”നിങ്ങള്‍ ഇപ്പോള്‍ കാണുന്നതുപോലെ ഒരു പ്രേതനഗരമായി സുവര്‍ണ്ണപുരി മാറിപ്പോയത് വന്‍തോതിലുള്ള ആയുധനിര്‍മ്മാണം കാരണമായിക്കൂടിയാണ് ”
”ലോകത്തിനു മുഴുവന്‍ ആയുധം വിറ്റഴിച്ചതുകൊണ്ട് ലഭിച്ച ശാപമാണെന്നാണോ പറയുന്നത്..”
ബാലസാഹിത്യത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2025), സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങിയവ ലഭിച്ച ശ്രീജിത്ത് മൂത്തേടത്തിന്റെ ‘സുവര്‍ണ്ണപുരിയിലെ മിന്നാമിന്നുങ്ങുകള്‍’ എന്ന ഏറ്റവും പുതിയ പുസ്തകത്തില്‍നിന്നാണിത്. ഭൂമിവാതുക്കലില്‍നിന്ന് സുവര്‍ണ്ണ പുരിയിലെത്തി നില്‍ക്കുന്ന എഴുത്തിന്റെ വിശാല നിലമുടമയായ ശ്രീജിത്ത് അദ്ധ്യാപകനാണ്. ശാസ്ത്രം, ബാലസാഹിത്യം, നോവല്‍, കഥകള്‍ എന്നിങ്ങനെ 48 വയസ്സിനിടെ വ്യാപരിച്ച മേഖല വലുതാണ്. അവിടെയൊക്കെയും മൂത്തേടത്തിന്റെ മുദ്രയുണ്ട്. ‘നാമ്പ്’ എന്ന ഡിജിറ്റല്‍ മാസികയിലൂടെ എഴുത്തിന്റെയും വായനയുടെയും കാലവും കുലവും സംരക്ഷിക്കുന്ന ശ്രീജിത്ത് പുതിയ എഴുത്തുകാരെ കണ്ടെത്തുന്നു, അവതരിപ്പിക്കുന്നു. സൗമ്യ സാമീപ്യമാണ് ശ്രീജിത്ത്, വിമര്‍ശനങ്ങളോട്, അല്ല, മനപ്പൂര്‍വ്വം ചിലര്‍ നടത്തുന്ന അവഹേളനങ്ങളോടു പോലും തുറന്ന് ഒരു ചിരി, പിന്നെ ഓരത്തൂടെ ഒച്ചയുണ്ടാക്കാതെ നടന്നു പോകും. എനിക്ക് അതിനൊന്നും ചെവികൊടുക്കാന്‍ സമയമില്ല, എന്റെ വഴി അതൊന്നുമല്ലെന്ന് എനിക്കറിയാം, മൂത്തേടത്ത് പറയും.
പുരസ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍, ചിലര്‍ സൃഷ്ടിച്ച വിവാദങ്ങളുടെ സാഹചര്യത്തില്‍ മൂത്തേടത്തുമായി സംസാരിച്ചപ്പോള്‍…
അധ്യാപകന്‍, ചെറുകഥാകൃത്ത്, ശാസ്ത്രമെഴുത്തുകാരന്‍ എന്നിങ്ങനെ വിവിധ മേഖലകളിലുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാര്‍ഡ്; ഇത് രണ്ടും ഒരേവര്‍ഷം (2025) നേടി. ഈ ചെറിയ പ്രായത്തില്‍ ശാസ്ത്രമെഴുത്തിലേക്ക് തിരിയുവാന്‍ ഉണ്ടായ പ്രേരണ എന്താണ്, എഴുത്തിന്റെ ലോകത്തേക്ക് എത്തിച്ചേര്‍ന്ന സാഹചര്യം പറയാമോ.
♠പ്രധാനമായും കുട്ടികള്‍ക്ക് വേണ്ടി എഴുതാന്‍ തുടങ്ങിയ കാലം മുതലാണ് ശാസ്ത്രമെഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടി ആദ്യമായി എഴുതിയത് 2016 ല്‍ ‘കുരുവികളുടെ ലോകം’ എന്ന ഒരു നോവലായിരുന്നു. അത് വളരെ ചെറിയ ഒരു നോവലാണ്. ശാസ്ത്രവുമായി ബന്ധപ്പെട്ടത് എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതിലുണ്ടായിരുന്നു. പിന്നീട് പ്രകൃതിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ എഴുതി തുടങ്ങിയപ്പോഴാണ് ആ വിഷയത്തിലെ ശാസ്ത്രീയ സത്യങ്ങളെക്കുറിച്ച് കൂടുതലറിഞ്ഞത്. ഓരോ പ്രകൃതി പ്രതിഭാസങ്ങള്‍ക്കും പിന്നിലുള്ള ശാസ്ത്രീയ കാരണങ്ങള്‍, സാധ്യതകള്‍ തുടങ്ങി എല്ലാം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നൊരു തോന്നലില്‍ നിന്നാണ് അത്തരത്തിലുള്ള അന്വേഷണങ്ങള്‍ ഉണ്ടാകുന്നതും, പിന്നീട് കൂടുതല്‍ രചനകളിലേക്ക് കടന്നതും. അത് സ്വാഭാവികമായി സംഭവിച്ചു പോയതാണ്. ‘നാളെ മുതല്‍ ശാസ്ത്രം എഴുതണം’ എന്നു കരുതി എഴുതിത്തുടങ്ങിയതൊന്നുമല്ല. ആദ്യമായി ശാസ്ത്രനോവല്‍ എന്ന വിഭാഗത്തില്‍ എഴുതിയിട്ടുള്ളത് ‘പെന്‍ഗ്വിനുകളുടെ വന്‍കരയില്‍’ എന്ന നോവലിനകത്തുള്ള കഥാപാത്രങ്ങളെ തന്നെ ഉപയോഗിച്ചുകൊണ്ട് എഴുതിയ ഒരു നോവലാണ് ‘സൂര്യയാത്രയുടെ വിസ്മയച്ചെപ്പ്.’ ഭൂമിയില്‍ നിന്നും സൂര്യനിലേക്ക് യാത്ര ചെയ്യുന്നു എന്നൊരു സങ്കല്‍പത്തില്‍ നിന്നാണ് ആ കഥ ഉണ്ടായത്. അത് പൂര്‍ണ്ണമായും ശാസ്ത്രമാണെന്ന് പറയാന്‍ പറ്റില്ല. എങ്കിലും ഞാന്‍ പഠിപ്പിക്കുന്ന ഭൂമിശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങളിലെ ഭൗമാന്തരീക്ഷത്തെപ്പറ്റി, സ്‌പെയിസിനെക്കുറിച്ച്, സൂര്യനെക്കുറിച്ചെല്ലാം അതില്‍ പ്രതിപാദിക്കുന്നുണ്ട്. എന്റെ അധ്യാപന വിഷയങ്ങള്‍ ഒരു തരത്തില്‍ ഇതിലെത്താന്‍ കാരണമായിട്ടുണ്ടെന്നു പറയാം. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം ആയിരുന്നു പുസ്തകം പ്രസിദ്ധീകരിച്ചത്. അവരാണ് ഇതൊരു ‘ശാസ്ത്ര നോവലാ’ണ് എന്ന് എന്നോട് പറയുന്നത്. അതേവരെ ഞാനാ രീതിയില്‍ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അപ്പോഴാണ് ശാസ്ത്ര നോവലെഴുതാന്‍ സാധിക്കുമെന്ന നിലയില്‍ ചിന്തിച്ച് തുടങ്ങിയത്. പിന്നെ അതിനു വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്തുകയായിരുന്നു.

ശ്രീജിത്തിന്റെ എഴുത്തിന്റെ വളര്‍ച്ച പരിശോധിക്കുമ്പോള്‍ രാഷ്ട്രീയ നോവല്‍, ഒപ്പം തന്നെ സാഹിത്യം, അതുപോലെ ശാസ്ത്രം പിന്നീട് ബാലസാഹിത്യം, ചരിത്രം തുടങ്ങിയ വിഷയങ്ങളെല്ലാം സ്പര്‍ശിച്ചു പോകുന്ന രചനകള്‍; ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ അധ്യാപകനാണ്, ചിത്രകാരന്‍ കൂടിയാണ്. ഇതിന്റെയൊക്കെ മിക്‌സ് എങ്ങനെ കൈകാര്യം ചെയ്യുന്നു.
♠കുട്ടിക്കാലത്ത് ഒരു ചിത്രകാരനായിത്തീരാനായിരുന്നു ആഗ്രഹം. വീടിനടുത്ത് ഭരതന്‍ എന്നൊരു ചിത്രകലാ അധ്യാപകന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ മാതൃകയാക്കി ഒരു ചിത്രകാരനാകണമെന്ന് ഹൈസ്‌കൂള്‍ കാലഘട്ടത്തിലൊക്കെ ഞാന്‍ നിശ്ചയിച്ചിരുന്നു. അതിന്റെ കൂടെത്തന്നെ എഴുത്തിനുള്ള താല്‍പര്യവുമുണ്ട്. എഴുത്തുകാരനാകുമെന്നൊന്നും ആ കാലത്ത് സങ്കല്‍പ്പിച്ചിട്ടേ ഇല്ല. പിന്നെ ഞാന്‍ എഴുതിത്തുടങ്ങിയത് കഥകളാണ്. കഥകള്‍ തന്നെയാണ് ആദ്യം പ്രസിദ്ധീകരിച്ചതും. കഥകളില്‍ നിന്നാണ് പിന്നീട് നോവലിലേക്ക് വരുന്നത്. എന്റെ പരിസരങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടോ അത് പ്രമേയമായി വരുന്ന രീതിയിലോ, ഞാന്‍ കണ്ടുമുട്ടിയ മനുഷ്യരെയൊക്കെ തന്നെ പ്രമേയമാക്കികൊണ്ടോ ഒക്കെത്തന്നെയാണ് കഥകളായാലും നോവലുകളായാലും രൂപപ്പെട്ടുവന്നിട്ടുള്ളത്. അതിനകത്ത് സ്വാഭാവികമായും രാഷ്ട്രീയവും മറ്റ് കാര്യങ്ങളും വന്നു എന്ന് മാത്രമേയുള്ളൂ. അല്ലാതെ രാഷ്ട്രീയ നോവല്‍ എഴുതണം എന്ന് വിചാരിച്ചുകൊണ്ട് ഒരു നോവല്‍ എഴുതിയതല്ല.
എഴുത്തിന്റെ ലോകത്തിലെത്തിയപ്പോള്‍ നാടിന്റെ കാര്യം സൂചിപ്പിച്ചല്ലോ… നാട്ടിലെ വായന ശാലകള്‍, അച്ഛന്റെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഇതൊക്കെ സ്വാധീനിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് ‘നിണവഴിയിലെ നിഴലുകള്‍.’ ആ നോവലിന്റെ ഒരു പശ്ചാത്തലം കൂടി ഒന്ന് പറയാമോ.
♠’നിണവഴിയിലെ നിഴലുകള്‍’ എന്ന നോവലില്‍ പ്രധാനമായിട്ടും ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല വിലയിരുത്തപ്പെട്ടത് എന്ന് ആദ്യംതന്നെ പറയട്ടെ. എണ്‍പത്, തൊണ്ണൂറുകളില്‍ ഞാന്‍ ജനിച്ച നാടിന്റെ ഒരു സാമൂഹിക പശ്ചാത്തലം അതായിരുന്നു. ഇന്നത്തെ കാലത്ത് സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്രയും തീവ്രമായിട്ടുള്ള കുറേയധികം അനുഭവങ്ങള്‍ അന്ന് ഉണ്ടായിട്ടുണ്ട്. ഒരു ദിവസം സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന സമയം. അന്ന് ഞാന്‍ ആറാം ക്ലാസിലാണ് പഠിക്കുന്നത്. സ്‌കൂളില്‍ നിന്ന് അധ്യാപകര്‍ കുട്ടികളോട് നേരത്തെ വീട്ടിലേക്ക് പോകാനും ആരോടും കണ്ടാല്‍ മിണ്ടുകയോ കൂട്ടംകൂടി നില്‍ക്കുകയോ അരുതെന്നും പറഞ്ഞു. ഏകദ്ദേശം സ്‌കൂളില്‍ നിന്നും മൂന്നു-നാല് കിലോമീറ്റര്‍ അപ്പുറത്താണ് വീട്. സ്‌കൂളില്‍ നിന്ന് നടന്ന് വീടിനടുത്തുള്ള ‘ഭൂമിവാതുക്കല്‍’ (വടകര-നാദാപുരം- വാണിമേല്‍ പ്രദേശത്ത്) ടൗണിലെത്തിയെപ്പോള്‍ വലിയൊരു സംഘര്‍ഷമാണ് കണ്ടത്. ആളുകള്‍ പരസ്പരം വെട്ടുന്നു, കുത്തുന്നു, കടകളില്‍ നിന്ന് സാധനങ്ങള്‍ വലിച്ചെറിയുന്നു. പിന്നീടുള്ള ഒരാഴ്ചക്കാലം അവിടെ വര്‍ഗ്ഗീയകലാപമായിരുന്നു (സിപിഎം- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ നാദാപുരം കലാപം). ഓരോ ദിവസവും ഒന്നോ രണ്ടോ ആളുകള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു. ഹിന്ദുക്കളുടേയും മുസ്ലിങ്ങളുടെയും പക്ഷത്തുനിന്ന് ഒരാഴ്ചക്കിടെ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. ഈയൊരു സാമൂഹിക യാഥാര്‍ത്ഥ്യങ്ങളൊക്കെ എന്റെ മനസ്സിലുണ്ട്. ഒപ്പം, എന്റെ വ്യക്തിജീവിതത്തിലെ വലിയ നഷ്ടമായ അച്ഛന്റെ (പി.എ. ഭാസ്‌കരന്‍ മാസ്റ്ററെ വീട്ടില്‍ കയറി ഒരു മഴക്കാല രാത്രിയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുകയായിരുന്നു) മരണവും കയ്‌പേറിയ അനുഭവങ്ങളുമൊക്കെ ചേര്‍ന്നാണ് ആ നോവലുണ്ടായത്. ആ പ്രദേശത്തുള്ള മനുഷ്യര്‍ വളരെ നല്ലവരായിരുന്നു. വളരെ നല്ല ഹൃദയബന്ധമുള്ള, പരസ്പരം സ്‌നേഹിക്കുന്ന, മതാതീതമായിട്ടും രാഷ്ട്രീയാതീതമായിട്ടും വളരെയധികം സ്‌നേഹിക്കുന്ന മനുഷ്യര്‍. പക്ഷേ ചെറിയ തെറ്റിദ്ധാരണകളുടെ മേല്‍ പരസ്പരം പോരടിക്കുകയും ചെയ്യും. ഇതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ എന്താണെന്ന് അന്വേഷിക്കണമെന്ന തീരുമാനത്തില്‍ നിന്നാണ് ‘നിണവഴിയിലെ നിഴലുകള്‍’ എഴുതിയത്. ആ ഒരു കണ്ടെത്തലിനു വേണ്ടിയുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്.
‘ഭൂമിവാതുക്കലിലെ സൂര്യോദയം’ എന്ന രചനയിലുമുണ്ട് സ്വന്തം നാടിന്റെ കഥ. പക്ഷേ, അതില്‍ നിന്ന് വളരെ വ്യത്യസ്തമായ ലോകത്തേക്കാണ് ‘പെന്‍ഗ്വിനുകളുടെ വന്‍കരകളില്‍’ നാം പോകുന്നത്. ഇത് എഴുത്തിന്റെ വളര്‍ച്ചതന്നെയാണ്. അതെങ്ങനെയാണ് രൂപപ്പെട്ടത്.
♠’ഭൂമിവാതുക്കലിലെ സൂര്യോദയ’മായാലും ‘നിണവഴികളിലെ നിഴലുകള്‍’ ആയാലുമൊക്കെ തന്നെ, എന്റെ മനസ്സില്‍ തോന്നിയതും, ഞാന്‍ കണ്ടും കേട്ടും മനസ്സിലാക്കിയതുമായിട്ടുള്ള സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌കരിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു. പക്ഷേ ‘പെന്‍ഗ്വിനുകളുടെ വന്‍കരയില്‍’ കുട്ടികള്‍ക്കുവേണ്ടി എഴുതിയ നോവലാണ്. രണ്ടും രണ്ട് തലത്തില്‍ നില്‍ക്കുന്ന രചനകളാണ്. എന്റെ പ്രദേശത്തെ വളരെ നിഷ്‌കളങ്കരായിട്ടുള്ള മനുഷ്യര്‍ ചെറിയൊരു പ്രശ്‌നമുണ്ടാകുമ്പോഴേക്കും സംഘര്‍ഷത്തിലേര്‍പ്പെടാനുണ്ടായ മാനസികാവസ്ഥയില്‍ മാറ്റമുണ്ടാകണം എന്നൊരാഗ്രഹം എന്നിലുണ്ടായിരുന്നു. വിദ്വേഷത്തിനുപകരമായി ഉണ്ടാവേണ്ടത് സ്‌നേഹമാണ്. സഹജീവി സ്‌നേഹത്തിലൂടെയും പരിസ്ഥിതി സ്‌നേഹത്തിലൂടെയും ആ സ്‌നേഹത്തെ നമുക്ക് വളര്‍ത്തിയെടുക്കാന്‍ സാധിക്കും. മുതിര്‍ന്നവരേക്കാള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹം നട്ടുപ്പിടിപ്പിക്കാന്‍ സാധിക്കുന്നത് കുട്ടികളിലാണ്. ആ ഒരു ആശയം മനസ്സിലുള്ളതുകൊണ്ടാണ് കുട്ടികള്‍ക്കുവേണ്ടിയുള്ള രചനകള്‍ എഴുതി തുടങ്ങിയത്. പഞ്ചതന്ത്രസാഹിത്യത്തില്‍ നിന്നാണ് പൊതുവെ ബാലസാഹിത്യം കൂടുതലായി വന്നിട്ടുള്ളത്. അതില്‍ നിന്നു വ്യത്യസ്തമായി കുറച്ചുകൂടി ആനുകാലിക വിവരങ്ങള്‍ ചേര്‍ന്നുള്ളതാവണം എന്ന തീരുമാനത്തില്‍ ശാസ്ത്രീയമായിട്ടുള്ള കാഴ്ചപ്പാടുകൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഞാന്‍ ആ രചന ആരംഭിച്ചത്. മാനുഷിക, മാനവിക ഗുണങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുക എന്നതുകൂടി ഇതിന്റെ ലക്ഷ്യമായിരുന്നു. അത്തരം രചനകള്‍ നടത്തണമെന്നത് ഒരു ആഗ്രഹവുമായിരുന്നു.

വായന, പുസ്തകവായന, കുറഞ്ഞുവരുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. സാഹിത്യകൃതികള്‍ വായിക്കാന്‍ കുട്ടികള്‍ക്ക് താല്‍പര്യം കുറയുന്നൊരു കാലം, അപ്പോഴാണ് ശാസ്ത്ര നോവലുകള്‍ എഴുതുകയും അതില്‍ വിജയം നേടുകയും ചെയ്യുന്നത്. വാസ്തവത്തില്‍ അങ്ങൊരു വെല്ലുവിളിയാണ് സ്വീകരിച്ചത്. അതിനെപ്പറ്റിപ്പറഞ്ഞാല്‍...
♠ഇന്നത്തെ കുട്ടികളുടെ മനസ്സിനനുസരിച്ചുള്ള അവരുടെ ഭാവനയേയും ചിന്തകളേയും തൃപ്തിപ്പെടുത്തുന്ന രചനകള്‍ ഉണ്ടാവാത്തതുകൊണ്ടാണ് കുട്ടികള്‍ വായനയില്‍ നിന്ന് പിന്നോട്ട് പോകുന്നത്. അവരെ കൂടുതലായി ആകര്‍ഷിക്കുന്ന അവരുടെ ചിന്തകളേയും മനസ്സിനേയും ബുദ്ധിയേയും വെല്ലുവിളിക്കാന്‍ പറ്റുന്ന രീതിയിലുള്ള രചനകള്‍ സാഹിത്യത്തില്‍ ഉണ്ടായിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും കുട്ടികള്‍ വായനയോടടുക്കും എന്നുള്ള കാര്യത്തില്‍ എനിക്കുറപ്പുണ്ട്. അതുകൊണ്ട് അത്തരത്തില്‍ അവരുടെ മനസ്സിനേയും ചിന്തകളേയും അറിയാനുള്ള ആഗ്രഹത്തേയും വെല്ലുവിളിക്കുന്ന വിജ്ഞാനപ്രദമായ രചനകള്‍ എന്ന രീതിയിലേക്ക് എഴുത്തിനെ കൊണ്ടുവന്നു കഴിഞ്ഞാല്‍ തീര്‍ച്ചയായും അവരെ വായനയിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കും. അതുകൊണ്ടാണ് ആ തരത്തിലുള്ള രചനകള്‍ കൂടുതലായും നടത്താന്‍ ശ്രമിക്കുന്നത്.
ഇന്ന് എല്ലാ മേഖലയിലും രാഷ്ട്രീയം മുഖ്യമായി മുന്നിട്ടുനില്‍ക്കുകയോ മുഴച്ചു നില്‍ക്കുകയോ ചെയ്യുന്നു. എഴുത്തുകാരന്‍ രാഷ്ട്രീയ പക്ഷം പിടിച്ചില്ലെങ്കില്‍ വായനക്കാരെ കിട്ടാത്ത അവസ്ഥയാണ്. മൂത്തേടത്ത് ഇത്തരം സാഹചര്യങ്ങളെ എങ്ങനെയാണ് കാണുന്നത്.
♠പക്ഷം പിടിക്കുക എന്ന് പറയുമ്പോള്‍ നമ്മള്‍ സ്വാഭാവികമായും നമ്മുടെ ഉദ്ദേശ്യത്തില്‍ നിന്ന് മാറിപ്പോകാറാണ് പതിവ്. പക്ഷം പിടിക്കുന്നതിന് നമ്മള്‍ ഒരുപാട് കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതായിവരാം. വിട്ടുവീഴ്ച ചെയ്യുമ്പോള്‍ അതൊരിക്കലും നമ്മുടെ മനസ്സിന് തൃപ്തി തരില്ല. ഏതെങ്കിലും പബ്ലിക്കേഷന്‍സ് പ്രകാശനം ചെയ്യുമെന്ന് കരുതിയിട്ടോ ഇല്ലെങ്കില്‍ ഏതെങ്കിലും ആനുകാലിക വാരികയോ, മാസികയോ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുമെന്ന് കരുതിയോ ഒന്നുമല്ല ഞാന്‍ എഴുതുന്നത്. എന്റെ തൃപ്തികഴിഞ്ഞാല്‍ വായനക്കാരുടെ സംതൃപ്തിയാണ് ഞാന്‍ ലക്ഷ്യം വയ്ക്കുന്നത്. തൃപ്തിപ്പെടുത്തുക എന്നതിനപ്പുറം എന്റെ മനസ്സിലുള്ള കാര്യങ്ങള്‍ അവരിലെത്തിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

തൊണ്ണൂറ് വര്‍ഷത്തോളം എത്തിയിരിക്കുന്നു ഇവിടത്തെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനം. അതാണ് സാഹിത്യത്തെ, സര്‍ഗ്ഗ പ്രക്രിയയെ രാഷ്ട്രീയപക്ഷത്തിലെത്തിച്ചത്. 50 വര്‍ഷത്തോളം എത്തിനില്‍ക്കുന്നു തപസ്യ കലാ സാംസ്‌കാരിക വേദി. ഇവയില്‍ ഏതിനോടാണ് ശ്രീജിത്തിന്റെ ആഭിമുഖ്യം.
♠ഈ രണ്ട് പ്രസ്ഥാനങ്ങളും വിവിധ കാലഘട്ടങ്ങളില്‍ വളരെ സത്യസന്ധമായിട്ടുതന്നെ ശാസ്ത്രാഭിമുഖ്യത്തോടുകൂടിയും, സമൂഹത്തോട് കൂടുതല്‍ ആഭിമുഖ്യമുള്ള രീതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാനവികമായി ചിന്തിച്ചിരുന്ന, എഴുതിയിരുന്ന ധാരാളം ആളുകള്‍ പുരോഗമന കലാസാഹിത്യ സംഘത്തിലുണ്ട്. പക്ഷേ അവരെ പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടി കെണിയില്‍ വീഴ്ത്തി ഒരു ചാനലിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. എന്‍.വി. കൃഷ്ണവാര്യരൊക്കെ മാതൃഭൂമിക്കു വേണ്ടി ആത്മാര്‍ത്ഥമായിട്ട് കാര്യങ്ങള്‍ ചെയ്ത ആളാണ്. പക്ഷേ അദ്ദേഹത്തിന്റെ ശാസ്ത്രാഭിമുഖ്യമോ, മാനവികാഭിമുഖ്യമോ ഒന്നും തന്നെ പിന്തുടര്‍ന്ന് കൊണ്ടുപോകാനായിരുന്നില്ല ഈ സംഘടനയ്ക്ക് താല്‍പര്യമുണ്ടായിരുന്നത്. സംഘടനയെ നിയന്ത്രിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി അവിടെ ഉണ്ടായിരുന്നു. ഒരു രാഷ്ട്രീയ കക്ഷിയുടെ പോഷക സംഘടനയായിട്ടോ മറ്റോ കൊണ്ടുപോകാനായിട്ടുള്ള വലിയ ശ്രമങ്ങളാണ് നടന്നത്. അക്കിത്തം ഒരു കാലത്ത് ഇതിന്റെ ഭാഗമായിരുന്നു. പക്ഷേ പിന്നീട് അദ്ദേഹം വിട്ടുനില്‍ക്കാനുളള കാരണം; ഇതൊരു രാഷ്ട്രീയ കക്ഷിയുടെ പിടിയിലായി എന്നതുതന്നെയാണ്.
ഇതില്‍ നിന്ന് വ്യത്യസ്തമായി ദേശീയധാരയോട് ചേര്‍ന്ന് നില്‍ക്കുന്ന സാഹിത്യത്തെയും സാഹിത്യകാരന്മാരെയും വളര്‍ത്തുന്ന പ്രസ്ഥാനമാണ് തപസ്യ. അവര്‍ രാഷ്ട്രീയത്തിന്റേതായിട്ടുള്ള കുട ഒരുക്കാനോ അല്ലെങ്കില്‍ ഈ എഴുത്തുകാരെ ആ തരത്തില്‍ ചങ്ങലയ്ക്കിടാനോ ശ്രമിക്കാതെ അവരെ ദേശീയധാരയിലേക്ക് കൊണ്ടുവരാനും കൃത്യമായ കാഴ്ചപ്പാടുണ്ടാക്കാനും വഴിയൊരുക്കി എന്നതാണ് മുഖ്യം. അതുകൊണ്ടാണ് സ്വാഭാവികമായും തപസ്യയുടെതന്നെ മുഖ്യസ്ഥാനത്തേക്ക് അക്കിത്തം വന്നത്. അതുകൊണ്ടു തന്നെ 50-ാം വര്‍ഷമാകുന്ന ഈ സമയത്ത് തപസ്യക്ക് അതിന്റേതായിട്ടുള്ള ഉയര്‍ച്ചയുണ്ട്. രാഷ്ട്രീയമായി ചങ്ങലയ്ക്കിട്ടതുകൊണ്ട് അതിന്റേതായിട്ടുള്ള തകര്‍ച്ച സംഘങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്.
ബാലസാഹിത്യം എഴുതുന്നവര്‍ മുതിര്‍ന്നവരായിരിക്കും വലിയ പങ്കും. ബാലസാഹിത്യം കുട്ടികളെഴുതിയാല്‍ എങ്ങനെയായിരിക്കും? അതിനെപ്പറ്റി എന്താണ് പറയാനുള്ളത്?
♠ബാലസാഹിത്യം എന്ന് പറയുമ്പോള്‍ എന്റെ സങ്കല്‍പ്പത്തില്‍ അത് കുട്ടികളെഴുതുന്ന സാഹിത്യമല്ല. മറിച്ച് അതൊരു അനൗപചാരിക വിദ്യാഭ്യാസപദ്ധതിയാണ്. നമ്മള്‍ കുട്ടികള്‍ക്കുവേണ്ടി കൊടുക്കുന്ന ഭക്ഷണം ഏറ്റവും മികച്ച രീതിയില്‍ തയ്യാറാക്കണം. അതിനകത്ത് മാലിന്യങ്ങളൊന്നും ചേര്‍ക്കാതെ, ഭക്ഷണം നല്‍കുന്ന പാത്രം പോലും അത്രത്തോളം പരിശുദ്ധമായിരിക്കണം. അതേ രീതിയില്‍ തന്നെയാണ് അവര്‍ക്കുവേണ്ടി രചനകള്‍ എഴുതുന്ന സമയത്ത് അത്രയും ശുദ്ധമായിരിക്കണം. അതുപോലെ പോഷകമൂല്യമുള്ളതുമായിരിക്കണം. പക്ഷേ കുട്ടികള്‍ എഴുതുന്ന സമയത്ത് കുട്ടികളുടെ മനസ്സില്‍ ഈ തരത്തിലുള്ള ചിന്തകള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അവരുടെ സര്‍ഗാത്മകമായുള്ള ആവിഷ്‌കാരത്തിനു വേണ്ടിയുള്ള ശ്രമമാണ് നടത്തുക. അവരുടെ പരിസരങ്ങളില്‍ നിന്ന് ചുറ്റുപാടില്‍ നിന്നൊക്കെയാണ് കുട്ടികളുടെ സര്‍ഗ്ഗാത്മകത വളരുന്നത്. ആ കണ്ടെത്തലുകളാണ് അവര്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. അത് കുട്ടികള്‍ക്ക് വേണ്ടിയായിക്കൊള്ളണമെന്നില്ല. അത് മുതിര്‍ന്നവര്‍ക്ക് വേണ്ടിയായിക്കൊള്ളണമെന്നുമില്ല. അവരുടെ സംതൃപ്തിക്ക് വേണ്ടിയുള്ളതായിരിക്കും. ഇത് രണ്ടും രണ്ട് തരത്തിലുള്ളതാണ്.

അധ്യാപകനാണ്, എഴുത്തുകാരനാണ്. ചിത്രരചനയില്‍ ഭ്രമവുമുണ്ട്. ഇതിലേതാണ് ശരിക്കും ആസ്വദിക്കുന്നത്?
♠എല്ലാം ഒരുപോലെ ആസ്വദിക്കുന്നുണ്ട്. ബാലസാഹിത്യം എഴുതുമ്പോള്‍ അതിലൊരു പ്രത്യേക സന്തോഷമുണ്ട്. എന്റെ എഴുത്ത് കുട്ടികള്‍ പോസിറ്റീവായി സ്വീകരിക്കുന്നു എന്നുള്ളത് വലിയ സന്തോഷമാണ്. കാരണം അവര്‍ക്ക് കൊടുക്കുന്ന ഇന്‍ഫോര്‍മേറ്റീവ് ഫിക്ഷന്‍ വളരെ ആവേശത്തോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. ഒരു രചന വായിച്ച് അടുത്ത രചനയ്ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍. ഫീഡ്ബാക്ക് തരുന്നവര്‍, വായിച്ചവരില്‍ സംശയങ്ങള്‍ ചോദിക്കുന്നവര്‍ ഒക്കെ നിരവധിയാണ്. അവരുടെ മാനസിക വികാസത്തിന് ഇണങ്ങുന്ന രീതിയില്‍, അവരുടെ ബുദ്ധിപരമായ വളര്‍ച്ചയ്ക്ക് പറ്റുന്ന രീതിയില്‍ അവരുടെ വൈജ്ഞാനിക വികാസത്തിന് പറ്റുന്ന രീതിയിലുള്ള രചനകള്‍ എഴുതാന്‍ സാധിച്ചു എന്നതില്‍ അതിയായ സന്തോഷം ഉണ്ട്. രചനയുടെ പ്രോസസ്സ് തന്നെ വ്യത്യസ്തമാണ്. കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന സമയത്ത് ഒരുപാട് പഠിക്കണം. കാരണം ഞാന്‍ ഒരു സാമൂഹ്യശാസ്ത്ര അധ്യാപകനാണ്. ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവുമൊക്കെയാണ് എന്റെ മേഖല. അപ്പൊ ശാസ്ത്രമെഴുതുന്ന സമയത്ത് ഒരുപാട് ശാസ്ത്രപുസ്തകം ഞാന്‍ വായിക്കണം. അത് പഠിച്ച് അന്വേഷിച്ച് എഴുതുമ്പോള്‍ ഒരു ത്രില്‍ ഉണ്ട്. അത് ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്.
കോഴിക്കോട് വടകരയിലെ ഭൂമിവാതുക്കലില്‍ നിന്ന് സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ അധ്യാപകന്‍. ഇപ്പോഴും വടകരയാണോ മനസ്സില്‍, അതോ തൃശ്ശൂരാണോ.
♠എഴുത്ത് തുടങ്ങാനും, എഴുത്തില്‍ മുന്നേറാനും പ്രതിഷ്ഠിതന്‍ ആകാനുമൊക്കെ എന്നെ കുറേയധികം സഹായിച്ച ഒരു പരിസരം തൃശ്ശൂര്‍ തന്നെയാണ്. പക്ഷേ എഴുത്തിനെ പ്രചോദിപ്പിക്കുന്ന എഴുത്തിന് പ്രചോദനം നല്‍കുന്ന കാര്യങ്ങള്‍ എന്റെ കുട്ടിക്കാല അനുഭവങ്ങളും, എന്റെ ജീവിത സാഹചര്യങ്ങളും എല്ലാം വടകര, നാദാപുരത്ത് ഭൂമിവാതുക്കലില്‍ തന്നെയാണിപ്പോഴും കിടക്കുന്നത്. അവിടെയുള്ള കാര്യങ്ങളാണ് പ്രചോദിപ്പിക്കുന്നത്. വായന ആരംഭിച്ചത്, അച്ഛന്‍ പഠിപ്പിച്ചത്, നാട്ടിലെ ലൈബ്രറികള്‍, അധ്യാപകര്‍ ഇതെല്ലാം എന്റെ നാടിന്റെ മാത്രം സംഭാവനകളാണ്. തൃശ്ശൂരില്‍ വായനയുടെ ലോകം കുറച്ചുകൂടി വിശാലമായി. പബ്ലിക് ലൈബ്രറികളായാലും, സാഹിത്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനവധിപേരെ പരിചയപ്പെടാനും അവരുമായി ഇടപെടാനും തൃശ്ശൂര്‍ ജീവിതം വഴിയൊരുക്കിയിട്ടുണ്ട്. എഴുതുന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും, വിശകലനം ചെയ്യാനുമുള്ള അവസരങ്ങള്‍ അവിടം സമ്മാനിച്ചിട്ടുണ്ട്. അതൊക്കെ തന്നെ എഴുത്തിന്റെ ലോകം കെട്ടുറപ്പുള്ളതാക്കാന്‍ സഹായിച്ചിട്ടുണ്ട്.

പുതിയ ഏതെങ്കിലും രചന നടക്കുന്നുണ്ടോ.
♠അടുത്തതായി വരാന്‍ പോകുന്നത് ഒരു ബാലസാഹിത്യം തന്നെയാണ്. ഗ്രീന്‍ ബുക്ക്‌സ് ആണ് പ്രസാധകര്‍. അത് ശാസ്ത്രത്തില്‍ നിന്ന് കുറച്ച് അകലം പാലിച്ച് എഴുതിനോക്കിയ രചനയാണ്. മാജിക്കല്‍ റിയലിസത്തിന്റെയൊക്കെ ചില സമ്മേളനങ്ങള്‍ ഒരു പരീക്ഷണം എന്ന നിലയ്ക്ക് നടത്തിയിട്ടുണ്ട്. അത് എത്രത്തോളം വിജയിച്ചു എന്ന കാര്യം പറയാന്‍ സാധിക്കില്ല. ഒറ്റനോട്ടത്തില്‍ ‘ഹൊറര്‍’ വിഭാഗത്തിലാണ് രചന വരുന്നത്. മരിച്ചവരുടെ ലോകമാണ് പരിസരം. നൂറ്റാണ്ടുകള്‍ക്ക് മുന്നെ മരിച്ചവരുമായി സംസാരിക്കുന്ന കുട്ടികള്‍. ഇതൊക്കെയാണതിന്റെ കഥാപരിസരം.
തുടക്കത്തില്‍ ഉദ്ധരിച്ചത് ആ നോവലില്‍നിന്നാണ്.
”മുത്തശ്ശിയുടെ വിവരണംകേട്ട് മാവിന്‍കൊമ്പിലിരുന്ന് കഥ കേള്‍ക്കുകയായിരുന്ന ഉറുമ്പുകള്‍ ചിരിച്ചു. അവര്‍ക്ക് സ്വന്തം കഴിവില്‍ അഭിമാനം തോന്നി. അവര്‍ കാതുകള്‍ കൂര്‍പ്പിച്ചിരുന്നു…” ഇഗ്വാള നിലാവ് എന്ന, ശ്രീജിത്ത് മൂത്തേടത്തിന്റെ ബാലസാഹിത്യ നോവിലിലെ ഒരു അദ്ധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്. കഥയില്‍ മുത്തശ്ശിയുണ്ട്, അതുകൊണ്ടുതന്നെ കേള്‍ക്കാന്‍ കുട്ടികളും. അവിടെ ചോദ്യം തുടങ്ങുകയാണ്- ഉറുമ്പുകള്‍ ചിരിക്കുമോ? ഉറുമ്പുകള്‍ കേള്‍ക്കുമോ? അവയ്ക്ക് കാതുണ്ടോ? അവ കാതു കൂര്‍പ്പിക്കുമോ? ഒടുങ്ങാത്ത ജിജ്ഞാസകളിലൂടെ തീരാത്ത കഥകള്‍ തുടര്‍ന്നും പറയട്ടെ മൂത്തേടത്ത്…




















