- ജയ് ഹിന്ദ്
- അമ്മയുടെ വിയോഗം (ചരിത്ര നോവല്‍ ജയ് ഹിന്ദ്-2)
- മലബാര്‍ ക്ലോത്ത് ഹൗസ് (ചരിത്രനോവല്‍ ജയ് ഹിന്ദ് 3)
- സുഭാഷ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് (ചരിത്ര നോവല്‍ ജയ് ഹിന്ദ്-6)
- ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് (ചരിത്ര നോവല്‍ ജയ് ഹിന്ദ് -4)
- ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരണം (ചരിത്ര നോവല്‍ ജയ് ഹിന്ദ് -5)
- വീട്ടുതടങ്കലില്‍ നിന്നുള്ള രക്ഷപ്പെടല്‍ (ചരിത്ര നോവല്‍ ജയ് ഹിന്ദ്-7)
റംഗൂണിലേക്കു പറിച്ചുനട്ടതിനുശേഷം ബംഗാളി യുവാക്കളുമായിട്ടായിരുന്നു ശങ്കുണ്ണിയുടെ കൂട്ട്. അവരുമായുള്ള സഹവാസം അവനെ പുതിയൊരാളാക്കി എന്നുവേണം കരുതാന്‍. ശങ്കുണ്ണി ബംഗാളികളേയും ബംഗാളിനേയും ഇഷ്ടപ്പെട്ടു.
‘അഹിംസാ പരമോ ധര്‍മ്മ’ പരമ്പരയാ പുലര്‍ന്നുപോരുന്ന ഈ വിശ്വാസം ശരിയല്ലെന്ന് സുഹൃത്തുക്കളായ ബംഗാളി യുവാക്കളെപ്പോലെ ശങ്കുണ്ണിയും വിശ്വസിച്ചു. കുനിഞ്ഞുനില്‍ക്കുന്നവന്റെ മുതുകത്തിടിക്കാനാണ് ആളുകള്‍ക്കിഷ്ടം. എന്തെളുപ്പം വീണമരത്തില്‍ ഓടിക്കയറാന്‍. ആരെടാ എന്നു ചോദിക്കുമ്പോള്‍ ഞാനെടാ എന്നു പറയാനുള്ള തന്റേടം വേണം.
വലത്തേ ചെകിടത്തടിക്കുന്നവന് ഇടത്തേ ചെകിടു കാണിച്ചുകൊടുക്കുന്നതിന്റെ യുക്തിയാണ് ശങ്കുണ്ണിക്കു മനസ്സിലാവാത്തത്.
എല്ലാം ദൈവഹിതം പോലെ നടക്കും എന്നാണ് ഇന്ത്യക്കാരുടെ മൂഢവിശ്വാസം. മുജ്ജന്മപാപം എന്നൊക്കെ ആശ്വസിക്കാന്‍ കൊള്ളാം. പോയജന്മത്തില്‍ പാപം ചെയ്തതുകൊണ്ടാണ് നീ ഈ ജന്മത്തില്‍ ചണ്ഡാളനായി ജനിച്ചത് എന്നു സമര്‍ത്ഥിക്കാം. മുജ്ജന്മത്തില്‍ പുണ്യം ചെയ്ത ഞാന്‍, കണ്ടില്ലെ, ഈ ജന്മത്തില്‍ ബ്രാഹ്മണനായി ജനിച്ചിരിക്കുന്നു!
തന്‍കാര്യം നേടാനായി ഇങ്ങനെ എത്രവേണമെങ്കിലും വാദിക്കാം. വേദങ്ങളും ഉപനിഷത്തുക്കളും സൗകര്യംപോലെ സ്വന്തം കാര്യത്തിനുവേണ്ടി വ്യാഖ്യാനിക്കാം.
എനിക്കു കിട്ടിയ ഈ ജന്മം എന്റേതാണെന്ന് ശങ്കുണ്ണി വിശ്വസിച്ചു.
ഏഴുകടലും കടന്നുവന്ന തൊലിവെളുത്ത സായിപ്പിനുമുമ്പില്‍ ഞാനെന്തിനു മുട്ടുമടക്കണം. ഇന്ത്യ ഇന്ത്യക്കാരുടേതാണ്. ഏലവും കുരുമുളകും കച്ചവടം ചെയ്യാന്‍ വന്ന വെള്ളക്കാര്‍ക്ക് കയറിടാന്‍ കഴുത്തുനീട്ടിക്കൊടുത്തതെന്തിനായിരുന്നു!
റംഗൂണിലെ ലൈബ്രറിയില്‍നിന്ന് ശങ്കുണ്ണി ധാരാളം പുസ്തകങ്ങളെടുത്തു വായിച്ചു. ചെട്ടിയാരുടെ ഓഫീസിലും തുണിക്കടയിലും പകല്‍നേരം തിരക്കായിരിക്കും. വായന രാത്രിയിലാക്കി.
പാതിരാവായാലും വായിച്ചുകൊണ്ടേയിരിക്കുന്ന മരുമകനെ പണിക്കര്‍ എപ്പോഴും ശാസിച്ചു.
”വിളക്കു കെടുത്തി ഉറങ്ങാന്‍ നോക്ക് ശങ്കുണ്ണി”
ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ ആസ്ഥാനത്ത് റിക്രൂട്ടിംഗ് തുടങ്ങാന്‍പോകുന്നതിന്റെ രണ്ടു ദിവസം മുമ്പേ ശങ്കുണ്ണി അമ്മാമന്റെ മുമ്പില്‍ ആ കൈബോംബു പൊട്ടിച്ചു.
”ഞാന്‍ നേതാജിയുടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേരാന്‍ പോകുന്നു. അമ്മാമ എന്നെ അനുഗ്രഹിക്കണം.”
ചെട്ടിയാരുടെ ഓഫീസ് കറങ്ങുകയാണെന്നും ഏതു നിമിഷവും കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് തലയില്‍വന്നുവീഴുമെന്നും കിട്ടുണ്ണിപ്പണിക്കര്‍ പേടിച്ചു. പണിക്കര്‍ കണ്ണുകളടച്ച് കസേരയില്‍ ചാരിയിരുന്നു.
”അമ്മാമെ!”
കുറേ സമയമെടുത്തു പണിക്കര്‍ക്ക് മരുമകന്റെ വാക്കുകളുടെ പൊരുള്‍ ഉള്‍ക്കൊള്ളാന്‍.
”ഇരിക്കുന്ന കൊമ്പു വെട്ടരുതേ ശങ്കുണ്ണി”
കിട്ടുണ്ണിപ്പണിക്കര്‍ സമയമെടുത്ത്, സാവകാശം, മരുമകനെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു.
”വലിയ ചെട്ടിയാരുടേയും ചിദംബരം ചെട്ടിയാരുടേയും നല്ല മനസ്സുകൊണ്ടാണ് നീ ഇത്രടംവരെ എത്തിയത്. എല്ലാ സ്വാതന്ത്ര്യവും അവര്‍ എനിക്കും നിണക്കും തന്നിട്ടില്ലെ. നമ്മളെ പരിപൂര്‍ണ്ണ വിശ്വാസമാണ് അച്ഛനും മകനും.
നീ പോയാല്‍ എങ്ങനെ ഞാന്‍ ചെട്ടിയാരുടെ ബിസിനസ്സുകാര്യങ്ങള്‍ ഒറ്റയ്ക്കു കൊണ്ടുനടക്കും? നിന്നെ കണ്ടിട്ടല്ലെ ഞാന്‍ ബര്‍മ്മയ്ക്കു പുറപ്പെട്ടത്. സ്വന്തമായൊരു ബിസിനസ് തുടങ്ങാനും അവര്‍ അനുവാദം തന്നു. നീതന്നെ പറ, ഏതു മുതലാളിമാരാണ് ഇതുപോലൊരു സൗജന്യം അനുവദിച്ചു തരിക.? വന്നവഴി മറക്കരുത് ശങ്കുണ്ണി””
ശങ്കുണ്ണിയുടെ മനസ്സു കല്ലായി.
”അമ്മാമ ഇനിയൊന്നും പറയണ്ട. ഞാന്‍ എന്റെ തീരുമാനം മാറ്റില്ല. ഐ.എന്‍.എ.യില്‍ ചേരാന്‍ ഞാന്‍ ഉറപ്പിച്ചുകഴിഞ്ഞു”
ശങ്കുണ്ണി രാജിക്കത്ത് അമ്മാമയുടെ മുമ്പില്‍വെച്ചു.
”ഇത് വലിയ ചെട്ട്യാര്‍ക്കു കൊടുക്കണം”
മുദ്രപ്പത്രത്തില്‍ എഴുതിത്തയ്യാറാക്കിയ, കച്ചവടം ഒഴിഞ്ഞുകൊണ്ടുള്ള രേഖയും അമ്മാമയെ ഏല്‍പ്പിച്ചു.
ഇങ്ങനെ സംഭവിക്കുമെന്ന് പണിക്കര്‍ക്കു സംശയമുണ്ടായിരുന്നു. അവന്റെ പങ്കിലേക്ക് ആയിരം രൂപ ശങ്കുണ്ണിക്കു കൊടുത്തു. ശങ്കുണ്ണി വാങ്ങാന്‍ കൂട്ടാക്കിയില്ല.
പറ്റില്ലെന്ന് പണിക്കര്‍. പണം ബലമായി ശങ്കുണ്ണിയുടെ കീശയിലിട്ടു. അവന്‍ അമ്മാമയുടെ കാലുതൊട്ടു വന്ദിച്ചു.
”അമ്മാമേ, ശപിക്കരുത്. എനിക്ക് അമ്മാമേടെ അനുഗ്രഹം വേണം.”
”നിന്നെ ശപിക്കാന്‍ ഞാനാര്. ദൈവം നിന്നെ രക്ഷിക്കട്ടെ”
അത്യാവശ്യ സാധനങ്ങള്‍ ഒരു ട്രങ്കുപെട്ടിയിലടുക്കിവെച്ചു. ശമ്പളത്തില്‍നിന്ന് മിച്ചംപിടിച്ച 1200 ഉറുപ്പികയും അമ്മാമ തന്ന ആയിരം വേറെയും പെട്ടിയിലുണ്ട്. 2000 ഉറുപ്പിക ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിലേക്ക് സംഭാവനയായി കൊടുക്കണം.
പറഞ്ഞുറപ്പിച്ചപ്രകാരം ശങ്കുണ്ണിയുടെ സംഘത്തിലുള്ള പതിനാറുപേരും ലീഗിന്റെ ഓഫീസിലെത്തിയിട്ടുണ്ട്. ശങ്കുണ്ണിയും അവരോടൊപ്പം വരിയില്‍ നിന്നു.
ശരിയായ സമയത്താണ് ശങ്കുണ്ണി അന്നദാതാക്കളായ ചെട്ടിയാന്മാരേയും അമ്മാമയേയും ഉപേക്ഷിച്ച് ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ ഓഫീസിലെത്തിയത്. ആകെ സമ്പാദ്യമായ രണ്ടായിരം രൂപയും ലീഗിനു സമര്‍പ്പിച്ചു. ശരീരശേഷിയും മനസ്ഥൈര്യവും റിക്രൂട്ടിംഗ് ഓഫീസറെ ബോദ്ധ്യപ്പെടുത്തി ശങ്കുണ്ണി ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേര്‍ന്നു. ഇനി ഞാന്‍ സിവിലിയനല്ല, ആസാദ് ഹിന്ദ് ഫൗജിന്റെ സൈനികനാണ്. വിജയം അല്ലെങ്കില്‍ മരണം; അതില്‍കൂടുതലൊന്നും ശങ്കുണ്ണി പ്രതീക്ഷിച്ചില്ല.
***** *****
ചിക്കാഗോവിലെ ലോകസര്‍വമതസമ്മേളനത്തില്‍ പങ്കെടുത്ത് വിശ്വവിശ്രുതനായി മടങ്ങിയ വിവേകാനന്ദസ്വാമികള്‍ തമിഴ്‌നാട്ടിലെ പാമ്പന്‍ തീരത്ത് കപ്പലിറങ്ങി. മദിരാശി ടൗണ്‍ഹാളില്‍ സ്വാമികള്‍ക്ക് സ്വീകരണം ഒരുക്കിയിരുന്നു. ഹാള്‍ നിറഞ്ഞു കവിഞ്ഞു. പക്ഷേ ആയിരക്കണക്കിനാളുകളാണ് ടൗണ്‍ഹാളിനുപുറത്തു നില്‍ക്കുന്നത്്. സ്വാമികള്‍ ഹാളിനുവെളിയിലേക്കിറങ്ങി. ഒരു കുതിരവണ്ടിയില്‍ കയറിനിന്ന് സ്വാമികള്‍ ജനങ്ങളോടു സംസാരിച്ചു.
വേദാന്തപ്രഭാഷണം കേള്‍ക്കാന്‍ വന്നവരെ സ്വാമികള്‍ ഞെട്ടിച്ചുകളഞ്ഞു.
മാനവസേവയാണ് മാധവസേവ. സഹജീവികളെ വിരാട്പുരുഷനായിക്കണ്ട് സേവചെയ്യുക. നിസ്വാര്‍ത്ഥ സേവകൊണ്ട് ചിത്തശുദ്ധിയും അതുവഴി ആത്മീയപുരോഗതിയും സ്വായത്തമാക്കുക. പുതിയ ക്ഷേത്രങ്ങളല്ലാ നമുക്കാവശ്യം. ഭാരതമാതാവിനെ ദേവിയായി സങ്കല്‍പ്പിച്ച് ആരാധിക്കുക.
സ്വാമികളുടെ ബംഗാളി ശിഷ്യന്മാര്‍ ഒരുപടികൂടി മുമ്പോട്ടുപോയി. പ്രിയശിഷ്യ സിസ്റ്റര്‍ നിവേദിത അവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായി. ഭാരതത്തിന്റെ ഭൂപടത്തില്‍ ‘’ഓം’’ മന്ത്രം ആലേഖനം ചെയ്ത് പുതുതായി നിര്‍മ്മിച്ച ക്ഷേത്രഭിത്തിയില്‍ തൂക്കിയിട്ടു. ആ ക്ഷേത്രത്തെ ഭവാനിമന്ദിര്‍ എന്നു വിളിച്ചു.
സ്വാമികള്‍ 1897ല്‍ പാമ്പന്‍തീരത്തു കപ്പലിറങ്ങുമ്പോള്‍ ബംഗാളിയായ സുഭാഷ് ചന്ദ്രന്‍ കട്ടക്കില്‍ പിറന്നുവീണതേ ഉള്ളു. 1902ല്‍ സ്വാമികള്‍ സമാധിയായി. അന്ന് സുഭാഷ്ചന്ദ്രന്് അഞ്ചു വയസ്സ്. എങ്കിലും സ്വാമികളുടെ ഉദ്‌ബോധനങ്ങളാണ് ആ ബാലന്് ആവേശമായത്.
അക്കാലത്തൊരു ദിവസം സുഭാഷ്ചന്ദ്രന്‍ വിവേകാനന്ദസ്വാമികളെപ്പോലെ സന്യാസിയാകണമെന്നു മോഹിച്ച് വീടുവിട്ടു. കാശിയിലെത്തി. കുട്ടിയുടെ ഇംഗിതമറിഞ്ഞ് രാമകൃഷ്ണമിഷന്റെ ബ്രഹ്മാനന്ദസ്വാമികള്‍ അയാളെ അടുത്തു പിടിച്ചിരുത്തി ഉപദേശിച്ചു. വീട്ടിലേക്കു തിരിച്ചയച്ചു.
വീട്ടില്‍ മടങ്ങിയെത്തിയ സുഭാഷ്ചന്ദ്രന്‍ വിവേകാനന്ദസ്വാമികളെത്തന്നെ ഗുരുവായി സ്വയം വരിച്ചു. സ്വാമിയുടെ വചനങ്ങള്‍ സുഭാഷ്ചന്ദ്രന്‍ അക്കാലം മുതല്‍ മനസ്സില്‍ കൊണ്ടുനടന്നു.
‘അടിമത്തത്തിലുള്ള ഒരു രാഷ്ട്രത്തിന് എന്തിനാണ് മതം!. നിങ്ങളുടെ ഏക കര്‍ത്തവ്യം, ശക്തിയാര്‍ജ്ജിച്ച് ഈ കൊള്ളക്കാരെ ഇവിടെനിന്നും തുരത്തുകയാണ്. അതിനു ശക്തി വേണം. ശക്തരാവാന്‍ സംഘടന വേണം. സംഘടിക്കാന്‍ സമര്‍പ്പണ മനോഭാവമുള്ള യുവാക്കള്‍ വേണം.’
‘ഉത്തിഷ്ഠത. ജാഗ്രത. പ്രാപ്യ വരാന്‍ നിബോധത’
വിപ്ലവകാരികളെ നയിക്കുക മാത്രമല്ല, ആപദ്ഘട്ടങ്ങളില്‍ സുഭാഷ് ചന്ദ്രബോസ് അവരുടെ കൂടെനിന്നു. അവരെ ജെയിലില്‍നിന്നിറക്കിക്കൊണ്ടുവരാനും അവര്‍ക്കുവേണ്ടി കേസുവാദിക്കാന്‍ പേരുകേട്ട വക്കിലന്മാരെ ഏര്‍പ്പാടാക്കാനും നേതാജി മുമ്പിലുണ്ടായിരുന്നു.
നേതാജി ഒരിക്കലും തന്റെ വിശ്വാസപ്രമാണങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ചില്ല. സ്വയം ആദ്ധ്യാത്മികസാധനകള്‍ അനുഷ്ഠിക്കുന്ന ആളാണെങ്കിലും ഈ കാര്യങ്ങള്‍ പൊതുജനശ്രദ്ധയില്‍പെടാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
രാവിലെ നേരത്തെ എഴുന്നേറ്റ് സാധനകള്‍ അനുഷ്ഠിച്ച് ഭഗവദ്ഗീത വായിച്ചുമാത്രം ഓരോ ദിവസവും തുടങ്ങി. സമയം കിട്ടുമ്പോള്‍ രാമകൃഷ്ണാശ്രമത്തില്‍പോയി ഭജനമിരുന്നു.
പ്രവര്‍ത്തനരംഗത്ത് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും വ്യക്തിവിരോധം ആരോടും വെച്ചുപുലര്‍ത്തിയില്ല. നേതാജിയെ കോണ്‍ഗ്രസില്‍നിന്നു പുകച്ചുപുറത്തു ചാടിക്കാന്‍ ഉത്സാഹിച്ചവരായിരുന്നു നെഹ്‌റുവും ആസാദും. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ രണ്ടു ബ്രിഗേഡുകള്‍ക്ക് നേതാജി നെഹ്‌റുബ്രിഗേഡെന്നും ആസാദ് ബ്രിഗേഡെന്നും പേരിട്ടു.
സുഭാഷ്ചന്ദ്രന്റെ അച്ഛന്‍ ജാനകിനാഥ്‌ബോസ് ബംഗാളിലെ പ്രശസ്തനായ വക്കീലായിരുന്നു. സമ്പന്ന കുടുംബം.
കോളേജില്‍ പഠിക്കുന്ന കാലത്ത് ബ്രിട്ടീഷുകാരനായ പ്രൊഫസര്‍ ഓട്ടന്‍ സായിപ്പിനെ കൈയേറ്റം ചെയ്ത കേസില്‍ സുഭാഷ്ചന്ദ്രനെ കോളേജില്‍നിന്നു പുറത്താക്കി. ഭാരതീയരെ പരസ്യമായി അധിക്ഷേപിച്ചു സംസാരിച്ചതിനാണ് സുഭാഷ്ചന്ദ്രന്‍ സായിപ്പിന്റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചത്.
അന്ന് അശുതോഷ് മുഖര്‍ജിയായിരുന്നു കല്‍ക്കത്താ യൂണിവേഴ്‌സിറ്റിയുടെ വൈസ്ചാന്‍സലര്‍. ദേശസ്‌നേഹികളോട് അനുഭാവമുള്ളയാളായിരുന്നു അദ്ദേഹം. അതിനാല്‍ സുഭാഷ്ചന്ദ്രന് പഠിപ്പു തുടരാനായി.
സുഭാഷ്ചന്ദ്രന്‍ ബിരുദമെടുത്തു. നീ സിവില്‍ സര്‍വീസ് പരീക്ഷ എഴുതണമെന്ന് അച്ഛന്‍. വെള്ളക്കാരന്റെ വാലാട്ടിപ്പട്ടിയായി ശിഷ്ടജീവിതം ജീവിച്ചുതീര്‍ക്കാനാണ് അച്ഛന്‍ നിര്‍ബന്ധിക്കുന്നത്.
ഐസിഎസ്സുകാരനാവാന്‍ താല്‍പ്പര്യമില്ലെന്ന് മകന്‍. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് അച്ഛന്‍ മകനെ കുറ്റപ്പെടുത്തുന്നു.
സുഭാഷ്ചന്ദ്രന് വാശിയായി. എങ്കില്‍ ഐസിഎസ് എഴുതിയെടുത്തിട്ടുതന്നെ കാര്യം. പരീക്ഷയ്ക്കിനി നാലേനാലു മാസങ്ങള്‍ മാത്രം.
1918ല്‍ ഇംഗ്ലണ്ടിലേക്കു കപ്പല്‍ കയറി. മൂന്നുകൊല്ലമെങ്കിലും ഇംഗ്ലണ്ടില്‍ താമസിച്ചുപഠിച്ചാണ് സാധാരണ എല്ലാവരും സിവില്‍സര്‍വീസിന്റെ പരീക്ഷയെഴുതുക. എന്നാല്‍ മൂന്നുമാസം മാത്രം പഠിച്ച്, പരീക്ഷയെഴുതി, മൂന്നാം റാങ്കോടെ സുഭാഷ്ചന്ദ്രന്‍ ഐസിഎസ് പാസ്സായി. ബിരുദ ദാനച്ചടങ്ങില്‍വെച്ചുതന്നെ, ‘ഞാനിതാ ഐസിഎസ് ഉപേക്ഷിക്കുന്നു’എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആച്ഛന്റെ ആഗ്രഹവും മകന്റെ വാശിയും ഒരേസമയം ഫലം കണ്ടു.
ദേശാഭിമാനത്തിന്റെ നോവ് ഉള്ളില്‍ കൊണ്ടുനടക്കുന്ന തനിക്ക് സഹിക്കാവുന്നതിലേറെയായിരിക്കും വെള്ളക്കാരന്റെ ധാര്‍ഷ്ട്യവും അവഗണനയും എന്ന് ഉത്തമബോധ്യമുള്ളതിനാലാണ് സുഭാഷ്ചന്ദ്രന്‍ ഐസിഎസ് വലിച്ചെറിഞ്ഞത്.
1921ല്‍ സുഭാഷ്ചന്ദ്രന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഗാന്ധിജിയെ കണ്ടു. ആദ്യ കാഴ്ചയിലും, പിന്നീടുള്ള സംസാരവേളകളിലും, തീവ്രചിന്താഗതിക്കാരനായ ഈ ബംഗാളി യുവാവ് തന്നോടൊപ്പം അഹിംസാമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുമെന്ന് ഗാന്ധിജിക്കു വിശ്വാസം വന്നില്ല. അഹിംസ ബംഗാളി യുവാക്കളുടെ രക്തത്തിലില്ലെന്ന് ഗാന്ധിജിക്കറിയാം.
ഈയാള്‍ക്കുപറ്റിയ ഒരു കോണ്‍ഗ്രസ് നേതാവുണ്ട് കല്‍ക്കത്തയില്‍. പ്രഗത്ഭനായ വക്കീലെന്നു പേരുകേട്ട ചിത്തരഞ്ജന്‍ദാസ്. ഗാന്ധിജി പ്രതീക്ഷിച്ചപോലെ, ഗുരുവിനു ചേര്‍ന്ന ശിഷ്യനായി, സുഭാഷ്ചന്ദ്രന്‍.
1923ല്‍ സുഭാഷ്ചന്ദ്രന്‍ ബംഗാളിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡണ്ടായി. പക്ഷേ, ഐസിഎസ് പുല്ലുപോലെ വലിച്ചെറിഞ്ഞ ഈ ബംഗാളി യുവാവ് പോലീസുകാരുടെ നോട്ടപ്പുള്ളിയായിരുന്നു.
ഒരാളെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും കേസുചാര്‍ജ്ജുചെയ്യാനും പ്രത്യേകം കാരണം വേണമെന്നില്ല. കാരണങ്ങള്‍ ഉണ്ടാക്കുകയല്ലെ. സുഭാഷ്ചന്ദ്രനെ കസ്റ്റഡിയിലെടുത്തു. ബര്‍മ്മയിലെ മാണ്ഡ്‌ലെ ജെയിലില്‍ പിടിച്ചിട്ട് പീഡിപ്പിച്ചതിനാല്‍ സുഭാഷ്ചന്ദ്രന്‍ സുഖക്കേടുകാരനായി. പിന്നീട് തടവില്‍നിന്നു വിടുതല്‍നേടി ആരോഗ്യം വീണ്ടെടുക്കാനായി യൂറോപ്പിലേക്കു കപ്പല്‍ കയറി.
മടങ്ങിവന്ന് പൂര്‍വാധികം ഉത്സാഹത്തോടെ രാഷ്ട്രീയപ്രവര്‍ത്തനം തുടര്‍ന്നു. 1938ലെ അഖി ലേന്ത്യോകോണ്‍ഗസ് സമ്മേളനത്തില്‍ ഗാന്ധിജി തന്നെയാണ് പ്രസിഡന്റു പദത്തിലേക്ക് സുഭാഷ് ചന്ദ്രബോസിന്റെ പേര്‍ നിര്‍ദ്ദേശിച്ചത്. സുഭാഷ്ചന്ദ്രന്‍ നേതൃനിരയിലേക്കു വരികയാണെങ്കില്‍ ഇടഞ്ഞുനില്‍ക്കുന്ന ബംഗാളികളെ കൂടെനിര്‍ത്താമെന്നായിരിക്കാം ഗാന്ധിജിയുടെ മനസ്സില്‍.
സുഭാഷ് ചന്ദ്രബോസ് പ്രസിഡന്റായി. അതു വേണ്ടിയിരുന്നില്ലെന്ന് ഗാന്ധിജിക്ക് ക്രമേണ ബോധ്യമായി. അദ്ദേഹത്തിന് അഹിംസ മൂലമന്ത്രമായിരുന്നു. സുഭാഷ്ചന്ദ്രനോ, പല സമരപരിപാടികളില്‍ ഒന്നുമാത്രം. ആവശ്യമെങ്കില്‍ ഹിംസയുടെ മാര്‍ഗ്ഗം സ്വീകരിക്കാമെന്ന പക്ഷക്കാരനാണ് സുഭാഷ്ചന്ദ്രന്‍.
1939ലെ ത്രിപുര കോണ്‍ഗ്രസ് സമ്മേളനത്തില്‍ പട്ടാഭിരാമയ്യരുടെ പേരാണ് ഗാന്ധിജി നിര്‍ദ്ദേശിച്ചത്. പട്ടാഭിയുടെ പരാജയം എന്റെ പരാജയമായിരിക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രസ്താവിച്ചു. എന്നിട്ടും പട്ടാഭി തോറ്റു.
സമ്മേളനം നടക്കുമ്പോള്‍ സുഭാഷ് ചന്ദ്രന്‍ പനിപിടിച്ച് അവശനായിക്കിടപ്പായിരുന്നു. സ്‌ട്രെച്ചറിലെടുത്താണ് അദ്ദേഹത്തെ സ്റ്റേജിലെത്തിച്ചത്. അസുഖം ഭേദമായി. ഇനി പ്രസിഡന്റിന്റെ ചുമതലയേല്‍ക്കാം. നെഹ്‌റു, വല്ലഭായ്പട്ടേല്‍, പണ്ഡിറ്റ് പന്ത്, ആസാദ് എന്നിത്രയുംപേരെ സുഭാഷ്ചന്ദ്രബോസ് പ്രവര്‍ത്തകസമിതിയിലേക്കു ക്ഷണിച്ചു. ഗാന്ധിജി പറയട്ടെ എന്ന് അവര്‍ നാലുപേരും ഒരേ ശബ്ദത്തില്‍ പറഞ്ഞു.
‘കോണ്‍ഗ്രസ് അദ്ധ്യക്ഷന് പ്രവര്‍ത്തകസമിതിയിലേക്ക് ആരെ വേണമെങ്കിലും നിശ്ചയിക്കാം, കോണ്‍ഗ്രസ് മെമ്പര്‍പോലുമല്ലാത്ത എന്റെ സമ്മതം ആവശ്യമില്ലല്ലൊ’ എന്ന് ഗാന്ധിജി.
ഗാന്ധിജി അടക്കമുള്ള ഇവരുടെ മനസ്സിലിരിപ്പെന്താണെന്ന് സുഭാഷ്ചന്ദ്രനു മനസ്സിലായി. പ്രസിഡന്റ് സ്ഥാനം മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നുതന്നെ രാജികൊടുത്ത് അദ്ദേഹം ഇറങ്ങിപ്പോരികയാണുണ്ടായത്.
ഇന്ത്യാചരിത്രം ഇവിടെവെച്ചാണ് ഗതിമാറിയൊഴുകിയത്.
ഇപ്പോഴും ബ്രിട്ടീഷ്‌സര്‍ക്കാറിന്റെ കണ്ണിലെ കരടാണ് സുഭാഷ്ചന്ദ്രന്‍. മുഴുത്ത വിപ്ലവകാരി. അവരുടെ കണ്ണില്‍ മറ്റൊരു ഭഗത്‌സിങ്ങ്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ഇയാളെ പുറത്തുനിര്‍ത്തുന്നത് അപകടമാണെന്ന് ബ്രിട്ടീഷധികാരികള്‍ക്ക് തോന്നിക്കാണും.
കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നൊരു കാരണം പറഞ്ഞ് സുഭാഷ്ചന്ദ്രനെ ജയിലിലടച്ചു. കൂട്ടത്തിലൊരു മൗലവിയേയും കസ്റ്റഡിയിലെടുത്തിരുന്നു. മൗലവിയെ പിന്നീട് നിരുപാധികം വിട്ടയച്ചു.
സുഭാഷ്ചന്ദ്രന്‍ നിരാഹാരം കിടന്നു. ബലംപ്രയോഗിച്ച് ഊട്ടാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. സുഭാഷ്ചന്ദ്രനെ വീട്ടുതടങ്കലിലാക്കി. വീട്ടിനുവെളിയില്‍ ശക്തമായ പോലീസ് കാവലും ഏര്‍പ്പെടുത്തി. വൈദ്യന്‍ വിധിച്ചതും രോഗി ഇച്ഛിച്ചതും പാല് !
വീട്ടില്‍ തിരിച്ചെത്തിയ സുഭാഷ്ചന്ദ്രന്‍ പോലീസുകാരോടും വീട്ടുകാരോടും കര്‍ശനമായിപ്പറഞ്ഞു:
”എനിക്ക് ഏകാന്തതയില്‍ സാധന ചെയ്യണം. ജ്യേഷ്ഠന്റെ മകളൊഴിച്ച് മറ്റാരും ശല്യപ്പെടുത്താന്‍ എന്റെ മുറിയില്‍ വരരുത്.”
പോലീസുകാര്‍ക്ക് സമാധാനമായി. ചെറുപ്പത്തില്‍ സന്യാസിയാവാന്‍ പുറപ്പെട്ടുപോയിട്ടുണ്ടത്രെ ഈ മനുഷ്യന്‍. മനംമാറ്റം വന്നിട്ടായിരിക്കണം സാധനചെയ്യാന്‍ ഏകാന്തത വേണമെന്ന് ആഗ്രഹിക്കുന്നത്.
(തുടരും)






















