില്‍ വീണ്ടും കാണാം.’
ഇങ്ങനെയൊരു കത്താണല്ലോ നാലുകൊല്ലംമുമ്പ് നാരായണമ്മാമയുടെ പേര്‍ക്കെഴുതി അയച്ചത്.
നീലഗഞ്ചന്‍ക്യാമ്പില്‍നിന്ന് വിടുതല്‍ കിട്ടി ഇന്ത്യന്‍ പട്ടാളത്തിന്റെ ട്രക്കില്‍ കല്‍ക്കത്തയില്‍ വന്നിറങ്ങിയപ്പോള്‍ സംശയിച്ചു, വരുന്ന വിവരത്തിന് നാരായണമ്മാമയ്‌ക്കൊരു കമ്പിയടിച്ചാലോ.
വേണ്ട. കമ്പിശ്ശിപായി പടികടന്നു വരുമ്പൊഴേ അമ്മ ബോധംകെട്ടു വീഴും. വിലാസിനി നെഞ്ചത്തടിച്ചു കരയും. മരണം അറിയിക്കാന്‍ വരുന്നയാളാണ് നാട്ടുമ്പുറത്തുകാര്‍ക്ക് കമ്പിശ്ശിപായി.
ബ്രിട്ടീഷുപട്ടാളത്തിനോടു യുദ്ധം ചെയ്യാനാണ് നേതാജി ഐഎന്‍എ ഉണ്ടാക്കിയതെന്ന് നാട്ടിലെല്ലാവര്‍ക്കുമറിയാം. കമ്പിശ്ശിപായിയെ കാണുമ്പോള്‍ അമ്മാമയും സങ്കടപ്പെടും. ദു:ഖം അമ്മാമ കടിച്ചൊതുക്കും. ശങ്കുണ്ണി ഐഎന്‍എയില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ യുദ്ധത്തിനു പോയിട്ടുണ്ടാകുമെന്നും സംഭവിക്കാന്‍ പാടില്ലാത്തതു സംഭവിച്ചിട്ടുണ്ടാകുമെന്നും അമ്മാമ ഉറപ്പിക്കും.
കത്ത് പോസ്റ്റുചെയ്താലും പ്രയോജനമില്ല. പത്തുദിവസമെങ്കിലും വേണം കത്ത് ഒറ്റപ്പാലത്തെത്താന്‍. ഒറ്റപ്പാലത്തുനിന്ന് ചുനങ്ങാട്ടേക്കെത്തണമെങ്കില്‍ പിന്നേയും രണ്ടുദിവസം. കൂടുതലാലോചിക്കാന്‍ നിന്നില്ല. മദിരാശിക്കു പുറപ്പെടുന്ന ആദ്യത്തെ വണ്ടിക്കുതന്നെ കയറിപ്പറ്റി. സന്തതസഹചാരികളായ കുട്ടികൃഷ്ണന്‍നായരും കുട്ടനുമുണ്ട് കൂടെ.
മൂന്നാംപക്കം പുലര്‍ച്ചേ മദിരാശി സെന്‍ട്രല്‍സ്റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ കരിയില്‍ കുളിച്ചിരുന്നു.
മംഗലാപുരം മെയില്‍ പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം. പ്ലാറ്റ്‌ഫോമിലെ ശുചിമുറിയില്‍ കയറി മൂവരും കയ്യും കാലും മുഖവും കഴുകി. പ്രഭാതകൃത്യങ്ങള്‍ കഴിച്ചുകൂട്ടി. വയറിന്റെ കത്തലടക്കാന്‍ ശൈവ ഉണവകത്തില്‍നിന്ന് മുമ്മൂന്നിഡ്ഡലിയും സാമ്പാറും അകത്താക്കി.
നേരത്തെ സ്റ്റേഷനിലെത്തിയതിനാല്‍ വണ്ടി പ്ലാറ്റുഫോമിലേക്കു വരുമ്പൊഴേ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിക്കൂടി. ഇരുന്നു യാത്രചെയ്യാന്‍ പറ്റി.
ശങ്കുണ്ണി മുറ്റത്തേക്കിറങ്ങിച്ചെന്നു. കോലായിലാരേയും കണ്ടില്ല. വിറയലോടെ ഇടനാഴിയിലേക്കു തുറക്കുന്ന വാതിലില്‍ മുട്ടി. അമ്മയായിരിക്കുമോ വാതിലു തുറക്കുക. അതോ വിലാസിനിയോ!
മൂന്നാംവട്ടം മുട്ടിയപ്പോഴാണ് വാതിലു തുറന്നത്. വിലാസിനി! ഇവള്‍ വളര്‍ന്നു വലിയ പെണ്ണായിരിക്കുന്നു. കോലായില്‍നില്‍ക്കുന്ന പട്ടാളക്കാരനെക്കണ്ട് അവള്‍ പേടിച്ചിട്ടുണ്ട്. അവള്‍ വേഗം അകത്തു കയറി വാതിലടച്ചു.
‘വിലാസിനി, ഇതു ഞാനാണ്. നിന്റെ ഏട്ടന്‍’
മറുപടി ഉണ്ടായില്ല.
‘ശങ്കുണ്ണ്യേട്ടനാണ്. വാതിലുതുറക്ക് പെണ്ണേ’
പിന്നേയുമൊരഞ്ചുനിമിഷം വേണ്ടിവന്നു വാതിലു തുറക്കാന്‍.
‘എവിടേയിരുന്നു ഏട്ടന്‍ ഇത്ര കാലം. ഒരു കത്തെങ്കിലും അയക്കായിരുന്നില്ലെ? ‘
‘കത്തെഴുതാന്‍ പറ്റിയില്ല. ജെയിലിലായിരുന്നു. എല്ലാം പറയാം. അമ്മയെ വിളിക്ക്’
അവള്‍ കരയാന്‍ തുടങ്ങി.
‘എന്തേ അമ്മ കിടപ്പാണോ?’
‘അമ്മ പോയില്ലെ ഏട്ടാ’
‘എവിടയ്ക്ക് ?’
‘ദൈവത്തിന്റെ അടുത്തിക്ക്. ഏട്ടന്‍ വരും വരുംന്ന് പടിക്കലേക്കു നോക്കിയിരിക്ക്യായിരുന്നു അമ്മ. പക്ഷവാതം വന്നു. ഒരു കൊല്ലം കിടന്നകിടപ്പു കിടന്നു. അമ്മ മരിച്ചിട്ട് ഈ ധനുവിലേക്ക് കൊല്ലം തികയും.’
****** ******
മധുരാനഗരത്തിലെ മീനാക്ഷിക്കോവില്‍പക്കത്തിലുള്ള തപാലാപ്പീസില്‍ ചിദംബരംചെട്ടിയാര്‍ക്ക് പ്രത്യേകം തപാല്‍പെട്ടി വെച്ചിട്ടുണ്ട്.
കാലത്തു പത്തുമണിയോടെ ചെട്ടിയാരുടെ വിശ്വസ്തനായ കിട്ടുണ്ണിപ്പണിക്കരാണ് തപാല്‍പെട്ടി തുറക്കാനായിപ്പോകുന്നത്. പെട്ടിയുടെ താക്കോല്‍ പണിക്കരുടെ കയ്യില്‍ ഭദ്രമായിരിക്കും.
പണിക്കര്‍ നാട്ടില്‍പോകുന്ന വേളകളില്‍ ചെട്ടിയാര്‍ സ്യാലനെ അയക്കുമായിരുന്നു. മല്ലിയുടെ ഇളയസഹോദരനാണ് രങ്കന്‍. ചെട്ടിയാര്‍ക്ക് രങ്കനെ അത്ര വിശ്വാസം പോരാ. മല്ലിയുടെ ഇഷ്ടത്തിനാണവനെ ബംഗ്ലാവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഉത്തരവാദപ്പെട്ട ജോലികളൊന്നും ഏല്‍പ്പിക്കാന്‍ പറ്റില്ല. കൃത്യതയോടെയും സമയത്തും ചെയ്തുതീര്‍ക്കില്ല. പത്തു ചെലവായാല്‍ കമ്പനിക്കണക്കില്‍ പന്ത്രണ്ടെന്നെഴുതിവെക്കും.
രഹസ്യ സ്വഭാവമുള്ള കത്തുകളുണ്ടായിരിക്കും തപാലുരുപ്പടികളുടെ കൂട്ടത്തില്‍. പശവെച്ചൊട്ടിച്ച കവര്‍, വെള്ളം നനച്ച് മൂടിയിളക്കി, കവറിനകത്തു മടക്കിവെച്ച കടിതം വായിച്ച് പഴയപടി ഒട്ടിച്ചുവെക്കാവുന്നതാണല്ലൊ. രങ്കനെ സംശയിക്കുന്ന സാഹചര്യം മുമ്പുണ്ടായിട്ടുണ്ട്.
ഈയിടെയായി കിട്ടുണ്ണിയുടെ അഭാവത്തില്‍ ചെട്ടിയാര്‍ കാറെടുത്ത് സ്വയം തപാലാപ്പീസില്‍ പോകുന്നു.
എന്നത്തേയുംപോലെ അന്നും കാലത്ത് പണിക്കര്‍ തപാലാപ്പീസില്‍ പോയി. കത്തുകളുടെ കൂട്ടത്തില്‍ പണിക്കര്‍ക്കുമുണ്ടൊരു കത്ത്. നാരായണന്റെ കൈപ്പട. അക്ഷരങ്ങള്‍ പെറുക്കിപ്പെറുക്കി എഴുതുന്നതാണ് അവന്റെ ശീലം.
പൊട്ടിച്ചുവായിച്ചു.
ശങ്കുണ്ണി നാട്ടിലെത്തിയിരിക്കുന്നു.
അവന്‍ മടങ്ങിവരവുണ്ടാവില്ലെന്നുതന്നെ എല്ലാവരും വിശ്വസിച്ചു. എന്നുതന്നെയാണ് പണിക്കരും കരുതിയത്.
ഇംഫാല്‍ ഫ്രണ്ടില്‍ ഐഎന്‍എ സൈന്യം മുന്നേറുകയായിരുന്നു. കാലം തെറ്റിവന്ന കാലവര്‍ഷം ഇംഫാല്‍ സമതലത്തെ വെള്ളപ്പൊക്കത്തില്‍ മുക്കിക്കളഞ്ഞു. കരയുദ്ധത്തിലായിരുന്നു ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മിക്കു പ്രാവിണ്യം. സൈന്യം ഇംഫാല്‍ വരെയെത്തിയത് അവരുടെ മിടുക്കുകൊണ്ടായിരുന്നു. വെള്ളക്കെട്ടില്‍ ഒരടിപോലും മുന്നോട്ടുവെക്കാനാവാതെ ഐഎന്‍എയുടെ ഭടന്മാര്‍ പകച്ചുനിന്നു. അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍ ബ്രിട്ടീഷാര്‍മ്മിയുടെ സഹായത്തിനെത്തി. ബ്രിട്ടീഷുപട്ടാളത്തിന്റെ മുമ്പില്‍ അവര്‍ ഇയാംപാറ്റകളെപ്പോലെ മരിച്ചുവീണുകൊണ്ടിരിക്കുന്നു എന്നാണ് പണിക്കര്‍ക്ക് ബര്‍മ്മയില്‍നിന്നു മടങ്ങുന്ന പരിചയക്കാരനില്‍നിന്നു കിട്ടിയ വിവരം.
നാരായണന്‍ എഴുതിയിരിക്കുന്നു: ‘ഇംഗ്ലീഷുപട്ടാളത്തിന്റെ യുദ്ധത്തടവുകാരനായിരുന്നുവത്രെ ശങ്കുണ്ണി കുറേ മാസങ്ങള്‍’.
അവന് ജീവഹാനി സംഭവിച്ചില്ലല്ലൊ എന്ന് പണിക്കര്‍ സമാധാനിച്ചു.. ചെട്ടിയാരുടെ സമ്മതം വാങ്ങി നാട്ടിലൊന്നു പോയിവരണം. എന്താണ് ആ നിഷേധിയുടെ ഭാവിപരിപാടി എന്നറിയണം.
പക്ഷേ, ശങ്കുണ്ണിയുടെ കാര്യം ഇനി ചെട്ടിയാരോടു പറയാന്‍ പറ്റില്ല. എല്ലാ സൗഭാഗ്യങ്ങളും വലിച്ചറിഞ്ഞുപോയവനാണവന്‍. അല്ലെങ്കില്‍ വേണ്ട. അവന്റെ മുഖം കാണാതിരിക്കുകയാണ് നല്ലത്. എന്തെങ്കിലുമായ്‌ക്കോട്ടെ. പുകഞ്ഞ കൊള്ളി പുറത്ത്.
ശങ്കുണ്ണിയെ എന്തിനു കുറ്റം പറയണം. അനുഭവിക്കാനുള്ളോര്‍ക്ക് ഭാഗ്യം വേണ്ടെ. അവനെക്കാണാത്ത ആധികൊണ്ടാണ് ദാക്ഷായണിയേടത്തി നേരത്തെ പോയത്. അവസാനമായി ഒരുനോക്കു കാണാന്‍പോലും ഏടത്തിക്കു ഭാഗ്യമുണ്ടായില്ല. വിലാസിനിയുടെ കല്യാണമാണെങ്കില്‍ ശരിയായിട്ടില്ല. എങ്ങനെ വരും നല്ലൊരാലോചന. എല്ലാം നശിപ്പിച്ചു ശങ്കുണ്ണി.
ശങ്കുണ്ണിയെ മധുരയ്ക്കു കൊണ്ടുവരുമ്പോള്‍ അവനു പന്ത്രണ്ടു വയസ്സാണ് പ്രായം. ചെട്ടിയാരുടെ അടുക്കളയില്‍ സഹായത്തിനു നിര്‍ത്തി. തറവാട്ടിലാണങ്കില്‍ അര്‍ദ്ധപട്ടിണി. കൊയ്തുകൊണ്ടുവരുന്ന നെല്ല് ആറുമാസത്തെ ആഹാരത്തിനു തികയില്ല. പെണ്ണുങ്ങള്‍ തമ്മില്‍ മത്സരം. കുത്തിവെച്ച അരി കലവറമുറിയില്‍നിന്ന് ഒളിച്ചുകടത്താനും വിറ്റുകാശാക്കാനും മിടുക്കുള്ള സ്ത്രീകളുമുണ്ട് തറവാട്ടില്‍.
ഉടുക്കാനും തേയ്ക്കാനും കൊടുക്കാന്‍ ബാദ്ധ്യസ്ഥരായ സമ്മന്തക്കാര്‍ പ്രാരാബ്ദം പറഞ്ഞ് ഒഴിഞ്ഞുമാറുന്നു. നെല്ലിനു വിലയില്ല. ചേമ്പും ചേനയും താളും തകരയും – ഇങ്ങനെയൊക്കെയാണ് തറവാട്ടിലും പഞ്ഞമാസങ്ങള്‍ തള്ളിനീക്കുന്നത്.
മധുരയ്ക്കു വരുമ്പോള്‍ ശങ്കുണ്ണി നാലാംക്ലാസു ജയിച്ചിരുന്നു. അന്ന് ചിദംബരം ചെട്ടിയാര്‍ ബിഎക്കു പഠിക്കുകയാണ്.
ചിദംബരത്തിന്റെ ഇഷ്ടക്കാരനായി, ശങ്കുണ്ണി. ഒഴിവു കിട്ടുമ്പോഴൊക്കെ അവന്‍ അണ്ണന്റെ മുറിയില്‍ ചെന്നു. ഇംഗ്ലീഷു പുസ്തകങ്ങള്‍ കൗതുകത്തോടെ മറിച്ചുനോക്കി.
‘ഉനക്ക് ഇംഗ്ലീഷ് പഠിക്കണമാ?’
‘ആമാങ്കേ’
ചിദംബരം ചെക്കനെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ പഠിപ്പിച്ചു. അക്ഷരം കൂട്ടിവായിക്കാറാക്കി. അവനുവേണ്ടി ചിത്രപുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടുവന്നു.
വിരലുകാണിച്ചാല്‍ മണിക്കണ്ഠം പിടിക്കുന്നവനാണ് ചെക്കന്‍. ഒന്നുരണ്ടു കൊല്ലംകൊണ്ട് അവന്‍ ഇംഗ്ലീഷ് എഴുതാനും വായിക്കാനും പഠിച്ചു. കൊച്ചുകൊച്ചു പുസ്തകങ്ങള്‍ തപ്പിത്തടഞ്ഞും പിന്നെ വേഗത്തിലും വായിച്ചു തുടങ്ങി.
കിട്ടുണ്ണിമാമയുടെ മുറിയിലുണ്ടായിരുന്ന രാമായണവും ഭാഗവതവും ഈണത്തില്‍ വായിച്ചു.
വലിയ ചെട്ടിയാര്‍ക്കും അവനെ വാത്സല്യമായിരുന്നു.
ശങ്കുണ്ണി വലുതായി. താടിയും മീശയും മുളച്ചു. കൈകാലുകള്‍ക്ക് ബലംവെച്ചു. അവന് പത്തിരുപത്തിരണ്ടു വയസ്സായി.
ചിദംബരം ഇപ്പോള്‍ ചിദംബരം ചെട്ടിയാരായി. ബര്‍മ്മയിലെ ബിസിനസ് ഇനി ചിദംബരം നോക്കിനടത്തട്ടെ എന്നായിരുന്നു വലിയ ചെട്ടിയാരുടെ തീരുമാനം.
ഇപ്പോള്‍ ബര്‍മ്മയിലുള്ള മാനേജരെ മധുരയ്ക്കു തിരിച്ചുവിളിക്കാം. പകരം കിട്ടുണ്ണി ചിദംബരത്തിന്റെകൂടെപ്പോട്ടെ എന്ന് വലിയ ചെട്ടിയാര്‍. കൂട്ടത്തില്‍ ശങ്കുണ്ണിയേയും കൂട്ടാന്‍ അനുവദിച്ചു. അടുക്കളയില്‍ കിടന്ന് തീയും പുകയുംകൊണ്ട് ജീവിതം ഹോമിക്കേണ്ടവനല്ല ഈ പയ്യന്‍. ഇവനു ഭാവിയുണ്ട്. ചവിട്ടിനില്‍ക്കുന്ന കോലായ താണുപോകുന്നു. വീടൊന്നാകെ വട്ടംചുറ്റുന്നു. വീഴാതിരിക്കാന്‍ കോലായത്തൂണില്‍ മുറുകെപ്പിടിച്ചു. പിന്നെ അരത്തിണ്ണയില്‍ തലകുമ്പിട്ടിരുന്നു ശങ്കുണ്ണി.
‘ശ്വാസം പോകുമ്പഴും ന്റെ ശങ്കുണ്ണി വന്ന്വോ എന്നാ അമ്മ ചോദിച്ചത്. ഇത്ര കണ്ണിച്ചോരല്യതായല്ലോ ഏട്ടന്? ഏട്ടന്‍ യുദ്ധത്തിന് പോയിട്ടുണ്ടാവും മരിച്ചിട്ടുണ്ടാവും എന്നല്ലേ എല്ലാവരും പറഞ്ഞത്. ഒടുക്കം നാരായണമാമയും അതു വിശ്വസിച്ചു’
‘കിട്ടുണ്ണിമാമ?’
‘ചെട്ട്യാരു മധുരയ്ക്ക് മടങ്ങീത്രെ. റംഗൂണിലെ ഓഫീസു പൂട്ടി. തുണിക്കട കിട്ടിയ വിലയ്ക്കു വിറ്റൂന്നാ അമ്മാമ പറഞ്ഞത്. ഏട്ടനെ വിശ്വസിച്ചാത്രെ അമ്മാമ കട തുടങ്ങീത്. എന്നാലും എന്റേട്ടാ, എന്തേ ഏട്ടനിങ്ങനെ തോന്നാന്‍. വിനാശകാലേ വിപരീതബുദ്ധി. അല്ലാതെന്താ പറയ്ാ’
ശങ്കുണ്ണി അകലേക്കു നോക്കിയിരുന്നു. എന്തു പറഞ്ഞാലും അവള്‍ക്കു മനസ്സിലാവില്ല, വിലാസിനിക്കു മാത്രമല്ല ആര്‍ക്കും.
മകനെക്കാണാതെ മരിക്കണമെന്നായിരിക്കും അമ്മയുടെ യോഗം. അവസാന നിമിഷം തുള്ളി വെള്ളം അമ്മയുടെ വായിലിറ്റിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അതെന്റെ വിധി.
തുളുമ്പിയ കണ്ണുകള്‍ ശങ്കുണ്ണി ഷര്‍ട്ടിന്റെ കൈകൊണ്ടു തുടച്ചു.
വീടിന്റെ പിന്നാമ്പുറത്തുനിന്ന് കൈക്കോട്ടു ചുമലില്‍വെച്ച് നാരായണമ്മാമ വന്നു. അമ്മാമ വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു. മണ്ണുപുരണ്ട കനത്ത കാലടികള്‍. പറമ്പിലെവിടെയോ കിളച്ചുമറിക്കുന്ന തിരക്കിലായിരുന്നിരിക്കണം. അതാണ് പടിഞ്ഞാറെ മുളമ്പടി തുറന്ന് ഒരാളിറങ്ങിവരുന്നത് അമ്മാമ കാണാതെ പോയത്.
അമ്മാമയ്ക്ക് ഒരു മാറ്റവുമില്ല. കാലം അമ്മാമയെ തൊടാന്‍ ധൈര്യപ്പെടാതെ കടന്നുപോയിരിക്കുന്നു.
ഉമ്മറത്തിരിക്കുന്ന പട്ടാളക്കാരനെക്കണ്ട് അമ്മാമ ഒരുനിമിഷം ഇടിവെട്ടിയപോലെ നിന്നു. പിന്നീട് ഒരക്ഷരം പറയാതെ കിണറ്റിങ്കരയിലേക്കു നടന്നു.
(തുടരും)






















