- ജയ് ഹിന്ദ്
- അമ്മയുടെ വിയോഗം (ചരിത്ര നോവല്‍ ജയ് ഹിന്ദ്-2)
- മലബാര്‍ ക്ലോത്ത് ഹൗസ് (ചരിത്രനോവല്‍ ജയ് ഹിന്ദ് 3)
- ജീവന്മരണ പോരാട്ടം (ചരിത്ര നോവല്‍ ജയ് ഹിന്ദ്-8)
- ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗ് (ചരിത്ര നോവല്‍ ജയ് ഹിന്ദ് -4)
- ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരണം (ചരിത്ര നോവല്‍ ജയ് ഹിന്ദ് -5)
- സുഭാഷ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് (ചരിത്ര നോവല്‍ ജയ് ഹിന്ദ്-6)
ജപ്പാന്റെ സഹായത്തോടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മിക്ക് ബര്‍മ്മയുടെ പടിഞ്ഞാറന്‍ അതിര്‍ത്തികടന്ന്, ഇംഫാല്‍ വഴി ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ദല്‍ഹിയില്‍ അനായാസം എത്തിച്ചേരാം. ഇതാണ് പറ്റിയ സമയം. ജര്‍മ്മനിയുടെയും ഇറ്റലിയുടെയും തോല്‍വി – അഥവാ അങ്ങനെ സംഭവിച്ചാല്‍ത്തന്നെ – ഐഎന്‍എയുടെ മുന്നേറ്റത്തെ ബാധിക്കാന്‍ പോകുന്നില്ല. യുദ്ധംചെയ്ത് തഴക്കവും പഴക്കവുമുള്ള ബ്രിട്ടീഷിന്ത്യന്‍ പട്ടാളക്കാരാണല്ലൊ ഐഎന്‍എയിലെ പകുതിയോളം വരുന്ന ഭടന്മാര്‍..
ജപ്പാന്റെ പിന്‍ബലത്തിലാണ് നേതാജി ഒരു തുറന്ന യുദ്ധത്തിന് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
ഒരു സൈന്യം എന്ന നിലക്ക് ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മിക്ക് ഒരുപാടു കുറവുകളുണ്ടായിരുന്നു. വിമാനങ്ങളോ, ടാങ്കുകളോ, കവചിത വാഹനങ്ങളോ ഇല്ല. എവിടെയെങ്കിലും നിലയുറപ്പിച്ച് യുദ്ധം ചെയ്യാന്‍ മതിയായ വെടിക്കോപ്പുകളുമില്ല. ഈ കുറവുകള്‍ തിരിച്ചറിഞ്ഞ് സൈനികര്‍ക്ക് ഗറില്ലായുദ്ധമുറകളാണ് അഭ്യസിപ്പിച്ചത്. പതിയിരുന്ന് ആക്രമിക്കുക, പിന്നീട് രക്ഷപ്പെടുക. പകലൊക്കെ വിശ്രമിച്ച് രാത്രിനേരങ്ങളില്‍ മുന്നേറുക. അതായിരുന്നു തന്ത്രം.
വെടിയുണ്ടയുടെ ക്ഷാമമായിരുന്നു കൂടുതല്‍. ഒരു വെടിക്ക് രണ്ടു ശത്രുക്കളെ കൊല്ലണമെന്നാണ് കമാണ്ടന്റിന്റെ നിര്‍ദ്ദേശം. ഒരാളെക്കൊല്ലാന്‍ ആയിരം റൗണ്ട് വെടിവെക്കാനാവശ്യമായ സന്നാഹം അന്ന് ബ്രിട്ടീഷ് ആര്‍മ്മിക്ക് ഉണ്ട്.
ബ്രിട്ടന് ആയുധം നല്‍കിക്കൊണ്ടിരിക്കുന്നത് അമേരിക്കയാണ്. അമേരിക്കയുടെ സഹായത്തോടെയാണല്ലോ അവര്‍ ജര്‍മ്മനിയോടും ഇറ്റലിയോടും പൊരുതിനിന്നത്. സ്വന്തം രാജ്യത്തെ ശത്രുക്കളില്‍നിന്നു രക്ഷിക്കാന്‍മാത്രമല്ല, ജര്‍മ്മനിയേയും ഇറ്റലിയേയും ഫ്രാന്‍സില്‍നിന്നു തുരത്തിയോടിക്കാനും ബ്രിട്ടനു കഴിഞ്ഞു.
മൗണ്ട് പോപ്പോവിനടുത്തുവെച്ചുനടന്ന പോരാട്ടത്തിനിടെ അതിപ്രധാനമായ ഒരു സംഭവം നടന്നു. സൈന്യത്തെ നയിച്ചുകൊണ്ട് സര്‍വ്വസൈന്യാധിപനായ നേതാജി മുന്നില്‍നിന്നു പൊരുതിക്കൊണ്ടിരിക്കുന്നു.
ഇതാണ് പറ്റിയ അവസരമെന്ന് ശത്രുസൈന്യം തിരിച്ചറിഞ്ഞു. പെട്ടെന്ന്, രക്ഷപ്പെടാന്‍ പഴുതില്ലാത്ത വിധം ശത്രുക്കള്‍ അദ്ദേഹത്തെ വളഞ്ഞു. ചക്രവ്യൂഹത്തില്‍പെട്ട അഭിമന്യുവിനെപ്പോലെ നേതാജി ശത്രുക്കളെ നേരിട്ടു. അവരുടെ കയ്യിലകപ്പെടുകയാണെങ്കില്‍ കൈബോംബുപയോഗിച്ച് ജീവത്യാഗം ചെയ്യാനും നേതാജി തയ്യാറായി.
സമീപപ്രദേശത്തെവിടെയോ തമ്പടിച്ചിരുന്ന ജപ്പാന്റെ ചാവേറുകള്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. ശത്രുവലയം ഭേദിച്ചുകടന്ന് അവര്‍ നേതാജിയെ രക്ഷപ്പെടുത്തി.
20 – 25 മൈലുകളോളം ഭടന്മാര്‍ രാത്രികളില്‍ ഉത്സാഹത്തോടെ നടന്നു. ദല്‍ഹിയായിരുന്നു അവരുടെ വിദൂരമെങ്കിലും അവസാനത്തെ ലക്ഷ്യം. ഇന്ത്യയുടെ മണ്ണിലിറങ്ങിക്കഴിഞ്ഞാല്‍ ജനലക്ഷങ്ങളുടെ പിന്തുണ നേതാജി നയിക്കുന്ന ആര്‍മ്മിക്കുണ്ടാകുമെന്ന് ശങ്കുണ്ണിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ അഹിംസാമാര്‍ഗ്ഗത്തോട് അതൃപ്തിയുള്ളവരേറെയുണ്ട് ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും പ്രത്യേകിച്ച് ബംഗാളിലും. നേതാജി സുഭാഷ് ചന്ദ്രബോസ് അവരുടെ വീരനായകനാണ്; എല്ലാ അര്‍ത്ഥത്തിലും.
ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയിലെ മലമുകളിലുള്ള പോപ്പോഹില്‍സില്‍നിന്ന് പല വഴികളിലൂടേയാണ് സൈന്യം ഇംഫാല്‍ ലക്ഷ്യമാക്കി നീങ്ങിയത്.
ജനറല്‍ ഷാനവാസ്ഖാന്റെ നേതൃത്വത്തിലുള്ള ബ്രിഗേഡ് ഉഖ്‌റൂള്‍ വഴി മുന്നേറി, കൊഹീമ കീഴടക്കി. ഐഎന്‍എ പൊരുതിനേടിയ പ്രദേശങ്ങളില്‍ ത്രിവര്‍ണ്ണപതാകകള്‍ ഉയര്‍ന്നു.
ഇംഫാലായിരുന്നു അടുത്ത ഉന്നം. മൊയ്‌റാങില്‍നിന്ന് ഒരു റെജിമെന്റും ഇംഫാലിലേക്കു നീങ്ങി.
ബ്രിട്ടീഷ് ആര്‍മ്മിയുടെ ശക്തികേന്ദ്രമായ ഇംഫാലിനുവേണ്ടി ഉഗ്രവും പ്രധാനവുമായ യുദ്ധത്തിനു തുടക്കമായി. അവിടെയാകട്ടെ, ഒന്നിനു പത്തെന്ന നിലയില്‍ ശത്രുസൈന്യം അത്രയും വലുതായിരുന്നു.
എങ്കിലും ജനറല്‍ ഷാനവാസ്ഖാന്റെ നേതൃത്വത്തില്‍ ഐഎന്‍എ ഭടന്മാര്‍ പൊരുതി മുന്നേറി. ജീവന്മരണപോരാട്ടം. പല ഘട്ടങ്ങളിലും ഇംഫാല്‍ വീണു എന്ന നിലയോളമെത്തി. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ബ്രിട്ടീഷുകാര്‍ക്ക് പടിഞ്ഞാറ് ബ്രഹ്മപുത്രവരെ യാതൊരു താവളവും നിലനിര്‍ത്താന്‍ സാധ്യമാകുമായിരുന്നില്ല.
ശത്രുസൈന്യത്തിന് ആയുധങ്ങളും വെടിക്കോപ്പുകളും വിമാനമാര്‍ഗ്ഗം വന്നെത്തിക്കൊണ്ടിരുന്നു. നൂറുകണക്കിന് കോവര്‍കഴുതകളെപ്പോലും വിമാനംവഴി യുദ്ധമുന്നണിയിലിറക്കി എന്നാണ് കേള്‍വി.
അന്തമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ രക്തച്ചൊരിച്ചില്‍ കൂടാതെ ദേശീയപതാക ഉയര്‍ത്തപ്പെട്ടിരിക്കുന്നു! ആ സന്തോഷവാര്‍ത്ത യുദ്ധമുന്നണിയില്‍ പോരാടുന്ന ഭടന്മാര്‍ക്ക് ആവേശം പകര്‍ന്നു.
**** **** ****
തീര്‍ത്തും അപ്രതീക്ഷിതമായി അക്കൊല്ലം മാര്‍ച്ചുമാസത്തില്‍ത്തന്നെ കാലവര്‍ഷം ആരംഭിച്ചു. സൈന്യം ഇംഫാല്‍ സമതലത്തിലായിരുന്നു. കോരിച്ചൊരിയുന്ന മഴ. വൈകാതെ സമതലപ്രദേശങ്ങളില്‍ വെള്ളം പൊങ്ങി. ആയിരത്തോളം ഏക്കറിലായി പരന്നു കിടക്കുന്ന നെല്‍വയലുകള്‍ ചതുപ്പു പ്രദേശമായി. മലയുടെ അടിവാരത്തില്‍ ഘോരയുദ്ധംതന്നെ നടന്നു. നിരവധി പേര്‍ ആ പോരാട്ടത്തില്‍ ഐഎന്‍എക്കു നഷ്ടപ്പെട്ടു. പ്രിയ ചങ്ങാതിയായ കുട്ടപ്പമേനോന്‍ വെടികൊണ്ട് ചോരവാര്‍ന്നു മരിച്ചുകിടക്കുന്നത് ശങ്കുണ്ണിയുടെ ഉള്ളില്‍ വ്രണമായിക്കിടന്നു, വളരെക്കാലം. കുട്ടപ്പമേനോന്‍ ഒറ്റപ്പാലത്തുകാരനായിരുന്നു. ഒറ്റപ്പാലം ബാറിലെ പ്രശസ്തനായ വക്കീലും കോണ്‍ഗ്രസ്സുകാരനുമായ എം.പി.ഗോവിന്ദമേനോന്റെ മരുമകന്‍.
മലമുകളില്‍ ഒളിഞ്ഞിരിക്കുന്ന ശത്രുക്കളുടെ ഫയറിംഗും ബോംബേറും. ആയിരങ്ങളാണ് ഇംഫാല്‍ സമതലത്തില്‍ മരിച്ചുവീണത്. ഐഎന്‍എ ഭടന്മാരുടെ രക്തത്താല്‍ ചുവന്ന ആ സമതലത്തിന് ‘ലാങ്ങ്ജിങ്ങ്’ എന്നു പേരുവീണു. മണിപ്പൂരി ഭാഷയില്‍അതിനര്‍ത്ഥം ‘രക്തമൈതാനം’ എന്നാണ്.
റേഷന്‍ എന്നുപറയാന്‍ അരിമാത്രമാണുണ്ടായിരുന്നത്. മണിപ്പൂരിലെ മലഞ്ചെരിവുകളില്‍ യഥേഷ്ടം കാണുന്ന ഒരുതരം ചീര, ലായ്പത്ത, ഉപ്പിട്ടു വേവിച്ച് കറിയായി ഉപയോഗിച്ചു. പഞ്ചസാരയില്ല. ചായ ഉപ്പിട്ടു കുടിച്ചു. ഒടുവില്‍ ഉപ്പും തീര്‍ന്നു. അരിയും കിട്ടാതായതോടെ സൈന്യം പട്ടിണിയായി.
തല്‍ക്കാലം പിന്‍വാങ്ങുക. അതായിരുന്നു നേതാജിയുടെ തീരുമാനം. കാലവര്‍ഷം രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ മടങ്ങിപ്പോകും. അനുകൂലമായ കാലാവസ്ഥയില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാമെന്നായിരുന്നു നേതാജിയുടെ കണക്കുകൂട്ടല്‍. ആയുധശേഖരം കുറഞ്ഞുവരുന്നു. ജപ്പാന്റെ സഹായത്തോടെയാണ് ഇത്രകാലം പിടിച്ചുനിന്നത്. വെടിക്കോപ്പുകള്‍ കൂടാതെ വിമാനവേധത്തോക്കുകളും ടാങ്കുകളും ആവശ്യമായിരിക്കുന്നു.
അമേരിക്കന്‍ പട്ടാളത്തിന്റെ സഹായത്തോടെ വ്യോമാക്രമണങ്ങളിലാണ് ബ്രിട്ടന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശത്രുവിന്റെ ബോംബര്‍വിമാനങ്ങളെ വിമാനവേധത്തോക്കുകള്‍കൊണ്ട് വെടിവെച്ചിടാന്‍ കഴിയണം. പസഫിക് ദ്വീപുകളില്‍ അമേരിക്കക്കെതിരെ പോരാട്ടം നടക്കുന്നതിനാല്‍ ജപ്പാന്‍ സൈന്യത്തിന്‌ഐഎന്‍എക്ക് പ്രതീക്ഷിച്ചപോലെ സഹായമെത്തിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.
പോപ്പോഹില്‍സിലെ ബേസ് ക്യാമ്പില്‍ തിരിച്ചെത്താനായി, പിന്നീടുള്ള ശ്രമം. ശത്രുവിന്റെ ബോംബാക്രമണത്തില്‍നിന്നു രക്ഷപ്പെട്ടേ പറ്റൂ. പക്ഷേ വേലിതന്നെ വിളവു തിന്നു. കമാണ്ടിംഗ് ഓഫീസര്‍ മേജര്‍ മദന്‍ ബ്രിട്ടീഷ് ആര്‍മ്മിയിലേക്കു തിരിച്ചുപോകാന്‍ അതിനിഗൂഢമായി ശ്രമിക്കുന്നുണ്ടായിരുന്നു. അയാള്‍ രണ്ടു വിശ്വസ്തരേയും കൂട്ടി ക്യാമ്പുവിട്ടു. ബ്രിട്ടീഷ്ആര്‍മ്മിയുടെ ട്രക്ക് അയാള്‍ക്കുവേണ്ടി വഴിയിലെവിടെയോ മറഞ്ഞുനിന്നു. മേജര്‍ മദന്‍ ശത്രുപക്ഷം ചേര്‍ന്നെങ്കിലും ഐഎന്‍എ ഭടന്മാര്‍ പുതിയ കമാണ്ടറുടെ പിന്നില്‍ വര്‍ദ്ധിച്ച വീര്യത്തോടെ അണിനിരന്നു. പക്ഷേ ആ വിഭീഷണന്‍ ക്യാമ്പിന്റ വിശദമായ മാപ്പും റെജിമെന്റിന്റെ രഹസ്യവിവരങ്ങളടങ്ങിയ ഫയലും കൂടെക്കൊണ്ടുപോയിരുന്നു. തലശ്ശേരിക്കാരനായ ലെഫ്റ്റനന്റ് നെല്ലിക്ക അച്യുതനാണ് ശങ്കുണ്ണിയുടെ എഞ്ചിനീയറിംഗ് കമ്പനിയുടെ കമാണ്ടര്‍. സിംഗപ്പൂരില്‍ സിവില്‍ എഞ്ചിനീയറായിരുന്നു അച്യുതന്‍. സമ്പന്നന്‍. എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച്, നേടിയ സമ്പത്തത്രയും സമര്‍പ്പിച്ചാണ് നെല്ലിക്ക അച്യുതന്‍ ഐഎന്‍എയില്‍ ചേര്‍ന്നത്.
പോപ്പോഹില്‍സില്‍ ഒരുപാട് ഗുഹകളുണ്ടായിരുന്നു. പ്രകൃതി ഒരുക്കിവെച്ച ഒളിത്താവളങ്ങള്‍. ലെഫ്റ്റ നന്റ് അച്യുതന്‍ ഓരോ ഗുഹയും ഇലക്ട്രിഫൈ ചെയ്തുവെച്ചിട്ടുണ്ടായിരുന്നു. അകത്തു ലൈറ്റിട്ടാലും വെളിച്ചം പുറത്തു വരില്ല. ഈ ഗുഹകളോരോന്നും കൃത്യമായി അടയാളപ്പെടുത്തിയ മാപ്പാണ് മേജര്‍ മദന്‍ കൊണ്ടുപോയത്.
ശത്രുവിന്റ കയ്യില്‍ മാപ്പു കിട്ടിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ബോംബുകള്‍ ലക്ഷ്യം തെറ്റാതെ ഗുഹാമുഖത്തു പതിച്ചുതുടങ്ങി.
എത്രയും വേഗം ഈ ക്യാമ്പില്‍നിന്നു രക്ഷപ്പെടണം. സൈന്യം പലയിടങ്ങളിലായി ചിതറിപ്പോയിരിക്കുന്നു. സുപ്രീം കമാണ്ടറായ നേതാജി എവിടെയുണ്ടെന്ന് സാദാ ഭടന്മാര്‍ക്കറിയില്ല. എങ്കിലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി വന്നുകൊണ്ടിരിക്കുന്നുണ്ട്.
ഒറ്റയും തെറ്റയുമായി, ഒളിഞ്ഞും മറഞ്ഞും ഇന്ത്യക്കാരുടെ താവളമായ സയാവാഡിയിലെത്താനാണ് സന്ദേശം വന്നത്. ശത്രുവിന് പിടികൊടുക്കരുത്. പിന്നീട് സൈന്യത്തെ ഏകോപിപ്പിച്ച്, തന്ത്രപൂര്‍വം മുമ്പോട്ടു നീങ്ങാനായിരിക്കും പ്ലാന്‍. ജപ്പാന്റെ സഹായമില്ലാതെ ഒരടി മുന്നോട്ടു വെക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അത് ആത്മഹത്യാപരമായിരിക്കും. ഏതായാലും പ്രതീക്ഷ കൈവിടരുത്. ഒരു മഹത്തായ ലക്ഷ്യം സഫലമാക്കാനാണ് മുന്നിട്ടിറങ്ങിയത്. ലക്ഷ്യം പൂര്‍ത്തീകരിക്കാതെ പിന്മാറുന്ന പ്രശ്‌നമില്ല.
ശങ്കുണ്ണിയുടെ തോളോടുതോള്‍ചേര്‍ന്നു പൊരുതുന്നവരാണ് ചെര്‍പ്പുളശ്ശേരിക്കാരന്‍ കുട്ടികൃഷ്ണന്‍നായരും അമ്പലപ്പാറക്കാരന്‍ കുട്ടനും. മൂന്നുപേരും ഒറ്റപ്പാലത്തുകാരായതിനാല്‍ അവര്‍ കൂടുതലടുത്തു. ഐഎന്‍എയില്‍ ചേരുന്നതിനുമുമ്പ് ശങ്കുണ്ണിക്ക് കുട്ടികൃഷ്ണന്‍നായരേയോ കുട്ടനേയോ അറിയില്ല. തിരിച്ചും. കൂട്ടത്തില്‍ വീറു കൂടുതല്‍ കുട്ടികൃഷ്ണന്‍നായര്‍ക്കാണ്. ഒരു പോര്‍ക്കുതിരയുടെ കരുത്തും വേഗവുമുണ്ട് കുട്ടികൃഷ്ണന്‍നായര്‍ക്ക്. കുട്ടന്‍ വീര്യവാനെങ്കിലും സൗമ്യനാണ്. വായന ശീലമാക്കിയതിനാലാവാം ശങ്കുണ്ണിക്ക് വീണ്ടുവിചാരം കൂടും. പ്രവര്‍ത്തിക്കുന്നതിനുമുമ്പ് ആലോചിക്കുക. അതാണ് ശങ്കുണ്ണിയുടെ രീതി.
കുട്ടികൃഷ്ണന്‍നായരങ്ങനെയല്ല. പ്രവര്‍ത്തിച്ചതിനുശേഷം മാത്രം ആലോചിക്കുന്നു. നായരുടെ സമീപനം തെറ്റാണെന്നു പറയാന്‍ വയ്യ. പടക്കളത്തില്‍ വേഗവും പ്രഹരശേഷിയുമാണാവശ്യം. അതു രണ്ടും നായര്‍ക്കു വേണ്ടുവോളമുണ്ട്.
***** ***** *****
ബര്‍മ്മയിലെ മിനിഇന്ത്യയാണ് സയാവാഡി. സയാവാഡിയിലെത്തിയാല്‍ ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ സുരക്ഷിതരായിരിക്കും. മുകളില്‍നിന്ന് അടുത്ത ഓര്‍ഡര്‍ വരുന്നതുവരെ പതുങ്ങിയിരിക്കുക. പുലി പതുങ്ങുന്നത് കുതിക്കാനാണ്. എന്തായാലും പേടികൊണ്ടല്ല. പേടി ഉണ്ടായിരുന്നെങ്കില്‍ പട്ടാളക്കാരന്റെ കുപ്പായം ഊരിവെച്ച് രക്ഷപ്പെടുമായിരുന്നു.
ഇംഗ്ലീഷുകാരെ ഇന്ത്യയില്‍നിന്നു തുരത്തുക. ഇന്ത്യ സ്വതന്ത്രയാവുക. പ്രണവംപോലെ ഓരോ ഐഎന്‍എ ഭടനും ദിനംതോറും ഉരുക്കഴിക്കുന്ന മന്ത്രം.
ഉഖ്‌റൂളും കൊഹിമയും മൊയ്‌റാങ്ങും ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മി കൈവശപ്പെടുത്തിയത് വെറും രണ്ടുമാസംകൊണ്ടാണ്. കാര്യമായി പ്രതിരോധിക്കാന്‍ ബ്രീട്ടീഷ് ആര്‍മ്മിക്കായില്ല.
പതിവിലും നേരത്തെ കാലവര്‍ഷം വന്നില്ലായിരുന്നെങ്കില്‍ ഇംഫാല്‍ സമതലം ഐഎന്‍എയുടെ നിയന്ത്രണത്തിലാകുമായിരുന്നു. മണിപ്പൂരും വടക്കുകിഴക്കന്‍ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളും അനായാസം കൈവശപ്പെടുത്താം. കാരണം, ജനങ്ങള്‍ക്ക് നേതാജി ദൈവമായിരുന്നു. രക്ഷകന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു പ്രദേശവാസികള്‍.
ആസാമിലെ മണ്ണില്‍ ആസാദ് ഹിന്ദ് ഫൗജ് ഇറങ്ങിയതായിരുന്നുവെങ്കില്‍, ഗാന്ധിജിപോലും എതിരുനിന്നാലും ജനം ആഹ്ലാദത്തോടെ സൈന്യത്തെ വരവേല്‍ക്കുമായിരുന്നു. അതോടെ വെള്ളക്കാരന്റെ സുരക്ഷയും അപകടത്തിലാകുമായിരുന്നു.
ചരിത്രം തിരുത്തിക്കുറിക്കാന്‍ പ്രാപ്തമാകുമായിരുന്ന ഐഎന്‍എയുടെ കുതിച്ചുകയറ്റം തടഞ്ഞുനിര്‍ത്തിയത് ആരായിരുന്നു! കഠിനസ്വഭാവിയായ പ്രകൃതി. പണ്ടെങ്ങും സംഭവിച്ചിട്ടില്ലാത്ത വിധം സര്‍വസംഹാരകയായി കാലവര്‍ഷം പെയ്തിറങ്ങി. ഇംഫാല്‍ സമതലത്തിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിക്കാനും ശത്രുവിന്റെ ബോംബേറില്‍ ചത്തൊടുങ്ങുവാനുമായിരുന്നു ഐഎന്‍എ ഭടന്മാരുടെ വിധി.
പട്ടിണി സഹിച്ച്, രാവു പുലരുവോളം നടന്ന് ശങ്കുണ്ണിയും കൂട്ടരും മാഗ്വിന്‍ നദി നീന്തിക്കടന്നു. കരയ്ക്കു കയറിയതേ ഓര്‍മ്മയുള്ളു. കണ്ണുകളടയുന്നു. ഗാഢമായ ഉറക്കം. ബ്രിട്ടീഷിന്ത്യന്‍ പട്ടാളക്കാരന്റെ തോക്കിന്റെ ബയനറ്റ്് തൊട്ടുവിളിച്ചപ്പോഴാണ് ശങ്കുണ്ണി ഉറക്കമുണര്‍ന്നത്.
മലര്‍ന്നു കിടക്കുകയായിരുന്നു ശങ്കുണ്ണി. എന്റെ തോക്കെവിടെ. ചുറ്റിലും നില്‍ക്കുന്ന പട്ടാളക്കാരിലൊരുവന്റെ കയ്യില്‍ തന്റെ തോക്കു കണ്ടു. ഒരു പട്ടാളക്കാരന്‍ ശങ്കുണ്ണിയെ കൈവലിച്ചെഴുന്നേല്‍പ്പിച്ചു. കുട്ടികൃഷ്ണന്‍നായരേയോ കുട്ടനേയോ കണ്ടില്ല. അവരേയും പിടികൂടിക്കഴിഞ്ഞുവെന്നു വ്യക്തം. ഉറക്കത്തിലായതിനാല്‍ കുട്ടികൃഷ്ണന്‍നായര്‍ക്ക് കുതറിമാറാനോ എതിര്‍ക്കാനോ കഴിഞ്ഞിട്ടുണ്ടാവില്ല.
കൈരണ്ടും പിറകിലേക്കു വലിച്ച്, പ്ലാസ്റ്റിക്് ചരടുകൊണ്ടു വരിഞ്ഞുകെട്ടി. മുതുകത്ത് തോക്കിന്റെ പാത്തികൊണ്ട് അടിവീണപ്പോള്‍ ശങ്കുണ്ണി മുമ്പോട്ടു നടന്നു. ശങ്കുണ്ണിയെ ആര്‍മ്മിയുടെ ട്രക്കിലേക്കു കയറ്റി. അതിനുമുമ്പേ കണ്ണു മൂടിക്കെട്ടിയിരുന്നു.
കൊല്ലാനോ. വളര്‍ത്താനോ. ശങ്കുണ്ണിക്ക് തരിമ്പും ഭയമുണ്ടായില്ല. കൊള്ളാവുന്നതിലുമധികം തടവുകാരെ ട്രക്കില്‍ കുത്തിനിറച്ചിട്ടുണ്ട്. മുട്ടുമടക്കിയിരിക്കാനൊരല്‍പ്പം ഇടം കിട്ടി. ട്രക്ക് മലകേറിത്തുടങ്ങി. വാഹനം ഇടത്തോട്ടും വലത്തോട്ടും ചെരിയുമ്പോള്‍ തടവുകാരുടെ തലകള്‍ ട്രക്കിന്റെ റെയിലിന്മേലിടിച്ചു.
ആരും നിലവിളിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തില്ല. എത്രവലിയ യാതനയും സഹിക്കാന്‍ തയ്യാറായിട്ടാണല്ലൊ അവര്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മിയില്‍ ചേര്‍ന്നത്.
സയാവാഡിയിലെ താല്‍ക്കാലിക ക്യാമ്പിലേക്കായിരുന്നു തടവുകാരെ കൊണ്ടുപോയത്. പിന്നീട് കുറെപേരെ ചിറ്റഗാവ് മലനിരകളിലുള്ള ജഗരഗച്ചി ക്യാമ്പിലേക്ക്. ജഗരഗച്ചിയില്‍നിന്ന് കുറച്ചുതടവുകാരെ ആട്ടിത്തെളിച്ചുകൊണ്ടുപോയത് ഹുഗ്ലിനദീതീരത്തുള്ള നീലഗഞ്ചന്‍ ക്യാമ്പിലേക്കായിരുന്നു.
നീലഗഞ്ചന്‍ ക്യാമ്പില്‍ തകരംമേഞ്ഞ മുന്നൂ ഷെഡ്ഡുകളില്‍ തടവുകാര്‍ അന്ത്യവിധിയും കാത്തുകിടന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഹുഗ്ലിനദി ഒഴുകിച്ചേരുന്നയിടത്ത് രൂപപ്പെട്ടുകിടക്കുന്ന വിശാലമായ തുരുത്തുകളിലൊന്നിലാണ് നിലഗഞ്ചന്‍ക്യാമ്പ്. ഈ തടങ്ങല്‍പാളയത്തുനിന്ന് രക്ഷപ്പെടുകയെന്നത് മനുഷ്യനാല്‍ അസാധ്യം. കാവല്‍പ്പുരകളില്‍ കഴുകന്‍കണ്ണുകള്‍ എപ്പോഴും തുറന്നിരിപ്പുണ്ടാവും. കാവല്‍ക്കാരുടെ ശ്രദ്ധയില്‍പെടാതെ രക്ഷപ്പെട്ട് ക്യാമ്പില്‍നിന്നു പുറത്തുകടന്നാലും പ്രയോജനമില്ല. കടലില്‍ചാടിച്ചാവാമെന്നു മാത്രം.
എന്തും നേരിടാന്‍ ചങ്കൂറ്റമുണ്ട് ശങ്കുണ്ണിക്ക്. ശരീരത്തിനു തളര്‍ച്ചയുണ്ടെങ്കിലും ശങ്കുണ്ണിയുടെ മനസ്സു കല്ലായിരുന്നു.
ജയിലധികാരികള്‍ സദയം കല്‍പ്പിച്ചുനല്‍കിയ തീരെച്ചെറിയ ജമുക്കാളങ്ങളില്‍ തടവുകാര്‍ ചുരുണ്ടുകൂടി. ഐഎന്‍എയുടെ പട്ടാളയൂണിഫോംതന്നെയാണ് തടവുകാരുടെ ദേഹത്തൊട്ടിക്കിടക്കുന്നത്. രണ്ടാഴ്ചകള്‍ക്കുശേഷം രണ്ടുജോഡി കയ്യുള്ള ബനിയനും ട്രൗസറും കിട്ടി, ഓരോ തടവുകാരനും. അത്രയും ആശ്വാസം.
മദിരാശിയില്‍ അറവുമാടുകളെ ലോറിയില്‍ കുത്തിക്കയറ്റി കൊണ്ടുപോകുന്ന സ്ഥിരം കാഴ്ച ശങ്കുണ്ണിയുടെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. അത്രയും സൗകര്യമുണ്ട് ക്യാമ്പിലെ തകരഷെഡ്ഡുകളില്‍.
മൂന്നുനേരം റൊട്ടിയും സബ്ജിയും കിട്ടി. കുടിക്കാന്‍ പച്ചവെള്ളം. ജീവന്‍ കിടക്കാന്‍ അതു ധാരാളം. പ്ലേറ്റിലിട്ടുതരുന്ന ഉണക്കറൊട്ടിയും എരിവും ഉപ്പുമില്ലാത്ത സബ്ജിയും ശങ്കുണ്ണി ആര്‍ത്തിയോടെ അകത്താക്കി. പച്ചവെള്ളം കുടിച്ച് വയറു നിറച്ചു. പ്രാഥമിക കൃത്യത്തിന് ക്യാമ്പിനുപുറത്ത് കടല്‍ക്കരയോളം തിങ്ങിവളരുന്ന പൊന്തക്കാടുകളുണ്ട്. കാവല്‍ക്കാരുടെ കണ്‍വെട്ടത്തിരുന്നുവേണം കൃത്യം നിര്‍വഹിക്കാന്‍. ആസനം കഴുകാന്‍ ഒരു മഗ്ഗു വെള്ളം. പല്ലുതേക്കാനും മുഖം കഴുകാനും ഇനിയൊരു മഗ്ഗു വെള്ളം കൂടി. കുളി ഓര്‍മ്മയില്‍ മാത്രം. ഒരു പാട്ട വെള്ളം കിട്ടും ആഴ്ചയിലൊരിക്കല്‍, ചെളിപിടിച്ച ബനിയനും ട്രൗസറും കഴുകിയിടാന്‍.
(തുടരും)






















